കണ്ണൂർ:കണ്ണൂരില്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റയ്ക്കു നേരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം.കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നീക്കത്തിനെതിരെയാണ് അപ്രതീക്ഷിത പ്രതിഷേധം.കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ ആശംസാ പ്രസംഗം നടത്തി പുറത്തേയ്ക്ക് ഇറങ്ങാന്‍ ശ്രമിക്കുമ്ബോഴായിരുന്നു ഡിജിപിക്കു നേരെ ഒരുകൂട്ടം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.ഡിജിപി ലോക്‌നാഥ് ബഹ്‌റ പോലീസിന്റെ പണിയല്ല സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ജോലിയാണ് ചെയ്യുന്നതെന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു പ്രതിഷേധം.യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ മണ്ഡലം ഭാരവാഹികളായ റിജില്‍ മാക്കുറ്റി ഉള്‍പ്പെടെയുള്ള ഒരു സംഘം പ്രവര്‍ത്തകരാണ് ഡിജിപിക്കെതിരെ പ്രതിഷേധവുമായി രംഗത്തുവന്നത്.’സി.പി.എമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയെപ്പോലെ ബെഹ്റ പ്രവര്‍ത്തിക്കുന്നു’ എന്ന മുല്ലപ്പള്ളിയുടെ വിമര്‍ശനത്തിനെതിരേയാണ് മാനനഷ്ടത്തിന് നിയമനടപടിയെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. വിമര്‍ശനത്തിന്റെ പേരില്‍ സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു അസാധാരണ നീക്കമെന്നാരോപിച്ച് മുഖ്യമന്ത്രിക്കും ബെഹ്റയ്ക്കുമെതിരേ അതിരൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
ബുള്ളറ്റും വാനും കൂട്ടിയിടിച്ച് ബാങ്ക് മാനേജര്‍ മരിച്ചു
കാസർകോഡ്:ബുള്ളറ്റും വാനും കൂട്ടിയിടിച്ച് ബാങ്ക് മാനേജര്‍ മരിച്ചു.എസ് ബി ഐ കണ്ണൂര്‍ അഡ്മിനിസ്‌ട്രേറ്റീവ് ചീഫ് മാനേജറും കാസര്‍കോട് കുഡ്‌ലു സ്വദേശിയുമായ ഗിരീഷ് കുമാര്‍ ആണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ 7.50 മണിയോടെ പിലിക്കോട് തോട്ടം ഗേറ്റിലാണ് അപകടമുണ്ടായത്. ഗിരീഷ് കുമാര്‍ സഞ്ചരിച്ച ബുള്ളറ്റില്‍ എതിരെ വരികയായിരുന്ന വാനിടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളിക്കോത്തുള്ള ഭാര്യാ വീട്ടില്‍ നിന്നും കണ്ണൂരിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. അമ്പിളിയാണ് ഭാര്യ.ഏക മകള്‍ അനഘ ഗിരീഷ്.ചന്തേര അഡീ. എസ് ഐ വിജയന്റെ നേതൃത്വത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.മൃതദേഹം ചെറുവത്തൂര്‍ കെ എ എച്ച് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പൊന്നും വിലയ്ക് വിറ്റഴിച്ച മത്തി 25 വര്‍ഷത്തിന് ശേഷം ഏറ്റവും കുറഞ്ഞ വിലയില്‍
പയ്യന്നൂർ:കേരളത്തിൽ പൊന്നും വിലയ്ക് വിറ്റഴിച്ച മത്തി 25 വര്‍ഷത്തിന് ശേഷം ഏറ്റവും കുറഞ്ഞ വിലയില്‍.കണ്ണൂര്‍ പയ്യന്നൂര്‍ മേഖലയില്‍ മത്തിയുടെ വിലയില്‍ വന്‍കുറവ് രേഖപ്പെടുത്തി.25 രൂപയ്ക്കാണ് ഇന്നലെ മത്തി വിറ്റഴിച്ചതെന്നാണ് റിപ്പോർട്ടുകൾ.10 രൂപയ്ക്കും ചില മത്സ്യ മാര്‍ക്കറ്റില്‍ മത്തി വിറ്റഴിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ട്.25 വര്‍ഷത്തിനു ശേഷമാണ് മത്സ്യത്തിനു ഇത്രയും വില കുറയുന്നത് എന്ന് തൊഴിലാളികള്‍ പറയുന്നു.അയല 70 രൂപയ്ക്കും കേതല്‍ 120 രൂപയ്ക്കുമാണ് ഇന്നലെ വിറ്റത്. ഫിഷ് മില്‍ വ്യവസായികളുടെ സമരമാണ് മത്സ്യത്തിനു വില ഇടിവുണ്ടാക്കിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മത്തിക്ക് 300 രൂപയിലധികം വിലയുണ്ടയിരുന്നു.
പാലാ ഉപതിരഞ്ഞെടുപ്പ്;അഡ്വ. ജോസ് ടോം പുലിക്കുന്നേല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി
കോട്ടയം: അഡ്വ. ജോസ് ടോം പുലിക്കുന്നേല്‍ പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. കേരളാ കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ടോം ജോസിന്‍റെ പേര് യുഡിഎഫ് ഉപസമിതിയാണ് നിര്‍ദ്ദേശിച്ചത്. മീനച്ചില്‍ പഞ്ചായത്ത് മുന്‍ അംഗമായ ജോസ് ടോം ഇടമറ്റം പുലിക്കുന്നേല്‍ കുടുംബാംഗമാണ്. 10 വര്‍ഷം മീനച്ചില്‍ പഞ്ചായത്ത് അംഗമായിരുന്നു. 26 വര്‍ഷമായി മീനച്ചില്‍ സഹകരണ ബാങ്ക് പ്രസിഡന്റാണ്.ജില്ല കൗണ്‍സില്‍ മെംബര്‍, മീനച്ചില്‍ റബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി മെംബര്‍, യൂത്ത്ഫ്രണ്ട് സംസ്ഥാന സെക്രട്ടറി, തിരുവനന്തപുരം ലോ കോളജ് സെനറ്റ് മെംബര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കണ്ണൂര്‍ നഗരസഭാ ഡെപ്യൂട്ടി മേയര്‍ പി.കെ.രാകേഷിനെതിരായ അവിശ്വാസ പ്രമേയം യുഡിഎഫ് ബഹിഷ്കരിക്കും
കണ്ണൂര്‍: കണ്ണൂര്‍ നഗരസഭാ ഡെപ്യൂട്ടി മേയര്‍ പി.കെ.രാകേഷിനെതിരെ ഇടതുമുന്നണി കൊണ്ടുവരുന്ന അവിശ്വാസ പ്രമേയം യുഡിഎഫ് ബഹിഷ്കരിക്കും. യുഡിഎഫ് കൗണ്‍സിലര്‍മാരുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.നേരത്തെ, മേയര്‍ക്കെതിരായ അവിശ്വാസ പ്രമേയം യുഡിഎഫ് വിജയിച്ച സാഹചര്യത്തില്‍ മേയര്‍ തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ നാലിന് നടക്കാനിരിക്കെയാണ് എല്‍ഡിഎഫ് രാകേഷിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയിരുന്നത്. സുമാ ബാലകൃഷ്ണനാണ് യുഡിഎഫിന്‍റെ മേയര്‍ സ്ഥാനാര്‍ഥി.
സംസ്ഥാനത്ത് ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത;വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.ഇതേ തുടർന്ന് ചൊവ്വാഴ്ച ആലപ്പുഴ, ഇടുക്കി ജില്ലകളിലും, ബുധനാഴ്ച കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലയിലെ കണ്‍ട്രോള്‍ റൂമുകള്‍ താലൂക്ക് അടിസ്ഥാനത്തില്‍ മഴയുടെ സാഹചര്യം നിരന്തരമായി വിലയിരുത്തണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.കേരളത്തില്‍ കാലവര്‍ഷം ശരാശരിയെക്കാള്‍ അഞ്ച് ശതമാനം കൂടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ ഒന്നു മുതല്‍ ആഗസ്റ്റ് 31വരെ ശരാശരി 1780.5 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കേണ്ടിയിരുന്നതെങ്കില്‍ 1869.9 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്.
പിഎസ്‍സി പരീക്ഷാക്രമക്കേട്; കോപ്പിയടിക്കാൻ ഉപയോഗിച്ച മൊബൈലും സ്മാർട്ട് വാച്ചുകളും നശിപ്പിച്ചതായി പ്രതികളുടെ മൊഴി
തിരുവനന്തപുരം: പിഎസ്‍സി പരീക്ഷാ ക്രമക്കേടിന് ഉപയോഗിച്ച മൊബൈലും സ്മാർട്ട് വാച്ചുകളും നശിപ്പിച്ചതായി പ്രതികളുടെ മൊഴി.മൂന്നാറിലെ നല്ല തണ്ണിയാറിലാണ് പ്രതികൾ തൊണ്ടിമുതലുകൾ എറിഞ്ഞത്. സ്ഥലം ശിവരഞ്ജിത്ത് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് കാണിച്ച് കൊടുത്തു. പിഎസ്‍സി പരീക്ഷാഹാളിൽ സ്മാർട്ട് വാച്ചുകള്‍ ഉപയോഗിച്ചാണ് ഉത്തരങ്ങള്‍ കോപ്പിയടിച്ചതെന്ന് പ്രതികളായ ശിവരജ്ഞിത്തും നസീമും ക്രൈംബ്രാഞ്ചിന് മൊഴിനൽകിയിരുന്നു.സ്മാർട്ട് വാച്ചുകളിലേക്ക് ഉത്തരങ്ങള്‍ പരീക്ഷ തുടങ്ങിയ ശേഷം എസ്എംഎസുകളായി വന്നുവെന്നാണ് ചോദ്യം ചെയ്യലിൽ ഇരുവരും സമ്മതിച്ചത്. ഇരുവർക്കൊമൊപ്പം പൊലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയിൽ സ്ഥാനം പിടിച്ച യൂണിവേഴ്സിറ്റി കോളജിലെ മുൻ എസ്എഫ്ഐ നേതാവ് പ്രണവാണ് മുഖ്യ ആസൂതകനെന്നാണ് മൊഴി. പ്രണവിൻറെ സുഹൃത്തുക്കളായാ പൊലീസുകാരൻ ഗോകുലും സഫീറുമാണ് ഉത്തരങ്ങള്‍ അയച്ചതെന്നും പ്രതികള്‍ സമ്മതിച്ചു.പക്ഷെ ഉത്തരങ്ങള്‍ സന്ദേശമായി അയച്ചവരുടെ കൈകളിൽ പിഎസ്‍സി ചോദ്യപേപ്പർ എങ്ങനെ കിട്ടിയെന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥർ ആവർത്തിച്ച് ചോദിച്ചുവെങ്കിലും പ്രതികള്‍ വിരുദ്ധമായ ഉത്തരങ്ങള്‍ നൽകി. കേസിലെ അഞ്ചു പ്രതികളിൽ പ്രണവ്, ഗോകുല്‍, സഫീർ എന്നിവരെ പൊലീസിന് പിടികൂടാനായിട്ടില്ല.
പാലാ ഉപതിരഞ്ഞെടുപ്പ്;എൽഡിഎഫ് സ്ഥാനാർഥി മാണി.സി.കാപ്പൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും
കോട്ടയം:പാലാ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി. കാപ്പന്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.പാലാ പ്രവിത്താനം ളാലം ബ്ലോക് ഓഫീസിലാണ് പത്രിക നല്‍കുക. സി പി എം ജില്ല സെക്രെട്ടറി വി എന്‍ വാസവന്‍ അടക്കമുള്ള ജില്ലയിലെ എല്‍ഡിഎഫ് നേതാക്കള്‍ പത്രിക സമര്‍പ്പിക്കുമ്ബോള്‍ കൂടെ ഉണ്ടാകും.പാലാ ടൌണിലെ വ്യാപാരികളെയും തൊഴിലാളികളെയും കണ്ട് വോട്ടഭ്യര്‍ഥിച്ച ശേഷമാകും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നത്. ബുധനാഴ്ച്ച പാലായില്‍ നടക്കുന്ന എല്‍ഡിഎഫ് മണ്ഡലം കണ്‍വന്‍ഷനോടെ മാണി സി കാപ്പന്റെ ഔദ്യോഗിക പ്രചാരണത്തിന് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. അതേസമയം, മാണി സി കാപ്പന്‍ മണ്ഡലത്തില്‍ പ്രചാരണം തുടങ്ങിയിട്ടുണ്ട്.
പാലാരിവട്ടം മേൽപാലം അഴിമതി;പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടിഒ സൂരജ് അറസ്റ്റില്‍
കൊച്ചി: പാലാരിവട്ടം മേൽപാലം അഴിമതിയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടിഒ സൂരജ് അറസ്റ്റില്‍. സൂരജിനെ കൂടാതെ മേല്‍പ്പാലം പദ്ധതിയുടെ കണ്‍സള്‍ട്ടന്റ് ആയിരുന്ന കിറ്റ്‌കോയുടെ ജനറല്‍ മാനേജര്‍ ബെന്നിപോള്‍,പണിയുടെ കരാര്‍ ഏറ്റെടുത്ത ആര്‍ഡിഎസ് കമ്പനിയുടെ പ്രോജക്‌ട്‌സ് എംഡി സുമിത് ഗോയല്‍, പദ്ധതിയുടെ നിര്‍മാണ ചുമതലയുണ്ടായിരുന്ന റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് മാനേജര്‍ പിഡി തങ്കച്ചന്‍ എന്നിവരെയും വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു. അഴിമതി, വഞ്ചന, ഗൂഢാലോചന, പൊതുപണം ദുര്‍വിനിയോഗം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് നടപടി. പതിനേഴു പേരെയാണ് വിജിലന്‍സ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്.ടെന്‍ഡര്‍ നടപടിക്രമങ്ങളില്‍ ക്രമക്കേടു നടന്നിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഫണ്ട് വിനിയോഗത്തിലും ചട്ടലംഘനം ഉണ്ടെന്നാണ് വിജിലന്‍സ് സംഘത്തിന്റെ കണ്ടെത്തല്‍.ടിഒ സൂരജ് പൊതുമരാമത്ത് വകുപ്പു സെക്രട്ടറിയായിരുന്ന കാലത്താണ് പദ്ധതിക്കു കരാര്‍ നല്‍കിയത്. അഴിമതിയുമായി ബന്ധപ്പെട്ട് ടിഒ സൂരജിനെ ഇന്നലെ അഞ്ചു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്.
ശ്രീറാം വെങ്കിട്ടരാമനെതിരെ മറ്റൊരാരോപണം കൂടി;കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസിൽ മാനേജിംഗ് ഡയറക്ടറായിരിക്കെ അനധികൃത നിയമനം നടത്തിയതിന്റെ രേഖകൾ പുറത്ത്
കൊച്ചി: മുൻ ഐഎസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമനെതിരെ ഗുരുതര ആരോപണവുമായി പ്രമുഖ വാർത്ത ചാനലായ ട്വന്റി ഫോർ ന്യൂസ് രംഗത്ത്. കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസിൽ മാനേജിംഗ് ഡയറക്ടറായിരിക്കെ ശ്രീറാം വെങ്കിട്ടരാമൻ അനധികൃത നിയമനം നടത്തിയെന്നാണ് ആരോപണം.ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ തസ്തിയിലേക്ക് സർക്കാർ നിശ്ചയിച്ചതിനേക്കാൾ ഇരട്ടി ശമ്പളത്തിൽ ശ്രീറാം നിയമനം നടത്തി.ഇതോടൊപ്പം ഡയറക്ടർ ബോർഡ് അറിയാതെ തന്റെ പേഴ്‌സണൽ അസിസ്റ്റന്റിനു 13,000 രൂപ ശമ്പളവും വർധിപ്പിച്ചു നൽകിയെന്നതിന്റെ രേഖകളാണ് ട്വിന്റിഫോർ ന്യൂസ് പുറത്ത് വിട്ടത്. പ്രകടനം വിലയിരുത്തിയാകണം ശമ്പള വർധനവെന്ന ചട്ടം നിലനിൽക്കെയാണ് ഡയറക്ടർ ബോർഡ് അറിയാതെ തന്റെ പേഴ്‌സണൽ അസിസ്റ്റന്റിനു 13,000 രൂപ ശമ്പളം വർധിപ്പിച്ചത്.കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസിൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർക്ക് സർക്കാർ നിശ്ചയിച്ച ശമ്പളം പ്രതിമാസം എഴുപതിനായിരം രൂപയാണ്. എന്നാൽ പുതിയതായി 2018 ഫെബ്രുവരിയിൽ നിയമിച്ച ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർക്ക് ശ്രീറാംവെങ്കിട്ടരാമൻ ശമ്പളമായി നൽകിയത് 1,30,000 രൂപയായിരുന്നു. അതുമാത്രമല്ല കാറും മൊബൈൽ ഫോണും അനുവദിച്ചു. ഇതു നിയമനപരസ്യത്തിനു വിരുദ്ധമാണെന്ന് അക്കാദമിയുടെ രേഖകൾ വ്യക്തമാക്കുന്നു.സ്വന്തം പിഎ ആയിരുന്ന ജിജിമോന് ഡയറക്ടർ ബോർഡ് അറിയാതെ മാനേജിംഗ് ഡയറക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമൻ 13,000 രൂപ ശമ്പളവർധന നൽകിയത് ശ്രീറാം ഏകപക്ഷീയമായി ചെയ്തതാണെന്ന് ഡയറക്ടർ ബോർഡിന്റെ മിനിറ്റ്‌സ് വ്യക്തമാക്കുന്നുവെന്ന് ട്വന്റിഫോർ ന്യൂസ് വ്യക്തമാക്കുന്നു.സ്വന്തമായി തീരുമാനിച്ചശേഷം അംഗീകാരം നൽകാനായി ഇതു ഡയറക്ടർ ബോർഡിൽ അവതരിപ്പിക്കുകയായിരുന്നു. എന്നാൽ ശമ്പള വർധനവ് അംഗീകരിക്കാൻ ബോർഡ് തയ്യാറായില്ല. തുടർന്ന് എംഡിയുടെ സമ്മർദഫലമായി സ്‌പെഷ്യൽ അലവൻസായി ഇതു അംഗീകരിച്ചതായി രേഖകൾ തെളിയിക്കുന്നു.മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തി എന്ന കേസിൽ പ്രതിസന്ധി നേരിടുമ്പോഴാണ് ശ്രീറാമിനെതിരെ പുതിയ വെളിപ്പെടുത്തലുകൾ പുറത്ത് വരുന്നത്.