തിരുവനന്തപുരം:അമ്പൂരി കൊലക്കേസിൽ തെളിവെടുപ്പ് നടത്തുന്നതിനിടെ രാഖിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കയറും പിന്നീട് മൃതദേഹം മറവുചെയ്യാൻ കുഴിയെടുക്കുന്നതിന് ഉപയോഗിച്ച മൺവെട്ടിയും കണ്ടെടുത്തു.കേസിലെ മുഖ്യപ്രതി അഖിലിന്റെ വീടിന്റെ പരിസരത്തു നിന്നാണ് കയറും പിക്കാസും കണ്ടെത്തിയത്.അഖിൽ ഉൾപ്പെടെയുള്ള മൂന്ന് പ്രതികളാണ് തൊണ്ടിമുതലുകൾ പൊലീസിന് കാണിച്ച് കൊടുത്തത്.നാട്ടുകാരുടെ പ്രതിഷേധം മൂലം കഴിഞ്ഞ ദിവസം ഒന്നാം പ്രതിയായ അഖിലുമായുള്ള തെളിവെടുപ്പ് പൂർത്തിയാക്കാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഇത്തവണ പൊലീസ് കൂടുതൽ കരുതലോടെയാണ് പ്രതികളെ കൊണ്ടുവന്നത്. രാഖിയുടെ മൃതദേഹം കുഴിച്ചുമൂടിയ അഖിലിന്‍റെ വീട്ടിലായിരുന്നു തെളിവെടുപ്പ്.തൊട്ടടുത്ത പറമ്പിലേക്ക് വലിച്ചെറിഞ്ഞ രാഖിയുടെ ചെരുപ്പും കണ്ടെത്തി. കഴിഞ്ഞ തവണ അഖിലിന് നേരെ നാട്ടുകാർ കല്ലെറിഞ്ഞിരുന്നു. ഇത്തവണ നാട്ടുകാർ പൊലീസിന് ജയ് വിളിച്ചു.രാഖിയുടെ മൃതദേഹം കുഴിച്ചിട്ട കുഴിയിൽ വിതറാനായി ഉപ്പ് വാങ്ങിയ കടയിലും പോലീസ് തെളിവെടുപ്പ് നടത്തി.അതേസമയം, രാഖിയുടെ വസ്ത്രങ്ങളും മൊബൈലും ഇതുവരെയും കണ്ടെത്താനായിട്ടില്ല. മൂന്ന് പ്രതികളെയും ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ പുറത്തുവരും എന്നാണ് പൊലീസ് കരുതുന്നത്.
ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി:കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വെട്ടേറ്റ് കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം സിബിഐക്കു വിട്ട സിംഗിള്‍ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.ചീഫ് ജസ്‌റ്റിസ് ഋഷികേഷ് റോയ് , ജസ്‌റ്റീസ് എ കെ ജയശങ്കരന്‍ നമ്പ്യാർ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് വിധി.കേസ് ഡയറി പോലും പരിശോധിക്കാതെ ഹര്‍ജിക്കാരുടെ വാദം മാത്രം പരിഗണിച്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് വിധി. 2018 ഫെബ്രുവരി 12ന് രാത്രിയാണ് ഷുഹൈബ് കൊല്ലപ്പെടുന്നത്. കണ്ണൂര്‍ റെയിഞ്ച് ഐജിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയിരുന്നത്. ഇതിനിടെ ഷുഹൈബിന്റെ പിതാവ് നല്‍കിയ ഹര്‍ജി ഫെബ്രുവരി 27ന് സിംഗിള്‍ബെഞ്ച് പരിഗണിച്ചു. പിന്നീട് കേസ് പരിഗണിച്ചത് മാര്‍ച്ച് ആറിനാണ്. അടുത്ത ദിവസമാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിടുന്നത്.ഹര്‍ജിയില്‍ സര്‍ക്കാരിന് നോട്ടീസ് അയക്കാതെയും കേസ് ഡയറി പരിശോധിക്കാതെയും ഹര്‍ജിക്കാരുടെ വാദം മാത്രം കേട്ടായിരുന്നു വിധി. ഇതിനെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് സിംഗിള്‍ബെഞ്ച് വിധി മാര്‍ച്ച് 14ന് തന്നെ സ്റ്റേ ചെയ്തിരുന്നു.
റോഡ് സുരക്ഷാ ആക്ഷന്‍ പ്ലാൻ;ആഗസ്റ്റ് 5 മുതല്‍ 31വരെ സംസ്ഥാനത്ത് സംയുക്ത വാഹന പരിശോധന
തിരുവനന്തപുരം: റോഡ് സുരക്ഷാ ആക്ഷന്‍ പ്ലാനിെന്‍റ ഭാഗമായി സംസ്ഥാനത്ത് ആഗസ്റ്റ് അഞ്ചുമുതല്‍ 31വരെ സംയുക്ത വാഹന പരിശോധന കര്‍ശനമായി നടത്തും.ഓരോ തീയതികളില്‍ ഓരോതരം നിയമലംഘനങ്ങള്‍ക്കെതിരെയാണ് പൊലീസും മോട്ടോര്‍ വാഹനവകുപ്പും സംയുക്ത പരിശോധനകള്‍ മറ്റ് വിഭാഗങ്ങളുടെകൂടി സഹകരണത്തോടെ നടപ്പാക്കുന്നത്.ആഗസ്റ്റ് അഞ്ചുമുതല്‍ ഏഴുവരെ സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ്, എട്ടുമുതല്‍ 10 വരെ അനധികൃത പാര്‍ക്കിങ്, 11 മുതല്‍ 13വരെ അമിതവേഗം (പ്രത്യേകിച്ച് സ്‌കൂള്‍ മേഖലയില്‍), 14 മുതല്‍ 16 വരെ മദ്യപിച്ചുള്ള വാഹനമോടിക്കലും ലൈന്‍ ട്രാഫിക്കും, 17 മുതല്‍ 19 വരെ ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം, 20 മുതല്‍ 23 വരെ സീബ്രാ ക്രോസിങ്ങും റെഡ് സിഗ്നല്‍ ജംപിങ്ങും, 24 മുതല്‍ 27 വരെ സ്പീഡ് ഗവേണറും ഓവര്‍ലോഡും, 28 മുതല്‍ 31 വരെ കൂളിങ് ഫിലിം, കോണ്‍ട്രാക്‌ട് കാര്യേജുകളിലെ അധികലൈറ്റുകളും മ്യൂസിക് സിസ്റ്റവും എന്നീ വിഭാഗങ്ങള്‍ തിരിച്ചാണ് പരിശോധന. പരിശോധനകളുടെ മേല്‍നോട്ടത്തിനായി സംസ്ഥാനതലത്തില്‍ ഐ.ജി ട്രാഫിക്കിനെ നോഡല്‍ ഓഫിസറായും ജോയന്‍റ് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍, പി.ഡബ്ല്യു.ഡി ചീഫ് എന്‍ജിനീയര്‍ (റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ്), ചീഫ് എന്‍ജിനീയര്‍ (എന്‍.എച്ച്), ആരോഗ്യ, വിദ്യാഭ്യാസവകുപ്പ് മേധാവികള്‍ അംഗങ്ങളുമായ കമ്മിറ്റിയും ജില്ലതലത്തില്‍ കലക്ടര്‍ ചെയര്‍മാനും ജില്ല പൊലീസ് സൂപ്രണ്ട് നോഡല്‍ ഓഫിസറായും റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍, പി.ഡബ്ല്യു.ഡി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ (റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ്), (എന്‍.എച്ച്) തുടങ്ങിയവര്‍ അംഗങ്ങളായും കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഈ കമ്മിറ്റികള്‍ ആഴ്ചതോറും നടപടികള്‍ അവലോകനം ചെയ്യും.
സംസ്ഥാനത്ത് മിൽമ പാലിന്റെ വില ഉടൻ വർധിപ്പിച്ചേക്കുമെന്ന് സൂചന
തിരുവനന്തപുരം:സംസ്ഥാനത്ത് മിൽമ പാലിന്റെ വില ഉടൻ വർധിപ്പിച്ചേക്കുമെന്ന് സൂചന.വിലക്കൂട്ടുന്ന കാര്യം ആവശ്യപ്പെട്ട് മില്‍മ ഫെഡറേഷന്‍ സര്‍ക്കാരിനെ സമീപിച്ചു. കാലിത്തീറ്റ, പിണ്ണാക്ക്, ചോളമടക്കമുള്ളവയുടെ വില കൂടിയ സാഹചര്യത്തില്‍ വില വര്‍ദ്ധിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ല. ക്ഷീര കര്‍ഷകര്‍ക്ക് ലാഭം കിട്ടണമെങ്കില്‍ വില വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യമാണ് ഉള്ളതെന്നുമാണ് മില്‍മയുടെ വിശദീകരണം.വില വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ ഇന്‍സെന്റീവ് അനുവദിക്കുക മാത്രമാണ് പോംവഴിയെന്നുമാണ് മില്‍മ വ്യക്തമാക്കുന്നത്.നിരക്ക് വര്‍ദ്ധന സംബന്ധിച്ച് പഠിക്കാന്‍ മില്‍മ ഒരു സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ സമിതി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കും. ഇതിന്റെ അടിസ്ഥാനത്തില്‍ ലിറ്ററിന് എത്ര രൂപ കൂട്ടണമെന്ന് മില്‍മ നിശ്ചയിക്കും. അതിനുശേഷം സര്‍ക്കാരുമായി ചര്‍ച്ച നടത്താനാണ് തീരുമാനം.
ചരക്കുകപ്പലില്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മാലിദ്വീപ് മുന്‍ വൈസ് പ്രസിഡന്റ് പിടിയിൽ
തൂത്തുക്കുടി:ചരക്കുകപ്പലില്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മാലിദ്വീപിന്റെ മുന്‍ വൈസ് പ്രസിഡന്റ് അഹമ്മദ് അദീബ് അബ്‌ദുല്‍ ഗഫൂര്‍ തമിഴ്നാട് പൊലീസിന്റെ പിടിയിലായി.വധശ്രമക്കേസില്‍ വിചാരണ നേരിടുന്ന അദീബിനെ തൂത്തുക്കുടി തുറമുഖത്ത് വച്ചാണ് പിടികൂടിയത്. മുന്‍ പ്രസിഡന്റ് മുഹമ്മദ് യമീനെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. ഇതിന് പുറമെ ചില അഴിമതിക്കേസുകളിലും അദീബ് പ്രതിയാണ്.ചരക്കുകപ്പിലിലെ ജീവനക്കാരനെന്ന പേരിലാണ് അദീബ് ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ചത്. വിവിധ കേസുകളില്‍ അദീബിനെ അടുത്തിടെ മാലിദ്വീപിലെ കോടതി കുറ്റവിമുക്തനാക്കിയെന്നും വിവരമുണ്ട്. എന്നാല്‍ ചില കേസുകളില്‍ അന്വേഷണം പുരോഗമിക്കുന്നതിനാല്‍ അദീബിന്റെ പാസ്‌പോര്‍ട്ട് മാലിദ്വീപ് അധികൃതര്‍ തടഞ്ഞുവച്ചിരിക്കുകയാണ്. കഴിഞ്ഞ ബുധനാഴ്‌ച മുതല്‍ അദീബിനെ കാണാതായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നേരത്തെ നിശ്ചയിച്ചിരുന്ന വിചാരണയ്‌ക്ക് കോടതിയില്‍ ഹാജരാകാനും അദീബ് എത്തിയിരുന്നില്ല. ഇതിനിടെ അദീബ് ഇന്ത്യയിലേക്ക് കടന്നേക്കുമെന്ന വിവരം മാലിദ്വീപ് അധികൃതര്‍ കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാട് പൊലീസ് നടത്തിയ തെരച്ചിലിലാണ് അദീബ് പിടിയിലായത്.
മുത്തലാഖ് ബില്ലിന് മുന്‍കാലപ്രാബല്യത്തോടെ രാഷ്ട്രപതിയുടെ അംഗീകാരം
ന്യൂഡൽഹി:മുത്തലാഖ് ബില്ലിന് മുന്‍കാല പ്രാബല്യത്തോടെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അംഗീകാരം.ഇതോടെ മൂന്നു തലാഖും ഒന്നിച്ചുചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് രാജ്യത്ത് മൂന്നു വര്‍ഷംവരെ തടവുലഭിക്കാവുന്ന കുറ്റമായി മാറി. നേരത്തേ ഓര്‍ഡിനന്‍സായി നടപ്പാക്കിയ നിയമമാണ് ഇപ്പോള്‍ പാര്‍ലമെന്‍റ് അംഗീകാരത്തോടെ നിയമമായത്.മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം ഉപേക്ഷിക്കുന്ന ഭര്‍ത്താവിന് മൂന്നു വര്‍ഷം തടവുശിക്ഷ ലഭിക്കുന്ന മുസ്ലിം വനിതാ വിവാഹാവകാശ സംരക്ഷണ നിയമ ബില്‍(മുത്തലാഖ് നിരോധന ബില്‍) കഴിഞ്ഞ ദിവസം പാര്‍ലമെന്‍റ് പാസാക്കിയിരുന്നു.2018 സെപ്റ്റംബര്‍ 19 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് നിയമം നിലവില്‍ വരുന്നത്.പലതവണ രാജ്യ സഭയുടെ പടി കയറിയ മുത്തലാഖ് ബില്‍ ജൂലൈ 30 നാണ് പാസായത്. ബില്ലിനെ 99 പേര്‍ അനുകൂലിച്ചപ്പോള്‍ എതിര്‍ത്തത് 84 പേരായിരുന്നു. പ്രതിപക്ഷത്തിന്‍റെ കടുത്ത എതിര്‍പ്പിനേയും വിവാദങ്ങളേയും അതിജീവിച്ചാണ് മുത്തലാഖ് ബില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റിന്‍റെ ഇരു സഭകളിലും പാസാക്കിയത്.മുസ്ലീം പുരുഷന്‍ ഭാര്യയെ മൂന്ന് തവണ തലാഖ് ചൊല്ലി മൊഴി ചൊല്ലുന്ന ആചാരമാണ് മുത്തലാഖ്. ബില്‍ നിയമമായി മാറുന്നതോടെ മുത്തലാഖ് വഴിയുള്ള വിവാഹമോചനം മൂന്ന് വര്‍ഷം വരെ തടവുശിക്ഷ കിട്ടുന്ന കുറ്റകൃത്യമായി മാറും
കുട്ടികൾക്കായി ‘തനി നാടൻ’ ഗെയിമുമായി സംസ്ഥാന സർക്കാർ
തിരുവനന്തപുരം:കുട്ടികളില്‍ അക്രമവാസന വളര്‍ത്തുന്ന ഗെയിമുകൾക്ക് പകരം മലയാളിത്തമുള്ള തനിനാടന്‍ ആനിമേഷന്‍ ഗെയിമുകള്‍ തയ്യാറാക്കാന്‍ പദ്ധതിയിടുകയാണ് സര്‍ക്കാര്‍.സാംസ്‌കാരികവകുപ്പും സംസ്ഥാന ചലച്ചിത്രവികസന കോര്‍പ്പറേഷനും ചേര്‍ന്നാണ് മൂല്യമുള്ള ചലിക്കുന്ന ഗെയിമുകള്‍ തയ്യാറാക്കുന്നത്.വെടിവെയ്പ്, ബോംബിങ്, അക്രമങ്ങള്‍ തുടങ്ങിയ ഹിംസാത്മക കളികള്‍ക്കുപകരം മാനുഷികമൂല്യങ്ങള്‍ നിറഞ്ഞവ ആസൂത്രണം ചെയ്യുന്നതിനു കേന്ദ്രമൊരുക്കുകയാണ് സാംസ്‌കാരികവകുപ്പിന്റെ ലക്ഷ്യം. ഗെയിമിങ് ആനിമേഷന്‍ ഹാബിറ്റാറ്റ് എന്നു പേരിട്ട പദ്ധതിക്കായി 50 ലക്ഷം രൂപ സംസ്ഥാനസര്‍ക്കാര്‍ അനുവദിച്ചു.വിഷ്വല്‍ ഇഫക്‌ട്സ് രംഗത്തെ വിദഗ്ധരെയും സ്വകാര്യസംരംഭകരെയും ചേര്‍ത്ത് ഗെയിമുകള്‍ തയ്യാറാക്കും. ആനിമേഷന്‍ വിഷ്വല്‍ ഇഫക്‌ട്സില്‍ അന്താരാഷ്ട്രനിലവാരമുള്ള സ്റ്റുഡിയോകളുടെ സഹകരണവും തേടും. പ്രോജക്‌ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് ചലച്ചിത്രവികസന കോര്‍പ്പറേഷനെ ചുമതലപ്പെടുത്തി. ഡി.പി.ആര്‍. തയ്യാറാക്കുന്നതിന് 23 ലക്ഷം രൂപ ചെലവുവരും. അടുത്തവര്‍ഷം ഗെയിമുകള്‍ പുറത്തിറക്കാമെന്നാണു പ്രതീക്ഷ.
സംസ്ഥാനത്ത് പ്രളയ സെസ് ഇന്ന് മുതൽ പ്രാബല്യത്തിൽ
തിരുവനന്തപുരം:സംസ്ഥാനത്ത് പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിനുള്ള പണം സ്വരൂപിക്കുന്നതിന്‍റെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്ന പ്രളയ സെസ് ഇന്ന് മുതൽ പ്രാബല്യത്തിൽ.ചരക്ക് സേവന നികുതിക്ക് മേല്‍ ഒരു ശതമാനം സെസാണ് ചുമത്തിയിട്ടുള്ളത്. 12, 18, 28 ശതമാനം ചരക്ക് സേവന നികുതി ബാധകമായ 928 ഉല്‍പ്പന്നങ്ങള്‍ക്കാണ് സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അരി, പഞ്ചസാര, ഉപ്പ്, പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങി അഞ്ച് ശതമാനത്തില്‍ താഴെ ജി.എസ്.ടി നിരക്കുകള്‍ ബാധകമായ നിത്യോപയോഗ സാധനങ്ങള്‍ക്കും ഹോട്ടല്‍ ഭക്ഷണം,ബസ്,ട്രയിന്‍ ടിക്കറ്റ് എന്നിവയ്ക്കും സെസ് ഏര്‍പ്പെടുത്തിയിട്ടില്ല.സെസ് പ്രാബല്യത്തില്‍ വന്നതോടെ കാര്‍, ബൈക്ക്, ടിവി, റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, മൊബൈല്‍ഫോണ്‍, മരുന്നുകള്‍, സിമന്‍റ്, പെയ്ന്‍റ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ദ്ധിക്കും. ചരക്ക് സേവന നികുതിക്കൊപ്പം ഒരു ശതമാനമാണ് സെസ്. സ്വര്‍ണത്തിന് കാല്‍ ശതമാനമാണു സെസ്.വാര്‍ഷിക വിറ്റുവരവ് ഒന്നരക്കോടി വരെയുള്ള ചെറുകിട വ്യാപാരികള്‍ വിറ്റഴിക്കുന്ന സാധനങ്ങളെ സെസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. രണ്ടു വര്‍ഷത്തേക്കാകും സെസ് പിരിക്കുക. സംസ്ഥാനത്തിനകത്ത് നടക്കുന്ന ഇടപാടുകള്‍ക്കായിരിക്കും സെസ് ബാധകമാകുക.രണ്ട് വര്‍ഷം കൊണ്ട് 1000 കോടി രൂപയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്രളയസെസ് ഈടാക്കുന്നതിനുള്ള മാറ്റങ്ങള്‍ ബില്ലിങ് സോഫ്റ്റ്‌വേറുകളില്‍ വരുത്താന്‍ നികുതി വകുപ്പ് വ്യാപാരികളോട് നേരത്തേതന്നെ അഭ്യര്‍ഥിച്ചിരുന്നു. അതത് മാസത്തെ പ്രളയസെസ് സംബന്ധിച്ച വിവരങ്ങള്‍ നിര്‍ദിഷ്ട ഫോം മുഖേന www.keralataxes.gov.in എന്ന വെബ്‌സൈറ്റുവഴി സമര്‍പ്പിക്കാനും സംസ്ഥാന ജി.എസ്.ടി. കമ്മിഷണര്‍ നിര്‍ദേശിച്ചിരുന്നു.
ഇന്ന് കർക്കിടകവാവ്;സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭക്തജനങ്ങൾ ബലിതർപ്പണം നടത്തുന്നു
തിരുവനന്തപുരം:ഇന്ന് കർക്കിടകവാവ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭക്തജന ലക്ഷങ്ങള്‍ പിതൃക്കള്‍ക്ക് ബലിതര്‍പ്പണം നടത്തി. പുലര്‍ച്ചെ തന്നെ ബലിതർപ്പണ ചടങ്ങുകള്‍ ആരംഭിച്ചു. എല്ലായിടത്തും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.ദക്ഷിണായനത്തില്‍ പിതൃക്കള്‍ ഉണര്‍ന്നിരിക്കുകയാണ് എന്ന സങ്കല്പമാണ് കര്‍ക്കിടകമാസത്തിലെ അമാവാസിയുടെ പ്രത്യേകത. തിരുവനന്തപുരം ജില്ലയില്‍ ശംഖുമുഖം കടപ്പുറം തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം വര്‍ക്കല പാപനാശം കടപ്പുറം എന്നിവിടങ്ങളിലാണ് ബലിതര്‍പ്പണത്തിനായി സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്.ആലുവാമണപ്പുറത്തും രാവിലെ ചടങ്ങുകള്‍ ആരംഭിച്ചത് മുതല്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. ആയിരക്കണക്കിനാളുകള്‍ വിവിധ ഭാഗങ്ങളില്‍ നിന്നായി ബലിതര്‍പ്പണം നടത്താന്‍ മണപ്പുറത്ത് എത്തി.മലപ്പുറം തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രത്തില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ക്കായി ആയിരങ്ങളാണെത്തിയത്.തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ പുലര്‍ച്ചെ 3.30 നു തുടങ്ങി. പാപനാശിനി തീരത്തു ഒരേസമയം 10 ബലി തറകളിലായി 150 പേര്‍ക്ക് ബലിതര്‍പ്പണം നടത്താന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.ബലിതര്‍പ്പണത്തിനായി എത്തുന്നവരുടെ സുരക്ഷയെ മുന്‍നിര്‍ത്തി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് എല്ലായിടത്തും ഒരുക്കിയിരിക്കുന്നത്.മെഡിക്കല്‍ സംഘം, മുങ്ങല്‍ വിദഗ്ദര്‍ എന്നിവരുടെ സേവനവും എല്ലായിടത്തും ഒരുക്കിയിട്ടുള്ളത്.
സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി അവസാനിക്കും
തൃശ്ശൂര്‍: സംസ്ഥാനത്ത് ഒരു മാസത്തിലധികമായി ഏര്‍പ്പെടുത്തിയ ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കും. ഇതോടെ 52 ദിവസങ്ങൾക്ക് ശേഷം മത്സ്യബന്ധന ബോട്ടുകള്‍ കടലില്‍ ഇറങ്ങും. ട്രോളിങ് സമയത്ത് പരമ്ബരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് വളരെ കുറച്ച് മത്സ്യം മാത്രം ലഭിച്ചത് ചെറിയൊരു ആശങ്കയുണ്ടാക്കിയിട്ടുണ്ട്. എന്നാലും നാളെ മുതല്‍ ചാകര ലഭിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികള്‍. ട്രോളിങ് സമയത്ത് സംസ്ഥാന സര്‍ക്കാര്‍ മത്സ്യതൊഴിലാളികള്‍ക്ക് മുഴുവന്‍ റേഷന്‍ സാധനങ്ങളും സൗജന്യമായി അനുവദിച്ചതും മത്സ്യതൊഴിലാളി സമാശ്വാസപദ്ധതിയുടെ ഭാഗമായി ലഭിക്കുന്ന 4500 രൂപയുടെ സഹായവും തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസമായിരുന്നു.