തിരുവനന്തപുരം:വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ നാലു മത്സ്യത്തൊഴിലാളികളെ കാണാതായി.പുതിയതുറ, കൊച്ചുപ്പള്ളി സ്വദേശികളായ മത്സ്യത്തൊഴിലാളികളെയാണ് കാണാതായത്.ബുധനാഴ്ച വൈകീട്ടാണ് ഇവര്‍ മത്സ്യബന്ധനത്തിന് പോയത്. ഇവര്‍ക്കായി മത്സ്യത്തൊഴിലാളികളുടെ പങ്കാളിത്തതോടെ മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് തിരച്ചില്‍ ആരംഭിച്ചു.മഴ തുടരുന്ന സാഹചര്യത്തില്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ സൂക്ഷിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
യൂണിവേഴ്സിറ്റി കോളേജിലെ അക്രമം;അഖിലിനെ കുത്താനുപയോഗിച്ച കത്തി കണ്ടെടുത്തു; പ്രതികളെ കോളജിലെത്തിച്ച് തെളിവെടുപ്പ് നടത്തി
തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അഖിലിനെ എസ്‌എഫ്‌ഐ നേതാക്കള്‍ കുത്താനുപയോഗിച്ച കത്തി കണ്ടെടുത്തു.സംഘര്‍ഷവുമായി ബന്ധപ്പെട്ട വധശ്രമക്കേസില്‍ മുഖ്യപ്രതികളെ പോലീസ് കോളജിലെത്തിച്ച് നടത്തിയ തെളിവെടുപ്പിനിടെയാണ് കത്തി കണ്ടെടുത്തത്.ക്യാമ്പസിനകത്ത് അഖിലിനെ കുത്തിയ സ്ഥലത്തോട് ചേര്‍ന്ന് ചവറിനകത്തു നിന്നാണ് ആയുധം കണ്ടെടുത്തത്. കോളജിലെ യൂണിയന്‍ മുറിയിലും പരിസര പ്രദേശങ്ങളിലുമടക്കം പോലീസ് തെളിവെടുപ്പ് നടത്തി. ഏറെ ചോദ്യം ചെയ്യലിന് ശേഷമാണ് ആയുധം ഉപേക്ഷിച്ച സ്ഥലം പ്രതികള്‍ പറഞ്ഞതെന്നും പോലീസ് അധികൃതര്‍ വ്യക്തമാക്കി.അതേസയമം പ്രതികൾ കത്തി വാങ്ങിയത് ഓൺലൈൻ വഴിയാണെന്ന് പോലീസ് പറഞ്ഞു. ആവശ്യമനുസരിച്ച് നിവര്‍ത്താനും മടക്കാനും കഴിയുന്ന കത്തിയാണിത്.കൈപ്പിടിയില്‍ ഒതുക്കാവുന്ന വലുപ്പമെ കൊലപാതക ശ്രമത്തിന് ഉപയോഗിച്ച കത്തിക്ക് ഉള്ളൂ എന്നും പൊലീസ് പറയുന്നു.
സംസ്ഥാനത്ത് മഴ ശക്തിപ്പെടുന്നു;മൂന്നു ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്
തിരുവനന്തപുരം:സംസ്ഥാനത്ത് മഴ ശക്തിപ്പെടുന്നു.ദുരന്ത സാധ്യത കണക്കിലെടുത്ത് മൂന്നു ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കിയില്‍ നാളെയും അലര്‍ട്ട് തുടരും. ഞായറാഴ്ച കണ്ണൂരിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും മറ്റു ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ഇന്നും നാളെയും മണിക്കൂറില്‍ 50 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ അറബിക്കടലിന്റെ തെക്കു പടിഞ്ഞാറു ഭാഗത്തും വടക്കും മധ്യഭാഗത്തും മത്സ്യബന്ധനത്തിനു പോകരുതെന്ന മുന്നറിയിപ്പുണ്ട്. ജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കി.റെഡ് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അതിതീവ്ര മഴയ്‌ക്കുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുക, ക്യാമ്പുകൾ തയ്യാറാക്കുന്നതുള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ നടത്തുക എന്നിവയാണ് റെഡ് അലര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.
ക്യാമ്പസിലെ കൊടിമരം എടുത്തുമാറ്റിയ സംഭവം;എബിവിപി പ്രവർത്തകരിൽ നിന്നും ഭീഷണി ഉണ്ടെന്ന് ബ്രണ്ണൻ കോളേജ് പ്രിൻസിപ്പൽ
തലശ്ശേരി:ക്യാമ്പസിലെ കൊടിമരം എടുത്തുമാറ്റിയ സംഭവത്തിൽ എബിവിപി പ്രവർത്തകരിൽ നിന്നും ഭീഷണി ഉണ്ടെന്ന് ബ്രണ്ണൻ കോളേജ് പ്രിൻസിപ്പൽ കെ ഫൽഗുണൻ.മരണ ഭയമുണ്ടെന്നും പൊലീസിന്റെ സംരക്ഷണം ആവശ്യുപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. കോളേജ് പരിസരത്ത് സ്ഥാപിച്ച കൊടിമരം കഴിഞ്ഞ ദിവസം പ്രിന്‍സിപ്പാല്‍ എടുത്തുമാറ്റിയിരുന്നു. ഇതില്‍ എ.ബി.വി.പി വ്യാപകമായി പ്രതിഷേധിച്ചിരുന്നു.അതേസമയം, പ്രിൻസിപ്പൽ മാറ്റിയ കൊടിമരം എ.ബി.വി.പി പ്രവര്‍ത്തകര്‍ ഇന്ന് ഉച്ചയോടെ വീണ്ടും പുനസ്ഥാപിച്ചു. സംഭവം നടക്കുന്നതിനിടെ പൊലീസും എ.ബി.വി.പി പ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. പ്രിന്‍സിപ്പലിന്റെ അനുമതിയോടെ കൊടിമരം സ്ഥാപിക്കണമെന്നായിരുന്നു പൊലീസ് നിലപാട്. എന്നാല്‍ തന്റെ അനുമതിയില്ലാതെയാണ് കൊടിമരം വീണ്ടും പുനസ്ഥാപിച്ചതെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.
തലശ്ശേരി ബ്രണ്ണൻ കോളേജിൽ പ്രിന്‍സിപ്പാള്‍ നീക്കിയ കൊടിമരം എ.ബി.വി.പി പ്രവര്‍ത്തകര്‍ പുനസ്ഥാപിച്ചു
തലശ്ശേരി:തലശ്ശേരി ബ്രണ്ണൻ കോളേജ് ക്യാമ്പസ്സിൽ നിന്നും പ്രിന്‍സിപ്പാള്‍ നീക്കിയ കൊടിമരം എ.ബി.വി.പി പ്രവര്‍ത്തകര്‍ പുനസ്ഥാപിച്ചു.ഏഴു വര്‍ഷം മുൻപ് മത തീവ്രവാദികളുടെ കുത്തേറ്റു മരിച്ച എ.ബി.വി.പി പ്രവർത്തകൻ വിശാലിന്റെ അനുസ്മരണ ദിനത്തില്‍ പ്രവര്‍ത്തകര്‍ സ്ഥാപിച്ച കൊടിയാണ് പ്രിന്‍സിപ്പാള്‍ നീക്കം ചെയ്തത്. സംഘര്‍ഷമൊഴിവാക്കാനാണ് താന്‍ തന്നെ കൊടിമരം പിഴുതുമാറ്റിയത് എന്നായിരുന്നു പ്രിന്‍സിപ്പാളിന്റെ ന്യായീകരണം.ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി എ.ബി.വി.പി രംഗത്തെത്തി. പ്രിന്‍സിപ്പാളിന്റെ വീട്ടിലേക്ക് എ ബി വി പി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.സംഭവത്തില്‍ പ്രിന്‍സിപ്പാളിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള രംഗത്തെത്തി. പ്രിന്‍സിപ്പാളിന്റെ പ്രവര്‍ത്തി ഗുണ്ടകള്‍ക്ക് ചേര്‍ന്നതാണെന്നും, രാഷ്ട്രീയം കളിക്കണമെങ്കില്‍ രാജിവെച്ച് ലോക്കല്‍ സെക്രട്ടറിയാവുന്നതാണ് നല്ലതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് യൂനിവേഴ്‌സിറ്റിയുടെ ഉത്തരക്കടലാസുകള്‍ തന്നെ; സംഭവം സിന്‍ഡിക്കേറ്റ് ഉപസമിതി അന്വേഷിക്കും
തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് യൂനിവേഴ്‌സിറ്റി കോളജിലെ ഉത്തരക്കടലാസുകള്‍ തന്നെയെന്ന് കണ്ടെത്തി.ഇതുസംബന്ധിച്ച് പരീക്ഷാ കണ്‍ട്രോളര്‍ വിശദമായ റിപ്പോര്‍ട്ട് സര്‍വകലാശാല സിന്‍ഡിക്കറ്റിന് കൈമാറിയിട്ടുണ്ട്. സര്‍വകലാശാല, യൂനിവേഴ്‌സിറ്റി കോളജിന് അനുവദിച്ച ഉത്തരക്കടലാസുകള്‍ തന്നെയാണെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.പരീക്ഷ നടത്തിപ്പിലെ ഗുരുതര വീഴ്ച സിന്‍ഡിക്കറ്റ് ഉപസമിതി അന്വേഷിക്കാന്‍ തീരുമാനമായിട്ടുണ്ട്.ക്രമനമ്പർ അനുസരിച്ചാണ് യൂനിവേഴ്‌സിറ്റി വ്യത്യസ്ത കോളജുകള്‍ക്ക് ഉത്തരക്കടലാസുകള്‍ അനുവദിക്കുന്നത്.പിടിച്ചെടുത്ത ഉത്തരക്കടലാസുകളില്‍ നിന്നുള്ള സീരിയല്‍ നമ്പറുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ യൂനിവേഴ്‌സിറ്റി കോളജില്‍ നിന്ന് തന്നെയാണ് ഉത്തരപേപ്പര്‍ ചോര്‍ന്നിരിക്കുന്നതെന്ന് വ്യക്തമായി.ഉത്തരക്കടലാസ് നഷ്ടപ്പെട്ടത് അന്വേഷിക്കുന്നതിനോടൊപ്പം 2015 മുതലുള്ള ഉത്തരക്കടലാസുകളുടെ വിനിയോഗം സംബന്ധിച്ച് പരിശോധന നടത്താനും ഉപസമിതിയോട് നിര്‍ദേശിച്ചിട്ടുണ്ട്.
വ്യാജ ദിനേശ് ബീഡി വില്പന;മുഖ്യപ്രതി അറസ്റ്റിൽ
കണ്ണൂർ:വ്യാജ ദിനേശ് ബീഡി നിർമിച്ച് സംസ്ഥാനമൊട്ടാകെ വിതരണം ചെയ്യുന്ന സംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ.രാമന്തളി കുന്നതെരുവിലെ വി.രാജീവനെയാണ്(55) തളിപ്പറമ്പ് എസ്‌ഐ കെ.പി ഷൈൻ അറസ്റ്റ് ചെയ്തത്.തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.ചൊവ്വാഴ്ച വൈകുന്നേരം പയ്യന്നൂരിൽ വെച്ച് എസ്‌ഐ യും ഡിവൈഎസ്പിയുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളും ചേർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വ്യാജ ദിനേശ് ബീഡി നിർമിക്കുന്നണ്ടെന്ന പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് നേരത്തെ കേസെടുത്തിരുന്നു.വിതരണക്കാരായ രണ്ടുപേരെ റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.തുടർന്ന് മുഖ്യപ്രതിയെ കണ്ടെത്താനുള്ള അന്വേഷണത്തിനിടെയാണ് രാജീവനെ പിടികൂടിയത്.ചൊവ്വാഴ്ച രാത്രി തന്നെ പ്രതിയോടൊപ്പം എറണാകുളത്തേക്ക് തിരിച്ച അന്വേഷണ സംഘം പെരുമ്പാവൂരിൽ കെഎസ്ആർടിസി ബസ്സ്റ്റാൻഡിന് സമീപത്തെ ബീഡി നിർമ്മാണകേന്ദ്രം കണ്ടെത്തി. ഗോഡൗണില്‍ നിന്ന് 10 ലക്ഷം രൂപ വിലമതിക്കുന്ന വ്യാജബീഡി ശേഖരവും അസംസ്‌കൃത സാധനങ്ങളും പിടിച്ചെടുത്തു.ദിനേശ് ബീഡിയുടെ ലേബലുകളും പിടികൂടി.കെട്ടിടം വാടകയ്‌ക്കെടുത്ത് സ്ത്രീ തൊഴിലാളികളെ ഉപയോഗിച്ചാണ് വ്യാജ ബീഡി നിർമിച്ചിരുന്നത്.കഴിഞ്ഞ 35 വര്‍ഷമായി വ്യാജ ദിനേശ് ബീഡി നിര്‍മിച്ച് കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും വിതരണം ചെയ്യുന്ന സംഘത്തിന്റെ തലവനാണ് രാജീവനെന്ന് പോലീസ് പറഞ്ഞു. നിരവധി തവണ ശ്രമിച്ചിട്ടും ഇയാളെ പിടികൂടാന്‍ സാധിച്ചിരുന്നില്ല.ഇയാളുടെ സംഘത്തില്‍ പെട്ട എരുവാട്ടി സ്വദേശിയും വായാട്ടുപറല്‍ ഏത്തക്കാട്ട് ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ അലകനാല്‍ ഷാജി ജോസഫ്, പുതിയതെരു അരയമ്പത്തെ കരിമ്പിന്‍കര കെ. പ്രവീണ്‍എന്നിവരെ കഴിഞ്ഞ മാസം 26 ന് തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ.രത്നകുമാറിന്റെ നേത്യത്വത്തില്‍ അറസ്റ്റ് ചെയ്തിതിരുന്നു.ചെമ്പന്തൊട്ടി,ചപ്പാരപ്പടവ്, ആലക്കോട്, നടുവില്‍, കരുവഞ്ചാല്‍, ചെറുപുഴ, നല്ലോമ്പുഴ,ചിറ്റാരിക്കാല്‍,കമ്പല്ലൂര്‍,പാലാവയല്‍ പ്രദേശങ്ങളില്‍ ദിനേശ് ബീഡിയുടെ വില്‍പ്പന വലിയ തോതില്‍ കുറഞ്ഞതോടെ മാര്‍ക്കറ്റിംഗ് മാനേജര്‍ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ ഇവിടങ്ങളിലെല്ലാം പരിശോധന നടത്തിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്
തലശ്ശേരിയിൽ അധ്യാപകൻ തീവണ്ടി തട്ടി മരിച്ചു
തലശ്ശേരി:തലശ്ശേരി രണ്ടാം ഗേറ്റിനു സമീപം അധ്യാപകൻ തീവണ്ടി തട്ടി മരിച്ചു.മമ്പറം ഹയർസെക്കണ്ടറി അധ്യാപകൻ നാദാപുരം കക്കട്ട് കൈവേലി വണ്ണാത്തിപ്പോയിൽ വേണ്ടെങ്ങോട്ട് ചാലിൽ ബാബു(51)ആണ് മരിച്ചത്.ഇന്നലെ ഉച്ചയ്ക്കാണ് അപകടം.തൃശ്ശൂരിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന പാസ്സന്ജർ ട്രെയിൻ ആണ് തട്ടിയത്.കുട്ടിയുടെയും കല്യാണിയുടെയും മകനാണ്.ഭാര്യ:അനു(അദ്ധ്യാപിക,മീഞ്ചന്ത രാമകൃഷ്‌ണ മിഷൻ സ്കൂൾ), മക്കൾ:അദ്വൈത്,അധർവ്.
യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമക്കേസിൽ അറസ്റ്റിലായ പ്രതികളെ തെളിവെടുപ്പിനായി ഇന്ന് കോളേജിലെത്തിച്ചേക്കും
തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമക്കേസിൽ അറസ്റ്റിലായ പ്രതികളെ തെളിവെടുപ്പിനായി ഇന്ന് കോളേജിലെത്തിച്ചേക്കും.മൂന്ന് ദിവസത്തേക്കാണ് പ്രതികളെ പൊലീസിന് കസ്റ്റഡിയില്‍ ലഭിച്ചത്. കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ വിശദമായി ചോദ്യം ചെയ്ത ശേഷം ഇന്ന് യൂണിവേഴ്‌സിറ്റി കോളേജിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പോലീസ് നീക്കം. അഖിലിനെ കുത്താന്‍ ഉപയോഗിച്ച ആയുധവും കണ്ടെത്താനുണ്ട്.ഇന്നലെ രേഖപ്പെടുത്തിയ അഖിലിന്റെ മൊഴി വിശദമായി പരിശോധിച്ച ശേഷം കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന് കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.അഖിലിനെ കുത്താന്‍ ഉപയോഗിച്ച ആയുധവും കണ്ടെത്താനുണ്ട്. അറസ്റ്റിലായ 6 പേരുള്‍പ്പെടെ 16 പേര്‍ക്കെതിരെയാണ് നിലവില്‍ അന്വേഷണം നടക്കുന്നത്.അതേസമയം സര്‍വകലാശാല ഉത്തരക്കടലാസ് മോഷ്ടിച്ചതിനും ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ വ്യാജ സീല്‍ കണ്ടെടുത്തതിലും പ്രതി ശിവരഞ്ജിത്തിനെതിരെ കൂടുതല്‍ കേസെടുത്തു.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മന്ത്രി എം എം മണിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തിരുവനന്തപുരം:ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മന്ത്രി എം എം മണിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തലച്ചോറില്‍ രക്തം ചെറുതായി കട്ടപിടിച്ചതിനെത്തുടര്‍ന്നാണ് മന്ത്രിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. എംആര്‍ഐ അടക്കമുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കി.തുടര്‍ ചികില്‍സകള്‍ എങ്ങനെ വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ് തീരുമാനിക്കും.നിലവില്‍ മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.ബുധനാഴ്ച കാബിനറ്റ് മീറ്റിങ്ങിനിടയില്‍ ദേഹാസ്വാസ്ഥ്യവും കാലിന് ബലക്കുറവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുറച്ച് ദിവസങ്ങളായി കാലിന് ബലക്കുറവും ക്ഷീണവും അനുഭവപ്പെടുന്നുണ്ടെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചത്.