തിരുവനന്തപുരം:അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്നും തടവുചാടിയ രണ്ട‌് വനിതാ തടവുകാരും പിടിയിൽ.വര്‍ക്കല തച്ചോട് അച്യുതന്‍മുക്ക് സജി വിലാസത്തില്‍ സന്ധ്യ, പാങ്ങോട് കല്ലറ കാഞ്ചിനട വെള്ളയംദേശം തെക്കുംകര പുത്തന്‍വീട്ടില്‍ ശില്‍പ്പ എന്നിവരെ വ്യാഴാഴ‌്ച രാത്രി 10.45ന‌് പാലോട‌് വെള്ളയംദേശത്ത‌് നിന്നാണ‌് പിടികൂടിയത‌്.കഴിഞ്ഞ ചൊവ്വാഴ‌്ചയാണ‌് ഇവർ അട്ടക്കുളങ്ങര വനിതാ ജയിലില്‍നിന്ന‌് ചാടിരക്ഷപ്പെട്ടത്. ഇരുവരെയും കണ്ടെത്താനായി പൊലീസ‌് അന്വേഷണം വ്യാപിപ്പിക്കുകയും ലുക്കൗട്ട‌് നോട്ടീസ‌് പുറപ്പെടുവിക്കുകയും ചെയ‌്തിരുന്നു.ഇതിനിടെയാണ‌് ഇവര്‍ പിടിയിലാവുന്നത‌്.വെള്ളയംദേശത്തുള്ള ശില്‍പ്പയുടെവീട്ടിലേക്ക‌് പോകുന്നതിനിടെയാണ‌് ഇവര്‍ പിടിയിലാവുന്നത‌്.പാലോട‌് ഇന്‍സ‌്പെക‌്ടര്‍ സി കെ മനോജ‌്, എസ‌്‌ഐ സതീഷ‌്കുമാര്‍, ഗ്രേഡ‌് എസ‌്‌ഐ ഹുസൈന്‍, സിപിഒ സാജന്‍, രജിത‌് രാജ‌് എന്നിവരടങ്ങുന്ന സംഘമാണ‌് ഇവരെ പിടികൂടിയത‌്.ഇരുവരെയും കേസ‌് അന്വേഷിക്കുന്ന ഫോര്‍ട്ട‌് പൊലീസിന‌് കൈമാറി.
പ്രവാസിയുടെ ആത്മഹത്യ;പി.കെ ശ്യാമളക്ക് വീഴ്ചപറ്റിയെന്ന അഭിപ്രായത്തിലുറച്ച് പി.ജയരാജന്‍
കണ്ണൂര്‍: പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയില്‍ ആന്തൂര്‍ നഗരസഭ അധ്യക്ഷ പി.കെ ശ്യാമളക്ക് വീഴ്ചപ്പറ്റിയെന്ന അഭിപ്രായത്തിലുറച്ച് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജന്‍.സാജന്റെ കെട്ടിട നിര്‍മാണ അനുമതിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടുന്നതില്‍ ശ്യാമളയ്ക്കു വീഴ്ച പറ്റിയിട്ടുണ്ടെന്നും അത് ഉള്‍ക്കൊള്ളണമെന്നും ജയരാജന്‍ ഒരഭിമുഖത്തിലാണ് വ്യക്തമാക്കിയത്.’ഒരു നിക്ഷേപകനെ ദ്രോഹിക്കുന്ന നിലപാട് അവിടുത്തെ സെക്രട്ടറി, എന്‍ജിനീയര്‍, ഓവര്‍സിയര്‍മാര്‍ എന്നിവര്‍ സ്വീകരിച്ചതിനാലാണ് സര്‍ക്കാര്‍ അവര്‍ക്കെതിരെ നടപടിയെടുത്തത്. കെട്ടിട നിര്‍മ്മാണച്ചട്ടം അനുസരിച്ച് അനുമതി കൊടുക്കേണ്ടതും ഉദ്യോഗസ്ഥന്മാരാണ്. എന്നാല്‍, സി.പി.എമ്മിന്റെ ജില്ലാ കമ്മിറ്റി അംഗം കൂടിയായ ശ്യാമളടീച്ചറാണ് നഗരസഭാ അധ്യക്ഷ. അവര്‍ക്ക് ഇത്തരം കാര്യങ്ങളില്‍ ഇടപെടാനുള്ള ഉത്തരവാദിത്വമുണ്ട്.ആ ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നതില്‍ വീഴ്ച വന്നിട്ടുണ്ട്.’ – ജയരാജന്‍ പറഞ്ഞു.ആന്തൂര്‍ വിഷയത്തില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം കൂടിയായ ശ്യാമളയ്ക്കു തെറ്റു പറ്റിയിട്ടില്ലെന്നായിരുന്നു സിപിഎം സംസ്ഥാന കമ്മിറ്റി വിലയിരുത്തിയത്. ശ്യാമളയ്ക്കു വീഴ്ച പറ്റിയെന്ന് രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പരസ്യമായി നിലപാടെടുത്ത ജയരാജനെ തള്ളിയായിരുന്നു സംസ്ഥാന കമ്മിറ്റിയുടെ ഈ വിലയിരുത്തല്‍. സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തല്‍ ജില്ലാ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യാനിരിക്കെയാണ് ജയരാജന്‍ നിലപാട് ആവര്‍ത്തിച്ചത്.
തൃശ്ശൂരില്‍ മാനസിക രോഗിയായ ഭാര്യ ഉറങ്ങിക്കിടക്കുകയായിരുന്ന ഭർത്താവിനെ തലയ്ക്കടിച്ച് കൊന്നു
തൃശൂർ:തൃശൂർ മാളയിൽ മാനസിക രോഗിയായ ഭാര്യ ഉറങ്ങിക്കിടക്കുകയായിരുന്ന ഭർത്താവിനെ തലയ്ക്കടിച്ച് കൊന്നു.മാള സ്വദേശി പരമേശ്വരനാണ്(60) കൊല്ലപ്പെട്ടത്. പരമേശ്വരന്‍ ഉറങ്ങിക്കിടക്കുമ്പോൾ ഭാര്യ രമണി തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.ഇവര്‍ മാനസിക രോഗിയാണെന്ന് പോലീസ് വ്യക്തമാക്കി.ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
പീഡന പരാതി;ബിനോയി കോടിയേരിയെ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് മുംബൈ കോടതി; മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി തിങ്കളാഴ്ച പരിഗണിക്കും
മുംബൈ:വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ബിഹാര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ ബിനോയി കോടിയേരിയെ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് മുംബൈ കോടതി.ദിന്‍ദോഷി കോടതിയാണ് ബിനോയിയുടെ അറസ്റ്റ് തടഞ്ഞത്. ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലും കോടതി തിങ്കളാഴ്ച വിധിപറയും.അതേസമയം, പരാതിക്കാരിക്ക് സ്വകാര്യ അഭിഭാഷകനെ നിയമിക്കാമെന്ന് കോടതി അറിയിച്ചു.ഇരുഭാഗത്തിന്റേയും ശക്തമായ വാദങ്ങളാണ് കോടതിയില്‍ ഉയര്‍ന്നത്. കോടതി നടപടികള്‍ ആരംഭിച്ചപ്പോള്‍ യുവതിക്കായി പ്രത്യേക അഭിഭാഷകന്‍ ഹാജരായി. പ്രോസിക്യൂഷനെ സഹായിക്കാന്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ അനുവദിക്കണമെന്ന് യുവതിയുടെ അഭിഭാഷകന്‍ കോടതിയില്‍ അഭ്യര്‍ഥിച്ചു. എന്നാല്‍, ഇതിനെ ബിനോയിയുടെ അഭിഭാഷകന്‍ എതിര്‍ത്തു. കേസ് നീട്ടിക്കൊണ്ട് പോകാനുള്ള തന്ത്രമാണ് ഇതെന്നാണ് ബിനോയിയുടെ അഭിഭാഷകന്‍ ആരോപിച്ചത്. ഇതോടെയാണ് വാദങ്ങള്‍ എഴുതി നല്‍കാം പക്ഷെ വാദം നടത്താനാകില്ലെന്ന് കോടതി പറഞ്ഞത്. എഴുതി നല്‍കിയ വാദങ്ങള്‍ പരിശോധിക്കേണ്ടതുള്ളതിനാല്‍ ഹര്‍ജി തിങ്കളാഴ്ചത്തേക്ക് മാറ്റിയ്ക്കുകയാണെന്ന് കോടതി വ്യക്തമാക്കി.
അതേസമയം ബിനോയ് കോടിയേരിക്കെതിരെ പീഡന പരാതിയില്‍ യുവതി പുതിയ തെളിവുകള്‍ പുറത്തുവിട്ടു.തനിക്കും കുട്ടിക്കും ദുബായിയിലേക്ക് പോകാൻ ബിനോയ് വിസ അയച്ചതിന്റെ രേഖകളാണ് യുവതി പുറത്തുവിട്ടത്. സ്വന്തം ഇമെയില്‍ ഐഡിയില്‍ നിന്നാണ് ബിനോയ് യുവതിക്ക് ടൂറിസ്റ്റ് വിസ അയച്ച് നല്‍കിയതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. യുവതിയുടെ ബിസിനസ് മെയില്‍ ഐഡിയിലേക്കാണ് വിസ അയച്ചത്. 2015 ഏപ്രില്‍ 21നാണ് ബിനോയ് വിസ അയച്ച് നല്‍കിയത്. വിസയ്ക്കൊപ്പം ദുബായ് സന്ദര്‍ശിക്കാന്‍ വിമാന ടിക്കറ്റുകളും ഇ-മെയില്‍ വഴി അയച്ച് നല്‍കിയിട്ടുണ്ട്.കോടിയേരി ബാലകൃഷ്ണന്‍ മുന്‍ മന്ത്രിയാണെന്ന വിവരം മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പ്രതി മറച്ചുവെച്ചു എന്നും യുവതി ആരോപിക്കുന്നു. ബിനോയ് ദുബായില്‍ പ്രതിയായ ക്രിമിനല്‍ കേസുകളുടെ വിവരവും അപേക്ഷയില്‍ മറച്ചുവെച്ചെന്നും യുവതി കോടതിയെ അറിയിച്ചു. മകനെ തട്ടിക്കൊണ്ട് പോകുമെന്നും കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയ ബിനോയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും യുവതി ആവശ്യപ്പെടുന്നു.
സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒരു മണിക്കൂര്‍ ഒപി ബഹിഷ്കരിക്കും
തിരുവനന്തപുരം:സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒരു മണിക്കൂര്‍ ഒപി ബഹിഷ്കരിക്കും.രാവിലെ 10 മുതല്‍ 11 വരെയാണ് ഡോക്ടര്‍മാരുടെ പണിമുടക്ക്.ശമ്പള പരിഷ്കരണം ആവശ്യപ്പെട്ടാണ് സമരം. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഓഫീസിലേക്കും പ്രിന്‍സിപ്പല്‍ ഓഫീസുകളിലേക്കും ഡോക്ടര്‍മാര്‍ മാര്‍ച്ച് നടത്തും.സൂചനാ സമരം ഫലം കണ്ടില്ലെങ്കില്‍ രണ്ടാഴ്ചക്കുള്ളില്‍ സമരം ശക്തമാക്കാനാണ് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎയുടെ തീരുമാനം.
വയനാട്ടിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു
വയനാട്: ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പുല്‍പ്പള്ളി മാരപ്പന്‍മൂല അധികാരത്ത് അലോയ് ടി ജോസ് (21) ആണ് മരിച്ചത്. വയനാട് മാന്തവാടിയില്‍ പീച്ചങ്കോടിലാണ് അപകടം ഉണ്ടായത്. ദ്വാരക ഐടിസിയിലെ വിദ്യാര്‍ത്ഥിയാണ് അലോയ്.രാവിലെ ഏഴ് മണിയോടെയാണ് അപകടം. അലോയ്‌ക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് കാവുമന്ദം എച്ച് എസ് ചക്കാലക്കുന്നേല്‍ അനൂപ് (19) നും ഗുരുതര പരിക്കേറ്റു. ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബാലഭാസ്കറിന്റേത് അപകടമരണമല്ലെന്ന് സ്ഥാപിക്കാന്‍ തെളിവില്ല;അന്വേഷണം പൂർത്തിയായിട്ടില്ലെന്നും ക്രൈം ബ്രാഞ്ച്;റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും
കൊച്ചി:വയലിനിസ്റ്റ് ബാലഭാസ്കറിന്റേത് അപകടമരണമല്ലെന്ന് സ്ഥാപിക്കാന്‍ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്.സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് മരണവുമായി ബന്ധമുണ്ടെന്നതിനും തെളിവില്ല. അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ ക്രൈം ബ്രാഞ്ച് സമര്‍പ്പിക്കും.സ്വര്‍ണകടത്ത് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടത്. ബാലഭാസ്‌കറിന്റെ പ്രോഗ്രാം മാനേജര്‍ പ്രകാശ് തമ്പി അടക്കമുള്ളവരാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍. കേസിലെ കൂട്ടു പ്രതികളായ സുനില്‍ കുമാര്‍, സെറീന ഷാജി, പോള്‍ ജോസ് തുടങ്ങിയ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി രണ്ട് ദിവസത്തിനകം അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ക്രൈം ബ്രാഞ്ചിന് നിര്‍ദേശം നല്‍കിയത്.
അന്തര്‍ സംസ്ഥാന സ്വകാര്യ ബസ്സുകളുടെ അനിശ്ചിതകാല സമരം തുടരുന്നു
ബെംഗളൂരു:അന്തര്‍ സംസ്ഥാന സ്വകാര്യ ബസ്സുകളുടെ അനിശ്ചിതകാല സമരം തുടരുന്നു.തിരക്ക് നേരിടാന്‍ കേരള കര്‍ണാടക ആര്‍ടിസികള്‍ അൻപതോളം അധിക സര്‍വീസുകളാണ് നടത്തുന്നത്.യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടൊന്നും ഇല്ലാതാക്കാനാണ് കെഎസ്‌ആര്‍ടിസിയുടെ ശ്രമം. സാധാരണ ദിവസങ്ങളില്‍ ബംഗളൂരുവിലേക്കും തിരിച്ചുമായി ശരാശരി ആയിരം യാത്രക്കാര്‍ വരെയാണ് കെഎസ്‌ആര്‍ടിസില്‍ കയറാറുള്ളതെങ്കില്‍ നാല് ദിവസമായി അത് 2500 കടന്നു. തിരക്ക് നേരിടാന്‍ ആലപ്പുഴക്കും ചങ്ങനാശ്ശേരിക്കും സ്‌പെഷ്യല്‍ സര്‍വീസുകള്‍ തുടങ്ങി.കണ്ണൂര്‍, കോഴിക്കോട്, കോട്ടയം വഴിയുള്ള സ്‌പെഷ്യല്‍ സര്‍വീസുകളും ഫലം കാണുന്നുണ്ട്.അന്തര്‍ സംസ്ഥാന ബസുകളുടെ സമരം തുടര്‍ന്നാല്‍ കൂടുതല്‍ ബസുകളിറക്കാനാണ് കെഎസ്‌ആര്‍ടിസികളുടെ ആലോചന.
ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
മുംബൈ:വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റ് തടയാൻ ബിനോയ് കോടിയേരി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ മുംബൈ ദിന്‍ ഡോഷി സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.ജഡ്ജി അവധിയിലായിരുന്നതിനാലാണ് ഉത്തരവ് പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്.ഒരുപക്ഷെ ജാമ്യം കിട്ടിയാല്‍ ബിനോയ് പൊലീസ് അന്വേഷണത്തോട് സഹകരിക്കുമെന്നാണ് സൂചന. ഇതിനിടയില്‍ ഇന്നലെ മുംബൈ പൊലീസ് ബിനോയ് കോടിയേരിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.ഇന്ന് ജാമ്യം ലഭിച്ചില്ലെങ്കില്‍ പ്രതി വിദേശത്തേക്ക് കടന്നേക്കുമെന്ന് സൂചന കിട്ടിയതോടെയാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ജൂണ്‍ 13 ന് ആണ് യുവതി ബിനോയ്‌ക്കെതിരെ മുംബൈ ഓഷിവാര സ്റ്റേഷനില്‍ പീഡന പരാതി നല്‍കിയത്. കസ്റ്റഡിയിലെടുക്കാന്‍ മുംബൈ പൊലീസ് കേരളത്തിലെത്തിയപ്പോള്‍ ബിനോയ് അവിടെനിന്നും കടന്നിരുന്നു.കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുംബൈ സെഷന്‍ കോടതിയില്‍ ബിനോയ് ജാമ്യഹര്‍ജി നല്‍കിയത്.നിലവില്‍ അറസ്റ്റിനു കോടതി വിലക്കില്ലെങ്കിലും കോടതി തീരുമാനം വരുന്നവരെ കാത്തിരിക്കാനാണ് മുംബൈ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.2009 മുതല്‍ 2018 വരെ ബിനോയ് തന്നെ പീഡിപ്പിച്ചതായാണ് യുവതി പരാതിയില്‍ പറയുന്നത്. ബന്ധത്തില്‍ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും യുവതി പറയുന്നു.
കൊയിലാണ്ടി കീഴ്പ്പയ്യൂര്‍ വെസ്റ്റ് എല്‍പി സ്‌കൂളില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ അഞ്ച് കുട്ടികളിൽ ഷിഗെല്ല സ്ഥിതീകരിച്ചു
കോഴിക്കോട്:കൊയിലാണ്ടി കീഴ്പ്പയ്യൂര്‍ വെസ്റ്റ് എല്‍പി സ്‌കൂളില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ അഞ്ച് കുട്ടികളിൽ ഷിഗെല്ല സ്ഥിതീകരിച്ചു.എന്നാല്‍ ആരുടെയും നില ഗുരുതരമല്ല.കഴിഞ്ഞ വെള്ളിയാഴ്ചയാണ് നാല്‍പത്തിനാല് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്. ഉച്ചഭക്ഷണത്തില്‍ നിന്നാണ് വിഷബാധയേറ്റതെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ വെള്ളത്തില്‍ കണ്ടെത്തിയ കോളിഫോം ബാക്ടീരിയ ആകാം വിഷബാധയ്ക്ക് കാരണമെന്ന അനുമാനത്തിലാണ് ഭക്ഷ്യസുരക്ഷാവകുപ്പ്.ബാക്ടീരിയ വഴി ഉണ്ടാകുന്ന വയറിളക്കമാണ് ഷിഗെല്ല. മലത്തോടൊപ്പം രക്തവും പുറത്തേക്ക് വരുന്നതു കൊണ്ടാണ് ഇതിനെ ഡിസന്ററി എന്നു പറയുന്നത്. രക്തം പുറത്തേക്ക് വരുന്നതാണ് ഷിഗെല്ല രോഗത്തെ സാധാരണ വയറിളക്കത്തില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.