കാസർകോഡ്:കാസർകോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി പ്രഖ്യാപിച്ചു.കനത്ത കാലവര്‍ഷം തുടരുന്നതിനാല്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നാളെയും കാസര്‍കോട് ജില്ലയില്‍ റെഡ് അലെര്‍ട്ട് നല്‍കിയ സാഹചര്യത്തിലാണ് കലക്റ്റർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അങ്കണവാടികള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും ഉള്‍പ്പടെ അവധി ബാധകമാണ്.കാസര്‍കോട് ജില്ലയിലെ മലയോര മേഖലകളില്‍ ശക്തമായ മഴ തുടരുകയാണ്. മധുര്‍ മേഖലയില്‍ നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്.
കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ സംഘർഷം;കല്ലേറിൽ പോലീസിനും മാധ്യമ പ്രവത്തകർക്കും പരിക്കേറ്റു
തിരുവനന്തപുരം:കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ സംഘർഷം.പ്രവര്‍ത്തകര്‍ പൊലീസ് ജീപ്പ് അടിച്ചു തകര്‍ത്തു.പൊലീസിന് നേരെ സമരക്കാർ കല്ലും കുപ്പികളും എറിഞ്ഞു.സമരക്കാർക്ക് നേരെ പൊലീസ് ടിയർഗ്യാസും, ലാത്തിച്ചാർജും, ജലപീരങ്കിയും പ്രയോഗിച്ചു.നിരവധി കെഎസ്‍യു – യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് സംഘർഷത്തിൽ പരിക്കേറ്റു.ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ അടക്കം മൂന്ന് പൊലീസുദ്യോഗസ്ഥർക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. കല്ലേറിലാണ് രണ്ട് പൊലീസുകാർക്ക് പരിക്കേറ്റത്. മാതൃഭൂമി ഓൺലൈൻ ക്യാമറാമാൻ പ്രവീൺ അടക്കമുള്ള മാധ്യമപ്രവർത്തകർക്കും പരിക്കേറ്റു. തുടക്കത്തിൽ പൊലീസ് സംയമനം പാലിച്ചെങ്കിലും പിന്നീട്, കല്ലേറ് ശക്തമായതോടെ പൊലീസ് നടപടി തുടങ്ങുകയായിരുന്നു. കെഎസ്‍യുവിന്‍റെ സമരപ്പന്തലിൽ കയറി പൊലീസ് സംസ്ഥാന പ്രസിഡന്‍റ് കെ എം അഭിജിത്തിനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. ഇതേത്തുടർന്ന് സ്ഥലത്ത് വലിയ പ്രതിഷേധവുമുണ്ടായി. സംഘർഷത്തെത്തുടർന്ന് കെ എം അഭിജിത്ത് നിരാഹാരസമരം അവസാനിപ്പിച്ചു. എന്നാൽ രാപ്പകൽ സമരം യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ തുടരുമെന്ന് എംപി ഡീൻ കുര്യാക്കോസ് പ്രഖ്യാപിച്ചു.അതേസമയം, ഡീനിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് ചെയ്തു കൊണ്ടുപോയവരുടെ വാഹനം തടഞ്ഞതിനാണ് ഡീനിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കപ്പലുകളിൽ അകപ്പെട്ട എല്ലാ മലയാളി ജീവനക്കാരും സുരക്ഷിതർ;മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി:ഇറാനും ബ്രിട്ടനും പരസ്പരം പിടിച്ചെടുത്ത കപ്പലുകളിലകപ്പെട്ട മലയാളി ജീവനക്കാർ സുരക്ഷിതരെന്ന് വിദേശകാര്യ മന്ത്രാലയം. കപ്പലുകളിലുള്ള ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നും ആശങ്ക വേണ്ടെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. ജിബ്രാള്‍ട്ടറില്‍ നിന്ന് ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലില്‍ മലപ്പുറം സ്വദേശികളുള്‍പ്പടെ മൂന്ന് മലയാളികളാണ് അകപ്പെട്ടത്. മലപ്പുറം സ്വദേശി അജ്മല്‍ സാദിഖ്, ഗുരുവായൂര്‍ സ്വദേശി റെജിന്‍, ബേക്കല്‍ സ്വദേശി പ്രജീഷ് എന്നിവരാണ് കപ്പലിലുള്ളതെന്നാണ് വിവരം.ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ മൂന്ന് മലയാളികളുള്‍പ്പടെ 18 ഇന്ത്യക്കാര്‍ ഉള്ളതായാണ് ഔദ്യോഗിക സ്ഥിരീകരണം. ക്യാപ്റ്റനുള്‍പ്പടെ മൂന്നുപേരും എറണാകുളം സ്വദേശികളാണ്.ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നു എന്നാരോപിച്ച് ജൂലൈ 4-ന് ഗ്രേസ് 1 എന്ന ഇറാനിയൻ എണ്ണക്കപ്പൽ ബ്രിട്ടൻ പിടിച്ചെടുത്തിരുന്നു.ഈ കപ്പൽ 30 ദിവസം കൂടി തടങ്കലിൽ വയ്ക്കാൻ ജിബ്രാൾട്ടർ സുപ്രീം കോടതി ഉത്തരവിട്ടു. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പെന്നോണം, ഹോർമൂസ് കടലിടുക്കിൽ വച്ച് വെള്ളിയാഴ്ച ബ്രിട്ടന്റെ സ്റ്റെനാ ഇംപറോ എന്ന എണ്ണക്കപ്പൽ ഇറാൻ പിടിച്ചെടുത്തത്.
ഡി എൻ എ പരിശോധനയ്ക്കായി രക്തസാമ്പിൾ നൽകാനാവില്ലെന്ന് ബിനോയ് കോടിയേരി
മുംബൈ:വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ബീഹാർ സ്വദേശിനിയുടെ പരാതിയുമായി ബന്ധപ്പെട്ടുള്ള കേസിൽ ഡി എൻ എ പരിശോധനയ്ക്കായി രക്തസാമ്പിൾ നൽകാനാവില്ലെന്ന് ബിനോയ് കോടിയേരി. കേസിൽ തനിക്കെതിരായി റജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കാൻ ആവശ്യപ്പെട്ടുള്ള ഹർജി ബോംബെ ഹൈക്കോടതിയുടെ പരിഗണനയിൽ ഉള്ളതിനാൽ ഇപ്പോൾ രക്ത സാമ്പിൾ നൽകാൻ തയ്യാറല്ലെന്ന് ബിനോയ് പൊലീസിനെ അറിയിച്ചു.കഴിഞ്ഞ തവണ ഹാജരായപ്പോൾ ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ബിനോയ് രക്ത സാമ്പിൾ നൽകിയിരുന്നില്ല. മറ്റു തടസ്സങ്ങളില്ലെങ്കിൽ ഇന്ന് ജുഹുവിലെ കൂപ്പർ ആശുപത്രിയിൽ എത്തിച്ച് രക്ത സാമ്പിള്‍ എടുക്കാനായിരുന്നു പൊലീസ് തീരുമാനിച്ചിരുന്നത്. ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും രാവിലെ പത്തിനും ഉച്ചയ്ക്ക് ഒന്നിനും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ബിനോയിക്ക് മുംബൈ ദിൻദോഷി സെഷൻസ് കോടതി മുൻകൂർജാമ്യം അനുവദിച്ചത്.ഇതനുസരിച്ച് ഇന്നും ബിനോയ് കോടിയേരി മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനിൽ ഹാജരായി.
18 വര്‍ഷത്തിന് ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ കെ എസ് യു യൂണിറ്റ് രൂപീകരിച്ചു
തിരുവനന്തപുരം:18 വര്‍ഷത്തിന് ശേഷം യൂണിവേഴ്സിറ്റി കോളേജില്‍ കെ എസ് യു യൂണിറ്റ് രൂപീകരിച്ചു.യൂണിവേഴ്സിറ്റി കോളജ് പ്രശ്നത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമര വേദിയിലായിരുന്നു പ്രഖ്യാപനം. അമല്‍ചന്ദ്രനാണ് പ്രസിഡന്റ്. ആര്യ എസ്. നായര്‍ വൈസ് പ്രസിഡന്റ്.ഏഴു പേരാണ് കമ്മിറ്റിയില്‍ ഉള്ളത്.യൂണിവേഴ്സിറ്റി കോളജില്‍ ഒരു സംഘടന മതിയെന്ന എസ്‌എഫ്‌ഐ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നു കെഎസ്‌യു നേതൃത്വം വ്യക്തമാക്കി. ഭയം കാരണമാണ് മറ്റു സംഘടനകളിലേക്ക് കുട്ടികള്‍ വരാത്തത്. കൂടുതല്‍ കുട്ടികള്‍ കെഎസ്‌യുവിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോളജ് ക്യാംപസില്‍ കൊടിമരം വയ്ക്കുന്നത് കോളജ് അധികൃതരുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും കെഎസ്‌യു നേതൃത്വം വ്യക്തമാക്കി. യൂണിയന്‍ രൂപീകരിച്ച ശേഷം വിദ്യാര്‍ത്ഥികളായ ഇവര്‍ കോളേജ് ക്യാമ്പസ്സിനുള്ളിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്. കനത്ത പൊലീസ് സുരക്ഷക്കിടെ ഐഡി കാര്‍ഡുകള്‍ കാണിച്ച ശേഷമാണ് ഇവര്‍ ക്യാമ്പസിൽ പ്രവേശിച്ചത്. എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ തന്നെയായ അഖില്‍ എന്ന വിദ്യാര്‍ത്ഥിയെ എസ്‌എഫ്‌ഐ യൂണിറ്റ് ഭാരവാഹികള്‍ ആക്രമിച്ചതോടെ യൂണിവേഴ്സിറ്റി കോളേജ് വലിയ വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് വേദിയായിരുന്നു. എസ്‌എഫ്‌ഐ യൂണിറ്റിനെതിരെ സംഘടനയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളും പ്രതിഷേധത്തിന് മുന്‍ നിരയില്‍ ഉണ്ടായിരുന്നു. ഇവരെയടക്കം ഒപ്പം നിര്‍ത്തുകയാണ് യൂണിറ്റ് രൂപീകരിച്ചതിലൂടെ കെ.എസ്.യു ലക്ഷ്യമിടുന്നത്.
പത്തു ദിവസത്തെ അവധിക്ക് ശേഷം കനത്ത സുരക്ഷയിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് തുറന്നു
തിരുവനന്തപുരം:അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പത്തു ദിവസമായി അടച്ചിട്ടിരുന്ന യൂനിവേഴ്സിറ്റി കോളേജ് ഇന്ന് തുറന്നു.ശക്തമായ പൊലീസ് കാവലിലാണ് കോളജ് തുറന്നത്. വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും ഐഡി കാര്‍ഡുകള്‍ പരിശോധിച്ച ശേഷമാണ് കോളേജിലേക്ക് കടത്തിവിടുന്നത്. റാഗിങ് ബോധവല്‍ക്കരണ നോട്ടീസും പൊലീസ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നുണ്ട്. എസ്‌എഫ്‌ഐ നേതാക്കളുടെ കുത്തേറ്റ് എസ്‌എഫ്‌ഐ പ്രവര്‍ത്തകനായ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതടക്കമുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് കോളജില്‍ പ്രക്ഷോഭവും സമരങ്ങളും അരങ്ങേറിയത്. തുടര്‍ന്ന് പത്ത് ദിവസത്തോളം കോളജ് അടച്ചിടുകയായിരുന്നു.അതേസമയം യൂണിവേഴ്സിറ്റി സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു നടത്തുന്ന നിരാഹാര സമരവും തുടരുകയാണ്.അനിശ്ചിതകാല നിരാഹാര സമരം തുടരുന്ന കെഎസ്‍യുവിന് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തും.
പീഡന പരാതി;കേസ്-റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി മുംബൈ ഹൈക്കോടതിയെ സമീപിച്ചു
മുംബൈ:വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ബീഹാർ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി മുംബൈ ഹൈക്കോടതിയെ സമീപിച്ചു.ഹര്‍ജി കോടതി ബുധനാഴ്ച പരിഗണിക്കും. മുന്‍കൂര്‍ ജാമ്യവ്യവസ്ഥയുടെ ഭാഗമായി ബിനോയ് കോടിയേരി ഇന്ന് അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകും. ഡിഎന്‍എ പരിശോധനയ്ക്കായി ബിനോയിയുടെ രക്തസാംപിള്‍ എടുക്കുന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു രക്തസാംപിള്‍ കൈമാറേണ്ടിയിരുന്നത്.എന്നാല്‍ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് കാണിച്ച് മെഡിക്കല്‍ രേഖകള്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് സാംപിൾ നൽകിയിരുന്നില്ല.മറ്റു തടസ്സങ്ങളില്ലെങ്കില്‍ ബിനോയിയുടെ രക്തസാംപിള്‍ ഇന്നെടുത്തേക്കും.
കനത്ത മഴ;കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി

ഇരിട്ടി മണിക്കടവിൽ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് ഒരാളെ കാണാതായി
കണ്ണൂര്‍: ഇരിട്ടിക്കടുത്ത് മണിക്കടവില്‍ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് ഒരാളെ കാണാതായി.ജീപ്പില്‍ ഉണ്ടായിരുന്ന മറ്റ് മൂന്നുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഉച്ചയോടെയാണ് സംഭവം.മാട്ടറയില്‍ നിന്ന് മണിക്കടവിലേക്ക് ചപ്പാത്ത് വഴി കടന്നുപോവുകയായിരുന്ന ജീപ്പാണ് അപകടത്തില്‍പ്പെട്ടത്.ചപ്പാത്ത് പാലത്തിന് മുകളില്‍ നിന്ന് ജീപ്പ് പുഴയിലേക്ക് മറിയുകയായിരുന്നു.മണിക്കടവ് കോളിത്തട്ട് സ്വദേശി ലിധീഷിനെയാണ് കാണാതായത്. ഇയാള്‍ക്കായി ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയാണ്.പാലത്തിന് കൈവരി ഇല്ലാത്തതും പാലത്തിൽ വെള്ളം കയറിയതുമാണ് അപകടത്തിന് കാരണമായത്.
കനത്ത മഴ;കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കണ്ണൂര്‍: കനത്ത മഴ തുടരുന്നതിനാല്‍ കണ്ണൂര്‍ ജില്ലയിലെ പ്രെഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കലക്റ്റർ അവധി പ്രഖ്യാപിച്ചു.അതേസമയംസര്‍വ്വകലാശാല പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. ജില്ലയില്‍ കാലവര്‍ഷം ശക്തമായി തുടരുകയും ദുരന്തനിവാരണ അതോറിറ്റി റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്.റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശമുണ്ട്.