തൃശൂര്‍: മാപ്രാണത്ത് പാര്‍ക്കിങ്ങിനെ ചൊല്ലി ഉണ്ടായ തർക്കത്തിനൊടുവിൽ ലോട്ടറി വ്യാപാരിയെ കുത്തിക്കൊന്നു. മാപ്രാണം സ്വദേശി വാലത്ത്രാജന്‍ (65) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ മരുമകന് ആക്രമണത്തില്‍ പരിക്കേറ്റു.രാജന്റെ വീടിന് മുന്നില്‍ സ്ഥിതി ചെയ്യുന്ന തിയേറ്റര്‍ നടത്തിപ്പുകാരനും ജീവനക്കാരുമാണ് ആക്രമണം നടത്തിയത്.പ്രതികൾ ഒളിവിലാണെന്ന് പൊലീസ് വ്യക്തമാക്കി.ഇന്നലെ രാത്രി12 മണിയോടെയാണ് സംഭവം.രാജന്റെ വീടിന് മുന്നിലുള്ള വര്‍ണ തീയേറ്ററിലെ പാര്‍ക്കിങ് ആണ് തര്‍ക്കത്തിന് കാരണമായത്. തീയേറ്ററിലെ പാര്‍ക്കിങ് സ്ഥലം നിറഞ്ഞാൽ വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നത് രാജന്റെ വീടിന് സമീപത്താണ്.ഇത് സംബന്ധിച്ച് നേരത്തേ രാജന്‍ തീയേറ്റര്‍നടത്തിപ്പുകാരനുമായി സംസാരിച്ചിരുന്നു. ഇന്നലെ ഇത് സംബന്ധിച്ച സംസാരം വാക്കേറ്റത്തിലെത്തി. തുടർന്ന് രാത്രി 12 മണിയോടെ എത്തിയ അക്രമികള്‍ രാജനെ വീട്ടില്‍ കയറികുത്തുകയായിരുന്നു. ഏറെ നേരം രക്തം വാര്‍ന്നു കിടന്ന രാജന്‍ വീട്ടില്‍വെച്ചു തന്നെ മരിച്ചു.ഇതിനിടെ രാജന്റെ മരുമകന്‍ വിനുവിന് ബിയര്‍ബോട്ടില്‍ കൊണ്ട് തലക്ക് അടിയേറ്റു. ഇയാളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മരടിലെ ഫ്ളാറ്റ് പൊളിക്കല്‍;ഒഴിയാനുള്ള കാലാവധി നാളെ അവസാനിക്കും;അനിശ്ചിതകാല സമരം തുടങ്ങാനൊരുങ്ങി ഫ്ളാറ്റ് ഉടമകള്‍
കൊച്ചി: മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുനീക്കണമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഫ്ളാറ്റുകള്‍ ഒഴിയാന്‍ നഗരസഭ നല്‍കിയ കാലാവധി നാളെ അവസാനിക്കും.ഇതിനെതിരെ ശനിയാഴ്ച മുതല്‍ അനിശ്ചിതകാല സമരം തുടങ്ങാനാണ് ഫ്ളാറ്റ് ഉടമകളുടെ തീരുമാനം. അഞ്ച് ഫ്ളാറ്റുകളിലെ 357 കുടുംബങ്ങളോടും അഞ്ച് ദിവസത്തിനകം ഒഴിഞ്ഞുകൊടുക്കണമെന്നാണ് നഗരസഭയുടെ നിര്‍ദ്ദേശം. ഈ മാസം പത്തിനാണ് ഇതുസംബന്ധിച്ച നഗരസഭ സെക്രട്ടറിയുടെ ഉത്തരവിറങ്ങിയത്.ഈ നോട്ടീസ് കുടുംബങ്ങള്‍ കൈപ്പറ്റിയിട്ടില്ലെങ്കിലും ചുവരുകളില്‍ പതിപ്പിച്ച് നഗരസഭ സെക്രട്ടറി മടങ്ങുകയായിരുന്നു. എന്നാല്‍, ഫ്ളാറ്റുകള്‍ ഒഴിയില്ല എന്ന നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ് കുടുംബങ്ങള്‍. താമസക്കാരെ ബലം പ്രയോഗിച്ച് ഇറക്കിവിടില്ലെങ്കിലും ഫ്ളാറ്റ് പൊളിക്കാനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ട് പോവുകയാണ് നഗരസഭ. കെട്ടിടം പൊളിക്കാന്‍ വിദഗ്ധരായ ഏജന്‍സികളെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്.അതേസമയം, ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള ഉത്തരവിനെതിരെ ഫ്ളാറ്റുടമകള്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. ഇതോടൊപ്പം ഓണാവധി കഴിയുന്നതോടെ ഫ്ളാറ്റുടമകള്‍ ഹൈക്കോടതിയെയയും സമീപിക്കും.തീരദേശ പരിപാലന നിയമങ്ങള്‍ ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്ളാറ്റ് സമുച്ചയം ഈ മാസം ഇരുപതിനകം പൊളിച്ച് നീക്കണമെന്നാണ് സുപ്രീംകോടതിയുടെ അന്ത്യശാസനം. കോടതി വിധി പ്രകാരം ഫ്ളാറ്റുകള്‍ സന്ദര്‍ശിച്ച ചീഫ് സെക്രട്ടറി പൊളിച്ചുമാറ്റാന്‍ നഗരസഭയ്ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്ന് നഗരസഭാ കൗണ്‍സില്‍ യോഗം ചേര്‍ന്ന് ഫ്ളാറ്റുകളില്‍ നിന്ന് ഒഴിയണമെന്ന് കാണിച്ച് ഉടമകള്‍ക്ക് നോട്ടീസ് നല്‍കുകയായിരുന്നു.
ഓണനാളുകളില്‍ മില്‍മ ഉല്‍പന്നങ്ങള്‍ക്ക് റെക്കോര്‍ഡ് വില്‍പന;ഉത്രാടം നാളില്‍ മാത്രം നേടിയത് ഒരുകോടിയിലധികം രൂപ
തിരുവനന്തപുരം:ഓണനാളുകളില്‍ മില്‍മ ഉല്‍പന്നങ്ങള്‍ക്ക് റെക്കോര്‍ഡ് വില്‍പന. ഉത്രാടം നാളില്‍ മാത്രം ഒരു കോടി പതിനേഴ് ലക്ഷത്തി അറുപതിനായിരം രൂപയുടെ വിറ്റുവരവാണ് ഉണ്ടായിരിക്കുന്നത്. നാല്‍പത്തിയാറ് ലക്ഷത്തി അറുപതിനായിരം ലിറ്റര്‍ പാലും, അഞ്ച് ലക്ഷത്തി എണ്‍പത്തിയൊന്‍പതിനായിരം ലിറ്റര്‍ തൈരുമാണ് ഓണക്കാലത്ത് മില്‍മ കേരളത്തില്‍ വിറ്റത്. ഇത് മില്‍മയുടെ ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് വില്‍പനയാണ്. ആവശ്യക്കാര്‍ വര്‍ധിച്ചതോടെ കേരളത്തിന് പുറമെ കര്‍ണ്ണാടക മില്‍ക് ഫെഡറേഷനില്‍ നിന്ന് കൂടി പാല്‍ വാങ്ങിയാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയത്. കൊച്ചിയിലും തിരുവനന്തപുരത്തും ആരംഭിച്ച മൊബൈല്‍ ആപ്പ് വഴിയുള്ള വില്‍പനയ്ക്കും മികച്ച പ്രതികരണമായിരുന്നു.കൊച്ചിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ എണ്ണൂറ് പാക്കറ്റിലധികം പാലാണ് മൊബൈല്‍ ആപ്പ് വഴി മാത്രം വിറ്റത്.മില്‍മ ഉല്‍പന്നങ്ങള്‍ക്ക് നേരത്തെ വില കൂട്ടിയിരുന്നു. ഓണക്കാലം പരിഗണിച്ച് പ്രാബല്യത്തില്‍ വരുത്താതിരുന്ന വില വര്‍ദ്ധനവ് ഈ മാസം തന്നെ നടപ്പാക്കാനാണ് മില്‍മ ഫെഡറേഷന്റെ തീരുമാനം. പാല്‍ വില ലിറ്ററിന് 5 മുതല്‍ 7 രൂപ വരെ വര്‍ദ്ധിപ്പിക്കാനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.21 ഓടെ വര്‍ധിപ്പിച്ച വില പ്രാബല്യത്തില്‍ വരുമെന്നാണ് മില്‍മ ഫെഡറേഷന്‍ അറിയിച്ചത്.
പളനി വാടിപ്പട്ടിയില്‍ വാഹനാപകടം;നാല് മലയാളികളടക്കം അഞ്ച് പേര്‍ മരിച്ചു
പഴനി: മധുര ജില്ലയിലെ വാടിപ്പട്ടിയില്‍ രണ്ട് കാറുകളും ബൈക്കും കൂട്ടിയിടിച്ച് നാല് മലയാളികളടക്കം അഞ്ച് പേര്‍ മരിച്ചു. ഏഴുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.വ്യാഴാഴ്ച വൈകുന്നേരം മൂന്നോടെ വാടിപ്പട്ടിക്ക് സമീപം ദേശീയപാതയിലായിരുന്നു അപകടം. പേരശ്ശനൂര്‍ വാളൂര്‍ കളത്തില്‍ മുഹമ്മദലിയുടെ ഭാര്യ റസീന (39), മകന്‍ ഫസല്‍ (21), മകള്‍ സഹന (ഏഴ്), കുറ്റിപ്പുറം മൂടാല്‍ സ്വദേശി ഹിളര്‍ (47), ബൈക്ക് യാത്രക്കാരനായ തമിഴ്‌നാട് ദിണ്ടിക്കല്‍ സ്വദേശി പഴനിച്ചാമി(41)എന്നിവരാണ് മരിച്ചത്.ഏര്‍വാടി തീര്‍ത്ഥാടനത്തിന് പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ആന്ധ്രയിലേക്ക് പോകുകയായിരുന്ന മറ്റൊരു കാര്‍ വഴിയില്‍ ഒരു ബൈക്ക് ഇടിച്ചിട്ടശേഷം മലപ്പുറത്തു നിന്ന് പോയ കാറില്‍ ഇടിക്കുകയായിരുന്നു.പരിക്കേറ്റവരെ മധുര, ദിണ്ടിക്കല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഓടിക്കൊടിരുന്ന സ്‌കാനിയ ബസിന്റെ ലഗേജ് വാതില്‍ തട്ടി യുവതിക്ക് ദാരുണാന്ത്യം
സുല്‍ത്താന്‍ ബത്തേരി : ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി സ്‌കാനിയ ബസിന്റെ തുറന്നു കിടന്ന ലഗേജ് വാതില്‍ തട്ടി വഴിയാത്രക്കാരി മരിച്ചു. ബത്തേരി കല്ലൂര്‍ നാഗരംചാല്‍ വാഴക്കണ്ടി പ്രവീണിന്റെ ഭാര്യ മിഥു (24)ആണ് മരിച്ചത്. തിരുവനന്തപുരത്തു നിന്നു ബെംഗളൂരുവിലേക്കു പോവുകയായിരുന്നു ബസ്.ബത്തേരിയിലെ സ്വകാര്യ വസ്ത്രശാലയില്‍ ജോലി ചെയ്യുന്ന മിഥു ബസ്‌സ്റ്റോപ്പിലേക്ക് നടന്നുപോവുകയായിരുന്ന.പിന്നില്‍ നിന്നെത്തിയ ബസിന്റെ തുറന്നു കിടന്ന ലഗേജ് വാതില്‍ യുവതിയുടെ ദേഹത്ത് തട്ടുകയായിരുന്നു.തെറിച്ചു വീണ യുവതിയെ ഉടന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ലഗേജ് വാതില്‍ പുറത്തേക്ക് ഒന്നര മീറ്ററോളമാണ് തള്ളിനിന്നത്. ബത്തേരി നഗരസഭയിലെ ശുചീകരണത്തൊഴിലാളി രാജന്റെയും ഷൈലയുടെയും മകളാണ് മിഥു. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി.വാതില്‍ തുറന്നു കിടന്നത് എങ്ങനെയെന്നു പരിശോധിക്കും. ബത്തേരി വരെ വാതില്‍ അടഞ്ഞു കിടന്നിരുന്നുവത്രെ.പിന്നീട് കൊളുത്ത് വീഴാതിരുന്നതാണോ ഗട്ടറിലോ മറ്റോ വീണപ്പോള്‍ തുറന്നു വന്നതാണോ അപകടകാരണമെന്നും പരിശോധിക്കും. മിഥുവിന്റെ ഭര്‍ത്താവ് പ്രവീണ്‍ മാസങ്ങള്‍ക്കു മുന്‍പ് കാറപകടത്തില്‍ പരുക്കേറ്റ് ഇപ്പോഴും ചികിത്സയിലാണ്. മകന്‍ രണ്ടുവയസ്സുകാരന്‍ അംഗിത്.വീട്ടിലെ ബുദ്ധിമുട്ടുകള്‍ നിമിത്തം ബത്തേരിയിലെ വസ്ത്രശാലയില്‍ ഒരു മാസം മുൻപാണ് യുവതി ജോലിക്കു പോയിത്തുടങ്ങിയത്.
ഇന്ന് ഉത്രാടം;നാടും നഗരവും ഓണത്തെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു
തിരുവനന്തപുരം:ഇന്ന് ഉത്രാടം.തിരുവോണദിനം ആഘോഷിക്കാനുള്ള ഉത്രാടപ്പാച്ചിലിലാണ് ഇന്ന് മലയാളി.നാടും നഗരവുമെന്ന് വ്യത്യാസമില്ലാതെ ആളുകള്‍ ഓണാഘോഷത്തിനുള്ള അവസാനവട്ട ഒരുക്കങ്ങള്‍ നടത്താനുള്ള ഓട്ടത്തിലാണ്.സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വസ്ത്ര-വ്യാപാര സ്ഥാപനങ്ങളിലും, ഇലക്‌ട്രോണിക്സ് കടകളിലുമാണ് തിരക്ക് കൂടുതല്‍. ഇന്ന് ഉത്രാടമായതിനാല്‍ തിരക്ക് ഒന്നുകൂടി കൂടും എന്ന കാര്യത്തില്‍ സംശയമില്ല.പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവയ്ക്കായി ഹോര്‍ട്ടികോര്‍പ്പിന്‍റെ ഓണച്ചന്തകള്‍ ഒരുക്കിയിട്ടുണ്ട്. ഇവിടെയും തിരക്കുകള്‍ ഏറുകയാണ്. തിരുവനന്തപുരം ജില്ലയില്‍ മാത്രം ഇരുന്നൂറിലേറെ ഓണചന്തകളാണ് ഹോര്‍ട്ടികോര്‍പ്പ് ഒരുക്കിയിരിക്കുന്നത്.ഓണത്തിന്‍റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് കാഴ്ചക്കുല സമര്‍പ്പണം നടക്കും. തിരുവോണ തിരുമുല്‍ കാഴ്ചയായാണ് ഭക്തരുടെ കാഴ്ചക്കുല സമര്‍പ്പണം. രാവിലെ ഏഴിന് ശീവേലിക്ക് ശേഷമാണ് കാഴ്ചക്കുല സമര്‍പ്പണം. മേല്‍ശാന്തി പൊട്ടക്കുഴി കൃഷ്ണന്‍ നമ്ബൂതിരി ആദ്യ കാഴ്ചക്കുല സമര്‍പ്പിക്കും.സംസ്ഥാനത്ത് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ഔദ്യോഗിക ഓണാഘോഷ പരിപാടികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ഇന്ന് ചെയ്യും.
ഓണക്കാലമെത്തി;പൂക്കളുടെ വില കുത്തനെ ഉയർന്നു
കോഴിക്കോട്:ഓണക്കാലമെത്തിയതോടെ പൂക്കളുടെ വിലയും കുത്തനെ ഉയരുന്നു.പൂക്കളുടെ വരവ് കുറഞ്ഞതാണ് വില ഉയരാന്‍ കാരണമെന്ന് വ്യാപാരികള്‍ പറഞ്ഞു.കേരളത്തിലേക്ക് പൂക്കൾ കയറ്റുമതി ചെയ്യുന്ന തമിഴ്നാട്ടിലെ മൊത്തക്കച്ചവട കേന്ദ്രങ്ങളില്‍ ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയിലധികമായി ഉയര്‍ന്നു.കഴിഞ്ഞ ആഴ്ച വരെ 200 രൂപയായിരുന്ന മുല്ലപൂവിന് കോയമ്പേട്ടിലെ മൊത്തക്കച്ചവട കേന്ദ്രത്തില്‍ വില അഞ്ഞൂറിന് മുകളില്‍ എത്തി.150 രൂപയായിരുന്ന ജമന്തിക്ക് മുന്നൂറും 100 രൂപയായിരുന്ന ചെണ്ടുമല്ലിക്ക് ഇരുന്നൂറുമായാണ് വില കൂടിയത്. 80 രൂപയായിരുന്ന റോസാപ്പൂവിന് 180ന് മുകളിലായി. നീലഗിരി, കോയമ്പത്തൂര്‍, പൊള്ളാച്ചി, ദിണ്ഡുഗല്‍ മേഖലകളില്‍ ഉത്പാദനം കുറഞ്ഞതാണ് വില ഉയരാന്‍ കാരണമെന്നാണ് വ്യാപാരികളുടെ വിശദീകരണം. ഇത്തവണ വരള്‍ച്ചാ പ്രതിസന്ധി രൂക്ഷമായതും പൂ കൃഷിയെ സാരമായി ബാധിച്ചിട്ടുണ്ടെന്നും കർഷകർ വ്യക്തമാക്കുന്നു.ഒരാഴ്ച കൂടി തമിഴകത്തെ മൊത്തക്കച്ചവട പൂവിൽപ്പനാ കേന്ദ്രങ്ങളില്‍ ഈ വില തുടരാനാണ് സാധ്യത. കേരളത്തിലെ ചില്ലറ വിപണികളിലെത്തുമ്പോഴേക്കും ഇനിയും വില ഉയരുമെന്നതിനാല്‍ പൂക്കളമിടാന്‍ ഇത്തവണയും കൈപൊള്ളും.
വാഹനയാത്രക്കാര്‍ക്ക് ആശ്വാസം,ഓണം കഴിയുന്നതുവരെ കർശന വാഹന പരിശോധന വേണ്ടെന്ന് സർക്കാർ തീരുമാനം
തിരുവനന്തപുരം: ഓണക്കാലത്ത് ഗതാഗത നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കേണ്ടെന്ന് സര്‍ക്കാര്‍ നിര്‍ദേശം. ഇതനുസരിച്ച് നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പുതിയ നിയമപ്രകാരമുള്ള കടുത്ത ശിക്ഷാനടപടി സ്വീകരിക്കില്ല. പകരം ഇവരെ ബോധവല്‍ക്കരണത്തിന് അയക്കാനാണ് തീരുമാനം. മോട്ടോര്‍വാഹന നിയമത്തില്‍ ഇളവുതേടി കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. നിയമത്തിലെ വ്യവസ്ഥകള്‍ കഠിനമാണ്. കേരളത്തില്‍ നിയമലംഘനങ്ങല്‍ കുറഞ്ഞത് സര്‍ക്കാര്‍ നടത്തിയ ബോധവല്‍ക്കരണം കൊണ്ടാണ്. ഗതാഗത ലംഘനത്തിന് പഴയ പിഴ ഈടാക്കാനാവില്ല. അതുകൊണ്ട് ഓണക്കാലത്ത് റോഡ് സുരക്ഷാ നിയമങ്ങള്‍ പാലിക്കാനുള്ള അവബോധം സൃഷ്ടിക്കാനുള്ള അവസരമാക്കി മാറ്റാന്‍ കഴിയണമെന്നാണ് നിര്‍ദേശം നല്‍കിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. അതിനിടെ ജനങ്ങളുടെ എതിര്‍പ്പ് രൂക്ഷമായ പശ്ചാത്തലത്തില്‍, മോട്ടോര്‍ വാഹന നിയമത്തില്‍ വന്‍പിഴ ഈടാക്കുന്നത് ഒഴിവാക്കാന്‍ ഭേദഗതിക്ക് സര്‍ക്കാര്‍ നീക്കം തുടങ്ങി. പിഴ കുറച്ച് ഓര്‍ഡിനന്‍സ് ഇറക്കുന്നതിന്റെ നിയമസാധുത തേടി ഗതാഗത വകുപ്പ് നിയമവകുപ്പിന് കത്തയച്ചു. മോട്ടോര്‍വാഹന നിയമലംഘനങ്ങള്‍ക്ക് അമിത പിഴ ഈടാക്കുന്നത് കേന്ദ്രനിയമമാണെങ്കിലും സംസ്ഥാനങ്ങള്‍ക്കും ഇടപെടാന്‍ അനുമതി നല്‍കിയിട്ടുണ്ട്. പിഴത്തുക പരിശോധകര്‍ക്ക് നേരിട്ട് നല്‍കുകയോ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസില്‍ അടയ്ക്കുകയോ ചെയ്യുന്ന ഘട്ടങ്ങളിലാണ് സര്‍ക്കാരിന് ഇടപെടാന്‍ അനുവാദമുളളത്.ഈ പഴുതാണ് കേരളം ഉപയോഗിക്കാന്‍ ശ്രമിക്കുന്നത്. കുറഞ്ഞ തുകയ്ക്ക് തൊട്ടുമുകളിലുളള തുക പിഴയായി നിജപ്പെടുത്തുന്നതാണ് ആലോചിക്കുന്നത്. അതായത് അമിത വേഗത്തില്‍ വാഹനമോടിച്ചാല്‍ പിഴ 1000 മുതല്‍ 2000 വരെയാണ്. പിടിക്കപ്പെടുന്നവര്‍ നേരിട്ട് പണമടയ്ക്കുകയാണെങ്കില്‍ 1100 രൂപ ഈടാക്കുന്ന രീതിലാകും മാറ്റം.എന്നാല്‍ കോടതിയില്‍ അടയ്ക്കുന്ന പിഴയ്ക്ക് ഇത് ബാധമായിരിക്കില്ല. മദ്യപിച്ച് വാഹനമോടിക്കുന്നതിനുളള പിഴ കുറയ്ക്കില്ല. 10000 രൂപയാണ് മദ്യപിച്ച് വാഹനം ഓടിച്ചാല്‍ പിഴയായി ഈടാക്കുന്നത്.
മാതാപിതാക്കള്‍ക്കൊപ്പം സഞ്ചരിച്ചിരുന്ന ഒന്നരവയസ്സുള്ള കുട്ടി വാഹനത്തില്‍ നിന്നും താഴെ വീണു;ഇഴഞ്ഞ് ചെക്പോസ്റ്റിലെത്തി;മാതാപിതാക്കള്‍ അറിഞ്ഞത് 50 കിലോമീറ്റര്‍ പിന്നിട്ടശേഷം
ഇടുക്കി : മാതാപിതാക്കള്‍ക്കൊപ്പം സഞ്ചരിച്ചിരുന്ന ഒന്നരവയസ്സുള്ള കുട്ടി വാഹനത്തില്‍ നിന്നും താഴെ വീണു. കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. താഴെ വീണ കുട്ടി ഇഴഞ്ഞ് ഫോറസ്റ്റ് ചെക്‌പോസ്റ്റിന് സമീപത്തെത്തി. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് ഒന്നരവയസ്സുകാരിയെ രക്ഷപ്പെടുത്താനായത്.ഫോറസ്റ്റ് ചെക്പോസ്റ്റിൽ നിന്നുള്ള വെളിച്ചം കണ്ട ഒന്നര വയസ്സുള്ള കുഞ്ഞ് അങ്ങോട്ട് ഇഴഞ്ഞെത്തുകയായിരുന്നു. സിസിടിവിയിൽ അനക്കം കണ്ട വാച്ചറാണ് ആദ്യം കുഞ്ഞിനെ കണ്ടെത്തുന്നത്. പിന്നീട് വനപാലകരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. കുഞ്ഞിന്‍റെ മുഖത്ത് ചെറിയ പരിക്ക് ഉണ്ട്. ഇടുക്കി രാജമലയ്ക്ക് അടുത്തുവെച്ചാണ് സംഭവം. മാതാപിതാക്കള്‍ കുട്ടി വാഹനത്തില്‍ നിന്നും വീണത് അറിഞ്ഞില്ല. 50 കിലോമീറ്ററോളം സഞ്ചരിച്ചശേഷമാണ് കുട്ടി താഴെ വീണ കാര്യം മാതാപിതാക്കള്‍ അറിയുന്നത്.കമ്പിളിക്കണ്ടം സ്വദേശികളുടേതാണ് കുട്ടി.പഴനി ദര്‍ശനം കഴിഞ്ഞ് മടങ്ങിവരുമ്പോഴാണ് സംഭവം ഉണ്ടായത്.
കണ്ണൂർ ചെറുപുഴയിൽ ബിൽഡിംഗ് കോൺട്രാക്റ്റർ ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കാൻ കെ.പി.സി.സി മൂന്നംഗ സമിതിക്ക് രൂപം നൽകി
കണ്ണൂര്‍: ചെറുപുഴയില്‍ കരാറുകാരന്‍ മുതുപാറക്കുന്നേല്‍ ജോസഫ് ആത്മഹത്യ ചെയ്ത സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കെ.പി.സി.സി മൂന്നംഗ സമിതിക്ക് രൂപം നല്‍കിയതായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ വി.എ.നാരായണന്‍, കെ.പി.അനില്‍കുമാര്‍, കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി.സിദ്ധിഖ് എന്നിവരാണ് സമിതി അംഗങ്ങള്‍. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് കെ.പി.സി.സി കൈമാറണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി.ജോസഫിന്റെ മരണം കൊലപാതകമെന്ന് ആരോപിച്ച് കുടുംബാംഗങ്ങള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.മരിക്കുന്നതിന് തലേദിവസം മുദ്രപത്രം അടക്കമുള്ള രേഖകള്‍ സഹിതമാണ് ജോയ് പോയതെന്നും ഈ രേഖകള്‍ കാണാനില്ലെന്നും കുടുംബം പറഞ്ഞു.ലീഡര്‍ കെ കരുണാകരന്‍ മെമ്മോറിയൽ ട്രസ്റ്റ് ഭാരവാഹികള്‍ ജോസഫിന് പണം നല്‍കാനുണ്ട്.കോണ്‍ഗ്രസ് നേതാക്കളായ കുഞ്ഞികൃഷ്ണന്‍ നായര്‍, റോഷി ജോസ് എന്നിവരെ നിര്‍മ്മാണ തുകയുടെ കുടിശ്ശികക്കായി പല തവണ സമീപിച്ചതായും കുടുംബാഗങ്ങള്‍ പറഞ്ഞു.സംഭവദിവസം രാത്രി 3.30 വരെ പൂര്‍ണമായി തെരച്ചില്‍ നടത്തിയ അതേ കെട്ടിടത്തില്‍ തന്നെ മൃതദേഹം കണ്ടതില്‍ ദുരൂഹതയുണ്ട്. അപായപ്പെടുത്തിയ ശേഷം മൃതദേഹം അവിടെ കൊണ്ടു വന്നു വച്ചതാകമെന്ന സംശയവും കുടുംബം ഉയര്‍ത്തി.രണ്ടു കൈകളിലേയും ഒരു കാലിലെയും ഞരമ്പുകൾ മുറിച്ച നിലയില്‍ കാണപ്പെട്ടതിലും ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിക്കുന്നു. ജോസഫിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജനും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കെ.പി.സി.സി പ്രത്യേക സമിതിക്ക് രൂപം നല്‍കിയത്.