ട്രെയിനില്‍ വെച്ച്‌ ഒന്നരവയസ്സുകാരിക്ക് പാമ്പ് കടിയേറ്റു

keralanews one and a half year old girl was bitten by a snake on a train

കൊച്ചി: ട്രെയിനില്‍ വെച്ച്‌ ഒന്നരവയസ്സുകാരിക്ക് പാമ്പ് കടിയേറ്റു. ആലപ്പുഴ എഴുപുന്ന സ്വദേശി സുജിത്തിന്റെ മകള്‍ ഇഷാനിക്കാണ് പാമ്പ് കടിയേറ്റത്. കഴിഞ്ഞ ദിവസം ധന്‍ബാദ് എക്‌സ്പ്രസില്‍ വെച്ചായിരുന്നു സംഭവം. കുടുംബത്തോടൊപ്പം തലശ്ശേരിയിലേക്കുള്ള ട്രെയിന്‍ യാത്രയ്‌ക്കിടെ ആയിരുന്നു സംഭവം. ആദ്യം ഏറനാട് എക്സ്പ്രസില്‍ യാത്ര ചെയ്തിരുന്ന ഇവര്‍ ആലുവയില്‍ ട്രെയില്‍ പാളം തെറ്റിയതോടെ ധന്‍ബാദ് എക്‌സ്പ്രസില്‍ കയറി യാത്ര തുടരുകയായിരുന്നു. ട്രെയിനില്‍ മകള്‍ ഇഷാനി ഓടിക്കളിക്കുകയായിരുന്നു. അതിനിടെയാണ് കുട്ടി ഉറുമ്പു കടിച്ചെന്ന് പറഞ്ഞ് ഓടിയെത്തിയത്. പരിശോധിച്ചപ്പോള്‍ നഴ്‌സായ അച്ഛന്‍ സുജിത്തിന് കുഞ്ഞിന്റെ കാലില്‍ കടിച്ചിരിക്കുന്നത് ഉറുമ്പല്ലെന്ന് ബോധ്യമായി. കുറച്ച്‌ കഴിഞ്ഞപ്പോഴേക്കും കുഞ്ഞിന്റെ കാല് നീര് വെച്ച്‌ തുടങ്ങി.തുടര്‍ന്ന് ഇവര്‍ എറണാകുളം സൗത്ത് സ്‌റ്റേഷനില്‍ ഇറങ്ങി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തി പരിശോധന നടത്തി. അതിനിടെ കുട്ടിക്ക് തളര്‍ച്ച അനുഭവപ്പെട്ടിരുന്നു. അണലിയോ അതുപോലുള്ള മറ്റേതെങ്കിലും പാമ്പോ ആണ് കുട്ടിയെ കടിച്ചതെന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു.സംഭവത്തില്‍ കുട്ടിയുടെ പിതാവ് റെയില്‍വേയ്ക്ക് പരാതി നല്‍കി.നാല് ദിവസത്തെ ചികിത്സയ്‌ക്ക് ശേഷം തിങ്കളാഴ്ച കുട്ടി വീട്ടില്‍ തിരികെ എത്തി.

വയനാട് ജില്ലയിൽ​ 2129 മുൻഗണന കാർഡുകൾ തിരിച്ചേൽപിച്ചു

keralanews in wayanad district 2129 priority cards were returned

കൽപറ്റ: ജില്ലയിൽ ഉപഭോക്താക്കൾ അനർഹമായി കൈവശംവെച്ച 2129 മുൻഗണന റേഷൻ കാർഡുകൾ തിരിച്ചേൽപ്പിച്ചു. സർക്കാർ ജീവനക്കാർ അടക്കമുള്ള ഈ ഉപഭോക്താക്കൾ മുൻഗണനേതര കാർഡുകളിലേക്ക് മാറി.മൊത്തം 2,29,858 റേഷൻ കാർഡുടമകളുള്ള ജില്ലയിൽ ഇനിയും അനർഹമായി മുൻഗണനാ കാർഡുകൾ കൈവശംവെക്കുന്നവരുണ്ടെന്ന് സിവിൽ സപ്ലൈസ് അധികൃതർ വ്യക്തമാക്കുന്നു. സുൽത്താൻ ബത്തേരി താലൂക്കിൽനിന്നാണ് കൂടുതൽ അനർഹമായി കൈവശംവെച്ച മുൻഗണന കാർഡുകൾ തിരിച്ചേൽപിച്ചത്. 1074 കാർഡുടമകളാണ് സുൽത്താൻ ബത്തേരിയിൽ ഇതുവരെ മുൻഗണനേതര റേഷൻ കാർഡിലേക്ക് മാറിയത്.

ഞായറാഴ്ച നിയന്ത്രണം; സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ പരീക്ഷയ്ക്കു തടസമുണ്ടാകില്ല;സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി പൊതുഭരണ വകുപ്പ്

keralanews sunday control staff selection commission examination will not be hampered public administration department directs state police chief

തിരുവനന്തപുരം:കോവിഡിന്റെ പശ്ചാത്തലത്തില്‍ ഫെബ്രുവരി ആറ് ഞായറാഴ്ച സംസ്ഥാനത്തു കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ രാജ്യവ്യാപകമായി നടത്തുന്ന കംബൈൻഡ് ഗ്രാഡുവേറ്റ് ലെവല്‍ പരീക്ഷയെഴുതുന്നവര്‍ക്കും പരീക്ഷാ ചുമതലയുള്ള ജീവനക്കാര്‍ക്കും യാത്രാ തടസമുണ്ടാകില്ലെന്നു പൊതുഭരണ വകുപ്പ് അറിയിച്ചു.കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, തൃശ്ശൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരീക്ഷ നടക്കുന്നത്.ഉദ്യോഗസ്ഥർക്കും പരീക്ഷാ ചുമതലയുള്ള ജീവനക്കാർക്കും യാത്ര ചെയ്യുന്നതിന് തടസമാകാത്ത വിധത്തിൽ ക്രമീകരണങ്ങൾ സ്വീകരിക്കാൻ പൊതുഭരണ വകുപ്പ് സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. രാവിലെ 11 മുതൽ 12 വരെയാണ് പരീക്ഷ സമയം, പരീക്ഷയെഴുതുന്ന ഉദ്യോഗാർഥികളുടെ ഇ-അഡ്മിറ്റ് കാർഡ്, ഹാൾ ടിക്കറ്റ്, ജീവനക്കാരുടെ ഓഫീസ്/കോളേജ് തിരിച്ചറിയൽ രേഖ എന്നിവ ഈ ആവശ്യത്തിന് മാത്രമായി യാത്രാ രേഖയായി കണക്കാക്കണമെന്നും പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

മൂര്‍ഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതി; വെന്റിലേറ്ററില്‍ നിന്ന് മാറ്റി

keralanews vava suresh undergoing treatment at kottayam medical college for cobra bite is in good health removed from ventilator

കോട്ടയം: മൂര്‍ഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതി.അദ്ദേഹത്തെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. തലച്ചോറിന്റെ പ്രവര്‍ത്തനത്തിലും പുരോഗതി ഉണ്ടായിട്ടുണ്ട്. ഹൃദമിടിപ്പും രക്തസമ്മര്‍ദ്ദവും ഇന്നലെ തന്നെ സാധാരണ നിലയില്‍ എത്തിയിരുന്നു.ഡോക്ടര്‍മാരോടും ആരോഗ്യ പ്രവര്‍ത്തകരോടും അദ്ദേഹം സംസാരിച്ചു തുടങ്ങി. ഇന്നും ഭക്ഷണം നല്‍കില്ല, പകരം കഴിഞ്ഞ ദിവസങ്ങളിലെപ്പോലെ മരുന്നും ഗ്ലൂക്കോസും ട്രിപ്പായി നല്‍കുന്നത് തുടരും. വെന്റിലേറ്ററിന്റെ സഹായത്തോടെ ആയിരുന്നു ഇതുവരെ വാവ സുരേഷിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതി ഉണ്ടായതോടെയാണ് വെന്റിലേറ്റര്‍ നീക്കിയത്.അതേസമയം ഇത്തരത്തിലുള്ള ചുരുക്കം ചില രോഗികള്‍ക്കെങ്കിലും വെന്റിലേറ്റര്‍ സഹായം വീണ്ടും ആവശ്യമായിവരാന്‍ സാധ്യത ഉള്ളതിനാല്‍ അദ്ദേഹത്തെ 24 മുതല്‍ 48 മണിക്കൂര്‍വരെ ഐ.സി.യുവില്‍ നീരീക്ഷിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു.

സം​സ്ഥാ​ന സ​ര്‍​ക്കാ​റി​നു ​കീ​ഴി​ലെ ആ​ദ്യ ക​യാ​ക്കി​ങ് പ​രി​ശീ​ല​ന കേ​ന്ദ്ര​മാ​വാ​ന്‍ ഒരുങ്ങി കാട്ടാമ്പള്ളി ക​യാ​ക്കി​ങ് കേ​ന്ദ്രം

keralanews kattampally kayakking center ready to become the first kayaking training center under the state government kayaking center

കണ്ണൂർ: സംസ്ഥാന സര്‍ക്കാറിനു കീഴിലെ ആദ്യ കയാക്കിങ് പരിശീലന കേന്ദ്രമാവാന്‍ ഒരുങ്ങി കാട്ടാമ്പള്ളി കയാക്കിങ് കേന്ദ്രം.ജലസാഹസിക വിനോദ മേഖലയിലെ പ്രമുഖ സ്ഥാപനമായ ഗോവ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്സുമായി ചേര്‍ന്ന് ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കാട്ടാമ്പള്ളി പുഴയുടെ സാധ്യത ഉപയോഗപ്പെടുത്തിയാണ് കയാക്കിങ് കേന്ദ്രത്തെ അക്കാദമിയായി ഉയര്‍ത്തുന്നത്. ഇതിന്‍റെ മുന്നോടിയായുള്ള നിര്‍മാണ പ്രവൃത്തി കെ.വി. സുമേഷ് എം.എല്‍.എ, ജില്ല കലക്ടര്‍ എസ്. ചന്ദ്രശേഖര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ച്‌ വിലയിരുത്തി.ഗോവ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്സുമായി സഹകരിച്ച്‌ കയാക്കിങ് സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍, ലൈഫ് സേവിങ് ടെക്നിക് കോഴ്സുകള്‍, ഒളിമ്ബിക് കയാക്ക് എന്നിവക്കുള്ള അനുബന്ധ സൗകര്യം ഇതിനോടനുബന്ധിച്ച്‌ നടത്തും. സീറോ വേസ്റ്റ് സംവിധാനത്തിലാവും കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം. അക്കാദമിയാവുന്നതോടെ സെന്‍ററിന്‍റെ ഇപ്പോഴത്തെ സ്ഥലസൗകര്യം വര്‍ധിപ്പിക്കുന്നതടക്കമുള്ള കാര്യം പരിഗണിക്കും.

കണ്ണൂർ കോ​ര്‍​പ​റേ​ഷ​ന്‍ പ​ട​ന്ന​പ്പാ​ല​ത്ത് ആ​ധു​നി​ക രീ​തി​യി​ല്‍ നി​ര്‍​മി​ക്കു​ന്ന മ​ലി​ന​ജ​ല ശു​ദ്ധീ​ക​ര​ണ പ്ലാ​ന്റി​ന്റെ പൈ​പ്പി​ട​ല്‍ പ്ര​വൃ​ത്തി തു​ട​ങ്ങി

keralanews started working of pipeline for waste water treatment in padanappalam by kannur corporation

കണ്ണൂർ:കണ്ണൂർ കോര്‍പറേഷന്‍ പടന്നപ്പാലത്ത് ആധുനിക രീതിയില്‍ നിര്‍മിക്കുന്ന മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ പൈപ്പിടല്‍ പ്രവൃത്തി തുടങ്ങി.പ്രവൃത്തിയുടെ ഉദ്ഘാടനം പയ്യാമ്പലം പോസ്റ്റ് ഓഫിസ് റോഡില്‍ മേയര്‍ അഡ്വ. ടി.ഒ. മോഹനന്‍ നിര്‍വഹിച്ചു.23.60 കോടി രൂപയാണ് പ്ലാന്റിന്റെ നിർമാണ ചിലവ്.കോര്‍പറേഷന്റെ കാനത്തൂര്‍, താളിക്കാവ് വാര്‍ഡുകളിലായി 13.7 കിലോമീറ്റര്‍ നീളത്തിലാണ് പൈപ്പിടല്‍ പ്രവൃത്തി നടത്തുന്നത്. ദിവസം 10 ലക്ഷം ലിറ്റര്‍ മലിനജലം ശുദ്ധീകരിക്കുന്നതിനുള്ള പ്ലാന്റിന്റെ നിര്‍മാണ ജോലി പടന്നപ്പാലത്ത് പുരോഗമിക്കുകയാണ്. പ്ലാന്‍റിനായുള്ള പൈലിങ് ജോലി പൂര്‍ത്തിയായി. തൃശൂര്‍ ജില്ല ലേബര്‍ കോണ്‍ട്രാക്ടിങ് സൊസൈറ്റിയാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്.ഒരുവര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് കോര്‍പറേഷന്‍ ലക്ഷ്യമിടുന്നത്. ഉദ്ഘാടനച്ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ കെ. ഷബീന അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി ചെയര്‍മാന്മാരായ എം.പി. രാജേഷ്, സുരേഷ് ബാബു, എളയാവൂര്‍ കൗണ്‍സിലര്‍മാരായ കെ. സുരേഷ്, പി.വി. ജയസൂര്യന്‍, എ. കുഞ്ഞമ്ബു, എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ പി.പി. വത്സന്‍, അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ പി.വി. ബിജു തുടങ്ങിയവര്‍ സംബന്ധിച്ചു.

ഗൂഢാലോചന കേസ്; ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനം ഇന്ന്

keralanews conspiracy case decision on dileeps anticipatory bail application today

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെയും മറ്റ് പ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപും കൂട്ടുപ്രതികളും കൈമാറിയ ആറ് ഫോണുകൾ ഫൊറൻസിക് പരിശോധന നടത്തുന്നത് സംബന്ധിച്ച് ആലുവ മജിസ്‌ട്രേറ്റ് കോടതിയുടെ തീരുമാനവും ഇന്നുണ്ടായേക്കും.ഫോണ്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളണമെന്നുമാണ് പ്രോസിക്യൂഷന്‍റെ ആവശ്യം.എന്നാല്‍ താന്‍ ചോദ്യം ചെയ്യലിന് വിധേയനായെന്നും അന്വേഷണ സംഘം ആവശ്യപ്പെട്ട മൊബൈല്‍ ഫോണുകള്‍ ഇതിനകം കൈമാറിയെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ദിലീപിന്‍റെ വാദം.ഇക്കാര്യത്തിൽ ഇരു കൂട്ടരുടെയും വാദങ്ങൾ കേട്ട ശേഷം കോടതി തീരുമാനമെടുക്കും. ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഫോണുകൾ പരിശോധനയ്‌ക്കയ്‌ക്കുന്നതിനെച്ചൊല്ലി ഇന്നലെ തർക്കമുണ്ടായതിനെ തുടർന്നാണ് കേസ് ഇന്നത്തേയ്‌ക്ക് മാറ്റിയത്.അതേ സമയം ദിലീപ് ഉള്‍പ്പടെയുള്ള പ്രതികളുടെ ഫോണ്‍, ഫോറന്‍സിക്ക് പരിശോധനയ്ക്ക് അയക്കുന്ന കാര്യത്തില്‍ ആലുവ മജിസ്ട്രേറ്റ് കോടതി തീരുമാനം ഇന്നുണ്ടാകും.ഹൈക്കോടതി നിര്‍ദേശ പ്രകാരം ആലുവ കോടതിയില്‍ എത്തിച്ച ഫോണുകള്‍ മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തില്‍ തുറക്കണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യത്തെ പ്രതിഭാഗം എതിര്‍ത്തിരുന്നു.എന്നാല്‍ ഫോണ്‍ തുറക്കാനായി പ്രതികള്‍ നല്‍കിയ പാറ്റേണുകള്‍ ശരിയാണൊ എന്ന് കോടതിയില്‍ പരിശോധിക്കണമെന്നാണ് പ്രോസിക്യൂഷന്‍റെ ആവശ്യം.

കേരളത്തിൽ കൊറോണ മൂന്നാം തരംഗം ശക്തമായി പിടിമുറുക്കി;രോഗികളുടെ എണ്ണവും പ്രതീക്ഷിച്ചതിനെക്കാൾ ഉയർന്നു;അടുത്തയാഴ്ചയോടെ കേസുകൾ കുറയുമെന്ന് പ്രതീക്ഷ

keralanews third wave of corona gripped in kerala number of patients was higher than expected number of cases is expected to decrease by next week

തിരുവനന്തപുരം: കേരളത്തിൽ കൊറോണ മൂന്നാം തരംഗം ശക്തമായി പിടിമുറുക്കിയിരിക്കുകയാണെന്ന് ആരോഗ്യ വിദഗ്ധർ. മൂന്നാം തരംഗത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ നേരത്തെ കേരളത്തിൽ കൊറോണ കേസുകളുടെ കുതിച്ചു ചാട്ടമുണ്ടായതായി ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു.ഒരാഴ്ചയ്ക്ക് മീതെയായി കേസുകൾ ഒരേ നിലയിൽ തുടരുന്നതാണ് നിഗമനം ശക്തമാക്കുന്നത്.കഴിഞ്ഞ ആറ് ദിവസവും അമ്പതിനായിരത്തിന് മുകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അടുത്തയാഴ്ചയോടെ കേസുകൾ കുറയാൻ തുടങ്ങുമെന്നാണ് പ്രതീക്ഷ. അതേസമയം കേസുകൾ കുതിച്ചു കയറിയതിന് ആനുപാതികമായി കൂടുന്ന മരണസംഖ്യയാണ് പുതിയ ആശങ്ക. കോഴിക്കോട് കഴിഞ്ഞ ദിവസം മരിച്ചവരിൽ 2 നവജാതശിശുക്കളും ഉൾപ്പെടുന്നു.പരിശോധിച്ച് കണ്ടെത്തിയ കേസുകളേക്കാൾ അറിയാതെ പോസിറ്റീവായി പോയവരെകൂടി കണക്കാക്കിയാണ് പാരമ്യഘട്ടം കടന്നെന്ന വിലയിരുത്തൽ. കഴിഞ്ഞ 8 ദിവസത്തിനിടെ 6 ദിവസവും അമ്പതിനായിരത്തിന് മുകളിലാണ് കേസുകൾ. കൂടുകയോ വലിയ തോതിൽ എണ്ണം കുറയുകയോ ചെയ്തില്ല. പക്ഷെ ടിപിആർ കുറഞ്ഞു വരുന്നു. വൻ വ്യാപനം ഉണ്ടായ തലസ്ഥാനത്ത് പാരമ്യഘട്ടം കടന്നെന്നാണ് ആരോഗ്യവിദഗ്ധരുടെ നിഗമനം.

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനയില്‍ തീരുമാനം ഉടനുണ്ടാകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു

keralanews decision on raising bus fares in the state will be taken soon says transport minister antony raju

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനയില്‍ തീരുമാനം ഉടനുണ്ടാകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.വിദേശത്ത് നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തിയാലുടന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കുമെന്ന് കഴിഞ്ഞ നവംബറിലാണ് സര്‍കാര്‍ ബസുടമകള്‍ക്ക് ഉറപ്പ് നല്‍കിയത്.എന്നാല്‍ രണ്ട് മാസം പിന്നിട്ടിട്ടും ഈ ഉറപ്പ് പാലിക്കാത്തതിനെ തുടര്‍ന്ന് ബസുടമകള്‍ നിലപാട് കടുപ്പിക്കാനിരിക്കെയാണ് മന്ത്രി ആന്റണി രാജു ഇക്കാര്യത്തില്‍ പ്രതികരണവുമായി മുന്നോട്ടുവന്നത്. മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നാണ് ബസുടമകള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ അത്രയും വര്‍ധനയുണ്ടാകില്ലെന്ന സൂചനയും മന്ത്രി നല്‍കി. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ വര്‍ധിപ്പിക്കും. അതേസമയം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വിദ്യാര്‍ഥികളുടെ യാത്ര സൗജന്യമാക്കുന്നത് സജീവ പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തെ പരിഗണിച്ചിട്ടില്ല;തോഴിലില്ലായ്മ പരിഹരിക്കാന്‍ നടപടിയില്ല;കേന്ദ്ര ബജറ്റ് നിരാശാജനകമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ

keralanews kerala not considered no action taken solve unemployment finance minister k n balagopal says union budget is disappointing

തിരുവനന്തപുരം: കേന്ദ്ര ബജറ്റ് നിരാശാജനകമെന്ന് സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. രാജ്യത്തെ തോഴിലില്ലായ്മ പരിഹരിക്കാന്‍ ബജറ്റില്‍ നടപടിയില്ലെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.നഗര മേഖലയിലെ തൊഴില്‍ പ്രതിസന്ധി പരിഹരിക്കാന്‍ നടപടി സ്വീകരിക്കേണ്ട സമയമാണിത്. ആ സമയത്ത് ഗ്രാമീണ മേഖലയിലെ തൊഴില്‍ പ്രതിസന്ധി സ്വീകരിക്കാനുള്ള നടപടികള്‍ക്ക് പോലും ബജറ്റില്‍ വേണ്ടത്ര പ്രാധാന്യം ലഭിച്ചില്ലെന്നും മന്ത്രി പറഞ്ഞു.ബജറ്റിൽ കർഷകരെ സഹായിക്കാൻ സാധിക്കുന്ന പദ്ധതികളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വളരെ പ്രതീക്ഷകളോടെയാണ് കേരളം ബജറ്റിനെ കണ്ടത്. എന്നാൽ സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ ഒന്നും തന്നെ പരിഗണിച്ചിട്ടില്ല. കേരളത്തിന് എയിംസ് എന്ന ഏറെ കാലമായുള്ള ആവശ്യം നടപ്പിലായില്ല. വാക്‌സിന് വേണ്ടി കുറച്ച് തുക മാത്രമാണ് നീക്കിവെച്ചത്. തൊഴിലില്ലായ്മ പരിഹരിക്കാൻ നടപടി എടുത്തില്ല.അടിസ്ഥാന മേഖലയെ അവഗണിച്ചുകൊണ്ടാണ് ബജറ്റ് പ്രഖ്യാപിച്ചത് എന്നാണ് മന്ത്രിയുടെ വാദം. താങ്ങുവിലയും പ്രതീക്ഷിച്ചപോലെ വർധിപ്പിച്ചില്ല. സഹകരണ മേഖലയെ ശക്തിപ്പെടുത്താൻ യാതൊരു ഇടപെടലുകളും നടത്തിയിട്ടില്ല. ബജറ്റ് പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ലെന്നും ധനമന്ത്രി പറഞ്ഞു. അതേസമയം, കോവിഡിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളെ സാമ്ബത്തികമായി ശാക്തീകരിക്കേണ്ടതിനു പകരം ദുര്‍ബലപ്പെടുത്തുകയാണ് കേന്ദ്ര ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജി.എസ്.റ്റി നഷ്ടപരിഹാരം അഞ്ചുവര്‍ഷത്തേയ്ക്കു കൂടി നീട്ടുക എന്നതടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യങ്ങളെ ബജറ്റ് പരിഗണിച്ചതായേ കണുന്നില്ല. കേന്ദ്ര നികുതി ഓഹരി ലഭ്യത, കേരളത്തില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള ധന സഹായം എന്നിവയില്‍ കാലാനുസൃതമായ പരിഗണന കാണാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.