കൊച്ചി: സമീപകാലത്ത് പിഎസ്‍സി നടത്തിയ എല്ലാ നിയമനങ്ങളും അന്വേഷിക്കാൻ സംസ്ഥാനസർക്കാരിന് ഹൈക്കോടതിയുടെ നിർദേശം. പിഎസ്‍സി പരീക്ഷാത്തട്ടിപ്പ് കേസിൽ നാലാം പ്രതിയായ സഫീർ നൽകിയ മുൻകൂർ ജാമ്യഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിർദേശം. സമീപകാലത്തുണ്ടായ സംഭവങ്ങൾ പിഎസ്‍സി എന്ന സ്ഥാപനത്തിന്‍റെ വിശ്വാസ്യത തകർക്കുന്നതാണെന്നും ഇങ്ങനെ മാത്രമേ നഷ്ടമായ വിശ്വാസ്യത തിരിച്ചു പിടിക്കാനാകൂ എന്നും ഹൈക്കോടതി നിരീക്ഷിച്ചു.കേസിൽ നിഷ്പക്ഷവും ഫലപ്രദവുമായ സ്വതന്ത്ര ഏജൻസിയുടെ അന്വേഷണം വേണമെന്നും ഹൈക്കോടതി വ്യക്തമാക്കി.കേസിൽ സഫീറടക്കമുള്ള പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. കേസിലെ എല്ലാ പ്രതികളും അടുത്ത പത്ത് ദിവസത്തിനകം കീഴടങ്ങണമെന്നും കോടതി പറഞ്ഞു.കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യത്തെ സര്‍ക്കാരും കോടതിയില്‍ ശക്തമായി എതിര്‍ത്തു. 96 മെസേജുകളാണ് പരീക്ഷാ ദിവസം കൈമാറപ്പെട്ടതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ഉത്തരങ്ങളായിരുന്നു ഈ മെസേജുകളെല്ലാം. രഹസ്യമായാണ് മെസേജുകള്‍ കൈമാറാനുള്ള മൊബൈലും സ്മാര്‍ട്ട് വാച്ചുകളും പരീക്ഷാ ഹാളില്‍ കടത്തിയത്. പ്രതികള്‍ക്ക് എങ്ങനെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നുകിട്ടി എന്നതില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ വാദിച്ചു.
പാലാ ഉപതെരഞ്ഞെടുപ്പ്;നിഷ.ജോസ്.കെ മാണി യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും
പാല: പാല ഉപതിരഞ്ഞടുപ്പില്‍ നിഷ ജോസ് കെ മാണി യുഡിഎഫ് സഥാനാര്‍ഥിയായേക്കും. നിഷയെ സ്ഥനാര്‍ഥിയാക്കാനുള്ള ചര്‍ച്ചകള്‍ കേരള കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്നതായാണ് റിപോര്‍ട്ട്. നിഷയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ഫ്രണ്ടും വനിതാ വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്.അന്തരിച്ച കെ എം മാണിയുടെ കുടുംബത്തില്‍ നിന്ന് തന്നെ സ്ഥാനാര്‍ത്ഥി വരണമെന്ന് യൂത്ത് ഫ്രണ്ട് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ജോസ് വിഭാഗത്തെ നേതാക്കള്‍ അറിയിച്ചതായാണ് വിവരം. എന്നാല്‍ ജോസ് കെ മാണിയോ നിഷയോ എന്ന ചോദ്യവും ഉയരുന്നുണ്ട്. രാജ്യസഭാംഗത്വം നഷ്ടപ്പെടുത്തി ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയാകേണ്ടെന്നാണ യുഡിഎഫിലെ ഭൂരിപക്ഷം നേതാക്കളുടെയും അഭിപ്രായം. രാജ്യസഭാംഗത്വം രാജി വച്ച് മല്‍സരത്തിനിറങ്ങിയാല്‍ ആ സീറ്റ് എല്‍ഡിഎഫിന് ലഭിക്കുമെന്ന ആശങ്ക യുഡിഎഫിനുണ്ട്. ഇത് ഒഴിവാക്കാന്‍ ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയാകേണ്ടെന്നാണ് പൊതു അഭിപ്രായം. കെ എം മാണിയുടെ കുടുംബത്തിൽ നിന്ന് തന്നെ സ്ഥാനാർത്ഥി വേണമെന്ന ആവശ്യമുള്ളതിനാൽ നിഷ ജോസ് കെ മാണി തന്നെയാകും സ്ഥാനാർത്ഥി. പാലായിൽ സ്ഥാനാർത്ഥിയെന്ന നിലയിൽ അവതരിപ്പിക്കാവുന്ന മുഖങ്ങൾ വേറെയില്ല എന്നതും നിഷയ്ക്ക് സാധ്യത വർധിപ്പിക്കുന്നു. ഇന്ന് ഉച്ചയ്ക്ക് കേരള കോൺഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റിയിലെ ജോസ് കെ മാണി വിഭാഗം നേതാക്കൾ യോഗം ചേരുന്നുണ്ട്. യോഗത്തിന് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനവും പ്രഖ്യാപനവും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പിഎസ്‌സി പരീക്ഷ ക്രമക്കേട്;കോപ്പിയടിച്ചത് സ്മാർട്ട് വാച്ചുകൾ ഉപയോഗിച്ചെന്ന് പ്രതികളുടെ മൊഴി
കൊച്ചി:പിഎസ്‌സി പരീക്ഷയിൽ സ്മാർട്ട് വാച്ച് ഉപയോഗിച്ചാണ് കോപ്പിയടിച്ചതെന്ന് പരീക്ഷ ക്രമക്കേട് കേസിൽ അറസ്റ്റിലായ പ്രതികൾ ശിവരജ്ഞിത്തും നസീമും ക്രൈം ബ്രാഞ്ചിന് മൊഴി നൽകി.സംഭവത്തില്‍ മൂന്നാം പ്രതിയായ പ്രണവാണ് ആസൂത്രണത്തിന് പിന്നിലെന്ന് പ്രതികള്‍ ക്രൈം ബ്രാഞ്ചിനോട് പറഞ്ഞു. യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷങ്ങള്‍ക്കിടയിലുണ്ടായ കത്തികുത്തുകേസിലെ പ്രതികളായ ശിവരജ്ഞിത്തിനെയും നസീമിനെയും കസ്റ്റഡിയില്‍ വാങ്ങി ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നത്. ഇരുവരും കോപ്പിയടി സമ്മതിച്ചെങ്കിലും എങ്ങനെ ആസൂത്രണം നടത്തിയെന്ന് സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.പരീക്ഷ തുടങ്ങിയ ശേഷം വാച്ചില്‍ ഉത്തരങ്ങള്‍ എസ്‌എംഎസ്സുകളായി വന്നുവെന്നാണ് ഇരുവരും പറഞ്ഞത്. പോലീസ് കോണ്‍സ്റ്റബിള്‍ പട്ടികയില്‍ ഇടംനേടിയ പ്രണവിന്റെ സുഹൃത്തുക്കളാണ് കോപ്പയടിക്കാന്‍ സഹായിച്ച പോലീസുകാരന്‍ ഗോകുലും സഫീറുമെന്നും ശിവരജ്ഞിത്തും നസീമും പറഞ്ഞു.എന്നാല്‍ ഉത്തരങ്ങള്‍ അയ്യച്ചവര്‍ക്ക് പിഎസ്‌സി ചോദ്യപേപ്പര്‍ എങ്ങനെ കിട്ടിയെന്നത് ഇതുവരെ വ്യക്തമായിട്ടില്ല. ഈ ചോദ്യം ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും പ്രതികള്‍ വിരുദ്ധമായ മറുപടികളാണ് നല്‍കിയത്. പിടികൂടാനുള്ള പ്രതികളുടെ മേല്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച കെട്ടിവച്ച് രക്ഷപ്പെടാനുള്ള ശ്രമാണ് നടത്തുന്നത്. കേസിലെ അഞ്ചു പ്രതികളില്‍ പ്രണവ്, ഗോകുല്‍, സഫീര്‍ എന്നിവരെ പോലീസിന് പിടികൂടാനായിട്ടില്ല. പരീക്ഷ തുടങ്ങിയ ശേഷം ചോര്‍ന്നുകിട്ടിയ ഉത്തകടലാസ് നോക്കി ഗോകുലും സഫീറും ചേര്‍ന്ന് ഉത്തരങ്ങള്‍ മറ്റ് മൂന്നു പേര്‍ക്കും എസ്‌എംഎസ് വഴി നല്‍കിയെന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.
സസ്പെൻഷനിലായ ജേക്കബ് തോമസിനെ തിരിച്ചെടുക്കാൻ ശുപാർശ
തിരുവനന്തപുരം:സര്‍വീസ് ചട്ടം ലംഘിച്ച് സര്‍ക്കാരിനെ വിമര്‍ശിച്ചതിന് സസ്പെന്‍ഷനിലായ ജേക്കബ് തോമസിനെ തിരിച്ചെടുക്കാൻ ശുപാർശ.ഇത് സംബന്ധിച്ച ഫയല്‍ആഭ്യന്തര വകുപ്പ് സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കൈമാറി.ജേക്കബ് തോമസിനെ തിരിച്ചെടുക്കാനുള്ള അഡ‍്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ അപ്പീല്‍ പോകേണ്ടതില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ റദ്ദ് ചെയ്ത് തിരിച്ചെടുക്കാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതുവരെ ഇതില്‍ തുടര്‍ നടപടികള്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ജേക്കബ് തോമസ് വീണ്ടും ട്രിബ്യൂണലിനെ സമീപിച്ച് കോടതിയലക്ഷ്യം ചൂണ്ടിക്കാണിക്കുകയായിരുന്നു. ഇതില്‍ വാക്കാല്‍ വിശദീകരണം തേടിയതിന് പിന്നാലെയാണ് ആഭ്യന്തര സെക്രട്ടറി ഫയല്‍ കൈമാറിയത്.അഴിമതി വിരുദ്ധദിനമായ ഡിസംബര്‍ ഒന്‍പതിന് ജേക്കബ് തോമസ് നടത്തിയ പ്രസംഗമാണ് സസ്പെന്‍ഷന് കാരണം. ഓഖി രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍ ഏറെ പഴികേട്ട സംസ്ഥാന സര്‍ക്കാരിനെ കൂടുതല്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പ്രതികരണമാണ് ജേക്കബ് തോമസില്‍ നിന്നുണ്ടായതെന്നാണ് ചീഫ് സെക്രട്ടറി സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട്. ഇതേതുടര്‍ന്നാണ് അഖിലേന്ത്യാ സര്‍വ്വീസ് ചട്ടപ്രകാരം സംസ്ഥാന സര്‍ക്കാര്‍ ജേക്കബ് തോമസിനെതിരെ നടപടിയെടുത്തത്.നിലവില്‍ രണ്ട് വര്‍ഷത്തോളമായി ജേക്കബ് തോമസ് സര്‍വീസിന് പുറത്താണ്. വി.ആര്‍.എസിന് അപേക്ഷിച്ചെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. തിരിച്ചെടുക്കുകയാണെങ്കില്‍ എന്ത് തസ്തികയാണ് ജേക്കബ് തോമസിന് നല്‍കുക എന്നതും ശ്രദ്ധേയമാണ്.
കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണക്കടത്ത്; മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍കൂടി പിടിയില്‍
കൊച്ചി:കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ സഹായിച്ച മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെക്കൂടി റവന്യൂ ഇന്റലിജന്‍സ് അറസ്റ്റു ചെയ്തു. രോഹിത് ശര്‍മ, സകീന്ദ്ര പാസ്വാന്‍, കൃഷന്‍ കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ രാഹുല്‍ പണ്ഡിറ്റ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.പണ്ഡിറ്റിന്റെ കൂട്ടാളികളാണ് ഇന്ന് അറസ്റ്റിലായ മൂന്നുപേരും.ഈ മാസം 19ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ നാല് യാത്രക്കാരില്‍ നിന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് 15 കിലോ സ്വര്‍ണം പിടികൂടിയിരുന്നു.തുടരന്വേഷണത്തിലാണ് കള്ളക്കടത്തു റാക്കറ്റിന് സൗകര്യം ചെയ്തുകൊടുത്തിരുന്നത് കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്ന് കണ്ടെത്തിയത്. സ്വര്‍ണവുമായി വരുന്ന യാത്രക്കാരുടെ വിശദാംശങ്ങള്‍ രാഹുല്‍ പണ്ഡിറ്റ് വഴി കണ്ണൂര്‍ വിമാനത്താളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കും. ഈ യാത്രക്കാരെ എക്‌സ് റേ പരിശോധനയില്ലാതെ കടത്തിവിടുയാണ് പതിവ്. എന്നാല്‍, ഡിആര്‍ഐ പരിശോധനയില്‍ കള്ളക്കളി പൊളിയുകയായിരുന്നു. കള്ളക്കടത്ത് റാക്കറ്റില്‍ നിന്ന് ലഭിക്കുന്ന പണം ഉദ്യോഗസ്ഥര്‍ക്ക് വീതിച്ചു നല്‍കിയിരുന്നതും രാഹുലായിരുന്നു.ഇന്നത്തെ അറസ്റ്റോടെ, നാല് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ കേസില്‍ പിടിയിലായവരുടെ എണ്ണം 16 ആയി. മൂന്ന് യുവ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ഇന്ന് പിടിയിലായിരിക്കുന്നത്. കണ്ണൂര്‍ വിമാനത്താവളത്തിലെ ആദ്യ കസ്റ്റംസ് റിക്രൂട്ട്‌മെന്റായിരുന്നു ഇവരുടേത്.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കേസില്‍ കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ കുടുങ്ങിയേക്കുമെന്നാണ് ഡിആര്‍ഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
കണ്ണൂരിൽ കടവരാന്തയില്‍ കിടന്നുറങ്ങിയ വയോധികയെ തെരുവുനായ കടിച്ചുകീറി
കണ്ണൂര്‍: പുതിയതെരുവില്‍ കടവരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന നാടോടി വയോധികയെ തെരുവുനായ കടിച്ചുകീറി. ചെന്നൈ സ്വദേശിനിയായ സരസ്വതി (80) ക്കാണ് നായയുടെ കടിയേറ്റത്. ഗുരുതരമായ പരിക്കുകളോടെ ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം. മുഖത്തും കൈയ്ക്കും തെരുവുനായയുടെ കടിയേറ്റ് രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്ന വയോധികയെ അതുവഴി ഓട്ടോറിക്ഷയില്‍ സ്കൂളിലേക്കു പോവുകയായിരുന്ന വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്.
കഴിഞ്ഞ പ്രളയത്തിലെ ദുരിതബാധിതർക്ക് ഒരു മാസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി:2018ലെ പ്രളയദുരിതബാധിതര്‍ക്ക് ഒരു മാസത്തിനകം നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി.അര്‍ഹത ഉണ്ടെന്നു കണ്ടെത്തിയവര്‍ക്കാണ് നഷ്ടപരിഹാരം ലാഭ്യമാക്കേണ്ടതെന്നും കോടതി ഉത്തരവിട്ടു.പ്രളയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിനും വെബ് സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്നതിനും മൂന്ന് മാസത്തെ സമയം അനുവദിക്കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍, ഒന്നര മാസം മാത്രമേ സമയം അനുവദിക്കാനാവൂ എന്നാണ് കോടതി വ്യക്തമാക്കിയത്.നഷ്ടപരിഹാരത്തിന് അര്‍ഹരെന്ന് സര്‍ക്കാര്‍ തന്നെ കണ്ടെത്തിയവര്‍ക്ക് എത്രയും വേഗത്തില്‍ നഷ്ടപരിഹാരം അനുവദിക്കണമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.
3.1 കോടിയുടെ ആഡംബര എസ്‌യുവി സ്വന്തമാക്കി കണ്ണൂര്‍ കുറ്റ്യാട്ടൂർ സ്വദേശി
കണ്ണൂർ:മൂന്നുകോടി പത്തുലക്ഷം രൂപയുടെ ആഡംബര കാര്‍ സ്വന്തമാക്കി കുറ്റിയാട്ടൂര്‍ സ്വദേശി.മെഴ്‌സിഡസ് ബെന്‍സില്‍നിന്ന് പ്രത്യേകം ഓര്‍ഡര്‍ ചെയ്ത് നിര്‍മിക്കുന്ന ഈ വാഹനം കേരളത്തിലെ രണ്ടാമത്തേതാണ്. കുറ്റിയാട്ടൂര്‍ പള്ളിമുക്കിലെ അംജത് സിത്താരയാണ് കോഴിക്കോട്ടെ ഡീലറായ ബ്രിഡ്ജ് വേ മോട്ടോര്‍സില്‍നിന്ന് കഴിഞ്ഞദിവസം വാഹനം കുറ്റിയാട്ടൂരിലെത്തിച്ചത്. രണ്ടുകോടി പത്തുലക്ഷം രൂപയാണിതിന്റെ ഷോറൂം വില. കൂടാതെ ചില ഘടകങ്ങളുടെ പ്രത്യേക നിര്‍മിതിക്കായി 40 ലക്ഷം രൂപകൂടി ചെലവാക്കിയാണ് വാഹനം നിരത്തിലിറക്കിയിട്ടുള്ളത്.റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സില്‍നിന്ന് എഴുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സും റോഡ് നികുതിയിനത്തില്‍ 48 ലക്ഷം രൂപയും ഇതിന് അംജദ് സിത്താര ചെലവഴിച്ചു. കണ്ണൂര്‍ റോഡ് ട്രോന്‍സ്‌പോര്‍ട്ട് ഓഫീസില്‍ നിന്നാണ് വാഹന രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുക.
നാലുകിലോമീറ്റര്‍ മാത്രം മൈലേജുള്ള ഈ വാഹനത്തില്‍ പെട്രോളാണ് ഇന്ധനം. 20 ദിവസം വരെ തുടര്‍ച്ചയായി ഓടിയാലും വണ്ടി ചൂടാകില്ല. മാക്‌സിമം സ്പീഡ് 220 കിലോമീറ്ററുള്ള വാഹനത്തില്‍ അഞ്ചുപേര്‍ക്ക് യാത്രചെയ്യാം.ബിരുദധാരിയായ അംജദ് സിത്താര യ.എ.ഇ.യിലെ ബി.സി.സി. എന്ന നിർമ്മാണക്കമ്പനിയിൽ സി.ഇ.ഒ. ആയി ജോലി ചെയ്യുകയാണ്.അവിടെ ഓഫീസില്‍ ഉപയോഗിക്കുന്ന വാഹനം സ്വന്തമാക്കാനുള്ള ആഗ്രഹമാണ് കാര്‍ വാങ്ങുന്നതിനുപിന്നിലെന്ന് അംജദ് പറഞ്ഞു.
ശംഖുമുഖത്ത് പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനിടെ മരിച്ച ലൈഫ് ഗാർഡ് ജോണ്‍സന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം;കുടുംബത്തിന് 10ലക്ഷം രൂപയും ഭാര്യയ്ക്ക് ജോലിയും നൽകും
തിരുവനന്തപുരം: ശംഘുമുഖം കടപ്പുറത്ത് അപകടത്തിൽപ്പെട്ട പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനിടെ മരിച്ച ലൈഫ് ഗാർഡ് ജോൺസൺ ഗബ്രിയേലിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം.ജോണ്‍സന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാനും മന്ത്രിസഭാ തീരുമാനിച്ചു. ജോണ്‍സന്റെ ഭാര്യക്ക് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിലാവും ജോലി നല്‍കുക.പെണ്‍കുട്ടി കടലില്‍ ചാടുന്നത് കണ്ട് രക്ഷിക്കാന്‍ ജോണ്‍സണ്‍ കടലിലേക്ക് ഓടിയിറങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ലൈഫ് ഗാര്‍ഡുമാരുടെ സഹായത്തോടെ പെണ്‍കുട്ടിയെ രക്ഷിച്ചു കരയില്‍ എത്തിച്ചെങ്കിലും ശക്തമായ തിരയില്‍പ്പെട്ട് ജോണ്‍സന് ബോധം നഷ്ടമായി. തുടര്‍ന്ന് ജോണ്‍സനെ കാണാതാവുകയായിരുന്നു. പിന്നീട് രണ്ടു ദിവസത്തെ തിരച്ചിലിനൊടുവിലാണ് ജോൺസന്റെ മൃതദേഹം കണ്ടെത്തിയത്.
തലശ്ശേരി സ്വദേശിയായ യുവാവ് ദുബായില്‍ ജോലിക്കിടെ അപകടത്തില്‍ മരിച്ചു
ദുബായ്:തലശ്ശേരി സ്വദേശിയായ യുവാവ് ദുബായില്‍ ജോലിക്കിടെ അപകടത്തില്‍ മരിച്ചു.ദുബായില്‍ സ്വകാര്യ കമ്പനിയിൽ ലിഫ്റ്റ് ടെക്നീഷ്യന്‍ ആയി ജോലി ചെയ്യുന്ന തലശ്ശേരി കോടിയേരി സ്വദേശി റഷിത്ത് കാട്ടില്‍ മുല്ലോളി (29 ) ആണ് മരിച്ചത്.ജബല്‍ അലിയില്‍ ജോലിക്കിടെ അപകടത്തിൽപ്പെടുകയായിരുന്നു. ലിഫ്റ്റുകള്‍ അസ്സംബിള്‍ ചെയ്യുന്നതിനിടെയായിരുന്നു അപകടം.കോടിയേരി മുല്ലോളി രവീന്ദ്രന്റെയും ശ്യാമളയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: റനീഷ്, റന്യ.നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.