പാലക്കാട്: പാലക്കാടില്‍ നിന്നും മായം കലര്‍ത്തിയ പാല്‍ പിടികൂടി. മീനാക്ഷിപുരം ചെക്ക് പോസ്റ്റില്‍ നിന്നാണ് 12000 ലിറ്റര്‍ മായം കലര്‍ത്തിയ പാല്‍ പിടികൂടിയത്. രണ്ടുഘട്ടങ്ങളിലായി നടത്തിയ ഗുണനിലവാര പരിശോധനയിലും പാലിൽ മായം കലര്‍ത്തിയതായി കണ്ടെത്തി. പൊള്ളാച്ചിയില്‍ നിന്നും കണ്ണൂര്‍ പയ്യന്നൂരിലെ ജനത പാല്‍ സംസ്കരണ കേന്ദ്രത്തിലേക്ക് കൊണ്ടു പോകുന്ന പാലാണ് പിടികൂടിയത്. കൊഴുപ്പ് വര്‍ധിപ്പിക്കുന്നതിനായി മാല്‍ട്ടോഡെകസ്ട്രിന്‍ പാലില്‍ കലര്‍ത്തിയതായി കണ്ടെത്തി. പാലിന്‍റെ ആഭ്യന്തര ഉദ്പാദനം കുറഞ്ഞതിന് പിന്നാലെ മായം കലര്‍ന്ന പാല്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്താന്‍ സാധ്യതയുണ്ടെന്ന നിഗമനത്തില്‍ ക്ഷീരവകുപ്പ് നടത്തിയ പരിശോധനയിലാണ് സംഘം പിടിക്കപ്പെട്ടത്.മാല്‍ട്ടോഡെകസ്ട്രിന്‍ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ബ്ലഡ് പ്രഷര്‍ കുത്തനെ വര്‍ധിക്കുവാനും ശരീരത്തിന് ആവശ്യമായ സൂക്ഷ്മാണുക്കളെ നശിപ്പിക്കുകയും പാന്‍ക്രിയാസ് അടക്കമുള്ള അവയവങ്ങള്‍ക്ക് ഹാനികരവുമാണ്.
സംസ്ഥാനത്ത് പാൽ ഉത്പാദനം കുറഞ്ഞു; കർണാടകയിൽ നിന്നും പാലെത്തിക്കൽ മിൽമ
തിരുവനന്തപുരം:സംസ്ഥാനത്ത് പാൽ ഉത്പാദനം കുറഞ്ഞു.പ്രതിസന്ധി നേരിടാൻ ഇത്തവണ ഓണക്കാലത്ത്, മില്‍മ എട്ട് ലക്ഷം ലിറ്റര്‍ പാൽ കര്‍ണാടകത്തിൽ നിന്നെത്തിക്കും.കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ പാലിന്‍റെ ആഭ്യന്തര ഉല്‍പാദനം പന്ത്രണ്ടര ലക്ഷം ലീറ്ററിനു മുകളിലായിരുന്നു. ഈ വര്‍ഷം അത് 11ലക്ഷമായി കുറഞ്ഞു. ഓണാഘോഷങ്ങള്‍ കൂടി ആയതോടെ ആവശ്യത്തിന് പാല്‍ നല്‍കാൻ കഴിയാത്ത അവസ്ഥയിലാണ് മില്‍മ. ഇതോടെ കര്‍ണാകട ഫെഡറേഷന്‍റെ സഹായം തേടുകയായിരുന്നു.നിലവില്‍ ഒരു ലീറ്റര്‍ പാലിന് മില്‍മ കര്‍ഷകന് നല്‍കുന്നത് 32 രൂപയാണ്. മില്‍മ അവസാനമായി പാല്‍വില വര്‍ധിപ്പിച്ചത് 2017ലായിരുന്നു.അന്ന് 50 കിലോ കാലിത്തീറ്റയുടെ വില 975 രൂപയും ഒരു കിലോ വൈക്കോലിന് എട്ട് രൂപയുമായിരുന്നു. ഇപ്പോഴത് യഥാക്രമം 1300ഉം 15 രൂപയുമായി. ദിവസവും 45 മുതല്‍ 50 രൂപ വരെ നഷ്ടത്തിലാണ് കൃഷിയെന്നും കര്‍ഷകര്‍ പറയുന്നു. അതേസമയം പാല്‍വില കൂട്ടാനുള്ള നടപടികളുമായി മില്‍മ മുന്നോട്ടുപോകുകയാണ്.
തിരുവനന്തപുരത്ത് സ്‌കൂളില്‍ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം;ഒരു സ്‌കൂള്‍ ബസ് കത്തിച്ചു,ഏഴ് ബസുകള്‍ അടിച്ച് തകര്‍ത്തു
തിരുവനന്തപുരം: തിരുവനന്തപുരത്തെ കാഞ്ഞിരംകുളം ലൂര്‍ദ്ദ് മൗണ്ട് സ്കൂളില്‍ സാമൂഹികവിരുദ്ധ സംഘത്തിന്റെ ആക്രമണം. ഒരു ബസ് കത്തിച്ചു.ഏഴ് ബസുകള്‍ അടിച്ച് തകര്‍ത്തു.സ്കൂളിന്‍റെ എസി ബസാണ് കത്തിച്ചത്.ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നിനും നാലിനും ഇടയിലാണ് ആക്രമണം നടന്നതെന്നാണു സൂചന.സ്കൂള്‍ വളപ്പില്‍ നിര്‍ത്തിയിട്ട വാഹനങ്ങളാണ് അടിച്ചു തകര്‍ത്തത്.ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.സ്കൂള്‍ മാനേജ്മെന്‍റിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം ആവശ്യമുണ്ടെന്നും പോലീസ് പറഞ്ഞു.
കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി കെ രാകേഷിനെതിരായ ഇടതുമുന്നണിയുടെ അവിശ്വാസപ്രമേയം പരാജയപ്പെട്ടു
കണ്ണൂർ:കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി കെ രാകേഷിനെതിരായ ഇടതുമുന്നണിയുടെ അവിശ്വാസപ്രമേയം പരാജയപ്പെട്ടു.55 അംഗ കൗണ്‍സിലില്‍ അവിശ്വാസ പ്രമേയം വിജയിക്കാന്‍ 28 പേരുടെ പിന്തുണ ആവശ്യമായിരുന്നു.26 പേരുടെ അംഗബലം മാത്രമുള്ള ഇടതുമുന്നണിക്ക് പി കെ രാകേഷിനോട് എതിര്‍പ്പുള്ള മുസ്ലീംലീഗിലെ ചില അംഗങ്ങളുടെ വോട്ട് കിട്ടുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ രാവിലെ മുസ്ലീംലീഗ് ഓഫീസില്‍ ചേര്‍ന്ന യുഡിഎഫ് കൗണ്‍സിലര്‍മാരുടെ യോഗത്തില്‍ ചര്‍ച്ചയും വോട്ടെടുപ്പും ബഹിഷ്‌കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പ്രമേയം പാസാകാനുള്ള സാധ്യത ഇതോടെ അവസാനിച്ചു.കഴിഞ്ഞ മാസം 17ന് ഇടത് മേയര്‍ ഇ പി ലതക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം വിജയിച്ചിരുന്നു.കൂറുമാറി യുഡിഎഫിനൊപ്പം ചേര്‍ന്ന ഡെപ്യൂട്ടി മേയര്‍ പി കെ രാകേഷിന്റെ പിന്തുണയോടെയാണ് യുഡിഎഫ് ഭരണം പിടിച്ചത്. ഈ മാസം നാലിനാണ് മേയര്‍ തെരഞ്ഞെടുപ്പ്. സുമ ബാലകൃഷ്‌നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുന്‍മേയര്‍ ഇ പി ലത തന്നെ മത്സരിക്കുമെന്നാണ് സൂചന.
സംസ്ഥാനത്ത് അന്തരീക്ഷ മലിനീകരണത്തിന് കാരണമായ പൊടിപടലങ്ങളുടെ തോത് ക്രമാതീതമായി ഉയരുന്നതായി റിപ്പോർട്ട്; കൂടുതലായും കണ്ടെത്തിയത് കോട്ടയം, എറണാകുളം, കണ്ണൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍
തിരുവനന്തപുരം:സംസ്ഥാനത്ത് അന്തരീക്ഷ മലിനീകരണത്തിന് കാരണമായ പൊടിപടലങ്ങളുടെ തോത് ക്രമാതീതമായി ഉയരുന്നതായി റിപ്പോർട്ട്. മലിനീകരണത്തിന് കാരണമാകുന്ന 2.5 മൈക്രോമീറ്ററിന് താഴെയുള്ള അപകടകാരികളായ കണികാ പദാര്‍ഥങ്ങളുടെ അളവ് നിശ്ചിത വാര്‍ഷിക പരിധിക്ക് മുകളിലാണെന്ന് മഹാത്മാ ഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് എന്‍വയണ്‍മെന്റല്‍ സയന്‍സസ് നടത്തിയ പഠനം വ്യക്തമാക്കുന്നു.ഇത്തരം പൊടിപടലങ്ങൾ കൂടുതലായും കണ്ടെത്തിയത് കോട്ടയം, എറണാകുളം, കണ്ണൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ്.ഒരു ക്യുബിക് മീറ്റര്‍ വായുവിലുള്ള 2.5 മൈക്രോണിന് താഴെയുള്ള കണികാപദാര്‍ഥങ്ങളുടെ മൈക്രോഗ്രാം അളവിന്റെ നിശ്ചിത വാര്‍ഷിക പരിധി രാജ്യത്ത് 40 ആണ്.ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്ന പരിധി 10 ആണ്. പൊടിപടലങ്ങളുടെ അളവ് ഏറ്റവും കൂടുതല്‍ കണ്ടെത്തിയത് എറണാകുളം വൈറ്റിലയിലാണ് – 92. കോട്ടയം കെ.കെ.റോഡില്‍ ഇത് 80ഉം കണ്ണൂരില്‍ 50ഉം പാലക്കാട് കഞ്ചിക്കോട്ട് 60ഉം വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ 63ഉം തിരുവനന്തപുരത്ത് 42ഉം ആണ്.വാഹനങ്ങളുടെ ആധിക്യവും മാലിന്യം കത്തിക്കുന്നതും നിര്‍മാണ പ്രവര്‍ത്തനങ്ങളുമാണ് പൊടിപടലങ്ങള്‍ കൂടുതലാകാന്‍ കാരണം. റോഡുകളിലും മാലിന്യം കത്തിക്കുന്ന തുറസായ സ്ഥലങ്ങള്‍ക്ക് സമീപവും വളരെ ഉയര്‍ന്നതോതില്‍ പൊടിപടലങ്ങളുണ്ട്.
വിമാനം വഴി കടത്താന്‍ ശ്രമിച്ച രണ്ടരക്കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി;കണ്ണൂർ സ്വദേശി പിടിയിൽ
കോഴിക്കോട്:കരിപ്പൂര്‍ വിമാനത്താവളം വഴി ദോഹയിലേക്ക് വിമാനമാര്‍ഗം കടത്താന്‍ ശ്രമിച്ച രണ്ടരക്കോടി രൂപ വില മതിക്കുന്ന ലഹരിമരുന്ന് പിടികൂടി. 530 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്.സംഭവത്തില്‍ ഒരാള്‍ സിഐഎസ്‌എഫിന്റെ പിടിയിലായിട്ടുണ്ട്. കണ്ണൂര്‍ കുഞ്ഞിപ്പള്ളി മുല്ലാലി വീട്ടില്‍ ജാബിര്‍ ആണ് പിടിയിലായത്.ദോഹയിലേക്ക് ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ ലഹരി മരുന്ന് കടത്താനായിരുന്നു ശ്രമം. കേസ് കൊച്ചി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് കൈമാറി.
ശ്രീറാം വെങ്കിട്ടരാമൻ കേസ്;മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ ചുമതലയില്‍ നിന്നും മാറ്റി
തിരുവനന്തപുരം:ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ കെ.എം.ബഷീർ കൊല്ലപ്പെട്ട കേസിൽ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ ചുമതലയില്‍ നിന്നും മാറ്റി.സിറ്റി നര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഷീൻ തറയിലിനെയാണ് മാറ്റിയത്. പകരം ക്രൈം ബ്രാഞ്ച് എസ്.പി, എ ഷാനവാസിന് ചുമതല നൽകി ഡി.ജി.പി ഉത്തരവിറക്കി. എ.സി.പി ഷീൻ തറയിൽ കോടതിയിൽ നൽകിയ വിശദീകരണ റിപ്പോർട്ട് വിവാദമായിരുന്നു. അന്വേഷണത്തിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയായ വേളയിലാണ് ഡി.വൈ.എസ്.പി റാങ്കിലെ ഉദ്യോഗസ്ഥനില്‍ നിന്നും ചുമതല എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന് കൈമാറുന്നത്. മാറ്റം സംബന്ധിച്ച് ഡി.ജി.പിയാണ് ഉത്തരവിറക്കിയത്. ചുമതല കൈമാറിയെങ്കിലും പ്രത്യേക അന്വേഷണ സംഘത്തില്‍ ഡി.വൈ.എസ്.പി ഷീന്‍ തറയില്‍ തുടരും. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ഷെയ്ക്ക് ദര്‍വേഷ് സഹേബിനാണ് അന്വേഷണത്തിന്റ മേല്‍നോട്ട ചുമതല.ഇതിനിടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശ്രീറാം വെങ്കിട്ടരാമന് നല്‍കിയ ചികിത്സയില്‍ കേസ് ഷീറ്റടക്കമുളള വിശദമായ രേഖകള്‍ പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഡയറി സമര്‍പ്പിക്കുന്നതിന് മുമ്പ് ശ്രീറാമിന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച ചികിത്സകളും എക്‌സറേ, സ്‌കാന്‍ റിപ്പോര്‍ട്ടുകളും രക്തപരിശോധനാ ഫലങ്ങളും വിദഗ്ധ ഡോക്ടര്‍മാരുടെ സഹായത്തോടെ വിലയിരുത്തിയ ശേഷം സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
പിഎസ്സി പരീക്ഷാ ക്രമക്കേട്;പ്രതികള്‍ക്ക് ഉത്തരങ്ങള്‍ എസ്‌എംഎസ് അയച്ചുനൽകിയ പൊലീസുകാരന്‍ കീഴടങ്ങി
തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളജ് കുത്തുകേസ് പ്രതികള്‍ ഉള്‍പ്പെട്ട പിഎസ്സി പരീക്ഷാ ക്രമക്കേട് പ്രതികള്‍ക്ക് ഉത്തരങ്ങള്‍ എസ്‌എംഎസ് ആയി അയച്ചുനൽകിയ പൊലീസുകാരന്‍ കീഴടങ്ങി.പേരൂര്‍ക്കട എസ്‌എപി ക്യാംപിലെ സിപിഒ യും നാലാംപ്രതിയുമായ ഗോകുലാണ് കീഴടങ്ങിയത്.നസീമിനും പ്രണവിനും ഉത്തരങ്ങള്‍ അയച്ച് കൊടുത്തത് ഗോകുലാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം പ്രതിയോട് കീഴടങ്ങാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു.
പാലാരിവട്ടം മേല്‍പാലം അഴിമതി; ടി ഒ സുരജടക്കം നാലു പ്രതികളെ കോടതി വിജിലന്‍സ് കസ്റ്റഡിയില്‍വിട്ടു
കൊച്ചി:പാലാരിവട്ടം മേല്‍പാലം നിര്‍മാണ അഴിമതിക്കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിഞ്ഞിരുന്ന പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ് അടക്കം നാലു പേരെ കോടതി വിജിലന്‍സിന്റെ കസ്റ്റഡിയില്‍ വിട്ടു.പ്രതികള്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും സത്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും ഉന്നതന്മാരായതിനാല്‍ തെളിവ് നശിപ്പിക്കാന്‍ ശേഷിയുള്ളവരുമായതിനാല്‍ കസ്റ്റഡി അനിവാര്യമാണെന്നും കാണിച്ച് വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.വിജിലന്‍സിന്റെ അപേക്ഷ പരിഗണിച്ച മൂവാറ്റുപുഴ വിജിലന്‍സ് കോടതി നാലു പ്രതികളെയും കസ്റ്റഡിയില്‍ വിട്ടു നല്‍കുകയായിരുന്നു. അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുുന്നത്. ടി ഒ സൂരജിനെ കൂടാതെ പാലത്തിന്റെ നിര്‍മാണ കരാര്‍ ഏറ്റെടുത്ത ആര്‍ഡിഎസ് പ്രോജക്‌ട്‌സിന്റെ മാനേജിങ് ഡയറക്ടര്‍ സുമിത് ഗോയല്‍, കിറ്റ്‌കോ മുന്‍ മാനേജിങ് ഡയറക്ടര്‍ ബെന്നി പോള്‍, പി ഡി തങ്കച്ചന്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. വെള്ളിയാഴ്ചയാണ് ടി ഒ സൂരജ് ഉള്‍പ്പടെ 4 പ്രതികളെ കേസ് അന്വേഷിക്കുന്ന വിജിലന്‍സ് എറണാകുളം യൂണിറ്റ് അറസ്റ്റ് ചെയ്ത് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. നേരത്തെ കേസില്‍ ചോദ്യം ചെയ്ത മൂന്‍പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എയെ വീണ്ടും ചോദ്യം ചെയ്യാനും വിജിലന്‍സ് തീരുമാനച്ചിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തര പ്രളയ ധനസഹായ വിതരണം ഇന്ന് മുതൽ;ആദ്യഘട്ടത്തില്‍ ക്യാംപില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക്
തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തര പ്രളയ ധനസഹായ വിതരണം ഇന്ന് മുതൽ ആരംഭിക്കും.ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയേണ്ടി വന്ന കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ അടിയന്തരധനസഹായം നല്‍കുന്നത്.തിങ്കളാഴ്ച മുതല്‍ ദുരിതബാധിതരുടെ അക്കൗണ്ടില്‍ അടിയന്തരധനസഹായം എത്തി തുടങ്ങും.ദുരിതാശ്വാസ ക്യാംപില്‍ കഴിഞ്ഞ കുടുംബങ്ങള്‍ക്കു പുറമെ, പ്രളയ സാധ്യത മുന്നില്‍ കണ്ട് ബന്ധുക്കളുടെയോ സുഹൃത്തുക്കളുടേയോ വീടുകളില്‍ മാറിത്താമസിച്ച കുടുംബങ്ങള്‍ക്കും അടിയന്തര ധനസഹായത്തിന് അര്‍ഹത ഉണ്ട്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ കഞ്ഞിപ്പുരകളില്‍ രജിസ്റ്റര്‍ ചെയ്യുകയും ഭക്ഷണം നല്‍കുകയും ചെയ്ത കുടുംബങ്ങള്‍, ഒറ്റയ്ക്കും കുടുംബമായും ക്യാംപില്‍ രജിസ്റ്റര്‍ ചെയ്ത അതിഥി തൊഴിലാളികള്‍ എന്നിവര്‍ക്കും ധനസഹായം നല്‍കും.സംസ്ഥാനത്ത് പ്രളയത്തെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്നവര്‍ക്ക് പരമാവധി വേഗത്തില്‍ ധനസഹായം ലഭ്യമാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.