അജ്മാൻ: ചെക്ക് കേസിൽ യു.എ.ഇയിൽ അറസ്റ്റിലായ ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യം. വ്യവസായ പ്രമുഖൻ എം.എ.യൂസുഫലിയാണ് ജാമ്യസംഖ്യ നൽകിയതും അഭിഭാഷകരെ ഏർപ്പെടുത്തിയതും.ഒമ്പതു ദശലക്ഷം ദിർഹം നൽകാനുണ്ടെന്നു കാണിച്ച് തൃശൂർ സ്വദേശി നസീൽ അബ്ദുല്ല നൽകിയ പരാതിയിൽ ചൊവ്വാഴ്ചയാണ് അജ്‌മാൻ പോലീസ് തുഷാറിനെ അറസ്റ്റ് ചെയ്തത്.ഒന്നര ദിവസം ജയിലിൽ കിടന്ന ശേഷമാണ് തുഷാര്‍ വെള്ളാപ്പള്ളി പുറത്തിറങ്ങിയത്. ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം അജമാനിലെ ഹോട്ടലിലേക്കാണ് തുഷാര്‍ വെള്ളാപ്പള്ളി എത്തിയത്. ഒരു മില്യൻ യുഎഇ ദിര്‍ഹമാണ് ജാമ്യത്തുകയായി കെട്ടിവച്ചത് എന്നാണ് അറിയുന്നത്. തുഷാര്‍ വെള്ളാപ്പള്ളിക്ക് ഒരു മാസത്തേക്ക് യുഎഇ വിട്ടുപോകാൻ കഴിയില്ലെന്നാണ് വിവരം. എന്നാൽ പാസ്പോര്‍ട്ട് പിടിച്ചു വച്ചോ എന്നത് അടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വന്നിട്ടില്ല. ജാമ്യം അനുവദിച്ചപ്പോൾ വ്യവസ്ഥകളെന്തെങ്കിലും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും വ്യക്തത വരാനിരിക്കുന്നതെ ഉള്ളു.
കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷിനെ കണ്ണൂര്‍ ജില്ലാ സഹകരണബാങ്കില്‍ നിന്നും സ്ഥലം മാറ്റി
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷിനെ കണ്ണൂര്‍ ജില്ലാ സഹകരണബാങ്കില്‍ നിന്നും സ്ഥലം മാറ്റി. ജില്ലാ ബാങ്കിന്റെ പേരാവൂര്‍ ശാഖയിലേക്കാണ് സ്ഥലംമാറ്റിയത്.കഴിഞ്ഞ 17-ാം തീയ്യതി മേയര്‍ ഇ.പി. ലതക്കെതിരെ യു.ഡി.എഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തെ പിന്‍തുണച്ച് എല്‍.ഡി.എഫിന്റെ നാല് വര്‍ഷത്തെ ഭരണത്തിന് അറുതി വരുത്തിയത് രാഗേഷിന്റെ പിന്തുണയായിരുന്നു. ഇതിനുള്ള തികിച്ചടിയായിട്ടാണ് ഇപ്പോഴത്തെ സ്ഥലംമാറ്റമെന്നും ആരോപണമുണ്ട്.അതിനിടെ, പി.കെ.രാഗേഷിന്റെ നേതൃത്വത്തിലുള്ള പള്ളിക്കുന്ന് സഹകരണബാങ്കിനെതിരേ ക്രമക്കേട് ആരോപണം സംബന്ധിച്ചുള്ള സഹകരണവകുപ്പിന്റെ അന്വേഷണം ഹൈക്കോടതി സ്റ്റേചെയ്തിട്ടുണ്ട്. നേരത്തേ രാഗേഷിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്ക് ഭരിച്ചുകൊണ്ടിരുന്നത്. അവിടെ നടന്ന നിയമനത്തിലുംമറ്റും ക്രമക്കേടുണ്ടെന്നാരോപിച്ച് ഒരുവര്‍ഷംമുമ്ബ് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. രാഷ്ട്രീയപ്രതികാരം തീര്‍ക്കാന്‍ സഹകരണവകുപ്പിനെക്കൊണ്ട് അന്വേഷണംനടത്തി ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം കൊണ്ടുവരാനാണ് നീക്കമെന്ന് പി.കെ.രാഗേഷ് ആരോപിച്ചിരുന്നു.
കെവിന്‍ വധക്കേസിൽ വിധി ഇന്ന്
കോട്ടയം: കേരളത്തെ നടുക്കിയ കെവിന്‍ വധക്കേസിൽ വിധി ഇന്ന്.കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക.പതിനെട്ടാം തിയതി പറയാനിരുന്ന വിധി ഇന്നത്തേക്ക് മാറ്റി വെക്കുകയായിരുന്നു. മൂന്ന് മാസം കൊണ്ട് വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് കോടതി വിധി പറയുന്നത്.കോട്ടയം നട്ടാശേരി സ്വദേശിയായ കെവിനെ ദുരഭിമാനത്തിന്റെ പേരില്‍ നീനുവിന്റെ സഹോദരനും കൂട്ടുകാരും ചേര്‍ന്ന് തട്ടിക്കൊണ്ട് പോയി ചാലിയക്കരയിലെ പുഴയില്‍ മുക്കി കൊന്നുവെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. മൂന്ന് മാസം നീണ്ട വിചാരണ വേളയില്‍ ഇത് തെളിയിക്കാന്‍ 240 പ്രമാണങ്ങളും 55 രേഖകളും ശാസ്ത്രീയ തെളിവുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി.113 സാക്ഷികളെ വിസ്തരിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തലും വിശദമായി പരിശോധിച്ചു.നരഹത്യ, തട്ടിയെടുത്ത് വിലപേശല്‍ , ഗൂഢാലോചന, ഭവനഭേദനം, തെളിവ് നശിപ്പിക്കല്‍ എന്നിങ്ങനെ 10 വകുപ്പുകളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ ഒന്നാം പ്രതിയായ കേസില്‍ അച്ഛന്‍ ചാക്കോ അഞ്ചാം പ്രതിയാണ്. 14 പേരാണ് പ്രതിപട്ടികയില്‍ ഉള്ളത്.
കടലില്‍ ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനിടെ തിരയില്‍പ്പെട്ട് ലൈഫ് ഗാര്‍ഡിനെ കാണാതായി
തിരുവനന്തപുരം:കടലില്‍ ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനിടെ തിരയില്‍പ്പെട്ട് ലൈഫ് ഗാര്‍ഡിനെ കാണാതായി. ശംഖുംമുഖം വയര്‍ലെസ് സ്റ്റേഷനു സമീപം രാജീവ് നഗര്‍ അഭിഹൗസില്‍ ജോണ്‍സണ്‍ ഗബ്രിയേലി(43)നെയാണ് കാണാതായത്.ബുധനാഴ്ച വൈകീട്ട് അഞ്ചിനാണ് അപകടമുണ്ടായത്. വഴുതക്കാട്ട് സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയായ മൂന്നാര്‍ സ്വദേശിനി അമൂല്യ(21) വൈകീട്ട് ബീച്ചില്‍ എത്തിയതായിരുന്നു. കടലിലിറങ്ങവെ തിരമാലയില്‍പ്പെട്ട് മുങ്ങിപ്പോയ അമൂല്യയെ ലൈഫ് ഗാര്‍ഡ് ജോണ്‍സണ്‍ കണ്ടു. രക്ഷിക്കാനായി കടലിലേക്ക് എടുത്തു ചാടിയ ജോണ്‍സണെ കണ്ട് കോഫി ഹൗസിലെ ജീവനക്കാരനായ ഫഹാസും രക്ഷാപ്രവര്‍ത്തനത്തിനായി എത്തി. മുങ്ങിത്താഴ്ന്ന അമൂല്യയെ ജോണ്‍സണും ഫഹാസും ചേര്‍ന്നു രക്ഷിച്ച് കരയിലെത്തിച്ചു. ഇതിനിടയിലുണ്ടായ ശക്തമായ തിരയടിയില്‍ ജോണ്‍സണ്‍ വെള്ളത്തിലേക്കു വീഴുകയും തല പാറയില്‍ ഇടിച്ച് ബോധരഹിതനാവുകയും ചെയ്തു. പരിക്കേറ്റു കിടന്ന ജോണ്‍സണെ മറ്റുള്ളവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ കൂറ്റന്‍ തിരയില്‍പ്പെട്ട് ജോണ്‍സണ്‍ കടലിലേക്ക് വീണു. ശക്തമായ തിരയായതിനാല്‍ ഒപ്പമുണ്ടായിരുന്നവര്‍ക്ക് ജോണ്‍സണെ രക്ഷപ്പെടുത്താനായില്ല.സംഭവം നടന്ന് രണ്ട് മണിക്കൂറിന് ശേഷമാണ് തെരച്ചിലിന് കോസ്‌റ്റ് ഗാർഡിന്‍റെ ബോട്ട് എത്തിയത് എന്നാരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവിടെ കടലാക്രമണം രൂക്ഷമാണ്. തുടർച്ചയായി അപകടം നടക്കുമ്പോഴും വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്.തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.
വണ്ടിച്ചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളി യുഎഇയില്‍ അറസ്റ്റില്‍
അജ്‌മാൻ:വണ്ടിച്ചെക്ക് കേസില്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി യുഎഇയില്‍ അറസ്റ്റില്‍.കഴിഞ്ഞ ദിവസം രാത്രി അജ്മാനിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് തുഷാറിനെ അറസ്റ്റ് ചെയ്തത്.ബിസിനസ് പങ്കാളിക്ക് വണ്ടിചെക്ക് നല്‍കിയ കേസിലാണ് അറസ്റ്റ്. തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദജുള്ളയുടെ പരാതിയിലാണ് അറസ്റ്റ്.പത്തു വര്‍ഷം മുൻപാണ് കേസിനാസ്പദമായ സംഭവം.പത്തുമില്യണ്‍ യുഎഇ ദിര്‍ഹത്തിന്റെ വണ്ടിചെക്ക് കേസിലാണ് നടപടി. ഏകദേശം 20 കോടി രൂപയുടെ വണ്ടിചെക്കാണ് തുഷാര്‍ നല്‍കിയത്. ഒത്തുതീര്‍പ്പിനെന്ന പേരില്‍ വിളിച്ച് വരുത്തിയായിരുന്നു അറസ്റ്റ്. തുഷാറിനെ അജ്മാന്‍ ജയിലിലേക്ക് മാറ്റി.പത്തുവര്‍ഷം മുൻപ് അജ്മാനില്‍ ബോയിംഗ് എന്ന പേരില്‍ നിര്‍മ്മാണ കമ്പനി നടത്തിയിരുന്ന കാലത്ത് ഉപകരാര്‍ ജോലികള്‍ ഏല്‍പിച്ച തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയ്ക്ക് വണ്ടിച്ചെക്ക് നല്‍കിയെന്നാണ് കേസ്. പത്തുമില്യണ്‍ യുഎഇ ദിര്‍ഹമാണ് നല്‍കിയത്.പിന്നീട് നാട്ടിലേയ്ക്ക് കടന്ന തുഷാര്‍ പലതവണ പണം നല്‍കാമെന്ന് പറഞ്ഞെങ്കിലും സ്വാധീനം ഉപയോഗിച്ച് ഒഴിഞ്ഞു മാറുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.യുഎഇ സ്വദേശിയുടെ മധ്യസ്ഥതയില്‍ കേസ് ഒത്തു തീര്‍ക്കാനായി തുഷാറിനെ അജ്മാനിലേയ്ക്ക് നാസില്‍ വിളിച്ചു വരുത്തുകയായിരുന്നു. ചൊവ്വാഴ്ച രാത്രി അജ്മാനിലെത്തിയ തുഷാറിനെ താമസസ്ഥലത്ത് വച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.അതേസമയം തുഷാറിനെ കുടുക്കിയതാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കള്ളം പറഞ്ഞാണ് തുഷാറിനെ യുഎഇയിലേക്ക് വിളിച്ചുവരുത്തിയത്. ഇന്ന് തന്നെ ജാമ്യം കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് വെള്ളാപ്പള്ളി പറഞ്ഞു. കേസിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.ഏത് വിധേനയെങ്കിലും തുഷാറിനെ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് സുഹൃത്തുക്കള്‍. വ്യാഴാഴ്ചയായതിനാല്‍ ഇന്ന് പുറത്തിറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ പൊതു അവധിയായതിനാല്‍ രണ്ട് ദിവസം കൂടി തുഷാര്‍ ജയിലില്‍ കിടക്കേണ്ടി വരും. വ്യവസായി എം എ യൂസഫലിയുടെയും കേന്ദ്രസര്‍ക്കാരിന്‍റെ സഹായവും തുഷാറിന്‍റെ കുടുംബം തേടുന്നുണ്ട്.
ഐ.എന്‍.എക്സ് മീഡിയ അഴിമതി കേസില്‍ പി.ചിദംബരം അറസ്റ്റില്‍
ന്യൂഡൽഹി:ഐ.എന്‍.എക്സ് മീഡിയ അഴിമതി കേസില്‍ പി.ചിദംബരം അറസ്റ്റില്‍. ചിദംബരത്തിന്‍റെ വസതിയിലെത്തിയാണ് 20 അംഗ സി.ബി.ഐ സംഘം അറസ്റ്റ് ചെയ്തത്.അറസ്റ്റ് ഭീഷണിക്കിടെ നേരത്തെ പി.ചിദംബരം കോണ്‍ഗ്രസ് ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു.താന്‍ നിരപരാധിയാണെന്ന് അദ്ദേഹം പറഞ്ഞു. തനിക്കും മകനുമെതിരെ നടക്കുന്നത് കള്ള പ്രചാരണമാണ്. എഫ്.ഐ.ആറില്‍ തനിക്കെതിരെ ഒരു കുറ്റവും ചുമത്തിയിട്ടില്ലെന്നും ചിദംബരം പ്രതികരിച്ചു.തനിക്കെതിരെ ഒരു കോടതിയിലും കുറ്റപത്രമില്ലെന്നും കേസില്‍ താനോ തന്റെ കുടുംബാംഗങ്ങളോ പ്രതികളല്ലെന്നും ചിദംബരം പറഞ്ഞു.‘ഇന്ത്യയില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. നിയമത്തില്‍ വിശ്വാസമുണ്ട്. നിയമത്തെ മാനിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറാകണം’.അറസ്റ്റില്‍ പരിരക്ഷയാണ് ആവശ്യപ്പെട്ടതെന്നും അത് പൗരന്റെ അവകാശമാണെന്നും ചിദംബരം വാർത്താസമ്മേളനത്തിൽ പറഞ്ഞു. വാര്‍ത്താസമ്മേളനത്തിന് ശേഷം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം വീട്ടിലേക്ക് പോയ ചിദംബരത്തെ തേടി സി.ബി.ഐ സംഘമെത്തുകയായിരുന്നു. വീടിന്‍റെ മതില്‍ ചാടിക്കടന്നാണ് സി.ബി.ഐ സംഘമെത്തിയത്.വീടിന്റെ ഗേറ്റ് അടച്ചിട്ടനിലയിലായിരുന്നു. ഇതിന് പിന്നാലെയാണ് മുതിര്‍ന്ന സി.ബി.ഐ ഉദ്യോഗസ്ഥരടക്കമുള്ള 20 അംഗം മതില്‍ ചാടിക്കടന്ന് അകത്തേക്ക് പ്രവേശിച്ചത്. ധനകാര്യ മന്ത്രിയായിരിക്കെ ഐ.എൻ.എക്സ് മീഡിയക്ക് വിദേശ ഫണ്ട് ലഭിക്കുന്നതിന് വഴിവിട്ട സഹായം ചെയ്തു എന്നാണ് ചിദംബരത്തിനെതിരായ കേസ്. സ്റ്റാര്‍ ഇന്ത്യ മുന്‍ സി.ഇ.ഒ പീറ്റര്‍ മുഖര്‍ജി, ഭാര്യ ഇന്ദ്രാണി മുഖര്‍ജി എന്നിവരുടെ കമ്പനിയായ ഐ.എന്‍.എക്‌സ് മീഡിയയ്ക്ക് വഴിവിട്ടു വിദേശ നിക്ഷേപം സ്വീകരിക്കാന്‍ ഇടനില നിന്നെന്ന് ആരോപിക്കപ്പെട്ട് ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി നേരത്തെ അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യം ലഭിച്ചു. പീറ്റർ മുഖര്‍ജിയും ഇന്ദ്രാണി മുഖർജിയും മകള്‍ ഷീന ബോറയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിലവിൽ ജയിലിലാണ്. ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ചിദംബരം സുപ്രീംകോടതിയെ സമീപിച്ചത്.
പ്രളയത്തെ അതിജീവിച്ച് തിരുവല്ല കടപ്ര പുളിക്കീഴിലെ ലൈഫ് മിഷന്‍ വീടുകള്‍
പത്തനംതിട്ട:പ്രളയത്തെ അതിജീവിച്ച് തിരുവല്ല കടപ്ര പുളിക്കീഴിലെ ലൈഫ് മിഷന്‍ വീടുകള്‍. വെള്ളപ്പൊക്കത്തില്‍ പമ്പാ നദി കരകവിഞ്ഞൊഴുകി കടപ്ര പുളിക്കീഴിലെ സീറോലാന്‍ഡ്ലെസ് കോളനിയിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറിയെങ്കിലും ലൈഫ് മിഷന്‍ പദ്ധതിയില്‍ നിര്‍മിച്ച 11 വീടുകളും പ്രളയത്തെ അതിജീവിച്ചു. ഴിഞ്ഞ പ്രളയത്തില്‍ ആകെ മുങ്ങിപ്പോയ പ്രദേശമാണ് കടപ്ര.പമ്പാ നദിയുടെ തീരത്തെ ഈ ഗ്രാമത്തിലെ വീടുകളില്‍ ചെറിയ വെള്ളപ്പൊക്കത്തില്‍പ്പോലും വെള്ളം കയറുന്ന സാഹചര്യമാണുള്ളത്. ഇതു കണക്കിലെടുത്ത് സീറോ ലാന്‍ഡ്ലെസ് കോളനിയിലെ ലൈഫ് വീടുകള്‍ തറയില്‍ നിന്നും ആറടിവരെ ഉയരമുള്ള തൂണുകളിലാണ് നിര്‍മിച്ചിരിക്കുന്നത്. രണ്ടുമുറികള്‍, അടുക്കള, ഹാള്‍, സിറ്റൗട്ട്, ടോയ്ലറ്റ് എന്നിവയടങ്ങുന്ന വീടിന്റെ നിര്‍മാണത്തിന് ഏഴ് ലക്ഷം രൂപയാണ് ചെലവായത്.ലൈഫ് പദ്ധതിയില്‍ നിന്നും നല്‍കിയ നാലു ലക്ഷം രൂപയും ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ മലയാളി അസോസിയേഷന്‍സ് (ഫോമ) നല്‍കിയ രണ്ടു ലക്ഷം രൂപയും തണല്‍ എന്ന സന്നദ്ധ സംഘടന നല്‍കിയ ഒരു ലക്ഷം രൂപയും ചേര്‍ത്താണ് പ്രളയത്തെ അതിജീവിക്കുന്ന തരത്തിൽ വീടുകള്‍ എല്ലാ പണികളും തീര്‍ത്ത് കൈമാറിയത്.തണലിന്റെ പ്രവര്‍ത്തകരാണ് ഭവനനിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ചത്.ഇത്തവണത്തെ പ്രളയത്തിലും ഈ പ്രദേശത്തെ മറ്റു വീടുകളില്‍ വെള്ളം കയറിയെങ്കിലും ആറടി ഉയരത്തില്‍ നിര്‍മിച്ച വീടുകളിലേക്ക് കയറാനുള്ള പടികള്‍ വരെ മാത്രമേ മുങ്ങിയുള്ളു. ഫോമയും തണലും ചേര്‍ന്ന് ഈ പ്രദേശത്ത് നിര്‍മിച്ചു നല്‍കിയ മറ്റ് 21 വീടുകളും പ്രളയത്തെ അതിജീവിക്കുന്ന മാതൃകയിലാണ് നിര്‍മിച്ചിട്ടുള്ളത്. റീബില്‍ഡ് കേരള പദ്ധതിയില്‍ പ്രളയബാധിതര്‍ക്കായി മുത്തൂറ്റ് ഗ്രൂപ്പ് നിര്‍മിച്ചുനല്‍കുന്ന 15 വീടുകളും ഈ മാതൃകയില്‍ പണിയുന്നുണ്ട്.
സര്‍ക്കാര്‍ -പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഇനിമുതൽ വനിതകളെയും ഡ്രൈവര്‍മാരായി നിയമിക്കാന്‍ മന്ത്രിസഭായോഗത്തിൽ തീരുമാനം
തിരുവനന്തപുരം:സര്‍ക്കാര്‍ -പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഇനിമുതൽ വനിതകളെയും ഡ്രൈവര്‍മാരായി നിയമിക്കാന്‍ മന്ത്രിസഭായോഗത്തിൽ തീരുമാനം.ഇതിനുവേണ്ടി നിലവിലുള്ള നിയമനചട്ടങ്ങളില്‍ ഭേദഗതി വരുത്താനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. സമൂഹത്തിന്‍റെ എല്ലാ മേഖലകളിലും ലിംഗസമത്വം ഉറപ്പാക്കുമെന്ന സർക്കാർ നിലപാടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സ്ത്രീകളെ ഡ്രൈവര്‍മാരായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.സംസ്ഥാന തൊഴിലുറപ്പ് മിഷന്‍റെയും ജില്ലാതല ഓഫീസുകളുടെയും പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനായി ഒരു ടെക്നിക്കല്‍ എക്സ്പെര്‍ട്ടിന്‍റെയും (കൃഷി), രണ്ട് അസിസ്റ്റന്‍റിന്‍റെയും തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗത്തിൽ തീരുമാനമായി.ടെക്നിക്കല്‍ എക്സ്പെര്‍ട്ടിനെ ഡെപ്യൂട്ടേഷന്‍ വഴിയും അസിസ്റ്റന്‍റിനെ കരാര്‍ അടിസ്ഥാനത്തിലും നിയമിക്കാനാണ് തീരുമാനം.കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ സര്‍ക്കാര്‍ അംഗീകാരമുള്ള തസ്തികകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് പത്താം ശമ്പള കമ്മീഷൻ ഉത്തരവ് പ്രകാരമുള്ള ആനുകൂല്യങ്ങള്‍ നല്‍കാനും തീരുമാനമായി.കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍റ് എംപ്ലോയ്മെന്‍റ് (കിലെ) ജീവനക്കാർക്കും പത്താം ശമ്പള പരിഷ്കരണ ആനുകൂല്യങ്ങള്‍ നല്‍കും.മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികള്‍ക്ക് നിയമപ്രകാരം ലഭിക്കേണ്ട വേതനം തൊഴിലുടമ നല്‍കാതിരുന്നാല്‍ അതിനെതിരെ ഹരജി ബോധിപ്പിക്കാന്‍ തൊഴിലാളികള്‍ക്ക് അവകാശം നല്‍കുന്നതിന് 1971-ലെ കേരള മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് പെയ്മെന്‍റ് ഓഫ് ഫെയര്‍ വേജസ് ആക്‌ട് ഭേദഗതി ചെയ്യാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
വിവാഹാഘോഷത്തിന്റെ ഭാഗമായി വരൻ ആനപ്പുറത്ത് പന്തലിലെത്തി;ആനയുടമ,പാപ്പാന്‍,വരന്‍ എന്നിവര്‍ക്കെതിരെ കേസ്
കോഴിക്കോട്:വിവാഹാഘോഷം കളറാക്കാൻ ആനപ്പുറത്തേറി പന്തലിലെത്തിയ വരന് കിട്ടിയത് മുട്ടൻ പണി.ആനപ്പുറത്തേറി വധുവിന്റെ വീട്ടിലെത്തിയതിന് വരനെതിരെ വനം വകുപ്പ് കേസെടുത്തു.വടകര വില്യാപ്പള്ളി സ്വദേശി സമീഹ് ആര്‍ കെയ്‌ക്കെ എതിരെയാണ് കേസെടുത്തത്. ആനയുടമയ്ക്കും പാപ്പാനുമെതിരെയും കേസ് എടുത്തിട്ടുണ്ട്.നാട്ടാനപരിപാലന ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ് മൂവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ഈ മാസം പതിനെട്ടിനായിരുന്നു പ്രമുഖ പ്രവാസിയുടെ മകന്‍ ആര്‍കെ സമീഹിന്റെ വിവാഹം. വധുവിന്റെ വീട്ടിലേക്ക് അനപ്പുറത്ത് കയറിയായിരുന്നു വരന്‍ എത്തിയത്. ഇതിന്റെ വീഡിയോ സഹിതമാണ് ആളുകള്‍ വനം വകുപ്പിന് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് കേസ് എടുത്തിരിക്കുന്നത്. ഇത്തരത്തിലുള്ള ആഘോഷങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കുന്നത് നാട്ടാന പരിപാലന ചട്ടത്തിനെതിരാണ്.
പ്രളയ ദുരിതാശ്വാസം;സർക്കാർ പ്രഖ്യാപിച്ച അടിയന്തിര സഹായം സെപ്തംബര്‍ ഏഴിനകം വിതരണം ചെയ്യും;ഇത്തവണ സാലറി ചലഞ്ച് ഇല്ല
തിരുവനന്തപുരം:പ്രളയബാധിതര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിന്തരസഹായം സെപ്തംബര്‍ ഏഴിനകം വിതരണം ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എല്ലാ ജില്ലകളിലും മന്ത്രിമാരുടെ മേല്‍നോട്ടത്തിലായിരിക്കും നേരത്തേ പ്രഖ്യാപിച്ച 10,000 രൂപ വീതം സഹായധനം നല്‍കുക.ഇത്തവണ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് സാലറി ചലഞ്ച് വഴി ശമ്പളത്തിൽ നിന്നും പണം പിരിച്ചെടുക്കേണ്ടതില്ലെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.കഴിഞ്ഞ തവണ സാലറി ചാലഞ്ച് ഏര്‍പ്പെടുത്തിയപ്പോഴുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തവണ വേണ്ടെന്ന് വെക്കാനുള്ള തീരുമാനം.ക്യാംപുകളില്‍ കഴിഞ്ഞവര്‍ക്ക് മാത്രമായിരിക്കില്ല ഇത്തവണ അടിയന്തരസഹായമായ പതിനായിരം രൂപ നല്‍കുക. പ്രളയക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ച എല്ലാവര്‍ക്കും ഇത്തവണ ധനസഹായം നല്‍കാനാണ് തീരുമാനം.ജില്ല അടിസ്ഥാനത്തില്‍ അര്‍ഹരായവരെ കണ്ടെത്താന്‍ മന്ത്രിമാര്‍ തന്നെ നേതൃത്വം നല്‍കും. അതേസമയം സര്‍ക്കാര്‍ മുൻകയ്യെടുത്ത് നടത്തുന്ന ഓണാഘോഷ പരിപാടികൾ ഇത്തവണ നടത്താൻ തന്നെയാണ് തീരുമാനം.ആര്‍ഭാടങ്ങൾ ഒഴിവാക്കിയായിരിക്കും ആഘോഷം സംഘടിപ്പിക്കുക. സർക്കാർ ജീവനക്കാർക്ക് ബോണസ് കഴിഞ്ഞ വർഷത്തേതു പോലെ ഇത്തവണയും നൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.