കണ്ണൂർ:കണ്ണൂർ വിമാനത്താവളം വഴി സ്വർണ്ണക്കടത്ത് തുടരുന്നു.ഒരു കിലോ സ്വര്‍ണവുമായി സ്ത്രീയും 1.35 കിലോ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയും പിടിയിലായി. അബുദാബിയില്‍ നിന്ന് വ്യാഴാഴ്ച രാത്രി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് ഇവർ എത്തിയത്.കോഴിക്കോട് സ്വദേശിനി അസ്മാബിയില്‍ നിന്ന് ഒരു കിലോ സ്വര്‍ണവും, കാസര്‍കോട് സ്വദേശി മുഹമ്മദ് ഹസനില്‍ നിന്ന് 1.35 കിലോഗ്രാം സ്വര്‍ണവുമാണ് ഡി ആര്‍ ഐ കോഴിക്കോട് യൂണിറ്റിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.ബുധനാഴ്ച കുന്ദമംഗലം സ്വദേശി ഷബീബില്‍നിന്ന് 2.8 കിലോ സ്വര്‍ണം കസ്റ്റംസ് പിടിച്ചിരുന്നു.ഡിസംബറില്‍ പ്രവര്‍ത്തനം തുടങ്ങിയശേഷം ആകെ 28 കേസുകളിലായി 27 കിലോ സ്വര്‍ണമാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് പിടിച്ചത്.
യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷം;അഖിലിനെ കുത്തിയത് എസ്‌എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ്; കാരണം വ്യക്തിവൈരാഗ്യമെന്ന് പൊലീസ്
തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളേജില്‍ ബിരുദ വിദ്യാര്‍ഥി അഖിലിനെ കുത്തിപരിക്കേല്‍പ്പിച്ചത് എസ്‌എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത് ആണെന്ന് സാക്ഷി മൊഴി.യൂണിറ്റ് സെക്രട്ടറി നസീമില്‍ നിന്ന് കത്തിവാങ്ങി ശിവരഞ്ജിത്ത് അഖിലിനെ കുത്തുകയായിരുന്നുവെന്നാണ് മൊഴി.എന്നാല്‍ അക്രമത്തിനു പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്നാണ് പൊലീസ് പറയുന്നത്.ചികിത്സയില്‍ കഴിയുന്ന അഖിലിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും.സംഭവത്തില്‍ ഏഴ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.ശിവരഞ്ജിത്തിനും നസീമിനും പുറമെ അമര്‍, അദ്വൈദ്, ആദില്‍, ആരോമല്‍, ഇബ്രാഹിം എന്നിവര്‍ക്കെതിരെയാണ് വധശ്രമത്തിന് പൊലീസ് കേസെടുത്തത്. കണ്ടാലറിയുന്ന മുപ്പതോളം പേരെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെയാണ് യൂണിവേഴ്സിറ്റി കോളേജില്‍ എസ്‌എഫ്‌ഐ യൂണിറ്റ് ഭാരവാഹികളും വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷം ആരംഭിച്ചത്. ക്യാംപസിലിരുന്ന് പാട്ട് പാടിയ ഒരു സംഘം വിദ്യാര്‍ഥികളെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ആക്രമത്തിനിടെ ശിവരഞ്ജിത്ത് അഖിലിനെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നെഞ്ചിലും മുതുകിലും കുത്തേറ്റ അഖിലിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചിന്‍റെ മധ്യഭാഗത്തായി ഏറ്റ കുത്തിനെ തുടര്‍ന്ന് ആന്തരിക രക്തസ്രവമുണ്ടായതായി കണ്ടെത്തിയതിനാല്‍ അഖിലിനെ പിന്നീട് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു. നിലവില്‍ ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.എസ്‌എഫ്‌ഐ ആക്രമണത്തില്‍ പ്രതിഷേധിച്ച് എഐഎസ്‌എഫ് ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തും.അതേസമയം, വിദ്യാര്‍ഥിയെ കുത്തിയ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട യൂണിവേഴ്സിറ്റി കോളേജ് യൂണിറ്റ് കമ്മിറ്റിയിലെ ആറുപേരെ എസ്‌എഫ്‌ഐ സസ്പെന്‍ഡ് ചെയ്തു. എസ്‌എഫ്‌ഐ യൂണിറ്റ് പ്രസിഡന്‍റ് നസീം, സെക്രട്ടറി ശിവരഞ്ജന്‍ അടക്കം കേസില്‍ പ്രതികളായ ആറ് പേരെ സസ്പെന്‍ഡ് ചെയ്തുവെന്നാണ് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ് വ്യക്തമാക്കിയത്.എസ്‌എഫ്‌ഐ ദേശീയ അധ്യക്ഷന്‍ വിപി സാനുവും യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടണമെന്ന് നിലപാട് എടുത്തിരുന്നു.
യൂണിവേഴ്സിറ്റി കോളേജിലെ അക്രമം; എസ്എഫ്ഐക്കെതിരെ വിമർശനവുമായി സ്പീക്കർ
കോഴിക്കോട്:തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളേജില്‍ ഇന്നലെയുണ്ടായ അക്രമത്തിന്റെ പശ്ചാത്തലത്തിൽ എസ്.എഫ്.ഐക്കെതിരേ രൂക്ഷമായിവിമര്‍ശനവുമായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ രംഗത്തെത്തി. സംഭവത്തെ തുടര്‍ന്ന് ലജ്ജാഭാരം കൊണ്ട് തല താഴ്ത്തുന്നുവെന്നാണ് ഫേസ്ബുക്കില്‍ സ്പീക്കറുടെ കുറിപ്പില്‍ പറയുന്നത്.അഖില്‍’എന്ന തലക്കെട്ടോടുകൂടിയുള്ള പോസ്റ്റില്‍ യുവലക്ഷങ്ങളുടെ ആ സ്നേഹനിലാവിലേക്കാണ് നിങ്ങള്‍ കഠാരയുടെ കൂരിരുട്ട് ചീറ്റിത്തെറിപ്പിച്ചതെന്നും ഈ നാടിന്റെ സര്‍ഗാത്മക യൗവ്വനത്തെയല്ലേ നിങ്ങള്‍ ചവുട്ടി താഴ്ത്തിയതെന്നും ചോദിക്കുന്നുണ്ട്.
അഖില്‍
—————
എന്റെ ഹൃദയം നുറുങ്ങുന്നു,
കരള്‍പിടയുന്ന വേദനകൊണ്ട് തേങ്ങുന്നു.
ലജ്ജാഭാരം കൊണ്ട് ശിരസ്സ് പാതാളത്തോളം താഴുന്നു.
ഓര്‍മ്മകളില്‍ മാവുകള്‍ മരത്തകപ്പച്ച വിരിച്ച മനോഹരമായ എന്റെ കലാലയം.
സ്നേഹസുരഭിലമായ ഓര്‍മ്മകളുടെ
ആ പൂക്കാലം.
‘എന്റെ, എന്റെ ‘എന്ന് ഓരോരുത്തരും വിങ്ങുന്ന തേങ്ങലോടെ ഓര്‍ത്തെടുക്കുന്ന വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ സ്നേഹനിലാവ്.
യുവലക്ഷങ്ങളുടെ ആ സ്നേഹനിലാവിലേക്കാണ് നിങ്ങള്‍ കഠാരയുടെ കൂരിരുട്ട് ചീറ്റിത്തെറിപ്പിച്ചത്.
ഈ നാടിന്റെ സര്‍ഗ്ഗാത്‌മക യൗവ്വനത്തെയാണ് നിങ്ങള്‍
ചവുട്ടി താഴ്ത്തിയത്.
നിങ്ങള്‍ ഏതു തരക്കാരാണ്?
എന്താണ് നിങ്ങളെ നയിക്കുന്ന തീജ്വാല?
ഏതു പ്രത്യശാസ്ത്രമാണ് നിങ്ങള്‍ക്ക് തണല്‍?
നിങ്ങളുടെ ഈ ദുര്‍ഗന്ധം
ചരിത്രത്തിലെ അക്ഷരത്തെറ്റ് തന്നെയാണ്.
മനം മടുപ്പിക്കുന്ന നാറ്റത്തിന്റെ ഈ സ്വര്‍ഗം
നമുക്ക് വേണ്ട.
ഇതിനേക്കാള്‍ നല്ലത് സമ്ബൂര്‍ണ്ണ പരാജയത്തിന്റെ നരകമാണ്.
തെറ്റുകള്‍ക്കുമുമ്ബില്‍ രണ്ടു വഴികളില്ല,
ശിരസ്സു കുനിച്ചു മാപ്പപേക്ഷിക്കുക.
നാറ്റം പേറി സ്വയം നാറാതെ സ്വബുദ്ധി കാണിക്കുക.
കാലം കാത്തു വച്ച രക്തനക്ഷത്രങ്ങളുടെ ഓര്‍മ്മകള്‍ മറക്കാതിരിക്കുക.
ഓര്‍മ്മകളുണ്ടായിരിക്കണം,
അവിടെ ഞങ്ങളുടെ ജീവന്റെ ചൈതന്യമുണ്ട്.
ചിന്തയും വിയര്‍പ്പും,
ചോരയും കണ്ണുനീരുമുണ്ട്.
പാലാരിവട്ടം മേല്‍പ്പാലത്തിന്റെ മൂന്നില്‍ ഒരുഭാഗം പൊളിച്ച് പണിതാല്‍ മതിയെന്ന് ഇ ശ്രീധരന്‍
കൊച്ചി:പാലാരിവട്ടം മേല്‍പ്പാലത്തിന്റെ മൂന്നില്‍ ഒരുഭാഗം പൊളിച്ച് പണിതാല്‍ മതിയെന്നും പൂര്‍ണമായും പൊളിച്ച് മാറ്റേണ്ടതില്ലെന്നും ഇ ശ്രീധരന്‍. നിര്‍മാണത്തിലെ അപാകതകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ മേല്‍പ്പാലം ഇ ശ്രീധരന്റെ നേതൃത്വത്തിലുളള വിദഗ്ധ സംഘം പരിശോധിച്ചിരുന്നു. ചെറിയ അറ്റകുറ്റ പണികള്‍ നടത്തി പാലം ഗതാഗത യോഗ്യമാക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇ ശ്രീധരന്റെ ഉപദേശം തേടിയത്.അതേസമയം പാലാരിവട്ടം മേല്‍പ്പാലത്തില്‍ ഇന്ന് വീണ്ടും വിജിലന്‍സ് പരിശോധന നടത്തി. വിദഗ്ധ സംഘത്തിന്റെ സഹായത്തോടെയാണ് പരിശോധന നടക്കുന്നത്. തെളിവെടുപ്പ് പൂര്‍ത്തിയാകുന്നതോടെ പ്രതിപ്പട്ടികയിലുള്ളവരുടെ ചോദ്യം ചെയ്യല്‍ നടക്കും.കിറ്റ്കോ, ആര്‍ബിഡിസികെ ഉദ്യോഗസ്ഥര്‍, കരാറുകാരന്‍, ഡിസൈനര്‍ തുടങ്ങി 17 പേര്‍ വിജിലന്‍സിന്റെ ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയിലുണ്ട്.തൃശ്ശൂര്‍ എന്‍ജിനീയറിംഗ് കോളേജിലെ സിവില്‍ എന്‍ജിനീയറിംഗ് വിഭാഗം പ്രൊഫസര്‍മാരുടെ സഹകരണത്തോടെയാണ് വിജിലന്‍സ് സംഘം പരിശോധന നടത്തിയത്. മേല്‍പ്പാലം നിര്‍മാണവുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായായിരുന്നു തെളിവെടുപ്പ്. പില്ലറുകളിലെ വിള്ളല്‍, പ്രൊഫൈല്‍ കറക്ഷനിലെ വീഴ്ച, നിര്‍മാണ സാമഗ്രികളുടെ ഉപയോഗം എന്നിവ സംബന്ധിച്ചാണ് പരിശോധന നടന്നത്. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം.
കൊടുങ്ങല്ലൂരില്‍ അമിതവേഗത്തില്‍ വരികയായിരുന്ന മീന്‍ലോറിയിടിച്ച് ബൈക്ക് യാത്രികരായ വൃദ്ധയും മകളും മരിച്ചു
കൊടുങ്ങല്ലൂർ:കൊടുങ്ങല്ലൂരില്‍ അമിതവേഗത്തില്‍ വരികയായിരുന്ന മീന്‍ലോറിയിടിച്ച് ബൈക്ക് യാത്രികരായ വൃദ്ധയും മകളും മരിച്ചു.ശ്രീനാരായണപുരത്ത് ഉച്ചയോടെയാണ് അപകടം നടന്നത്.കൊടുങ്ങല്ലൂര്‍ കറപ്പംവീട്ടില്‍ ഹുസൈന്‍ ഭാര്യ നദീറ (60), മകള്‍ നിഷ (39) എന്നിവരാണ് മരിച്ചത്.അമിത വേഗത്തില്‍ വരികയായിരുന്ന മീന്‍ ലോറി നിയന്ത്രണം വിട്ട് ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടറിലിടിക്കുകയായിരുന്നു.തെറിച്ചുവീണ നദീറ തല്‍ക്ഷണം മരിച്ചു.മകള്‍ നിഷ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.നിയന്ത്രണം വിട്ട ലോറി തൊട്ടരികിലൂടെ പോയിരുന്ന കാറിനെയും ഇടിച്ച് തൊട്ടടുത്തുള്ള വീടിന്‍റെ മതിലില്‍ ഇടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തില്‍ മതില്‍ തകരുകയും ചെയ്തു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ സംഘർഷം;വിദ്യാർത്ഥിക്ക് കുത്തേറ്റു
തിരുവനന്തപുരം:തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ സംഘർഷം.വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു.മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലിനാണ് കുത്തേറ്റത്.നെഞ്ചില്‍ കുത്തേറ്റ അഖിലിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നെഞ്ചില്‍ രണ്ട് തവണ കുത്തേറ്റിട്ടുണ്ട്. അഖിലിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അഖിലിന് രണ്ടു കുത്തേറ്റതായും ഒരു മുറിവ് ആഴത്തിലുള്ളതാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ക്യാന്റീനില്‍ ഇരുന്ന് പാട്ടുപാടിയതിനെ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. നിയാസ് എന്ന എസ്‌എഫ്‌ഐ നേതാവാണ് അഖിലിനെ കുത്തിയതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.സംഭവത്തെത്തുടര്‍ന്ന് എസ്‌എഫ്‌ഐയ്ക്കെതിരെ കോളജിനു മുന്നില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.
ബാലഭാസ്കറിന്‍റെ അപകടമരണം; രഹസ്യമൊഴിയെടുക്കേണ്ടവരുടെ പട്ടിക ക്രൈംബ്രാഞ്ച് തയ്യാറാക്കി
തിരുവനന്തപുരം:വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ അപകടമരണവുമായി ബന്ധപ്പെട്ട് രഹസ്യമൊഴിയെടുക്കേണ്ടവരുടെ പട്ടിക ക്രൈംബ്രാഞ്ച് തയ്യാറാക്കി.പത്തോളം പേരുടെ രഹസ്യമൊഴിയെടുക്കാനാണ് തീരുമാനം.ബാലഭാസ്കറിനെ ജ്യൂസ് കടയിൽ കണ്ടവരുടെ രഹസ്യമൊഴിയെടുക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. വാഹനാപകടത്തിനു ശേഷം രക്ഷാപ്രവർത്തനം നടത്തിയ നന്ദു, പ്രണവ് എന്നിവരുടെ മൊഴിയും ബാലഭാസ്കര്‍ കാറിന്‍റെ പിൻസീറ്റിൽ യാത്ര ചെയ്തതായി കൊല്ലത്തുവച്ചു കണ്ടെന്ന് വെളിപ്പെടുത്തിയ യുവാക്കളുടെയും രഹസ്യമൊഴിയെടുക്കാനാണ് തീരുമാനം. ഇതിനായി റിപ്പോർട്ട് വൈകാതെ കോടതിയിൽ നൽകും.അപകടസമയത്ത് വാഹനമോടിച്ചത് ആരെന്ന് വ്യക്തമാകുന്നതിന് ഇനിയും ഫോറൻസിക് പരിശോധന ഫലങ്ങള്‍ ലഭിക്കാനുണ്ടെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു. പരിശോധന ഫലങ്ങള്‍ ലഭിച്ചശേഷം, വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ അർജ്ജുന് നുണപരിശോധന നടത്തുന്ന കാര്യവും ക്രൈം ബ്രാഞ്ചിന്റെ പരിഗണനയിലുണ്ട്.
ജയിലുകളിൽ നിന്നും മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത സംഭവം;കേസുകൾ ക്രൈം ബ്രാഞ്ചിന്
തിരുവനന്തപുരം:സംസ്ഥാനത്തെ വിവിധ ജയിലുകളിൽ നിന്നും മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത സംഭവത്തിൽ കേസന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു. 21 കേസുകളാണ് ക്രൈംബ്രാഞ്ചിന് വിട്ടത്.ക്രൈംബ്രാഞ്ച് ഐ.ജി എസ് ശ്രീജിത്തിനാണ് അന്വേഷണ ചുമതല.തൃശൂർ വിയ്യൂരിലും കണ്ണൂർ സെൻട്രൽ ജയിലിലും നടത്തിയ മിന്നല്‍ പരിശോധനയില്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉള്‍പ്പെടെ പിടികൂടിയിരുന്നു.ലഹരി വസ്തുക്കളും പിടികൂടി.
വിദ്യാർത്ഥികളെ ബസില്‍ കയറ്റിയില്ല എന്ന് ആരോപിച്ച് സ്വകാര്യ ബസ് കണ്ടക്ടര്‍ക്ക് മര്‍ദ്ദനം; കണ്ണൂര്‍-കൂത്തുപറമ്പ് റൂട്ടില്‍ സ്വകാര്യ ബസ് ഉടമകളുടെ മിന്നല്‍ പണിമുടക്ക്
കണ്ണൂർ:സ്കൂൾ വിദ്യാർത്ഥികളെ ബസില്‍ കയറ്റിയില്ല എന്ന് ആരോപിച്ച് സ്വകാര്യ ബസ് കണ്ടക്ടര്‍ക്ക് മര്‍ദ്ദനം.ഇതേ തുടർന്ന് കണ്ണൂര്‍-കൂത്തുപറമ്പ് റൂട്ടില്‍ സ്വകാര്യ ബസ് ഉടമകളുടെ മിന്നല്‍ പണിമുടക്ക്.ഈ റൂട്ടില്‍ ഓടുന്ന നബീല്‍ എന്ന സ്വകാര്യ ബസ്സിലെ കണ്ടക്റ്റർക്കാണ് മർദനമേറ്റത്. ഇന്ന് രാവിലെ കൂത്തുപറമ്പ് ടൗണ്‍ സ്റ്റാന്‍ഡില്‍ നിന്നും സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റിയില്ല എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.പുറക്കളത്ത് വച്ചായിരുന്നു സംഭവം.
പ്രവാസി വ്യവസായി സാജന്റെ മരണത്തിൽ വഴിത്തിരിവ്;ക്രൈം ബ്രാഞ്ച് അന്വേഷണം പുതിയ ദിശയിൽ
കണ്ണൂർ:അന്തൂരിൽ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പുതിയ വഴിത്തിരിവ്. ആത്മഹത്യയ്ക്ക് പിന്നില്‍ ഒന്നിലധികം കാരണങ്ങളുണ്ടോ എന്ന അന്വേഷണത്തിലാണ് ക്രൈം ബ്രാഞ്ച് സംഘം.15 കോടി രൂപ മുടക്കി നിര്‍മ്മിച്ച കണ്‍വെന്‍ഷന്‍ സെന്ററിന് ആന്തൂര്‍ നഗരസഭ അനുമതി നല്‍കാത്തതിലുളള മനോവിഷമം സാജനെ അലട്ടിയിരുന്നതിന്റെ തെളിവുകളും സാക്ഷിമൊഴികളും അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. ഇതിന് പുറമേയുളള കാരണങ്ങളുടെ സാധ്യതയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.അന്വേഷണത്തിന്റെ ഭാഗമായി സാജന്റെ അടുപ്പക്കാരുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഭാര്യ ബീന, പാര്‍ഥ ബില്‍ഡേഴ്‌സ് മാനേജര്‍ സജീവന്‍, മറ്റു ജീവനക്കാര്‍ എന്നിവരുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചതില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചനയുണ്ട്. സാജന്റെ പേരിലെടുത്തതും അടുത്ത ബന്ധു ഉപയോഗിക്കുന്നതുമായ സിം കാര്‍ഡിലേക്കു കഴിഞ്ഞ മൂന്നു മാസത്തിനിടെ വന്ന 2000 ലേറെ ഫോണ്‍ കോളുകള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ദിശയില്‍ പോലീസ് അന്വേഷണം നീങ്ങുന്നത്. വിളികളെല്ലാം ഒരേ നമ്പറിൽ നിന്നാണു വന്നത്. ഇതു സാജനുമായി ഏറെ അടുപ്പമുള്ള ഒരാളുടെ നമ്പറാണ്.കോളുകള്‍ വന്ന സമയവും സംശയം ജനിപ്പിക്കുന്നതായാണ് അന്വേഷണസംഘത്തില്‍നിന്നു ലഭിക്കുന്ന വിവരം. ഫോണ്‍ വിളിച്ചയാളില്‍നിന്നു പോലീസ് മൊഴിയെടുത്തിട്ടുണ്ട്.ഇത്തരം സംശയങ്ങള്‍ക്ക് കൂടി ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞാല്‍ അന്വേഷണ റിപ്പോര്‍ട്ട് 10 ദിവസത്തിനകം സമര്‍പ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.പാര്‍ഥാ ബില്‍ഡേഴ്‌സിലെ ചില ജീവനക്കാരുടെ മൊഴി വീണ്ടും രേഖപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ട്.സാജന്‍, കുടുംബാംഗങ്ങള്‍ , ജീവനക്കാര്‍ എന്നിവരുടെ ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.