തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് ഇടിയോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.മുന്നറിയിപ്പിനെ തുടർന്ന് ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.മഴയോട് അനുബന്ധിച്ച് പകല്‍ രണ്ടുമുതല്‍ രാത്രി പത്തുവരെ ശക്തമായ മിന്നലിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.ഉച്ചക്ക് രണ്ട് മണി മുതല്‍ വൈകിട്ട് 10 മണിവരെയുള്ള സമയത്താണ് ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതെന്നാണ് മുന്നറിയിപ്പ്. ഇത്തരം ഇടിമിന്നല്‍ അപകടകാരികളാണെന്നും അവ മനുഷ്യജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നതാണെന്നും മുന്നറിയിപ്പില്‍ പറയന്നു.
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം.മിന്നല്‍ സമയത്ത് തുറസ്സായ സ്ഥലത്തും ടെറസിലും കുട്ടികള്‍ കളിക്കരുത്.തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ മുറ്റത്തേക്കോ പോകരുത്. ജനലും വാതിലും അടച്ചിടണം. മിന്നല്‍ ഏറ്റ ആളിന് പ്രഥമശുശ്രൂഷ നല്‍കാന്‍ മടിക്കരുത്. ഇടിമിന്നല്‍ ഉള്ള സമയം നിന്നുകൊണ്ടുള്ള പ്രസംഗം ഒഴിവാക്കണം. പ്രാസംഗികര്‍ ഉയര്‍ന്ന വേദികളില്‍ ഈ സമയങ്ങളില്‍ നില്‍ക്കരുത്. മൈക്ക് ഉപയോഗിക്കരുത്.ലോഹ വസ്തുക്കളുടെ സ്പര്‍ശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക. തുറസ്സായ സ്ഥലത്താണെങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല കാല്‍ മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക. ഇടിമിന്നലുള്ള സമയം ഫോണ്‍ ഉപയോഗിക്കരുത്. ഈ സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. വീടിനു പുറത്താണെങ്കില്‍ വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്.
മരട് ഫ്ലാറ്റ് വിവാദം;ഫ്ലാറ്റ് ഉടമകൾ ഇന്ന് മുതൽ ഒഴിഞ്ഞു തുടങ്ങും;ഉറപ്പുകള്‍ പാലിച്ചില്ലെങ്കില്‍ വീണ്ടും സമരം ആരംഭിക്കുമെന്ന് മുന്നറിയിപ്പ്
കൊച്ചി:മരടിലെ ഫ്ലാറ്റുകളിൽ നിന്നും ഫ്ലാറ്റുടമകൾ ഒഴിഞ്ഞു തുടങ്ങി.പുനരധിവാസത്തിന് ജില്ലാ ഭരണകൂടം കണ്ടെത്തിയ 510 ഫ്ലാറ്റുകളില്‍ ഏറ്റവും സൗകര്യപ്രദമായത് തെരഞ്ഞെടുത്ത് നഗരസഭയെ അറിയിക്കാന്‍ ഫ്‌ലാറ്റുടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.അനുയോജ്യമായ ഫ്ലാറ്റുകള്‍ കണ്ടെത്തി അറിയിച്ചാല്‍ എത്രയും വേഗം സാധന സാമഗ്രികള്‍ മാറ്റാനാവശ്യമായ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുമെന്ന് നഗരസഭ അറിയിച്ചിട്ടുണ്ട്. ഇതിന്റെ ചിലവും നഗരസഭ വഹിക്കും. ഇന്ന് മുതല്‍ നാല് ദിവസം മാത്രമാണ് ഒഴിപ്പിക്കല്‍ നടപടി പൂര്‍ത്തിയാകാന്‍ ശേഷിക്കുന്നത്. ഫ്ലാറ്റുകളില്‍ വാടകക്ക് താമസിക്കുന്നവര്‍ നേരത്തെ മുതല്‍ ഒഴിഞ്ഞ് തുടങ്ങിയിരുന്നു.വിദേശത്തുള്ളവരുടെ സാധന സാമഗ്രികള്‍ മൂന്നാം തിയതി ഫ്ലാറ്റുകളില്‍ നിന്ന് മാറ്റി ജില്ലാ ഭരണകൂടത്തിന്റെ സംരക്ഷണയില്‍ സൂക്ഷിക്കും. എട്ടാം തിയതിയോടെ പൊളിക്കാനുള്ള കമ്പനിയെ നിശ്ചയിച്ച് ഒൻപതാം തിയതി ഫ്ലാറ്റുകള്‍ കമ്പനിക്ക് കൈമാറും. പതിനൊന്നാം തിയതിയോടെ പൊളിക്കല്‍ ആരംഭിക്കും.രണ്ടാഴ്ചക്കുള്ളില്‍ നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന ഉറപ്പും കളക്ടര്‍ ഫ്ലാറ്റ് ഉടമകള്‍ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ ജില്ലാ കളക്ടര്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെങ്കില്‍ വീണ്ടും സമരം തുടങ്ങാനാണ് ഫ്ലാറ്റ് ഉടമകളുടെ തീരുമാനം.
മരട് ഫ്ലാറ്റ് വിവാദം;ഫ്ലാറ്റുടമകൾ നിരാഹാരസമരം ആരംഭിച്ചു
കൊച്ചി: പൊളിച്ചുമാറ്റാന്‍ സുപ്രീംകോടതി ഉത്തരവിട്ട മരട് ഫ്ലാറ്റ് സമുച്ചയങ്ങളിലെ താമസക്കാര്‍ നിരാഹാര സമരം തുടങ്ങി. ഇന്ന് ഇവരെ ഒഴിപ്പിക്കാനിരിക്കെയാണ് നിരാഹാരം ആരംഭിച്ചത്. സുപ്രീംകോടതി പ്രഖ്യാപിച്ച നഷ്ടപരിഹാരം ഒഴിയുന്നതിന് മുൻപ് വേണമെന്ന് ഫ്ളാറ്റ് ഉടമകള്‍ ആവശ്യപ്പെടുന്നു.ഫ്ളാറ്റുകളുടെ യഥാര്‍ത്ഥ വില നിശ്ചയിച്ചാവണം നഷ്ടപരിഹാരം. അടിയന്തിര നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നല്‍കാതെ ഫ്ളാറ്റുകള്‍ ഒഴിയില്ല എന്നും നിലപാടെടുത്താണ് സമരം ആരംഭിച്ചത്.ഇന്ന് മുതല്‍ ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിക്കുമെങ്കിലും നിര്‍ബന്ധപൂര്‍വ്വം ഫ്ലാറ്റുകളില്‍ നിന്ന് താമസക്കാരെ മാറ്റാനുളള നടപടികള്‍ ഉണ്ടാവില്ല. സബ് കലക്ടര്‍ ഫ്ലാറ്റുടമകളുമായി സംസാരിച്ച് പുനരധിവാസത്തിന് ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയിട്ടുള്ള സൌകര്യങ്ങള്‍ ഉടമകളെ ബോധ്യപ്പെടുത്തും. ഒക്ടോബര്‍ 3ന് മുന്‍പ് ഒഴിയുന്നതിന് ആവശ്യമായ എല്ലാ സൌകര്യങ്ങളും നഗരസഭ മുന്‍കൈയ്യെടുത്ത് ചെയ്തുകൊടുക്കും. ഒഴിയാനുള്ള സൌകര്യത്തിന്റെ ഭാഗമായി വെള്ളവും വൈദ്യുതിയും താല്‍ക്കാലികമായി പുനസ്ഥാപിക്കും. ഒഴിപ്പിക്കുന്നതിന് മുന്‍പ് നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡു ലഭിക്കുന്നതോടൊപ്പം താല്‍ക്കാലിക താമസ സൌകര്യം ഒരുക്കുന്ന ഫ്ലാറ്റുകളുടെ വാടക പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് താമസക്കാരുടെ ആവശ്യം. ഒക്ടോബര്‍ 9ന് പൊളിക്കാനുള്ള കമ്പനിക്ക് ഫ്ലാറ്റുകള്‍ കൈമാറി 11ന് പൊളിക്കല്‍ ആരംഭിക്കും. നിയന്ത്രിത സ്ഫോടനങ്ങളിലൂടെയായിരിക്കും ഫ്ലാറ്റുകള്‍ പൊളിക്കുക.
കടയില്‍ സാധനം വാങ്ങാന്‍ പോയ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജീപ്പിടിച്ച് മരിച്ചു
കണ്ണൂർ:കടയില്‍ സാധനം വാങ്ങാന്‍ പോയ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജീപ്പിടിച്ച് മരിച്ചു.തയ്യില്‍ കുറുവ റോഡിലെ നിതാല്‍ ഹൗസില്‍ സഹീർ-ഷറിന്‍ ദമ്പതികളുടെ മകന്‍ അയന്‍ സഹീര്‍(7) ആണ് മരിച്ചത്. ശനിയാഴ്ച്ച രാവിലെ 8.30ഓടെയായിരുന്നു അപകടം നടന്നത്.വീട്ടില്‍ നിന്നു തൊട്ടടുത്ത കടയിലേക്ക് സാധനം വാങ്ങാൻ പോകവെ കുട്ടിയെ ജീപ്പിടിക്കുകയായിരുന്നു. ദേഹത്ത് കൂടി ജീപ്പിന്റെ ചക്രം കയറിയിറങ്ങിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. കണ്ണൂരിലെ റിംസ് സ്കൂളിൽ രണ്ടാം തരം വിദ്യാര്‍ഥിയാണ് അയന്‍. ഉടന്‍ ജില്ലാ ആശുപത്രിയിലും ചാലയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരി: ഫാത്തിമ.
ഉപതെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി സ്ഥാനാര്‍ഥി പട്ടികയായി;വട്ടിയൂര്‍കാവില്‍ കുമ്മനം, കോന്നിയില്‍ കെ സുരേന്ദ്രന്‍
തിരുവനന്തപുരം:ഉപതെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി സ്ഥാനാര്‍ഥി പട്ടിക തയ്യാറായി.കുമ്മനം രാജശേഖരന്‍ വട്ടിയൂര്‍ക്കാവിലും കെ.സുരേന്ദ്രൻ കോന്നിയിലും മത്സരിക്കും.യുവമോര്‍ച്ചാ നേതാവ് പ്രകാശ് ബാബുവാണ് അരൂരിലെ സ്ഥാനാര്‍ഥി.എറണാകുളത്ത് രാജഗോപാലും മഞ്ചേശ്വരത്ത് സതീശ് ചന്ദ്ര ഭണ്ഡാരിയും മത്സരിക്കും.ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാവും. ഇന്നു തന്നെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഡല്‍ഹിയില്‍ യോഗം ചേര്‍ന്ന് പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം.വട്ടിയൂർക്കാവിൽ മത്സരിക്കാനില്ലെന്ന നിലപാടിലായിരുന്നു കുമ്മനം രാജശേഖരന്‍.എന്നാൽ കുമ്മനം തന്നെ മത്സരിക്കണമെന്നായിരുന്നു ജില്ലാ കമ്മിറ്റിയുടെ ആഗ്രഹം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭ തെരഞ്ഞെടുപ്പിലും മികച്ച മത്സരം കാഴ്ച വച്ചതും സ്ഥാനാർഥിയെന്ന നിലയിൽ ലഭിക്കുന്ന സ്വീകാര്യതയുമാണ് കുമ്മനം മത്സരിക്കണമെന്ന തീരുമാനത്തിന് പിന്നിൽ.മത്സരിക്കാനില്ലെന്ന നിലപാടിലായിരുന്നു കെ. സുരേന്ദ്രനും. എന്നാല്‍ കോന്നിയിലോ മഞ്ചേശ്വരത്തോ കെ.സുരേന്ദ്രന്‍ മല്‍സരിക്കണമെന്ന് ബി.ജെ.പി സംസ്ഥാന കമ്മിറ്റിയില്‍ ആവശ്യമുയർന്നിരുന്നു.
മരട് ഫ്ലാറ്റ് നിര്‍മാതാക്കളുടെ സ്വത്തുവകകള്‍ സുപ്രീംകോടതി കണ്ടുകെട്ടി
ന്യൂഡൽഹി:മരട് ഫ്ലാറ്റ് നിര്‍മാതാക്കളുടെ സ്വത്തുവകകള്‍ സുപ്രീംകോടതി കണ്ടുകെട്ടി. ഉടമകളുടെ അക്കൗണ്ടുകളും സുപ്രീംകോടതി മരവിപ്പിച്ചു. ഇന്നലെ പരിഗണിച്ച കേസിന്‍റെ വിധിപ്പകര്‍പ്പിലാണ് ഇക്കാര്യങ്ങള്‍ സുപ്രീംകോടതി വ്യക്തമാക്കിയത്.നഷ്ടപരിഹാരം നിശ്ചയിക്കുന്നതിന് ഹൈക്കോടതി ജഡ്ജ് കെ ബാലകൃഷ്ണന്‍ നായർ അധ്യക്ഷനായ സമിതിയേയും കോടതി നിയോഗിച്ചു.ഫ്ളാറ്റുകൾ ഒഴിപ്പിക്കുന്നതിന് സർക്കാർ തയ്യാറാക്കിയ കർമ്മ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു.ഫ്ലാറ്റുകളുടെ ഉടമകൾക്ക് താൽക്കാലിക നഷ്ടപരിഹാരമായി 25 ലക്ഷം രൂപ വീതം 4 ആഴ്ചയ്ക്കകം നൽകാൻ സംസ്ഥാന സർക്കാരിനോട് സുപ്രീംകോടതിയുടെ നിര്‍ദ്ദേശിച്ചിരുന്നു.
ആലുവയിലെ ഫ്ലാറ്റിൽ നിന്നും സ്ത്രീയുടെയും പുരുഷന്റെയും ഒരാഴ്ച പഴക്കമുള്ള മൃതദേഹങ്ങൾ കണ്ടെത്തി;കൊലപാതകമെന്ന് സംശയം
കൊച്ചി:ആലുവ തോട്ടക്കാട്ടുകരയിലുള്ള ഫ്ലാറ്റിൽ നിന്നും സ്ത്രീയുടെയും പുരുഷന്റെയും ഒരാഴ്ച പഴക്കമുള്ള മൃതദേഹങ്ങൾ കണ്ടെത്തി.ആലുവ ശിവരാത്രി മണപ്പുറത്തിന് സമീപമുള്ള അക്കാട്ട് ലെയിനിലെ ഫ്ലാറ്റിലാണ് തൃശ്ശൂര്‍ സ്വദേശികളായ സതീഷിനെയും മോനിഷയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഇവിടെ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് സമീപത്തെ മറ്റ് താമസക്കാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഫ്ലാറ്റിന്റെ വാതിലുകള്‍ തുറന്നു കിടന്ന നിലയിലായിരുന്നു. കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ്. മുറിയ്ക്കുള്ളില്‍ ബലപ്രയോഗങ്ങള്‍ നടന്നതിന്റെ സൂചനകളും പൊലീസ് പരിശോധിച്ചു വരികയാണ്.ഐഎംഎ ഡിജിറ്റല്‍ സ്റ്റുഡിയോ എന്ന പേരില്‍ വീഡിയോ എഡിറ്റിങ്ങിനായാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ നാല് പേരടങ്ങുന്ന ഇവരുടെ സംഘം ഫ്ലാറ്റ് വാടകയ്ക്ക് എടുത്തത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേരെ കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചു.
‘ഭീകരര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന രാജ്യമാണ് പാകിസ്ഥാന്‍’;യു.എന്നില്‍ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ
ന്യൂയോർക്:പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ഐക്യരാഷ്ട്രസഭയിലെ പൊതുസമ്മേളനത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി ഇന്ത്യ.മനുഷ്യാവകാശങ്ങളെ കുറിച്ചും ഭീകരവാദത്തെ കുറിച്ചും ഇന്ത്യയെ പഠിപ്പിക്കാന്‍ പാകിസ്ഥാന് ഒരു അവകാശവുമില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഫസ്റ്റ് സെക്രട്ടറി വിദിഷ മൈത്ര പറഞ്ഞു.ഐക്യരാഷ്ട്രസഭയുടെ പട്ടികയിലുള്ള ഭീകരര്‍ പാകിസ്ഥാനിലില്ലെന്ന് ഉറപ്പ് തരാന്‍ ഇമ്രാന്‍ ഖാന് കഴിയുമോ എന്നും വിദിഷ മൈത്ര ചോദിച്ചു. 2001ല്‍ അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിച്ച് തകര്‍ത്ത ഒസാമ ബിന്‍ലാദനെ ന്യായീകരിക്കുന്ന വ്യക്തിയാണ് ഇമ്രാന്‍ഖാനെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.’ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച പട്ടികയിലുള്ള 130 ഭീകരര്‍ക്കും 25 ഭീകരസംഘടനകള്‍ക്കും താവളം ഒരുക്കുന്ന രാജ്യമാണ് പാകിസ്ഥാന്‍. ഇവര്‍ പാകിസ്ഥാനിലില്ലെന്ന് ഇമ്രാന്‍ ഖാന് ഉറപ്പ് തരാന്‍ കഴിയുമോ? യു.എന്‍ പട്ടികയിലുള്ള ഭീകരര്‍ക്ക് പാകിസ്ഥാന്‍ പെന്‍ഷന്‍വരെ നല്‍കുന്നു. പാക് പ്രധാനമന്ത്രി ഭീകരവാദത്തെയും ഒസാമ ബിന്‍ലാദനെയും ന്യായീകരിക്കുന്ന വ്യക്തിയാണ്. പാകിസ്ഥാന്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നു. ജമ്മുകാശ്മീരിലെ വികസന പ്രവര്‍ത്തനങ്ങളുമായി ഇന്ത്യ മുന്നോട്ട് പോകും’-വിദിഷ മൈത്ര പറഞ്ഞു.ജമ്മുകാശ്‌മീരില്‍ രക്തച്ചൊരിച്ചിലിന് ഇന്ത്യയാണ് പദ്ധതിയിടുന്നതെന്നാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഐക്യരാഷ്‌ട്ര പൊതുസഭയില്‍ ആരോപിച്ചത്.ന്യൂക്ലിയര്‍ ശക്തികളായ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ യുദ്ധമുണ്ടായാല്‍ അത് ഇരു രാജ്യങ്ങളുടെയും അതിരുകള്‍ക്കുള്ളില്‍ ഒതുങ്ങില്ലെന്നായിരുന്നു ഇമ്രാന്റെ മുന്നറിയിപ്പ്.പ്രസംഗത്തിലുടനീളം കാശ്‌മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കെതിരായ നിലപാട് ആവര്‍ത്തിക്കുകയായിരുന്നു ഇമ്രാന്‍.
അപേക്ഷിച്ചാലുടന്‍ വൈദ്യുതി കണക്ഷന്‍ നൽകുന്ന ‘റാപിഡ് കണക്ഷൻ’ പദ്ധതിയുമായി കെഎസ്‌ഇബി
തിരുവനന്തപുരം:അപേക്ഷിച്ചാലുടന്‍ വൈദ്യുതി കണക്ഷന്‍ നൽകുന്ന ‘റാപിഡ് കണക്ഷൻ’ പദ്ധതിയുമായി കെഎസ്‌ഇബി. ഒന്നോ രണ്ടോ മണിക്കൂറിനുള്ളിലാണ് കണക്ഷന്‍ ലഭിക്കുന്നത്. മുന്‍പ് പുതിയ വൈദ്യുതി കണക്ഷനുവേണ്ടി വിവിധ ഘട്ടങ്ങളിലായി മൂന്നിനം ഫീസടയ്ക്കണമായിരുന്നു.പിന്നീട് അധികൃതരുടെ പരിശോധനകള്‍ പൂര്‍ത്തിയാക്കി കണക്ഷന്‍ ലഭിക്കാനായി ദിവസങ്ങള്‍ എടുക്കുമായിരുന്നു.എന്നാലിപ്പോള്‍ രേഖകള്‍ തയ്യാറാക്കി സെക്ഷന്‍ ഓഫീസിലെത്തുന്ന ഉപഭോക്താവിന് മൂന്നിനം ഫീസുകളും ഒന്നിച്ച് അടയ്ക്കാനാകും.തുടര്‍ന്ന് വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ മീറ്ററും സാധനസാമഗ്രികളുമായി കണക്ഷന്‍ നല്‍കേണ്ട സ്ഥലത്തെത്തി കണക്ഷന്‍ നല്‍കും.പുതിയ തൂണുകള്‍ സ്ഥാപിച്ചോ നിശ്ചിത ദൂരപരിധിയില്‍ കൂടുതലുള്ളതോ ആയ കണക്ഷനുകള്‍ തല്‍ക്കാലം റാപ്പിഡ് കണക്ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
മരട് ഫ്ലാറ്റ് വിവാദം;നാളെ മുതൽ നിരാഹാരസമരം ആരംഭിക്കുമെന്ന് ഫ്ലാറ്റുടമകൾ
കൊച്ചി: മരടിലെ ഫ്‌ളാറ്റുകളിലേക്കുള്ള വെള്ളവും വൈദ്യുതി വിതരണവും പുനസ്ഥാപിച്ചില്ലെങ്കില്‍ നാളെ മുതൽ നിരാഹാരസമരം ആരംഭിക്കുമെന്ന് ഫ്ലാറ്റുടമകൾ. നിബന്ധനകള്‍ അംഗീകരിക്കുന്ന പക്ഷം ഫ്‌ളാറ്റുകള്‍ സ്വമേധയാ ഒഴിയാമെന്നും ഇവര്‍ പറയുന്നു. ഫ്‌ളാറ്റുകളിലേക്കുള്ള വെള്ളവും വൈദ്യുതിയും പുനസ്ഥാപിക്കുക, നഷ്ട പരിഹാരമായ 25 ലക്ഷം രൂപ ഫ്‌ളാറ്റ് ഒഴിയുന്നതിന് മുൻപ് നല്‍കുക ,തങ്ങള്‍ക്കു കൂടി ബോധ്യപ്പെട്ട തരത്തില്‍ പുനരധിവാസം നടത്തുക എന്നിവയാണ് ഇവര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങള്‍.മരടില്‍ പൊളിക്കുന്ന ഫ്‌ളാറ്റുകളുടെ ഉടമകള്‍ക്ക് 25 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാന്‍ കഴിഞ്ഞദിവസം കോടതി ഉത്തരവിട്ടിരുന്നു. നാലാഴ്ചയ്ക്കകം സംസ്ഥാന സര്‍ക്കാര്‍ ആ തുക നല്‍കാനായിരുന്നു കോടതി ഉത്തരവ്.തുക ഫ്‌ളാറ്റ് നിര്‍മാതാക്കളില്‍ നിന്നും ഈടാക്കാനാണ് കോടതി നിര്‍ദ്ദേശം.2020 ഫെബ്രുവരി ഒൻപതിനകം ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുമാറ്റി സ്ഥലം പൂര്‍വ്വ സ്ഥിതിയിലാക്കാമെന്ന സര്‍ക്കാരിന്റെ സത്യവാങ് മൂലവും കോടതി അംഗീകരിച്ചിരുന്നു.