കൊച്ചി: എറണാകുളം നെട്ടൂരില്‍ 20-കാരനെ കൊലപ്പെടുത്തി ചതുപ്പില്‍ താഴ്ത്തിയ സംഭവത്തില്‍ പിടിയിലായ നാലു പ്രതികളെ റിമാന്‍ഡ് ചെയ്തത്. കൊല്ലപ്പെട്ട കുമ്പളം സ്വദേശി അര്‍ജ്ജുന്റെ സുഹൃത്തുക്കളായ നെട്ടൂര്‍ റോണി,നിബിന്‍, അനന്തു, അജയന്‍ എന്നിവരെയാണ് എറണാകുളം ജ്യുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. ഇവരോടൊപ്പമുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.പൂര്‍വ വൈരാഗ്യത്തിന്റെ പേരില്‍ പ്രതികള്‍ അര്‍ജ്ജുനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ചാക്കില്‍ കെട്ടി ചതുപ്പില്‍ താഴ്ത്തുകയായിരുന്നു.സംഭവം സംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി ഇവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അടുത്ത ദിവസം അപേക്ഷ നല്‍കും.അന്വേഷണ സംഘത്തില്‍ നാര്‍ക്കോട്ടിക് സെല്ലില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.പ്രതികളില്‍ ഒരാളുടെ സഹോദരന്റെ അപകടമരണത്തിന്റെ കാരണം അര്‍ജുന്‍ ആണെന്ന വിശ്വാസമാണ് കൊലപാതകത്തിനു പ്രേരണയായതെന്ന് പോലീസ് പറഞ്ഞു.കഴിഞ്ഞ വര്‍ഷം പ്രതികളിലൊരാളുടെ സഹോദരനൊപ്പം അര്‍ജുന്‍ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്തിരുന്നു. കളമശേരിയില്‍ വച്ച് അപകടത്തില്‍ ഇയാൾ മരിക്കുകയും അർജുന് സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. അര്‍ജുന്‍ തന്റെ സഹോദരനെ കൊണ്ടു പോയി കൊന്നുകളഞ്ഞതായി മരിച്ചയാളുടെ സഹോദരന്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. അര്‍ജുനോടുണ്ടായ അടങ്ങാത്ത പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രതികള്‍ പൊലീസിനോടു പറഞ്ഞു.സംഭവ ദിവസം പെട്രോള്‍ തീര്‍ന്നുവെന്ന കാരണം പറഞ്ഞ് അര്‍ജുനെ വിളിച്ചു വരുത്തി ക്രൂരമായി മര്‍ദിച്ച ശേഷം ചതുപ്പില്‍ കെട്ടിത്താഴ്ത്തുകയായിരുന്നുവെന്ന് പ്രതികള്‍ സമ്മതിച്ചെന്നാണു സൂചന. പിടിയിലായവരില്‍ ഒരാള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് എന്നാണു സൂചന. ഇയാളാണ് മര്‍ദനത്തിനു നേതൃത്വം കൊടുത്തത്.പ്രതികളായ നിബിനും റോണിയും ചേര്‍ന്നു പട്ടിക കൊണ്ടു തലയ്ക്കടിച്ച ശേഷം, അജിത് കുമാര്‍, അനന്തു എന്നിവരും ചേര്‍ന്ന് കഠിനമായി മര്‍ദിക്കുകയായിരുന്നു. മരണമുറപ്പാക്കിയ ശേഷം നാലുപേരും ചേര്‍ന്ന് സംഭവസ്ഥലത്തുനിന്നും 50 മീറ്റര്‍ മാറ്റി ചതുപ്പില്‍ മൃതദേഹം ചവിട്ടി താഴ്ത്തി.കൊലപാതകത്തിനുശേഷം അര്‍ജുന്റെ മൊബൈൽ ലോറിയില്‍ ഉപേക്ഷിച്ച് ‘ദൃശ്യം’ സിനിമയിലേതുപോലെ പോലീസിനെ കബളിപ്പിക്കാനും പ്രതികള്‍ ശ്രമിച്ചു.
127 രൂപയുടെ വിയ്യൂർ ജയിൽ ‘ഫ്രീഡം കോംബോ ഓഫർ’ സൂപ്പർ ഹിറ്റ്;ഇരുപതു മിനിറ്റിനുള്ളിൽ തയ്യാറാക്കിയത് മുഴുവൻ വിറ്റുതീർന്നു
വിയ്യൂർ:’ചിക്കൻ ബിരിയാണി, ചിക്കന്‍ കറി, ചപ്പാത്തി, കേക്ക്, വെള്ളം’ ഇവയെല്ലാം ഒരു കവറില്‍ അതും 127 രൂപയ്ക്ക്. ഇത് ഒരു ഹോട്ടലിന്റെയും ഓഫര്‍ അല്ല, മറിച്ച് വിയ്യൂര്‍ ജയിലിലെ സ്‌പെഷ്യല്‍ കോംബോ ഓഫറാണ്.കശുവണ്ടിയും ഉണക്കമുന്തിരിയും യഥേഷ്ടം കോരിയിട്ട 300 ഗ്രാം ബിരിയാണി. ഒപ്പം പൊരിച്ച കോഴിക്കാല്‍, കോഴിക്കറി, സലാഡ്, അച്ചാര്‍, ഒരു ലിറ്റര്‍ കുപ്പി വെള്ളം.ബിരിയാണി കഴിച്ച് വയറു നിറയുമ്പോൾ മധുരത്തിനായി ഒരു കപ്പ് കേക്കും ‘ഫ്രീഡം കോംബോ’ ലഞ്ച് ഓഫറിലുണ്ട്. വെള്ളം വേണ്ടെങ്കില്‍ 117 രൂപ നല്‍കിയാല്‍ മതി. ജയില്‍ കവാടത്തിലെ കൗണ്ടറിലും മറ്റിടങ്ങളിലോ ഫ്രീഡം കോംബോ കിട്ടില്ല. ഓണ്‍ലൈന്‍ സൈറ്റിലൂടെ മാത്രമെ ഇലയിലെ ഈ ചൂടുളള ബിരിയാണി ലഭ്യമാകൂ.ഇന്നലെ മുതലാണ് ഭക്ഷണം ഓൺലൈനായി ലഭിച്ചു തുടങ്ങിയത്. ആദ്യഘട്ടത്തില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചത്.ഉച്ചയ്ക്കു പന്ത്രണ്ടു മണിക്ക് ആപ്പില്‍ ഓണ്‍ലൈനായി വില്‍പന ആരംഭിച്ചു.തുടക്കം തന്നെ തിക്കും തിരക്കുമായി.വില്പന തുടങ്ങി 20 മിനിറ്റിനുള്ളിൽ മുഴുവനും വിറ്റു തീര്‍ന്നു. ആദ്യ ഘട്ടത്തില്‍ 55 എണ്ണമാണ് തയ്യാറാക്കിയത്. ഒരെണ്ണം പോലും ബാക്കി ഇല്ലാതെ എല്ലാം നിമിഷ നേരം കൊണ്ട് വിറ്റു പോയി. അടുത്ത ദിവസം മുതല്‍ നൂറെണ്ണം വരെ തയ്യാറാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഡിമാന്‍ഡ് കൂടിയാല്‍ ബിരിയാണിയുടെ എണ്ണം കൂട്ടാനും തീരുമാനമുണ്ടെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ഒഴിവാക്കി, പകരം പേപ്പര്‍ ബാഗിലാണ് ഭക്ഷണം നല്‍കുക. ഒറ്റ ദിവസത്തെ കച്ചവടത്തില്‍ 5500 രൂപയാണ് ജയിലിന്റെ പോക്കറ്റില്‍ വീണത്. ആദ്യ വില്‍പന ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മിഷണര്‍ ജി ജയശ്രീയാണ് നിര്‍വഹിച്ചത്. ‘ഫ്രീഡം കോംബോ ഓഫര്‍’ എന്ന പേരില്‍ വരുംദിവസങ്ങളില്‍ ഓണ്‍ലൈന്‍ ആപ്പില്‍ ഓഫര്‍ സജീവമാകും.
കൊച്ചി നെട്ടൂരില്‍ യുവാവിന്റെ മൃതദേഹം ചതുപ്പില്‍ താഴ്ത്തിയ നിലയില്‍ കണ്ടെത്തി
കൊച്ചി:നെട്ടൂരില്‍ യുവാവിന്റെ മൃതദേഹം ചതുപ്പില്‍ താഴ്ത്തിയ നിലയില്‍ കണ്ടെത്തി.നെട്ടൂര്‍ നോര്‍ത്തില്‍ റെയില്‍വേ ട്രാക്കിന് പടിഞ്ഞാറ് ഭാഗത്തായി കണിയാച്ചാല്‍ എന്ന സ്ഥലത്ത് ആള്‍ താമസമില്ലാത്ത ഭാഗത്തെ കുറ്റിക്കാടിനുള്ളിലെ ചതുപ്പു നിലത്തിലാണ് മൃതദേഹം കണ്ടെത്തിയത്.പോലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ മൃതദേഹത്തിനു മുകളില്‍ വലിയ കോണ്‍ക്രീറ്റ് സ്ലാബ് കയറ്റിവെച്ചിട്ടുണ്ടായിരുന്നു. പരിശോധനക്ക് ശേഷം സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.കാണാതായ കുമ്പളം സ്വദേശി അര്‍ജുന്‍ എന്ന യുവാവിന്റെ മൃതദേഹമാണെന്നാണ് സൂചന.ജൂലൈ രണ്ടാം തീയതി ചൊവ്വാഴ്ച മുതല്‍ കുമ്പളം മാന്നനാട്ട് വീട്ടില്‍ എം.എസ്. വിദ്യന്റെ മകന്‍ എം.വി. അര്‍ജുന്‍ (20) എന്ന യുവാവിനെ കാണാതായതായി വീട്ടുകാര്‍ പനങ്ങാട് പോലിസില്‍ പരാതി നല്‍കിയിരുന്നു. സംശയമുള്ള രണ്ടുപേരുടെ പേരും പരാതിയില്‍ പറഞ്ഞിരുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ അർജുനെ കാണാതായ രണ്ടാം തീയതി രാത്രി 10 മണിയോടെ വീട്ടില്‍ നിന്നും ഫോണില്‍ വിളിച്ചിറക്കിയ യുവാവിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് മൃതദേഹത്തിനരികിലേക്ക് എത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നെട്ടൂര്‍ സ്വദേശികളായ രണ്ടു യുവാക്കളും കുമ്പളം സ്വദേശികളായ രണ്ടു യുവാക്കളും പോലീസ് കസ്റ്റഡിയിലുണ്ടെന്നാണ് വിവരം.ഫോറന്‍സിക് പരിശോധനക്ക് ശേഷമേ മൃതദേഹം ആരുടേതാണെന്ന കാര്യം സ്ഥിതീകരിക്കാൻ സാധിക്കുകയുള്ളൂ എന്ന് പോലീസ് വ്യക്തമാക്കി.
അണക്കെട്ടുകളില്‍ ജലനിരപ്പ് കൂടുന്നു;ഈ മാസം വൈദ്യുതി നിയന്ത്രണം വേണ്ടിവരില്ലെന്ന് കെ.എസ്.ഇ.ബി
തിരുവനന്തപുരം:അണക്കെട്ടുകളില്‍ ജലനിരപ്പ് കൂടിവരുന്നതിനാൽ ഈ മാസം വൈദ്യുതി നിയന്ത്രണം വേണ്ടിവരില്ലെന്ന് കെ.എസ്.ഇ.ബി.വൈദ്യുതി നിയന്ത്രണത്തിന്റെ പടിവാതിലിലെത്തിയ കേരളത്തിന് നേരിയ ആശ്വാസമാണ് ഉണ്ടായിരിക്കുന്നത്. ചൊവ്വാഴ്ച മാത്രം 15 ദശലക്ഷം യൂണിറ്റ് വൈദ്യുതോല്‍പാദനത്തിനുള്ള വെളളം ജലവൈദ്യുതി പദ്ധതികളുടെ അണക്കെട്ടുകളില്‍ ഒഴുകിയെത്തിയിട്ടുണ്ട്. അണക്കെട്ടുകളിലെ ആകെ ജലനിരപ്പ് സംഭരണശേഷിയുടെ ഒരു ശതമാനം കൂടി 12 ശതമാനമായി. നീരൊഴുക്കിന്റെ തോത് കുറവാണെങ്കിലും വൈദ്യുതി ബോര്ഡിന് ആശ്വാസം പകരുന്നതാണിത്. കഴിഞ്ഞ വർഷം ഇതേ ദിവസം 89 ദശലക്ഷം വൈദ്യുതിയ്ക്കുള്ള ജലം ഒഴുകിയെത്തിയിരുന്നു. കാലവർഷം മെച്ചപ്പെടുകയാണെങ്കില്‍ കടുത്ത വൈദ്യുതി നിയന്ത്രണത്തിൽ നിന്ന് രക്ഷനേടാം.
ഉദ്യോഗസ്ഥർക്കായി വൈദ്യുത കാറുകൾ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോർട്ട്
തിരുവനന്തപുരം:ഉദ്യോഗസ്ഥർക്കായി വൈദ്യുത കാറുകൾ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോർട്ട്.വൈദ്യുത വാഹന നയത്തിനു പിന്നാലെയാണ് പുതിയ നീക്കം. ഇതിന്‍റെ ഭാഗമായി മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ ചുമതല കൂടിയുള്ള ഐടി സെക്രട്ടറിക്കു വേണ്ടി സർക്കാർ ആദ്യ ഇ–കാർ സ്വന്തമാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.ടാറ്റയുടെ ടിഗോറിന്‍റെ ഇലക്ട്രിക് പതിപ്പാണ് ഐടി സെക്രട്ടറിക്കു വേണ്ടി സ്വന്തമാക്കിയ സര്‍ക്കാരിന്‍റെ ആദ്യത്തെ ഇ-കാര്‍. മൂന്നു മണിക്കൂർ ചാർജ് ചെയ്താൽ 100 കിലോമീറ്റർ വരെ സഞ്ചരിക്കാവുന്ന ഈ കാറിന് ഏകദേശം 12 ലക്ഷം രൂപയാണു വില.രണ്ട് ദിവസം കൂടുമ്പോഴാണ് വാഹനം ചാർജ്ജ് ചെയ്യേണ്ടത്.ദീർഘദൂരയാത്രയ്ക്ക് ബുദ്ധിമുട്ടായതിനാൽ തലസ്ഥാനത്തെ യാത്രകൾക്കാണ് ഇലക്ട്രിക് കാറുകള്‍ ഉപയോഗിക്കുകയെന്നാണ് സൂചന.
എൽ.പി,യു.പി സ്കൂൾ ഘടനാമാറ്റത്തിന് ഹൈക്കോടതിയുടെ അംഗീകാരം
കൊച്ചി: കേരളത്തിലെ എല്‍പി, യുപി ക്ലാസ്സുകളുടെ ഘടനാമാറ്റത്തിന് ഹൈക്കോടതിയുടെ അംഗീകാരം.കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് കേരള വിദ്യാഭ്യാസ ഘടനയിലും മാറ്റം വരുത്തണം എന്ന് ആവശ്യപ്പെട്ടുള്ള ഒരുകൂട്ടം ഹര്‍ജികളിലാണ് ഹൈക്കോടതി വിധി പറഞ്ഞിരിക്കുന്നത്.കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് എല്‍പി ക്ളാസുകള്‍ ഒന്നു മുതല്‍ അഞ്ച് വരെയും , യുപി ക്ളാസുകള്‍ ആറ് മുതല്‍ എട്ട് വരെയുമാണ്. ഇതാണ് കോടതി അംഗീകരിച്ചത്. കേരള വിദ്യാഭ്യാസ ചട്ട പ്രകാരം ഒന്ന് മുതല്‍ നാലുവരെയുള്ള ക്ലാസ്സുകളാണ് എല്‍പി ക്ലാസ്സുകളായി പരിഗണിക്കുന്നത്. ഈ ഘടനയില്‍ മാറ്റം വരുത്തണമെന്നാണ് ഹൈക്കോടതി വിധി.ഒരുവയസുമുതല്‍ പതിനാല് വയസുവരെയുള്ള കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം അവകാശമാക്കികൊണ്ടുള്ള വിദ്യാഭ്യാസ അവകാശ നിയമം 2009 ലാണ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ഇതില്‍ എല്‍പി ക്ലാസുകള്‍ ഒന്നുമുതല്‍ അഞ്ച് വരെയും യു പി ക്ലാസുകള്‍ ആറ് മുതല്‍ എട്ടുവരെയും പരിഗണിക്കണമെന്നാണ് ഉള്ളത്. എന്നാല്‍ 2009 ലെ വിദ്യാഭ്യാസ അവകാശ നിയമ പ്രകാരമുള്ള ഘടനാമാറ്റം സംസ്ഥാനത്ത് ഇതുവരെ വരുത്തിയിരുന്നില്ല. ഈ ഘടനയില്‍ മാറ്റം വരുത്തണമെന്ന ഹര്‍ജികളാണ് ഹൈക്കോടതിയുടെ അനുകൂല ഉത്തരവ്.
ബെംഗളൂരുവിൽ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരാൾ മരിച്ചു
ബെംഗളൂരു:ബെംഗളൂരിലെ പുലിക്കേശി നഗറില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരാൾ മരിച്ചു.രാവിലെ ആറു മണിയോടെയാണ് അപകടം നടന്നത്.ബിഹാര്‍ സ്വദേശി ശംഭുകുമാറാണ് മരിച്ചത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിയിട്ടുണ്ടോന്ന് തിരച്ചില്‍ തുടരുകയാണ്.എട്ടോളം പേരെ ഇതിനോടകം ആശുപത്രിലേക്ക് മാറ്റി.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. അഗ്‌നിരക്ഷാസേന, ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകള്‍, പ്രതിരോധസേന എന്നിവയിലെ അംഗങ്ങള്‍ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തം നടത്തുന്നത്. അടുത്തുള്ള കെട്ടിടങ്ങള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.
കൊല്ലം ബൈപാസിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്;ആംബുലൻസ് പൂർണ്ണമായും കത്തിനശിച്ചു
കൊല്ലം:കൊല്ലം ബൈപാസിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. അപകടത്തിൽ ആംബുലൻസ് പൂർണ്ണമായും കത്തിനശിച്ചു.ഇന്ന് പുലര്‍ച്ചെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.ആംബുലന്‍സില്‍ ഉണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്.കൊട്ടാരക്കരയില്‍ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്നു ആംബുലന്‍സ്. കാറുമായി ഇടിച്ച് ആംബുലന്‍സ് തലകീഴായി മറിഞ്ഞു.ആംബുലന്‍സിലുണ്ടായിരുന്ന ഓക്സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് വാഹനത്തിന് തീപിടിക്കാന്‍ കാരണമായത്. സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ആംബുലന്‍സ് പൂര്‍ണമായും കത്തിനശിച്ചു.
ഇരുചക്ര വാഹനത്തിൽ പിൻസീറ്റിൽ യാത്ര ചെയ്യുന്നവർക്കും ഇനി മുതൽ ഹെൽമറ്റ് നിർബന്ധം;കാറിലെ എല്ലാ യാത്രക്കാരും സീറ്റ് ബെൽറ്റും ധരിക്കണം
തിരുവനന്തപുരം:ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്ന രണ്ടുപേർക്കും ഹെൽമറ്റും കാർ യാത്രക്കാർക്ക് സീറ്റ് ബെൽറ്റും നിര്‍ബന്ധമാക്കിയ സുപ്രീം കോടതി വിധി സംസ്ഥാനത്ത് കര്‍ശനമായി നടപ്പാക്കണമെന്ന് ഗതാഗത സെക്രട്ടറി നിര്‍ദേശിച്ചു.ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും എല്ലാ ബൈക്ക്-കാര്‍ യാത്രക്കാരും ധരിക്കണമെന്ന് സുപ്രീംകോടതി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും എന്നാല്‍ സംസ്ഥാനത്ത് ഈ നിയമം കാര്യക്ഷമമായി നടപ്പാക്കുന്നില്ലെന്നും ഗതാഗത കമ്മീഷണര്‍ക്ക് അയച്ച കത്തില്‍ ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ ചൂണ്ടിക്കാട്ടുന്നു.ഗതാഗതചട്ട പ്രകാരം വാഹനങ്ങളില്‍ യാത്ര ചെയ്യുമ്ബോള്‍ ഹെല്‍മറ്റോ സീറ്റ് ബെല്‍റ്റോ നിര്‍ബന്ധമായും ധരിച്ചിരിക്കണം എന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇത് പാലിക്കാതെയുണ്ടാവുന്ന അപകടങ്ങളില്‍ നഷ്ടപരിഹാരവും ചികിത്സാ ചെലവും നിഷേധിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികൾക്ക് അധികാരമുണ്ട് – കത്തില്‍ ഗതാഗത സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു.ഈ സാഹചര്യത്തില്‍ കേരള മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും കേരള പൊലീസും നടത്തുന്ന വാഹനപരിശോധനകളില്‍ കാറിലേയും ബൈക്കിലേയും എല്ലാ യാത്രക്കാരും സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് എന്നിവ ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും കത്തില്‍ നിര്‍ദേശിക്കുന്നു.
തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് എത്തുന്ന മീനുകളിൽ മാരക രാസവസ്തുക്കൾ കലർത്തുന്നതായി റിപ്പോർട്ട്
തിരുവനന്തപുരം:സംസ്ഥാനത്ത് മൽസ്യ ലഭ്യത കുറഞ്ഞതോടെ തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് മൽസ്യം ധാരാളമായി എത്തുന്നുണ്ട്.എന്നാൽ ഇവിടെ നിന്നും കൊണ്ടുവരുന്ന മത്സ്യങ്ങളില്‍ മാരകമായ രാസവസ്തുക്കള്‍ കലർത്തുന്നതായി റിപ്പോർട്ട്.കാഴ്ചയില്‍ ഉപ്പാണെന്ന് തോന്നിപ്പിക്കുമെങ്കിലും സോഡിയം ബെന്‍സോയേറ്റ്,അമോണിയ,ഫോര്‍മാള്‍ഡിഹൈഡ് എന്നിവയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ചെന്നൈയിലെ കാശിമേട് എണ്ണൂര്‍ ഹാര്‍ബറുകളില്‍ നിന്നാണ് കൂടുതല്‍ മത്സ്യങ്ങള്‍ സംസ്ഥാനത്ത് എത്തുന്നത്.കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്ന മത്സ്യങ്ങള്‍ പെട്ടികളാക്കി ഐസ് ഇട്ട് ശേഷം അതിന്റെ മുകളില്‍ സോഡിയം ബെന്‍സോയേറ്റ് കലര്‍ത്തും.പ്രമുഖ മാധ്യമമാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. കേരളത്തിലേക്ക് മൊത്ത കച്ചവടക്കാര്‍ കൂടുതലായി മത്സ്യം വാങ്ങുന്ന തുറമുഖമാണ് കാശിമേട്. പുലര്‍ച്ചെ രണ്ട് മണി മുതല്‍ കാശിമേട് തുറമുഖം സജീവമാണ്. കേരളത്തിലേക്ക് കൊണ്ടുപോകാനുള്ള മത്സ്യം ബോട്ടില്‍ നിന്ന് മീന്‍ പ്ലാസ്റ്റിക്ക്പെട്ടികളിലേക്ക് നിറച്ചതിനുശേഷം അതിന് മുകളില്‍ ഐസ് ഇട്ട് അടുക്കി വയ്ക്കും.ഇതിന് പിന്നാലെ കൊടിയ വിഷമായ സോഡിയം ബെന്‍സോയേറ്റ് കലര്‍ത്തും.എണ്ണൂര്‍ തുറമുഖത്ത് ഒരു മറയുമില്ലാതെയാണ് വന്‍ തോതില്‍ രാസ വിഷം കലര്‍ത്തുന്നത്.ഇവിടങ്ങളില്‍ നിന്ന് ശേഖരിച്ച മീന്‍ ചെന്നൈ എഫ്‌എഫ്‌എസ്‌എസ്‌ഐയുടെ ലാബില്‍ പരിശോധിച്ചപ്പോൾ ലഭിച്ച ഫലം ഞെട്ടിക്കുന്നതായിരുന്നു.കാന്‍സറിന് കാരണമാകുന്ന, ദഹന സംവിധാനത്തെ തകര്‍ക്കുന്ന സോഡിയം ബെന്‍സോയേറ്റ് എന്ന രാസവസ്തുവിന്റെ സാന്നിധ്യം മത്സ്യങ്ങളിൽ കണ്ടെത്തി.കരള്‍ രോഗം മുതല്‍ കാഴ്ച ശക്തിയെ വരെ ബാധിക്കുന്ന ഫോര്‍മാള്‍ഡിഹൈഡും ശ്വാസനാളത്തെ ബാധിക്കുന്ന അമോണിയയും മീനുകളില്‍ കണ്ടെത്തി.അതേസമയം ചെക്ക്‌പോസ്റ്റുകളില്‍ കൃത്യമായ പരിശോധന നടത്താത്തതുമൂലമാണ് ഇത്തരം മത്സ്യങ്ങള്‍ കേരളത്തിലേക്ക് എത്തുന്നത്.