ന്യൂഡല്‍ഹി:നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളുടെ പകര്‍പ്പ് ലഭിക്കാൻ തനിക്ക് അവകാശമുണ്ടെന്ന് വാദിച്ച് നടന്‍ ദിലീപ് സുപ്രീംകോടതിയില്‍. ദൃശ്യങ്ങള്‍ക്കൊപ്പമുള്ള സ്ത്രീ ശബ്ദത്തില്‍ കൃത്രിമം നടത്തിയിട്ടുണ്ട്. ഇത് തെളിയിക്കാന്‍ ദൃശ്യങ്ങള്‍ ക്ലോണ്‍ ചെയ്ത് നല്‍കണമെന്നും സുപ്രീംകോടതിയില്‍ എഴുതി തയ്യാറാക്കിയ വാദത്തില്‍ ദിലീപ് ആവശ്യപ്പെട്ടു.അതേസമയം, ദിലീപിന് ദൃശ്യങ്ങളുടെ പകര്‍പ്പു നല്‍കാന്‍ പാടില്ലെന്നും മറിച്ചാണു കോടതിയുടെ തീരുമാനമെങ്കില്‍ ദുരുപയോഗം തടയാന്‍ കടുത്ത നിബന്ധനകള്‍ വയ്ക്കണമെന്നും സംസ്ഥാന സര്‍ക്കാരും വാദം ഉന്നയിച്ചു. കേസിന് ആധാരമാക്കുന്ന രേഖയെന്ന നിലയ്ക്കു ദൃശ്യങ്ങളുടെ പകര്‍പ്പ് പ്രതിക്ക് അവകാശപ്പെട്ടതാണെന്നും അതിലെ തിരിമറികള്‍ ഫോറന്‍സിക് പരിശോധനയിലൂടെ തെളിയിക്കാനാവുമെന്നും ദിലീപിനുവേണ്ടി മുകുള്‍ റോഹത്ഗി നേരത്തെ വാദിച്ചിരുന്നു.എന്നാല്‍, ദൃശ്യങ്ങള്‍ പകര്‍ത്തുകയെന്നതായിരുന്നു ലക്ഷ്യമെന്നും ആ ദൃശ്യങ്ങളുടെ പകര്‍പ്പു നല്‍കുന്നത് നടിയുടെ സ്വകാര്യത സംബന്ധിച്ച മൗലികാവകാശത്തിന്റെ ലംഘനമാകുമെന്നും ഇടപെടല്‍ അപേക്ഷ നല്‍കിയ നടിക്കുവേണ്ടി ആര്‍ ബസന്തും കെ രാജീവും കഴിഞ്ഞ മാസം കോടതിയില്‍ വാദിച്ചിരുന്നു.വിചാരണക്കോടതി നേരത്തെ അനുവദിച്ചതുപോലെ ദൃശ്യങ്ങള്‍ കാണുന്നതിന് പ്രതിക്കു തടസ്സമില്ലെന്നും പകര്‍പ്പ് നല്‍കുന്നത് ദുരുപയോഗത്തിനു വഴിവയ്ക്കുമെന്നുമാണ് സര്‍ക്കാരിന്റേയും വാദം.
കണ്ണൂര്‍ വിമാനത്താവള ഓഹരിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ കോടിയേരി ബാലകൃഷ്ണനെതിരെ മാണി.സി.കാപ്പൻ സിബിഐക്ക് നൽകിയ മൊഴി പുറത്ത് വിട്ട് ഷിബു ബേബി ജോൺ
കൊച്ചി: കണ്ണൂര്‍ വിമാനത്താവള ഓഹരിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മകന്‍ ബിനീഷ് കോടിയേരിക്കുമെതിരെ സിബിഐക്ക് മുൻപാകെ മാണി സി കാപ്പന്‍ നല്‍കിയ മൊഴിയുടെ രേഖകള്‍ പുറത്ത്. ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണാണ് പാലായില്‍ നിന്നും ഇടത് സ്ഥാനാര്‍ത്ഥിയായി ജയിച്ച മാണി സി കാപ്പന്‍ നല്‍കിയ മൊഴിയുടെ രേഖകള്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്.കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരികള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് കോടിയേരിബാലകൃഷ്ണനും മകന്‍ ബിനീഷ് കോടിയേരിക്കും മുംബൈ മലയാളി ദിനേശ് മേനോന്‍ പണം നല്‍കിയെന്നു സൂചിപ്പിക്കുന്ന മാണി സി. കാപ്പന്റെ നിര്‍ണായക മൊഴിയുടെ പകര്‍പ്പാണു ഷിബു ബേബിജോണ്‍ പുറത്തുവിട്ടിരിക്കുന്നത്.സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ദിനേശ് മാണി സി കാപ്പനെതിരെ പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് 2013ല്‍ കാപ്പന്‍ നല്‍കിയ മൊഴിയാണ് ഷിബു ബേബി ജോണ്‍ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.
ഷിബു ബേബി ജോണിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
മാണി സി കാപ്പന്‍ 3.5 കോടി രൂപ തട്ടിയെടുത്തെന്ന് മുംബൈ മലയാളി വ്യവസായി ദിനേശ് മേനോന്‍ സിബിഐക്ക് പരാതി നല്‍കിയിരുന്നു.!
സിബിഐയുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടിയില്‍ മാണി സി കാപ്പന്‍ പറയുന്നത് –
‘കണ്ണൂര്‍ എയര്‍പോര്‍ട്ട് ഷെയറുകള്‍ വിതരണം ചെയ്യാന്‍ പോകുമ്ബോള്‍, ദിനേശ് മേനോന് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനെയും അദ്ദേഹത്തിന്റെ മകന്‍ ബിനീഷിനെയും പരിചയപ്പെടണം, ഞാന്‍ അവരെ ദിനേശ് മേനോന് പരിചയപ്പെടുത്തി. പണം കൊടുക്കല്‍ നടത്തിയതിന് ശേഷം ദിനേശ് മേനോന്‍ എന്നോട് പറഞ്ഞപ്പോളാണ് ചില പേയ്മെന്റുകള്‍ ദിനേശ് മേനോന്‍ നടത്തിയെന്ന് ഞാന്‍ മനസ്സിലാക്കിയത്’
– ഈ വിഷയത്തില്‍ ഉള്‍പ്പെട്ടവരോട് സംസാരിക്കാമെന്ന് പറഞ്ഞുവെന്നും മാണി സി കാപ്പന്‍ സിബിഐക്ക് നല്‍കിയ മറുപടിയില്‍ പറഞ്ഞിരിക്കുന്നു.!
ഇനി അറിയാന്‍ താല്‍പര്യം, ഇപ്പോള്‍ എല്‍ഡിഎഫ് എംഎല്‍എയായ മാണി സി കാപ്പന്‍, നിലവിലെ സിപിഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പേര് പരാമര്‍ശിച്ച് സിബിഐക്ക് എഴുതിനല്‍കിയ ഈ മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ?
കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായിരുന്ന ഇപ്പോഴത്തെ സിപിഐ (എം) സംസ്ഥാന സെക്രട്ടറിക്കും മകനും കൈക്കൂലി കൊടുത്തതു സംബന്ധിച്ച് സിബിഐയ്ക്ക് മൊഴി നല്‍കിയ മാണി സി കാപ്പന്‍ ഇപ്പോള്‍ ഇടതുമുന്നണിയുടെ എംഎല്‍എയാണ്. ഇക്കാര്യത്തില്‍ നിജസ്ഥിതി അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശമുണ്ട്.!
പാലാരിവട്ടം പാലം അഴിമതി കേസില്‍ ടിഒ സൂരജടക്കമുള്ള നാല് പ്രതികളുടെ റിമാന്‍ഡ് കാലാവധി ഈ മാസം 17 വരെ നീട്ടി
കൊച്ചി:പാലാരിവട്ടം പാലം അഴിമതി കേസില്‍ ടിഒ സൂരജടക്കമുള്ള നാല് പ്രതികളുടെ റിമാന്‍ഡ് കാലാവധി ഈ മാസം 17 വരെ നീട്ടി.ഒന്നാം പ്രതി സുമിത് ഗോയല്‍, രണ്ടാം പ്രതിയും കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മന്റെ് കോര്‍പറേഷന്‍ അസിസ്റ്റന്റ് ജനറല്‍ മാനേജരുമായ എം.ടി തങ്കച്ചന്‍, മൂന്നാം പ്രതിയും കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജരുമായ ബെന്നി പോള്‍ എന്നിവരുടെ റിമാന്‍ഡ് കാലാവധിയും നീട്ടിയിട്ടുണ്ട്.നാല് പ്രതികളുടെയും റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കാനിരിക്കവേയാണ് വിജിലന്‍സ് കോടതി വീണ്ടും കാലാവധി നീട്ടിയത്. അതേസമയം പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.ജാമ്യം നല്‍കരുതെന്നാണ് വിജിലന്‍സ് കഴിഞ്ഞ ദിവസം വാദിച്ചത്. ഇതിന്റെ തുടര്‍ വാദവും ഇന്ന് കോടതിയില്‍ നടക്കും.ടി.ഒ സൂരജിനെതിരെ കൂടുതല്‍ തെളിവുകള്‍ ഉല്‍ക്കൊള്ളിച്ചു കൊണ്ടുള്ള പുതിയ സത്യവാങ്മൂലം വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പാലം നിര്‍മ്മാണ സമയത്ത് സൂരജ് കൊച്ചിയില്‍ കോടികളുടെ സ്വത്ത് വാങ്ങിയെന്നും കോടികളുടെ കള്ളപ്പണ ഇടപാട് നടന്നുവെന്നും വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുണ്ട്.
പാലാരിവട്ടം പാലം അഴിമതി കേസ്;ടി.ഓ സൂരജ് അടക്കമുള്ള പ്രതികളുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും
കൊച്ചി:പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ. സൂരജ് അടക്കമുള്ളവരുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. ഇവരുടെ റിമാന്‍ഡ് പുതുക്കുന്നതിനായി ടി.ഒ. സൂരജ് ഉള്‍പ്പടെ നാലുപേരെയും കൊച്ചിയിലെ ക്യാമ്പ് സിറ്റിങ്ങില്‍ പോലീസ് എത്തിക്കും. പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയും ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് വിജിലന്‍സ് കഴിഞ്ഞ ദിവസം കോടതിയില്‍ പറഞ്ഞിരുന്നു.ഇതിന്റെ തുടര്‍വാദവും കോടതിയില്‍ ഇന്ന് നടക്കും.ടി.ഒ. സൂരജിനെതിരെ കൂടുതല്‍ തെളിവുകള്‍ നിരത്തിയാണ് വിജിലന്‍സ് പുതിയ സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചത്. പാലം നിര്‍മ്മിക്കുന്ന സമയത്ത് സൂരജ് കൊച്ചിയില്‍ 6.68 ഏക്കര്‍ സ്ഥലം വാങ്ങിയെന്ന വിജിലന്‍സ് പറയുന്നത്. അതിനാല്‍ത്തന്നെ പാലം അഴിമതിയില്‍ സൂരജിന് വ്യക്തമായ പങ്കുണ്ടെന്നാണ് വിജിലന്‍സ് പറയുന്നത്.
മരട് ഫ്‌ളാറ്റിലെ താമസക്കാര്‍ക്ക് ഒഴിഞ്ഞു പോകാനുള്ള സമയം നീട്ടി നൽകില്ല;വെള്ളവും വൈദ്യുതി ബന്ധവും ഇന്ന് വൈകിട്ടോടെ വിച്ഛേദിക്കും
കൊച്ചി: സുപ്രീംകോടതി ഒഴിപ്പക്കല്‍ ഉത്തരവിട്ട മരട് ഫ്‌ളാറ്റിലെ താമസക്കാര്‍ക്ക് ഒഴിഞ്ഞു പോകാനുള്ള സമയം നീട്ടി നല്‍കില്ല. ഇന്ന് വൈകുന്നേരം തന്നെ ഫ്‌ളാറ്റില്‍ നിന്നും ഒഴിഞ്ഞു പോകണമെന്ന് നിര്‍ദേശം നല്‍കി. ഇക്കാര്യത്തില്‍ മേലുദ്യോഗസ്ഥരുമായി സബ്കളക്ടര്‍ നടത്തിയ ചര്‍ച്ച ഫലം കണ്ടില്ല. ഇതോടെ ഫ്‌ളാറ്റിലേക്കുള്ള വെള്ളവും വൈദ്യുതിയും ഇന്ന്തന്നെ വിച്ഛേദിക്കും.326 ഫ്‌ളാറ്റുകളില്‍ നിന്നും ഒഴിഞ്ഞു പോയത് 103 എണ്ണത്തിലെ താമസക്കാര്‍ മാത്രമാണ്. ഒഴിപ്പിക്കല്‍ നടപടിയുമായി മുമ്ബോട്ടു പോകുമെന്നും ഒഴിയാത്തവര്‍ക്കെതിരേ നടപടി ഉണ്ടാകുമെന്നും സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ നേരത്തേ പറഞ്ഞിരുന്നു. പുനരധിവാസത്തിനായി 196 കുടുംബങ്ങളേ നഗരസഭയില്‍ അപേക്ഷ നല്‍കിയിട്ടുള്ളൂ. പുനരധിവാസം ആവശ്യമുള്ളവര്‍ക്കായി രണ്ടു തവണ സമയം നല്‍കിയതാണെന്നും ഇനിയും സമയം നീട്ടി നല്‍കാന്‍ കഴിയില്ലെന്നുമാണ് സ്‌നേഹില്‍ കുമാര്‍ പറയുന്നത്. ഫ്‌ളാറ്റുകളില്‍ നിന്നം സുഗമമായി ഒഴിയാന്‍വേണ്ടിയാണ് വൈദ്യൂതി ജല സംവിധാനങ്ങള്‍ പുന:സ്ഥാപിച്ചത്. ഇന്ന് വൈകുന്നേരത്തോടെ ഇവ വിഛേദിക്കും. ഫ്ലാറ്റുകള്‍ പൊളിക്കുന്ന കാര്യത്തില്‍ പരിസരവാദികള്‍ ഭയപ്പെടേണ്ടതില്ലെന്നും ഫ്ളാറ്റുകള്‍ പൊളിക്കുന്ന സമയത്ത് നഷ്ടങ്ങള്‍ ഉണ്ടായാല്‍, കരാറെടുത്ത ഏജന്‍സികളില്‍ നിന്ന് ഈടാക്കി പരിസരവാസികള്‍ക്ക് നല്‍കുമെന്നും സബ് കളക്ടര്‍ അറിയിച്ചു.
ബന്ദിപ്പൂർ യാത്രാനിരോധനം;ഐക്യദാർഢ്യവുമായി ഒന്നരലക്ഷംപേർ;സമരപ്പന്തലിലേക്ക് രാഹുൽ ഗാന്ധിയും
സുല്‍ത്താന്‍ബത്തേരി:ബന്ദിപ്പൂര്‍ വനമേഖലയില്‍ ദേശീയപാതയിലെ യാത്രാനിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുവജനസംഘടനകൾ നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം ഒൻപതാം ദിവസത്തിലേക്ക് കടന്നു.യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറിയും നഗരസഭാ കൗണ്‍സിലറുമായ റിനു ജോണ്‍, ഡിവൈഎഫ്‌ഐ. ജില്ലാ വൈസ് പ്രസിഡന്റ് എംഎസ് ഫെബിന്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍, വ്യാപാരിവ്യവസായി ഏകോപനസമിതി യൂത്ത് വിങ് ബത്തേരി യൂണിറ്റ് പ്രസിഡന്റ് പി സംഷാദ് എന്നിവരാണ് നിരാഹാരമനുഷ്ഠിക്കുന്നത്. ഇവര്‍ക്കുപിന്തുണയുമായി യൂത്ത് ലീഗ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി അസീസ് വേങ്ങൂര്‍ നാലുദിവസമായി ഉപവാസമനുഷ്ഠിച്ചുവരുകയാണ്.ഒന്നരലക്ഷത്തിലധികം പേരാണ് കഴിഞ്ഞ എട്ടുദിവസത്തിനുള്ളില്‍ യുവജന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബത്തേരി സ്വതന്ത്ര മൈതാനിയിലെ സമരപ്പന്തലിലേക്ക് എത്തിയത്.കെപിസിസി മുന്‍ പ്രസിഡന്റ് വിഎം സുധീരന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള തുടങ്ങിയ വിവിധ സംസ്ഥാനനേതാക്കള്‍ ഇന്ന് സമരപ്പന്തലിലെത്തുന്നുണ്ട്. നാളെ രാഹുല്‍ ഗാന്ധി എംപിയും സമരപ്പന്തലിലെത്തുന്നതോടെ കൂടുതല്‍ ദേശീയശ്രദ്ധ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഏവരും. നാളെ രാവിലെ ഒന്‍പതിനാണ് രാഹുല്‍ ഗാന്ധി എംപി സമരപ്പന്തലില്‍ എത്തുക. ഇന്ന് രാത്രി കോഴിക്കോടെത്തുന്ന രാഹുല്‍ വയനാട് സന്ദര്‍ശനത്തിന് ശേഷം നാളെത്തന്നെ മടങ്ങും. അതേസമയം, ബന്ദിപ്പൂര്‍ വനമേഖലയിലെ രാത്രിയാത്രാ നിരോധനം തുടരുമെന്ന നിലപാടില്‍ത്തന്നെയാണ് കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ. വന്യമൃഗങ്ങളുടെ സ്വൈര്യവിഹാരം ഉറപ്പാക്കാന്‍ രാത്രി വാഹനഗതാഗതം അനുവദിക്കരുതെന്ന കോടതി ഉത്തരവ് ലംഘിക്കാന്‍ ആവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വിവാഹം മുടങ്ങി;എല്‍എല്‍ബി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരന്‍ പിടിയില്‍
കൊച്ചി: സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് എല്‍എല്‍ബി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിശ്രുതവരന്‍ പോലീസ് പിടിയില്‍. നെട്ടൂര്‍ പെരിങ്ങാട്ട് ലെയ്‌നില്‍ വാടകയ്ക്ക് താമസിക്കുന്ന തേവര തിട്ടയില്‍ വീട്ടില്‍ വിനോദിന്റെയും പ്രീതിയുടെയും മകള്‍ ചന്ദനയാണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ഇടക്കൊച്ചി തെരേടത്ത് വീട്ടില്‍ ആന്റണിയുടെ മകന്‍ പ്രിജിനാണ് അറസ്റ്റിലായത്.എല്‍എല്‍ബി അവസാനവര്‍ഷ വിദ്യാര്‍ത്ഥിയായ ചന്ദനയുമായി പ്രിജിന്റെ വിവാഹം ഉറപ്പിച്ചിരുന്നു. ഇതിനിടെ പ്രജിന്റെ വീട്ടുകാര്‍ നല്‍കാവുന്നതിലും അധികം സ്ത്രീധനം ചന്ദനയുടെ വീട്ടുകാരോട് ചോദിച്ചു. എന്നാല്‍ ഓട്ടോഡ്രൈവറായിരുന്ന ചന്ദനയുടെ അച്ഛന്‍ വിനോദിന് ഇത്രയും പണം നല്‍കാന്‍ കഴിഞ്ഞില്ല.ഇതോടെ വിവാഹം മുടങ്ങി. ഇതില്‍ മനംനൊന്ത് ചന്ദന വീട്ടിലെ മുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രിജിന്‍ പിടിയിലായത്.പ്രേരണക്കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
മരട് ഫ്ലാറ്റ് വിവാദം;ഫ്ലാറ്റുടമകള്‍ക്ക് ഒഴിയാനുള്ള സമയം നീട്ടി നല്‍കില്ലെന്ന് നഗരസഭ
കൊച്ചി: മരടിലെ ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് നിലപാട് കടുപ്പിച്ച് മരട് നഗരസഭ. ഫ്ലാറ്റുടമകള്‍ക്ക് ഒഴിയാനുള്ള സമയം നീട്ടി നല്‍കില്ലെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു. നേരത്തെ വിച്ഛേദിച്ചെങ്കിലും പിന്നീട് പുനഃസ്ഥാപിച്ച വൈദ്യുതി, വെള്ളം കണക്ഷനുകള്‍ വ്യാഴാഴ്ച വൈകുന്നേരത്തോടെ വിച്ഛേദിക്കുമെന്നും നഗരസഭ സെക്രട്ടറി ആരിഫ് ഖാന്‍ വ്യക്തമാക്കി.സാധനങ്ങളെല്ലാം പായ്ക്ക് ചെയ്ത് മറ്റൊരിടത്തേക്ക് മാറുന്നതിന് 48 മണിക്കൂര്‍ എങ്ങനെ പര്യാപ്തമാവുമെന്നാണ് ഫ്ലാറ്റുടമകള്‍ ചോദിക്കുന്നത്. ഫ്ലാറ്റ് ഒഴിയാന്‍ ഒരാഴ്ച കൂടി സമയം അനുവദിക്കണമെന്നാണ് ഫ്ലാറ്റുടമകള്‍ ആവശ്യപ്പെട്ടത്. രണ്ട് ദിവസം കൊണ്ട് ഒഴിയുന്നത് പ്രായോഗികമല്ലെന്നും ഇവര്‍ പറയുന്നു.മരടിലെ ഫ്ലാറ്റില്‍ നിന്ന് ഒഴിയുന്നവര്‍ക്ക് താമസിക്കാനായി സര്‍ക്കാര്‍ നല്‍കിയ അപ്പാര്‍ട്ടുമെന്‍റുകളില്‍ ഒഴിവില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.
ശബരിമല യുവതീപ്രവേശന വിധിക്ക് ശേഷം തനിക്കെതിരെ ഭീഷണി ഉണ്ടായിരുന്നതായി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്
മുംബൈ:ശബരിമല യുവതീപ്രവേശന വിധിക്ക് ശേഷം തനിക്കെതിരെ ഭീഷണി ഉണ്ടായിരുന്നതായി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്.സമൂഹമാധ്യമങ്ങളില്‍ കണ്ട പല സന്ദേശങ്ങളും പേടിപ്പെടുത്തുന്നതായിരുന്നു.ഹീനമായ അധിഷേപങ്ങളും ഉണ്ടായി.എന്നാല്‍ യുവതി പ്രവേശനം അനുവദിച്ച ശബരിമല വിധിയില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ജസ്റ്റിസ് വ്യക്തമാക്കി. ശബരിമലയില്‍ യുവതി പ്രവേശനമനുവദിച്ച് വിധി പുറപ്പെടുവിച്ച സുപ്രീംകോടതിയുടെ അഞ്ചംഗ ബഞ്ചിലെ അംഗമാണ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്.ശബരിമല വിധി വന്ന് ഒരു വര്‍ഷം പൂർത്തിയാകുമ്പോഴാണ് വിധി പറഞ്ഞ അഞ്ചംഗ ബഞ്ചിലെ അംഗമായ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ വെളിപ്പെടുത്തല്‍.വിധി പറഞ്ഞതിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളിലുടെ നിരവധി ഭീഷണികള്‍ ഉണ്ടായി.ഓഫീസിലെ സഹപ്രവര്‍ത്തകര്‍, ഇന്റേണികള്‍,ക്ലര്‍ക്കുമാര്‍ എന്നിവര്‍ക്ക് ലഭിച്ച പല ഭീഷണി സന്ദേശങ്ങളും കണ്ടു.പലതും പേടിപ്പെടുത്തുന്നവയായിരുന്നുവെന്നും ചന്ദ്രചൂഡ് മൂബൈയില്‍ നടന്ന നിയമ വിദഗദ്ധരുടെ ഒരു സ്വകാര്യ ചടങ്ങില്‍ വ്യക്തമാക്കി.പക്ഷെ യുവതി പ്രവേശനം അനുവദിച്ച വിധിയില്‍ ഉറച്ച് നില്‍ക്കുന്നു. യുവതികള്‍ക്ക് മാത്രം പ്രവേശനം തടയുന്നത് തൊട്ട്കൂടായ്മയ്ക്ക് തുല്യമാണന്നും ചന്ദ്രചൂഡ് വിമര്‍ശിച്ചു. യുവതി പ്രവേശനം എതിര്‍ത്ത ജസ്റ്റിസ് ഇന്ദുമല്‍ഹോത്രയുടെ നിലപാടിലെ അംഗീകരിക്കുന്നു. എന്നാല്‍ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അപ്പുറം ജഡ്ജിമാര്‍ എല്ലാ അഭിപ്രായങ്ങളും കണക്കിലെടുക്കണമെന്നും ചന്ദ്രചൂഡ് ആവിശ്യപ്പെട്ടു.
മരട് ഫ്ലാറ്റ് വിവാദം; ഒഴിയാനുള്ള കാലപരിധി നാളെ അവസാനിക്കും,പുനരധിവാസം എങ്ങുമെത്തിയില്ല
കൊച്ചി:മരടിലെ ഫ്ലാറ്റുകള്‍ ഒഴിയാനുള്ള സമയപരിധി നാളെ അവസനിക്കാനിരിക്കെ പുനരധിവാസം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. മാറി താമസിക്കാനുള്ള ഫ്ലാറ്റുകളുടെ പുതുക്കിയ പട്ടിക ഇന്നലേയും ഉടമകള്‍ക്ക് ലഭിച്ചില്ല.ഫ്ലാറ്റുകള്‍ ഒഴിയാന്‍ ഇനി ഒരു ദിവസം മാത്രമാണ് ഉടമകള്‍ക്ക് മുന്‍പിലുള്ളത്. പുനരധിവാസം നല്‍കാമെന്നുള്ള സര്‍ക്കാരിന്റെ ഉറപ്പ് പാലിക്കപെടാതെ ഫ്ലാറ്റുകള്‍ ഒഴിഞ്ഞ് പോവില്ലെന്ന തീരുമാനത്തിലാണ് ഭൂരിഭാഗം ഫ്ലാറ്റുടമകളും.എന്നാല്‍ ചിലര്‍ സ്വന്തം നിലക്ക് ഫ്ലാറ്റുകള്‍ കണ്ടെത്തി ഇന്നലെ തന്നെ ഒഴിഞ്ഞു തുടങ്ങി. വാടകക്ക് താമസിക്കുന്നവരാണ് ഫ്ലാറ്റുകള്‍ ഒഴിഞ്ഞവരില്‍ കൂടുതലും. വിദേശ രാജ്യങ്ങളിലായിരുന്ന ഉടമകള്‍ പലരും എത്തി ഫ്ലാറ്റുകളിലെ സാധനസാമഗ്രഹികള്‍ മാറ്റാന്‍ ആരംഭിച്ചിട്ടുണ്ട്. ഫ്ലാറ്റുകള്‍ ഒഴിയുന്നതിനുള്ള സഹായം നഗരസഭയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇതും പാലിക്കപ്പെട്ടിട്ടില്ല എന്നും ഉടമകള്‍ ആരോപിക്കുന്നു.ഫ്ലാറ്റുകളുടെ പുതുക്കിയ പട്ടിക ഇന്ന് കൈമാറുമെന്നാണ് നഗരസഭാ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഒഴിയാനുള്ള സമയപരിധി കുറച്ച് ദിവസങ്ങള്‍ കൂടി നീട്ടി നല്‍കണമെന്ന ആവശ്യമായിരിക്കും ഫ്ലാറ്റുടമകള്‍ മുന്നോട്ട് വെക്കുക.