തിരുവനന്തപുരം:സംസ്ഥാനത്ത് നാളെ കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ പന്ത്രണ്ടു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.വ്യാഴാഴ്ചയും സംസ്ഥാനത്ത് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ചില ഭാഗങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ലക്ഷദ്വീപ് തീരത്ത് മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റടിക്കുമെന്നും മുന്നറിയിപ്പുണ്ട്.അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുതെന്ന് മുന്നറിയിപ്പുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാ തീരത്തിനടുത്ത് രൂപം കൊണ്ട് ന്യൂനമര്‍ദ്ദമാണ് സംസ്ഥാനത്ത് മഴ ശക്തമാവാന്‍ കാരണം.
ഉപതിരഞ്ഞെടുപ്പ്;കോൺഗ്രസ് സ്ഥാനാർഥികളെ സംബന്ധിച്ച് പ്രാഥമിക ധാരണയായി
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ സംബന്ധിച്ച് പ്രാഥമിക ധാരണയായി. നാളെ കെപിസിസി തെരഞ്ഞെടുപ്പു സമിതി യോഗത്തിനു ശേഷം സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാവും.കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി എന്നിവര്‍ ചേര്‍ന്നു നടത്തിയ കൂടിയാലോചനയിലാണ് സ്ഥാനാര്‍ഥികളെ സംബന്ധിച്ച് പ്രാഥമിക ധാരണയായത്. വട്ടിയൂര്‍ക്കാവില്‍ എന്‍ പീതാംബരക്കുറുപ്പു തന്നെയാവും സ്ഥാനാര്‍ഥി. എറണാകുളത്ത് ടിജെ വിനോദും കോന്നിയില്‍ റോബിന്‍ പീറ്ററും സ്ഥാനാര്‍ഥിയാവുമെന്നാണ് സൂചനകള്‍. അരൂരില്‍ ഷാനിമോള്‍ ഉസ്മാന്റെ പേരിനാണ് മുന്‍തൂക്കമെങ്കിലും ഗ്രൂപ്പ് സമവാക്യം കൂടി നോക്കിയാവും തീരുമാനം.വട്ടിയൂര്‍ക്കാവും അരൂരും തമ്മില്‍ ഗ്രൂപ്പുകള്‍ തമ്മില്‍ വച്ചുമാറുകയെന്ന നിര്‍ദേശം ഉയര്‍ന്നുവന്നെങ്കിലും ഇക്കാര്യത്തില്‍ ധാരണയായില്ല. അരൂരില്‍ ഷാനിമോള്‍ ഉസ്മാന് വിജയ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിര്‍ദേശം ഉയര്‍ന്നത്. എന്നാല്‍ വട്ടിയൂര്‍ക്കാവ് ഐ ഗ്രൂപ്പ് നിലനിര്‍ത്താന്‍ തീരുമാനിച്ചതോടെ പീതാംബരക്കുറുപ്പിലേക്ക് എത്തുകയായിരുന്നു. എറണാകുളത്ത് ടിജെ വിനോദ് സ്ഥാനാര്‍ഥിയാവും എന്ന കാര്യത്തില്‍ ധാരണയായിട്ടുണ്ട്. കെവി തോമസ് ആണ് മണ്ഡലത്തില്‍ അവകാശവാദം ഉന്നയിച്ച് രംഗത്തുള്ള പ്രമുഖന്‍. എന്നാല്‍ ജില്ലയിലെും സംസ്ഥാനത്തെയും നേതാക്കള്‍ വിനോദിനൊപ്പമാണ്. ഹൈക്കമാന്‍ഡില്‍നിന്ന് ഇടപെടല്‍ ഉണ്ടായാലേ ഇതില്‍ മാറ്റമുണ്ടാവൂ. കെവി തോമസ് കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തി സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതോടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ സ്ഥാനാര്‍ഥിത്വത്തില്‍ അവകാശവാദം ഉന്നയിച്ചല്ല സോണിയയെ കണ്ടതെന്ന് കെവി തോമസ് പ്രതികരിച്ചു.കോന്നിയില്‍ അടൂര്‍ പ്രകാശ് നിര്‍ദേശിച്ച റോബിന്‍ പീറ്ററില്‍ തന്നെയാണ് സംസ്ഥാനത്തെ നേതാക്കള്‍ എത്തിനില്‍ക്കുന്നത്. എന്നാല്‍ സാമുദായിക പ്രാതിനിധ്യം എന്ന കടമ്പ റോബിനു മുന്നിലുണ്ട്. അടൂര്‍ പ്രകാശ് എംപിയായതോടെ കോണ്‍ഗ്രസ് നിയമസഭാകക്ഷിയില്‍ ഈഴവ വിഭാഗത്തിനു പ്രാതിനിധ്യം ഇല്ലാതായി. വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതുകൂടി പരിഗണിച്ചാവും കോന്നിയിലെയും അരൂരിലെയും സ്ഥാനാര്‍ഥികളെ അന്തിമമായി പ്രഖ്യാപിക്കുക.
മോട്ടോര്‍ വാഹന നിയമം; സംസ്ഥാനത്ത് പിഴത്തുകയില്‍ ഇളവ് നല്‍കാനുള്ള കരട് വിജ്ഞാപനം തയ്യാറായി
തിരുവനന്തപുരം:പുതുക്കിയ കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ സംസ്ഥാനത്ത് പിഴത്തുകയില്‍ ഇളവ് നല്‍കാനുള്ള കരട് വിജ്ഞാപനം തയ്യാറായി. ഇരുപതോളം വകുപ്പുകളില്‍ പിഴത്തുക കുറയ്ക്കാമെന്ന് മോട്ടോര്‍ വാഹനവകുപ്പ് ശുപാര്‍ശ ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷന്റ അനുമതി ലഭിച്ചാല്‍ അന്തിമ വിജ്‍ഞാപനം പുറത്തിറക്കും.ഗതാഗതമന്ത്രിയും നിയമമന്ത്രിയും ചര്‍ച്ച ചെയ്തശേഷം കരട് വിജ്ഞാപനം മുഖ്യമന്ത്രിക്ക് കൈമാറും.ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവയുടെ പിഴ ആയിരത്തില്‍ നിന്ന് അഞ്ഞൂറാക്കും. ലൈസന്‍സില്ലാതെ വാഹനം ഓടിച്ചാലുള്ള പിഴ അയ്യായിരത്തില്‍ നിന്ന് ബൈക്കിന് 1000 വും കാറിന് 2000 വും ആയി കുറച്ചേക്കും. പെര്‍മിറ്റ് ലംഘനത്തിന് എല്ലാവാഹനങ്ങള്‍ക്കും പതിനായിരം രൂപയാണ് പിഴ. എന്നാല്‍, ഓട്ടോറിക്ഷ ഉള്‍പ്പടെയുള്ള ചെറുവാഹനങ്ങളുടെ പിഴത്തുകയില്‍ കുറവ് വരുത്തും. അമിതഭാരത്തിന്റ പിഴത്തുകയിലും ഇളവ് നല്‍കും.പരമാവധി തുക നിശ്ചയിച്ചിട്ടുള്ള ഏഴ് വകുപ്പുകള്‍ക്ക് പുറമെ മറ്റ് പതിമൂന്ന് വകുപ്പുകളില്‍ കൂടി പിഴത്തുക കുറയ്ക്കാനാണ് കരടിലെ നിര്‍ദേശം. എന്നാല്‍ ചില വകുപ്പുകളില്‍ ഒറ്റ തവണ മാത്രമേ പിഴത്തുക കുറയൂ. ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ ഉപയോഗം, അന്തരീക്ഷ മലിനീകരണം, ശാരീരിക ആസ്വാസ്ഥ്യം ഉള്ളപ്പോള്‍ വാഹനം ഓടിക്കുക തുടങ്ങിയ വകുപ്പുകളില്‍ പിഴത്തുകയില്‍ ഇളവ് നല്‍കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. അതേസമയം, മദ്യപിച്ചും അമിതവേഗത്തിലും മറ്റ് യാത്രക്കാര്‍ക്ക് അപകടമുണ്ടാക്കുന്ന ഡ്രൈവിങ് ഉള്‍പ്പടെയുള്ള കേസുകളില്‍ പിഴത്തുക കുറയ്ക്കേണ്ടെന്നാണ് കരടിലെ നിര്‍ദേശം.തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റ അനുമതിയോടെ അന്തിമ വിജ്ഞാപനം ഇറക്കാന്‍ കഴിയൂ.
പിഎസ്‌സി പരീക്ഷ തട്ടിപ്പ്;നിർണായക തെളിവുകളുമായി ക്രൈം ബ്രാഞ്ച്;പരീക്ഷ നടന്ന ദിവസം എസ്‌എംഎസിലൂടെ കൈമാറിയ ഉത്തരങ്ങള്‍ ഹൈടെക് സെല്ലിന്റെ സഹായത്തോടെ വീണ്ടെടുത്തു
തിരുവനന്തപുരം: പിഎസ്‍സി പരീക്ഷാ ക്രമക്കേടിൽ നിര്‍ണ്ണായക തെളിവുകളുമായി ക്രൈം ബ്രാഞ്ച്. കേസിലെ പ്രതികളായ സഫീറിനും ശിവരജ്ഞിത്തിനും മറ്റ് മൂന്നു പ്രതികൾക്കും എസ്‌എംഎസിലൂടെ കൈമാറിയ ഉത്തരങ്ങള്‍ മുഴുവനും ക്രൈം ബ്രാഞ്ച് ഹൈടെക് സെല്ലിന്റെ സഹായത്തോടെ വീണ്ടെടുത്തു.കേസിൽ കൂടുതൽ പേർക്ക് പങ്കുള്ളതായി ക്രൈം ബ്രാഞ്ച് പറഞ്ഞു.ചോദ്യപേപ്പർ ചോർത്തിയവരെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. കേസിൽ സംശയക്കുന്നവർ ഒളിവിലാണുള്ളത്. പ്രണവിനും സഫീറിനും കൂടുതൽ പേരുടെ സഹായം ലഭിച്ചിട്ടുണ്ട്. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നും ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ വ്യക്തമാക്കി.മൊബൈൽ ഫോൺ നശിപ്പിച്ചിട്ടും നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് സന്ദേശങ്ങൾ ശേഖരിച്ചത്.ഇതോടെ കോപ്പിയടിക്ക് നിര്‍ണ്ണായക തെളിവാണ് ക്രൈംബ്രാഞ്ചിന് കിട്ടിയിരിക്കുന്നത്.അതിനിടെ പ്രതികളായ ശിവരഞ്ജിത്ത്, നസീം എന്നിവരുടെ ജാമ്യ അപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും.
പാലാരിവട്ടം മേൽപ്പാലം അഴിമതി;ടി.ഓ സൂരജിനെ വീണ്ടും ചോദ്യം ചെയ്യാൻ വിജിലൻസ് അപേക്ഷ നൽകി
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി. ഒ. സൂരജിനെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നു.ഇതിനായി വിജിലൻസ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. ജയിലില്‍ ചോദ്യംചെയ്യാനാണ് അപേക്ഷ നല്‍കിയത്. അപേക്ഷ കോടതി അടുത്ത ദിവസം പരിഗണിക്കും. നേരത്തെ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ സൂരജ് മൊഴി നല്‍കിയിരുന്നു. പാലം നിര്‍മാണത്തിന് കരാര്‍ ഏറ്റെടുത്ത കമ്പനിക്ക് മുന്‍കൂര്‍ പണം നല്‍കാന്‍ ഉത്തരവിട്ടത് അന്ന് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞായിരുന്നുവെന്ന് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യ ഹര്‍ജിയില്‍ ടി.ഒ സൂരജ് പറയുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും ചോദ്യംചെയ്യാന്‍ അപേക്ഷ നല്‍കിയത്.അതേസമയം ഉന്നത നേതാക്കള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് വിജിലന്‍സ് നേത്തെ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഒന്നാം പ്രതിയായ ആര്‍ഡിഎസ് പ്രൊജക്ടിന്റെ എംഡി സുമിത് ഗോയലാണ് ഗൂഢാലോചനയുടെ കേന്ദ്രമെന്നും ആരെല്ലാം ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഇയാള്‍ക്ക് അറിയാമെന്നും വിജിലന്‍സ് പറഞ്ഞിരുന്നു.
കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സുകള്‍ പിഴ കൂടാതെ പുതുക്കി നല്‍കാന്‍ തീരുമാനം
തിരുവനന്തപുരം:കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സുകള്‍ പിഴ കൂടാതെ പുതുക്കി നല്‍കാന്‍ തീരുമാനം.കാലാവധി കഴിഞ്ഞ ഒരു വര്‍ഷം കഴിയാത്ത ലൈസന്‍സുകളുടെ ഉടമകള്‍ക്കാണ് ഇളവു കിട്ടുക.സാധാരണയായി ഈടാക്കുന്ന ഫീസ് മാത്രം വാങ്ങി പുതുക്കി നല്‍കാമെന്നാണ് പുതിയ നിര്‍ദേശം. 1000 രൂപ പിഴ ഈടാക്കിയിരുന്നത് ഒഴിവാക്കും. ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ ഭേദഗതിയെത്തുടര്‍ന്നാണ് കാലാവധി കഴിഞ്ഞ ലൈസന്‍സ് പുതുക്കാന്‍ പിഴ ഈടാക്കിയിരുന്നത്. മുൻപ് പിഴ കൂടാതെ ലൈസന്‍സ് പുതുക്കാന്‍ 30 ദിവസത്തെ സാവകാശം അനുവദിച്ചിരുന്നു. പുതിയ ഭേദഗതി പ്രകാരം കാലാവധി കഴിയുന്നതിന് ഒരു വര്‍ഷം മുൻപ് ലൈസന്‍സ് പുതുക്കാം. ഒരു വര്‍ഷം കഴിഞ്ഞാല്‍ വീണ്ടും ടെസ്റ്റ് പാസ്സാകണം. ഇതാണ് തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചത്. ഓട്ടോറിക്ഷ പെര്‍മിറ്റിന്റെ കാലാവധി കഴിഞ്ഞാല്‍ 10,000 രൂപ പിഴ ഈടാക്കുന്നത് അപ്രായോഗികമാണെന്നും വിലയിരുത്തി. പിഴത്തുക 3000 രൂപയായി കുറയ്ക്കാനും സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് ചെറുനാരങ്ങാ വില കുതിക്കുന്നു;കിലോയ്ക്ക് 200 രൂപ
പാലക്കാട്:സംസ്ഥാനത്ത് ചെറുനാരങ്ങാ വില കുതിക്കുന്നു.150മുതല്‍ 200 രൂപവരെയാണ് ചെറുനാരങ്ങയുടെ ഇപ്പോഴത്തെ ചില്ലറവില്പന വില.ഒരാഴ്ച മുൻപ് കിലോയ്ക്ക് 80 രൂപയുണ്ടായിരുന്ന സ്ഥാനത്താണിത്.തമിഴ്‌നാട്ടിലെ പുളിയന്‍കുടി, മധുര, രാജമുടി എന്നിവിടങ്ങളില്‍ നിന്നാണ് ദിനംപ്രതി ടണ്‍ കണക്കിനു ചെറുനാരങ്ങ കേരളത്തിലേക്ക് എത്തുന്നത്. എന്നാല്‍ ഇവിടെയും ഉല്‍പാദനം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു കുറഞ്ഞതോടെ വില കുതിച്ചുയരുകയായിരുന്നു. നിലവിലെ സ്ഥിതിയില്‍ വില ഇനിയും കൂടാനാണ് സാധ്യത.കേരളത്തില്‍ ചെറുനാരങ്ങയുടെ ഉത്പാദനം കുറവായതിനാല്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നാണ് നാരങ്ങ കേരളത്തിലേക്കെത്തുന്നത്.വരും ദിവസങ്ങളിലും നാരങ്ങയുടെ വരവ് കുറഞ്ഞാല്‍ നാരങ്ങ വെളളത്തിന്റെയും അച്ചാറിന്റെയും വില കൂട്ടേണ്ടി വരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
പാലാരിവട്ടം പാലം അഴിമതി;ഉന്നത രാഷ്ട്രീയനേതാക്കള്‍ക്കും പങ്കെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍
കൊച്ചി:പാലാരിവട്ടം പാലം അഴിമതി;ഉന്നത രാഷ്ട്രീയനേതാക്കള്‍ക്കും പങ്കെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍.കരാറുകാരൻ സുമിത് ഗോയലിന് രാഷ്ട്രീയ നേതാക്കൾ ആരെല്ലാമെന്ന് അറിയാം. കൈക്കൂലി വാങ്ങിയ പൊതുപ്രവർത്തകരുടെ പേര് വെളിപ്പെടുത്താൻ സുമിത് ഗോയൽ ഭയക്കുന്നുവെന്നും വിജിലന്‍സ് ഹൈക്കോടതിയില്‍ അറിയിച്ചു.സുമിത് ഗോയലിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ടി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് വിജിലന്‍സ് ഇക്കാര്യങ്ങളറിയിച്ചത്.കൈക്കൂലി വാങ്ങിയ പൊതുപ്രവര്‍ത്തകരുടെ പേര് വെളിപ്പെടുത്താന്‍ സുമിത് ഗോയല്‍ ഭയക്കുന്നുണ്ട്. സുമിത് ഗോയലിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചു വരികയാണ്. സുമിത് ഗോയലിന് ജാമ്യം നല്‍കിയാല്‍ രാഷ്ട്രീയ സ്വാധീനം ഉള്ള പ്രതികളെ രക്ഷപ്പെടുത്തുമെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചിട്ടുണ്ട്. നേരത്തെ കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ചോദ്യംചെയ്തിരുന്നു. പാലാരിവട്ടം പണമിടപാട് സംബന്ധിച്ച എല്ലാ രേഖകളിലും ഇബ്രാഹിം കുഞ്ഞ് ഇടപെട്ടിട്ടുണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജും ഇബ്രാഹിംകുഞ്ഞിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവുകളും അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ അറിവോടെയാണെന്നാണ് ടി.ഒ സൂരജ് പറഞ്ഞത്.
പാലാ ഉപതിരഞ്ഞെടുപ്പ്;വോട്ടെടുപ്പ് പുരോഗമിക്കുന്നു;പോളിങ് ശതമാനം 50 കടന്നു
പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു.ഏഴുമണിക്കൂര്‍ പിന്നിടുമ്പോൾ 51.13 ശതമാനം പേര്‍ വോട്ട് ചെയ്‌തു. ഭേദപ്പെട്ട പോളിങ്ങാണ് മണ്ഡലത്തില്‍ രേഖപ്പെടുത്തുന്നത്. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്.176 പോളിങ് ബൂത്തുകളിലായി 1,79,107 വോട്ടര്‍മാര്‍മാരാണുള്ളത്. 87,729 പുരുഷ വോട്ടര്‍മാരും 91,378 വനിതകളും. 27നാണ് വോട്ടെണ്ണല്‍. മണ്ഡലത്തിലെ 176 ബൂത്തുകളിലും വിവിപാറ്റ‌് മെഷീന്‍ ഉപയോഗിക്കുന്നുണ്ട‌്.അഞ്ച് പ്രശ്ന ബാധിത ബൂത്തുകളിലെ മുഴുവന്‍ നടപടികളുടെയും വീഡിയോ ചിത്രീകരിക്കും. സുരക്ഷയ്ക്കായി കേന്ദ്ര സേനയടക്കം 700 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുമുണ്ട്.1965 മുതല്‍ 13 തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച് പാലായെ പ്രതിനിധീരിച്ച കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. പാലാ നഗരസഭയിലെ കാണാട്ടുപാറയിലെ 119 ആം നമ്പർ ബൂത്തിലാണ് ഇടതു സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ വോട്ടു ചെയ്തത്. രാവിലെ 7 മണിക്ക് തന്നെ കുടുംബത്തോടൊപ്പം എത്തി മാണി സി കാപ്പന്‍ വോട്ടു ചെയ്തു മടങ്ങി.ഒന്നാമനായി വോട്ട് ചെയ്ത് തെരഞ്ഞെടുപ്പില്‍ ഒന്നാമനാകുമെന്ന് വോട്ടു ചെയ്ത ശേഷം അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.ഉപതിരഞ്ഞെടുപ്പില്‍ നൂറു ശതമാനം വിജയപ്രതീക്ഷയുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേല്‍ പ്രതികരിച്ചു. കൂവത്തോട് ഗവ. എല്‍പി സ്‌കൂളിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.കെ.എം.മാണിയുടെ കല്ലറയിലെത്തി പ്രാര്‍ത്ഥിച്ച ശേഷമാണ് ജോസ് ടോം വോട്ട് ചെയ്യാന്‍ ബൂത്തിലെത്തിയത്.
ചെറുപുഴയിൽ കരാറുകാരൻ ആത്മഹത്യ ചെയ്ത സംഭവം;കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി
കണ്ണൂർ:ചെറുപുഴയിൽ കരാറുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി.കെപിസിസി നിര്‍വാഹക സമിതി അംഗം കെ കുഞ്ഞിക്കൃഷ്ണന്‍ നായര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് റോഷി ജോസ്, ടി വി അബ്ദുല്‍സലീം എന്നിവര്‍ക്കെതിരെയാണ് കേസ്. ഇവര്‍ ഇപ്പോള്‍ വഞ്ചനാക്കുറ്റക്കേസില്‍ റിമാന്റിലാണ്.കെ കരുണാകരന്‍റെ പേരില്‍ ട്രസ്റ്റുണ്ടാക്കി 30 ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്നായിരുന്നു ഇവര്‍ക്കെതിരെയുള്ള കേസ്. എട്ട് ഡയറക്ടര്‍മാരാണ് ട്രസ്റ്റിലുണ്ടായിരുന്നത്. ഇവരുമായി പിണങ്ങിയ രണ്ട് ഡയറക്ടര്‍മാരാണ് നേതാക്കള്‍ക്കെതിരെ കേസുകൊടുത്തത്.തിരിമറിയുമായി ബന്ധപ്പെട്ട് തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് നേതാക്കളള്‍ക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തത്.