വയനാട്:കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടലുണ്ടായ വയനാട് പുത്തുമലയില്‍ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി.അൻപതോളം ആളുകൾ ഇപ്പോഴും ഈ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.ഹാരിസണ്‍ മലയാളത്തിന്‍റെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റ് മേഖലയായ ഇവിടെ തോട്ടം തൊഴിലാളികളാണ് താമസിക്കുന്നത്. ഉരുള്‍പൊട്ടലില്‍ ഈ മേഖലയിലുള്ള വീടുകള്‍, പള്ളി, ക്ഷേത്രം കാന്‍റീന്‍ എന്നിവയൊക്കെ തകർന്നു.വ്യാഴാഴ്ച മുതല്‍ ഈ പ്രദേശത്ത് ഉരുള്‍പൊട്ടലുണ്ടായി. ഇവിടെ നിന്നും റോഡുകള്‍ ഒലിച്ചുപോയതിനാല്‍ കള്ളാടി മേഖല വരെ മാത്രമാണ് ഇപ്പോഴും പോകാന്‍ കഴിയുന്നത്.എം.എല്‍.എയും സബ്കളക്ടറും ഉള്‍പ്പടെയുള്ളവര്‍ കള്ളാടിയിലുണ്ട്. ഇന്നലെ ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റി താമസിപ്പിച്ചവരെ കൂടുതല്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.മണ്ണ് മാറ്റുന്നതിനിടെ വീണ്ടും മണ്ണ് ഇടിയുന്നത് രക്ഷാ പ്രവര്‍ത്തനം ദുസഹമാക്കുന്നുണ്ട്. പരിക്കേറ്റ പത്ത് പേര്‍ മേപ്പാടി വിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.
സംസ്ഥാനത്ത് ദുരിതം വിതച്ച് കനത്ത മഴ തുടരുന്നു;മരണസംഖ്യ 23 ആയി;ഇന്ന് മാത്രം മരിച്ചത് 13 പേര്‍
തിരുവനന്തപുരം:കനത്ത നാശം വിതച്ച് സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു.കനത്ത മഴയിൽ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 23 ആയി.ഇന്ന് മാത്രം വിവിധയിടങ്ങളിലായി 13 പേരാണ് മരിച്ചത്.വയനാട്, ഇടുക്കി ജില്ലകളിലാണ് ഏറ്റവും കനത്ത നാശം. സംസ്ഥാനത്താകെ അയ്യായിരത്തിലധികം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.വയനാട് മേപ്പാടി പുതുമലയില്‍ രാത്രിയുണ്ടായ ഉരുള്‍പൊട്ടലില്‍ നിരവധി പേര്‍ അകപ്പെട്ടിട്ടുണ്ട്.ഇവിടെ കണ്ണൂര്‍ ടെറിട്ടോറിയല്‍ ആര്‍മിയുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.രണ്ടു പാര്‍പ്പിട കേന്ദ്രങ്ങള്‍, വീടുകള്‍, മദ്രസ, ക്ഷേത്രം, ചായക്കട, ഹോട്ടല്‍ എന്നിവയെല്ലാം മണ്ണിനടിയിലായി. ദുരന്തസമയത്ത് ആള്‍ക്കാര്‍ കെട്ടിടങ്ങളില്‍ ഉണ്ടായിരുന്നതായിട്ടാണ് വിവരം. 15 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങള്‍ എത്തിച്ചേരുന്നതിന് ബുദ്ധിമുട്ട് നേരിടുന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍കര്‍ കാല്‍നടയായി കിലോമീറ്ററുകള്‍ നടന്നുപോകേണ്ട സ്ഥിതിയാണ് ഇവിടെ നേരിടുന്നത്. വിവിധ ജില്ലകളിലായി നൂറുകണക്കിന് വീടുകള്‍ പൂര്‍ണമായും ആയിരത്തോളം വീടുകള്‍ ഭാഗികമായും തകര്‍ന്നു.മലപ്പുറം നാടുകാണിയില്‍ വീട് ഒലിച്ചുപോയി രണ്ട് സ്ത്രീകളെ കാണാതായി.കനത്ത മഴയും മണ്ണിടിച്ചിലും കാരണം ഒറ്റപ്പെട്ട നിലമ്ബൂരില്‍ രക്ഷാപ്രവര്‍ത്തനം നടത്താനായി ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എന്‍ഡിആര്‍എഫ്) എത്തി.
റോഡുകളില്‍ വെള്ളം കയറിയതിനാല്‍ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. ആലപ്പുഴയില്‍ റെയില്‍പാളത്തില്‍ മരംവീണ് ഗതാഗതം തടസ്സപ്പെട്ടതിനാല്‍ രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. എറണാകുളം ആലപ്പുഴ (56379), ആലപ്പുഴഎറണാകുളം പാസഞ്ചറുകളാണ് സര്‍വീസ് നിര്‍ത്തി വെയ്ക്കുന്നത്. നെടുമ്ബാശേരി വിമാനത്താവളം ഞായറാഴ്ച വരെ അടച്ചു. കൊച്ചി നെടുമ്ബാശേരി വിമാനത്താവളം ഞായറാഴ്ച വരെ അടക്കുന്നുവെന്ന് സിയാല്‍ വക്താവ് അറിയിച്ചു. മഴ മാറിയാല്‍ ഞായറാഴ്ച വൈകിട്ട് മൂന്നിനേ വിമാനത്താവളം തുറക്കൂ.വെള്ളം കയറിയതിനെ തുടര്‍ന്ന് സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്. മറ്റു വിമാനങ്ങള്‍ വഴി തിരിച്ചുവിടുമെന്നാണ് അധികൃതര്‍ പറഞ്ഞിരിക്കുന്നത്. ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം , കൊല്ലം എന്നിവ ഒഴികെയുള്ള 12 ജില്ലകളില്‍ പ്രളയ സാധ്യതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്
കണ്ണൂർ ജില്ലയിൽ കനത്തമഴയും ഉരുൾപൊട്ടലും; പുഴകൾ കരകവിഞ്ഞൊഴുകുന്നു; വീടുകളിൽ വെള്ളം കയറി;ഗതാഗതം താറുമാറായി
കണ്ണൂർ:ജില്ലയുടെ മലയോര മേഖലയിൽ കനത്ത മഴ.കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴ കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയിൽ ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.ആറളം വനത്തിലും കേളകം അടക്കാത്തോട്ടം ഉരുള്‍പ്പെട്ടലുണ്ടായി. ബാവലിപ്പുഴയും ചീങ്കണ്ണി പുഴയും കരകവിഞ്ഞൊഴുകുന്നു. നിരവധി വീടുകളും കൃഷിയിടങ്ങളും വെള്ളത്തിലായി. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ആറളം വന്യജീവി സങ്കേതത്തിന്റെ വളയഞ്ചാല്‍ ഓഫീസ് പരിസരം വെള്ളത്തിലായി. അടക്കാത്തോട് മുട്ടുമാറ്റിയില്‍ ആനമതില്‍ വീണ്ടും തകര്‍ന്നു. ചീങ്കണ്ണിപ്പുഴ കരകവിഞ്ഞ് മലയോര ഹൈവെയില്‍ വെള്ളം കയറി. പലയിടത്തും ഗതാഗതം മുടങ്ങി.കനത്ത മഴയില്‍ മണ്ണിടിഞ്ഞു കൊട്ടിയൂര്‍ – വയനാട് പാല്‍ചുരം റോഡില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. റോഡില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് പോലീസ്, ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മഴ ശക്തമായതിനാല്‍ കണ്ണൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നല്‍കിയിട്ടുണ്ട്.കൊട്ടിയൂരിൽ വ്യാഴാഴ്ച രാവിലെയുണ്ടായ ചുഴലിക്കാറ്റിൽ സ്കൂളിന്‍റെ മേൽക്കൂര തകർന്നു
ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നൽകിയ സംഭവം;പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
കൊച്ചി:മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടം വരുത്തി മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി.എന്നാൽ സര്‍ക്കാറിന്റെ അപ്പീലില്‍ ഹൈക്കോടതി ശ്രീറാമിന് നോട്ടീസയച്ചു.ഹരജി വെള്ളിയാഴ്ച്ച വീണ്ടും പരിഗണിക്കും. ശ്രീറാം വെങ്കിട്ടരാമനെതിരായ തെളിവ് ശേഖരിക്കുന്നതില്‍ വീഴ്ച വരുത്തിയ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടത്.ശ്രീറാമിന്റെ രക്തസാമ്പിള്‍ എടുക്കാത്തതെന്ത് കൊണ്ടാണെന്ന് കോടതി ചോദിച്ചു. മദ്യത്തിന്റെ മണം ഉണ്ടായിരുന്നു എങ്കിലും മെഡിക്കല്‍ ടെസ്റ്റ് നടത്തേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമല്ലേയെന്നും ഗവര്‍ണര്‍ അടക്കമുള്ളവര്‍ സഞ്ചരിക്കുന്ന കവടിയാറില്‍ സി.സി.ടി.വി ഇല്ലേയെന്നും കോടതി ചോദിച്ചു.മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. തെറ്റായ വിവരങ്ങള്‍ നല്‍കി ശ്രീറാം പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു. സാക്ഷികളെ സ്വാധീനിക്കാന്‍ ശേഷിയുള്ള വ്യക്തിയാണ് ശ്രീറാം. ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ മദ്യത്തിന്‍റെ ഗന്ധം സ്ഥിരീകരിച്ചതാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.മദ്യപിച്ച് അമിതവേഗത്തില്‍ കാറോടിച്ച് ഒരാളുടെ ജീവനെടുത്ത പ്രതിക്കെതിരെ 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഐ.പി.സി 304 വകുപ്പ് ആണ് ചുമത്തിയിട്ടുള്ളത്. അങ്ങനെയുള്ള കേസില്‍ പ്രതിക്ക് ജാമ്യം നല്‍കാന്‍ മജിസ്ട്രേറ്റ് കോടതിക്ക് അധികാരമില്ലെന്നാണ് ഹരജിയിലെ വാദം.ഇന്നലെ ജാമ്യം ലഭിച്ചെങ്കിലും മെഡിക്കല്‍ കോളജ് ട്രോമാ ഐ.സി.യുവിലാണ് ശ്രീറാം. ഇന്ന് മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്നെങ്കിലും നട്ടെല്ലിന്റെ എം.ആര്‍.ഐ പരിശോധനാ ഫലം ലഭിക്കാത്തതിനാല്‍ ഡിസ്ചാര്‍ജിന്റ കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. വൈകീട്ടോടെ ഫലം ലഭിച്ചാല്‍ ഇന്ന് തന്നെ വീണ്ടും മെഡിക്കല്‍ ബോര്‍ഡ് ചേരും. കടുത്ത മാനസിക സമ്മര്‍ദ്ദവും ഛര്‍ദ്ദിയും തുടരുന്നതായും മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി.
പെരിയ ഇരട്ടക്കൊലകേസ്;പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കാസർകോഡ്:പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷ്, ശരത്ലാൽ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.കേസിലെ 9 മുതൽ 11 വരെ പ്രതികളായ മുരളി, രഞ്ജിത്ത്, പ്രദീപ് എന്നിവർ നൽകിയ ജാമ്യ ഹരജികളാണ് തള്ളിയത്. കുറ്റകൃത്യത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും കെട്ടിച്ചമച്ച കേസാണിതെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതികൾ ജാമ്യാപേക്ഷ നൽകിയത്. പ്രതികളുടെ പങ്ക് തെളിയിക്കാൻ സാധിക്കുന്ന തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും പ്രതികൾ കോടതിയെ അറിയിച്ചു.കേസിലെ മുഖ്യപ്രതിയായ സി.പി.എം ലോക്കൽ സെക്രട്ടറിയുടെ അടുത്ത അനുയായികൾ ആണ് പ്രതികൾ എന്നതിനാൽ അവർക്ക് ജാമ്യം നൽകുന്നത് പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു.ജാമ്യത്തിൽ ഇറങ്ങിയാൽ പ്രതികളുടെ ജീവന് തന്നെ ഭീഷണി ഉണ്ടാകുന്ന സാഹചര്യം ഉണ്ടെന്നും നിരീക്ഷിച്ചാണ് കോടതിയിൽ ജാമ്യാപേക്ഷ തള്ളിയത്.
കാസർകോഡ് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ്സ് രജിസ്‌ട്രേഷൻ ആരംഭിച്ചു
കാസർകോഡ്:സെപ്റ്റംബർ 13,14,15 തീയതികളിൽ കാസർകോഡ് കോൺഫെറൻസ് ഹാൾ,വനിതാ ഭവൻ എന്നിവിടങ്ങളിലായി കാസർകോടിനൊരിടം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ്സ് രജിസ്‌ട്രേഷൻ ആരംഭിച്ചു.മൂന്നു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ പതിനഞ്ചിൽപ്പരം അന്താരാഷ്ട്ര ചലച്ചിത്ര പ്രദർശനം കൂടാതെ ഹ്രസ്വ ചിത്ര മത്സരത്തിൽ തിരഞ്ഞെടുക്കുന്ന മികച്ച പത്തോളം ചിത്രങ്ങളുടെ പ്രദർശനവും ഓപ്പൺ ഫോറം, പുസ്തകമേള,ചിത്ര-ഫോട്ടോ പ്രദർശനം,അവാർഡ് നൈറ്റ് ആൻഡ് മെഗാ ഷോ എന്നിവ കാണാനുള്ള സൗകര്യവും രജിസ്റ്റർ ചെയ്തവർക്ക് ലഭിക്കും.350 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്.വിദ്യാർത്ഥികൾക്ക് 250 രൂപയാണ് ഫീസ്.പരിമിതമായ സീറ്റുകൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്.രജിസ്‌ട്രേഷൻ ഫോം ഫിൽ ചെയ്യുന്നതിനും ഫീസ് അയക്കേണ്ട അക്കൗണ്ട് ഡീറ്റൈൽസിനും shorturl.at/hQ124 എന്ന ലിങ്ക് സന്ദർശിക്കുക.
കൂടുതൽ വിവരങ്ങൾക്ക് +917736365958,+919961796489,+918129664465 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
For more information visit: www.frames-kiff.com
കനത്ത മഴ;വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കല്‍പറ്റ: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്ടിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച കളക്ടര്‍ അവധി പ്രഖ്യാപിച്ചു.ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് വയനാട് ജില്ലയിലെ കാരാപ്പുഴ ഡാമിന്‍റെ മൂന്ന് ഷട്ടറുകള്‍ തുറന്നു. കഴിഞ്ഞ ദിവസം വയനാട് അമ്പലവയൽ കരിങ്കുറ്റിയില്‍ മണ്‍ഭിത്തിയിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിലും ഉരുള്‍പൊട്ടലിലും വന്‍ നാശനഷ്ടമുണ്ടായ കുറിച്യര്‍മല ഉരുള്‍പൊട്ടല്‍ ഭീഷണിയുണ്ട്.
ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിച്ചതിനെതിരെ സർക്കാർ ഇന്ന് കോടതിയിൽ അപ്പീൽ നൽകും
തിരുവനന്തപുരം:മദ്യലഹരിയിൽ ഓടിച്ച വാഹനമിടിച്ച് മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ഐഎഎസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നൽകിയതിനെതിരെ സർക്കാർ ഇന്ന് കോടതിയിൽ അപ്പീൽ സമർപ്പിക്കും.തിരുവനന്തപുരം സിജെ എം കോടതിയാണ് ശ്രീറാമിന് ജാമ്യം നല്‍കിയത്.ജാമ്യം റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യം. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചത്.ശ്രീറാം മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് തെളിയിക്കുവാന്‍ പ്രോസിക്യൂഷന് കഴിയാത്ത സാഹചര്യത്തിലാണ് ജാമ്യം ലഭിച്ചത്. അതേസമയം മദ്യം കഴിച്ചോ എന്ന് ഉറപ്പിക്കാനുള്ള രക്തപരിശോധന പൊലീസ് മനപൂര്‍വ്വം വൈകിച്ചുവെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകാനും ജാമ്യത്തിനെതിരെ അപ്പീല്‍ പോകാനുമുള്ള സര്‍ക്കാര്‍ തീരുമാനം. ശ്രീറാം ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ചികിത്സയിലാണ്.എഡിജിപി ഷേഖ് ദര്‍വേഷ് സാഹിബ് നേതൃത്വം നല്‍കുന്ന പ്രത്യേക പൊലീസ് സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.
സംസ്ഥാനത്ത് ഓഗസ്റ്റ് 12 തിങ്കളാഴ്ച പൊതുഅവധി

ശ്രീറാം വെങ്കിട്ടരാമന് ജാമ്യം
തിരുവനന്തപുരം:മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. ശ്രീറാമിനെ കസ്റ്റഡിയില്‍ വേണമെന്ന പോലീസ് ആവശ്യവും കോടതി തള്ളി. 72 മണിക്കൂര്‍ ശ്രീറാം നിരീക്ഷണത്തില്‍ തുടരണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശം പരിഗണിച്ചാണ് കോടതി പൊലീസിന്റെ കസ്റ്റഡി അപേക്ഷ തള്ളിയത്.കേസില്‍ നിരവധി തെളിവുകള്‍ ഇനിയും ശേഖരിക്കാനുണ്ടെന്നും പ്രതിക്ക് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി.അതേസമയം, ശ്രീറാം മദ്യപിച്ച് വാഹനാപകടമുണ്ടാക്കിയെന്ന് തെളിയിക്കുന്ന രേഖകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് പ്രതിഭാഗം കോടതിയില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചുവെന്ന് തെളിയിക്കാന്‍ എന്ത് രേഖകളാണ് പ്രോസിക്യൂഷന്റെ കൈയിലുള്ളതെന്നും അദ്ദേഹം മദ്യപിച്ചുവെന്ന് എങ്ങനെ കണ്ടെത്തിയെന്നും കോടതി ചോദിച്ചു. ഇതിന് സാക്ഷിമൊഴികളുണ്ടെന്നാണ് പ്രോസിക്യൂഷന്റെ മറുപടി. എന്നാല്‍ സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ മാത്രം മദ്യപിച്ചുവെന്ന് തെളിയിക്കാന്‍ കഴിയില്ലെന്നും വൈദ്യപരിശോധനാ റിപ്പോര്‍ട്ടും കേസ് ഡയറിയും ഹാജരാക്കണമെന്നും കോടതി നിര്‍ദേശിക്കുകയായിരുന്നു.അതിനിടെ ഫൊറന്‍സിക് തെളിവ് ശേഖരണം വൈകിപ്പിക്കുന്നതായി സൂചനയുണ്ട്. പരിക്കിന്റെ പേരില്‍ മൂന്ന് ദിവസമായിട്ടും ശ്രീറാമിന്റെ വിരലടയാളമെടുക്കാന്‍ ഡോക്ടര്‍മാര്‍ സമ്മതിച്ചില്ല. എന്നാല്‍ ജാമ്യഹര്‍ജിയില്‍ ശ്രീറാം സ്വയം ഒപ്പിട്ട് നല്‍കിയതോടെ ഇത് അട്ടിമറി ശ്രമമെന്നു വ്യക്തമായി.അതേസമയം ശ്രീറാം വെങ്കിട്ടരാമനെ ഡോപുമിന്‍ ടെസ്റ്റിന് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് സിറാജ് പത്ര മാനേജ്‌മെന്റ് കോടതിയെ സമീപിച്ചിട്ടുണ്ട്. ലഹരിമരുന്ന് ഉപയോഗിച്ചോയെന്നു കണ്ടെത്താനുള്ള പരിശോധനയാണ് ഡോപുമിന്‍ ടെസ്റ്റ്.സ്വാധീനമുപയോഗിച്ച് ശ്രീറാം കേസ് അട്ടിമറിച്ചെന്ന് സിറാജ് മാനേജ്‌മെന്റ് ആരോപിച്ചു.ശ്രീറാമിന് ജാമ്യം ലഭിച്ചതുകൊണ്ട് കേസ് അവസാനിച്ചതായി കരുതുന്നില്ലെന്നും സിറാജ് മാനേജ്‌മെന്റ് പ്രതിനിധി സൈഫുദീന്‍ ഹാജി മാധ്യമങ്ങളോട് പറഞ്ഞു.