തിരുവനന്തപുരം:വേതന പരിഷ്കരണമുള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ റേഷൻകടയുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്. ഇ പോസ് മെഷ്യനുകള്‍ പ്രവര്‍ത്തിക്കാത്തത്തിനെത്തുടര്‍ന്ന് റേഷന്‍ വിതരണം മുടങ്ങുന്നതിന് പരിഹാരം കാണണമെന്ന ആവശ്യവും വ്യാപാരികള്‍ മുന്നോട്ട് വെക്കുന്നുണ്ട്.ഇതിനു മുന്നോടിയായി അടുത്ത മാസം ഏഴിന് റേഷന്‍ കടയുടമകള്‍ സൂചനാ സമരം നടത്തും. നിലവില്‍ ലഭിക്കുന്ന വേതനം കൊണ്ട് റേഷന്‍കട നടത്തി മുന്നോട്ട് പോകാനാവില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. സെയില്‍സ്മാന് വേതനം നല്‍കാന്‍ അധികൃതര്‍ തയ്യാറാകണം. മാസങ്ങളുടെ കുടിശികയാണ് പലപ്പോഴും വേതനത്തിന്‍റെ കാര്യത്തില്‍ ഉണ്ടാകുന്നത്. ഇതിനു പകരം റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന്‍റെ തൊട്ടടുത്ത മാസം തന്നെ വേതനം നല്‍കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും വ്യാപാരികള്‍ ആവശ്യപ്പെടുന്നു.സെര്‍വര്‍ തകരാറ്‍ ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ കൊണ്ട് ഇ പോസ് മെഷ്യനുകളുടെ പ്രവര്‍ത്തനം പലപ്പോഴും തടസ്സപ്പെടുന്നുണ്ട്. ഇത് പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണം.വിതരണത്തിനാവശ്യമായ സാധനങ്ങള്‍ ഓരോ മാസവും പതിനഞ്ചാം തിയ്യതിക്കുള്ളില്‍ റേഷന്‍ കടകളില്‍ എത്തിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് റേഷൻ വ്യാപാരിയേക്കാൾ മുന്നോട്ട് വെച്ചിരിക്കുന്നത്.
അമ്പൂരി കൊലപാതകം;മുഖ്യപ്രതി അഖിൽ കുറ്റം സമ്മതിച്ചു
തിരുവനന്തപുരം:അമ്പൂരിയിൽ യുവതിയെ കൊലപ്പെടുത്തി വീട്ടുവളപ്പിൽ കുഴിച്ചുമൂടിയ കേസിൽ മുഖ്യപ്രതി അഖിൽ കുറ്റം സമ്മതിച്ചു.അമ്പൂരിയിലെ വീട്ടിലെത്തിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് അഖിലിന്‍റെ കുറ്റസമ്മതം.വിവാഹം സംബന്ധിച്ച വാക്കുതര്‍ക്കത്തിനൊടുവില്‍ യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്ന് അഖിൽ പറഞ്ഞു.സഹോദരന്‍ രാഹുലും സുഹൃത്ത് ആദര്‍ശും കൊലപാതകത്തിന് സഹായിച്ചുവെന്നും അഖില്‍ പൊലീസിന് മൊഴി നല്‍കി.കീഴടങ്ങുകയാണെന്ന് പൊലീസിനെ അറിയിച്ചശേഷം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നെയ്യാറ്റിൻകര ഡി.വൈ.എസ്.പി നടത്തിയ ചോദ്യം ചെയ്യലിലാണ് അഖിൽ നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയത്.രണ്ടാംപ്രതിയും അഖിലിന്റെ സഹോദരനുമായ രാഹുല്‍ മലയിന്‍കീഴില്‍ നിന്ന് പിടിയിലായതോടെയാണ് ഡല്‍ഹിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന അഖിലിന് കീഴടങ്ങാന്‍ സമ്മര്‍ദ്ദമേറിയത്. താനും അഖിലും ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തിയതായി രാഹുലും കുറ്റസമ്മതം നടത്തിയിട്ടുണ്ട്. കൊല്ലാനായി തന്നെയാണ് യുവതിയെ നെയ്യാറ്റിന്‍കരയില്‍ നിന്ന് കാറില്‍ കയറ്റിയത്. കാറില്‍ വച്ച് തര്‍ക്കമുണ്ടായപ്പോള്‍ അഖില്‍ യുവതിയെ കഴുത്ത് ഞെരിച്ച് ബോധംകെടുത്തി.വീട്ടിലെത്തിച്ച് കയര്‍ കഴുത്തില്‍ മുറുക്കി മരണം ഉറപ്പാക്കിയെന്നും രാഹുല്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. എന്നാല്‍ മൃതദേഹം മറവുചെയ്യാനുള്ള കുഴിയെടുക്കാന്‍ പ്രതികള്‍ക്കൊപ്പം അച്ഛനും ഉണ്ടായിരുന്നുവെന്ന് അയല്‍വാസികളടക്കം വെളിപ്പെടുത്തിയതോടെ ആസൂത്രണത്തില്‍ അച്ഛനും പങ്കുണ്ടോയെന്ന സംശയവും ഉയരുന്നുണ്ട്. ഇത് കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. പ്രതികളെ പ്രത്യേക അപേക്ഷ കൊടുത്ത് കസ്റ്റഡിയിൽ വാങ്ങി അമ്പൂരിയിലെ കൊല നടന്ന വീട്ടിലെത്തിച്ച തെളിവെടുപ്പ് നടത്താനാണ് പോലീസ് ശ്രമം.
നെടുങ്കണ്ടം കസ്റ്റഡി മരണം;മൃതദേഹം പുറത്തെടുത്ത് റീപോസ്റ്റ്മോർട്ടം നടത്തും
ഇടുക്കി:നെടുങ്കണ്ടം കസ്റ്റഡി മരണ കേസിൽ രാജ്കുമാറിന്റെ മൃതദേഹം തിങ്കളാഴ്ച വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യും.കസ്റ്റഡി മരണം അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മിഷനാണ് മൃതദേഹം പുറത്തെടുത്ത് പരിശോധിക്കുന്നത്. ഇതിനായി ഫോറൻസിക് വിദഗ്ധരുടെ സംഘത്തെയും നിയോഗിച്ചു.ആദ്യ പോസ്റ്റ്മോർട്ടത്തിൽ പരിക്കുകളുടെ പഴക്കം കണ്ടെത്തിയിരുന്നില്ല. ആന്തരാവയവങ്ങൾ പരിശോധനയ്ക്ക് എടുക്കുകയും ചെയ്തിരുന്നില്ല. വാരിയെല്ലുകൾ പൊട്ടിയിരുന്നതായും മരണസമയത്ത് നെഞ്ചിലമർത്തി സിപിആർ കൊടുത്തപ്പോൾ സംഭവിച്ചതാണെന്നും ആദ്യ പോസ്റ്റുമോർട്ടത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇതാണ് പ്രധാനമായും അന്വേഷിക്കുക.എല്ലുകൾ മാത്രമേ ഇപ്പോൾ പരിശോധനയ്ക്ക് എടുക്കാൻ കഴിയുകയുള്ളൂ. ആന്തരാവയവങ്ങൾ എല്ലാം തന്നെ ദ്രവിച്ച് പോയിരിക്കാം എന്നാണ് നിഗമനം. മുതിർന്ന പോലീസ് സർജന്മാരായ പിബി ഗുജ്‌റാൾ, കെ പ്രസന്നൻ എന്നിവരെ കൂടാതെ ഡോ. എകെ ഉന്മേഷും ചേർന്നാണ് രണ്ടാം പോസ്റ്റ് മോർട്ടം നടത്തുന്നത്.
കാസർകോഡ് ബദിയടുക്കയിൽ സഹോദരങ്ങളായ കുട്ടികൾ മരിച്ചത് മിലിയോഡോസിസ് ബാധിച്ചെന്ന് സ്ഥിതീകരണം
കാസർകോഡ്: ബദിയടുക്ക കന്യാപാടിയിൽ സഹോദരങ്ങളായ കുട്ടികൾ മരിച്ചത് മിലിയോഡോസിസ് ബാധിച്ചെന്ന് സ്ഥിതീകരണം.അദ്ധ്യാപകനായ സിദ്ദിഖിന്റെയും അസറുന്നിസയുടെയും മക്കളായ മൊയ്തീന്‍ ഷിനാസ് (നാലര), ഷിഹാറത്തുല്‍ മുന്‍ ജഹാന്‍ (6 മാസം) എന്നിവരാണ് കഴിഞ്ഞ ദിവസം രോഗം ബാധിച്ച് മരിച്ചത്.മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് മരണകാരണം സ്ഥിരീകരിച്ചത്.ഇതേ രോഗലക്ഷണങ്ങളോടെ കുട്ടികളുടെ മാതാപിതാക്കളടക്കം നാലുപേര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലാണ്. പനിബാധിച്ച് ചികിത്സയിലായിരുന്നു ഇരുവരും. എന്താണ് മരണകാരണമെന്ന് ആദ്യഘട്ടത്തില്‍ സ്ഥിരീകരിക്കാനാവാത്തതാണ് ആശങ്കയ്ക്കിടയാക്കിയത്. വൈറസ് ബാധയല്ല മരണകാരണമെന്ന് പിന്നീട് തിരിച്ചറിഞ്ഞെങ്കിലും എന്തു രോഗം ബാധിച്ചാണ് കുട്ടികള്‍ മരിച്ചതെന്ന സംശയം ബാക്കിയായിരുന്നു. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് മിലിയോഡോസിസ് ആണ് മരണകാരണമെന്ന് കണ്ടെത്തിയത്.മലിനമായ വെള്ളത്തില്‍ നിന്നോ ചെളിയില്‍ നിന്നോ ബാക്ടീരിയ മൂലം പിടിപെടുന്ന രോഗമാണ് മിലിയോഡോസിസ്. കനത്ത മഴയെത്തുടര്‍ന്ന് കാസര്‍കോട് ജില്ലയുടെ താഴ്ന്ന ഭാഗങ്ങളില്‍ വെള്ളം കയറിയിരുന്നു.ഇത്തരം ജലത്തിൽ നിന്നതിന്നാണ് രോഗബാധ ഉണ്ടായതെന്നാണ് നിഗമനം.മഴക്കാലത്ത് ഈ രോഗം പടരുവാന്‍ സാധ്യത ഏറെയാണ്.പ്രതിരോധ ശേഷി കുറഞ്ഞ കുട്ടികള്‍, പ്രായമേറിയവര്‍, ഗര്‍ഭിണികള്‍ എന്നിവരെയാണ് ഈ രോഗം എളുപ്പത്തിൽ ബാധിക്കുക. ചികിത്സ വൈകുന്തോറും മരണ സാധ്യതയും കൂടും.
സര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിച്ച് കെ.എസ്.ആര്‍.ടി.സി;നൂറുകോടി രൂപ ഉടൻ അനുവദിച്ചില്ലെങ്കിൽ കട്ടപ്പുറത്താകുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം:സര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിച്ച് കെ.എസ്.ആര്‍.ടി.സി. കെ.എസ്.ആര്‍.ടി.സി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അടിയന്തരമായി നൂറുകോടി അനുവദിച്ചില്ലെങ്കില്‍ ദൈനദിന പ്രവര്‍ത്തനങ്ങള്‍ നിലയ്‌ക്കുമെന്നും സര്‍ക്കാരിന് എം.ഡി മുന്നറിയിപ്പ് നൽകി.വരുമാനം കൂട്ടാനും നഷ്‌ടം കുറയ്‌ക്കാനുമായി നടത്തിയ ശ്രമങ്ങള്‍ പാളിയതാണ് കെ.എസ്.ആര്‍.ടി.സിയെ പ്രതിസന്ധിയിലാക്കിയത്. സ്‌പെയര്‍ പാട്‌സ് കുടിശിക 21.50 കോടി, ബസ് വാങ്ങിയ വകയില്‍ പതിനെട്ടരക്കോടി ,അപകടനഷ്ടപരിഹാരമായി കൊടുക്കാനുള്ളത് 25.60കോടി രൂപ, ജി.പി.എസും ജി.എസ്.ടിക്കുമായി 17 കോടി, നിര്‍മാണപ്രവര്‍ത്തനങ്ങളുടെ കുടിശിക 13 കോടി, വായ്പയ്ക്കായി കണ്‍സോര്‍ഷ്യം രൂപീകരിച്ച വകയില്‍ ബാങ്ക് ഫീസ് കുടിശിക നാലരക്കോടി എന്നിങ്ങനെ കെ.എസ്.ആര്‍.ടി.സിക്ക് ബാധ്യതയുണ്ട്.ഈ സാമ്ബത്തിക വര്‍ഷത്തെ ഇതുവരെയുള്ള നഷ്ടം 234 കോടിയാണ്. വരവ് ചെലവ് ഇനത്തില്‍ പ്രതിദിനം എഴുപത്തിയൊന്‍പത് ലക്ഷത്തോളം രൂപയുടെ വ്യത്യാസമുണ്ടെന്നും എം.ഡി.ദിനേശ് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
കോയമ്പത്തൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു;മരിച്ചത് മലയാളികളെന്ന് സൂചന
കോയമ്പത്തൂർ:കോയമ്പത്തൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു.കേരളാ രെജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.ഇവർ മലയാളികളാണെന്നാണ് സൂചന.പാലക്കാട്‌നിന്ന് കന്യാകുമാരിയിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.രണ്ടു പേര്‍ സംഭവ സ്ഥലത്തും മൂന്നു പേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
അമ്പൂരി കൊലപാതകം;അഖിലേഷും രാഖിയും വിവാഹിതനായിരുന്നുവെന്ന് പോലീസ് റിപ്പോർട്ട്
തിരുവനന്തപുരം:അമ്പൂരിയിൽ കൊന്ന് കുഴിച്ചുമൂടപ്പെട്ട നിലയിൽ കണ്ടെത്തിയ രാഖിയും കാമുകൻ അഖിലേഷും വിവാഹം ചെയ്തിരുന്നതായി പോലീസ്.ഫെബ്രുവരിയില്‍ എറണാകുളത്തെ ക്ഷേത്രത്തില്‍ വച്ചാണ് ഇരുവരും വിവാഹിതരായതെന്ന് മൂന്നാം പ്രതി ആദര്‍ശിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നു.അതിനിടെ കൊല്ലപ്പട്ട രാഖി നെയ്യാറ്റിന്‍കര ബസ് സ്റ്റേഷന് സമീപത്ത് കൂടി നടന്ന് പോകുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചു. 21ന് എറണാകുളത്തേക്ക് പോവുകയാണെന്ന് പറഞ്ഞ് ഇറങ്ങിയ രാഖി അഖിലേഷിനെ കാണാന്‍ പോകുന്ന ദൃശ്യങ്ങളാണ് പൊലിസിന് ലഭിച്ചത്. ദൃശ്യങ്ങളില്‍ കാണുന്നത് രാഖി തന്നെയാണെന്ന് അച്ഛന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.നെയ്യാറ്റിന്‍കരയില്‍ നിന്നും രാഖിയെ കൂടെക്കൂട്ടിയ അഖിലേഷ് യാത്രാ മധ്യേ തനിക്ക് വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ചിട്ടുള്ള വിവാഹം മുടക്കാനുള്ള ശ്രമത്തില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കൂട്ടാക്കാതിരുന്ന രാഖിയെ സന്ധ്യയോടെ സുഹൃത്തിന്റെ കാറില്‍ വീടിന് സമീപമെത്തിച്ചു. കാര്‍ നിര്‍ത്തിയശേഷം ഡ്രൈവിങ് സീറ്റില്‍ ഇരിക്കുകയായിരുന്ന അഖിലേഷ് രാഖിയുടെ രണ്ട് കൈകളും കൂട്ടിപ്പിടിച്ചു. ഈ സമയം പിന്‍സീറ്റില്‍ ഇരിക്കുകയായിരുന്ന സഹോദരന്‍ രാഹുല്‍ രാഖിയുടെ കഴുത്തില്‍ കയർ കുരുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.കഴുത്തില്‍ കുരുക്ക് മുറുകിയപ്പോള്‍ നിലവിളിക്കാനും ബഹളം വയ്ക്കാനും ശ്രമിച്ചെങ്കിലും കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് അഖിലേഷ് എന്‍ജിന്‍ ഇരപ്പിച്ചതിനാല്‍ നിലവിളിയും ബഹളവുമൊന്നും പുറം ലോകം അറിഞ്ഞില്ല.നഗ്നയാക്കിയ നിലയില്‍ മൃതദേഹം അഖിലേഷിന്റെ പറമ്പിൽ മറവ് ചെയ്ത സംഘം രാത്രിതന്നെ അവിടെ നിന്ന് പോയി.ഏതാനും ദിവസത്തിനുശേഷം അവധികഴിഞ്ഞ് ഡല്‍ഹിയിലേക്ക് അഖിലേഷ് തിരികെ മടങ്ങി. ഇതിനിടെ മകളെ കാണാനില്ലെന്ന് കാണിച്ച് രാഖിയുടെ അച്ഛന്‍ നല്‍കിയ പരാതിയില്‍ പൊലിസ് നടത്തിയ അന്വേഷണത്തിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
പ്രളയ രക്ഷാപ്രവര്‍ത്തനം; സംസ്ഥാനത്തിനോട് 113 കോടി രൂപ ആവശ്യപ്പെട്ട് വ്യോമസേന
തിരുവനന്തപുരം:സംസ്ഥാനത്ത് കഴിഞ്ഞ വർഷം ഉണ്ടായ പ്രളയ സമയത്ത് രക്ഷാപ്രവർത്തനം നടത്തിയതിന് 113 കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ട് വ്യോമസേന സംസ്ഥാന സർക്കാരിന് കത്തയച്ചു.വിമാനങ്ങളും ഹെലിക്കോപ്ടറും ഉപയോഗിച്ച് ജനങ്ങളെ രക്ഷിച്ചതിനുള്ള ചെലവിലേക്ക് പണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് വ്യോമസേന, സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരിക്കുന്നത്. ഓഖി ദുരന്ത സമയത്തുള്ള രക്ഷാപ്രവര്‍ത്തനത്തിനും വ്യോമസേന ഇതേ രീതിയില്‍ പണം ആവശ്യപ്പെട്ടിരുന്നു.ഓഗസ്റ്റ് 15 മുതല്‍ നാല് ദിവസമാണ് വ്യോമസേനയും മറ്റ് സേനാവിഭാഗങ്ങളും രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടത്. ഇതിലേക്കായി 113,69,34,899 രൂപയാണ് വ്യോമസേന ആവശ്യപ്പെട്ടത്.ഓഖി ദുരന്തസമയത്ത് 26 കോടി രൂപയുടെ ബില്ലാണ് വ്യോമസേന സര്‍ക്കാരിന് നല്‍കിയത്. പിന്നീട് 35 കോടിയുടെ ബില്ലും നല്‍കി. ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തെ പ്രതിഷേധം അറിയിച്ചിരുന്നു.113 കോടിയുടെ ബില്‍ ലഭിച്ചതിനെക്കുറിച്ച് ഇതുവരെ സര്‍ക്കാര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
കണ്ണപുരത്ത് ലോറികള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്
കണ്ണൂർ:കണ്ണപുരത്ത് ലോറികള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്.പിലാത്തറ പാപ്പിനിശ്ശേരി കെ എസ് ടി പി റോഡില്‍ കണ്ണപുരം പാലത്തിന് സമീപം രാവിലെ ഏഴു മണിയോടെയാണ് അപകടമുണ്ടായത്.കാസര്‍കോട് സ്വദേശി വിനീത് (25), യു പി സ്വദേശി അരവിന്ദ് (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്.മംഗളൂരുവില്‍ നിന്നും കണ്ണൂരിലേക്ക് പൂഴി കയറ്റി പോകുകയായിരുന്ന ലോറിയും എതിരെനിന്നും വരികയായിരുന്ന കണ്ണൂര്‍ ഭാഗത്ത് നിന്നും മഹാരാഷ്ട്രയിലേക്ക് പോവുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.
ഏഴാമത് വേള്‍ഡ് കയാക്കിങ് ചാമ്പ്യൻഷിപ്പിന് ഇന്ന് കോഴിക്കോട് തുഷാരഗിരിയില്‍ തുടക്കമാകും
