തിരുവനന്തപുരം:മാധ്യമപ്രവർത്തകനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന്റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും.കസ്റ്റഡി അപേക്ഷ പരിഗണിച്ച ശേഷമാകും ജാമ്യാപേക്ഷ പരിഗണിക്കുക.കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയ മ്യൂസിയം ക്രൈം എസ്.ഐയെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. എസ്. ഐക്കെതിരെ അന്വേഷണത്തിനും ഡി.ജി.പി ഉത്തരവിട്ടു. കേസ് അന്വേഷണത്തിനായും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി മൂന്നാണ് ശ്രീറാമിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്.ഇന്നലെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ വിദഗ്ദ്ധ ചികിത്സ ആവശ്യമാണെന്ന് ശ്രീറാം വാദിച്ചിരുന്നു. കേസ് രാഷ്ട്രീയ പ്രേരണയെ തുടർന്നുണ്ടായതാണ്. മാധ്യമങ്ങൾ ഇല്ലാ കഥകൾ പ്രചരിപ്പിക്കുകയാണെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.എന്നാൽ പൊലീസിന്റെ കസ്റ്റഡി അപേക്ഷയിൽ തീരുമാനമായതിനു ശേഷം ജാമ്യാപേക്ഷ പരിഗണിക്കാമെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ഇതിനിടെ ശ്രീറാം വെങ്കിട്ടരാമനെ സംരക്ഷിക്കാനുള്ള നീക്കങ്ങള്‍ നടത്തിയെന്ന ആക്ഷേപത്തെ തുടർന്ന് മ്യൂസിയം ക്രൈം എസ് ഐ ജയപ്രകാശിനെ ഇന്നലെ സസ്പെൻഡ് ചെയ്തു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിലും പ്രതിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതിലും എസ് ഐക്ക് വീഴ്ചയുണ്ടായെന്ന് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഷൻ.കേസ് അന്വേഷിക്കാൻ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ഷെയ്ഖ് ദർവേഷ് സാഹിബിന്റെ മേൽനോട്ടത്തിൽ പ്രത്യേക സംഘത്തെയും നിയോഗിച്ചു. കേസ് അന്വേഷണത്തിൽ ലോക്കൽ പൊലീസിന് വീഴ്ചയുണ്ടായോയെന്ന് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
വടക്കൻ കേരളത്തിൽ വെള്ളിയാഴ്ച വരെ ശക്തമായ മഴ;മൂന്നു ജില്ലകളിൽ റെഡ് അലേർട്ട്;വയനാട്ടിൽ മണ്ണിടിച്ചിൽ
കോഴിക്കോട്:വടക്കൻ കേരളത്തിൽ ശക്തമായി പെയ്യുന്ന മഴ വെള്ളിയാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കലക്ടര്‍മാരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചു.രാത്രി മുതല്‍ കനത്ത മഴയാണ് വടക്കന്‍ ജില്ലകളില്‍ ലഭിക്കുന്നത്. നിലമ്പൂരിൽ 11 സെന്റിമീറ്ററും കോഴിക്കോട്ട് ഒന്‍പതു സെന്റിമീറ്ററും വടകരയില്‍ എട്ടു സെന്റിമീറ്ററും മഴ ലഭിച്ചു.മണിക്കൂറില്‍ 50 കി.മി വരെ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.അതേസമയം കനത്ത മഴയെത്തുടര്‍ന്ന് വയനാട്ടിലെ കുറിച്യർ മലയിൽ മണ്ണിടിച്ചിലുണ്ടായി. മണ്ണിടിച്ചിലുണ്ടായതിനേത്തുടര്‍ന്ന് ഇവിടെ രണ്ട് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു.കുറിച്യര്‍ മലയില്‍ വീണ്ടും ഉരുള്‍പൊട്ടലിന് സാധ്യയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പൂനെയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു;കണ്ണൂർ സ്വദേശിയായ യുവാവിനെ കാണാതായി
പൂനെ:മഹരാഷ്ട്രയിലെ സത്താറ ജില്ലയിലെ കൊയ്‌ന അണക്കെട്ടിന് സമീപം കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിക്കുകയും കൂടെയുണ്ടായ മലയാളിയെ കാണാതാവുകയും ചെയ്തു. കണ്ണൂര്‍ പെരളശ്ശേരി സ്വദേശി വൈശാഖ് നമ്പ്യാരെയാണ്(40) കാണാതായത്. വൈശാഖിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് നിതീഷ് ഷേലാരുവാണ് മരിച്ചത്.നിതീഷും വൈശാഖും കൂടി കൊയ്‌ന അണക്കെട്ടിലേക്ക് വിനോദ യാത്ര പോയതായിരുന്നു. ശനിയാഴ്ച രാത്രിയോടെ പബല്‍ നാല എന്ന സ്ഥലത്തുവച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ 200 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് പ്രദേശവാസികള്‍ അപകടത്തില്‍പ്പെട്ട കാര്‍ കാണുന്നത്.സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതിനാല്‍ നിതീഷിന്റെ മൃതദേഹം കാറില്‍ നിന്ന് ലഭിച്ചു.അതേസമയം പൊലീസും സമീപവാസികളും തിരച്ചില്‍ നടത്തിയെങ്കിലും വൈശാഖിനെ കണ്ടെത്താനായില്ല.കുടുംബസമേതം ന്യൂസിലാൻഡിൽ താമസിക്കുന്ന വൈശാഖ് ഔദ്യോഗിക ആവശ്യത്തിനായി അടുത്തിടെയാണ് പൂനെയിലെത്തിയത്.
ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് വഫ ഫിറോസിന്റെ മൊഴി
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ മരിക്കാനിടയായ വാഹനപകടവുമായി ബന്ധപ്പെട്ട് ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെതിരേ സുഹൃത്ത് വഫ ഫിറോസിന്റെ മൊഴി. ശ്രീറാം മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് വഫ മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി.സംഭവം നടന്ന അന്ന് തന്നെ വഫയുടെ മൊഴി പോലീസ് മജിസ്ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തിയിരുന്നു.അമിത വേഗതയിലാണ് ശ്രീറാം കാര്‍ ഡ്രൈവ് ചെയ്തത്. വേഗത കുറയ്ക്കാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നു. മാധ്യമപ്രവര്‍ത്തകന്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ ശ്രീറാം ശ്രമം നടത്തിയെങ്കിലും സാധിച്ചില്ലെന്നും വഫ നല്‍കിയ മൊഴിയില്‍ പറയുന്നു.എന്നാല്‍ വഫയുടെ മൊഴി പുറത്തുവന്നതോടെ ശ്രീറാം മദ്യപിച്ചിരുന്നുവെന്ന കാര്യം വ്യക്തമായിരിക്കുകയാണ്.കേസിലെ പ്രധാന സാക്ഷിയാണ് അപകട സമയത്ത് വാഹനത്തില്‍ ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫ.
എഡിജിപി ടോമിൻ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി അന്തരിച്ചു
കൊച്ചി: എഡിജിപി ടോമിൻ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി(54) അന്തരിച്ചു. എറണാകുളത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. സംസ്കാരം നാളെ രാവിലെ പതിനൊന്ന് മണിക്ക് കൊച്ചി കോന്തുരുത്തി സെന്‍റ് ജോൺസ് പള്ളിയിൽ നടക്കും.കൊച്ചിയിലെ സിനിമാ – ടി വി പ്രൊഡക്ഷൻ സ്റ്റുഡിയോ ആയ റിയാൻ സ്റ്റുഡിയോയുടെ എംഡിയായിരുന്നു അനിത തച്ചങ്കരി.ലണ്ടൻ സ്കൂൾ ഓഫ് മ്യൂസികിൽ നിന്ന് 8th ഗ്രേഡിൽ പിയാനോ കോഴ്‍സ് പാസ്സായ അനിത മികച്ച പിയാനോ വിദഗ്‍ധയുമായിരുന്നു. സാമൂഹ്യപ്രവർത്തനങ്ങളിലും സജീവമായിരുന്നു അവർ.മക്കൾ: മേഘ, കാവ്യ. മരുമക്കൾ: ഗൗതം, ക്രിസ്റ്റഫർ.
ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു
തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തു. ചീഫ് സെക്രട്ടറി ടോം ജോസാണ് ശ്രീറാമിനെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കിയത്. കൊലപാതക കേസില്‍ ഉള്‍പ്പെട്ട് കേരളത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലാകുന്നത് ആദ്യത്തെ സംഭവമാണെന്നാണ് വിവരം. നിലവില്‍ സര്‍വെ ഡയറക്ടറാണ് ശ്രീറാം വെങ്കിട്ടരാമന്‍.
കേസില്‍ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പോലീസ് ശ്രീറാം വെങ്കിട്ടരാമന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെ റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. അതേസമയം മെഡിക്കല്‍ കൊളേജിലെ സെല്ലില്‍ നിന്ന് ശ്രീറാമിനെ ട്രോമ ഐ.സി.യുവിലേക്ക് മാറ്റിയെന്നാണ് വിവരം.ശ്രീറാം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായതിനാല്‍ അടുത്ത 72 മണിക്കൂര്‍ ഇദ്ദേഹത്തെ നിരീക്ഷണത്തില്‍ വെക്കണമെന്ന് മെഡിക്കല്‍ ബോര്‍ഡ് പറഞ്ഞു.
മാക്‌ഡവല്‍സ് കുപ്പിവെള്ളം സംസ്ഥാനത്ത് നിരോധിച്ചു
തിരുവനന്തപുരം: അനുവദനീയമായതിൽ കൂടുതല്‍ സില്‍വറിന്‍റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് മാക്‌ഡവല്‍സ് കുപ്പിവെള്ളം സംസ്ഥാനത്ത് നിരോധിച്ച് സംസ്ഥാന ഭക്ഷ്യ സുരക്ഷ വകുപ്പ്. ഇത് സംബന്ധിച്ച അറിയിപ്പ് ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജായ ഫുഡ് സെഫ്റ്റി കേരള വഴി പുറത്തുവിട്ടു. അനുവദിച്ചതിലും കൂടുതൽ സിൽവറിന്റെ സാന്നിദ്ധ്യം പരിശോധനയിൽ കണ്ടെത്തിയതിനെത്തുടർന്ന് S&S ഫുഡ് ഇൻഡസ്ട്രീസ് തൃശൂർ ഉദ്പാദിപ്പിക്കുന്ന മാക്ഡോവൽഡ്രിങ്കിങ് വാട്ടർ ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു. കുപ്പിവെള്ളം സൂക്ഷിക്കാനോ വിൽപ്പന നടത്താനോ വിതരണം ചെയ്യാനോ പാടുള്ളതല്ല. ഉൽപ്പാദകരോട് വിപണിയിലുള്ള മുഴുവൻ കുപ്പിവെള്ളവും തിരിച്ചെടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. സന്ദേശം എല്ലാവരിലേക്കും എത്തിക്കുക എന്നാണ് ഫേസ്ബുക്ക് പോസ്റ്റ് പറയുന്നത്. കമ്പനികള്‍ വെള്ളം ശേഖരിക്കുന്നത് വൃത്തിയില്ലാത്ത ഇടങ്ങളില്‍ നിന്നാണെന്നും അശാസ്ത്രീയമായി ഇവര്‍ വെള്ളം പാക്കേജ് ചെയ്ത് നല്‍കുകയാണെന്നുമാണ് പരിശോധനയില്‍ കണ്ടെത്തിയത്.ഇത്തരത്തില്‍ ഗുണ നിലവാരമില്ലാത്ത കുപ്പിവെള്ളങ്ങള്‍ മാര്‍ക്കറ്റില്‍ ഉള്ളവ പോലും തിരിച്ച് എടുക്കാനും ഇതിന്‍റെ വില്‍പ്പന തടയാനും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്.
വയനാട് തിരുനെല്ലി നെട്ടറ പാലത്തിന്റെ നിര്‍മ്മാണം ഉടന്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി വയനാട് കളക്ടര്‍ക്ക് കത്തെഴുതി
വയനാട്:തിരുനെല്ലി നെട്ടറ പാലത്തിന്റെ നിര്‍മ്മാണം ഉടന്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി എം.പി വയനാട് കളക്ടര്‍ക്ക് കത്തെഴുതി.പാലം പണിയുടെ കാലയളവില്‍ നെട്ടറ ആദിവാസി കോളനി നിവാസികള്‍ക്ക് ആവശ്യമായ ഗതാഗത സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും രാഹുല്‍ കത്തില്‍ ആവശ്യപ്പെട്ടു.വയനാട്ടിലെ പിന്നാക്ക പ്രദേശങ്ങളിലൊന്നായ തിരുനെല്ലിയിലെ കാളിന്ദി പുഴയ്ക്ക് കുറുകെയുള്ള നെട്ടറ പാലം 2006 ലാണ് തകരുന്നത്. സമീപത്തെ കോളനിയിലെ കുടുംബങ്ങളുടെ ആശ്രയമായിരുന്നു ഈ പാലം. കഴിഞ്ഞ 13 വര്‍ഷമായി പുഴയ്ക്ക് കുറുകെ കെട്ടിയുണ്ടാക്കിയ താല്‍ക്കാലിക മരപ്പാലമാണ് കോളനി നിവാസികള്‍ ഉപയോഗിച്ചിരുന്നത്.മഴക്കാലത്ത് ഈ മരപ്പാലം തകരുന്നത് പതിവായിരുന്നു. ഇതിനെ തുടര്‍ന്ന് പ്രളയ സമയത്ത് ഉള്‍പ്പടെ ഈ കോളനിയിലെ കുടുംബങ്ങള്‍ ഒറ്റപ്പെട്ട് പോകുന്ന അവസ്ഥയുണ്ടായി.പിന്നീട് മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളു പുതിയ പാലം നിര്‍മ്മാണത്തിമായി 10 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചെങ്കിലും രണ്ടു വര്‍ഷം കഴിഞ്ഞിട്ടും പുരോഗതിയൊന്നുമില്ലെന്നും കത്തിൽ പറയുന്നു.ഈ സാഹചര്യത്തില്‍ നെട്ടറ ആദിവാസി കോളനിയെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന പാലത്തിന്റെ പണി ഉടന്‍ പുനരാരംഭിക്കണമെന്നും ഈ സമയത്ത് കോളനി നിവാസികള്‍ക്ക് മറ്റ് ഗതാഗത സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും രാഹുല്‍ ആവശ്യപ്പെടുന്നു.ജൂലായ് 31 നാണ് രാഹുല്‍ എം.പി എന്ന നിലയില്‍ ജില്ലാ കളക്ടടര്‍ക്ക് കത്ത് അയച്ചിരിക്കുന്നത്.
മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവം;പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരായ വകുപ്പുകള്‍ ദുര്‍ബലമാകാന്‍ സാധ്യതയെന്ന് സൂചന;ശ്രീറാമിന്റെ രക്തസാംപിള്‍ എടുക്കാന്‍ പൊലീസ് മനഃപൂര്‍വം വൈകിപ്പിച്ചതായും ആരോപണം
തിരുവനന്തപുരം:മദ്യപിച്ച് വാഹനമോടിച്ച് തലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ്സിന്‍റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കാനിരിക്കെ വകുപ്പുകള്‍ ദുര്‍ബലമാകാന്‍ സാധ്യതയെന്ന് സൂചന. ശ്രീറാമിന്‍റെ രക്തത്തില്‍ മദ്യത്തിന്‍റെ അംശമില്ലെന്നാണ് മെഡിക്കല്‍ പരിശോധനാഫലമെന്നാണ് വിവരം. രക്തസാംപിള്‍ എടുക്കാന്‍ പൊലീസ് മനഃപൂര്‍വം വൈകിപ്പിച്ചത് ശ്രീരാമിനെ തുണയ്ക്കുമെന്ന ആരോപണം ഇതോടെ ശക്തമാവുകയാണ്.രക്തത്തില്‍ മദ്യത്തിന്‍റെ അംശമില്ലെന്ന വിവരം ലാബ് അധികൃതര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. സാംപിള്‍ ശേഖരിക്കാന്‍ വൈകിയതാണ് മദ്യത്തിന്‍റെ അംശം ഇല്ലാതിരിക്കാന്‍ കാരണം. അപകടംനടന്ന് 9 മണിക്കൂറിന് ശേഷം മാത്രമായിരുന്നു സാംപിള്‍ എടുത്തത്. അപകടസ്ഥലത്തെത്തിയ പൊലീസ് ശ്രീറാമിനെ വൈദ്യപരിശോധനക്ക് വിധേയനാക്കിയില്ല. ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ മദ്യത്തിന്‍റെ മണമുണ്ടെന്ന് പറഞ്ഞിട്ടും രക്തസാംപിള്‍ എടുക്കാനും ആവശ്യപ്പെട്ടിരുന്നില്ല. കേസ് ഷീറ്റില്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ മദ്യത്തിന്‍റെ മണമുണ്ടായിരുന്നെന്ന് കുറിച്ചു.ഒടുവില്‍ ശ്രീറാം സ്വന്തം ഇഷ്ടപ്രകാരം പോയ കിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു സാംപിള്‍ എടുത്തത്. അതിനിടെ മദ്യത്തിന്‍റെ അംശം കുറക്കാന്‍ സഹായിക്കുന്ന എന്തെങ്കിലും മരുന്നുകള്‍ ശ്രീറാം ഉപയോഗിച്ചോ എന്ന സംശയവും ബാക്കിയാണ്.
ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ചിരുന്ന കാറിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു
തിരുവനന്തപുരം: സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീറാണ് മരിച്ചത്. തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനിലാണ് അപകടം നടന്നത്.അപകടത്തെ തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തി.അപകടത്തില്‍ പരിക്കേറ്റ ശ്രീറാം വെങ്കിട്ടരാമനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തുമാണ് കാറിലുണ്ടായിരുന്നത്. താനല്ല, സുഹൃത്താണ് കാറോടിച്ചതെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍, ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയാണ് വാഹനം ഓടിച്ചിരുന്നതെന്നും കാര്‍ അമിത വേഗതയിലായിരുന്നുവെന്നും ദൃക്സാക്ഷി പറഞ്ഞു. ഇത് സ്ഥിരീകരിക്കാന്‍ അപകടത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി.തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് സമീപം ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബഷീറിന്റെ ബൈക്കിന് പിന്നില്‍ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിക്കുകയായിരുന്നുവെന്നാണ് വിവരം. കാറില്‍ ശ്രീറാം വെങ്കിട്ടരാമനൊപ്പമുണ്ടായിരുന്ന സ്ത്രീ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുക്കാതെ ആദ്യം വിട്ടയച്ചു. പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് ഇവരെ ഫോണില്‍ വിളിക്കാന്‍ പോലും പോലീസ് തയ്യാറായത്.വഫ ഫിറോസ് എന്ന സ്ത്രീയുടെ പേരില്‍ തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്ത കാറിലാണ് ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ചിരുന്നത്.