പ്രളയത്തിന്റെ മറവിൽ വ്യാജ വാർത്തകൾ : ജനങ്ങളിൽ ആശങ്കകൾ വർദ്ധിപ്പിക്കുന്നു

കോഴിക്കോട്: കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ ഉണ്ടായ ഉരുൾപൊട്ടലിലും  വെള്ള പൊക്കത്തിലും  ദുരിതമനുഭവിക്കുന്നവർക്ക് കൂനിന്മേൽ കുരു പോലെ ദുരന്തത്തിന്റെ ആഴം വർധിപ്പിക്കാനും  ജനങ്ങളിൽ പരിഭ്രാന്തി പടർത്താനും ബോധപൂർവ്വമായി  വ്യാജവാർത്തകൾ സൃഷ്ടിച്ച് ഒരുകൂട്ടം സാമൂഹ്യവിരുദ്ധർ നവ മാധ്യമ ങ്ങളിൽ സജീവമാവുകയാണ്.

Screenshot_2019-08-12-20-30-28-099_com.android.chrome

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായം നൽകരുത് അതിൽ ലഭിക്കുന്ന പണം ദുർവിനിയോഗം  ചെയ്യുമെന്ന രീതിയിൽ വ്യാജ വാർത്തകൾ ഇതിനകം സോഷ്യൽ മീഡിയയിൽ വളരെ പ്രചരിച്ചിട്ടുണ്ട്. പ്രളയദിനങ്ങളിൽ കെഎസ്ഇബി സംസ്ഥാനവ്യാപകമായി വൈദ്യുതി വിതരണം നിർത്തിവെക്കും,  ആഗസ്റ്റ് 8 9 10 എന്നീ തീയതികളിൽ കേരളത്തിലെ പെട്രോൾപമ്പുകളിൽ ഇന്ധനം ലഭിക്കില്ല എന്നും തുടങ്ങി പലവിധത്തിലുള്ള വ്യാജവാർത്തകൾ ആണ് സോഷ്യൽ മീഡിയകൾ വഴി ഇത്തരം ആൾക്കാർ പ്രചരിപ്പിക്കുന്നത്.  ഈ വ്യാജ വാർത്ത കാരണം കഴിഞ്ഞ വെള്ളി ശനി ദിവസങ്ങളിൽ കേരളത്തിലെ ഒട്ടുമിക്ക പെട്രോൾ പമ്പുകളിലും വൻ തിരക്കായിരുന്നു ഉണ്ടായിരുന്നത്.

Screenshot_2019-08-12-20-27-19-236_com.android.chrome

കേന്ദ്രസേനയുടെ വാഹനങ്ങൾക്ക് ഇന്ധനം നൽകാൻ തയ്യാറാകാത്ത വയനാട് ജില്ലയിലെ മൂന്ന് പെട്രോൾ പമ്പുകൾ ദുരന്തനിവാരണ സേനയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് പിടിച്ചെടുത്തു  എന്നും  ഇതിൽ നിന്നും അവർക്ക് ആവശ്യമായ വാഹനങ്ങളിൽ ഇന്ധനം നിറച്ച ശേഷമാണ് സേനവാഹനങ്ങൾ വിട്ടുപോയത് എന്ന തരത്തിലുള്ള വ്യാജവാർത്തകൾ പല മാധ്യമങ്ങളിലും പ്രചരിച്ച തുടങ്ങിയിരുന്നു.

IMG_20190812_211314

ഫെയ്സ്ബുക്ക്  പോസ്റ്റുകളിൽ ഇന്ത്യൻ മിലിറ്ററിയെ അപമാനിച്ചു കൊണ്ടുള്ള വ്യാജ വാർത്തയറിഞ്ഞ സിജു എ ഉണ്ണിത്താൻ  എന്ന സൈനികന്റെ  വെളിപ്പെടുത്തൽ വൈറൽ ആയതോടെ പല പ്രമുഖ മാധ്യമങ്ങളും ഈ വാർത്ത പിൻവലിച്ചു.ചില ഫേസ്ബുക് പേജുകളിൽ ക്ഷമാപണം പോസ്റ്റ്‌ വ്യാജ വാർത്ത പിൻവലിചെങ്കിലും പട്ടാളനിയമങ്ങളെ പറ്റി അറിവില്ലാത്തവർ ഇപ്പോഴും ഈ വാർത്ത ഷെയർ ചെയ്തു സൈബർ,  സിവിൽ നിയമത്തെ വെല്ലുവിളിക്കുകയാണ്.

Screenshot_2019-08-14-06-55-04-384_com.whatsapp

ഫേസ്ബുക് പേജിൽ ലൈകും കമനട്സും ഷെയറും ലഭിക്കാൻ വേണ്ടി മാത്രമാണ് സാമൂഹ്യ വിരുദ്ധർ  ഇത്തരം വ്യാജവാർത്തകൾ സൃഷ്ടിച്ച്‌ സമൂഹത്തെ ആശങ്കയിലാക്കുന്നത്തത്.

കവളപ്പാറ ഉരുൾപൊട്ടൽ;ഇന്ന് ആറ് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു;മരണം 19 ആയി

keralanews land slide in kavalappara six deadbodies found today death toll raises to 19

വയനാട്:ജില്ലയിൽ ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയില്‍ നിന്ന് ആറ് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി.ഇതോടെ മരിച്ചവരുടെ എണ്ണം 19 ആയി. കവളപ്പാറയില്‍ നിന്ന് 63 പേരെയാണ് കാണാതായത്. നാല് പേര്‍ തിരിച്ചെത്തി. ഇതോടെ 59 പേര്‍ അപകടത്തില്‍പ്പെട്ടുവെന്നാണ് കണക്ക്. ഇനിയും കണ്ടെത്താനുള്ളവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുന്നു.മഴ കുറഞ്ഞതോടെ നാലാം ദിവസം തിരച്ചിലിന് വേഗതയേറിയിട്ടുണ്ട്. കുന്നിന്‍ മുകളില്‍ നിന്ന് കാണാതായ സുധയുടെ മൃതദേഹം മുന്നൂറ് മീറ്റര്‍ മാറി മണ്ണുമാറ്റി നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. മൂന്ന് മൃതദേഹങ്ങള്‍ പത്തടി ആഴത്തില്‍ മണ്ണ് മണ്ണിനടിയില്‍ കണ്ടെത്തി. തെരച്ചിലിന് ഉപകരണങ്ങളുടെ കുറവുണ്ടായെന്ന പരാതിയെ തുടര്‍ന്ന് ഇന്ന് കോണ്‍ക്രീറ്റ് കട്ടറും ജനറേറ്ററും എത്തിച്ചിട്ടുണ്ട്. ഒരേ സമയം പതിനഞ്ച് മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തുന്നത്. ദുരന്തമേഖയലയില്‍ തെരച്ചില്‍ നടത്തുന്നതില്‍ വൈദഗ്ധ്യം നേടിയവരും തെരച്ചിലിന് പരിശീലനം ലഭിച്ച നായ്ക്കളും തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. ഉറ്റവരെ അന്വേഷിച്ച്‌ നിരവധി ആളുകളാണ് കവളപ്പാറയിലേക്ക് എത്തുന്നത്. സൈന്യത്തിന്റെയും ഫയര്‍ ആന്‍ഡ് റെസ്‌ക്യു സംഘത്തിന്റെയും നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തുന്നത്.കവളപ്പാറയില്‍ മൂന്നുഭാഗത്തുകൂടിയാണ് ഉരുള്‍പൊട്ടിയത്. ഈ ഭാഗങ്ങളിലെല്ലാം വീടുകളുണ്ടായിരുന്നു. ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയിലും യന്ത്രങ്ങളെത്തിച്ച്‌ തിരച്ചില്‍ തുടങ്ങി. നൂറേക്കറോളം മണ്ണിനടിയിലായ ഇവിടെ എട്ട് പേരോളം ഇനിയും മണ്ണിനടിയിലുണ്ടെന്നാണ് കരുതുന്നത്. പുത്തുമലയുടെ ഭൂപടം തയ്യാറാക്കിയാണ് സൈന്യം തിരച്ചില്‍ നടത്തുന്നത്.

സംസ്ഥാനത്തെ പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

keralanews tomorrow leave for educational institutions in ten districts in the state

തിരുവനന്തപുരം:കനത്ത മഴയ്ക്ക് ശമനമുണ്ടെങ്കിലും പലയിടങ്ങളിലും വെള്ളക്കെട്ടുകൾ തുടരുന്നതിനാൽ സംസ്ഥാനത്തെ പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.കാസര്‍കോട്,കണ്ണൂര്‍,കോഴിക്കോട്, വയനാട്, മലപ്പുറം,തൃശൂര്‍, എറണാകുളം, ആലപ്പുഴ, കോട്ടയം,പത്തനംതിട്ട എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്റ്റർമ്മാർ അവധി നൽകിയിരിക്കുന്നത്.കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അങ്കണവാടികള്‍ക്കും മദ്രസകള്‍ക്കും അവധി ബാധകമായിരിക്കും. കാസര്‍കോട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്ബ് പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കും നാളെ അവധിയാണ്.കോഴിക്കോട് ജില്ലയില്‍ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച അവധിയാണ്. കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അങ്കണവാടികള്‍ക്കും മദ്രസകള്‍ക്കും അവധി ബാധകമായിരിക്കും.മഴ കുറവുണ്ടെങ്കിലും ജില്ലയില്‍ മിക്കയിടങ്ങളിലും വെള്ളക്കെട്ട് നിലനില്‍ക്കുന്നതും ചില വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്നതും പരിഗണിച്ചാണ് അവധി. തുടര്‍ച്ചയായി മഴപെയ്ത സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കെട്ടിടത്തിന്റെ സുരക്ഷിതത്വം പരിശോധിക്കാനും ജില്ലകലക്ടര്‍ നിര്‍ദേശം നല്‍കി.കേരള സര്‍വകലാശാലയും എംജി സര്‍വകലാശാലയും ചൊവ്വാഴ്ച (13 ന്) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. നാളെയും മറ്റന്നാളും നടത്താനിരുന്ന പാരാ മെഡിക്കല്‍ ഡിപ്ലോമ പരീക്ഷകളും മാറ്റിവച്ചു. കാലിക്കറ്റ് സര്‍വകലാശാല ഓഗസ്റ്റ് 16 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും വൈവകളും മാറ്റിവച്ചിട്ടുണ്ട്.ആരോഗ്യസര്‍വകലാശാല നാളെയും മറ്റന്നാളും (13,14) നടത്താനിരുന്ന എല്ലാ തീയറി പരീക്ഷകളും മാറ്റിവച്ചതായി അധികൃതര്‍ അറിയിച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും. മറ്റ് യൂണിവേഴ്സിറ്റി പരീക്ഷകള്‍ക്കും പൊതു പരീക്ഷകള്‍ക്കും മാറ്റമില്ല.

സന്ദര്‍ശനം മാറ്റി വെക്കണമെന്ന കളക്റ്ററുടെ അഭ്യർത്ഥന മറികടന്ന് രാഹുൽ ഗാന്ധി ഇന്ന് വയനാട് സന്ദർശിക്കും

keralanews rahul gandhi will visit wayanad today

കോഴിക്കോട്:കോൺഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ സന്ദർശനം നടത്തും.ഇന്ന് ഉച്ചയോടെ കോഴിക്കോടെത്തുന്ന രാഹുല്‍ ഗാന്ധി ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ വയനാട് മണ്ഡലത്തില്‍ പര്യടനം നടത്തും. ഉരുള്‍പൊട്ടല്‍ നാശം വിതച്ച നിലമ്പൂരും കവളപ്പാറയിലും നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും.വയനാട്ടിലെ ദുരിത ബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും.മലപ്പുറം ജില്ലയിലെ ക്യാമ്പുകളിലും രാഹുല്‍ സന്ദര്‍ശനം നടത്തും. പ്രളയ ദുരിതമനുഭവിക്കുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ രാഹുല്‍ നേരത്തേ തീരുമാനിച്ചിരുന്നു.അനുമതിക്കായി കാക്കുകയാണെന്ന് അദ്ദേഹം അറിയിച്ചിരുന്നു.എന്നാല്‍ സുരക്ഷാകാരണങ്ങളാലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുമെന്നതിനാലും രാഹുല്‍ ഗാന്ധി സന്ദര്‍ശനം മാറ്റിവെക്കണമെന്ന് കളക്ടര്‍ അഭ്യര്‍ഥിച്ചു.നേരത്തെ തന്റെ മണ്ഡലമായ വയനാട്ടില്‍ ഇത്രയധികം ദുരിതം വിതച്ചിട്ടും രാഹുല്‍ തിരിഞ്ഞുനോക്കിയില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു. അതിനിടെയാണ് രാഹുലിന്റെ സന്ദര്‍ശനം.

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് നേരിയ ശമനം;മൂന്ന് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്;മരണസംഘ്യ 63 ആയി

Vythiri: A car is seen submerged in flood water after heavy rainfall, at Vythiri in Wayanad district of Kerala on Thursday, Aug 9, 2018. (PTI Photo) (PTI8_9_2018_000229B)

കോഴിക്കോട്:സംസ്ഥാനത്ത് ഒരാഴ്ചയായി തുടരുന്ന കനത്ത മഴയ്ക്ക് നേരിയ ശമനം. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്നും റെഡ് അലര്‍ട്ട് തുടരും. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്.വരും ദിവസങ്ങളില്‍ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ പ്രവചനം.സംസ്ഥാനത്ത് 63 പേരാണ് മഴക്കെടുതിയില്‍ ഇതുവരെ മരിച്ചത്. ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.വെള്ളം കയറിയതിനെ തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശേരി വിമാനത്താവളം ഇന്ന് തുറക്കും. ഷൊര്‍ണൂരിനും കോഴിക്കോടിനുമിടയില്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും.കോഴിക്കോട് നിന്നുള്ള കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ സാധാരണ നിലയിലേക്കെത്തിത്തുടങ്ങി.മലപ്പുറം, വയനാട് ജില്ലകളിലേക്കുള്ള സര്‍വ്വീസ് പുനരാരംഭിച്ചു. തൃശൂര്‍ – എറണാകുളം ഭാഗത്തേക്കും കെ.എസ്.ആര്‍.ടി.സിയുടെ സര്‍വ്വീസുണ്ട്.

കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടലുണ്ടായ മലപ്പുറം ജില്ലയിലെ കവളപ്പാറയിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

keralanews army started rescue process in kavalappara malappuram district where landslide happened

മലപ്പുറം:കനത്ത മഴയെ തുടർന്ന് ഉണ്ടായ ഉരുൾപൊട്ടൽ വൻ ദുരന്തം വിതച്ച മലപ്പുറം ജില്ലയിലെ കവളപ്പാറയിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ദുരന്തനിവാരണസേനയും സന്നദ്ധ പ്രവര്‍ത്തകരും ഇവരോടൊപ്പം തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.മലയുടെ ഒരു ഭാഗം ഇടിഞ്ഞ് 50 അടിയോളം ഉയരത്തില്‍ മണ്ണു നിറഞ്ഞു കിടക്കുന്നുണ്ട്.45 വീടുകളാണ് മണ്ണിനടിയില്‍ പെട്ടുപോയത്. വീടുകളുടെ അവശിഷ്ടങ്ങള്‍ പോലും കാണാത്ത രീതിയിലാണ് മണ്ണു നിറഞ്ഞത്.അൻപതടിയോളം ആഴത്തില്‍ മണ്ണ് ഇളക്കി നീക്കിയാല്‍ മാത്രമേ ഉള്ളില്‍ കുടുങ്ങിയവെ കണ്ടെത്താനാകൂ.എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ രക്ഷാപ്രവർത്തനം ദുഷ്‌കരമാണ്.കനത്ത മഴ തുടര്‍ന്നതിനാല്‍ ചെളിനിറഞ്ഞ് ദുഷ്‌കരമായിരുന്നു ശനിയാഴ്ചത്തെ തിരച്ചില്‍.രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ശനിയാഴ്ച വീണ്ടും ഉരുള്‍പൊട്ടി.രക്ഷാപ്രവര്‍ത്തകര്‍ ഓടിമാറിയതിനാല്‍ മറ്റൊരു ദുരന്തമൊഴിവാകുകയായിരുന്നു.തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നിർത്തിവെയ്ക്കുകയായിരുന്നു.അൻപതിലധികം പേർ ഇവിടെ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ്‌ കണക്കുകൂട്ടൽ.നിലവില്‍ മരങ്ങളും മറ്റു മുറിച്ചു മാറ്റുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.ശനിയാഴ്ച കടപുഴകിയ മരങ്ങള്‍ക്കിടയില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹങ്ങള്‍ ലഭിച്ചിരുന്നു.അതേസമയം മേഖലയില്‍ വീണ്ടും മണ്ണിടിച്ചിലിനും ഉരുള്‍ പൊട്ടലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മണ്ണ് ശക്തമായി താഴേക്ക് തെന്നി നീങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അതൊന്നും വകവെയ്ക്കാതെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

മലപ്പുറം കവളപ്പാറയില്‍ ഉരുൾപൊട്ടൽ;50ലേറെ പേര്‍ മണ്ണിനടിയിൽപെട്ടതായി സംശയം

keralanews landslide in malappuram kavalappara doubt that around 50persons trapped inside the soil

മലപ്പുറം:മലപ്പുറം ജില്ലയിലെ കവളപ്പാറയില്‍ വൻ  ഉരുൾപൊട്ടൽ.50ലേറെ പേര്‍ മണ്ണിനടിയിൽപെട്ടതായി സംശയം.അപകടം നടന്ന സ്ഥലത്ത് എഴുപതോളം വീടുകള്‍ ഉണ്ടായിരുന്നതായാണ് സൂചന. മുപ്പതോളം വീടുകള്‍ മണ്ണിനടിയില്‍പ്പെട്ടതായാണ് നാട്ടുകാര്‍ പറയുന്നത്. ഇന്നലെ രാത്രി 8 മണിയോടെയാണ് കവളപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായത്. കവളപ്പാറയിലെ ആദിവാസി കോളനിയിലെ ആളുകളാണ് അപകടത്തില്‍പ്പെട്ടിരിക്കുന്നത് എന്നാണ് സ്ഥലത്ത് നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം. സ്ഥലത്തേക്ക് എത്താന്‍ രക്ഷാ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നുണ്ടെന്നും രക്ഷാ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും എന്നും നിലമ്പൂർ എംഎല്‍എ പിവി അന്‍വര്‍ പറഞ്ഞു. ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍ അകപ്പെട്ട വീടുകളിലെ ആരും ദുരിതാശ്വാസ ക്യാംപുകളിലോ ബന്ധുവീടുകളിലോ എത്തിയിട്ടില്ല എന്ന് നാട്ടുകാര്‍ പറയുന്നു.കവളപ്പാറയിലേക്കുളള റോഡുകളും പാലവുമടക്കം തകര്‍ന്നത് കൊണ്ടാണ് രക്ഷാ പ്രവര്‍ത്തകര്‍ക്ക് സ്ഥലത്തേക്ക് എത്താന്‍ സാധിക്കാത്തത് എന്നാണ് വിശദീകരണം.അതേസമയം ദുരന്തം വാര്‍ത്തയായതോടെ കവളപ്പാറയില്‍ സര്‍ക്കാര്‍ ഇടപെടുന്നു. മണ്ണിടിച്ചില്‍ ഉണ്ടായി രക്ഷാ പ്രവര്‍ത്തനം ദുഷ്ക്കരമായ മലപ്പുറം ജില്ലയിലെ കവളപ്പാറയില്‍ ദേശീയ ദുരന്തപ്രതിരോധ സേന എത്തുമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. എന്‍ഡിആര്‍എഫ് സംഘത്തോട് വേഗത്തില്‍ നിലമ്ബൂരിലേക്ക് എത്താന്‍ ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് 24 മണിക്കൂർ കൂടി അതിശക്തമായ മഴ തുടരുമെന്ന് റിപ്പോർട്ട്;അടിയന്തിര സാഹചര്യം നേരിടാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേരുന്നു

keralanews heavy rain will continue in the state for 24hours high level meeting conducted by cm to deal with emergency situation

തിരുവനന്തപുരം:സംസ്ഥാനത്ത് അടുത്ത ഇരുപത്തിനാല് മണിക്കൂര്‍ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാല് ദിവസം കൂടി സംസ്ഥാന വ്യാപകമായി കനത്ത മഴ തുടരും. വടക്കൻ കേരളത്തിലാണ് അതിശക്തമായ മഴക്ക് സാധ്യതയെന്നും കാലാവസ്ഥാ കേന്ദ്രം പറയുന്നുണ്ട്.ബംഗാൾ ഉൾക്കടലിൽ ഉണ്ടായ ന്യൂനമര്‍ദ്ദവും ശാന്തസമുദ്രത്തിൽ രൂപമെടുത്ത ചുഴലിക്കാറ്റുമാണ് സംസ്ഥാനത്താകെ കാറ്റിന്‍റെയും മഴയുടേയും ശക്തികൂട്ടിയതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. തെക്കൻ ജില്ലകളിൽ വ്യാപക മഴയുണ്ടെങ്കിലും വടക്കൻ ജില്ലകളിലേതുപോലെ തീവ്രമഴയോ അപകടങ്ങളോ ഉണ്ടായിട്ടില്ലെന്നത് ആശ്വാസമാണ്.വയനാട് അടക്കം വടക്കൻ ജില്ലകളിൽ കഴിഞ്ഞ അഞ്ച് ദിവസമായി നിര്‍ത്താതെ മഴ പെയ്യുകയാണ്. ഊട്ടി, നീലഗിരി വനമേഖല കേന്ദ്രീകരിച്ച് അഞ്ചു ദിവസമായി കനത്തമഴ പെയ്തതോടെഅട്ടപ്പാടിയിലെ ഭവാനി, ശിരുവാണി പുഴ കരകവിഞ്ഞ് മേഖലയിലെ പല കുടുംബങ്ങളും ഒറ്റപ്പെട്ടു.പ്രളയസമാനമായ സാഹചര്യം ഉണ്ടായതോടെ  സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുകയാണ്.കനത്ത മഴക്കിടെയും അടിയന്തരമായി രക്ഷാ പ്രവര്‍ത്തനങ്ങൾ ഊര്‍ജ്ജിതമായി നടപ്പാക്കുന്നതിനാണ് സംസ്ഥാന ഭരണകൂടം ശ്രമിക്കുന്നത്.

വടകര വിലങ്ങാട് ആലിമലയില്‍ ഉരുൾപൊട്ടൽ;മൂന്നു മൃതദേഹങ്ങൾ കണ്ടെടുത്തു;കൂടുതൽപേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

keralanews landslide in vatakara vilangad three deadbodies found more people trapped inside

കോഴിക്കോട്: വടകര വിലങ്ങാട് ആലിമലയില്‍ ഉരുൾപൊട്ടൽ.മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ബേബി, ഭാര്യ ലിസ, മകന്‍ എന്നിവരുടെ മൃതദേഹമാണ് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്ത്. കൂടുതല്‍ പേര്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ഇവിടെ ഉരുള്‍പൊട്ടലുണ്ടായത്. പ്രദേശത്ത് മൂന്നു വീടുകള്‍ പൂര്‍ണമായും മണ്ണിനടിയിലായി.ഒരു വീട് ഭാഗികമായി തകര്‍ന്നു. മണ്ണിനടിയിലായ ഒരു വീട്ടില്‍ നിന്ന് നാട്ടുകാര്‍ ദാസന്‍ എന്നയാളെ രക്ഷപ്പെടുത്തി.എന്നാല്‍ ഇയാളുടെ ഭാര്യ മണ്ണിനടിയില്‍പെട്ടതായാണ് വിവരം.റോഡ് തകര്‍ന്നതിനാല്‍ പരിക്കേറ്റ ദാസനെ ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല.ഒരു പിക്കപ്പ് വാന്‍, കാറ്, ബൈക്ക് എന്നിവയും ഒലിച്ചു പോയി. കനത്ത മലവെള്ളപ്പാച്ചിലുള്ളതിനാല്‍ വലിയ വാഹനങ്ങള്‍ക്ക് സ്ഥലത്തേക്ക് എത്തിപ്പെടാന്‍ സാധിക്കാത്ത സാഹചര്യമാണ്. ചെങ്കുത്തായ കയറ്റമായതിനാലും ഇനിയും മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുളളതിനാലും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. ജെസിബി എത്തിച്ച്‌ മണ്ണ് മാറ്റുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ഇത് കാരണം വൈകുകയാണ്.

ജില്ലയിൽ കനത്ത മഴ തുടരുന്നു;ജലനിരപ്പ് ഉയരുന്നതിനാൽ പുഴയോരവാസികള്‍ക്ക് മാറിത്താമസിക്കാന്‍ നിര്‍ദ്ദേശം നൽകി

keralanews heavy rain continues in kannur as the water level rises the residents of the river side are advised to move

കണ്ണൂർ:ജില്ലയിൽ കനത്ത മഴ തുടരുന്നു.പുഴകളെല്ലാം കരകവിഞ്ഞൊഴുകുകയാണ്.ഈ സാഹചര്യത്തില്‍ ഇരിട്ടി, ഇരിക്കൂര്‍ പുഴയുടെ തീരങ്ങളിലും മറ്റ് പുഴകളുടെ തീരങ്ങളിലും താമസിക്കുന്നവര്‍ സര്‍ക്കാര്‍ തയ്യാറാക്കിയ ക്യാമ്പുകളിലേക്കോ ബന്ധുവീടുകളിലേക്കോ മറ്റ് സുരക്ഷിത സ്ഥാനങ്ങളിലേക്കോ മാറിത്താമസിക്കണമെന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നൽകി കഴിഞ്ഞു.മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളിലുള്ള ജനങ്ങളും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കേണ്ടതാണെന്നും കലക്ടര്‍ അറിയിച്ചു. അതിനിടെ, ജില്ലയില്‍ കനത്ത മഴയില്‍ ഒരാള്‍ മരിച്ചു. ഇരിട്ടി താലൂക്കില്‍ പഴശ്ശി വില്ലേജില്‍ കയനി കുഴിക്കലില്‍ കുഞ്ഞിംവീട്ടില്‍ കാവളാന്‍ പത്മനാഭന്‍ (55 വയസ്സ്) ആണ് വെള്ളക്കെട്ടില്‍ വീണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10.30 ഓടെ ആയിരുന്നു അപകടം. ഉരുള്‍പൊട്ടലുണ്ടായ അടക്കാത്തോട് മേമലക്കുന്ന്, കൊട്ടിയൂര്‍ ചാപ്പമല എന്നിവിടങ്ങളില്‍ നിന്ന് 10 കുടുംബങ്ങളെ ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് സാഹസികമായി രക്ഷപ്പെടുത്തി.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തുടര്‍ച്ചയായ മഴയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങള്‍ വെള്ളത്തിനടിയിലാണ്.ഇരിട്ടി,ഇരിക്കൂർ,കുറുമാത്തൂര്‍, ചെങ്ങളായി, ശ്രീകണ്ഠാപുരം, മയ്യില്‍, കൊളച്ചേരി, ആലക്കോട് തുടങ്ങിയ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പ്രദേശവാസികളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. ശക്തമായ മഴയിലും കാറ്റിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിരവധി വീടുകളും കടകളും തകര്‍ന്നു.വ്യാപകമായ  കൃഷിനാശവും ഉണ്ടായിട്ടുണ്ട്.