പയ്യന്നൂർ:ചൊവ്വാഴ്ച രാത്രി പയ്യന്നൂർ പെട്രോൾ പമ്പിൽ നിർത്തിയിട്ടിരുന്ന ബസ് കാണാതായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബസ് പഴയങ്ങാടിയിലെ ഒരു വീട്ടുമതിലിൽ ഇടിച്ച നിലയിൽ കണ്ടെത്തി.കൂത്തുപറമ്പ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മേധാവി മോട്ടോർസ് കമ്പനിയുടെ സ്റ്റാർ ലൈറ്റ് ബസ്സാണ് രാത്രിയിൽ കാണാതായത്.പയ്യന്നൂർ-കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന ബസ്സാണിത്.പയ്യന്നൂർ രാജധാനി തീയേറ്ററിന് സമീപത്തുള്ള പെട്രോൾ പമ്പിലാണ് രാത്രി ഓട്ടം കഴിഞ്ഞ ശേഷം ബസ് നിർത്തിയിട്ടിരുന്നത്.രാത്രി പത്തുമണിയോടെയാണ് പമ്പ് അടച്ചത്.പിന്നീട് പുലർച്ചെ നാലുമണിയോടെ പമ്പിലെത്തിയ ജീവനക്കാരാണ് ബസ് കാണാതായ വിവരം അറിയുന്നത്.തുടർന്ന് ബുധനാഴ്ച രാവിലെ നടത്തിയ അന്വേഷണത്തിലാണ് ബസ് പഴയങ്ങാടി എരിപുരം താലൂക്ക് ആശുപത്രിക്ക് സമീപം വീട്ടുമതിലിൽ ഇടിച്ച നിലയിൽ കണ്ടെത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് മുൻപ് ബസ്സിലെ ക്‌ളീനരായിരുന്ന നാറാത്ത് ആലിങ്കീൽ സ്വദേശിയും പരിയാരത്ത് താമസക്കാരനുമായ ലിധിനെ(25) പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തു.മദ്യലഹരിയിലാണ് ബസുമായി പോയതെന്ന് ഇയാൾ സമ്മതിച്ചതായി പോലീസ് പറഞ്ഞു.ബസ് മതിലിൽ ഇടിച്ചതിനെ തുടർന്ന് കൈക്ക് പരിക്കേറ്റ ഇയാൾ പരിയാരത്ത് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.ബസ് നിർത്തിയിട്ടിരുന്ന പമ്പിലെ സിസിടിവി ക്യാമറയിൽ മുഖം ടവ്വൽ കൊണ്ട് മറച്ചയാൾ രാത്രി പമ്പിലെത്തി ബസുമായി പോകുന്ന ദൃശ്യം പതിഞ്ഞിരുന്നു.രാത്രി 12.54 നു പമ്പിലെത്തിയ ഇയാൾ 1.02 ന് ബസ് റോഡിലെത്തിച്ച് തിരിച്ച് ബസ്സ്റ്റാൻഡ് ഭാഗത്തേക്ക് പോകുന്ന ദൃശ്യങ്ങളാണ് ക്യാമറയിലുള്ളത്.
കണ്ണൻ ഗോപിനാഥന്റെ രാജി സ്വീകരിക്കാൻ തയ്യാറാകാതെ കേന്ദ്രസർക്കാർ;ജോലിയിൽ തിരികെ പ്രവേശിക്കാൻ നോട്ടീസ്
ന്യൂഡൽഹി:രാജിവെച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനോട് ഉടനെതന്നെ ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. ഇതു സംബന്ധിച്ച് കണ്ണന്‍ ഗോപിനാഥന്‍ താമസിക്കുന്ന ദാദ്ര ഹവേലി ഗസ്റ്റ് ഹൗസിന് മുന്നില്‍ നോട്ടീസ് പതിപ്പിച്ചു.രാജിക്കാര്യം അംഗീകരിക്കുന്നതുവരെ ജോലിയില്‍ തുടരാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.ദാമന്‍ ദിയു ഭരണകൂടമാണ് നോട്ടീസ് അയച്ചത്. കേന്ദ്രഭരണപ്രദേശങ്ങളായ ദാമന്‍ ദിയു, ദാദ്രനദര്‍ ഹവേലി എന്നിവിടങ്ങളിലെ വൈദ്യുത പാരമ്പര്യേതരഊര്‍ജവകുപ്പ് സെക്രട്ടറി സ്ഥാനത്തിരിക്കെയാണ് കണ്ണന്‍ രാജിവെച്ചത്. ജമ്മുകശ്മീര്‍ വിഷയത്തില്‍ സ്വതന്ത്ര അഭിപ്രായം രേഖപ്പെടുത്താന്‍ സാധിക്കില്ലെന്നു കാട്ടി ഓഗസ്റ്റ് 21നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു രാജിക്കത്ത് നല്‍കിയത്.നോട്ടീസ് ലഭിച്ചെന്നറിയിച്ച കണ്ണന്‍ പ്രതികരണമറിയിക്കാന്‍ തയ്യാറായിട്ടില്ല.’20 ദിവസമായി കശ്മീരിലെ ജനങ്ങള്‍ക്ക് മൗലിക അവകാശങ്ങള്‍ അനുവദിക്കുന്നില്ല. ഒട്ടേറെ ഇന്ത്യക്കാര്‍ ഇതിനോട് യോജിക്കുന്നു. 2019ലെ ഇന്ത്യയിലാണ് ഇത് നടക്കുന്നത്. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് തന്റെ വിഷയമല്ല. എന്നാല്‍ പൗരന്മാര്‍ക്ക് അവകാശങ്ങള്‍ നിഷേധിക്കുന്നതിനോട് യോജിക്കാനാകില്ല. ഇതാണ് പ്രശ്‌നം. പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ സ്വാഗതം ചെയ്യാനോ പ്രതിഷേധിക്കാനോ കശ്മീരികള്‍ക്ക് അവകാശമുണ്ട്- അഭിപ്രായ സ്വാതന്ത്ര്യത്തിന് സിവില്‍ സര്‍വീസ് തടസ്സമാകുന്നു’ എന്നു പറഞ്ഞു കൊണ്ട് സ്ഥാനം രാജിവെച്ചൊഴിഞ്ഞ കണ്ണന്‍ ഗോപിനാഥന്‍ രാജിക്കത്തില്‍ കുറിച്ച വാക്കുകള്‍ ഇങ്ങനെയായിരുന്നു.
‘എനിക്കെന്റെ അഭിപ്രായ സ്വാതന്ത്ര്യം തിരികെ വേണം. മറ്റുള്ളവര്‍ക്കുവേണ്ടി ശബ്ദിക്കാമെന്നു വിശ്വസിച്ചുകൊണ്ടാണ് ഞാന്‍ സര്‍വ്വീസില്‍ കയറിയത്. പക്ഷേ എനിക്ക് എന്റെ ശബ്ദം ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. രാജിയിലൂടെ എനിക്ക് അഭിപ്രായ സ്വാതന്ത്ര്യം തിരികെ ലഭിക്കും.’ രാജിക്കത്ത് സമര്‍പ്പിച്ച ശേഷം കണ്ണന്‍ പറഞ്ഞത് ഇങ്ങനെയാണ്.കലക്ടറായാണ് കണ്ണന്‍ രണ്ടുവര്‍ഷം മുന്‍പ് ദാദ്രനാഗര്‍ ഹവേലിയിലെത്തുന്നത്. ഇതിനു പുറമേ അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളുടെ അധിക ചുമതലയുമുണ്ടായിരുന്നു. അഡ്‌മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഘോഡാഭായി പട്ടേലുമായി നാളുകളായുള്ള അഭിപ്രായവ്യത്യാസവും രാജിയിലേക്കു നയിച്ചതായാണു സൂചന.2018ലെ പ്രളയശേഷം 10 ദിവസത്തോളമാണു കേരളത്തിലെ വിവിധ കലക്ഷന്‍ സെന്ററുകളിലും ക്യാംപുകളിലും സാധാരണക്കാരനായി കണ്ണന്‍ പ്രവര്‍ത്തനത്തിനെത്തിയത്. ഒടുവില്‍ കൊച്ചി കെബിപിഎസ് പ്രസിലെ കലക്ഷന്‍ സെന്ററില്‍ അന്ന് കലക്ടറായിരുന്ന വൈ.സഫിറുള്ള സന്ദര്‍ശനം നടത്തിയപ്പോഴാണു ചുമടെടുത്തുകൊണ്ടിരുന്ന കണ്ണനെ തിരിച്ചറിഞ്ഞത്.
കറിവെക്കാന്‍ വാങ്ങിയ മീനില്‍ നൂല്‍പ്പുഴുവിനെ കണ്ടെത്തി
കൊച്ചി:കറിവെക്കാന്‍ വാങ്ങിയ മീനില്‍ നൂല്‍പ്പുഴുവിനെ കണ്ടെത്തി.വൈറ്റില തൈക്കുടം കൊച്ചുവീട്ടില്‍ അഗസ്റ്റിന്റെ വീട്ടില്‍ വാങ്ങിയ മീനിലാണ് പുഴുവിനെ കണ്ടെത്തിയത്. രണ്ടിഞ്ച് നീളത്തിലുള്ള ജീവനുള്ള നൂറോളം പുഴുക്കളെ മീനിന്റെ തൊലിക്കടിയില്‍ നിന്നാണ് കണ്ടെത്തുകയായിരുന്നു.വീടിന് സമീപം ഇരുചക്രവാഹനത്തില്‍ മീന്‍ കച്ചവടം നടത്തുന്ന ആളില്‍ നിന്നാണ് അഗസ്റ്റിന്‍ മീന്‍ വാങ്ങിയത്. ഇയാള്‍ തോപ്പുംപടി ഹാര്‍ബറില്‍ നിന്നെടുത്ത മീനാണ് ഇത്.വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഡിവിഷന്‍ കൗണ്‍സിലര്‍ ബൈജു തോട്ടാളി കോര്‍പ്പറേഷന്‍ ഹെല്‍ത്ത് സൂപ്പര്‍വൈസറെ വിവരം അറിയിച്ചു.എന്നാല്‍ അവധി ദിവസമായതിനാല്‍ അധികൃതര്‍ പരിശോധനയ്ക്ക് എത്തിയില്ല. അധികതരെ കാണിക്കാനായി മീന്‍ കളയാതെ സൂക്ഷിച്ചുവെച്ചതായി അഗസ്റ്റില്‍ പറഞ്ഞു.
പാലായില്‍ ഇടതുസ്ഥാനാര്‍ത്ഥിയായി മാണി സി കാപ്പന്‍
കോട്ടയം: പാലാ നിയമസഭാ മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥിയായി മാണി സി കാപ്പന്‍ മത്സരിക്കും. മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ എന്‍സിപി നേതൃയോഗം തീരുമാനമെടുത്തു. യോഗത്തില്‍ മറ്റ് പേരുകളൊന്നും ഉയര്‍ന്നില്ല. എന്‍സിപിയുടെ തീരുമാനം എല്‍ഡിഎഫിനെ അറിയിച്ചിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം എല്‍ഡിഎഫ് യോഗത്തിന് ശേഷമായിരിക്കും ഉണ്ടാവുക.ഇത് നാലാം തവണയാണ് മാണി സി കാപ്പന്‍ പാലായില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുന്നത്. മൂന്നുതവണയും കെ.എം. മാണിയോടാണ് ഇദ്ദേഹം മത്സരിച്ച് പരാജയപ്പെട്ടത്. 2006 മുതല്‍ പാലായില്‍ മാണിയുടെ എതിരാളി എന്‍.സി.പി. നേതാവും സിനിമാ നിര്‍മാതാവും കൂടിയായ മാണി സി.കാപ്പനായിരുന്നു. കെ. മാണിയോട് കഴിഞ്ഞ തവണ 4703 വോട്ടുകള്‍ക്കാണ് മാണി സി കാപ്പന്‍ പരാജയപ്പെട്ടത്. പരാജയപ്പെട്ടുവെങ്കിലും മാണി സി കാപ്പന് ഓരോ തവണയും നില മെച്ചപ്പെടുത്താനായതും ഇടത് മുന്നണിക്ക് പ്രതീക്ഷ നല്‍കുന്നതാണ്.
ഇടുക്കി സ്വദേശി ആത്മഹത്യ ചെയ്ത സംഭവം;മുന്‍ ദേവികുളം സബ് കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെതിരെ ബന്ധുക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകി
ഇടുക്കി:ഇടുക്കി സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുന്‍ ദേവികുളം സബ്കളക്ടര്‍ ആയിരുന്ന ശ്രീറാം വെങ്കിട്ടരാമനെതിരെ പരാതിയുമായി ബന്ധുക്കള്‍ രംഗത്ത്.ശ്രീറാമിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് കത്തെഴുതി.വ്യാജ ആധാരമുണ്ടാക്കി ബന്ധുക്കള്‍ ഭൂമി തട്ടിയെടുത്തതില്‍ മനംനൊന്ത് കട്ടപ്പന സ്വദേശി കെ.എന്‍.ശിവനാണ് ആത്മഹത്യ ചെയ്തത്. 2017 ഏപ്രിലില്‍ ആണ് സംഭവം.ഇതുമായി ബന്ധപ്പെട്ട് അന്നത്തെ സബ്കളക്ടറായിരുന്ന ശ്രീറാം വെങ്കട്ടറാമിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ശ്രീറാം നടപടിയെടുത്തില്ലെന്ന് ശിവന്റെ സഹോദര പുത്രന്‍ കെ.ബി പ്രദീപ് ആരോപിച്ചു.തുടര്‍ നടപടികള്‍ക്കായി ശ്രീറാം വെങ്കിട്ടരാമന്റെ ഓഫീസില്‍ വിവരാവകാശം നല്‍കി. പരാതിക്കാരനോടു ഹാജരാകാന്‍ ആവശ്യപ്പെട്ടു നാലു തവണ നോട്ടിസ് നല്‍കിയിട്ടും എത്തിയില്ലെന്ന മറുപടിയാണ് ഇതേത്തുടര്‍ന്നു ലഭിച്ചത്. എന്നാല്‍ ഇതു ശ്രീറാം വ്യാജമായി ഉണ്ടാക്കിയതാണെന്നു പ്രദീപ് ആരോപിക്കുന്നു.ശിവന്‍ പരാതി നല്‍കുന്നതിനു മുന്‍പുള്ള തീയ്യതിയില്‍ പോലും നോട്ടീസ് അയച്ചതായാണു ശ്രീറാമിന്റെ മറുപടിയില്‍ കാണുന്നത്. നടപടികള്‍ സ്വീകരിക്കാതെ ശ്രീറാം തട്ടിപ്പുകാരെ സഹായിക്കുകയായിരുന്നെന്നും ഇതില്‍ മനംനൊന്താണ് ശിവന്‍ ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ഭൂമി തട്ടിയെടുത്തവരെ പോലെ ശ്രീറാം വെങ്കിട്ടരാമനും കുറ്റക്കാരനാണെന്നും നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
പാലാ ഉപതെരഞ്ഞെടുപ്പ്;നാമനിര്‍ദേശ പത്രിക ഇന്ന് മുതല്‍ സമര്‍പ്പിക്കാം
കോട്ടയം: കെഎം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന പാലാ നിയമസഭ സീറ്റിലേക്കുള്ള ഉപതെരഞ്ഞടുപ്പിനുള്ള വിജ്ഞാപനം ഇന്ന് ഇറങ്ങും.ഇന്ന് മുതല്‍ നാമനിര്‍ദേശ പത്രികകള്‍ സ്വീകരിക്കുമെന്ന് കളക്ടര്‍ പികെ സുധീര്‍ ബാബു അറിയിച്ചു.സെപ്റ്റംബർ നാലാണ് നാമനിർദേശപത്രികകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി.പത്രികയുടെ സൂഷ്മപരിശോധന സെപ്തംബര്‍ അഞ്ചിന് നടക്കും. സെപ്തംബര്‍ ഏഴ് വരെ നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാം. സെപ്റ്റംബര്‍ 23-നാണ് ഉപതെരഞ്ഞെടുപ്പ്. സെപ്റ്റംബര്‍ 27ന് ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും. ഉപതെരഞ്ഞെടുപ്പിനായി 176 പോളിംഗ് കേന്ദ്രങ്ങള്‍ സജ്ജീകരിച്ചു. വോട്ടിംഗ് യന്ത്രവും വിവിപാറ്റ് മെഷീനുകളും ഉപയോഗിച്ചാകും തെരഞ്ഞെടുപ്പ്.അതെസമയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് തിരക്കിട്ട ചര്‍ച്ചകളിലാണ് മുന്നണികള്‍. ഒരു മുന്നണിയും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.
പാലാ ഉപതിരഞ്ഞെടുപ്പ്;കോൺഗ്രസ്സിൽ തർക്കം രൂക്ഷം;ഇരുവിഭാഗത്തിനും സമ്മതനായ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള നീക്കം സജീവം
കോട്ടയം: കെഎം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന പാലാ നിയമസഭ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിർണയിക്കുന്നതിനുള്ള തർക്കം കോൺഗ്രസ്സിൽ രൂക്ഷമായി.കേരള കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കങ്ങളില്‍ സമവായമുണ്ടാക്കാനാണ് യുഡിഎഫിന്റെ തീരുമാനം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞു.നിലവില്‍ പിജെ ജോസഫ് ജോസ് കെ മാണി വിഭാഗങ്ങളിലിടയിലുള്ള തര്‍ക്കങ്ങളും അഭിപ്രായഭിന്നതകളും പരിഹരിക്കാന്‍ ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്നും ചെന്നിത്തല വ്യക്തമാക്കി. അതേസമയം പാലയില്‍ ജയ സാധ്യതയുള്ള സ്ഥാനാര്‍ഥി വേണമെന്ന് ജോസഫ് വിഭാഗം ആവശ്യപ്പെട്ടു.പാലാ തെരഞ്ഞെടുപ്പിലെ കേരളാ കോണ്‍ഗ്രസ്സ് എമ്മിന്റെ സ്ഥാനാര്‍ത്ഥിയെ ജോസ് കെ മാണി തീരുമാനിക്കുമെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ പറഞ്ഞിരുന്നു. സ്റ്റിയറിംഗ് കമ്മറ്റി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുമെന്ന പിജെ ജോസഫിന്റെ വാദത്തെ തള്ളിയാണ് എംഎല്‍എയുടെ പ്രതികരണം.
അതേസമയം തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ ഇരു വിഭാഗത്തിനും അംഗീകരിക്കാന്‍ സാധിക്കുന്ന സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള നീക്കം സജീവമായി. ജോസ് കെ. മാണി വിഭാഗത്തിനൊപ്പം നില്ക്കുന്ന ഇ.ജെ അഗസ്തി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. ജോസഫ് വിഭാഗവും കോണ്‍ഗ്രസും അഗസ്തിയുടെ സ്ഥാനാര്‍ത്ഥിത്വം എതിര്‍ക്കില്ലെന്നാണ് സൂചന.നിഷാ ജോസ് കെ. മാണിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് പി.ജെ ജോസഫ് വിഭാഗം ജോസ് കെ. മാണിക്കും സീറ്റ് നല്കാനാകില്ലെന്നാണ് ഇവര്‍ പറയുന്നത്. ഇന്നലെ കോട്ടയത്ത് ചേര്‍ന്ന ഗ്രൂപ്പ് യോഗത്തില്‍ ജോസഫ് വിഭാഗം ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തു. എന്നാല്‍ നിലവില്‍ ജോസ് പക്ഷത്തുള്ള പഴയ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഇ.ജെ അഗസ്തിയുടെ പേരും ഇതോടെ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. അഗസ്തിയെ സ്ഥനാര്‍ത്ഥിയായി വന്നാല്‍ ജോസഫ് വിഭാഗവും കോണ്‍ഗ്രസും ഇതിനെ എതിര്‍ക്കില്ല. അതുകൊണ്ട് തന്നെ പൊതു സമ്മതനായ ഒരു സ്ഥാനാര്‍ത്ഥിയായിട്ടാണ് ഇ.ജെ അഗസ്തിയെ പരിഗണിക്കുന്നത്.യു.ഡി.എഫ് യോഗത്തില്‍ ഇക്കാര്യമെല്ലാം വിശദമായി ചര്‍ച്ച ചെയ്യും. അതിന് ശേഷം സംസ്ഥാന യു.ഡി.എഫ് ചേര്‍ന്ന് അന്തിമ തീരുമാനം എടുത്തായിരിക്കും സ്ഥനാര്‍ത്ഥിയെ പ്രഖ്യാപിക്കുക.
ഓണം പ്രമാണിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ തുടർച്ചയായി ഒരാഴ്ചത്തെ അവധി
തിരുവനന്തപുരം: ഓണം പ്രമാണിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഒരാഴ്ച അവധി. ഓണക്കാലത്ത് ഒരാഴ്ച സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ അടഞ്ഞുകിടക്കും.ഓണാവധിയും മുഹറവും രണ്ടാം ശനിയും അടുത്തടുത്ത് എത്തിയതാണ് അവധികള്‍ക്കു കാരണം. ഓണാവധിവരുന്ന എട്ടിനു തുടങ്ങുന്ന ആഴ്ചയില്‍ ഒമ്ബതിന് മുഹറമാണെങ്കിലും ബാങ്കിന് അവധിയില്ല. അന്നും മൂന്നാം ഓണമായ 12-നും മാത്രമേ ബാങ്കുകള്‍ പ്രവര്‍ത്തിക്കൂ. സെപ്റ്റംബര്‍ എട്ട് ഞായറാഴ്ചമുതല്‍ അടുത്ത ഞായറാഴ്ചയായ 15 വരെ തുടര്‍ച്ചയായി എട്ടുദിവസം ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കില്ല.സെപ്റ്റംബറില്‍ തുടര്‍ച്ചയായി മൂന്നു ശനിയാഴ്ചകള്‍ ബാങ്കുകള്‍ക്ക് അവധിയാണ്. രണ്ടാം ശനിയാഴ്ചയായ 14-നും നാലാം ശനിയാഴ്ചയായ 28-നുമുള്ള പതിവ് അവധിക്കു പുറമേ ശ്രീനാരായണ ഗുരു സമാധിദിനമായ 21-നും അവധിയാണ്. എട്ടാം തീയതി ഉള്‍പ്പെടെ അഞ്ച് ഞായറാഴ്ചകളും രണ്ടാം ശനിയും ഓണവുമൊക്കെ ഉള്‍പ്പെടെ സെപ്റ്റംബറില്‍ 12 ദിവസമാണ് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി. 11 ദിവസം ബാങ്കുകള്‍ക്കും.
ശ്രീറാം കേസ്;അന്വേഷണത്തിൽ തൃപ്തരെന്ന് കൊല്ലപ്പെട്ട ബഷീറിന്റെ കുടുംബം;കുറ്റപത്രം തയ്യാറാക്കാനൊരുങ്ങി അന്വേഷണ സംഘം
തിരുവനന്തപുരം:മദ്യലഹരിയിൽ ഐഎഎസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ കേസന്വേഷണത്തിൽ തൃപ്തരാണെന്ന് മരണപ്പെട്ട ബഷീറിന്റെ കുടുംബം.ശ്രീറാമിനെതിരെ കുറ്റപത്രം തയ്യാറാക്കാന്‍ പ്രത്യേക അന്വേഷണ സംഘം നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അന്വേഷണം നല്ല രീതിയില്‍ അവസാനിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്നും പിണറായി വിജയനെ കണ്ടശേഷം ബന്ധുക്കള്‍ പറഞ്ഞു. വാഹനാപകടത്തില്‍ മരിച്ച ബഷീറിന്‍റെ ഭാര്യക്ക് ജോലിയും സാമ്ബത്തിക സഹായവും സര്‍ക്കാര്‍ നല്‍കിയിരുന്നു. അതേസമയം, മൊഴികള്‍ എല്ലാം രേഖപ്പെടുത്തിയ സാഹചര്യത്തില്‍ കുറ്റപ്പത്രം തയ്യാറാക്കുന്ന നടപടികളിലേക്ക് അന്വേഷണസംഘം കടന്നു. ഇനി ചില രഹസ്യ മൊഴികള്‍ രേഖപ്പെടുത്താനും പൂനെയില്‍ നിന്നുള്ള സംഘം നടത്തിയ വാഹനപരിശോധനയുടെ റിപ്പോര്‍ട്ടും കൂടി മാത്രമാണ് കിട്ടാനുള്ളത്.
കവളപ്പാറ ഉരുൾപൊട്ടലിൽ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചു
മലപ്പുറം: കവളപ്പാറയില്‍ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചു. ദുരന്തത്തില്‍ കാണാതായ 11 പേരെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.സാധ്യമായ എല്ലാ രീതിയും പരീക്ഷിച്ച ശേഷമാണ് തിരച്ചില്‍ അവസാനിപ്പിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. കഴിഞ്ഞ ദിവസം പോത്തുകല്ല് പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ രണ്ടു ദിവസം കൂടി തിരച്ചില്‍ നടത്താന്‍ ധാരണയായിരുന്നു. എന്നാല്‍ ഇതിന് ശേഷവും കാണാതായവരെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല.ഓഗസ്റ്റ് ഒന്‍പതിന് തുടങ്ങിയ തിരച്ചിലില്‍ ഇതുവരെ 48 മൃതദേഹങ്ങള്‍ കണ്ടെടുത്തു.എന്നാല്‍ കഴിഞ്ഞ ഏഴ് ദിവസങ്ങളില്‍ നടത്തിയ തിരച്ചിലില്‍ ഒരു മൃതദേഹം പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് തിരച്ചില്‍ നിര്‍ത്തിയത്.കണ്ടെത്താൻ കഴിയാത്തവരെ ഓഖി ദുരന്ത കാലത്ത് സ്വീകരിച്ചത് പോലെ മരിച്ചതായി കണക്കാക്കി ഉത്തരിവിറക്കാനും ധനസഹായം ഉൾപ്പടെ എല്ലാ നടപടികളും സ്വീകരിക്കാനും ഇന്നലെ ചേർന്ന യോഗത്തിൽ ധാരണയായിരുന്നു.