കൊല്ലം:ജില്ലയിലെ മത്സ്യമാര്‍ക്കറ്റുകളിലും മൊത്ത വിതരണ കേന്ദ്രത്തിലും ഭക്ഷ്യസുരക്ഷാ വകുപ്പും നഗരസഭാ ആരോഗ്യ വിഭാഗവും നടത്തിയ പരിശോധയിൽ നൂറു കിലോയിലധികം പഴകിയ മൽസ്യം പിടികൂടി.വലിയകട, രാമന്‍കുളങ്ങര, ഇരവിപുരം മാര്‍ക്കറ്റുകളിലും ആണ്ടാമുക്കം കഐസ് ഫിഷറീസ് എന്ന മൊത്ത വ്യാപാര കേന്ദ്രത്തിലുമായിരുന്നു പരിശോധന. ദിവസങ്ങളോളം പഴക്കമുള്ള നെയ്മീന്‍, ചാള എന്നിവ ഉള്‍പ്പെടെയുള്ള പഴകിയ മീനുകളാണു പരിശോധനയില്‍ പിടിച്ചെടുത്തത്.അതേസമയം രാസവസ്തുക്കളുടെ സാന്നിധ്യം മീനുകളില്‍ കണ്ടെത്തിയിട്ടില്ല.
കുറഞ്ഞ ചെലവില്‍ പാഴ്സലുകള്‍ അയക്കുന്നതിനുള്ള പുത്തന്‍ സംവിധാനവുമായി പോസ്റ്റ് ഓഫീസ്
തിരുവനന്തപുരം: രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ഇനിമുതല്‍ കുറഞ്ഞ ചെലവില്‍ പാഴ്സലുകൾ അയക്കുന്നതിനുള്ള പുത്തന്‍ സംവിധാനവുമായി രംഗത്തെത്തിയിരിക്കുകയാണ് തപാല്‍ വകുപ്പ്.തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സംവിധാനം കൊണ്ടുവന്നിട്ടുണ്ട്.പാര്‍സല്‍ അയയ്ക്കണമെങ്കില്‍ സാധനം വാങ്ങി നേരെ പോസ്റ്റ് ഓഫീസിലേക്ക് എത്തിയാൽ മതി.പായ്ക്കിങ് മുതല്‍ സുരക്ഷിതമായി സാധനങ്ങള്‍ എത്തിക്കുന്നത് വരെയുള്ള മുഴുവന്‍ കാര്യങ്ങളും തപാല്‍ വകുപ്പധികൃതര്‍ നോക്കിക്കോളും. ഇടപാടുകാരുടെ സംശയങ്ങള്‍ക്കും ലഭ്യമാകുന്ന സേവനങ്ങളെക്കുറിച്ചും പറഞ്ഞു തരാന്‍ ജീവനക്കാരും സജ്ജരാണ്.പദ്ധതി വിജയകരമായാല്‍ എല്ലാ പോസ്റ്റ് ഓഫീസിലേക്കും വ്യാപിപ്പിക്കാനാണ് തപാൽ വകുപ്പിന്റെ തീരുമാനം.
‘കാസർകോടിനൊരിടം’ സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രമേള സെപ്റ്റംബർ 13,14,15 തീയതികളിൽ കാസർകോഡ് വെച്ച് നടത്തപ്പെടുന്നു
കാസർകോഡ്:വികസനവഴിയിൽ കാസർകോടിനെ കൈപിടിച്ചുയർത്താൻ രൂപീകൃതമായ ‘കാസർകോടിനൊരിടം’ സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രമേള(KIFF-Kasarkode International Film Festival) സെപ്റ്റംബർ 13,14,15 തീയതികളിൽ കാസർകോഡ് വെച്ച് നടത്തപ്പെടുന്നു. മേളയുടെ ഭാഗമായി ഹ്രസ്വചിത്രങ്ങളുടെ മത്സരവിഭാഗവും ഉണ്ടായിരിക്കുന്നതാണ്.ബെസ്റ്റ് 3 ചിത്രങ്ങൾക്ക് ആകർഷകമായ പ്രൈസ് മണിയും പ്രശസ്തി പത്രവും ഉപഹാരവും ഉണ്ടായിരിക്കുന്നതാണ്. 50,000 രൂപ, 20,000 രൂപ, 10,000 രൂപ എന്നിങ്ങനെയാണ് പ്രൈസ് മണി. 30 മിനിറ്റിൽ അധികം ദൈർഘ്യമില്ലാത്ത ഡിവിഡി ഫോർമാറ്റിലുള്ള ചിത്രമാണ് മത്സരവിഭാഗത്തിലേക്ക് പരിഗണിക്കുക.മറ്റ് ഭാഷകളിലുള്ള ചിത്രങ്ങൾക്ക് മലയാളം/ ഇംഗ്ലീഷ് സബ്ടൈറ്റിലുകൾ ഉണ്ടായിരിക്കണം.ഓഗസ്റ്റ് 30 ആണ് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി. 1000 രൂപയാണ് പ്രവേശന ഫീസ്.ചലച്ചിത്ര മേള,മത്സര വിഭാഗം എന്നിവയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് +917736365958, 8129664465 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
വയനാട്ടിൽ തമിഴ്‍നാട് സ്വദേശികളായ ദമ്പതികൾക്ക് നടുറോഡിൽ ക്രൂരമർദനം
വയനാട്:തമിഴ്‍നാട് സ്വദേശികളായ ദമ്പതികൾക്ക് നടുറോഡിൽ ക്രൂരമർദനം.വയനാട് ജില്ലയിലെ അമ്പലവയലിലാണ് സംഭവം. ഓട്ടോ ഡ്രൈവറാണ് നടുറോഡില്‍വച്ച് യുവതിയേയും ഭര്‍ത്താവിനേയും ആക്രമിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.സംഭവത്തില്‍ ഓട്ടോ ഡ്രൈവറായ ജീവാനന്ദിനോട് സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടു.പൊലീസ് സ്റ്റേഷന് തൊട്ടടുത്തായിരുന്നു സംഭവം നടന്നത്. എന്നാല്‍ പരാതി ലഭിക്കാത്തതിനാല്‍ പൊലീസ് കേസെടുത്തിരുന്നില്ല.ഭര്‍ത്താവിനെ മര്‍ദിച്ചതിനെ ചോദ്യം ചെയ്തതോടെയാണ് ‘നിനക്കും വേണോ’യെന്ന് ചോദിച്ച് ജീവാനന്ദ് യുവതിയുടെ മുഖത്തടിച്ചത്. കൂടാതെ യുവതിയെ അസഭ്യം പറയുകയും ചെയ്തു. ദൃക്സാക്ഷികളിലാരോ പകര്‍ത്തിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ജില്ലാ പോലീസ് മേധാവി സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇരിട്ടി മണിക്കടവിൽ ജീപ്പ് പുഴയിലേയ്ക്ക് മറിഞ്ഞു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കണ്ണൂർ:ഇരിട്ടി മണിക്കടവിൽ ജീപ്പ് പുഴയിലേയ്ക്ക് മറിഞ്ഞു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.മണിക്കടവ് സ്വദേശി ലിതീഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.ഞാറാഴ്ചയായിരുന്നു അപകടം നടന്നത്.ഇരിട്ടി മണിക്കടവ് മാട്ടറ ചപ്പാത്ത് പാലം കടക്കുമ്പോൾ ജീപ്പ് പുഴയിലേക്ക് മറിയുകയായിരുന്നു.ജീപ്പിലുണ്ടായിരുന്ന മറ്റ് മൂന്നുപേർ നീന്തി രക്ഷപ്പെട്ടു.ലതീഷിനെ കാണാതാവുകയറുമായിരുന്നു.ആദ്യ രണ്ട് ദിവസമായി തെരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല.തുടർന്ന് ജില്ലാ കലക്ടര്‍ ഏഴിമല നാവിക അക്കാദമിയുടെ സഹായം തേടുകയായിരുന്നു.നാവികസേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
നിപ ബാധയെ തുടർന്ന് ആശുപത്രിയിൽ കഴിഞ്ഞിരുന്ന യുവാവ് 53 ദിവസത്തിന് ശേഷം ഇന്ന് ആശുപത്രി വിടും
കൊച്ചി:നിപ ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന യുവാവ് 53 ദിവസത്തിന് ശേഷം ഇന്ന് ആശുപത്രി വിടും.യുവാവിന്റെ ആരോഗ്യ നിലയില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ ജൂണ് നാലിനാണ് പറവൂര്‍ സ്വദേശിയായ യുവാവിന് നിപ ബാധിച്ചതായി സ്ഥിതീകരിച്ചത്. 53 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷമാണ് യുവാവ് ഇന്ന് വീട്ടിലേക്ക് മടങ്ങുന്നത്. വീട്ടില്‍ 10 ദിവസത്തെ വിശ്രമത്തിന് ശേഷം സാധാരണ ജീവിതത്തിലേക്ക് പോകാനാകുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. യുവാവ് ആശുപത്രി വിടുന്നതോടനുബന്ധിച്ച് വിപുലമായ യാത്രയയപ്പ് നല്‍കാനാണ് ആശുപത്രി അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ന് രാവിലെ എട്ടരക്ക് നടക്കുന്ന പരിപാടിയില്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജ മുഖ്യാതിഥി ആയിരിക്കും. യുവാവ് ആശുപത്രി വിടുന്നതോടെ എറണാകുളം ജില്ലയെ നിപ മുക്ത ജില്ലയായി ചടങ്ങില്‍ ആരോഗ്യ മന്ത്രി പ്രഖ്യാപിക്കും.
കോട്ടയത്ത് സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
കോട്ടയം:പാലായിൽ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.പാല ചാവറ സ്കൂളിലെ ബസാണ് അപകടത്തില്‍ പെട്ടത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് അപകടം നടന്നത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ പാല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് റിപ്പോര്‍ട്ട്.
ശക്തമായ മഴ ബുധനാഴ്ച വരെ തുടരും; കണ്ണൂർ,കാസർകോഡ് ജില്ലകളിൽ റെഡ് അലർട്ട്
കണ്ണൂർ:സംസ്ഥാനത്ത് ശക്തമായ മഴ ബുധനാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രത നിര്‍ദേശമുണ്ട്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ,കാസർകോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലും ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് നല്‍കിയിട്ടുള്ളത്.ഇന്ന് രാത്രി വരെ പൊഴിയൂർ മുതൽ കാസര്‍കോട് വരെയുള്ള തീരത്ത് 3.5 മുതൽ 4.1 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. കാലവർഷം ശക്തമായി തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ, കാസർകോട്, മലപ്പുറം ജില്ലകളിലെ പ്രൊഫഷനൽ കോളജുകൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു. മലപ്പുറത്ത് മതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. എന്നാല്‍ സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല.
കനത്ത മഴ;കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി പ്രഖ്യാപിച്ചു
കണ്ണൂര്‍: കനത്ത മഴ തുടരുന്നതിനാല്‍ കണ്ണൂര്‍ ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ഇന്നും കണ്ണൂര്‍ ജില്ലയിലെ സ്കൂളുകള്‍ക്ക് അവധിയായിരുന്നു.കണ്ണൂര്‍ ഉള്‍പ്പടെയുള്ള വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. കണ്ണൂരിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നുണ്ട്.
നാളെ കെ.എസ്.യു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു
തിരുവനന്തപുരം:നാളെ കെ.എസ്.യു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. യൂനിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ അക്രമത്തില്‍ പ്രതിഷേധിച്ച് കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ചിനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ് നടത്തുന്നതെന്ന് കെ.എസ്.യു സംസ്ഥാന കമ്മിറ്റി അറിയിച്ചു.കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയത്. പ്രവർത്തകർ പൊലീസിന് നേരെ കല്ലെറിഞ്ഞു.ഇതോടെ പോലീസ് ജലപീരങ്കിയും ടിയർ ഗ്യാസും പ്രയോഗിച്ചു.എന്നിട്ടും പിരിഞ്ഞു പോകാത്ത പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി ചാര്‍ജ് നടത്തുകയും ചെയ്തു. സംസ്ഥാന പ്രസിഡന്‍റ് അഭിജിത്ത് ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് കവാടത്തിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്.