ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ എം.എല്‍.എ എ.പി അബ്ദുള്ളക്കുട്ടി ബി.ജെ.പിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ ബി.ജെ.പി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി നഡ്ഡ, കേന്ദ്രമന്ത്രി വി.മുരളീധരന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് അംഗത്വം സ്വീകരിച്ചത്.തന്നെ പുറത്താക്കിയതോടെ കോണ്‍ഗ്രസ് സന്തോഷിക്കുന്നുണ്ടായിരിക്കും. എന്നാല്‍ താനുള്‍പ്പെടുന്ന ന്യുനപക്ഷ വിഭാഗത്തിന്റെ താല്‍പര്യ പ്രകാരമാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.താനിപ്പോള്‍ ദേശീയ മുസ്ലീം ആയി.തന്റെ പ്രവര്‍ത്തനമണ്ഡലം പാര്‍ട്ടി നേതൃത്വം തീരുമാനിക്കും. കേരളത്തിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ബി.ജെ.പിയും ജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കുകയാണ് ലക്ഷ്യം.-അബ്ദുള്ളക്കുട്ടി പറഞ്ഞു.തന്നെ സിപിഎമ്മും കോണ്‍ഗ്രസ്സും പുറത്താക്കിയത് ഒരേ കാരണത്തിനാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നരേന്ദ്രമോദിയുടെ വികസന നയത്തെ പിന്തുണച്ചതിനായിരുന്നു അത്. മോദിയുടെ കൈകളില്‍ രാജ്യത്തെ മുസ്ലിങ്ങള്‍ സുരക്ഷിതരാണെന്നും അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ അബ്ദുള്ള പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബി.ജെ.പി അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബി.ജെ.പിയില്‍ ചേരാന്‍ മോഡി ആവശ്യപ്പെട്ടതായും അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു.നരേന്ദ്രമോഡിയുടെ വികസന അജണ്ടയ്ക്ക് കിട്ടിയ അംഗീകാരമാണ് തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വന്‍ വിജയത്തിന് കാരണം എന്ന ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നാണ് എപി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കിയത്. പോസ്റ്റില്‍ മോഡിയുടെ നേട്ടങ്ങള്‍ അക്കമിട്ട് നിരത്തുകയും ചെയ്തിരുന്നു.
ശ്രീകണ്ഠപുരത്ത് കാട്ടാന കിണറ്റിൽ വീണു;വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ
കണ്ണൂർ:ശ്രീകണ്ഠപുരം ചന്ദനക്കാമ്പാറയിലെ ഷിമോഗാ കോളനിയില്‍ കാട്ടാന കിണറ്റിൽ വീണു.ചൊവ്വാഴ്ച രാത്രിയാണ് സംഭവം.ആനയെ കരയ്ക്ക് കയറ്റാന്‍ ഇന്ന് രാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥരും ഫയര്‍ഫോഴ്സ് ജീവനക്കാരും എത്തി. ഇവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.കാട്ടാനശല്യം രൂക്ഷമാണെന്ന് പലതവണ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും നടപടിയുണ്ടാകാത്തതാണ് നാട്ടുകാരുടെ എതിര്‍പ്പിന് കാരണം.ഒരാഴ്ചയായി ഈ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. ജനപ്രതിനിധികളും ഡിഎഫ്ഒയും എത്തി കാട്ടാന ശല്യം ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കാതെ രക്ഷാപ്രവര്‍ത്തനത്തില്‍ സഹകരിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ.
കല്ലട ബസ്സിന്റെ പെർമിറ്റ് സസ്‌പെൻഡ് ചെയ്തു
തൃശൂർ:യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ കല്ലട ബസ്സിന്റെ പെർമിറ്റ് സസ്‌പെൻഡ് ചെയ്തു.തൃശ്ശൂര്‍ ആര്‍ടിഐ സമിതിയുടേതാണ് നടപടി. KL 45എച്ച് 6132 ബസിന്റെ പെര്‍മിറ്റ് ഒരു വര്‍ഷത്തേക്കാണ് സസ്പെന്‍ഡ് ചെയ്തത്.കളക്ടറേറ്റില്‍ രാവിലെ ചേര്‍ന്ന യോഗത്തില്‍ കല്ലട ബസ് ഉടമസ്ഥന്‍ സുരേഷ് കല്ലടയ്ക്ക് പകരം അഡ്വക്കേറ്റ് ഹാജരായി. തുടര്‍ന്ന് അഡ്വക്കേറ്റ് വിഷയത്തില്‍ വിശദീകരണം നല്‍കി. ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും, കുറ്റം ചെയ്തവര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ പെര്‍മിറ്റ് റദ്ദാക്കാന്‍ ആവില്ലെന്നും ആയിരുന്നു അഭിഭാഷകന്റെ വാദം.അതുകൊണ്ടുതന്നെ ഉടമസ്ഥനെ പ്രതിചേര്‍ക്കാന്‍ സാധിക്കുകയില്ലെന്നും, ഹൈക്കോടതിയില്‍ കേസ് പരിഗണന ഉള്ളതിനാല്‍ കീഴ്ഘടകങ്ങള്‍ നടപടിയെടുക്കുന്നതില്‍ അഭിഭാഷകന്‍ അതൃപ്തി പ്രകടിപ്പിച്ചു. തുടര്‍ന്ന് വിശദമായ പരിശോധനയ്ക്കായി ഫയല്‍ മാറ്റുകയായിരുന്നു. എന്നാല്‍ വൈകിട്ട് നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്യാനുള്ള തീരുമാനം ആര്‍ടിഐ കൈക്കൊണ്ടത്.കഴിഞ്ഞ ഏപ്രില്‍ 21നായിരുന്നു വിഷയത്തിന് ആസ്പദമായ സംഭവം നടന്നത്. കല്ലട ബസ്സില്‍ സഞ്ചരിച്ച യുവാക്കളെ ബസ് നിര്‍ത്തിയതിന് ചൊല്ലി ഉണ്ടായ വാക്കുതര്‍ക്കത്തില്‍ ജീവനക്കാര്‍ മര്‍ദ്ദിക്കുകയായിരുന്നു.
ബെംഗളൂരുവിൽ വാഹനാപകടത്തിൽ രണ്ട് കോഴിക്കോട് സ്വദേശികൾ മരിച്ചു
ബെംഗളൂരു:ബെംഗളൂരുവിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് കോഴിക്കോട് സ്വദേശികൾ മരിച്ചു.ബാലുശ്ശേരി സ്വദേശികളായ ആദിത്ത്, ആഭിറാം എന്നിവരാണ് മരിച്ചത്.ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്..
തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിൽ നിന്നും രണ്ട് വനിതാ തടവുകാർ ജയിൽ ചാടി
തിരുവനന്തപുരം:തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്നും രണ്ട് വനിതാ തടവുകാർ ജയിൽ ചാടി.മോഷണക്കേസ് പ്രതികളായ വര്‍ക്കല തച്ചോട് അച്യുതന്‍മുക്ക് സജി വിലാസത്തില്‍ സന്ധ്യ, പാങ്ങോട് കല്ലറ കഞ്ഞിനട വെള്ളിയം ദേശം തേക്കുംകര പുത്തന്‍ വീട്ടില്‍ ശില്‍പ എന്നിവരാണ് രക്ഷപ്പെട്ടത്. ഇന്നലെ വൈകിട്ട് നാല് മണിക്ക് തടവുകാരെ ലോക്കപ്പ് ചെയ്യുമ്പോഴാണ് രണ്ടു പേരുടെ കുറവ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ സന്ധ്യയും പാങ്ങോട് സ്വദേശിനി ശിൽപ്പയും രക്ഷപ്പെട്ടതായി സ്ഥിരീകരിച്ചു.സംഭവം അറിഞ്ഞയുടൻ ജയിൽ ഡി.ജി.പി ഋഷിരാജ് സിങ് അടക്കമുള്ള ഉദ്യോഗസ്ഥർ ജയിലിലെത്തി.വൈകിട്ട് 4.30 ഓടെ രണ്ടു പേരും കുളിക്കാനായി പോകുന്ന ദ്യശ്യങ്ങള്‍ ജയില്‍ സിസിടിവിയില്‍ നിന്നും ലഭിച്ചിട്ടുണ്ട്.ഇതിന് ശേഷം ഇവരെ കാണാതെയാവുകയായിരുന്നു. ഇതോടെയാണ് ഇവര്‍ തടവ് ചാടിയതായി സ്ഥീകരിച്ചത്. തടവുകാരെ ജയിലിനുള്ളിലെ ജോലികള്‍ക്കായി സെല്ലില്‍ നിന്നും പുറത്ത് വിടാറുണ്ട്. വൈകിട്ട് നാലോടെയാണ് തിരികെ സെല്ലിലേക്ക് തടവുകാരെ പ്രവേശിപ്പിക്കുന്നത്. ഇതിനായി എണ്ണമെടുത്തപ്പോഴാണ് രണ്ടുപേരെ കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്.ജീവനക്കാര്‍ ആദ്യം ജയില്‍ വളപ്പില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ജയില്‍ ഡിജിപി ഋഷിരാജ് സിങും സംഘവും നടത്തിയ പരിശോധനയിലാണ് രക്ഷപ്പെട്ട വിവരം സ്ഥിതീകരിച്ചത്. ഇവര്‍ക്കായി ഷാഡോ പൊലീസും സ്പെഷല്‍ ബ്രാഞ്ചും തിരച്ചില്‍ ശക്തമാക്കി. റെയില്‍വെ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും ഫോട്ടോകള്‍ നല്‍കിയതായി സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും ഫോണുകള്‍ പിടിച്ചെടുത്തു;പവര്‍ബാങ്കുകളും കഞ്ചാവും പിടികൂടി
കണ്ണൂര്‍:കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും ഫോണുകള്‍ പിടിച്ചെടുത്തു.ജയില്‍ പരിസരത്ത് കുഴിച്ചിട്ട നിലയില്‍ 6 ഫോണുകളാണ് പിടിച്ചെടുത്തത്. സെല്ലുകള്‍ക്ക് മുകളിലെ ഉത്തരത്തില്‍ ഒളിപ്പിച്ചിരുന്ന ഫോണുകളും പോലീസ് പിടിച്ചെടുത്തു.പവര്‍ബാങ്കുകള്‍, ഹെഡ്‌സെറ്റുകള്‍, കഞ്ചാവ് ഉള്‍പ്പെടെ ലഹരിപദാര്‍ത്ഥങ്ങളും പോലീസ് പിടിച്ചെടുത്തു. ജയിലില്‍ റെയ്ഡ് തുടരുകയാണ്.ജയിലില്‍ ഇന്നലെ നടന്ന പരിശോധനയില്‍ 10 ഫോണുകള്‍ പിടിച്ചെടുത്തിരുന്നു. ജൂണ്‍ 30 വരെ ദിവസവും പരിശോധന നടത്താനാണ് ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന്‍റെ നിര്‍ദ്ദേശം.
വിപണിയില്‍ അയഡിന്‍ ചേര്‍ത്ത് പാക്കറ്റിലെത്തുന്ന ഉപ്പില്‍ കാന്‍സറിന് കാരണമാകുന്ന പൊട്ടാസ്യം ഫെറോസയനൈഡ് കലര്‍ന്നിട്ടുണ്ടെന്ന് പരിശോധനാ റിപ്പോര്‍ട്ട്
മുംബൈ:വിപണിയില്‍ അയഡിന്‍ ചേര്‍ത്ത് പാക്കറ്റിലെത്തുന്ന ഉപ്പില്‍ കാന്‍സറിന് കാരണമാകുന്ന പൊട്ടാസ്യം ഫെറോസയനൈഡ് കലര്‍ന്നിട്ടുണ്ടെന്ന് പരിശോധനാ റിപ്പോര്‍ട്ട്.യു.എസിലെ അനലറ്റിക്കല്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് ഇന്ത്യയില്‍ വിതരണം ചെയ്യുന്ന ഉപ്പില്‍ കൂടുതലും ആരോഗ്യത്തിന് ഹാനികരമാകുന്ന അളവില്‍ പൊട്ടാസ്യം ഫെറോസയനൈഡ് ഉണ്ടെന്ന് കണ്ടെത്തിയത്.പൊട്ടാസ്യം ഫെറോസയനൈഡ് അമിതമായി ശരീരത്തില്‍ എത്തുന്നത് അര്‍ബുദം, പൊണ്ണത്തടി, ഉയര്‍ന്ന രക്തസമ്മര്‍ദം, വൃക്കരോഗം തുടങ്ങിയവയ്ക്ക് കാരണമാകും.അന്തരീക്ഷത്തില്‍നിന്ന് ഈര്‍പ്പം വലിച്ചെടുത്ത് ഉപ്പ് കട്ടപിടിക്കാതിരിക്കാനാണ് പൊട്ടാസ്യം ഫെറോസയനൈഡ് ചേര്‍ക്കുന്നത്. ഈ രീതിയില്‍ ഉപ്പിനെ ദീര്‍ഘകാലം നിലനിര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെയാകാം ആവശ്യത്തിലധികം രാസവസ്തു ഇതില്‍ ചേര്‍ക്കുന്നതെന്ന് ഇക്കാര്യം വെളിപ്പെടുത്തിയ മുംബൈയിലെ ഗോധം ഗ്രെയിന്‍സ് ആന്‍ഡ് ഫാം പ്രൊഡക്‌ട്‌സ് ചെയര്‍മാന്‍ ശിവശങ്കര്‍ ഗുപ്ത പത്രസമ്മേളനത്തില്‍ പറഞ്ഞു.ഉപ്പില്‍ എന്തെല്ലാം രാസവസ്തുക്കള്‍ എത്രയളവില്‍ ചേര്‍ത്തിട്ടുണ്ടെന്ന് കണ്ടെത്താനുള്ള പരിശോധനാസംവിധാനം ഇന്ത്യയില്‍ ഇല്ലെന്നും അതിനാല്‍ താന്‍ ഇന്ത്യയില്‍നിന്നുള്ള ഉപ്പിന്റെ പ്രമുഖ ബ്രാന്‍ഡുകള്‍ യു.എസിലെ ലാബില്‍ പരിശോധിപ്പിക്കുകയായിരുന്നെന്നും ഗുപ്ത പറഞ്ഞു.
വിദേശത്തേക്ക് കടക്കുമെന്ന് സൂചന;ബിനോയ് കോടിയേരിക്കെതിരെ മുംബൈ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു
മുംബൈ:വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ ആരോപണവിധേയനായ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മുംബൈ ദിന്‍ഡോഷി കോടതി വ്യാഴാഴ്ച വിധി പറയാനിരിക്കെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.നാളെ ജാമ്യം ലഭിച്ചില്ലെങ്കില്‍ പ്രതി വിദേശത്തേക്ക് കടന്നേക്കുമെന്ന് സൂചന കിട്ടിയതോടെയാണ് പോലീസിന്റെ ഈ നീക്കം.ഇതിന്റെ ഭാഗമായി വിമാനത്താവളങ്ങളില്‍ ബിനോയിയുടെ പാസ്‌പോര്‍ട്ട് രേഖകള്‍ നല്‍കും. ബിനോയ് എവിടെയെന്ന കാര്യത്തില്‍ ഒരു സൂചനയും ഇല്ലാത്തതിനാല്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്. ഇതും കൂടി കണക്കിലെടുത്താണ് പോലീസിന്റെ ഈ നടപടി.ജാമ്യം ലഭിച്ചാല്‍ ബിനോയ് അന്വേഷണത്തോട് സഹകരിക്കുമെന്നാണ് സൂചന. എന്നാല്‍ അന്വേഷണത്തില്‍ പുരോഗതിയുണ്ടാകണമെങ്കില്‍ ബിനോയിയെ അറസ്റ്റ് ചെയ്‌തേ മതിയാകൂ. കുട്ടിയുടെ പിതൃത്വവുമായി ബന്ധപ്പെട്ട സംശയത്തിലും വ്യക്തത വരുത്തേണ്ടതുണ്ട്. ബിനോയ് ഇക്കാര്യം തള്ളിക്കളഞ്ഞതിനാല്‍ ഡി.എന്‍.എ പരിശോധനയിലൂടെ മാത്രമേ ഇത് സ്ഥിരീകരിക്കാനാവൂ. അതിനും ബിനോയിയെ കണ്ടെത്തേണ്ടതായിട്ടുണ്ട്. ഇതിനെല്ലാം വേണ്ടിയാണ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചത്.
അന്തര്‍സംസ്ഥാന സ്വകാര്യ ബസ് ഉടമകളുടെ സമരം;സർക്കാർ മുട്ടുമടക്കില്ലെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം: അന്തര്‍സംസ്ഥാന സ്വകാര്യ ബസ് ഉടമകളുടെ സമരത്തില്‍ പ്രതികരണവുമായി ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍.സമരത്തിനു മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ ഭയക്കുന്നത് ജനങ്ങളെയാണെന്നും ബസ് ഉടമകളെ അല്ലെന്നും മന്ത്രി വ്യക്തമാക്കി.കെഎസ്‌ആര്‍ടിസി അധിക സര്‍വ്വീസ് നടത്തി യാത്രാഭാരം കുറയ്ക്കുമെന്നും, നിയമലംഘനം നടത്തുന്ന കല്ലട ഉള്‍പ്പെടെയുള്ള സ്വകാര്യബസുകള്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.കഴിഞ്ഞ ദിവസം സ്വകാര്യബസ് ഉടമകളുമായി എ കെ ശശീന്ദ്രന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇതോടെ സമരം തുടരുമെന്നാണ് ബസ് ഉടമകള്‍ വ്യക്തമാക്കിയിരിക്കുന്നത്.കോണ്‍ട്രാക്‌ട് ക്യാരേജ് പെര്‍മിറ്റുള്ള ബസുകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ സുഗമമായി സര്‍വ്വീസ് നടത്തുന്നു. അതേ പെര്‍മിറ്റുള്ള ബസുകള്‍ക്ക് കേരളത്തില്‍ പിഴ ഈടാക്കുന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നെന്നാണ് ബസുടമകളുടെ വാദം. കേന്ദ്ര സര്‍ക്കാര്‍ മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്യുന്ന സാഹചര്യത്തില്‍ നിയമഭേദഗതി ഉണ്ടാകും വരെ പെര്‍മിറ്റ് ലംഘനത്തിന്‍റെ പേരിലുള്ള നടപടി നിര്‍ത്തിവയ്ക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.
പ്രവാസി വ്യവസായിയുടെ ആത്മഹത്യ;പി.കെ ശ്യാമളയ്ക്കെതിരെ പ്രാഥമിക തെളിവുകളില്ലെന്ന് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍
കണ്ണൂർ:കൺവെൻഷൻ സെന്ററിന് പ്രവർത്തനാനുമതി നിഷേധിച്ചതിൽ മനംനൊന്ത് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആന്തൂര്‍ നഗരസഭാധ്യക്ഷ പി.കെ ശ്യാമളയ്ക്കെതിരെ പ്രാഥമിക തെളിവുകളില്ലെന്ന് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍. കണ്‍വെന്‍ഷന്‍ സെന്‍റര്‍ അനുമതി വൈകിപ്പിക്കാന്‍ ഉദ്യോഗസ്ഥ തലത്തില്‍ ശ്രമം നടന്നു, രേഖകളുടെ പ്രാഥമിക പരിശോധനയിൽ ഇത് വ്യക്തമായെന്നും എഞ്ചിനിയര്‍ ശുപാർശ ചെയ്തിട്ടും നഗരസഭാ സെക്രട്ടറി അനാവശ്യ ഇടപെടലുകൾ നടത്തിയെന്നും അന്വേഷണ സംഘം കണ്ടെത്തി.കഴിഞ്ഞദിവസം സാജന്റെ വീട്ടിലെത്തിയ പ്രത്യേക പോലീസ് സംഘം വിശദമായ പരിശോധന നടത്തിയിരുന്നു. സാജന്റെ മുറിയില്‍നിന്ന് ഒരു ഡയറി കണ്ടെത്തിയിരുന്നെങ്കിലും ഇതില്‍ ആത്മഹത്യയുമായി ബന്ധപ്പെട്ട കുറിപ്പോ, ആരെയെങ്കിലും പേരെടുത്ത് പറയുന്ന വിവരങ്ങളോ ലഭിച്ചില്ല. വീട്ടിലെ പരിശോധനയ്ക്ക് പുറമേ സാജന്റെ ഭാര്യയില്‍നിന്നും ബന്ധുക്കളില്‍നിന്നും പോലീസ് മൊഴി രേഖപ്പെടുത്തുകയും ചെയ്തു.നാർക്കോട്ടിക് ഡി.വൈ.എസ്പി കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.15 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി നല്‍കാത്തതില്‍ മനം നൊന്താണ് പ്രവാസി വ്യവസായിയായ കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന്‍ പാറയിൽ ആത്മഹത്യ ചെയ്‌തത്.