തിരുവനന്തപുരം:സംസ്ഥാനത്തെ അങ്കണവാടികള്‍ വഴി മില്‍മയുടെ യു.എച്ച്.ടി. പാല്‍ വിതരണം ചെയ്യുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർ.മില്‍മ വഴിയാണ് അങ്കണവാടികളില്‍ യു.എച്ച്.ടി. മില്‍ക്ക് വിതരണം ചെയ്യുക. സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ സമ്ബുഷ്ട കേരളം പദ്ധതിയുടെ ഭാഗമായാണ് അങ്കണവാടികള്‍ വഴി പാല്‍ വിതരണം ചെയ്യുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെ സപ്ലിമെന്ററി ന്യൂട്രീഷ്യന്‍ പ്രോഗ്രാമിന്റെ കീഴിലായിരിക്കും ഇത് നടപ്പിലാക്കുക. ഈ പരിപാടിയുടെ ഭാഗമായി പഞ്ചായത്തുകള്‍ക്ക് തുക അനുവദിക്കുന്നതാണ്.180 മില്ലിലിറ്റര്‍ ഉള്‍ക്കൊള്ളുന്ന പാക്കറ്റുകളിലാണ് യു.എച്ച്.ടി. മില്‍ക്ക് എത്തുന്നത്. അള്‍ട്രാ പാസ്ചറൈസേഷന്‍ ഫുഡ് പ്രോസസ് ടെക്‌നോളജി ഉപയോഗിച്ച് നിര്‍മ്മിക്കുന്ന യു.എച്ച്.ടി. മില്‍ക്ക് 135 ഡിഗ്രി ഊഷ്മാവിലാണ് സംസ്‌കരിക്കുന്നത്. റെഫ്രിജറേറ്ററിന്റെ ആവശ്യമില്ലാതെ സാധാരണ ഊഷ്മാവില്‍ മൂന്ന് മാസം വരെ കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത.
ഒന്ന്, രണ്ട്, അഞ്ച്, പത്ത്, ഇരുപത് രൂപകളുടെ നാണയങ്ങൾ പുറത്തിറക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ
ന്യൂഡൽഹി:ഒന്ന്, രണ്ട്, അഞ്ച്, പത്ത്, ഇരുപത് രൂപകളുടെ നാണയങ്ങൾ പുറത്തിറക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ.ബഡ്ജറ്റ് അവതരണ വേളയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.മാര്‍ച്ച് ഏഴിന് പ്രധാമന്ത്രി നരേന്ദ്ര മോദി നാണയങ്ങള്‍ പുറത്തിറക്കിയിരുന്നു. ആദ്യമായാണ് ഇരുപത് രൂപയുടെ നാണയം പുറത്തിറക്കുന്നത്.ഈ നാണയങ്ങള്‍ അധികം വൈകാതെ തന്നെ ജനങ്ങളിലേക്ക് എത്തുമെന്നും ധനമന്ത്രി ബഡ്ജറ്റ് അവതരണത്തിനിടെ വ്യക്തമാക്കി. 12 വശങ്ങളോടെയാണ് ഇരുപത് രൂപ നാണയത്തിന്റെ രൂപം. 8.54 ഗ്രാമാണ് ഭാരം.മറ്റ് നാണയങ്ങളൊക്കെ വൃത്താകൃതിയിലാണ്.അന്ധരായവര്‍ക്ക് എളുപ്പം തിരിച്ചറിയാന്‍ സാധിക്കുന്ന രീതിയിലാണ് നാണയങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
നെടുങ്കണ്ടം കസ്റ്റഡി മരണം;രണ്ട് പൊലീസുകാരുടെ ജാമ്യാപേക്ഷ കോടതി തള്ളി
ഇടുക്കി:നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ റിമാന്‍ഡിലുള്ള രണ്ട് പൊലീസുകാരുടെ ജാമ്യാപേക്ഷ പീരുമേട് കോടതി തള്ളി.നെടുങ്കണ്ടം സ്‌റ്റേഷനിലെ എസ്‌ഐ സാബു, സിവില്‍ പോലീസുകാരനായ സജീവ് ആന്റണി എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. അതേസമയം രാജ്‌കുമാറിന്റെ കൊലപാതകത്തില്‍ കൂടുതല്‍ പൊലീസുകാരുടെ അറസ്റ്റ് ഉടനുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.കേസുമായി ബന്ധപ്പെട്ട് ഇടുക്കി എസ്പിയെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്യണമെന്ന് സിപിഐ ആവശ്യപ്പെട്ടു. നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഒന്നും നാലും പ്രതികളായ പൊലീസുകാരാണ് നിലവില്‍ അറസ്റ്റിലായിരിക്കുന്നത്. രണ്ടും മൂന്നും പ്രതികളുടെ അറസ്റ്റ് ഉടനെയുണ്ടാകുമെന്നാണ് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം നല്‍കുന്ന വിവരം.ഇവരില്‍ നിന്ന് മൊഴിയെടുക്കല്‍ തുടരുകയാണെന്നും ഏത് നിമിഷവും അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നാണ് വിവരം.
പാലാരിവട്ടം പാലം നിർമാണത്തിൽ ഗുരുതര ക്രമക്കേട്;പാലം 20 വർഷത്തിനകം തകരാൻ സാധ്യതയെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം:പാലാരിവട്ടം പാലം നിര്‍മ്മാണത്തില്‍ നടന്നത് ഗുരുതരക്രക്കേടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.മെട്രോമാൻ ഇ ശ്രീധരന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.നിലവിലെ അവസ്ഥ തുടരുകയാണെങ്കിൽ ഇരുപത് വർഷത്തിനുള്ളിൽ പാലം പൂർണ്ണമായും തകർന്ന് വീഴും.നൂറ് വർഷം ഉപയോഗിക്കാൻ ലക്ഷ്യമിട്ട് നിർമ്മിച്ച പാലമാണ് ഈ അവസ്ഥയിൽ ആയിരിക്കുന്നത്. അതിനാൽ അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.പാലത്തിന് 18 പിയർകാപ്പുകളാണ് ഉള്ളത്.ഇതിൽ പതിനാറിലും പ്രത്യക്ഷത്തിൽ തന്നെ വിള്ളലുള്ളതായി പരിശോധനയിൽ കണ്ടെത്തി.ഇതിൽ മൂന്നെണ്ണം അങ്ങേയറ്റം അപകടകരമായ അവസ്ഥയിലാണ്. എല്ലാ പിയർ കാപ്പുകളും കോൺക്രീറ്റ് ജാക്കറ്റ് ഇട്ട് ബലപ്പെടുത്തണമെന്നാണ് റിപ്പോർട്ട് ശുപാർശ ചെയ്യുന്നത്. പാലത്തിന്റെ അടിത്തറയ്ക്ക് പ്രശ്‌നങ്ങളില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അപകടാവസ്ഥ കണ്ടെത്തിയ കോണ്‍ക്രീറ്റ് സ്പാനുകള്‍ എല്ലാ മാറ്റണം. സിമെന്റും കമ്പിയും ആവശ്യത്തിന് ഉപയോഗിച്ചില്ലെന്നും ഇ ശ്രീധരന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.നാൽപ്പത്തിരണ്ട് കോടി രൂപ ചെലവിട്ട് നൂറ് വർഷത്തെ ഉപയോഗത്തിനായി നിർമ്മിച്ച പാലം 2 വർഷം കൊണ്ട് ഉപയോഗശൂന്യമായ അവസ്ഥയാണ് ഉണ്ടായിരിക്കുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി റിപ്പോട്ടിന്‍റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കാൻ പിഡബ്ല്യുഡിയെ ചുമതലപ്പെടുത്തിയതായി അറിയിച്ചു. പാലം പണിയിലെ ക്രമക്കേടിൽ വിജിലൻസ് അന്വേഷണം നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു
സംസ്ഥാനത്തെ ജയിലുകളിൽ നിന്നും കഞ്ചാവും മൊബൈൽ ഫോണുകളും പിടിച്ചെടുത്ത സംഭവം;ജീവനക്കാർക്ക് കൂട്ട സ്ഥലംമാറ്റം
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ നിന്ന് മൊബൈല്‍ ഫോണുകളും കഞ്ചാവും ഉള്‍പ്പെടെയുള്ള നിരോധിത വസ്തുക്കള്‍ വന്‍തോതില്‍ പിടിച്ചെടുത്ത സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലംമാറ്റം.തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍ മേഖലകളില്‍ വാര്‍ഡര്‍, ഹെഡ് വാര്‍ഡര്‍ തസ്തികയിലുള്ള നൂറോളം പേരെയാണ് സ്ഥലംമാറ്റിയിരിക്കുന്നത്. സ്ഥലംമാറ്റ കാരണം ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മാത്രം 15 പേരെ സ്ഥലംമാറ്റി. ഡപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍ റാങ്കിലുള്ളവരെയാണ് ഉത്തര മേഖലയിലെ വിവിധ ജയിലുകളിലേക്ക് സ്ഥലം മാറ്റിയത്.ഋഷിരാജ് സിങ് ജയില്‍ ഡിജിപിയായി ചുമതലയേറ്റതിനു ശേഷം കഴിഞ്ഞ 10 ദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു മാത്രം 49 മൊബൈല്‍ ഫോണും 10 പൊതി കഞ്ചാവുമാണു പിടിച്ചെടുത്തത്. അതിനിടുത്ത ദിവസങ്ങളില്‍ അട്ടക്കുളങ്ങര വനിതാ ജയിലില്‍ ഉണ്ടായ ജയില്‍ ചാട്ടം, പീരുമേട് സബ് ജയിലിലെ മര്‍ദനം, റെയ്ഡ് എന്നിവ കൂടി കണക്കിലെടുത്താണ് അഴിച്ചു പണി എന്നാണു വിവരം.ജയിലുകളില്‍ നിലവിലുണ്ടായിരുന്ന വര്‍ക്കിങ് അറേഞ്ച്‌മെന്റ് സംവിധാനവും നിര്‍ത്തലാക്കി. വര്‍ക്കിങ് അറേഞ്ച്‌മെന്റ് എന്ന പേരില്‍ മേലുദ്യോഗസ്ഥരുടെ ഓഫിസുകളില്‍ ജോലി ചെയ്യാതെ കഴിഞ്ഞ ഉദ്യോഗസ്ഥരെ മാതൃ യൂനിറ്റുകളിലേക്കു തിരിച്ചയച്ചു.
നെടുങ്കണ്ടം കസ്റ്റഡി മരണം;സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു
തിരുവനന്തപുരം:നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു.കസ്റ്റഡി മരണത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിൽ സര്‍ക്കാര്‍ ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചത്. നിലവില്‍ ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്.കേസുമായി ബന്ധപ്പെട്ടു സസ്പെന്‍ഷനിലായിരുന്ന നെടുങ്കണ്ടം എസ്‌ഐ കെ.എ. സാബു, സിവില്‍ പോലീസ് ഓഫീസര്‍ സജീവ് ആന്‍റണി എന്നിവരെ ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.വായ്പാത്തട്ടിപ്പുമായി ബന്ധപ്പെട്ട് ജൂണ്‍12ന് കസ്റ്റഡിയിലെടുത്ത കോലാഹലമേട് സ്വദേശിയും തൂക്കുപാലം ഹരിത ഫിനാന്‍സ് നടത്തിപ്പുകാരനുമായ രാജ്കുമാര്‍ കസ്റ്റഡിയിലിരിക്കെയാണ് മരിച്ചത്.
ക്രീം ബിസ്‌ക്കറ്റിനുള്ളിൽ ബ്ലേഡ്;അന്വേഷിക്കുമെന്ന് കമ്പനി
കാസര്‍കോട്:ചായയ്‌ക്കൊപ്പം കഴിക്കാന്‍ വാങ്ങിയ ക്രീം ബിസ്‌കറ്റില്‍ ബ്ലേഡ് കഷ്ണങ്ങൾ കണ്ടെത്തി.മഞ്ചേശ്വരത്തെ പെട്രോള്‍ പമ്പിന് സമീപമുള്ള തട്ടുകടയില്‍ നിന്നും വാങ്ങിയ ബിസ്‌കറ്റിനുള്ളില്‍ നിന്നാണ് ബ്ലേഡ് കിട്ടിയത്.വാണിജ്യ നികുതി ചെക്‌പോസ്റ്റിന് സമീപമുള്ള പമ്പിലെ സൂപ്പര്‍വൈസറായ പി.ജെ ഡെല്‍സിനാണ് രാവിലെ ചായയ്‌ക്കൊപ്പം കഴിക്കാന്‍ വാങ്ങിയ ക്രീം ബിസ്‌കറ്റില്‍ നിന്നും ബ്ലേഡ് കിട്ടിയത്.തുടര്‍ന്ന് ബിസ്‌കറ്റ് പാക്കറ്റില്‍ ഉണ്ടായിരുന്ന കമ്പനിയുടെ കസ്റ്റമര്‍ കെയറില്‍ വിളിച്ച് പരാതി നല്‍കി.അന്വേഷിച്ച് നടപടി സ്വീകരിക്കാമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചതായി പരാതിക്കാരന്‍ പറഞ്ഞു.
നെടുങ്കണ്ടം കസ്റ്റഡി മരണം;റിമാൻഡ് റിപ്പോർട്ട് പുറത്ത്;മരണകാരണം കസ്റ്റഡിയിലെ ക്രൂരമായ മര്‍ദ്ദനം
ഇടുക്കി:നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയിലിരിക്കെ രാജ്‌കുമാർ മരിച്ച സംഭവത്തില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തുവന്നു.രാജ് കുമാറിന്റെ മരണകാരണം കസ്റ്റഡിയിലെ ക്രൂരമായ മര്‍ദ്ദനമാണെന്നും ന്യുമോണിയ ബാധയ്ക്ക് കാരണം കടുത്ത മര്‍ദ്ദന മുറകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പ്രാകൃതമായ രീതിയിലാണ് രാജ്‌കുമാറിനെ മര്‍ദ്ദിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. മര്‍ദ്ദനം തടയാന്‍ എസ്‌ഐ ശ്രമിച്ചില്ലെന്നും പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.റിമാന്‍ഡിലിരിക്കെ രാജ്കുമാറിനെ പൊലീസ് മനുഷ്യത്വരഹിതമായി പീഡിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. മദ്യലഹരിയിലായിരുന്ന ഉദ്യാേഗസ്ഥര്‍ സ്റ്റേഷന് പുറത്തെ തോട്ടത്തില്‍ നിന്നുള്ള കാന്താരി മുളക് രാജ്കുമാറിന്റെ സ്വകാര്യ ഭാഗങ്ങളില്‍ തേച്ചെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലിനിടെ തെറ്റായ വിവരങ്ങള്‍ നല്‍കിയതാണ് പൊലീസുകാരെ പ്രകോപിപ്പിച്ചത്.12ന് കസ്റ്റഡിയിലെടുത്ത ശേഷം നാല് ദിവസത്തോളം രാജ്കുമാറിനെ ഉറങ്ങാന്‍ പോലും അനുവദിച്ചില്ല. മദ്യപിച്ചെത്തിയ പൊലീസ് രാത്രിയും പുലര്‍ച്ചെയുമായിട്ടാണ് ചോദ്യം ചെയ്തിരുന്നത്.ആരോപണ വിധേയരായ പൊലീസുകാരുടെ മൊഴിയെടുത്തപ്പോഴാണ് മൂന്നാംമുറയുടെ വിവരങ്ങള്‍ ലഭിച്ചത്.നേരത്തെ ഇതുസംബന്ധിച്ച രണ്ട് പൊലീസുകാരെ ക്രൈം ബ്രാഞ്ച് അന്വേഷണ സഘം അറസ്റ്റ് ചെയ്തിരുന്നു. എസ്‌ഐ സാബു, സി.പി.ഒ സജീവ് ആന്റണി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രാജ്കുമാറിനെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ചതിനാണ് ഇവരുടെ അറസ്റ്റ്.ഇരുവര്‍ക്കുമെതിരെ 302, 331, 343, 34 എന്നീ വകുപ്പുകള്‍ പ്രകാരം കൊലക്കുറ്രം, കസ്റ്റഡിയില്‍ പീഡിപ്പിച്ച് കുറ്റം സമ്മതിപ്പിക്കല്‍, അന്യായമായി കസ്റ്റഡിയില്‍ വയ്ക്കല്‍, ഒന്നില്‍ക്കൂടുതല്‍ പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കല്‍ എന്നിവയാണ് ചാര്‍ജ് ചെയ്തിരിക്കുന്നത്. വധശിക്ഷയോ ജീവപര്യന്തം തടവോ കിട്ടാവുന്ന വകുപ്പുകളാണ് ഇത്.
മകളെ കൊന്നത് അവിഹിതബന്ധത്തിന് തടസ്സം നിന്നതിന്;കിണറ്റിലെറിഞ്ഞ സമയത്ത് മകള്‍ക്ക് ജീവനുണ്ടായിരുന്നതായും അമ്മയുടെ മൊഴി
തിരുവനന്തപുരം:മകളെ കൊന്നത് കാമുകനോടൊപ്പം ജീവിക്കുന്നതിനാണെന്നും കിണറ്റിലെറിയുന്ന സമയത്ത് മകൾക്ക് ജീവനുണ്ടായിരുന്നതായും അമ്മയുടെ മൊഴി.നെടുമങ്ങാട് പറണ്ടോട് കുന്നുംപുറത്തു വീട്ടില്‍ മീരയുടെ മരണത്തിലാണ് അമ്മ മഞ്ജുവിന്റെ വെളിപ്പെടുത്തല്‍. മഞ്ജു(39)വിനെയും കാമുകന്‍ അനീഷി(32)നെയും സംഭവം നടന്ന സ്ഥലത്ത് തെളിവെടുപ്പിനായി എത്തിച്ചപ്പോഴാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ജൂണ്‍ 10-ന് രാത്രി മഞ്ജുവും മീരയും അനീഷുമായുള്ള ബന്ധത്തെ ചൊല്ലി വഴക്കിട്ടിരുന്നു.മകളെ കൊല്ലണമെന്ന് നേരത്തെ തീരുമാനിച്ചിരുന്ന ഇവര്‍ മീരയെ ബലമായി കീഴ്പ്പെടുത്തി തറയില്‍ കമിഴ്ത്തിക്കിടത്തി. ചവിട്ടിപ്പിടിച്ചശേഷം കഴുത്തില്‍ ഷാളിട്ട് കഴുത്തില്‍ മുറുക്കി.മീര മരിച്ചുവെന്നാണ് കരുതിയ ഇരുവരും ശേഷം നെടുമങ്ങാട് ടൗണിലെത്തി വാഹനത്തില്‍ ഇന്ധനം നിറച്ചശേഷം ഭക്ഷണം കഴിച്ച് തിരിച്ചെത്തി.രാത്രി ഒൻപതരയോടെ ഇരുവരും ചേര്‍ന്ന് മീരയെ അനീഷിന്റെ വീട്ടിലെത്തിച്ചു.മീരയെ മതിലിനു മുകളിലൂടെ പൊട്ടക്കിണറ്റിന്റെ ഭാഗത്തേയ്ക്കിട്ടപ്പോഴാണ് കുട്ടി മരിച്ചിട്ടില്ലെന്നു മനസ്സിലായത്.തുടര്‍ന്ന് അനീഷ് വീട്ടില്‍ നിന്നു രണ്ട് ഹോളോബ്രിക്സുകള്‍ കൊണ്ടുവന്ന് മീരയുടെ ശരീരത്തില്‍ കെട്ടിവച്ചു. ഇതിനുശേഷം ഇരുവരും ചേര്‍ന്ന് മീരയെ 30 അടി താഴ്ചയുള്ള കിണറ്റിലേക്ക് വലിച്ചെറിയുകയായിരുന്നു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ മാതാവ് തെക്കുംകര പറണ്ടോട് കുന്നില്‍ വീട്ടില്‍ മഞ്ജുഷ , കാമുകന്‍ കരുപ്പൂര് കാരാന്തല സ്വദേശി അനീഷ് എന്നിവരെ 28ന് നാഗര്‍കോവിലില്‍ നിന്നു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.കോടതിയില്‍ നിന്ന് ആറു ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വാങ്ങിയ മഞ്ജുഷയേയും അനീഷിനേയും പറണ്ടോട് വാടക വീട്ടിലും മീരയുടെ മൃതദേഹം കിടന്ന കാരന്തല അനീഷിന്റെ വീടിനു മീപത്തെ കിണറ്റിനരികിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി.നാട്ടുകാര്‍ അക്രമാസക്തരായി പ്രതികള്‍ക്ക് നേരെ തിരിഞ്ഞു. കല്ലേറിന് ശ്രമിച്ചപ്പോള്‍ കൂടുതല്‍ പൊലീസ് ഇടപെട്ട് നാട്ടുകാരെ വിരട്ടിയോടിക്കുകയായിരുന്നു. സി ഐ രാജേഷ്‌കുമാറിന്റെയും എസ് ഐ സുനില്‍ഗോപിയുടെയും മേല്‍നോട്ടത്തിലായിരുന്നു തെളിവെടുപ്പ്.
സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിക്കാനൊരുങ്ങി കെഎസ്ഇബി
തിരുവനന്തപുരം:സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിക്കാനൊരുങ്ങി കെഎസ്ഇബി. വൈദ്യുതി റഗുലേറ്ററി കമ്മിറ്റിയാവും ഇതു സംബന്ധിച്ച് തീരുമാനമെടുക്കുക.അടുത്ത ആഴ്ചയോടെ നിരക്ക് വർധിപ്പിക്കുമെന്നാണ് സൂചന.രണ്ടു ദിവസത്തിനകം പുതിയ നിരക്ക് പ്രഖ്യാപിക്കും.നിലവിലെ നിരക്കില്‍ നിന്ന് എട്ട് മുതല്‍ പത്തു ശതമാനം വരെ വര്‍ധനയുണ്ടാകുമെന്നാണ് അറിയുന്നത്. അങ്ങനെയെങ്കില്‍ പ്രതിമാസം 100 യൂനിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന വീടുകള്‍ക്ക് ഏറ്റവും കുറഞ്ഞത് 25 രൂപ കൂടും. ദ്വിമാസ ബില്ല് ആയതിനാല്‍ 50 രൂപയിലേറെ നിരക്ക് കൂടുമെന്ന് സാരം. 2017ലാണ് ഒടുവില്‍ വൈദ്യുതി നിരക്ക് കൂടിയത് അന്ന് റഗുലേറ്ററി കമ്മിഷന്‍ സ്വമേധയാ ഹര്‍ജി പരിഗണിച്ച് നിരക്ക് കൂട്ടുകയായിരുന്നു. വൈദ്യുതി ബോര്‍ഡിന്റെ ഉപയോക്താക്കളില്‍ 78 ശതമാനവും വീടുകളാണ്. വൈദ്യുതിയുടെ പകുതിയും ഉപയോഗിക്കുന്നതും അവര്‍ തന്നെ. അതിനാല്‍ ഗാര്‍ഹിക ഉപയോക്താക്കളെയാവും നിരക്ക് വര്‍ധന ഏറ്റവും രൂക്ഷമായി ബാധിക്കുന്നത്.ജല വൈദ്യുതി പദ്ധതികളുടെ അണക്കെട്ടുകളില്‍ ഇപ്പോള്‍ സംഭരണ ശേഷിയുടെ 12 ശതമാനം മാത്രമാണ് ജലം.ഇതു 15 ദിവസത്തേയ്ക്കു മാത്രം തികയും.മഴ പെയ്തില്ലെങ്കില്‍ ഗുരുതതരമായ വൈദ്യുത പ്രതിസന്ധിയിലേയ്ക്കാണ് കേരളം നീങ്ങുന്നത്.