കണ്ണൂർ:ഫ്രീഡം ചപ്പാത്തിക്കും,ബിരിയാണിക്കും,ലഡുവിനും ശേഷം കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ഇനി ഫ്രീഡം കിണ്ണത്തപ്പവും.’കണ്ണൂരിന്റെ കിണ്ണത്തപ്പം’ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.പുറത്ത് കിലോയ്ക്ക് 150 രൂപ വിലവരുന്ന കിണ്ണത്തപ്പത്തിന് ജയിലിൽ 120 രൂപയാണ് ഈടാക്കുക.സെൻട്രൽ ജയിലിന്റെ കൗണ്ടറിലൂടെയാണ് ഇത് വിതരണം ചെയ്യുക.കൂടുതൽ കിണ്ണത്തപ്പം ആവശ്യമുള്ളവർക്ക് മുൻകൂട്ടി ഫോണിൽ വിളിച്ച് ഓർഡർ നൽകാം.കണ്ണൂരിലെ ആഘോഷങ്ങൾക്ക് ഒഴിച്ചുകൂടാനാകാത്ത പലഹാരമാണ് കിണ്ണത്തപ്പം. കിണ്ണത്തപ്പത്തിന് പുറമെ ജയിലിൽ നിന്നും പൂച്ചട്ടികളും നിർമിക്കുന്നുണ്ട്.ഇതിന്റെ ഉൽഘാടനം ഈ വരുന്ന എട്ടാം തീയതി ജയിൽ ഡിജിപി ഋഷിരാജ് സിംഗ് നിർവഹിക്കും.പുറമെ 140 മുതൽ 150 വരെ വിലവരുന്ന പൂച്ചട്ടിക്ക് ജയിലിൽ 90 രൂപയാണ് വില.
വയനാട് പുൽപ്പള്ളിയിൽ അമ്മയും മകനും ഷോക്കേറ്റ് മരിച്ചു
വയനാട്:വയനാട് പുല്‍പ്പള്ളിയില്‍ അമ്മയും മകനും ഷോക്കേറ്റ് മരിച്ചു.പുല്‍പ്പള്ളി വണ്ടിക്കടവിലാണ് സംഭവം. വീടിന് സമീപത്തെ വാഴത്തോട്ടത്തില്‍ വച്ചാണ് സംഭവമെന്ന് സൂചന.വണ്ടിക്കടവ് സ്വദേശികളായ പുതുക്കുളത്ത് ഷൈലജ (55), അജിത്ത് (35) എന്നിവരാണ് മരിച്ചത്.മൃതദേഹങ്ങള്‍ പുല്‍പ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള നിയമനടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
സിലിയും മകളും കൊല്ലപ്പെട്ടതാണെന്ന് ഷാജുവിന് അറിയാമായിരുന്നു,സിലി മരിക്കേണ്ടവള്‍ തന്നെയെന്നായിരുന്നുവെന്നും ഇതൊന്നും ആരേയും അറിയിക്കേണ്ടെന്നും ഷാജു പറഞ്ഞതായി ജോളിയുടെ മൊഴി
കോഴിക്കോട്: കൂടത്തായി കൊലപാതകത്തില്‍ ഭര്‍ത്താവായ ഷാജുവിനെതിരെ മുഖ്യപ്രതി ജോളി. തന്‍റെ ആദ്യഭാര്യയായ സിലിയും മകള്‍ ആല്‍ഫിനും കൊല്ലപ്പെട്ടതാണെന്ന് ഷാജുവിന് അറിയാമായിരുന്നുവെന്നാണ് ജോളിയുടെ വെളിപ്പെടുത്തല്‍.രണ്ടു പേരെയും കൊലപ്പെടുത്തിയ കാര്യം താന്‍ തന്നെയാണ് ഷാജുവിനെ അറിയിച്ചത്. അവള്‍ (സിലി) മരിക്കേണ്ടവള്‍ തന്നെയെന്നായിരുന്നുവെന്നാണ് ഈ വിവരം അറിഞ്ഞപ്പോള്‍ ഷാജുവിന്‍റെ പ്രതികരണം. ഇതൊന്നും ആരേയും അറിയിക്കേണ്ടെന്നും ഷാജു പറഞ്ഞതായും ചോദ്യം ചെയ്യലില്‍ ജോളി വ്യക്തമാക്കി.ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഷാജുവിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഷാജുവിനെ ഏറെ നേരം ചോദ്യം ചെയ്തിരുന്നുവെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു. ഷാജുവിന്‍റെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.
കൂടത്തായി കൊലപാതക പരമ്പര;ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യും
കോഴിക്കോട്:കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യും.ഷാജുവിന്റെ ഭാര്യ സിലിയുടെയും കുഞ്ഞിന്റെയും മരണം കൊലപാതകമാണെന്ന് ഷാജുവിന് അറിയാമായിരുന്നുവെന്ന് ജോളി വെളിപ്പെടുത്തിയിരുന്നു. കൊന്നത് താന്‍ തന്നെയാണ് ഷാജുവിനെ അറിയിച്ചത്. അവള്‍ മരിക്കേണ്ടവള്‍ തന്നെയായിരുന്നു എന്നായിരുന്നു ഷാജുവിന്റെ പ്രതികരണം. കൊലപാതകം ആരും അറിയരുതെന്ന് ഷാജു പറഞ്ഞതായും ജോളി വെളിപെടുത്തി.പുതിയ വെളിപെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.അതേസമയം കൊലപാതകങ്ങള്‍ നടത്താനുണ്ടായ കാരണം ജോളി ഇനിയും വെളിപെടുത്തിയിട്ടില്ല. 6 കൊലപാതകങ്ങളിലും ജോളിയെ സഹായിച്ചവരും നിരീക്ഷണത്തിലാണ്.വ്യാജരേഖ ചമക്കാന്‍ ജോളിയെ സഹായിച്ചത് Dcc ഭാരവാഹിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാളും ജോളിയും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായുളള തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചു. യു ഡി എഫ് ഭരണകാലത്ത് സ്വാധീനമുപയോഗിച്ചാണ് വ്യാജരേഖ ചമച്ചത്. സ്വത്ത് തട്ടിയെടുക്കാനാണ് വ്യാജ ഒസ്യത്ത് ചമച്ചത്.
കൊല്ലം പാരിപ്പള്ളിയിൽ നാലുവയസ്സുകാരി മരിച്ചത് മർദ്ദനമേറ്റിട്ടല്ലെന്ന് പ്രാഥമിക നിഗമനം
കൊല്ലം:പാരിപ്പള്ളിയിൽ നാലു വയസുകാരി മരിച്ചത് മർദ്ദനമേറ്റിട്ടല്ലെന്ന് പോസ്റ്റ് മോർട്ടത്തിൽ പ്രാഥമിക നിഗമനം. ന്യുമോണിയയും മസ്തിഷ്ക ജ്വരവും മരണ കാരണമായി. രോഗം മൂർച്ഛിച്ചതിനാൽ മരണം ഉറപ്പായിരുന്നുവെന്നും പരിശോധനയിൽ കണ്ടെത്തി. കുട്ടിയെ അമ്മ മർദ്ദിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു.ആന്തരിക രക്തസ്രാവമുണ്ടായത് രോഗത്തിന്റെ ഭാഗമാണെന്നാണ് പോസ്റ്റമോർട്ടത്തിലെ പ്രാഥമിക കണ്ടെത്തൽ.കുട്ടിയെ അടിക്കുമ്പോള്‍ ഉണ്ടായ സ്വാഭാവിക അടയാളങ്ങൾ മാത്രമാണ് ശരീരത്തിൽ ഉണ്ടായിരുന്നത്.കുട്ടിയെ അമ്മ മർദ്ദിച്ചിരുന്നുവെന്ന പരാതിയിൽ അസ്വാഭ്വാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അമ്മയെയും അച്ഛനെയും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു.എന്നാൽ കുട്ടിയുടെ മരണം മർദനം മൂലമല്ലെന്നും കടുത്ത ന്യുമോണിയയും മസ്തിഷ്‌കജ്വരവും കാരണമാണെന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയതോടെ കുട്ടിയുടെ അമ്മയെയും അച്ഛനെയും വിട്ടയച്ചു.തിരുവനന്തപുരം മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.
രണ്ടുമൂന്നു ദിവസമായി ദിയയ്ക്ക് പനിയുണ്ടായിരുന്നു.പനി മൂർച്ഛിച്ചതോടെ കുട്ടിയെ പാരിപ്പള്ളിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇവിടുത്തെ പരിശോധനയ്‌ക്കിടയിൽ കുട്ടിയുടെ ദേഹത്ത് മർദ്ദനമേറ്റതിന്റെ പാടുകൾ കണ്ട ഡോക്റ്റർമാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.അടിയന്തിര ചികിത്സ വേണമെന്ന ഡോക്റ്റർമാരുടെ നിർദേശത്തെ തുടർന്ന് കുട്ടിയെ പോലീസ് സംരക്ഷണയിൽ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി കുട്ടിയുടെ ആരോഗ്യനില വഷളാവുകയും രക്തം ഛർദിക്കുകയും ചെയ്തു.തുടർന്ന് ആംബുലൻസിൽ ഉണ്ടായ ഡോക്റ്ററുടെ നിർദേശപ്രകാരം കുട്ടിയെ കഴക്കൂട്ടത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.എന്നാൽ പ്രാഥമിക ചികിത്സ നല്കുന്നതിനിടെ കുട്ടി മരണത്തിനു കീഴടങ്ങുകയായിരുന്നു. വിവരമറിഞ്ഞ് കഴക്കൂട്ടം സിഐ പ്രവീണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി.കുട്ടിയുടെ ഇരുകാലുകളിലും കമ്പുകൊണ്ടടിച്ചതിന്റെ പാടുകൾ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ അമ്മയുടെ പോലീസ് നിരീക്ഷണത്തിലാക്കുകയും പാരിപ്പള്ളി പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. ആഹാരം കഴിക്കാത്തതിന് കുട്ടിയെ കമ്പുകൊണ്ട് അടിച്ചതായി അമ്മ രമ്യ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ച ശേഷം മാതാപിതാക്കളെ പാരിപ്പള്ളി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണമാകാരണം ന്യുമോണിയ ആണെന്ന് വ്യക്തമായതിനെ തുടർന്ന് പോലീസ് കുട്ടിയുടെ മാതാപിതാക്കളെ വിട്ടയച്ചു.അതേസമയം കുട്ടിയെ തല്ലിയതിന് ബാലനീതി വകുപ്പ് പ്രകാരം പോലീസ് രമ്യക്കെതിരെ കേസെടുക്കും.കുട്ടിയുടെ മരണാനന്തര ചടങ്ങുകൾ പൂർത്തിയായ ശേഷം ഹാജരാകണമെന്ന് പോലീസ് നിർദേശിച്ചിട്ടുണ്ട്.
കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ കൊല്ലപ്പെട്ട സംഭവം;കൂടുതൽ അറസ്റ്റുണ്ടായേക്കുമെന്ന് സൂചന;11 പേർ നിരീക്ഷണത്തിൽ
കോഴിക്കോട്:കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ അറസ്റ്റുണ്ടായേക്കുമെന്ന് സൂചന.കൊലപാതകം നടത്താന്‍ സയനൈഡിന് പുറമേ മറ്റു ചില വിഷ പദാര്‍ഥങ്ങള്‍കൂടി ഉപയോഗിച്ചതായി ജോളി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നീക്കം. ജോളിയുടെ ഫോൺ വിശദാംശങ്ങളുൾപ്പടെ ശേഖരിച്ച പൊലീസ് 11 പേരെ നിരീക്ഷിച്ചുവരികയാണ്.ആദ്യ ഭർത്താവ് ഒഴികെയുള്ള മറ്റ് അഞ്ചു പേരുടെ കൊലപാതകത്തെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ കൂടി പുറത്തു കൊണ്ടുവരാനാണ് പോലീസിന്റെ ശ്രമം. ഇത് സംബന്ധിച്ച് അറസ്റ്റിലായ ജോളിയിൽ നിന്ന് കൃത്യമായ വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഒരു തവണ മാത്രമാണ് സയനൈഡ് കൈമാറിയതെന്ന് അറസ്റ്റിലായ സ്വർണ്ണപ്പണിക്കാരൻ പ്രജികുമാർ മൊഴി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സയനൈഡ് അല്ലാതെ മറ്റ് ചില വിഷ വസ്തുക്കളും കൊലപാതകത്തിന് ജോളി ഉപയോഗിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെട്ട അന്വേഷണസംഘം, ഇത് എങ്ങനെ ലഭ്യമാക്കി, ആരൊക്കെ സഹായിച്ചു എന്നതുൾപ്പടെയുള കാര്യങ്ങളാണ് പരിശോധിച്ച് വരുന്നത്.ജോളിയുടെ ഫോൺ രേഖയുടെ വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറക്ക് വരുംദിവസങ്ങളിൽ ഇതിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിൽ നിന്ന് ലഭിക്കുന്ന വിവരം.
കൊല്ലം പാരിപ്പള്ളിയിൽ അമ്മയുടെ മർദനമേറ്റ് നാല് വയസ്സുകാരി മരിച്ചു
കൊല്ലം:പാരിപ്പള്ളിയിൽ അമ്മയുടെ മർദനമേറ്റ് നാല് വയസ്സുകാരി മരിച്ചു.പാരിപ്പള്ളി ചിറയ്ക്കല്‍ സ്വദേശി ദീപുവിന്റെ മകള്‍ ദിയയാണ് മരിച്ചത്. കുഞ്ഞിന്റെ അമ്മ ചെങ്ങന്നൂര്‍ സ്വദേശി രമ്യയെ കഴക്കൂട്ടം പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്. ആഹാരം കഴിക്കാത്തതിനാണ് അമ്മ കുട്ടിയെ മര്‍ദിച്ചതെന്നാണ് പോലിസിന് ലഭിച്ച പ്രാഥമികവിവരം. ഭക്ഷണം കഴിക്കാത്തതിനു കുട്ടിയെ തല്ലിയതായി പിതൃസഹോദരി ഷൈമയാണ് മൊഴി നല്‍കിയത്. ആദ്യം പാരിപ്പള്ളിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവുംവഴി നില വഷളായി. ഇതെത്തുടര്‍ന്ന് കഴക്കൂട്ടത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു. കുഞ്ഞിന്റെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. തലയ്ക്കും പരിക്കേറ്റതായാണ് സൂചന. മരിച്ച ദിയയുടെ കാലില്‍ രക്തം കട്ടപിടിച്ച പാടുകളുണ്ടായിരുന്നെന്ന് പോലീസ് പറയുന്നു. ഒരുദിവസം മുൻപ് അടികൊണ്ടതിന്റെ പാടുകളല്ല കുട്ടിയുടെ ദേഹത്തുള്ളത്. ദിവസങ്ങള്‍ പഴക്കമുള്ള മുറിവുകളാണ് കുട്ടിയുടെ ദേഹത്തുണ്ടായിരുന്നത്. കുട്ടിക്ക് പനിയുമുണ്ടായിരുന്നു. പാരിപ്പള്ളിയിലെ ആശുപത്രിയിലെത്തിച്ചപ്പോള്‍ തന്നെ അവശനിലയിലായിരുന്ന കുട്ടി കഴക്കൂട്ടത്തെ ആശുപത്രിയിലെത്തിയപ്പോള്‍ രക്തം ഛര്‍ദിച്ചാണ് മരിച്ചത്. അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തു. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് വന്നതിനു ശേഷമായിരിക്കും തുടര്‍നടപടിയെന്നും പോലിസ് അറിയിച്ചു.
അതേസമയം കുട്ടിയെ വടി വെച്ച് ഇന്നാണ് അടിച്ചതെന്നാണ് അമ്മ പറയുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു.എന്നാല്‍ ഡോക്ടര്‍മാര്‍ പറയുന്നത് നേരത്തേ മര്‍ദ്ദിച്ചിട്ടുണ്ടെന്നും ശരീരത്തിലെ പാടുകള്‍ക്ക് ഒരു ദിവസത്തെ പഴക്കമുണ്ടെന്നുമാണ്.കുട്ടിയെ യുവതി നല്ല രീതിയിലാണ് നോക്കിയിരുന്നതെന്നും നഴ്‌സ് ആയിരുന്നതുകൊണ്ട് തന്നെ ഈ രീതിയില്‍ മര്‍ദ്ദിക്കും എന്ന വിവരം അറിയില്ലായിരുന്നുവെന്നും ബന്ധു പറഞ്ഞു.അച്ഛനും അമ്മയും ചേര്‍ന്ന് തന്നെയാണ് കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുവന്നതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. കൂടെ ഇളയ കുഞ്ഞുമുണ്ടായിരുന്നു.രണ്ടാമത്തെ കുഞ്ഞിന് രണ്ട് വയസ്സ് മാത്രമേ പ്രായമുള്ളൂ. മൂത്ത കുഞ്ഞാണ് മരിച്ചത്. കുട്ടി മരിച്ചതറിഞ്ഞ് അച്ഛന്‍ ദീപു ബോധരഹിതനായി. തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൂടത്തായി ദുരൂഹമരണകേസ്;രണ്ടു പേര്‍ കൂടി കസ്റ്റഡിയില്‍
കോഴിക്കോട് :കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറുപേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ രണ്ടു പേര്‍ കൂടി കസ്റ്റഡിയില്‍. കൊലപാതകവുമായി ബന്ധപെട്ടു പോലീസ് കസ്റ്റഡിയില്‍ എടുത്ത ജോളി,ജോളിക്ക് സയനൈഡ് എത്തിച്ചു നല്‍കിയ ജുവലറി ജീവനക്കാരന്‍ മാത്യു എന്നിവർക്കുപുറമെ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു,ഷാജുവിന്റെ പിതാവ് സക്കറിയ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്.ഷാജുവും മാത്യുവും രണ്ടു ദിവസമായി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ ഉണ്ടായിരുന്നെന്നാണ് സൂചന. ഇന്നു രാവിലെയാണ് ജോളിയെ കസ്റ്റഡിയില്‍ എടുത്തത്.മാത്യു ജോളിയുടെ ബന്ധു ആണെന്നാണ് വിവരം. ശനിയാഴ്ച രാവിലെയാണ് പോലീസ് വീട്ടിലെത്തി ജോളിയെ കസ്റ്റഡിയില്‍ എടുത്തത്. ഇവരെ വടകര റൂറല്‍ എസ്പിയുടെ ഓഫീസില്‍ വിശദമായി ചോദ്യം ചെയ്തു വരികയാണ്. സംഭവം കൊലപാതകമാണെന്ന സ്ഥിരീകരണത്തിലേക്ക് എത്തിയതിനാല്‍ ഇന്ന് വൈകിട്ടു തന്നെ അറസ്റ്റുണ്ടായേക്കും. ആറു പേരുടെയും മരണം വിഷം ഉള്ളില്‍ ചെന്നാണെന്ന നിഗമനത്തിലാണ് പൊലീസ്. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായാണ്, ഇവരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ പുറത്തെടുത്തു പരിശോധന നടത്തിയത്. സയനൈഡിന്റെ അംശം ആറു പേരുടെയും ശരീരത്തില്‍ എത്തിയിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ജോളി ബന്ധുവായ ജ്വല്ലറി ജീവനക്കാരന്‍ മാത്യു വഴി സയനൈഡ് കൈവശപ്പെടുത്തിയെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നമറ്റം ടോം തോമസ്(66), ഭാര്യ റിട്ട അധ്യാപിക അന്നമ്മ തോമസ്(57), മകന്‍ റോയ് തോമസ്(40), ടോം തോമസിന്റെ സഹോദരന്‍ എം എം മാത്യു(68), ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജു സ്‌കറിയയുടെ മകളായ ആല്‍ഫൈന്‍(2), ഭാര്യ സിലി(44) എന്നിവരാണ് മരിച്ചത്.ടോം തോമസിന്റെ സ്വത്തുക്കള്‍ മകന്‍ റോയ് തോമസ് മരിച്ചതിന് പിന്നാലെ റോയിയുടെ ഭാര്യ ജോളിയുടെ പേരിലേക്ക് മാറ്റിയിരുന്നു. ടോം തോമസ് മരണത്തിന് മുന്‍പേ എഴുതിവെച്ച ഒസ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ജോളിയുടെ പേരിലേക്ക് സ്വത്തുക്കള്‍ മാറ്റിയത് എന്നായിരുന്നു വാദം. സ്വത്തുക്കള്‍ ജോളിയുടെ പേരിലേക്ക് മാറ്റിയതിന് എതിരെ ടോം തോമസിന്റെ മറ്റ് രണ്ട് മക്കള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, ഒസ്യത്ത് സംശയകരമാണെന്ന പരാതി ഉയര്‍ന്നതോടെ ഇതു റദ്ദാക്കി. ഒസ്യത്ത് റദ്ദാക്കിയതിന് പിന്നാലെയാണ് ബന്ധുക്കളുടെ മരണങ്ങളില്‍ സംശയം പ്രകടിപ്പിച്ച് ടോം തോമസിന്റെ അമേരിക്കയിലുള്ള മകന്‍ റോജോ തോമസ് കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുന്നത്
കൂടത്തായിയിലെ ദുരൂഹമരണങ്ങൾ;മരിച്ച റോയിയുടെ ഭാര്യ ജോളി കസ്റ്റഡിയിൽ
കോഴിക്കോട്: കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറുപേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ മരണപ്പെട്ട റോയിയുടെ ഭാര്യ ജോളിയേയും ഇവരുടെ സുഹൃത്തായ ജ്വല്ലറി ജീവനക്കാരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.ശനിയാഴ്ച രാവിലെയാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ കുറ്റസമ്മതം നടത്തിയതായാണ് സൂചന.നിലവില്‍ റോയിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ജോളിയെ കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിലായിരിക്കും മറ്റ് അഞ്ച് മരണങ്ങളിലും ഇവര്‍ക്ക് പങ്കുണ്ടോ എന്നത് വ്യക്തമാകൂ. റോയിയുടെ മരണം സയനൈഡ് ഉള്ളില്‍ ചെന്നാണെന്നു൦ അത് നല്‍കിയത് ജോളിയുടെ സുഹൃത്തായ ജ്വല്ലറി ജീവനക്കാരനാണെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.വടകര എസ്പി ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യുന്ന ഇരുവരുടെയും അറസ്റ്റ് ഉടനുണ്ടാകും.ആറുപേരുടെയും മരണം നടന്ന സ്ഥലങ്ങളില്‍ റോയിയുടെ ഭാര്യ ജോളിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു.ഇവരെ സഹായിച്ച ഒരാള്‍ കൂടി പൊലീസ് നിരീക്ഷണത്തിലാണ്. കസ്റ്റഡിയിലെടുക്കുന്നതിന് മുന്‍പ് അഞ്ച് തവണയാണ് ജോളിയുടെ മൊഴി രേഖപ്പെടുത്തിയത്.സ്വത്ത് സ്വന്തമാക്കുന്നതിനൊപ്പം വ്യക്തിവൈരാഗ്യവും കൊലപാതക കാരണമാകാമെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം.
വിദ്യാഭ്യാസ വകുപ്പ് റിട്ട. ഉദ്യോഗസ്ഥന്‍ പൊന്നാമറ്റം ടോം തോമസ്, ഭാര്യ റിട്ട. അധ്യാപിക അന്നമ്മ, മകന്‍ റോയി തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യൂ മച്ചാടിയില്‍, ടോം തോമസിന്റെ സഹോദരന്‍ പുലിക്കയത്തെ ഷാജുവിന്റെ ഭാര്യ സിലി, ഇവരുടെ മകള്‍ അല്‍ഫിന്‍(2) എന്നിവരാണ് മരിച്ചത്. കൊല്ലപ്പെട്ട ആറുപേരും മരണത്തിനു തൊട്ടുമുന്‍പ് ആട്ടിന്‍സൂപ്പ് കഴിച്ചതായും സൂപ്പ് കഴിച്ച ശേഷം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചു.16 വര്‍ഷം മുൻപാണ് ആദ്യമരണം നടക്കുന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലാണ് ചെറിയ കുട്ടിയടക്കം മറ്റുള്ള അഞ്ചുപേരും മരിക്കുന്നത്. ഇന്നലെ ആറുപേരുടേയും കല്ലറ തുറന്ന് മൃതദേഹാവശിഷ്‌ടങ്ങള്‍ പരിശോധനക്കായി പുറത്തെടുത്തു. റോയിയുടെ അമേരിക്കയിലുള്ള സഹോദരന്‍ റോജോ നല്‍കിയ പരാതിയിലാണ് അന്വേഷണം നടക്കുന്നത്.
രാജ്യത്തെ ആദ്യ സ്വകാര്യ ട്രെയിന്‍ ‘തേജസ് എക്സ്പ്രസ്’ സര്‍വീസ് ആരംഭിച്ചു
ലഖ്‌നൗ: രാജ്യത്തെ ആദ്യ സ്വകാര്യ ട്രെയിന്‍ തേജസ് എക്സ്പ്രസ് സര്‍വീസ് ആരംഭിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്തത്.ലഖ്‌നൗവില്‍ നിന്ന് ഡല്‍ഹിയിലേക്കാണ് ‘തേജസ് എക്സ്പ്രസ്’ സര്‍വീസ് നടത്തുന്നത്. ഐആര്‍സിടിസിയുടെ (ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍) മേല്‍നോട്ടത്തിലാണ് സ്വകാര്യ ട്രെയിന്‍ സര്‍വീസ്.മറ്റു നഗരങ്ങളെ കൂടി ബന്ധിപ്പിക്കുന്ന സംരംഭങ്ങള്‍ ഇനിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് യോഗി പറഞ്ഞു. തേജസ് എക്‌സ്പ്രസിലെ ആദ്യ യാത്രക്കാര്‍ക്ക് യോഗി ആശംസകള്‍ നേര്‍ന്നു. രാവിലെ 6.10ന് ലഖ്‌നൗവില്‍ നിന്നും പുറപ്പെട്ട് 12.25ന് ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ എത്തും. 6 മണിക്കൂറും 15 മിനിറ്റുമെടുത്താണ് ഈ ട്രെയിന്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നത്. 3.35ന് ഡല്‍ഹിയില്‍ നിന്ന് മടങ്ങി രാത്രി 10.05ന് ലഖ്നൗവില്‍ തിരിച്ചെത്തുന്ന വിധമാണ് സ്വകാര്യ തീവണ്ടിയുടെസമയക്രമം. യാത്രയ്ക്കിടയില്‍ ആകെ കാണ്‍പൂരിലും ഗാസിയാബാദിലുമാണ് വണ്ടിക്ക് സ്റ്റോപ്പുള്ളത്.
മികച്ച നിലവാരത്തിലുള്ള കോച്ചുകള്‍ക്കൊപ്പം സിസിടിവി ക്യാമറ, ബയോ ടോയ്ലെറ്റ്, എല്‍ഇഡി ടിവി, ഓട്ടോമാറ്റിക് ഡോര്‍, റീഡിങ് ലൈറ്റ്, പ്രത്യേക മൊബൈല്‍ ചാര്‍ജിങ് പോയന്റ് തുടങ്ങി യാത്രക്കാര്‍ക്ക് കൂടുതല്‍ ഉപകാരപ്പെടുന്ന നിരവധി നൂതന സംവിധാനങ്ങള്‍ തേജസിലുണ്ട്. ചായ, കോഫി മെഷീനുകളും തീവണ്ടിക്കുള്ളിലുണ്ട്. വിമാന യാത്രയ്ക്ക് സമാനമായ രീതിയില്‍ ജോലിക്കാര്‍ യാത്രക്കാര്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കും.758 യാത്രക്കാര്‍ക്ക് തീവണ്ടിയില്‍ യാത്രചെയ്യാം. യാത്രക്കാര്‍ക്ക് 25 ലക്ഷം രൂപയുടെ വരെ സൗജന്യ ഇന്‍ഷുറന്‍സും ലഭിക്കും. ഒരു മണിക്കൂറിലേറെ തീവണ്ടി വൈകിയാല്‍ യാത്രക്കാര്‍ക്ക് ഐആര്‍സിടിസി 100 രൂപ നല്‍കും. രണ്ട് മണിക്കൂറിന് മുകളില്‍ വൈകിയാല്‍ 250 രൂപ വരെയും ലഭിക്കും. എസി ചെയറിന് 1125 രൂപയും എക്സിക്യൂട്ടീവ് ചെയറിന് 2310 രൂപയുമാണ് ടിക്കറ്റ് നിരക്ക്. സൗജന്യ പാസുകളോ നിരക്കിളവോ തീവണ്ടിയില്‍ അനുവദിക്കില്ല. വണ്ടി പുറപ്പെടുന്നതിന് നാലുമണിക്കൂര്‍ മുൻപുവരെ ടിക്കറ്റ് റദ്ദാക്കിയാല്‍ 25 രൂപ മാത്രമേ കുറയ്ക്കുകയുള്ളൂ. വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റ് റദ്ദാക്കിയാല്‍ മുഴുവന്‍ സംഖ്യയും തിരികെ ലഭിക്കും. ആര്‍എസി. ടിക്കറ്റ് ആണെങ്കില്‍ വണ്ടി പുറപ്പെടുന്നതിന് 30 മിനിറ്റ് മുൻപ് റദ്ദാക്കിയാല്‍ മുഴുവന്‍ പണവും തിരികെ ലഭിക്കും.