കാസർകോഡ്:മഞ്ചേശ്വരത്ത് സി.എച്ച് കുഞ്ഞമ്പുവിന് പകരം എം. ശങ്കര്‍ റൈ എൽഡിഎഫ് സ്ഥാനാര്‍ഥിയാകും. കുഞ്ഞമ്പു മത്സരിക്കാന്‍ വിസമ്മതം അറിയിച്ചതോടെയാണ് തീരുമാനം. ഇന്നലെ കുഞ്ഞമ്പുവിനെയാണ് മഞ്ചേശ്വരത്ത് മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. 2006 തെരഞ്ഞെടുപ്പിൽ മുസ്‍ലിം ലീഗിലെ ചെർക്കളം അബ്ദുല്ലയെ തോൽപിച്ച് മഞ്ചേശ്വരം സീറ്റിൽ കുഞ്ഞമ്പു അട്ടിമറി വിജയം നേടിയിരുന്നു. സി.പി.എം സംസ്ഥാന സമിതിയംഗമായ കുഞ്ഞമ്പു, കെ.റ്റി.ഡി.സി മെമ്പറുമാണ്.
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു;ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കൊല്ലം കോര്‍പ്പറേഷന്‍ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു.നാളെ മുതല്‍ മഴയുടെ ശക്തി കുറയുമെന്നാണു വിലയിരുത്തല്‍.കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.അറബിക്കടലിന്റെ തെക്കുകിഴക്കന്‍ തീരത്തും മാലദ്വീപ് മേഖലയില്‍ മല്‍സ്യബന്ധനത്തിനു പോകരുതെന്നു മുന്നറിയിപ്പുണ്ട്.അതേസമയം കനത്ത മഴയെ തുടര്‍ന്ന് കൊല്ലം കോര്‍പ്പറേഷന്‍ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.കനത്ത മഴ മൂലം ഇന്നലെ രാത്രി മുതല്‍ കൊല്ലം നഗരപരിധിയില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തിലും ഇപ്പോഴും മഴ തുടരുന്ന സാഹചര്യത്തിലുമാണ് അവധി.എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച സര്‍വ്വകലാശാല/ ബോര്‍ഡ്/പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല. ഇന്നത്തെ അവധി മൂലം നഷ്ടപ്പെടുന്ന അദ്ധ്യയന ദിനത്തിന് പകരം അദ്ധ്യയന ദിവസം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ അധികൃതര്‍ നടപടി സ്വീകരിക്കേണ്ടതാണെന്ന് കളക്ടര്‍ അറിയിച്ചു.
മരട് ഫ്ളാറ്റുകളിലേക്കുള്ള വൈദ്യുതി,ജലവിതരണം നിർത്തലാക്കി;പ്രതിഷേധം ശക്തമാക്കി താമസക്കാര്‍
കൊച്ചി: തീരദേശ നിയമം ലംഘിച്ച് നിർമിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് സുപ്രീം കോടതി പൊളിച്ചു നീക്കാൻ ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളിലേക്കുള്ള വൈദ്യുതി വിതരണവും,ജല വിതരണവും വിച്ഛേദിച്ചു.ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ കനത്ത പൊലീസ് സുരക്ഷയില്‍ കെ.എസ്.ഇ.ബി ജീവനക്കാരാണ് വൈദ്യുതി വിച്ഛേദിച്ചത്.രാവിലെ ഒൻപത് മണിയോടെയാണ് ഫ്ലാറ്റുകളിലേക്കുള്ള ജലവിതരണം നിര്‍ത്തിവെച്ചത്. സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കുന്നതിനായി ഫ്ളാറ്റുകളില്‍ നിന്നും താമസക്കാരെ ഒഴിപ്പിച്ച് പൊളിക്കുന്നതിനായി ആദ്യഘട്ടമെന്ന നിലയിലാണിത്. കുണ്ടന്നൂരിലെ എച്ച്.ടു.ഒ, നെട്ടൂരിലെ ജെയിന്‍ കോറല്‍കേവ്, ആല്‍ഫാ വെഞ്ച്വേഴ്സ്, കണ്ണാടിക്കാട് ഗോള്‍ഡന്‍ കായലോരം എന്നീ നാല് ഫ്ളാറ്റുകളിലെ വൈദ്യുതി,ജലവിതരണമാണ് വിച്ഛേദിച്ചത്.സംഭവം അറിഞ്ഞ താമസക്കാര്‍ ഫ്ലാറ്റുകള്‍ക്ക് മുൻപിൽ പ്രതിഷേധിക്കുകയാണ്. വെള്ളവും വെളിച്ചവും പാചകവാതകവും നിഷേധിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും പ്രായമുള്ളവരെയും കുട്ടികളെയും പോലും പരിഗണിച്ചില്ലെന്നും ഇവർ ആരോപിച്ചു.റാന്തല്‍വെളിച്ചത്തില്‍ സമരം തുടരുമെന്നും ഫ്ലാറ്റ് സംരക്ഷണ സമിതി അറിയിച്ചു.സെപ്റ്റംബര്‍ 27നകം ഫ്ലാറ്റുകളിലെ വൈദ്യുതബന്ധം വിച്ഛേദിക്കണമെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.ഇ.ബിക്ക് മരട് നഗരസഭ കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു.കുടിവെള്ളം വെള്ളിയാഴ്ച വിച്ഛേദിക്കും. രണ്ടു ദിവസത്തിനകം പാചകവാതക വിതരണം അവസാനിപ്പിക്കുന്നതിന് എണ്ണക്കമ്പനികൾക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരമാവധി മൂന്നു മാസത്തിനകം പൊളിക്കല്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശ്യം. ഒക്ടോബര്‍ മൂന്നിനകം പൊലീസ്, ജില്ല അധികൃതര്‍, ജല-വൈദ്യുതി വകുപ്പുകള്‍ എന്നിവരുമായി ചേര്‍ന്ന് ഒഴിപ്പിക്കല്‍ പദ്ധതി തയാറാക്കും.ഒന്നിനും മൂന്നിനുമിടയില്‍ ഫ്ലാറ്റ് സമുച്ചയങ്ങള്‍ക്കും 750 മീറ്റര്‍ ചുറ്റളവിലുള്ള കെട്ടിടങ്ങളിലെ താമസക്കാര്‍ക്കും നോട്ടീസ് നല്‍കും. 11ന് ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കാൻ ആരംഭിക്കും.ഡിസംബര്‍ നാലിനകം പൊളിക്കല്‍ പൂര്‍ത്തിയാക്കും. അവശിഷ്ടങ്ങള്‍ ഡിസംബര്‍ നാലിനും 19നും ഇടയില്‍ നീക്കും.അതേസമയം ഫ്ലാറ്റുടമകളുടെ പരാതിയിൽ ഫ്ലാറ്റ് നിർമ്മാതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. വഞ്ചനാ കുറ്റത്തിനാണ് കേസ്. ഫ്ലാറ്റ് നിർമാതാക്കളുടെ അക്കൗണ്ട് മരവിപ്പിക്കുന്ന അടക്കമുള്ള നടപടികളുമായി മുന്നോട്ടു നീങ്ങാനാണ് പൊലീസ് തീരുമാനം.
മരട് ഫ്‌ളാറ്റ് വിഷയം; നിര്‍മ്മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ മന്ത്രിസഭാ തീരുമാനം
തിരുവനന്തപുരം: മരടിലെ ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിലാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തിരിക്കുന്നത്. ഫ്‌ളാറ്റ് ഉടമകള്‍ക്കുള്ള നഷ്ടപരിഹാരം നിര്‍മ്മാതാക്കളില്‍ നിന്ന് ഈടാക്കി നല്‍കണമെന്നും മന്ത്രിസഭാ യോഗം തീരുമാനമെടുത്തു.മൂന്ന് മാസത്തിനുള്ളില്‍ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കേണ്ടി വരുമെന്നതു കൊണ്ട് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട കര്‍മ പദ്ധതികള്‍ സുപ്രീംകോടതിയെ അറിയിക്കാനും ഫ്‌ളാറ്റുടമകളെ പുനരധിവസിപ്പിക്കുന്ന കാര്യത്തില്‍ പദ്ധതികള്‍ തയ്യാറാക്കുവാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.ഫ്ലാറ്റ് നിര്‍മിച്ച കമ്പനികൾക്ക് വിലക്ക് ഏര്‍പ്പെടുത്താനാകുമോയെന്ന കാര്യവും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. പുനരധിവാസ പദ്ധതി തയ്യാറാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.മരട് ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവിന്റെ വിശദാംശങ്ങള്‍ ചീഫ് സെക്രട്ടറി ടോം ജോസ് മന്ത്രിസഭാ യോഗത്തില്‍ വിശദീകരിച്ചു. സുപ്രീം കോടതി വിധി നടപ്പിലാക്കാതെ മറ്റ് വഴികളില്ലെന്നും നിയമപരമായി ഇനി മറ്റു സാധ്യതകളില്ലെന്നും ചീഫ് സെക്രട്ടറി വിശദീകരിച്ചു. മൂന്ന് മാസത്തിനുള്ളില്‍ ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കും. ഫ്ലാറ്റ് പൊളിക്കുന്നതോടെ കുടിയൊഴിപ്പിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയുടെ രൂപരേഖയും സര്‍ക്കാര്‍ തയ്യാറാക്കും, തീരദേശ പരിപാലന നിയമം ലംഘിച്ച് മരട് നഗരസഭാ പരിധിയില്‍ പണിത കെട്ടിടങ്ങളുടെ പട്ടിക തയ്യാറാക്കുനുള്ള നടപടികള്‍ ആരംഭിച്ചതായി ചീഫ് സെക്രട്ടറി വ്യക്തമാക്കി. ഫ്ലാറ്റ് ഉടമകള്‍ക്കൊപ്പമാണ് സര്‍ക്കാരെങ്കിലും സുപ്രീം കോടതി വിധി എതിരായ പശ്ചാത്തലത്തില്‍ നിയമം നടപ്പിലാക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഉപതിരഞ്ഞെടുപ്പ്;മഞ്ചേശ്വരത്ത് സി.എച്ച് കുഞ്ഞമ്പു എല്‍.ഡി.എഫ് സ്ഥാനാര്‍ഥി
കാസര്‍കോട്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ മുന്‍ എം.എല്‍.എയും സി.പി.എം നേതാവുമായസി.എച്ച് കുഞ്ഞമ്പു എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകും. സി.പിഎം ജില്ലാ സെക്രട്ടറിയേറ്റില്‍ കുഞ്ഞമ്പുവിന്റെ പേരു മാത്രമാണ് പാര്‍ട്ടി നേതൃത്വം അവതരിപ്പിച്ചത്.2006 തെരഞ്ഞെടുപ്പില്‍ മുസ് ലിം ലീഗിലെചെര്‍ക്കളം അബ്ദുല്ലയെ തോല്‍പിച്ച് കുഞ്ഞമ്പു അട്ടിമറി വിജയം നേടിയിരുന്നു. സി.പി.എം സംസ്ഥാന സമിതിയംഗമായ കുഞ്ഞമ്പു, കെ.റ്റി.ഡി.സി മെമ്പറുമാണ്.മഞ്ചേശ്വരത്തിന് മതേതര മനസാണുള്ളതെന്നും സീറ്റ് തിരിച്ചു പിടിക്കുമെന്നും സി.എച്ച് കുഞ്ഞമ്പു മാധ്യമങ്ങളോട് പറഞ്ഞു.2006 ലെ വിജയത്തിനുശേഷം 2011 ലും 2016ലും തെരഞ്ഞെടുപ്പുകളില്‍ പി.ബി അബ്ദുറസാഖിനോട് പരാജയപ്പെട്ടെങ്കിലും മണ്ഡലത്തില്‍ ഇപ്പോഴും സി.പി.എമ്മിന് പൊതുസമ്മതനായ ഒരു നേതാവിനെ ഉയര്‍ത്തിക്കാട്ടാന്‍ സി.എച്ച് കുഞ്ഞമ്പുവിലൂടെ മാത്രമേ കഴിയുകയുള്ളൂവെന്നാണ് സി.പി.എം വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ ജില്ലാ സെക്രട്ടേറിയറ്റില്‍ സി.എച്ച് കുഞ്ഞമ്ബുവിന്റെ പേരുമാത്രമാണ് പരിഗണിച്ചത്. മുസ്ലിംലീഗില്‍ നിന്നും ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ദീന്‍ തന്നെയാകും സ്ഥാനാര്‍ഥിയെന്നാണ് വിവരം. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.ശ്രീകാന്തുമായിരിക്കും അങ്കത്തട്ടില്‍.
ഉപതിരഞ്ഞെടുപ്പ്;വട്ടിയൂർക്കാവിൽ വി.കെ പ്രശാന്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി
തിരുവനന്തപുരം:ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വട്ടിയൂര്‍ക്കാവില്‍ തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകും.സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് പ്രശാന്തിനെ സ്ഥാനാര്‍ത്ഥിയായി ശുപാര്‍ശ ചെയ്തിരുന്നു. മേയര്‍ എന്ന നിലയിലുള്ള മികച്ച പ്രവര്‍ത്തനവും യുവനേതാവ് എന്ന പരിഗണനയുമാണ് വി.കെ പ്രശാന്തിനെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചതിന് കാരണം.ഇത്തവണ പ്രളയ ദുരിതാശ്വാസ സാമഗ്രികളുടെ സമാഹരണത്തില്‍ പ്രശാന്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം നഗരസഭ നടത്തിയ പ്രവര്‍ത്തനം സോഷ്യല്‍ മീഡിയയിലും പുറത്തും ഏറെ കൈയടി നേടിയിരുന്നു. പ്രശാന്തിന്റെ നേതൃപാടവത്തിന്റെ തെളിവായാണ് ഇതു വിലയിരുത്തപ്പെട്ടത്. ഇതെല്ലാം തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന് സിപിഎം വിലിയിരുത്തുന്നു.ജില്ലാ സെക്രട്ടറിയേറ്റ് ഒന്നാമതായി നല്‍കിയിരിക്കുന്നത് വി.കെ പ്രശാന്തിന്റെ പേരും രണ്ടാമതായി നല്‍കിയിരിക്കുന്നത് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധുവിന്റെ പേരുമാണ്.ഇന്ന് രാവിലെ ജില്ലാസെക്രട്ടേറിയറ്റും തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് വട്ടിയൂര്‍ക്കാവ് മണ്ഡലം കമ്മിറ്റിയും ചേരുന്നുണ്ട്. ഈ യോഗത്തിന് ശേഷമേ അന്തിമതീരുമാനമുണ്ടാകൂ. എ.വിജയരാഘവനും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദനും ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. എ.വിജയരാഘവന്‍ തന്നെ പ്രശാന്തിന്റെ പേര് ജില്ലാ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യും.
മരട് ഫ്ലാറ്റ് വിഷയത്തിൽ നിലപാട് ശക്തമാക്കി സർക്കാർ;നാല് ഫ്ളാറ്റുകളിലേക്കുള്ള വൈദ്യുതിയും വെള്ളവും മൂന്ന് ദിവസത്തിനകം വിച്ഛേദിക്കും
കൊച്ചി:മരട് ഫ്ലാറ്റ് വിഷയത്തിൽ നിലപാട് ശക്തമാക്കി സർക്കാർ.നാല് ഫ്ളാറ്റുകളിലേക്കുള്ള വൈദ്യുതിയും വെള്ളവും മൂന്ന് ദിവസത്തിനകം വിച്ഛേദിക്കും.ഇക്കാര്യം ആവശ്യപ്പെട്ട് നഗരസഭ കെ.എസ്.ഇ.ബിക്കും വാട്ടര്‍ അതോറിറ്റിക്കും കത്ത് നല്‍കി.തദ്ദേശ സ്വയം ഭരണവകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് നഗരസഭ കെ.എസ്.ഇ.ബിക്കും ജല അതോറിറ്റിക്കും കത്ത് നല്‍കിയത്. മൂന്ന് ദിവസത്തിനുള്ളില്‍ ഫ്ലാറ്റുകളിലേക്കുള്ള വെള്ളവും വൈദ്യുതിയും വിച്ഛേദിക്കണമെന്നാണ് കത്തിലെ ആവശ്യം. ഇവിടേക്കുള്ള പാചകവാതക വിതരണം നിര്‍ത്തിവെക്കാന്‍ വിതരണക്കമ്പനികളോടും ആവശ്യപ്പെടും.അതേ സമയം ഫ്ളാറ്റുകള്‍ ഒഴിപ്പിക്കുന്നതും പൊളിച്ച് നീക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളില്‍ നിന്നും മുനിസിപ്പല്‍ സെക്രട്ടറിയെ മാറ്റിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ഫോര്‍ട്ട് കൊച്ചി സബ് കളക്ടറായ സ്നേഹില്‍ കുമാര്‍ സിംഗ് ഐഎഎസി ന് മുനിസിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതല നല്‍കിക്കൊണ്ട് ചൊവ്വാഴ്ച വൈകീട്ടോടെ ജോയിന്റ് സെക്രട്ടറിയാണ് ഉത്തരവ് ഇറക്കിയത്. ഫ്ളാറ്റുകള്‍ പൊളിക്കുന്നത് സംബന്ധിച്ച പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാരിന്റെ തലയില്‍ കെട്ടി വെച്ച് ഒഴിഞ്ഞ് മാറാന്‍ മരട് നഗരസഭാ ശ്രമിച്ചു കൊണ്ട് ഇരിക്കവെ ആണ് സര്‍ക്കാരിന്റെ നടപടി.മരട് ഫ്ലാറ്റ് പൊളിക്കലിലെ കോടതി ഉത്തരവ് പാലിക്കാത്തതിന്റെ പേരില്‍ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി സുപ്രിം കോടതി ശകാരിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് കടന്നത്.
മരട് ഫ്ലാറ്റ് വിവാദം;ഫ്ലാറ്റുകള്‍ ഒഴിയണമെന്ന നഗരസഭാ നോട്ടീസ് ചോദ്യം ചെയ്ത് ഫ്ലാറ്റുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: മരടിലെ ഫ്ലാറ്റുകള്‍ ഒഴിയണമെന്ന നഗരസഭാ നോട്ടീസ് ചോദ്യം ചെയ്ത് ഫ്ലാറ്റുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഫ്ലാറ്റുകള്‍ പൊളിയ്ക്കുന്നതുമായി ബന്ധപ്പെട്ട ഒരു ഹര്‍ജിയും രാജ്യത്തെ മറ്റൊരു കോടതിയും പരിഗണിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. നിയമ ലംഘനം നടത്തുന്നവര്‍ക്കുള്ള ശക്തമായ മുന്നറിയിപ്പാണ് മരട് വിധി എന്ന് ഹൈക്കോടതി വ്യക്തമാക്കി. സുപ്രീംകോടതി ഉത്തരവിനെ കുറിച്ച് അറിവില്ലേയെന്നും ഹൈക്കോടതി ഹര്‍ജിക്കാരോട് ആരാഞ്ഞു. നഷ്ടപരിഹാരം ആവശ്യമെങ്കില്‍ ഫ്ലാറ്റ് ഉടമകള്‍ക്ക് നിര്‍മാതാക്കളെ സമീപിക്കാമെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹൈക്കോടതി അറിയിച്ചു. ഫ്ലാറ്റുകള്‍ ഒഴിപ്പിക്കുന്നതില്‍ മരട് നഗരസഭയുടെ നിലപാട് വ്യക്തമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.അതേസമയം സുപ്രീംകോടതി നിയോഗിച്ച സമിതി റിപ്പോര്‍ട്ട് പ്രകാരമാണെങ്കില്‍ മരടിലെ ആയിരത്തിലധികം നിര്‍മ്മാണ പ്രവൃത്തികള്‍ അനധികൃതമാണെന്നും ഇക്കാര്യം സുപ്രീംകോടതിയെ അറിയിക്കണമെന്നും ഫ്‌ലാറ്റുടമകള്‍ ആവശ്യപ്പെട്ടു.ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക നടപടികളുടെ ഭാഗമായി 5 ദിവസത്തിനകം ഫ്ലാറ്റുകൾ ഒഴിയണമെന്ന് നിര്‍ദേശിച്ച് നഗരസഭ ഇക്കഴിഞ്ഞ 10നാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ ഫ്ലാറ്റൊഴിയില്ലെന്ന് നിലപാടെടുത്ത താമസക്കാര്‍ നോട്ടീസ് നിയമാനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കൊച്ചി അമൃത ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി എംബിബിഎസ് വിദ്യാര്‍ഥിനി ജീവനൊടുക്കി
കൊച്ചി: കൊച്ചിയിലെ അമൃത ആശുപത്രിയില്‍ എംബിബിഎസ് വിദ്യാര്‍ഥിനി ജീവനൊടുക്കി. ഡല്‍ഹി സ്വദേശിനി ഇയോണയാണു കോളജ് കെട്ടിടത്തില്‍നിന്നു ചാടി ജീവനൊടുക്കിയത്. രണ്ടാം വര്‍ഷം എംബിബിഎസ് വിദ്യാര്‍ഥിനിയാണ് ഇയോണ. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല.
തിരുവനന്തപുരം പട്ടത്ത് ഏവിയേഷന്‍ അക്കാഡമയില്‍ എ.സി പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം:തിരുവനന്തപുരം പട്ടത്ത് ഏവിയേഷന്‍ അക്കാഡമയില്‍ എ.സി പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് ഗുരുതര പരിക്ക്.കേന്ദ്രീയ വിദ്യാലയത്തിന് സമീപമുള്ള ഫ്രാങ്ക്ഫിന്‍ ഏവിയേഷന്‍ അക്കാഡമിയിലാണ് പൊട്ടിത്തെറി നടന്നത്.സര്‍വ്വീസ് ചെയ്തുകൊണ്ടിരുന്ന എസിയാണ് പൊട്ടിത്തെറച്ചതെന്നാണ് വിവരം. വെഞ്ഞാറമൂട് സ്വദേശിയായ അഭിജിത്ത്(21) എന്ന യുവാവിനാണ് പരിക്കേറ്റത്. ഇയാള്‍ എസി നന്നാക്കാന്‍ എത്തിയതെന്നാണ് വിവരം. നാലുമണിയോടെയാണ് ഉഗ്ര ശബ്ദത്തോടെ സ്‌ഫോനം നടന്നത്. സംഭവ സ്ഥലത്ത് പൊലീസും ഫയര്‍ഫോഴ്‌സുമടക്കം നിരവധി പേര്‍ എത്തിയിട്ടുണ്ട്. ക്ലാസ് നടക്കുമ്പോഴായിരുന്നു പൊട്ടിത്തെറിയെന്നാണ് വിവരം.കുട്ടികള്‍ക്ക് ആര്‍ക്കെങ്കിലും പരിക്ക് പറ്റിയോ എന്നുള്ള വിവരം വ്യക്തമല്ല.