തിരുവനന്തപുരം:വിവാദമായ പി.എസ്.സി പൊലീസ് കോൺസ്റ്റബിൾ പരീക്ഷ തട്ടിപ്പ് കേസിൽ പ്രതികളായ ശിവരഞ്ജിത്തും നസീമും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. പരീക്ഷാ സമയത്ത് ഉത്തരങ്ങൾ എസ്.എം.എസായി ലഭിച്ചുവെന്നും 70 ശതമാനത്തിലേറെ ചോദ്യത്തിനും ഉത്തരമെഴുതിയത് എസ്.എം.എസ് നോക്കിയാണെന്നും പ്രതികൾ സമ്മതിച്ചു. ശിവരഞ്ജിത്തിനെയും നസീമിനെയും പൂജപ്പുര ജയിലിലെത്തിയാണ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം ചോദ്യം ചെയ്തത്. എട്ടു മണിക്കൂറോളം ചോദ്യം ചെയ്യൽ നടന്നു.അതേസമയം ചോദ്യം പുറത്ത് പോയത് സംബന്ധിച്ച പൊരുത്തക്കേടുകൾ തുടരുകയാണ്. ചോദ്യം ചെയ്യലിൽ ഇതുമായി ബന്ധപ്പെട്ട കൃത്യമായ മറുപടി പ്രതികൾ നൽകിയില്ല.അതിനിടെ പരീക്ഷാ ക്രമക്കേടിലെ അഞ്ചാം പ്രതി ബി സഫീർ അഗ്നിശമന സേനയുടെ ഫയർമാൻ ലിസ്റ്റിൽ ഉള്‍പ്പെട്ട തെളിവുകളും പുറത്തായി. ലിസ്റ്റിലെ 630ആം റാങ്കുകാരനാണ് സഫീര്‍. പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ആദ്യറാങ്കില്‍ ഇടം നേടിയ ശിവരഞ്ജിത്, പ്രണവ് എന്നിവര്‍ക്ക് മൊബൈല്‍ വഴി ഉത്തരം അയച്ചുകൊടുത്തയാളാണ് സഫീർ.ചോദ്യപേപ്പർ ചോർത്തി എസ്.എം.എസുകള്‍ വഴി ഉത്തരമയച്ച് പരീക്ഷ എഴുതിയെന്ന് തെളിഞ്ഞാൽ മാത്രമേ പ്രതികള്‍ക്കെതിരെ മറ്റ് വകുപ്പുകള്‍ ചുമത്താൻ കഴിയൂ. ഉത്തരമയക്കാനായി പ്രതികള്‍ ഉപയോഗിച്ച മൊബൈൽ ഫോണുകളും കണ്ടെത്തേണ്ടതുണ്ട്. ഈ മാസം എട്ടിനാണ് പരീക്ഷാ തട്ടിപ്പിലെ അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്.
കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷിനെതിരെ എല്‍.ഡി.എഫിന്റെ അവിശ്വാസ പ്രമേയം
കണ്ണൂര്‍:കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷിനെതിരെ എല്‍.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. ഇരുപത്തിയാറ് എല്‍.ഡി.എഫ് കൌണ്‍സിലര്‍ ഒപ്പിട്ട നോട്ടീസാണ് കലക്ടര്‍ക്ക് നല്‍കിയത്. കഴിഞ്ഞ ദിവസം മേയര്‍ക്കെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം രാഗേഷിന്റെ പിന്തുണയോടെ വിജയിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.എല്‍.ഡി.എഫ് പിന്തുണയോടെയായിരുന്നു കോണ്‍ഗ്രസ് വിമതന്‍ പി.കെ രാഗേഷ് കണ്ണൂര്‍ കോര്‍പ്പറേഷന്റെ ഡപ്യൂട്ടി മേയര്‍ സ്ഥാനത്തെത്തിയത്. എന്നാല്‍ കഴിഞ്ഞ ദിവസം മേയര്‍ ഇ.പി ലതക്കെതിരെ യു.ഡി.എഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തെ രാഗേഷ് പിന്തുണക്കുകയും എല്‍.ഡി.എഫിന് മേയര്‍ സ്ഥാനം നഷ്ടമാവുകയും ചെയ്തിരുന്നു.
ശ്രീറാം വെങ്കിട്ടരാമന്റെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കി
തിരുവനന്തപുരം:മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ഐഎഎസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസൻസ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി.ഒരുവര്‍ഷത്തേക്കാണ് ലൈസന്‍സ് റദ്ദാക്കിയത്.ശ്രീറാം വെങ്കിട്ടരാമന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചിരുന്നു.ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസിനും നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ഇരുവരും മറുപടി നല്‍കിയില്ല.ശ്രീറാം വെങ്കിട്ടരാമന്‍റെയും വഫ ഫിറോസിന്‍റെയും ലൈസന്‍സ് റദ്ദാക്കാന്‍ വൈകിയോ എന്ന കാര്യം പരിശോധിക്കുമെന്നും ഇതുസംബന്ധിച്ച് ട്രാന്‍സ്പോര്‍ട്ട് െസക്രട്ടറിക്ക് നിര്‍ദേശം നല്‍കിയെന്നും ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ ഇന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് നടപടിയുണ്ടായത്.
പിഎസ്‌സി പരീക്ഷാ ക്രമക്കേട്;റിമാന്റില്‍ കഴിയുന്ന എസ്‌എഫ്‌ഐ നേതാക്കളെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും
തിരുവനന്തപുരം:പിഎസ്‌സിയുടെ പോലീസ് കോൺസ്റ്റബിൾ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് റിമാന്റില്‍ കഴിയുന്ന എസ്‌എഫ്‌ഐ നേതാക്കളെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും.ശിവരഞ്ജിത്, നസിം എന്നിവരെ ജയിലിലെത്തിയാവും ചോദ്യം ചെയ്യുക. യൂനിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസില്‍ അറസ്റ്റിലായ ശേഷമാണ് ഇവര്‍ ഉള്‍പ്പെട്ട പരീക്ഷ ക്രമക്കേട് പുറത്തുവന്നത്.ശിവരഞ്ജിത്ത്, പ്രണവ്, നസിം, സഫീര്‍, ഗോകുല്‍ എന്നിവരെ പ്രതിയാക്കി ഈമാസം എട്ടിനാണ് ക്രൈംബ്രാഞ്ച് കേസെടുക്കുന്നത്. യൂനിവേഴ്‌സിറ്റി കോളജില്‍നിന്ന് പോലിസ് കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ത്തിയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഗൂഢാലോചന, വഞ്ചന തുടങ്ങിയ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ചോദ്യപേപ്പര്‍ ചോര്‍ത്തി എസ്‌എംഎസ്സുകള്‍ വഴി ഉത്തരമയച്ച് പരീക്ഷ എഴുതിയെന്ന് തെളിഞ്ഞാല്‍ മാത്രമേ പ്രതികള്‍ക്കെതിരേ മറ്റ് വകുപ്പുകള്‍ ചുമത്താന്‍ കഴിയൂ.എന്നാൽ പരീക്ഷാ പേപ്പര്‍ ചോര്‍ത്തി മുന്‍ എസ്‌എഫ്‌ഐ നേതാക്കള്‍ക്ക് എസ്‌എംഎസ് മുഖേന ഉത്തരമയച്ച പോലിസുകാരനുള്‍പ്പടെയുള്ള മുഖ്യപ്രതികളാണ് തെളിവുകളുമായി മുങ്ങിയിരിക്കുകയാണ്.ഉത്തരം അയക്കാനായി പ്രതികള്‍ ഉപയോഗിച്ച മൊബൈല്‍ ഫോണുകള്‍ കണ്ടെത്തുകയെന്നത് കേസില്‍ നിര്‍ണായകമാണ്. ഈ ഫോണുകളില്‍നിന്നാണ് ഫൊറന്‍സിക് പരിശോധനയിലൂടെ പ്രധാന തെളിവുകള്‍ കണ്ടെത്തേണ്ടത്. അറസ്റ്റ് നീണ്ടുപോവുന്നതോടെ പ്രതികള്‍ തൊണ്ടിമുതലുകള്‍ നശിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. മൂന്നു പ്രതികളുടെ വീടുകളിലും ക്രൈംബ്രാഞ്ച് പരിശോധന നടത്തിയെങ്കിലും തൊണ്ടിമുതലുകളൊന്നും കണ്ടെത്താനായില്ല.
എറണാകുളം പുതുവൈപ്പിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
എറണാകുളം:എറണാകുളം പുതുവൈപ്പിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ആനക്കാരന്‍ വീട്ടില്‍ സുഭാഷന്‍, ഭാര്യ ഗീത, മകള്‍ നയന എന്നിവരാണ് മരിച്ചത്.നേരത്തെ മകളെ കാണാനില്ലെന്ന പരാതിയുമായി സുഭാഷന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.ഇതനുസരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ ബംഗളൂരു വിമാനത്താവളത്തില്‍ ഗ്രൗണ്ട് ഹാന്‍ഡലിംഗ് വിഭാഗത്തിലെ ജീവനക്കാരിയായിരുന്ന മകള്‍ നയന കണ്ണൂര്‍ സ്വദേശിയായ യുവാവിനൊപ്പം താമസിക്കുന്നതായി കണ്ടെത്തിയിരുന്നു.തുടര്‍ന്ന് സുഭാഷന്‍ മകളെ രണ്ടു ദിവസം മുമ്ബ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നതായും പോലീസ് പറഞ്ഞു. സംഭവദിവസം രാവിലെ കുടുംബാഗങ്ങളെ പുറത്തു കാണാത്തതിനാല്‍ അന്വേഷിച്ചപ്പോഴാണ് മരണവിവരം അറിയുന്നത്.
ശ്രീറാം വെങ്കിട്ടരാമൻ കേസ്:പരിശോധിക്കാന്‍ തയാറായില്ലെന്ന വാദം തെറ്റ്;പോലീസിനെതിരെ ഡോക്റ്റർമാരുടെ സംഘടന
തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ചു മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ മരിച്ച സംഭവത്തില്‍ തെറ്റായ റിപ്പോർട്ട് തയ്യാറാക്കിയ പോലീസിനെതിരെ ഡോക്ടര്‍മാരുടെ സംഘടന രംഗത്ത്. ശ്രീറാമിന്‍റെ രക്തം പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ തയാറായില്ലെന്ന് വാദം തെറ്റാണ്.ശ്രീറാമിന്റെ ദേഹ പരിശോധന നടത്താന്‍ മാത്രമാണ് പൊലീസ് ആവശ്യപ്പെട്ടത്.രക്തപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടില്ല.നിയമപരമായ നടപടിക്രമങ്ങള്‍ ഡോക്ടര്‍ പാലിച്ചിരുന്നു. എസ്‌ഐ ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ രക്തപരിശോധന നടത്തിയില്ലെന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ കളവാണെന്നും സംഘടന പറഞ്ഞു. പോലീസ് റിപ്പോര്‍ട്ടിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്നും കെജിഎംഒഎ ഭാരവാഹികള്‍ പറഞ്ഞു.രക്ത പരിശോധന നടത്താത്തതില്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ കുറ്റപ്പെടുത്തിയാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ട്.പ്രത്യേക അന്വേഷണസംഘത്തലവന്‍ ഷീന്‍ തറയിലാണ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. പലകുറി ജനറല്‍ ആശുപത്രിയിലെ ഡോക്ടറോട് രക്തം എടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കേസില്ലാത്തതിനാല്‍ ഡോക്ടര്‍ ഇതിന് തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡ്യൂട്ടി ഡോക്ടര്‍ ശ്രീറാമിന് മദ്യത്തിന്റെ ഗന്ധമുണ്ടെന്ന് പറഞ്ഞിരുന്നു. ഇക്കാര്യം പരിസോധന ചാര്‍ട്ടില്‍ രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍ രക്തപരിശോധന നടത്താന്‍ ആവശ്യപ്പെടാതെ, മെഡിക്കല്‍ എടുക്കാന്‍ മാത്രമായിരുന്നു ആവശ്യപ്പെട്ടത്. മാത്രമല്ല, പൊലീസ് കേസെടുക്കാത്തതിനാല്‍ തനിക്ക് ശ്രീറാമിനെ രക്തപരിശോധനയ്ക്ക് നിര്‍ബന്ധിക്കാനാകില്ലെന്നും ഡോക്ടര്‍ വെളിപ്പെടുത്തിയിരുന്നു. പ്രാഥമികാന്വേഷണത്തില്‍ ഗുരുതര വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് പോലീസ് നര്‍കോട്ടിക് സെല്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ ഷീന്‍ തറയിലിന്‍റെ നേതൃത്വത്തിലുള്ള സംഘം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടെന്നു സിറാജ് പത്രത്തിന്‍റെ മാനേജ്മെന്‍റ് ആരോപിച്ചിരുന്നു. അപകട മരണമുണ്ടായാല്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടിക്രമങ്ങളുമായി പൊലീസിന് മുന്നോട്ട് പോകാം. അങ്ങനെയുള്ളപ്പോഴാണ് പൊലീസിന്റെ ഈ വിചിത്ര വാദം.രാത്രി ഒരു മണിക്കുണ്ടായ പകടത്തില്‍ രാവിലെ എട്ടുമണിയോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ പുലര്‍ച്ചെ മൂന്നുമണി മുതല്‍ താന്‍ പൊലീസിന്റെ ഒപ്പം ഉണ്ടായിരുന്നെന്നും, എന്നാല്‍ തന്റെ മൊഴിയെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ലെന്നും പരാതിക്കാരനായ സിറാജ് മാനേജ്‌മെന്റ് പ്രതിനിധി സെയ്ഫുദ്ദീന്‍ ഹാജി വ്യക്തമാക്കി.
കോഴിക്കോട് പയിമ്പ്രയില്‍ വിദ്യാര്‍ഥികളുടെ ദേഹത്തേക്ക് പിക്കപ്പ് ലോറി മറിഞ്ഞ് ഏഴു വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു
കോഴിക്കോട്:പയിമ്പ്രയില്‍ വിദ്യാര്‍ഥികളുടെ ദേഹത്തേക്ക് പിക്കപ്പ് ലോറി മറിഞ്ഞ് ഏഴു വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.പയിമ്പ്ര ഹയര്‍ സെക്കണ്ടറി സ്കൂള്‍ കോമ്പൗണ്ടിനകത്തെ മുറ്റത്ത് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.ഹൈസ്കൂളില്‍ നിന്ന് ഹയര്‍സെക്കണ്ടറിയിലേക്ക് പോകുന്ന വഴിയിലായിരുന്നു അപകടം നടന്നത്. സാധനങ്ങള്‍ കയറ്റിവരികയായിരുന്ന ലോറി ഇതിലെ നടന്ന് പോയിരുന്ന വിദ്യാര്‍ത്ഥികളുടെ ദേഹത്തേക്ക് മറിയുകയായിരുന്നു.അമിത ലോഡാണ് അപകടകാരണമെന്നാണ് പറയപ്പെടുന്നത്.പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.
ക്‌ളീൻ പയ്യാമ്പലം ഡ്രൈവിലൂടെ പയ്യാമ്പലം ബീച്ചിനെ മാലിന്യമുക്തമാക്കി കണ്ണൂർ സൈക്ലിംഗ് ക്ലബ്
കണ്ണൂർ:പ്രളയത്തിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടിയ ബീച്ചിനെ ക്‌ളീൻ പയ്യാമ്പലം ഡ്രൈവിലൂടെ മാലിന്യമുക്തമാക്കി കണ്ണൂർ സൈക്ലിംഗ് ക്ലബ്.മാതൃഭൂമി ക്ലബ് എഫ്എം.,സന്നദ്ധസംഘടനകളായ ‘കൈകോർത്ത് കണ്ണൂർ’,കണ്ണൂരിലെ യുവതികളുടെയും യുവാക്കളുടെയും കൂട്ടായ്മയായ ‘വൗ കണ്ണൂർ’,കണ്ണൂർ സൈക്ലിംഗ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പയ്യാമ്പലം തീരം മാലിന്യമുക്തമാക്കിയത്.ഞായറാഴ്ച തുടങ്ങിയ ശുചീകരണം വൈകുന്നേരം മൂന്നു മണി വരെ തുടർന്ന്.’ക്‌ളീൻ പയ്യാമ്പലം ഡ്രൈവ്’ എന്ന പേരിൽ നടത്തിയ ശുചീകരണ പ്രവർത്തനത്തിൽ ഇരുനൂറോളംപേർ പങ്കെടുത്തു.പ്രളയത്തെ തുടർന്ന് വിവിധയിടങ്ങളിൽ നിന്നും പുഴകളിലൂടെ ഒഴുകിയെത്തിയ മരത്തടികളും പ്ലാസ്റ്റിക്കുകളും മറ്റും അടങ്ങിയ മാലിന്യങ്ങൾ കിലോമീറ്ററുകളോളം നീളത്തിൽ കടപ്പുറത്ത് അടിഞ്ഞുകൂടിയിരുന്നു.തീരത്തു നിന്നും ശേഖരിച്ച മാലിന്യങ്ങൾ കോർപറേഷൻ അധികൃതർക്ക് കൈമാറി.കണ്ണൂർ ഡെപ്യുട്ടി മേയർ പി.കെ രാഗേഷ് ശ്രമദാനം ഉൽഘാടനം ചെയ്തു.കണ്ണൂർ സൈക്ലിംഗ് ക്ലബ് പ്രസിഡണ്ട് കെ.വി രതീശൻ,വൈസ് പ്രസിഡന്റ് കെ.ജി മുരളി,സെക്രെട്ടറി കെ.നിസാർ,ജോയിന്റ് സെക്രെട്ടരി ടി.പ്രശാന്ത്,ട്രഷറർ വി.സി ഷിയാസ് എന്നിവർ സംസാരിച്ചു.
കവളപ്പാറയില്‍ തെരച്ചിൽ ഇന്നും തുടരും;ഇനിയും കണ്ടെത്താനുള്ളത് 13 പേരെ കൂടി
മലപ്പുറം:നിലമ്പൂർ കവളപ്പാറയിൽ ഉരുള്‍പൊട്ടലില്‍ കാണാതായവർക്കായുള്ള തെരച്ചിൽ പതിനൊന്നാം ദിവസമായ ഇന്നും തുടരും.13 പേരെ കൂടി ഇനി കണ്ടെത്താനുണ്ട്. ഇന്നലെ 6 പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു.കവളപ്പാറയിലെ മണ്ണിടിച്ചിലിൽ മരിച്ച 46 പേരുടെ മൃതദേഹങ്ങൾ ഇതിനോടകം കണ്ടെത്തി.എൻ.ഡി.ആർ.എഫിന്റെയും ഫയർഫോഴ്സിന്റെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിലാണ് തെരച്ചിൽ പുരോഗമിക്കുന്നത്. ഇന്നലെ വൈകിട്ട് ഉണ്ടായ ശക്തമായ മഴ ഇന്നത്തെ തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചേക്കാം.ചളി വെള്ളത്തിൽ മണ്ണുമാന്തിയന്ത്രങ്ങൾ താഴുന്നത് രക്ഷാപ്രവർത്തനം ദുഷ്ക്കരമാക്കുന്നുണ്ട്.ഇന്നലെ ഹൈദരാബാദ് നാഷനല്‍ ജിയോഫിസിക്കല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള വിദഗ്ധ സംഘം ജി.പി.ആർ ഉപയോഗിച്ച് പ്രദേശത്ത് തെരച്ചിൽ നടത്തിയിരുന്നു. എട്ട് സ്ഥലങ്ങളിൽ നിന്നും സിഗ്നൽ ലഭിച്ചിരുന്നെങ്കിലും ഇവിടെ നിന്നും ആളുകളെ കണ്ടെത്താനായില്ല. വെള്ളത്തിന്റെ സാന്നിദ്ധ്യമാണ് റഡാർ സംവിധാനത്തെ പ്രതികൂലമായി ബാധിച്ചത്.
സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ പൂട്ടിയിട്ടതായി പരാതി
കല്‍പ്പറ്റ: സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ പൂട്ടിയിട്ടതായി പരാതി. രാവിലെ ആറരമുതലാണ് സിസ്റ്റര്‍ ലൂസിയെ വയനാട്ടിലെ മഠത്തില്‍ പൂട്ടിയിട്ടത്. പള്ളിയില്‍ കുര്‍ബാനയ്ക്ക് പോവാനായി ഇറങ്ങിയപ്പോഴാണ് വാതില്‍ പൂട്ടിയതായി കണ്ടത്. ഒടുവില്‍ സിസ്റ്റര്‍ വെള്ളമുണ്ട പോലിസ് സ്‌റ്റേഷനില്‍ വിളിച്ചു. തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തിയാണ് വാതില്‍ തുറപ്പിച്ചത്. മഠത്തിനോട് ചേര്‍ന്നുള്ള പള്ളിയില്‍ കുര്‍ബാനയ്ക്ക് പോവുന്നത് തടയാനാണ് ഇങ്ങനെ ചെയ്തതെന്ന് സിസ്റ്റര്‍ ലൂസി ആരോപിച്ചു. സംഭവത്തില്‍ കേസെടുക്കുമെന്ന് വെള്ളമുണ്ട പോലിസ് അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ് സിസ്റ്റര്‍ ലൂസിയെ മഠത്തില്‍നിന്ന് പുറത്താക്കിയെന്ന് കാണിച്ച് അധികൃതര്‍ ഔദ്യോഗികമായി കത്ത് നല്‍കിയത്.ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകൾക്ക് ശക്തമായ പിന്തുണ നൽകിയതിന്റെ പേരിലാണ് സിസ്റ്ററിനെ സഭയിൽ നിന്ന് പുറത്താക്കിയത്.മെയ് 11ന് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് ലൂസി കളപ്പുരയെ സഭയില്‍നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്. കാരണം കാണിക്കല്‍ നോട്ടീസിന് ലൂസി കളപ്പുര നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നായിരുന്നു സഭയുടെ വിശദീകരണം.