തൃശൂർ ചാവക്കാട് വെട്ടേറ്റ കോൺഗ്രസ് പ്രവർത്തകൻ മരിച്ചു;ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐ എന്ന് കോൺഗ്രസ്

keralanews congress activist murdered in thrissur chavakkad

തൃശൂർ:ചാവക്കാട് പുന്നയില്‍ കോണ്‍ഗ്രസ്‌ – എസ്‌ഡിപിഐ സംഘര്‍ഷത്തില്‍ വെട്ടേറ്റ്‌ ചകിത്സയിലായിരുന്ന കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ മരിച്ചു. നൗഷാദ്‌ ആണ്‌ മരിച്ചത്‌.നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാണ്‌ വെട്ടേറ്റത്‌.ഇതിൽ  ബിജേഷ്, നിഷാദ്, സുരേഷ് എന്നിവര്‍ ചികിത്സയിലാണ്‌. ബിജേഷിന്റെയും നില ഗുരുതരമാണ്. ഇന്നലെ രാത്രിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം നടന്നത്.ഒൻപത് ബൈക്കുകളിലായെത്തിയ അക്രമി സംഘം വടിവാളുകൊണ്ട് ഇവരെ വെട്ടുകയായിരുന്നു എന്നാണ് വിവരം.14 പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. എസ്ഡിപിഐ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആരോപിക്കുന്നു. എന്നാല്‍ ആരോപണം എസ്ഡിപിഐ നിഷേധിച്ചു.

ഡോക്റ്റർമാരുടെ രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചു

keralanews doctors strike in india started

ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ ലോകസഭയില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച്‌ സർക്കാർ-സ്വകാര്യ ആശുപത്രികളിലെ ഡോക്റ്റർമാർ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചു.24 മണിക്കൂറാണ് സമരം. ഇന്ന് കാലത്ത് ആറു മണിക്ക് ആരംഭിച്ച പണിമുടക്ക് നാളെ രാവിലെ ആറു വരെ തുടരും.അത്യാഹിത, തീവ്രപരിചരണ, ശസ്ത്രക്രിയ വിഭാഗങ്ങളെ സമരത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് രാജ്യവ്യാപകമായ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ അവസാനവര്‍ഷ പരീക്ഷ ബിരുദാനന്തര ബിരുദപ്രവേശനത്തിന് മാനദണ്ഡമാക്കാനടക്കം ശുപാര്‍ശ ചെയ്യുന്നതാണ് ബില്‍. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മെഡിക്കല്‍ മേഖലയുമായി ബന്ധമുള്ള പ്രാക്ടീസ് ചെയ്യുന്നവര്‍ക്ക് പ്രാക്ടീസ് ചെയ്യാന്‍ പരിമിത ലൈസന്‍സ് നല്‍കുന്നത് അടക്കമുള്ള വ്യവസ്ഥകളും പുതിയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിലുണ്ട്.

കണ്ണൂർ സിറ്റിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

keralanews man killed in kannur city

കണ്ണൂർ:കണ്ണൂർ സിറ്റിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ആദികടലായി സ്വദേശി അബ്ദുൾ റൗഫ് എന്ന കട്ട റൗഫാണ് കൊല്ലപ്പെട്ടത്. ആദികടലായി ക്ഷേത്രത്തിന് സമീപത്ത് വെച്ച് ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം. വെട്ടേറ്റ് വഴിയരികിൽ വീണ് കിടന്ന റൗഫിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്കിലെത്തിയ സംഘമാണ് കൊല നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. 2016ൽ കണ്ണൂർ സിറ്റിയിലെ എസ്.ഡി.പി.ഐ പ്രാദേശിക നേതാവ് ഫാറൂഖിനെ കൊലപ്പെടുത്തിയതടക്കം നിരവധി കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട റൗഫ്.

കോഴിക്കോട് പയ്യോളിയിൽ വാഹനാപകടത്തിൽ രണ്ട് എംബിബിഎസ്‌ വിദ്യാർഥികൾ മരിച്ചു

keralanews two mbbs students died in an accident in kozhikkode payyoli

കോഴിക്കോട്:പയ്യോളിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് എംബിബിഎസ്‌ വിദ്യാര്‍ഥികള്‍ മരിച്ചു.ചോമ്പാല കുഞ്ഞിപ്പള്ളി അബ്ദുൽ അസീസിന്റെ മകൻ മുഹമ്മദ് ഫായിസ്, പേരാമ്പ്ര സ്വദേശി വിജയന്റെ മകൻ വിഷ്ണു എന്നിവരാണ് മരിച്ചത്.ഇന്ന് പുലര്‍ച്ചെ പയ്യോളി അയനിക്കാട് വെച്ചാണ് സംഭവം. തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്.

ഡി എൻ എ പരിശോധനയ്ക്കായി ബിനോയ് കോടിയേരി രക്തസാമ്പിൾ നൽകി

keralanews binoy kodiyeri give blood sample for dna test

മുംബൈ:വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ബീഹാർ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ കോടതി നിർദേശമനുസരിച്ച് ഡിഎൻഎ ടെസ്റ്റിനായി ബിനോയ് കോടിയേരി രക്തസാമ്പിൾ നൽകി.ഇന്ന് തന്നെ രക്തസാമ്പിള്‍ നല്‍കണമെന്ന് ബിനോയിയോട് ബോംബൈ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. രണ്ടാഴ്ചക്കുള്ളില്‍ ഡി.എന്‍.എ പരിശോധനാഫലം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിക്കുകയുണ്ടായി.മുംബൈ ഓഷിവാര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് നല്‍കിയ ഹരജി പരിഗണിക്കവെയായിരുന്നു കോടതിയുടെ ഉത്തരവ്. പരിശോധനയ്ക്ക് തയ്യാറാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ബിനോയ് കോടതിയെ അറിയിച്ചിരുന്നു. മുംബൈ ബൈക്കുളയിലെ ജെ.ജെ ആശുപത്രിയില്‍ വെച്ചാണ് രക്തസാമ്പിള്‍ ശേഖരിച്ചത്. ഫലം രണ്ടാഴ്ച്ചക്കുള്ളില്‍ കോടതിയില്‍ നല്‍കുമെന്ന് പൊലീസ് അറിയിച്ചു.

ദേശീയ മെഡിക്കല്‍ ബില്ലിനെതിരെ പ്രതിഷേധം; ഡോക്ടര്‍മാര്‍ നാളെ രാജ്യ വ്യാപകമായി പണിമുടക്കും

keralanews protest against national medical bill tomorrow doctors strike in the nation

ന്യൂഡൽഹി: ദേശീയ മെഡിക്കല്‍ ബില്‍ നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ നാളെയും മറ്റന്നാളും രാജ്യ വ്യാപകമായി പണി മുടക്കും. ബില്ലിലെ അപാകതകള്‍ പരിഹരിക്കണമെന്നാണ് ഡോക്ടര്‍മാരുടെ പ്രധാന ആവശ്യം. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.സർക്കാർ സ്വകാര്യമേഖലകളിലെ മുഴുവൻ ഡോക്ടർമാരും പണിമുടക്കിൽ പങ്കെടുക്കുമെന്ന് അസോസിയേഷൻ നേതൃത്വം അറിയിച്ചു.അത്യാഹിത വിഭാഗത്തെയും അടിയന്തിര ശസ്ത്രക്രിയാ വിഭാഗത്തെയും പണിമുടക്കില്‍ നിന്നും ഒഴിവാക്കും.പ്രതിപക്ഷത്തിന്‍റെ എതിർപ്പ് മറികടന്നാണ് മെഡിക്കൽ കമ്മീഷൻ ബിൽ ലോക്സഭയിൽ സർക്കാർ പാസാക്കിയത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മെഡിക്കല്‍ മേഖലയുമായി ബന്ധമുള്ള പ്രാക്ടീഷണര്‍മാര്‍ക്ക് പ്രാക്ടീസ് ചെയ്യാന്‍ പരിമിത ലൈസന്‍സ് നല്‍കുന്നത് ഉള്‍പ്പെടെയുള്ള വിവാദ വ്യവസ്ഥകൾ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.മെഡിക്കല്‍ രംഗവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും അന്തിമ അതോറിറ്റി 25 അംഗ ദേശീയ മെഡിക്കല്‍ കമ്മീഷനാകും, മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ അവസാന വര്‍ഷ പരീക്ഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് മാനദണ്ഡമാക്കും തുടങ്ങിയവയും ബില്ലിലെ വ്യവസ്ഥകളാണ്.അതേസമയം മൂന്ന് ദശാംശം അഞ്ച് ലക്ഷം വ്യാജ ഡോക്ടര്‍മാര്‍ക്ക് ലൈസന്‍സ് ലഭിക്കാന്‍ ബില്ല് കാരണമാകുമെന്ന ഗുരുതരമായ ആരോപണമാണ് ഡോക്റ്റർമാരുടെ ഭാഗത്തുനിന്നുമുള്ളത്.

പീഡനകേസിൽ ബിനോയ് കോടിയേരിയുടെ ഡിഎൻഎ ടെസ്റ്റ് നടത്താൻ കോടതി ഉത്തരവ്

keralanews court order to conduct dna test of binoy kodiyeri

മുംബൈ:വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന  ബിഹാർ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ ബിനോയ് കോടിയേരിക്ക് തിരിച്ചടി. ബിനോയ് ഡി.എൻ.എ പരിശോധനക്ക് വിധേയനാകണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. നാളെത്തന്നെ രക്തസാമ്പിളുകൾ നൽകാനും കോടതി ബിനോയിയോട് നിർദേശിച്ചു.ബിഹാർ സ്വദേശിയായ യുവതി നൽകിയ പീഡന പരാതിയിൽ മുംബൈ ഓഷിവാര പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ബിനോയ് കോടിയേരി ബോംബെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ഇത് പരിഗണിക്കണവേയാണ് ബിനോയ് ഡി.എൻ.എ പരിശോധനയ്ക്ക് വിധേയനാകണമെന്ന് കോടതി ഉത്തരവിട്ടത്. നാളെത്തന്നെ രക്തസാമ്പിളുകൾ നൽകാൻ ബിനോയിയോട് പറഞ്ഞ കോടതി രണ്ടാഴ്ച്ചക്കുളളിൽ ഡി.എൻ.എ പരിശോധന ഫലം സമർപ്പിക്കാനും നിർദേശിച്ചു.പരിശോധനഫലം മുദ്രവെച്ച കവറിൽ ഹൈക്കോടതി രജിസ്ട്രാർക്ക് കൈമാറണം. പരിശോധനയ്ക്ക് തയ്യാറാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ബിനോയ് കോടതിയെ അറിയിച്ചു. കേസ് അടുത്തമാസം 26ന് കോടതി വീണ്ടും പരിഗണിക്കും. നേരത്തെ, കേസിൽ ബിനോയിക്ക് ജാമ്യം അനുവദിച്ച മുംബൈ ദിൻഡോഷി സെഷൻസ് കോടതി അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ ഡി.എൻ.എ പരിശോധനയ്ക്ക് വിധേയനാകണമെന്നും നിർദേശിച്ചിരുന്നു. എന്നാൽ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി കോടതിയിൽ നിലനിൽക്കുന്നതിനാൽ രക്തസാമ്പിൾ നല്കാനാവില്ലെന്നായിരുന്നു ബിനോയിയുടെ നിലപാട്.ഈ സാഹചര്യത്തിലാണ് അടിയന്തരമായി ഡി.എൻ.എ പരിശോധന നടത്താൻ ഹൈക്കോടതി നിർദേശിച്ചത്.

അമ്പൂരി കൊലപാതകക്കേസ്;മുഖ്യപ്രതി അഖിലിനെ ഇന്ന് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും

keralanews amboori murder case main accused akhil will be taken to the spot for evidence collection

തിരുവനന്തപുരം:അമ്പൂരിൽ രാഖി എന്ന യുവതിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മുഖ്യപ്രതി അഖിലിനെ ഇന്ന് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.അഖില്‍ കുറ്റം സമ്മതിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി.അഖിലിനും സഹോദരനും മാത്രമല്ല കൊലപാതകത്തിലും തെളിവ് നശിപ്പിക്കുന്നതിനും കുടുംബാംങ്ങള്‍ക്കും പങ്കുണ്ടെന്ന് ചോദ്യം ചെയ്യലില്‍ പൊലീസിന് ബോധ്യമായി. ഈ സാഹചര്യത്തില്‍ അഖിലിന്റെ അച്ഛനെയും അന്വേഷണ സംഘം ഇന്ന് ചോദ്യംചെയ്‌തേക്കും.വര്‍ഷങ്ങളായി രാഖിയുമായി അടുപ്പമുണ്ടായിരുന്നു എന്നും വിവാഹിതരായിരുന്നു എന്നും അഖില്‍ സമ്മതിച്ചു. മറ്റൊരു വിവാഹത്തിന് ഒരുങ്ങിയപ്പോള്‍ രാഖി നിരന്തരമായി ആത്മഹത്യാഭീഷണി മുഴക്കി. മറ്റൊരു വിവാഹം കഴിച്ചാല്‍ സ്വര്യമായി ജീവിക്കാന്‍ സമ്മതിക്കില്ലെന്നും പൊലീസില്‍ അറിയിക്കുമെന്നും രാഖി നിലപാടെടുത്തു. ഇതോടെയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് അഖില്‍ പറഞ്ഞു.കൊലപാതകത്തില്‍ അച്ഛന് പങ്കില്ലെന്ന് പറഞ്ഞ അഖില്‍ പക്ഷെ കുഴിയെടുക്കുന്നതിനും മറ്റും അച്ഛന്‍ മണിയന്‍ സഹായിച്ചതായും വെളിപ്പെടുത്തി്. രാഖിയെ കൊല്ലും മുമ്ബെ കുഴിച്ച്‌ മൂടാനുള്ള കുഴി വീട്ടുവളപ്പില്‍ ഒരുക്കിയിരുന്നു. ഇതിന് അച്ഛന്റെ സഹായവും ഉണ്ടായിരുന്നു എന്ന് അഖില്‍ വെളിപ്പെടുത്തി. അഖിലിന്റെ അച്ഛന്‍ മണിയന്‍ വീട്ടില്‍ കുഴി വെട്ടുന്നത് കണ്ടെന്ന് നാട്ടുകാരും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ മരം വച്ച്‌ പിടിപ്പിക്കാനാണെന്ന മറുപടിയാണ് അന്ന് കിട്ടിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.അഖിലിന്റെ സഹോദരന്‍ രാഹുലിനെ നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.കൊലപാതകം നടന്ന കാറ് തൃപ്പരപ്പില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഒരുമാസം മുൻപാണ് പൂവ്വാര്‍ സ്വദേശിനിയായ രാഖിയെ കാണാതാകുന്നത്.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അമ്പൂരിയിലെ അഖിലിന്റെ വീട്ടില്‍ കൊന്ന് കുഴിച്ച്‌ മൂടിയ നിലയില്‍ പൊലീസ് കണ്ടെത്തുന്നതും നാടിനെ ഞെട്ടിച്ച കൊലപാതകത്തിന്റെ ചുരുളഴിയുന്നതും.

പത്തനംതിട്ട ജ്വല്ലറിയിൽ ജീവനക്കാരനെ കെട്ടിയിട്ട് വൻ കവർച്ച;നാലരക്കിലോ സ്വർണ്ണവും പതിമൂന്നു ലക്ഷം രൂപയും കവർന്നു

keralanews theft in jewellery in pathanamthitta robbed 4kg gold and 13lakh rupees

പത്തനംതിട്ട:നഗരത്തിൽ പട്ടാപ്പകൽ ജീവനക്കാരനെ കെട്ടിയിട്ട് ജ്വല്ലറിയിൽ നിന്നും നാലരക്കിലോ സ്വർണ്ണവും പതിമൂന്നു ലക്ഷം രൂപയും കവർന്നു.മുത്താരമ്മൻ കോവിലിന്  സമീപം പ്രവർത്തിക്കുന്ന കൃഷ്ണ  ജ്വല്ലറിയിലാണ് ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെ കവർച്ച നടന്നത്.മോഷണത്തിന്റെ മുഖ്യ സൂത്രധാരൻ എന്ന് കരുതുന്ന ജ്വല്ലറി ജീവനക്കാരൻ മഹാരാഷ്ട്ര സ്വദേശി അക്ഷയ് പട്ടേലിനെ പോലീസ് പിടികൂടി.ഒരാഴ്ച മുൻപാണ് ഇയാൾ ജ്വല്ലറിയിൽ ജോലിക്കെത്തിയത്. ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.നാലംഗ സംഘം തന്നെ തട്ടി കൊണ്ടുപോയി ആക്രമിക്കുകയും കോഴഞ്ചേരിയില്‍ ഉപേക്ഷിച്ച ശേഷം കടന്നു കളയുകയുമായായിരുന്നുവെന്ന് പറഞ്ഞാണ് ഇയാൾ പൊലീസില്‍ കീഴടങ്ങിയത്. എന്നാല്‍ പൊലീസ് ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. ജ്വല്ലറി ജീവനക്കാരനായ സന്തോഷിനെ ആക്രമിച്ച ശേഷം കെട്ടിയിട്ടാണ് മോഷണ സംഘം കവര്‍ച്ച നടത്തിയത്.

ഞായറാഴ്ച അവധിയായതിനാൽ കട തുറന്നിരുന്നില്ല.ഉടമയായ മഹാരാഷ്ട്ര സ്വദേശി സുരേഷ് സേട്ട് പറഞ്ഞതനുസരിച്ച് ഒരു ഇടപാടുകാരന് വേണ്ടി ജീവനക്കാരായ സന്തോഷും അക്ഷയ്‌യും ചേർന്ന് ജ്വല്ലറി തുറന്നു.കുറച്ചു സമയത്തിന് ശേഷം മറാത്തി സംസാരിക്കുന്ന നാലംഗസംഘം ജ്വല്ലറിയിലെത്തി.ലോക്കർ വെച്ചിരിക്കുന്ന  ഭാഗത്തേക്ക് പോയ സന്തോഷിനു പിന്നാലെ ഇവരും അകത്തേക്ക് കടന്നു.അക്ഷയും ഈ സമയത്ത്  ലോക്കർറൂമിലുണ്ടായിരുന്നു.അകത്തുകടന്ന സംഘം സന്തോഷിനെ മർദിച്ച ശേഷം വായിൽ തുണി തിരുകുകയും കൈകാലുകൾ കെട്ടിയിടുകയും ചെയ്തു.തുടർന്ന് ലോക്കറിലുണ്ടായിരുന്ന സ്വർണ്ണവും പണവും കയ്യിൽ കരുതിയിരുന്ന ബാഗിലാക്കി.ഈ സമയം കടയിൽ സ്വർണ്ണം വാങ്ങാനെത്തിയ ഇടപാടുകാരെ കണ്ട അക്ഷയ് ലോക്കർറൂമിൽ നിന്നും ഇറങ്ങിവരികയും ഒന്നും സംഭവിക്കാത്തമട്ടിൽ പെരുമാറുകയും അവർ ആവശ്യപ്പെട്ട സ്വർണ്ണം നൽകുകയും ചെയ്തു.ഇതിനിടയിൽ പുറത്തേക്ക് വന്ന കവർച്ചാസംഘത്തിനൊപ്പം അക്ഷയും കടയിൽ നിന്നും ഇറങ്ങി ഓട്ടോയിൽ കയറിപ്പോയി.അല്പസമയത്തിനു ശേഷം ലോക്കർ റൂമിൽ നിന്നും ചോരയൊലിപ്പിച്ച് വന്ന സന്തോഷിനെ കണ്ട് ഇടപാടുകാർ ഭയന്ന് പുറത്തേക്കോടി.ഇതോടെയാണ് മോഷണ വിവരം പുറത്തറിയുന്നത്.ജ്വല്ലറിയിൽ സ്ഥാപിച്ചിരുന്ന സിസിടിവിയുടെ ഹാർഡ്‍ഡിസ്ക്കും ഊരിയെടുത്താണ് കവർച്ചാസംഘം രക്ഷപ്പെട്ടത്.ഓട്ടോയിൽ നിന്നിറങ്ങിയ ശേഷം കെഎസ്ആർടിസി ബസ്സ്റ്റാൻഡിന് സമീപത്ത് കാത്തു കിടന്ന ആഡംബര വാഹനത്തിലാണ് ഇവർ കയറിപ്പോയതെന്ന് ഓട്ടോ ഡ്രൈവർ മൊഴി നൽകി.

നെടുങ്കണ്ടം കസ്റ്റഡി മരണം;റീപോസ്റ്റ്മോർട്ടം ഇന്ന്

keralanews nedumkandam custody death re postmortem will conduct today

ഇടുക്കി:നെടുംകണ്ടത്ത് പോലീസ് കസ്റ്റഡിയിലിരിക്കെ മർദനമേറ്റ് കൊല്ലപ്പെട്ട രാജ്കുമാറിന്റെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റ് മോര്‍ട്ടം നടത്തും.മൃതദേഹം അടക്കം ചെയ്ത് 36 ദിവസത്തിന് ശേഷമാണ് വീണ്ടും പുറത്തെടുത്ത് റീപോസ്റ്റ്മോർട്ടം നടത്തുന്നത്.മരണകാരണം ഉള്‍പ്പെടെ നിലവിലെ പോസ്റ്റുമോര്‍ട്ടത്തിലെ വിവരങ്ങളില്‍ സംശയമുള്ളതിനാലാണ് ജുഡീഷ്യല്‍ കമ്മിഷന്‍ റീപോസ്റ്റുമോര്‍ട്ടത്തിന് ഉത്തരവിട്ടത്. റീപോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കേസ് അന്വേഷണത്തില്‍ നിര്‍ണ്ണായകമാകും.കാലാവസ്ഥ അനുകൂലമെങ്കില്‍ രാവിലെ പത്ത് മണിക്ക് നടപടികള്‍ ആരംഭിക്കും. ഫോറെന്‍സിക് വിദഗ്ധര്‍ അടങ്ങിയ സംഘമാണ് റീപോസ്റ്റുമോര്‍ട്ടം നടത്തുക.ആദ്യ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്ന ന്യുമോണിയ തന്നെയാണോ മരണകാരണമെന്ന് കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. ഇതിനായി ആന്തരിക അവയവങ്ങളുടെ കോശങ്ങള്‍ ശേഖരിക്കും.ന്യുമോണിയയാണ് മരണകാരണമെന്ന് ആദ്യ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയെങ്കിലും രാജ്കുമാറിന് അതിനുള്ള ചികിത്സ മരണത്തിന് മുമ്പ് ലഭിച്ചിരുന്നില്ല. ആന്തരിക അവയവങ്ങള്‍ വിശദപരിശോധനയ്ക്ക് അയച്ചിട്ടില്ല. ആദ്യ പോസ്റ്റുമോര്‍ട്ടം നടത്തിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ലഭ്യമാക്കണമെന്നും ജുഡീഷ്യല്‍ കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.