തിരുവനന്തപുരം:ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെക്കുള്ള നാമനിർദേശ പത്രിക പിന്‍വലിക്കാനുള്ള സമയ പരിധി നാളെ അവസാനിക്കും.നാളെ വൈകുന്നേരം മൂന്ന് മണി വരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയം.44 സ്ഥാനാര്‍ഥികളാണ് നേരത്തെ പത്രിക സമര്‍പ്പിച്ചിരുന്നത്. ഇതില്‍ ഒൻപത് പേരുടെ പത്രിക സൂക്ഷ്മ പരിശോധനയില്‍ തള്ളിപ്പോയി.നിലവില്‍ 35 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. പത്ത് പേര്‍ മത്സരിക്കുന്ന എറണാകുളത്താണ് ഏറ്റവുമധികം സ്ഥാനാര്‍ഥികളുള്ളത്. സ്വതന്ത്ര സ്ഥാനാര്‍ഥികളുടെ ചിഹ്നം പത്രിക പിന്‍വലിക്കുന്ന നാളെ മൂന്നു മണിക്ക് ശേഷം തീരുമാനിക്കും. പ്രമുഖ സ്ഥാനാര്‍ഥികളെല്ലാം പ്രചാരണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഐ.എസ്.ആര്‍.ഒയിലെ മലയാളി ശാസ്ത്രജ്ഞനെ അപ്പാര്‍ട്ട്‌മെന്റില്‍ തലക്കടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി
ഹൈദരാബാദ്: ഐ.എസ്.ആര്‍.ഒയിലെ മലയാളി ശാസ്ത്രജ്ഞന്‍ എസ്.സുരേഷിനെ (56) ഹൈദരാബാദിലെ അപ്പാര്‍ട്ട്‌മെന്റില്‍ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ ഓഫീസില്‍ എത്താത്തതിനേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാത്രിയോടെയാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.കൊലപാതകമാണെന്നാണ് പോലീസിന്റെ നിഗമനം.ഐ.എസ്.ആര്‍.ഒക്കു കീഴിലുള്ള ഹൈദരാബാദിലെ നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്ററിലെ (എന്‍.ആര്‍.എസ്.സി) ശാസ്ത്രജ്ഞനാണ് സുരേഷ്. അമീര്‍പേട്ടിലെ അന്നപൂര്‍ണ അപ്പാര്‍ട്ട്‌മെന്റില്‍ തനിച്ചാണ് അദ്ദേഹത്തിന്റെ താമസം. ചൊവ്വാഴ്ച സഹപ്രവര്‍ത്തകര്‍ ഫോണില്‍ വിളിച്ചിട്ട് കിട്ടാതിരുന്നപ്പോള്‍ ചെന്നൈയിലായിരുന്ന ഭാര്യയെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് ഭാര്യയും ബന്ധുക്കളും പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി വാതില്‍ കുത്തിത്തുറന്നപ്പോഴാണ് സുരേഷിന്റെ മൃതദേഹം കണ്ടെത്തിയത്.ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. സംഭവ സ്ഥലത്ത് നിന്നും കൃത്യംചെയ്തവരെ കുറിച്ച് സൂചനകള്‍ ലഭിച്ചതായി പോലീസ് പറഞ്ഞു.ഭാരമേറിയ വസ്‌തു ഉപയോഗിച്ച് തലയില്‍ അടിയേറ്റതാണ് സുരേഷിന്‍റെ മരണത്തിനിടയാക്കിയതാണെന്നുമാണ് പോലീസ് പറയുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ഫോറന്‍സിക് വിദഗ്ദരും സംഭവസ്ഥലം സന്ദര്‍ശിക്കുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. അപ്പാര്‍ട്ടമെന്‍റിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ 20 വര്‍ഷമായി സുരേഷ് ഹൈദരാബാദിലുണ്ട്. ഭാര്യ ചെന്നൈയില്‍ ബാങ്ക് ഉദ്യോഗസ്ഥയാണ്.
ഒരു വര്‍ഷം തുടർച്ചയായി മല്‍സ്യം കഴിച്ചാല്‍ 1.5 കിലോ പ്ലാസ്റ്റിക് നമ്മുടെ ശരീരത്തിലെത്തുമെന്ന് വിദഗ്‌ദ്ധ പഠനം
കൊച്ചി:ഒരു വര്‍ഷം തുടര്‍ച്ചയായി മല്‍സ്യം കഴിച്ചാല്‍ 1.5 കിലോ വരെ പ്ലാസ്റ്റിക് നമ്മുടെ ശരീരത്തിലെത്തുന്ന രീതിയില്‍ കടലില്‍ മലിനീകരണം വ്യാപിച്ചിരിക്കുകയാണെന്ന് ദുരന്തനിവാരണ അതോറിറ്റി ഹസാഡ് അനലിസ്റ്റ് നിഥിന്‍ ഡേവിസ്. കരയിലെ മലിനീകരണം പോലെ തന്നെ കടലിലെ മാലിന്യവും മനുഷ്യരുടെ നിലനില്‍പിനെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.കാര്‍ബണ്‍ ന്യൂട്രല്‍ കേരളം സാധ്യമാക്കുന്നതില്‍ കുട്ടികളുടെ പങ്കിനെക്കുറിച്ച് അധ്യാപക സംഗമത്തില്‍ ക്ലാസ് നയിക്കുകയായിരുന്നു നിഥിന്‍. കാര്‍ബണ്‍ ന്യൂട്രല്‍ ആശയത്തിന്റെ പ്രസക്തി വീട്ടിലും നാട്ടിലുമെത്തിക്കാന്‍ നല്ലപാഠത്തിലൂടെ കുട്ടികള്‍ക്കു കഴിഞ്ഞു. സ്വന്തം ക്ലാസ് മുറിയും സ്കൂളും വീടും കാര്‍ബണ്‍ ന്യൂട്രല്‍ ആക്കി മാറ്റാനുള്ള ശ്രമങ്ങള്‍ കുട്ടികളുടെ ഭാഗത്തു നിന്നുണ്ടായാല്‍ തന്നെ വലിയ നേട്ടമാകുമെന്നും അദ്ദേഹം പറഞ്ഞു
റേഷന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഒക്ടോബര്‍ 31 വരെ നീട്ടി
തിരുവനന്തപുരം: റേഷന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഒക്ടോബര്‍ 31 വരെ നീട്ടി. ഇതുസംബന്ധിച്ച കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് ഇന്നലെ സിവില്‍ സപ്ലൈസ് വകുപ്പിന് ലഭിച്ചു. റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഇന്നലെ വരെയായിരുന്നു നിശ്ചയിച്ചിരുന്നത്. സമയപരിധി നീട്ടണമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി പി.തിലോത്തമന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.റേഷന്‍ കടയില്‍ നിന്ന് ഇ പോസ് മെഷിന്‍ വഴി ആധാര്‍, റേഷന്‍ കാര്‍ഡുകള്‍ ലിങ്ക് ചെയ്യാന്‍ കഴിയും. കൂടാതെ അക്ഷയ കേന്ദ്രങ്ങള്‍, താലൂക്ക് സപ്‌ളൈ ഓഫിസുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലിങ്ക് ചെയ്യാനാകും. അവശത അനുഭവിക്കുന്ന ഉപഭോക്താക്കളുടെ വീടുകളില്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരെത്തി ലിങ്ക് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
കോട്ടയത്ത് അതിതീവ്ര മിന്നലില്‍ വീട് തകര്‍ന്നു
കോട്ടയം:കോട്ടയത്ത് അതിതീവ്ര മിന്നലില്‍ വീട് തകര്‍ന്നു.എരുമേലിയില്‍ കൊട്ടിത്തോട്ടം ചീരംകുളം കുട്ടിയുടെ വീടാണ് ശക്തമായ ഇടിമിന്നലില്‍ തകര്‍ന്നത്. ഇടിമിന്നലിന്റെ ആഘാതത്തില്‍ വീടിന്റെ മുന്‍ഭാഗത്തെ ഭിത്തി തുരന്ന് അകത്തു കയറി രണ്ടാമത്തെ ഭിത്തിയും തുരന്നു കയറുകയായിരുന്നു.ശുചിമുറിയിലെ ടൈലുകളും ചിന്നിച്ചിതറി.തലനാരിഴയ്ക്കാണ് വീട്ടുകാർ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.മെയിന്‍ സ്വിച്ചും വയറിങും പൂര്‍ണ്ണമായും തകര്‍ന്നു. മെയിന്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ കുട്ടിയുടെ ഭാര്യ ശ്രമിക്കുമ്പോഴായിരുന്നു മിന്നല്‍.കഴിഞ്ഞ ദിവസം വൈകീട്ട് പെയ്ത മഴയോടൊപ്പം വന്ന തീവ്ര ഇടിമിന്നലിലാണ് വീട് തകര്‍ന്നത്. സംസ്ഥാനത്ത് ദുരന്ത നിവാരണ അതോറിറ്റി നേരത്തെ ഇടിമിന്നലിന്റെ കനത്ത ജാഗ്രത നിര്‍ദേശവും മുന്നറിയിപ്പും നല്‍കിട്ടുണ്ട്.
ബന്ദിപ്പൂര്‍ പാതയിലെ യാത്രാനിരോധനം;രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: ബന്ദിപ്പൂര്‍ പാതയിലെ യാത്രാ നിരോധനവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.രാത്രി യാത്രാനിരോധനം ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ഇതിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി രാഹുല്‍ പറഞ്ഞു.വയനാട്ടിലെ ജനങ്ങള്‍ വലിയ പ്രതിസന്ധിയിലാണെന്നും ജനങ്ങളുടെ ആശങ്ക മുഖ്യമന്ത്രിയെ അറിയിച്ചെന്നും കൂടിക്കാഴ്ചക്ക് ശേഷം രാഹുല്‍ ഗാന്ധി വ്യക്തമാക്കി.അതേസമയം ബന്ദിപ്പൂര്‍ രാത്രിയാത്ര നിരോധനം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്യുന്നുണ്ടെന്നും വിഷയം എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞതായി രാഹുല്‍ ഗാന്ധി വ്യക്തമാക്കി.രാത്രിയാത്രാ നിരോധനത്തിനെതിരെ ബത്തേരിയില്‍ വിവിധ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ ആരംഭിച്ച ഉപവാസ സമരത്തിന് വയനാട് എംപി രാഹുല്‍ ഗാന്ധി പിന്തുണ അറിയിച്ചിരുന്നു. ഒക്ടോബര്‍ മൂന്നിന് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തും.
സവാള വില നിയന്ത്രിക്കാന്‍ വിപണിയിൽ നിയന്ത്രണങ്ങളുമായി സംസ്ഥാന സർക്കാർ; നാസിക്കില്‍ നിന്ന് സപ്ലൈക്കോ വഴി ഉള്ളിയെത്തിക്കും
തിരുവനന്തപുരം:കുതിച്ചുയരുന്ന സവാള വില നിയന്ത്രിക്കാന്‍ വിപണിയിൽ നിയന്ത്രണങ്ങളുമായി സംസ്ഥാന സർക്കാർ.നാസിക്കില്‍ നിന്ന് സപ്ലൈക്കോ വഴി ഉള്ളിയെത്തിക്കും.കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഫെഡ് മുഖേന നാസിക്കില്‍ നിന്ന് സവാള എത്തിക്കാനാണ് നീക്കം. വ്യാഴാഴ്ച നാഫെഡ് വഴി സവാള എത്തിക്കും. സപ്ലൈക്കോ ഉദ്യോഗസ്ഥര്‍ ഇതിനായി നാസിക്കില്‍ എത്തി. 50 ടണ്‍ സവാളയാണ് എത്തിക്കുന്നത്. ഇത് സപ്ലൈകോ മുഖേന കിലോയ്ക്ക് 35 രൂപ വിലയില്‍ വില്‍ക്കും. വരും ദിവസങ്ങളില്‍ കൂടുതല്‍ സവാള എത്തിക്കാനും ഭക്ഷ്യവകുപ്പ് ശ്രമിക്കുന്നുണ്ട്. നിലവില്‍ സംസ്ഥാനത്ത് 50 രൂപയ്ക്കും മുകളിലാണ് സവാള വില. ഉള്ളിവില രാജ്യത്തെമ്പാടും കുതിച്ചുയരുന്ന സാഹചര്യത്തിലാണ് കേരളത്തില്‍ സവാള വില നിയന്ത്രിക്കാനുള്ള നടപടികളെക്കുറിച്ച് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് ആലോചിച്ച് തുടങ്ങിയത്. ഇതിന്‍റെ ഭാഗമായാണ് കേന്ദ്ര ഏജന്‍സിയായ നാഫെഡ് വഴി സവാള സംഭരിക്കാനും അത് കുറഞ്ഞ വിലയില്‍ കേരളത്തിലെത്തിച്ച് വിതരണം ചെയ്യാനുമുള്ള പദ്ധതി തയ്യാറാക്കിയത്.മഹാരാഷ്ട്രയും മദ്ധ്യപ്രദേശും കഴിഞ്ഞാല്‍ കര്‍ണാടകയാണ് സവാള ഉത്പാദനത്തില്‍ രാജ്യത്ത് മൂന്നാംസ്ഥാനത്ത്. കാലാവസ്ഥാവ്യതിയാനം മൂലം അവിടെ ഈ വര്‍ഷം ഉത്പാദനം കുറഞ്ഞിരുന്നു. കനത്ത മഴ മഹാരാഷ്ട്ര, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലെ വിളവെടുപ്പിനെയും സാരമായി ബാധിച്ചു.ഇതാണ് വിലവർധനയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
പെരിയ ഇരട്ടക്കൊലക്കേസ് സിബിഐ അന്വേഷിക്കും; ക്രൈം ബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം റദ്ദാക്കി
കാസർകോഡ്:പെരിയ ഇരട്ടക്കൊലക്കേസ് സിബിഐ അന്വേഷിക്കും.കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.അന്വേഷണ സംഘത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് കേസ് സിബിഐക്കു വിട്ടുകൊണ്ടുള്ള ഉത്തരവില്‍ ഹൈക്കോടതി നടത്തിയത്.പൊലീസ് നല്‍കിയ അന്വേഷണത്തില്‍ രാഷ്ട്രീയ ചായ്‌വ് പ്രകടമാണെന്ന് കോടതി കുറ്റപ്പെടുത്തി.മാത്രമല്ല കേസില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം സിംഗിള്‍ ബെഞ്ച് റദ്ദാക്കുകയും ചെയ്തു.പ്രതികളെ മാത്രം വിശ്വാസത്തിലെടുത്തു കൊണ്ടുള്ള കുറ്റപത്രമാണ് പൊലീസ് സമര്‍പ്പിച്ചിരിക്കുന്നതെന്ന് കോടതി കുറ്റപ്പെടുത്തി. പ്രതികളുടെ വാക്കുകള്‍ സുവിശേഷം പോലെയാണ് അന്വേഷണ സംഘം കണ്ടത്. സാക്ഷികള്‍ പറഞ്ഞ കാര്യങ്ങള്‍ക്കു വേണ്ടത്ര പ്രാധാന്യം പൊലീസ് കല്‍പ്പിച്ചിട്ടില്ല. ഫൊറന്‍സിക് സര്‍ജന്റെ മൊഴി പൊലീസ് യഥാസമയം രേഖപ്പെടുത്തിയിട്ടില്ല. ഈ കുറ്റപത്രം വച്ചുകൊണ്ടു വിചാരണ നടത്തിയാല്‍ ഒരാള്‍ പോലും ശിക്ഷിക്കപ്പെടില്ലെന്ന കോടതി നിരീക്ഷിച്ചു. കേസില്‍ സി.പി.ഐ.എം പ്രാദേശിക നേതാവ് പീതാംബരന്‍ അടക്കം ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയിതിരുന്നു.എന്നാല്‍ കേസില്‍ സി.പി.എം ഉന്നത നേതാക്കളുടെ പങ്കിനു തെളിവില്ലെന്നു ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു.കാസര്‍കോട്ടെ പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ കല്ലിയോട്ടുവച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനും കൃപേഷിനും വെട്ടേറ്റത്. പെരുങ്കളിയാട്ടത്തിന്റെ സംഘാടകസമിതി യോഗത്തിന് ശേഷം ബൈക്കില്‍ വീട്ടില്‍ പോകുന്നതിനിടെയായിരുന്നു ഇരുവര്‍ക്കും നേരെയുള്ള ആക്രമണം. ജീപ്പിലെത്തിയ അക്രമി സംഘം ബൈക്ക് ഇടിച്ചിട്ടശേഷം ഇരുവരെയും വെട്ടുകയായിരുന്നു.
നീറ്റ് പരീക്ഷാ തട്ടിപ്പ്; തൃശൂര്‍ സ്വദേശിയായ വിദ്യാര്‍ഥിയും പിതാവും അറസ്റ്റിൽ
തൃശ്ശൂര്‍:നീറ്റ് പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ തൃശൂര്‍ സ്വദേശിയായ വിദ്യാര്‍ഥിയും പിതാവുമുള്‍പ്പെടെയുള്ളവരെ തമിഴ്‌നാട് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റുചെയ്തു.തൃശൂര്‍ സ്വദേശിയും ശ്രീബാലാജി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിയുമായ രാഹുല്‍, പിതാവ് ഡേവിഡ് എന്നിവരെയാണ് തമിഴ്‌നാട് സി.ബി.സി.ഐ.ഡി. അറസ്റ്റു ചെയ്തത്.എസ്.ആര്‍.എം. മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥി പ്രവീണ്‍, അച്ഛന്‍ ശരവണന്‍, സത്യസായി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനി അഭിരാമി എന്നിവരും ഇവര്‍ക്കൊപ്പം അറസ്റ്റിലായിട്ടുണ്ട്. തേനി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിയായ ഉദിത് സൂര്യയില്‍ നിന്നാണ് ആള്‍മാറാട്ട കേസിന്റെ സൂചനകള്‍ ലഭിച്ചത്.
തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്‍ തിരുവനന്തപുരത്തെ കോച്ചിംഗ് സെന്റര്‍ ഉടമ ജോര്‍ജ് ജോസഫാണെന്ന് വ്യക്തമായിട്ടുണ്ട്.ചെന്നൈയിലെ ഇടനിലക്കാര്‍ വഴി ഇരുപത്തിമൂന്ന് ലക്ഷം കൈമാറിയെന്നും എന്നാല്‍ പരീക്ഷ എഴുതിയത് ആരെന്ന് അറിയില്ലെന്നുമാണ് രക്ഷിതാവിന്റെ മൊഴി.തമിഴനാട് അന്വേഷണ സംഘം തൃശൂരിലെത്തുമെന്നും സൂചനയുണ്ട്.കേസിലെ പ്രധാന പ്രതികളായ തേനി മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥി ഉദിത് സൂര്യയും പിതാവ് ഡോ.കെ.എസ് വെങ്കടേശും നേരത്തെ അറസ്റ്റിലായിരുന്നു.ഉദിത് സൂര്യയ്ക്ക് പകരമാണ് മറ്റൊരാള്‍ ആള്‍മാറാട്ടം നടത്തി നീറ്റ് പരീക്ഷയെഴുതിയത്. രണ്ടു തവണ പരീക്ഷയില്‍ പരാജയപ്പെട്ട മകനെ എങ്ങനെയെങ്കിലും ഡോക്ടറാക്കാനുള്ള ആഗ്രഹം കൊണ്ടാണ് ആള്‍മാറാട്ടം നടത്തിയതെന്നും പകരം പരീക്ഷയെഴുതിയ ആള്‍ക്ക് പ്രതിഫലമായി 20 ലക്ഷം രൂപ നല്‍കിയതായും ഉദിത് സൂര്യയുടെ പിതാവ് ചെന്നൈ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍ കെ.എസ് വെങ്കടേശ് അന്വേഷണസംഘത്തോട്‍ വെളിപ്പെടുത്തിയിരുന്നു.
കാസർകോട് നിന്നും ഐ എസില്‍ ചേര്‍ന്ന എട്ടുപേർ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു; കൊല്ലപ്പെട്ടത് അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍
കാസർകോട്:കാസര്‍കോടു നിന്നും രാജ്യാന്തര ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റി(ഐഎസ്)ലേക്ക് ചേർന്ന എട്ടുപേര്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)യുടെ സ്ഥിരീകരണം.ഇതു സംബന്ധിച്ചു മരിച്ചവരുടെ കേരളത്തിലെ ബന്ധുക്കള്‍ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നുവെങ്കിലും സ്ഥിരീകരണം ഉണ്ടായിരുന്നില്ല.പടന്ന സ്വദേശികളായ മുഹമ്മദ് മുര്‍ഷിദ്, ഹഫീസുദ്ദീന്‍, ഷിഹാസ്, അജ്മല, തൃക്കരിപ്പൂരിലെ സര്‍വീസ് സഹകരണ ബാങ്കിനു സമീപം താമസിക്കുന്ന മുഹമ്മദ് മര്‍വന്‍, ഇളമ്ബച്ചിയിലെ മുഹമ്മദ് മന്‍ഷാദ്, പാലക്കാട് സ്വദേശികളായ ബാസ്റ്റിന്‍, ഷിബി എന്നിവരാണ് വിവിധ ഘട്ടങ്ങളിലായി കൊല്ലപ്പെട്ടതെന്നാണ് എന്‍ ഐ എയുടെ സ്ഥിരീകരണം. അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ നംഗര്‍ഹാര്‍ പ്രവിശ്യയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണു എട്ടുപേരും കൊല്ലപ്പെട്ടതെന്നാണു കേരള പോലീസിനെ എന്‍ഐഎ അറിയിച്ചത്. കൂടുതല്‍ നടപടികള്‍ക്കായി എന്‍ഐഎ അഫ്ഗാന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ട്. തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ അബ്ദുര്‍ റാഷിദ് അബ്ദുല്ലയുടെ നേതൃത്വത്തില്‍ ഐഎസില്‍ ചേര്‍ന്ന 23 പേരില്‍ ഉള്‍പ്പെട്ടവരാണ് മരിച്ച എട്ടു പേരും. അബ്ദുര്‍ റാഷിദും ഒപ്പമുള്ളവരും ടെലഗ്രാമിലൂടെ പല ഘട്ടങ്ങളായി ബന്ധുക്കളെ അറിയിച്ച മരണങ്ങള്‍ക്കാണ് ഇപ്പോള്‍ സ്ഥിരീകരണമുണ്ടായിരിക്കുന്നത്.