ആലപ്പുഴ:കായംകുളത്ത് രാസവസ്തുക്കള്‍ കലര്‍ത്തിയ 1500 കിലോ പഴകിയ മത്സ്യം പിടികൂടി. ആന്ധ്രാപ്രദേശില്‍ നിന്നും മൊത്ത വ്യാപാരികള്‍ക്കായി കൊണ്ടു വന്ന മത്സ്യമാണ് പിടികൂടിയത്.സംശയം തോന്നിയ നാട്ടുകാര്‍ മല്‍സ്യം തടഞ്ഞുവെക്കുകയും ഭക്ഷ്യസുരക്ഷവകുപ്പിനെ വിവരമറിയിക്കുകയുമായിരുന്നു. പിടിച്ചെടുത്ത മത്സ്യങ്ങളില്‍ ഫോര്‍മാലിന്റെ സാന്നിധ്യമുണ്ടെന്നാണ് പ്രാഥമിക നിഗമനം.വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണം നടത്താന്‍ കഴിയുകയുള്ളു എന്ന് അധികൃതര്‍ അറിയിച്ചു. മാവേലിക്കര കൊള്ളുകടവില്‍ നിന്ന് 150 കിലോ പഴകിയ മത്തിയും പിടികൂടിയിട്ടുണ്ട്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പോലീസ് റെയ്ഡ് തുടരുന്നു;ഇന്ന് പത്തു ഫോണുകള്‍ പിടിച്ചെടുത്തു
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പോലീസ് നടത്തിവരുന്ന റെയ്ഡ് തുടരുന്നു.ഇന്നും മൊബൈല്‍ ഫോണുകളും മറ്റു സാധനങ്ങളും പിടിച്ചെടുത്തു.പത്തു മൊബൈല്‍ ഫോണുകളാണ് പിടിച്ചെടുത്തതെന്നാണ് വിവരം. ഇതില്‍ അഞ്ചെണ്ണം സ്മാര്‍ട് ഫോണുകളാണ്. സൂപ്രണ്ട് ടി. ബാബുരാജിന്‍റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.കഴിഞ്ഞ ദിവസം ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് പോലീസ് സഹായത്തോടെ നടത്തിയ മിന്നല്‍ പരിശോധനയില്‍ മൂന്ന് മൊബൈല്‍ ഫോണുകളും രണ്ടു പൊതി കഞ്ചാവും പിടിച്ചെടുത്തിരുന്നു.ഇതിന്റെ പശ്ചാത്തലത്തിലാണ് ജയിലിൽ സജീവ പരിശോധനകള്‍ ആരംഭിച്ചത്.മൊബൈലുമായി പിടിയിലായ മൂന്നു പേരെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയും ചെയ്തു.
ബിനോയ് കൊടിയേരിക്കെതിരായ പീഡന പരാതി;കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം പുറത്ത്
തിരുവനന്തപുരം:വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ബിനോയ് കൊടിയേരിക്കെതിരായ പരാതിയിൽ കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം പുറത്ത്.വിഷയത്തിൽ ഇക്കഴിഞ്ഞ ജനുവരിയില്‍ മുംബൈ പൊലീസിന്റെ നോട്ടീസ് ലഭിച്ചിരുന്നുവെന്ന് കോടിയേരി വ്യക്തമാക്കി.മാധ്യമങ്ങള്‍ വഴിയാണ് കാര്യങ്ങള്‍ അറിഞ്ഞത് എന്ന് പറഞ്ഞിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലെ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ച വിഷയത്തിലാണ് കോടിയേരിയുടെ വെളിപ്പെടുത്തല്‍.കേസില്‍ മുംബൈ പൊലീസിന്റെ നോട്ടീസ് വന്നതിന് പിന്നാലെ ഭാര്യ വിനോദിന് മുംബൈയില്‍ പോയിരുന്നുവെന്നും കോടിയേരി ബാലകൃഷ്ണന്‍ വെളിപ്പെടുത്തി. അമ്മയെന്ന നിലയ്ക്ക് കാര്യങ്ങള്‍ മനസ്സലാക്കാനും നിജസ്ഥിതി അറിയാനുമാണ് അവര്‍ മുംബൈയിലേക്ക് പോയതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.നേരത്തെ ബിനോയ് വിവാദത്തില്‍ ഒന്നും അറിയില്ല എന്ന കോടിയേരിയുടെ വാദം തെറ്റാണ് എന്ന് മുംബൈയിലെ അഭിഭാഷകനായ ശ്രീജിത്ത് വെളിപ്പെടുത്തിയിരുന്നു. ഇത് ശരിവെച്ചുകൊണ്ടായിരുന്നു ഇപ്പോള്‍ കോടിയേരി വെളിപ്പെടുത്തലുകള്‍ നടത്തിയത്.അതേസമയം യുവതിക്ക് കോടികള്‍ കൊടുത്ത് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചു എന്ന ആരോപണവും കോടിയേരി ബാലകൃഷ്ണന്‍ നിഷേധിച്ചു. ചേദിക്കുമ്ബോള്‍ കോടികള്‍ എടുത്തുകൊടുക്കാന്‍ ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ ഒരു കേസ് ഉണ്ടാകുമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. മകന്‍ ബിനോയ് എവിടെയാണ് എന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ആര്‍ക്കുവേണണെങ്കിലും ബിനോയ് എവിടെ ഉണ്ടെന്ന് കണ്ടെത്താന്‍ കഴിയും എന്നും മാധ്യമപ്രവര്‍ത്തകര്‍ക്കും കണ്ടെത്താവുന്നതേ ഉള്ളുവെന്നും അദ്ദേഹം പറഞ്ഞു.
ഒളിവിൽ പോയ ബിനോയ് കോടിയേരിയെ കണ്ടെത്താനായില്ല;അന്വേഷണം മുൻപോട്ട് കൊണ്ടുപോകാനാകാതെ മുംബൈ പോലീസ്
മുംബൈ:ഒളിവിൽ പോയ ബിനോയ് കോടിയേരിയെ ഇനിയും കണ്ടെത്താനാകാത്തതോടെ കേസ് അന്വേഷണം മുൻപോട്ട് കൊണ്ടുപോകാനാകാതെ മുംബൈ പോലീസ്.ബിനോയി ഒളിവില്‍ പോയിരിക്കുന്നതിനാല്‍ ചോദ്യം ചെയ്യാന്‍ കഴിയാത്ത സ്ഥിതിയിലാണ്.ബിനോയ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഉത്തരവ് വരാത്തതും പോലീസിനെ കുഴയ്ക്കുന്നുണ്ട്.ബിനോയ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ച ഉത്തരവ് വരും വരെ ബിനോയിയെ അറസ്റ്റ് ചെയ്യേണ്ടെന്നാണ് പോലീസിന്റെ തീരുമാനം.ഒളിവിലുള്ള ബനോയിയെ കുറിച്ച് ഒരു സൂചനയും പൊലീസിന് കിട്ടിയിട്ടില്ല.ആഴ്ചകള്‍ക്ക് മുമ്ബാണ് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി ബീഹാറുകാരിയായ യുവതി മുംബൈ പോലീസിന് സമര്‍പ്പിച്ചത്.അതിനിടയില്‍ കേസില്‍ യുവതിയുടെ വാദം തള്ളി ബിനോയ് കോടിയേരിയുടെ അഭിഭാഷകര്‍ രംഗത്തെത്തിയിട്ടുണ്ട്. ഭാര്യയാണെങ്കില്‍ ബലാത്സംഗ സാധ്യത എങ്ങിനെ നില നില്‍ക്കുമെന്ന് ബിനോയിയുടെ അഭിഭാഷകര്‍ ചോദിക്കുന്നു.യുവതിയുടെ ആരോപണപ്രകാരം പത്തു വര്‍ഷം മുൻപാണ് സംഭവം. കോടതിയില്‍ പരാതിപ്പെടേണ്ടത് ഇപ്പോഴല്ല. വിവാഹമായിരുന്നു ഉദ്ദേശ്യമെങ്കില്‍ ഇത്രയും കാത്തിരിക്കണമായിരുന്നില്ല”-അഭിഭാഷകര്‍ വാദിച്ചു. പാസ്‌പോര്‍ട്ടിലും ജനനസര്‍ട്ടിഫിക്കറ്റിലും ബാങ്ക് അക്കൗണ്ടിലും കുട്ടിയുടെ പിതാവിന്റെ സ്ഥാനത്തു തന്റെ പേര് ചേര്‍ത്തതിനെക്കുറിച്ച് അറിയില്ലെന്നാണ് ബിനോയിയുടെ വാദം.
പ്രവാസിയുടെ ആത്മഹത്യ;ആന്തൂര്‍ നഗരസഭ ഓഫീസില്‍ അന്വേഷണ സംഘം പരിശോധന നടത്തി
ധര്‍മശാല:ഓഡിറ്റോറിയത്തിന് പ്രവർത്തനാനുമതി നിഷേധിച്ചതിൽ മനംനൊന്ത് അന്തൂരിലെ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തരവകുപ്പ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ആന്തൂർ നഗരസഭാ ഓഫീസിൽ പരിശോധന നടത്തി.ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം പി കെ ശ്യാമളക്കും നഗരസഭാ ഉദ്യോഗസ്ഥര്‍ക്കും ഉടന്‍ നോട്ടീസ് നല്‍കും.എന്നാല്‍ തനിക്കിതേവരെ വിഷയവുമായി ബന്ധപ്പെട്ട് നോട്ടീസ് കിട്ടിയിട്ടില്ലെന്ന് പി കെ ശ്യാമള പറയുന്നു . നോട്ടീസ് കിട്ടിയാല്‍ അതനുസരിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി. അന്വേഷണ സംഘം സാജന്‍റെ ഭാര്യ ബീനയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും.കേസില്‍ നേരത്തേ ലഭിച്ച മൊഴികള്‍ പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചു. ഇതിന് ശേഷമാണ് ബീനയുടെ മൊഴിയുള്‍പ്പെടെ വീണ്ടും രേഖപ്പെടുത്തുന്നത്. സാജന്‍റെ മരണത്തില്‍ എല്ലാ വശവും പരിശോധിച്ച് സമഗ്രമായ അന്വേഷണം നടത്താനാണ് സര്‍ക്കാരിന്റെ നിര്‍ദേശം. നേരത്തെ എടുത്ത മൊഴികള്‍ വീണ്ടും എടുക്കാനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്. ആത്മഹത്യക്ക് പിന്നില്‍ സാമ്പത്തിക പ്രശ്നങ്ങളോ വ്യക്തിപരമായ കാരണങ്ങളോ ഉണ്ടായിരുന്നോ എന്നും പരിശോധിക്കും.
സി.ഒ.ടി. നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് പ്രതികള്‍ കീഴടങ്ങി
തലശ്ശേരി:മുന്‍ സി.പി.എം പ്രാദേശികനേതാവും വടകര ലോക്സഭ മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ഥിയുമായിരുന്ന സി.ഒ.ടി. നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് പ്രതികള്‍ കീഴടങ്ങി.കൊളശ്ശേരി കളരിമുക്ക് കുന്നിനേരി മീത്തല്‍ ഹൗസില്‍ എം.വിപിന്‍ എന്ന ബ്രിട്ടോ(32), കാവുംഭാഗം മുക്കാളില്‍ മീത്തല്‍ ഹൗസില്‍ ജിത്തുവെന്ന വി. ജിതേഷ്(35)എന്നിവരാണ് തലശ്ശേരി കോടതിയില്‍ കീഴടങ്ങിയത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ഒൻപതായി.ഗൂഢാലോചന കേസിലാണ് ഇവരെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തത്. കോടതിയില്‍ കീഴടങ്ങിയ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് നാളെ തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കും.നേരത്തെ സി.പി.എം മുന്‍ തലശ്ശേരി ഏരിയ കമ്മിറ്റി ഓഫിസ് സെക്രട്ടറിയും തലശ്ശേരി കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് ജീവനക്കാരനുമായ കതിരൂര്‍ പുല്യോട് സോഡമുക്കിലെ എന്‍.കെ. രാജേഷ് (40) അറസ്റ്റിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് വിപിനും ജിതേഷിനും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് തെളിഞ്ഞിരുന്നു
ബിനോയ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം 27 ലേക്ക് മാറ്റി
മുംബൈ: ബിഹാര്‍ സ്വദേശിയായ യുവതിയുടെ പീഡന പരാതിയില്‍ ബിനോയി കോടിയേരി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മുംബൈ ദിന്‍ദോഷി സെഷന്‍സ് കോടതി ഈ മാസം 27 ലേക്ക് മാറ്റി.ജഡ്ജി അവധിയായതിനാലാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിയത്.അതിനിടെ, ഒളിവിലുള്ള ബിനോയിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞദിവസം തിരുവനന്തപുരത്തെ വസതിയില്‍ മുംബൈ പൊലീസ് പരിശോധന നടത്തിയിരുന്നു. ബിനോയിയുടെ മൊബൈല്‍ ഓഫ് ചെയ്തിരിക്കുകയാണ്. അതേസമയം കേസിൽ ബിനോയ്‌ക്കെതിരെ കൂടുതൽ തെളിവുകൾ യുവതിയുടെ കുടുംബം പുറത്തുവിട്ടു.യുവതിക്ക് ബിനോയ് പലവട്ടം പണം അയച്ചതിെന്‍റ രേഖകള്‍ പുറത്തായതിനൊപ്പം യുവതിയുടെ പാസ്പോര്‍ട്ടില്‍ ഭര്‍ത്താവിെന്‍റ പേരായി ചേര്‍ത്തിരിക്കുന്നത് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നാണ് എന്നും വ്യക്തമായി.മുംബൈ ഓഷിവാര പൊലീസില്‍ യുവതി സമര്‍പ്പിച്ച രേഖകളിലാണ് ഈ വിവരം. 2013 ഏപ്രില്‍, മേയ് മാസങ്ങളില്‍ യുവതിയുടെ ഐ.സി.ഐ.സി.ഐ ബാങ്ക് അക്കൗണ്ടിലേക്ക് ഏഴര ലക്ഷം രൂപയാണ് ബിനോയ് അയച്ചിരിക്കുന്നത്. ഏപ്രില്‍ ആറിന് 50,000 രൂപയും അതേമാസം 18ന് നാലു ലക്ഷം രൂപയും അയച്ചതായി രേഖകളില്‍ കാണുന്നു.2014ല്‍ പരാതിക്കാരിയുടെ പുതുക്കിയ പാസ്പോര്‍ട്ടിലാണ് ഭര്‍ത്താവിെന്‍റ പേരിെന്‍റ സ്ഥാനത്ത് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്ന് കാണിച്ചിരിക്കുന്നത്. 2004ല്‍ എടുത്ത പാസ്പോര്‍ട്ടില്‍ സ്വന്തം മാതാപിതാക്കളുടെ പേരാണുള്ളത്.കഴിഞ്ഞ ഡിസംബറില്‍ യുവതി ആദ്യ പരാതി നല്‍കിയതിനു പിന്നാലെ ബിനോയിയുടെ അമ്മ വിനോദിനി മുംബൈയിലെത്തി കുടുംബത്തെ കണ്ടിരുന്നു. ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ബിനോയ് തയാറാകാതിരുന്നതിനെ തുടര്‍ന്നാണ് ഇവര്‍ കൂടുതല്‍ തെളിവുകളുമായി പൊലീസിനെ സമീപിച്ചത്. ബിനോയ് തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയതിെന്‍റ ഓഡിയോ റെക്കോഡുകളും യുവതി തെളിവായി സമര്‍പ്പിച്ചിട്ടുണ്ട്.
മാഹിയില്‍ പൊലീസ് കോണ്‍സ്റ്റബിളിനെ വൈദ്യുതി തൂണില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കണ്ണൂർ:മാഹിയില്‍ പൊലീസ് കോണ്‍സ്റ്റബിളിനെ വൈദ്യുതി തൂണില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ചാലക്കര ഹരിചന്ദനത്തില്‍ രജീഷ് എന്ന രാജു (40) വിനെയാണ് തിങ്കളാഴ്ച്ച രാവിലെ വീട്ടിനടുത്തെ കുഞ്ഞിപ്പുര മുക്കില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.രണ്ടാഴ്ച്ചയായി പൊലീസ് വാഹനത്തിലെ ഡ്രൈവറായാണ് രജീഷ് ജോലി ചെയ്തിരുന്നത്. പന്തക്കല്‍ പൊലീസ് സ്റ്റേഷനിലും സേവനമനുഷ്ടിച്ചിരുന്നു. ഇന്നലെ രാത്രി ഒരു മണി വരെ സുഹൃത്തുക്കളോടൊപ്പം കുഞ്ഞിപ്പുര മുക്കില്‍ സംസാരിച്ചിരുന്നതായിപൊലീസ് പറഞ്ഞു.ശനിയാഴ്ച്ച ഡ്യൂട്ടി എടുത്തതിനാല്‍ ഞായറാഴ്ച്ച രജീഷിന് അവധിയായിരുന്നു. ഇന്ന് രാവിലെ ഡ്യൂട്ടിയില്‍ ഹാജരാകേണ്ടതായിരുന്നു. വൈദ്യുതി തൂണില്‍ തൂങ്ങി നില്‍ക്കുന്ന വിവരംനാട്ടുകാരാണ് പള്ളൂർ പൊലീസില്‍ അറിയിച്ചത്.പരേതനായ പ്രഭാകരന്റേയും പുഷ്പലത (ഇ.എസ്.ഐ) യുടേയും മകനാണ്. ഭാര്യ: റിന്‍ഷ, മക്കള്‍: അന്‍വിയ, അലംകൃത.
പ്രവാസി വ്യവസായിയുടെ ആത്മഹത്യ;ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പി കെ ശ്യാമളയ്ക്ക് ഇന്ന് നോട്ടീസ് നല്‍കിയേക്കും
കണ്ണൂര്‍: ആന്തൂരില്‍ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പി കെ ശ്യാമളയ്ക്ക് അന്വേഷണ സംഘം ഇന്ന് നോട്ടീസ് നല്‍കിയേക്കും.സാജന്റെ ഭാര്യയുടേതടക്കം നിലവില്‍ ലഭിച്ച നാല് മൊഴികള്‍ വിശദമായി പഠിച്ച ശേഷമാണ് ആരോപണ വിധേയരുടെ മൊഴിയെടുക്കാന്‍ പൊലീസ് ഒരുങ്ങുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നിലവില്‍ അസ്വാഭാവിക മരണത്തിന് മാത്രമാണ് കേസെടുത്തിട്ടുള്ളത്. പി കെ ശ്യാമളയ്ക്ക് എതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കുന്നതില്‍ നിയമപരമായ തടസ്സങ്ങളുണ്ടോയെന്നത് പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.നാര്‍ക്കോട്ടിക് ഡിവൈഎസ്പി കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. കേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.15 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി നിഷേധിച്ചതിൽ മനം നൊന്താണ് പ്രവാസി വ്യവസായിയായ കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്‌തത്.
അന്തര്‍സംസ്ഥാന സ്വകാര്യ ബസുകൾ ഇന്ന് മുതൽ അനിശ്ചിതകാല സമരത്തിൽ
കൊച്ചി:അന്തര്‍സംസ്ഥാന സ്വകാര്യ ബസുകൾ ഇന്ന് മുതൽ അനിശ്ചിതകാല സമരത്തിൽ. സുരേഷ് കല്ലട ബസിലെ സംഭവങ്ങളുടെ പേരില്‍ സ്വകാര്യബസുകളെ മോട്ടോര്‍വാഹന വകുപ്പ് തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് പണിമുടക്ക്.നാനൂറോളം ബസുകളാണു സമരത്തില്‍ പങ്കെടുക്കുക. ഇതോടെ അയല്‍സംസ്ഥാനങ്ങളില്‍ പഠനത്തിനും ജോലിക്കുമായി പോകുന്നവര്‍ ദുരിതത്തിലാകും.ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സിന്റെ പേരില്‍ വന്‍തുക പിഴയായി ഈടാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സര്‍വീസുകള്‍ ഓട്ടം നിര്‍ത്തി വെച്ചത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് സര്‍വീസുകള്‍ ഉണ്ടാവില്ല. ഇത് കേരളം, കര്‍ണാടക,ആന്ധ്രാപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ ഓപ്പറേറ്റര്‍മാരെ അറിയിച്ചിട്ടുണ്ട്. സര്‍ക്കാരുമായി സഹകരിച്ച് പോകാമെന്ന് അറിയിച്ചിട്ടും അനുകൂല നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് സര്‍വീസ് നിര്‍ത്തിവെച്ചതെന്ന് ബസുടമകള്‍ പറയുന്നു.അതേസമയം മുന്‍കൂട്ടി അറിയിച്ച് നടത്തുന്ന പണിമുടക്കല്ലാത്തതിനാല്‍ ബസുടമകളുമായി ചര്‍ച്ചയ്ക്കില്ലെന്നാണ് ഗതാഗതമന്ത്രിയുടെ നിലപാട്.എന്നാൽ സമരത്തെക്കുറിച്ച് അറിയിച്ചിട്ടില്ലെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്ന് ഇന്റര്‍സ്റ്റേറ്റ് ബസ് ഓണേഴ്സ് അസോസിയേഷന്‍ ആരോപിച്ചു.