തിരുവനന്തപുരം:ആനക്കൊമ്പ് കേസില്‍ നടൻ മോഹന്‍ലാലിനെതിരെ വനംവകുപ്പിന്‍റെ കുറ്റപത്രം.വന്യജീവി സംരക്ഷണ നിയമം മോഹന്‍ലാല്‍ ലംഘിച്ചു എന്ന് കണ്ടെത്തിയ വനംവകുപ്പ് കുറ്റപത്രം പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. ആനക്കൊമ്പ് കൈവശം വയ്ക്കുന്നതും കൈമാറ്റം ചെയ്യുന്നതും വന്യജീവി സംരക്ഷണനിയമപ്രകാരം കുറ്റകരമാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. മോഹന്‍ലാലിനെതിരെ കേസെടുത്ത് ഏഴുവര്‍ഷത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത് എന്നതും ശ്രദ്ധേയമാണ്. നേരത്തെ ഏഴ് വര്‍ഷത്തിന് ശേഷവും കേസ് തീര്‍പ്പാക്കാത്തതിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. എന്തുകൊണ്ടാണ് കാലതാമസമെന്നും വനം വകുപ്പ് രജിസ്റ്റർ ചെയ്ത കേസ് എന്തുകൊണ്ട് തീർപ്പാക്കിയില്ലെന്നും ചോദിച്ച ഹൈക്കോടതി പെരുമ്പാവൂർ മജിസ്ട്രേട്ടിനോട് റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെടുകയുണ്ടായി. ഇതേത്തുടര്‍ന്നാണു തിടുക്കത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.2012 ജൂണിലാണ് രഹസ്യ വിവരത്തെ തുടർന്ന് ആദായനികുതി വകുപ്പ് മോഹന്‍ലാലിന്‍റെ തേവരയിലുള്ള വീട്ടില്‍ നടത്തിയ റെയ്‌ഡിൽ നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്.ആനക്കൊമ്പുകള്‍ 65,000 രൂപ കൊടുത്ത് വാങ്ങിയെന്നായിരുന്നു മോഹന്‍ലാലിന്‍റെ വിശദീകരണം.ആനക്കൊമ്പ് സൂക്ഷിക്കാൻ ലൈസൻസ് ഇല്ലാത്ത മോഹന്‍ലാല്‍ മറ്റ് രണ്ട് പേരുടെ ലൈസൻസിലാണ് ആനക്കൊമ്പുകള്‍ സൂക്ഷിച്ചതെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
പിക്കപ്പ് വാനിലേക്ക് കയറ്റുന്നതിനിടെ വൈദ്യുതി പോസ്റ്റ് ദേഹത്ത് വീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം
പയ്യന്നൂർ:പിക്കപ്പ് വാനിലേക്ക് കയറ്റുന്നതിനിടെ വൈദ്യുതി പോസ്റ്റ് ദേഹത്ത് വീണ് കെ എസ് ഇ ബി ജീവനക്കാരന് ദാരുണാന്ത്യം.കെ എസ് ഇ ബി വെള്ളൂര്‍ സെക്ഷന്‍ ഓഫീസിലെ കരാര്‍ ജീവനക്കാരനായ കാങ്കോല്‍ പാപ്പാരട്ട പള്ളിക്കുളം കോളനിയിലെ വിമ്ബിരിഞ്ഞന്‍ ചന്ദ്രന്‍ (52) ആണ് മരിച്ചത്.വ്യാഴാഴ്ച രാവിലെയാണ് അപകടം നടന്നത്.ചന്ദ്രനും മറ്റ് ജീവനക്കാരും ചേര്‍ന്ന് വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിന് വേണ്ടി കാങ്കോല്‍ സബ് സ്റ്റേഷന്‍ പരിസരത്ത് നിന്ന് പുതിയ പോസ്റ്റുകള്‍ പിക്കപ്പ് വാനില്‍ കയറ്റുകയായിരുന്നു.ഇതിനിടെ അബദ്ധത്തിൽ ചന്ദ്രന്റെ ദേഹത്തേക്ക് പോസ്റ്റ് വീഴുകയായിരുന്നു. പരിക്കേറ്റ ചന്ദ്രനെ ഉടന്‍ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആലപ്പുഴയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ച് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം
ആലപ്പുഴ : നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ച് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. ആലപ്പുഴ ഹരിപ്പാട് നങ്യാര്‍കുളങ്ങരയിലുണ്ടായ അപകടത്തില്‍ തിരുപ്പൂര്‍ സ്വദേശികളായ വെങ്കിടാചലം, ശരവണന്‍ എന്നിവരാണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ പൊള്ളാച്ചി സ്വദേശികളായ സെല്‍വന്‍, നന്ദകുമാര്‍ എന്നിവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ഉറങ്ങിപോയതാകാം അപകട കാരണമെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
പി.എസ്.സി പരീക്ഷ ഹാളില്‍ മൊബൈല്‍ ഫോൺ,വാച്ച്,പഴ്സ് എന്നിവക്ക് വിലക്ക്

മറ്റ് നിര്‍ദേശങ്ങള്‍:
●പരീക്ഷ ഔദ്യോഗികമായി തുടങ്ങുന്നതിനുള്ള ബെല്‍ അടിച്ചാല്‍ ഉടന്‍ പുറത്ത് സ്ഥാപിച്ച ക്ലാസ് റൂം അലോട്ട്മെന്‍റ് ലിസ്റ്റ് നീക്കംചെയ്ത് സെന്‍ററിലെ ഗേറ്റ് അടയ്ക്കണം.
●എല്ലാ ഇന്‍വിജിലേറ്റര്‍മാരും തങ്ങളുടെ ക്ലാസ് റൂമില്‍ ഹാജരായ ഉദ്യോഗാര്‍ഥിയുെട ഒപ്പും തിരിച്ചറിയല്‍ കാര്‍ഡും പരിശോധിച്ച് ഒരാള്‍ തന്നെയാണെന്ന് ഉറപ്പുവരുത്തണം. ഇതിനുശേഷമേ ഒ.എം.ആര്‍ ഷീറ്റ് നല്‍കാവൂ
●പരീക്ഷസമയം കഴിയുംവരെ ഇന്‍വിജിലേറ്റര്‍മാര്‍ പരീക്ഷ ഹാളില്‍ ഉണ്ടാകണം. ഉദ്യോഗാര്‍ഥികള്‍ പരീക്ഷസമയത്ത് നടത്തുന്ന ക്രമക്കേടുകള്‍ക്ക് അസി. സൂപ്രണ്ടുമാരായ ഇന്‍വിജിലേറ്റര്‍മാരായിരിക്കും ഉത്തരവാദി. പരീക്ഷക്ക് മുൻപ് ഇതുസംബന്ധിച്ച സത്യപ്രസ്താവന ഇന്‍വിജിലേറ്റര്‍മാര്‍ പി.എസ്.സിക്ക് ഒപ്പിട്ട് നല്‍കണം.
●ചോദ്യപേപ്പര്‍ നല്‍കുന്നതിന് മുൻപ് അണ്‍യൂസ്ഡ് ഒ.എം.ആര്‍ ഷീറ്റ് റദ്ദുചെയ്യണം. ഇവ എണ്ണി തിട്ടപ്പെടുത്തി ചോദ്യപേപ്പര്‍ പാക്കറ്റില്‍ െവച്ച് സീല്‍ ചെയ്യണം.
പാലാ ഉപതിരഞ്ഞെടുപ്പ്;പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
പാലാ:പാലാ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.പ്രചാരണം അവസാനിപ്പിക്കേണ്ട തീയതി നാളെയാണെങ്കിലും നാളെ ശ്രീനാരായണഗുരു സമാധി ദിനമായതിനാലാണു ഒരു ദിവസം മുൻപേ പ്രചാരണം അവസാനിപ്പിക്കുന്നത്.യു.ഡി.എഫ്. സ്ഥാനാര്‍ഥി അഡ്വ. ജോസ് ടോമിന്റെ പര്യടനത്തിന്റെ കൊട്ടിക്കലാശം ഉച്ചകഴിഞ്ഞു മൂന്നിനു കുരിശുപള്ളി കവലയില്‍ ആരംഭിക്കും.യു.ഡി.എഫിന്റെ സമുന്നത നേതാക്കള്‍ കൊട്ടിക്കലാശത്തില്‍ പങ്കെടുക്കുമെന്നു ജില്ലാ ചെയര്‍മാന്‍ സണ്ണി തെക്കേടം പറഞ്ഞു. മണ്ഡലത്തിലെ മേധാവിത്വം പ്രകടിപ്പിക്കുന്നവിധമുള്ള കൊട്ടിക്കലാശമാണു യു.ഡി.എഫ്. പ്ലാൻ ചെയ്യുന്നത്. എല്‍.ഡി.എഫിന്റെ നേതൃത്വത്തിലുള്ള കൊട്ടിക്കലാശവും ഇന്നു നടക്കും.മാണി സി.കാപ്പന്റെ പ്രചരണ സമാപനാര്‍ഥം രാവിലെ പാലാ നഗരത്തില്‍ പ്രവര്‍ത്തകരുടെ റോഡ് ഷോയുണ്ടാകും.വൈകിട്ട് നാലുമണിക്ക് മുഖ്യമന്ത്രി പങ്കെടുക്കുന്ന പുഴക്കര മൈതാനത്തെ പരിപാടിയോടെ ഔദ്യോഗിക പ്രചാരണം അവസാനിപ്പിക്കാനാണു എല്‍.ഡി.എഫ്. തീരുമാനം. എന്‍.ഡി.എ. സ്ഥാനാര്‍ഥി എന്‍. ഹരിയുടെ പ്രചാരണ പരിപാടിയുടെ കൊട്ടിക്കലാശം ഉച്ചകഴിഞ്ഞു 2.30ന് ആരംഭിക്കും.കടപ്പാട്ടൂര്‍ ജങ്ഷനില്‍ നിന്ന് ആരംഭിച്ചു ബൈപാസ് റോഡ് വഴി താലൂക്ക് ആശുപത്രിയ്ക്കു സമീപം അവസാനിക്കും. എന്‍.ഡി.എയിലെ സമുന്നത നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുമെന്നു നേതാക്കള്‍ പറഞ്ഞു.23നാണ് വോട്ടെടുപ്പ്. 27ന് വോട്ടെണ്ണലും നടക്കും.
സംസ്ഥാന സർക്കാരിന്റെ തിരുവോണം ബമ്പർ നറുക്കെടുപ്പ്;ഒന്നാം സമ്മാനം കരുനാഗപ്പള്ളി ചുങ്കത്ത് ജ്വല്ലറിയിലെ ആറ് ജീവനക്കാർ ചേർന്ന് എടുത്ത ടിക്കറ്റിന്
തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ തിരുവോണം ബമ്പർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം കരുനാഗപ്പള്ളി ചുങ്കത്ത് ജ്വല്ലറിയിലെ ആറ് ജീവനക്കാർ ചേർന്ന് എടുത്ത ടിക്കറ്റിന്.ഇന്നലെ വൈകിട്ട് എടുത്ത രണ്ടു ഭാഗ്യക്കുറിയിലെ ഒരെണ്ണമാണ് ഇവർക്ക് ഭാഗ്യം നേടിക്കൊടുത്തത്.റോണി, സുബിന്‍, രാജീവന്‍, വിവേക്, രാജീവ്, റേഞ്ചിന്‍ എന്നിവര്‍ക്കാണ് സമ്മാനം. കോട്ടയം, വൈക്കം, തൃശൂര്‍ അന്നമനട,ചവറ, ശാസ്‌താംകോട്ട എന്നീ സ്വദേശികളാണ് ഇവര്‍. ടിഎം 160869 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത്. ആലപ്പുഴയിലെ കായംകുളം സ്വദേശി ശിവന്‍കുട്ടിയുടെ ശ്രീമുരുക ഏജന്‍സി വിറ്റ ടിക്കറ്റിനാണ് ഒന്നാംസമ്മാനം. ശ്രീമുരുക ഏജന്‍സിയുടെ കരുനാഗപ്പള്ളി ഓഫീസില്‍ നിന്നാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റത്.ആദായനികുതിയും ഏജന്റുമാരുടെ കമ്മിഷനും കഴിഞ്ഞ് 7.56 കോടിയാണ് ഭാഗ്യവാന്മാരുടെ കൈയ്യിലെത്താന്‍ പോകുന്നതെന്നാണ് വിവരം. രണ്ടാം സമ്മാനമായ അഞ്ച് കോടി രൂപ ടിഎം 514401 എന്ന ടിക്കറ്റിനാണ്.മാരുടെ കമ്മിഷനും കഴിഞ്ഞ് 7.56 കോടി രൂപ ഇവര്‍ക്ക് ലഭിക്കും.
പാലാരിവട്ടം മേല്‍പ്പാലം അഴിമതി; വി.കെ. ഇബ്രാഹിമിനെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യും; അറസ്റ്റ് ഉണ്ടായേക്കുമെന്നും സൂചന
കൊച്ചി:പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് വിജിലന്‍സ്.പാലം നിര്‍മാണത്തിനുള്ള തുക കരാറുകാര്‍ക്ക് മുന്‍കൂറായി നല്‍കിയത് മന്ത്രിയുടെ ശുപാര്‍ശ പ്രകാരമാണെന്ന് മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ. സൂരജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.അതേസമയം ഇബ്രാഹിം കുഞ്ഞിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നും പണമിടപാട് സൂചിപ്പിക്കുന്ന തെളിവുകള്‍ ലഭ്യമായിട്ടുണ്ടെന്നും അന്വേഷണസംഘം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം വിളിച്ചു. അന്വേഷണ പുരോഗതി വിലയിരുത്താനും വിശകലനം ചെയ്യാനുമാണ് യോഗം വിളിച്ചിരിക്കുന്നത്. യോഗത്തില്‍ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യുന്നത് സംബന്ധിച്ചും തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്.അതേസമയം അഴിമതിക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ടി.ഒ സൂരജ് അടക്കമുള്ളവരുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിച്ചതോടെ പ്രതികളെ കൊച്ചിയില്‍ നടക്കുന്ന ക്യാമ്പ് സിറ്റിംഗില്‍ ഹാജരാക്കും. മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഇന്ന് അവധിയായതിനാലാണ് ക്യാമ്പ് സിറ്റിംഗില്‍ ഹാജരാക്കുന്നത്. പ്രതികളുടെ ജാമ്യാപേക്ഷ നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
മുത്തൂറ്റ് സമരം;ജോലിക്കെത്തുന്നവർക്ക് സംരക്ഷണം ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി നിർദേശം
കൊച്ചി: മുത്തൂറ്റ് സ്ഥാപനങ്ങളില്‍ ജോലിക്കെത്തുന്നവര്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി.മുത്തൂറ്റ് സ്ഥാപനങ്ങളില്‍ നടക്കുന്ന തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് മുത്തൂറ്റിന്റെ 10ശാഖകളാണ് ഹൈക്കോടതിയെ സമീപിച്ചത്.ഈ ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം പറഞ്ഞത്. സമരം ചെയ്യുന്നവര്‍ക്ക് നിയമാനുസൃതമായി സമരം ചെയ്യാമെന്നും കോടതി വ്യക്തമാക്കി.സമരം ഉടന്‍ നിര്‍ത്താനുള്ള ചര്‍ച്ചകളില്‍ മാനേജ്‌മെന്റിന്റെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശം നല്‍കി.മുത്തൂറ്റിന്റെ കൂടുതല്‍ ശാഖകള്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. ഇതിനിടെയാണ് ആദ്യം കോടതിയെ സമീപിച്ച 10 ശാഖകളുടെ ഹര്‍ജിയില്‍ കോടതി ഉത്തരവുണ്ടായിരിക്കുന്നത്.അതേസമയം, മുത്തൂറ്റ് ഫിനാന്‍സിലെ തൊഴില്‍തര്‍ക്കം പരിഹരിക്കാനായി മന്ത്രി ടി.പി. രാമകൃഷ്ണന്‍ നടത്തിയ ചര്‍ച്ച മൂന്നാംതവണയും പരാജയപ്പെട്ടു. മിനിമം വേതനം സംബന്ധിച്ച കോടതി തീരുമാനം വരുന്നതുവരെ ജീവനക്കാര്‍ക്ക് നിലവിലുള്ള ശമ്ബളത്തില്‍ ഇടക്കാല വര്‍ധന വരുത്തണമെന്ന ആവശ്യം മന്ത്രി മുന്നോട്ടുവെച്ചെങ്കിലും മാനേജ്മെന്‍റ് അംഗീകരിക്കാന്‍ തയാറായില്ല. ഇതോടെയാണ് ചര്‍ച്ച അലസിയത്.
ജില്ലയിൽ ചെങ്കൽ ക്വാറി ഉടമകളുടെ അനിശ്ചിതകാല സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു
കണ്ണൂർ:ജില്ലയിൽ ചെങ്കൽ ക്വാറി ഉടമകളുടെ അനിശ്ചിതകാല സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു.ഇതോടെ ചെങ്കൽ മേഖല പൂർണ്ണമായും സ്തംഭിച്ച നിലയിലാണ്.സമരത്തിന്റെ ഭാഗമായി ക്വാറി ഉടമകൾ കളക്റ്ററേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തി.സമരം തുടരുന്നതോടെ മേഖലയെ ആശ്രയിച്ച് കഴിയുന്ന ഇതരസംസ്ഥാന തൊഴിലാളികൾ അടക്കമുള്ള ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിതം ദുസ്സഹമായിരിക്കുകയാണ്.ചെങ്കൽ ക്വാറികൾക്കെതിരെ ജിയോളജി വകുപ്പും ഇതുമായി ബന്ധപ്പെട്ട വിവിധ അധികൃതരും സ്വീകരിക്കുന്ന കർശന നിലപാടിൽ പ്രതിഷേധിച്ചാണ് ചെങ്കൽ ക്വാറി അസോസിയേഷൻ അനിശ്ചിതകാല സമരം നടത്തുന്നത്.ജില്ലയിൽ ഏകദേശം അറുനൂറിലധികം ചെങ്കൽ ക്വാറികളാണ് പ്രവർത്തിക്കുന്നത്. ഇതിൽ ഒട്ടുമിക്കതും പ്രളയത്തിന് ശേഷം പ്രവർത്തിക്കുന്നുമില്ല.ഇതിനെ ആശ്രയിച്ചു കഴിയുന്ന ലോഡിങ് തൊഴിലാളികളടക്കം നിരവധിപേർ തൊഴിലില്ലായ്മ പ്രതിസന്ധിയിലാണ്.ചെങ്കൽ ഇല്ലാത്തതിനാൽ നിർമാണ മേഖലയും പ്രതിസന്ധിയിലാണ്. നിരവധി പരിസ്ഥിതി പ്രശ്നങ്ങളും പ്രളയ പശ്ചാത്തലവും കണക്കിലെടുത്താണ് ജിയോളജി വകുപ്പും മറ്റ് ബന്ധപ്പെട്ട വയ്പ്പുകളും ചെങ്കൽ മേഖലയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.മലയോര മേഖലയിൽ മലപ്പട്ടം, പെരുവളത്തുപറമ്പ്,ചേപ്പറമ്പ്,കുറുമാത്തൂർ,ഊരത്തൂർ, കല്യാട്,പടിയൂർ എന്നിവിടങ്ങളിലാണ് ചെങ്കൽ ക്വാറികൾ കൂടുതലായും പ്രവർത്തിക്കുന്നത്.
സംസ്ഥാനത്ത് നാളെ മുതൽ വീണ്ടും കർശന വാഹനപരിശോധന
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ വീണ്ടും വാഹന പരിശോധന കര്‍ശനമാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പും പോലീസും തീരുമാനിച്ചു. ഓണം പ്രമാണിച്ച് സര്‍ക്കാര്‍ നിയമത്തില്‍ അയവ് വരുത്തിയിരുന്നു.എന്നാല്‍, ചട്ടലംഘനങ്ങള്‍ക്ക് ഉയര്‍ന്ന പിഴ ഈടാക്കില്ലെന്നും, ചട്ടലംഘനങ്ങളുടെ വിശദാംശങ്ങള്‍ കോടതിയെ അറിയിക്കുക മാത്രമേ ചെയ്യൂ എന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.എട്ട് ഇനങ്ങളിൽ പിഴത്തുക പകുതിയാക്കിയ മണിപ്പൂർ മാതൃക പിന്തുടരുന്ന കാര്യവും സംസ്ഥാനസർക്കാർ പരിഗണിക്കുന്നുണ്ട്. നിയമം നടപ്പാക്കുന്നതിലെ തുടർനടപടികൾ തീരുമാനിക്കാൻ ശനിയാഴ്ച മുഖ്യമന്ത്രി ഉന്നതതലയോഗം വിളിക്കും.മോട്ടോർ വാഹനനിയമഭേദഗതിയിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് തൽക്കാലം ഓണക്കാലത്തേക്ക് മാത്രം വാഹനപരിശോധന നിർത്തി വയ്ക്കുകയും ഉയർന്ന പിഴ തൽക്കാലം ഈടാക്കേണ്ടെന്നും സംസ്ഥാനസർക്കാർ തീരുമാനമെടുത്തത്. വൻതുക പിഴയായി ഈടാക്കുന്ന നിയമഭേദഗതിക്കെതിരെ ബിജെപിയുൾപ്പടെ ഭരിക്കുന്ന സംസ്ഥാനങ്ങൾ കനത്ത പ്രതിഷേധം അറിയിച്ചതോടെ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്ന് കേന്ദ്രസർക്കാർ ആദ്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് നിലപാടിൽ മലക്കം മറിഞ്ഞു. ഈ സാഹചര്യത്തിൽ ഇനി എന്തുവേണമെന്ന് തീരുമാനിക്കാനാണ് മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുൾപ്പടെ പങ്കെടുക്കുന്ന ഉന്നതതലയോഗം ശനിയാഴ്ച വിളിച്ചു ചേർക്കാനിരിക്കുന്നത്.മോട്ടോർവാഹന നിയമലംഘനങ്ങൾക്ക് അമിത പിഴ ഈടാക്കുന്നത് കേന്ദ്രനിയമമാണെങ്കിലും സംസ്ഥാനങ്ങൾക്കും ഇടപെടാൻ അനുമതി നൽകിയിട്ടുണ്ട്. പിഴത്തുക പരിശോധകർക്ക് നേരിട്ട് നൽകുകയോ മോട്ടോർ വാഹന വകുപ്പിന്‍റെ ഓഫീസിൽ അടയ്ക്കുകയോ ചെയ്യുന്ന ഘട്ടങ്ങളിലാണ് സർക്കാരിന് ഇടപെടാൻ അനുവാദമുളളത്.കുറഞ്ഞ തുകയ്ക്ക് തൊട്ടുമുകളിലുളള തുക പിഴയായി നിജപ്പെടുത്തുന്നതാണ് ആലോചിക്കുന്നത്. അതായത് അമിത വേഗത്തിൽ വാഹനമോടിച്ചാൽ പിഴ 1000 മുതൽ 2000 വരെയാണ്. പിടിക്കപ്പെടുന്നവർ നേരിട്ട് പണമടയ്ക്കുകയാണെങ്കിൽ 1100 രൂപ ഈടാക്കുന്ന രീതിലാകും മാറ്റം.മദ്യപിച്ച് വാഹനമോടിക്കുന്നതിനുളള പിഴ കുറയ്ക്കില്ല. 10000 രൂപയാണ് മദ്യപിച്ച് വാഹനം ഓടിച്ചാല്‍ പിഴയായി ഈടാക്കുന്നത്.