സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു;കാസർകോഡ് ജില്ലയിൽ റെഡ് അലർട്ട്

keralanews heavy rain continues in the state red alert in kasarkode district

തിരുവനന്തപുരം:സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു.ശക്തമായ മഴ ബുധനാഴ്ച വരെ  തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.കനത്ത മഴയെ തുടർന്ന് കാസർകോട് ജില്ലയിൽ റെഡ് അലർട്ടും ഇടുക്കി, മലപ്പുറം ,കോഴിക്കോട് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.കൊല്ലം മുതൽ തൃശ്ശൂർ വരെ 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. രണ്ട് ദിവസമായി പെയ്യുന്ന മഴയിൽ സംസ്ഥാനത്തെ പല പ്രദേശങ്ങളിലും വെള്ളം കയറി. കേരള തീരത്ത് 50 കിലോമീറ്റർ വേഗതയിൽ വടക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് കാറ്റ് വീശും. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.നാളെ അർധരാത്രി വരെ പൊഴിയൂർ മുതൽ കാസർഗോഡ് തീരത്ത് വരെ 3.5 മീറ്റർ മുതൽ 4.3 മീറ്റർ ഉയരത്തിൽ തിരയുണ്ടാകാൻ സാധ്യതയുണ്ട്. അതേസമയം വിഴിഞ്ഞത്തു നിന്നും കടലില്‍ കാണാതായ നാലു മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി. കഴിഞ്ഞ മൂന്ന് ദിവസമായി ഇവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയായിരുന്നു. ശക്തമായ തിരയില്‍ ബോട്ടിന്റെ യന്ത്രം തകരാറിലായതോടെയാണ് ഇവര്‍ കടലില്‍ അകപ്പെട്ടത്.

കൊല്ലം നീണ്ടകരയില്‍ നിന്ന് കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

keralanews the body of one of the missing fishermen from neendakara has been found

കൊല്ലം:കൊല്ലം നീണ്ടകരയില്‍ നിന്ന് കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. തമിഴ്നാട് സ്വദേശി സഹായരാജുവിന്റെ മൃതദേഹം തിരുവനന്തപുരം അഞ്ചുതെങ്ങ് തീരത്ത് നിന്നാണ് കണ്ടെത്തിയത്. മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. സഹായരാജുവിനൊപ്പം കാണാതായ രാജു, ജോണ്‍ബോസ്കോ എന്നിവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. നേവിയുടെ ഹെലികോപ്റ്ററും കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലും ബോട്ടുകളും ചേർന്നാണ് തിരച്ചില്‍ നടത്തുന്നത്.കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവെയാണ് തമിഴ്നാട് സ്വദേശികളായ അഞ്ചുമത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടത്. നീണ്ടകര തീരത്തേക്ക് മടങ്ങിയ വള്ളം തകര്‍ന്ന് അഞ്ചുപേരും കടലില്‍ വീണു. നിക്കോളാസ്, സ്റ്റാലിന്‍ എന്നിവര്‍ കരയിലേക്ക് നീന്തി രക്ഷപ്പെട്ടെങ്കിലും ഒപ്പമുണ്ടായിരുന്ന മൂന്നുപേരെ തിരയില്‍പ്പെട്ട് കാണാതാവുകയായിരുന്നു.

ഈ മാസം നാലാം തീയതി ബ്രിട്ടൻ പിടിച്ചെടുത്ത ഇറാന്റെ എണ്ണക്കപ്പലിൽ മൂന്നു മലയാളി ജീവനക്കാർ ഉള്ളതായി സ്ഥിതീകരിച്ചു

keralanews confirmed that there are three malayalee employees in irans oil ship seized by britain

ബ്രിട്ടൺ:ഈ മാസം നാലാം തീയതി ബ്രിട്ടൻ പിടിച്ചെടുത്ത ഇറാന്റെ എണ്ണക്കപ്പലിൽ മൂന്നു മലയാളി ജീവനക്കാർ ഉള്ളതായി സ്ഥിതീകരണം.ടാങ്കറിലെ ജൂനിയര്‍ ഓഫീസറായ മലപ്പുറം വണ്ടൂര്‍ ചെട്ടിയാറമ്മല്‍ സ്വദേശി അജ്മല്‍ സാദിഖ്, ഗുരുവായൂര്‍ സ്വദേശി റെജിന്‍, കാസര്‍കോട് ബേക്കല്‍ സ്വദേശി പ്രജീഷ് എന്നിവരാണ് കപ്പലിലുള്ളത്.കപ്പലിലുള്ളവര്‍ നിലവില്‍ സുരക്ഷിതരാണെന്നും മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലെന്ന് അജ്മല്‍ സാദിഖിന്റെ സഹോദരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം അദ്ദേഹം വിളിച്ചിരുന്നുവെന്നും ഉടനെ തിരികെയെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു.ഈ മാസം നാലിനാണ് ബ്രിട്ടന്‍, ജിബ്രാള്‍ട്ടറില്‍ നിന്നും ഇറാന്‍ കപ്പല്‍ പിടിച്ചെടുത്തത്. ഇതിന്റെ പ്രതികാരമെന്നോണം ബ്രിട്ടന്റെ കപ്പല്‍ ഇറാനും പിടിച്ചെടുത്തിരുന്നു.ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലും മൂന്ന് മലയാളികളുണ്ട്‍. എറണാകുളം സ്വദേശികളായ മൂന്ന് പേരാണ് കപ്പലിലുള്ളത്. കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചനെ കൂടാതെ ഫോര്‍ട്ട് കൊച്ചി സ്വദേശിയായ ക്യാപ്റ്റനും തൃപ്പൂണിത്തുറയില്‍ നിന്നുള്ള മറ്റൊരാളുമാണ് ഈ കപ്പലിലുള്ള മലയാളികള്‍. ഡിജോ പാപ്പച്ചന്റെ ബന്ധുക്കളെ കപ്പല്‍ കമ്പനി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

കസ്റ്റഡി കാലാവധി അവസാനിച്ചു; ശിവരഞ്ജിത്തിനെയും നസീമിനെയും തിരികെ ജയിലിലെത്തിച്ചു

keralanews custody period end shivranjith and naseem were brought back to jail

തിരുവനന്തപുരം : യൂണിവേഴ്സിറ്റി സംഘര്‍ഷത്തിലെ മുഖ്യ പ്രതികളുടെ കസ്റ്റഡി കാലാവധി കഴിഞ്ഞതോടെ ഇവരെ തിരികെ ജയിലിലെത്തിച്ചു. ഈ മാസം 29 വരെയാണ് ശിവരഞ്ജിത്തിനെയും നസീമിനെയും റിമാന്‍ഡ് ചെയ്തത്. ഇന്നലെ ഇവരെ യൂണിവേഴ്സിറ്റി കോളേജിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തി.അഖിലിനെ കുത്താൻ ഉപയോഗിഹ കത്തിയും ക്യാമ്പസ്സിൽ നിന്നും കണ്ടെത്തി.ഒന്നാം പ്രതി ശിവരഞ്ജിത്ത് സംഘര്‍ഷത്തിന് ഒരാഴ്ച മുമ്ബ് ഓണ്‍ലൈന്‍ മുഖേനയാണ് കത്തി വാങ്ങിയത്. പിടിയിലായ 6 പേരുള്‍പ്പെടെ 16 പേര്‍ക്കെതിരെയാണ് അന്വേഷണം. ബാക്കിയുള്ളവരെ കൂടി ഉടന്‍ പിടികൂടാനുള്ള ശ്രമത്തിലാണ് കന്റോണ്‍മെന്റ് പൊലീസ്.

വിഴിഞ്ഞത്തുനിന്നും കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടി തെരച്ചില്‍ തുടരുന്നു

keralanews search for fishermen missing in vizhinjam continues

തിരുവനന്തപുരം:വിഴിഞ്ഞത്തുനിന്നും കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടി തെരച്ചില്‍ തുടരുന്നു.ബുധനാഴ്ച കടലിലേക്ക് പോയ മത്സ്യത്തൊഴിലാളികളാണ് ഇതുവരെയും തിരിച്ചെത്താത്തത്. പുല്ലുവിള സ്വദേശികളായ യേശുദാസന്‍, ആന്‍റണി, പുതിയതുറ സ്വദേശികളായ ബെന്നി, ലൂയിസ് എന്നിവരെയാണ് കാണാതായത്.അതേസമയം തെരച്ചില്‍ നടപടികള്‍ കാര്യക്ഷമമല്ലെന്നാരോപിച്ച് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധവും തുടരുകയാണ്.തീരദേശസേനയുടെ തെരച്ചില്‍ സംഘത്തില്‍ മത്സ്യത്തൊഴിലാളികളെക്കൂടി ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികള്‍ പ്രതിഷേധിക്കുന്നത്. നിലവിൽ രണ്ട്  കപ്പലുകൾ തെരച്ചിൽ നടത്തുന്നുണ്ടെന്നാണ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചിരിക്കുന്നത്. ഹെലികോപ്റ്റർ ഉടൻ തെരച്ചിൽ തുടങ്ങുമെന്നും അറിയിച്ചിട്ടുണ്ട്.

പമ്പാ നദിയിൽ ജലനിരപ്പ് ഉയരുന്നു;തീർത്ഥാടകർക്ക് ജാഗ്രത നിർദ്ദേശം നൽകി

keralanews water level increasing in pamba river alert for pilgrims

പത്തനംതിട്ട:മഴ ശക്തമായതോടെ പമ്പാനദിയിൽ ജലനിരപ്പ് ഉയരുന്നു.കഴിഞ്ഞ പ്രളയത്തിൽ അടിഞ്ഞ മണലാണ് പമ്പയിലെ ജലനിരപ്പ് ഉയരാനുള്ള കാരണം. അപകട സാധ്യത കണക്കിലെടുത്ത് ശബരിമല തീർത്ഥാടനത്തിനായി പമ്പയിൽ എത്തുന്നവർക്ക് പൊലീസ് കർശന ജാഗ്രത നിർദ്ദേശമാണ് നൽകിയിരിക്കുന്നത്.രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയിൽ പമ്പയിലെ ജലനിരപ്പ് ഉയരുന്നതിനാൽ ശബരിമലയിലേക്ക് എത്തുന്ന തീർത്ഥാടകരെ നദിയിലേക്ക് ഇറക്കുന്നില്ല. ജലനിരപ്പ് ഇനിയും ഉയർന്നാൽ നടപ്പന്തലിലേക്ക് ഉൾപ്പടെ വെള്ളം കയറും. നീരൊഴുക്കിനെ തുടർന്ന് മണിയാര്‍ ബാരേജിലെ സ്പില്‍വേ ഷട്ടറുകൾ തുറക്കേണ്ടതിനാൽ പമ്പ, കക്കാട് നദികളിലെ ജലനിരപ്പ് ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. അപകട സാധ്യത കണക്കിലെടുത്ത് നദിയുടെ തീരത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിക്ക് വാഹനാപകടത്തിൽ പരിക്ക്

keralanews r s s leader valsan thillankeri injured in accident

കണ്ണൂർ: കേരളത്തിലെ പ്രമുഖ ആര്‍എസ്‌എസ് നേതാവും പ്രാന്തീയ വിദ്യാര്‍ത്ഥി പ്രമുഖുമായ വത്സന്‍ തില്ലങ്കേരിക്ക് വാഹനാപകടത്തിൽ പരിക്കേറ്റു.ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ തലശ്ശേരി ആറാം മൈലില്‍ വച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ വത്സന്‍ തില്ലങ്കേരിയുടെ ഗണ്‍മാന്‍ അരുണിനും പരുക്കേറ്റു. ഇരുവരെയും തലശ്ശേരി ഇന്ദിരാഗാന്ധി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.പരുക്ക് ഗുരുതരമല്ല.കൊല്ലത്തെ പരിപാടിയില്‍ പങ്കെടുക്കാനായി രാവിലെ വീട്ടില്‍ നിന്ന് ട്രെയിന്‍ കേറാന്‍ പോകുമ്പോഴാണ് അപകടമുണ്ടായത്.തില്ലങ്കേരി സഞ്ചരിച്ച വാഹനം ഹൈവേയില്‍ തലകീഴായി മാറിയുകയായിരുന്നു. പരിക്കേറ്റ് റോഡില്‍ കിടന്ന തില്ലങ്കേരിയെയും കൂട്ടരെയും ഹൈവേ പൊലീസ് പട്രോൾ സംഘമാണ് ആശുപത്രിയില്‍ എത്തിച്ചത്. പരിക്ക് സാരമുള്ളതല്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന റിപ്പോര്‍ട്ട്.

കനത്ത മഴ;കാസർകോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

keralanews heavy rain leave for educational institutions in kasarkode districts

കാസര്‍കോട്: കനത്ത മഴയെ തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്റ്റർ ഇന്ന് അവധി പ്രഖ്യാപിച്ചു.പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയാണ് അവധി. കാസര്‍കോട് ജില്ലയില്‍ ഇന്ന് ‘റെഡ്’ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ തുടങ്ങിയ മഴ ഇപ്പോഴും തുടരുന്ന സാഹചര്യത്തില്‍ മുന്‍ കരുതലായാണ് നടപടി.അതിതീവ്ര മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.കനത്ത മഴയില്‍ കാസര്‍കോട് ജില്ലയുടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്.മലയോര മേഖലയില്‍ ചെറിയ തോതില്‍ മണ്ണിടിച്ചിലുമുണ്ട്.ജില്ലാ കളക്ടറേറ്റിലെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നിട്ടുമുണ്ട്. ഫോണ്‍: 04994 257 700, 94466 01700.

സംസ്ഥാനത്ത് കാലവർഷം കനത്തു;ചൊവ്വാഴ്ച വരെ ശക്തമായ മഴ;എല്ലാ ജില്ലകളിലും ജാഗ്രത നിർദേശം

keralanews heavy rain in kerala alert in all districts

തിരുവനന്തപുരം:സംസ്ഥാനത്ത് കാലവർഷം കനത്തു.കനത്ത മഴ ചൊവ്വാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.കാലവര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വിവിധ ഡാമുകള്‍ തുറന്നു.ഇടുക്കിയിലെ മലങ്കര ,കല്ലാര്‍ക്കുട്ടി, പാംബ്ല, എറണാകുളത്തെ ഭൂതത്താന്‍കെട്ട്, തിരുവനന്തപുരത്തെ അരുവിക്കര,കോഴിക്കോട്ടെ പെരുവണ്ണാമൂഴി എന്നീ ഡാമുകളാണ് തുറന്നത്.നദീ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.പെരിയാറിന്റെ തീരത്തുള്ളവര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശമുണ്ട്.മഴ തുടരുകയാണെങ്കില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. കല്ലാര്‍ക്കുട്ടി, പാംബ്ല ഡാമുകളുടെ ഒരു ഷട്ടര്‍ വീതവും, ഭൂതത്താന്‍കെട്ട് ഡാമിന്റെ ഒന്‍പത് ഷട്ടറുകളും, മലങ്കര ഡാമിന്റെ രണ്ട് ഷട്ടറുമാണ് തുറന്നത്.ശക്തമായ മഴ തുടരുകയാണെങ്കില്‍ സംസ്ഥാനത്ത് 40 സെന്റിമീറ്റര്‍വരെ മഴ ലഭിക്കാനാണ് സാധ്യത.മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചതായും കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം കാലവർഷം ശക്തമായതോടെ  മിക്ക ജില്ലകളും ദുരന്ത ഭീഷണിയിലായി.തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി മത്സ്യബന്ധനത്തിന് പോയ ഏഴ് പേരെ കാണാതായി.കൊല്ലത്ത് ശക്തമായ കാറ്റിൽ തെങ്ങ് വീണ് ഗൃഹനാഥനും കണ്ണൂര്‍ തലശേരിയില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും മരണമടഞ്ഞു.കാസര്‍കോഡ്, വയനാട്, കോഴിക്കോട് ജില്ലകളില്‍ നിലവില്‍ റെഡ് അലെര്‍ട്ട് തുടരുകയാണ്.

കേരളത്തിൽ മഴ കനക്കുന്നു; കോഴിക്കോട് ഉരുൾപൊട്ടൽ;ഇടുക്കിയിൽ മണ്ണിടിഞ്ഞു

keralanews heavy rain in kerala landslide in idukki and kozhikode

തിരുവനന്തപുരം:കേരളത്തിൽ മഴ കനക്കുന്നു.ഇന്നലെ രാത്രി ആരംഭിച്ച മഴ ഇന്ന് ശക്തമായി തുടരുകയാണ്.കനത്തമഴയെ തുടർന്ന് പല സ്ഥലത്തും പുഴ കര കവിഞ്ഞൊഴുകയാണ്. പമ്പാനദിയിലടക്കം ജലനിരപ്പ് ഉയർന്നു. എറണാകുളം-കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടി പുഴക്ക് കുറുകെയുള്ള മണികണ്ഠൻചാൽ ചപ്പാത്ത് വെള്ളത്തിൽ മുങ്ങി. ഇത് മൂലം ഉറിയംപെട്ടി ,വെള്ളാരംകുത്ത് എന്നീ ആദിവാസി കോളനികള്‍ ഒറ്റപ്പെട്ടു.പത്തനംതിട്ട അഴുതയിലെ മൂഴിക്കൽ ചപ്പാത്ത് മുങ്ങിയതിനാൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.തീക്കോയി – വാഗമൺ റൂട്ടിൽ പല സ്ഥലത്തും മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസ്സപ്പെട്ടു.ഇടുക്കിയിലും പലയിടത്തും മണ്ണിടിഞ്ഞു.കോഴിക്കോട് പൂഴിത്തോട് വനമേഖലകളിൽ ഇന്നലെ രാത്രി ഉരുൾപൊട്ടലുണ്ടായി.വിഴിഞ്ഞത്തു നിന്നും മത്സ്യബന്ധനത്തിന് പോയ പുതിയതുറ സ്വദേശികളായ ലൂയിസ്,ബെന്നി,കൊച്ചുപള്ളി സ്വദേശികളായ ആന്റണി യേശുദാസന്‍ എന്നിവരെ കാണാതായി.ബുധനാഴ്ച വൈകീട്ട് മത്സബന്ധനത്തിന് പോയ ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ മറൈന്‍ എന്‍ഫോഴ്സ്മെന്റന്റെ നേത്യത്വത്തില്‍ തുടരുകയാണ്. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.