കോഴിക്കോട്:എലിയെ കൊല്ലാനാണെന്ന് പറഞ്ഞാണ് തന്റെ പക്കൽ നിന്നും മാത്യു സയനൈഡ് വാങ്ങിക്കൊണ്ടുപോയതെന്ന് കൂടത്തായി കൊലപാതക്കേസിൽ അറസ്റ്റിലായ പ്രജികുമാർ. കേസിൽ കോടതിയില്‍ ഹാജരാക്കുന്നതിന് വേണ്ടി കൊണ്ടുപോകുന്നതിനിടെയാണ് ഇയാള്‍ മാധ്യമങ്ങളോട് ഇത്തരത്തില്‍ പ്രതികരിച്ചത്.അതേസമയം പ്രജികുമാര്‍ പറയുന്നതിലെ പൊരുത്തക്കേടുകള്‍ അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ഇയാള്‍ നിരവധി പേര്‍ക്ക് അനധികൃതമായി സയനൈഡ് നല്‍കിയതായി പോലീസ് കണ്ടെത്തിയിരുന്നു. നേരത്തേ തനിക്ക് മാത്യുവുമായി യാതൊരു ബന്ധവും ഇല്ലെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. എന്നാല്‍ അറസ്റ്റിലാകുന്നതിന് മുൻപ് ഇയാൾ ഒരുമണിക്കൂറോളം മാത്യുവുമായി സംസാരിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതിയായ ജോളിയുടെ ഗൂഢാലോചനയെപ്പറ്റി തനിക്ക് യാതൊന്നും അറിയില്ലെന്നും പ്രജികുമാര്‍ ആവര്‍ത്തിച്ച് പറഞ്ഞു. അതേസമയം പ്രജികുമാറിന്റെ പക്കൽ നിന്നും ജോളിക്ക് സയനൈഡ് നല്‍കിയ എംഎസ് മാത്യുവും അറസ്റ്റിലാണ്. മൂന്ന് പ്രതികളെ പോലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും
കൂടത്തായി കൊലപാതകങ്ങളില്‍ വീണ്ടും ജോളിക്കെതിരെ വെളിപ്പെടുത്തല്‍; അയൽവാസിയുടെ മരണത്തിലും ജോളിക്ക് പങ്കുണ്ടെന്ന സംശയവുമായി സഹോദരി
കോഴിക്കോട്:കൂടത്തായിയിലെ കൊലപാതകങ്ങളില്‍ വീണ്ടും ജോളിക്കെതിരെ വെളിപ്പെടുത്തല്‍.അയൽവാസിയായ ബിച്ചുണ്ണിയുടെ മരണത്തില്‍ ജോളിക്ക് പങ്കുണ്ടെന്ന സംശയവുമായി അദ്ദേഹത്തിന്റെ സഹോദരി.ബിച്ചുണ്ണിയുടെ മരണം സമാന രീതിയിലെന്നാണ് ഇവർ പറയുന്നത്. ഭക്ഷണം കഴിച്ച ശേഷം കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.കൂടുതല്‍ പേര്‍ ഇനിയും കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് അന്വേഷണ സംഘം മുൻപ് സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അയല്‍വാസിയും പ്ലംബറുമായ ബിച്ചുണ്ണിയുടെ മരണം സമാന രീതിയില്‍ ആയിരുന്നുവെന്ന വെളിപ്പെടുത്തല്‍ എത്തിയത്. മരണത്തില്‍ സംശയമുണ്ടെന്ന് ബിച്ചുണ്ണിയുടെ സഹോദരി ഭര്‍ത്താവ് പോലീസിന് മൊഴി നല്‍കുകയും ചെയ്തു.ജോളിയുടെ ആദ്യഭര്‍ത്താവ് റോയി മരിച്ചതില്‍ ദുരൂഹതയുണ്ടെന്നും ഇതില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട ആളുകൂടിയാണ് ബിച്ചുണ്ണി. ഇതിന് ശേഷമാണ് മറ്റ് മരണങ്ങള്‍ പോലെ ബിച്ചുണ്ണിയും ഭക്ഷണം കഴിച്ചതിന് ശേഷം കുഴഞ്ഞുവീണ് മരിച്ചത്. സഹോദരി സംശയം പ്രകടിപ്പിച്ച സാഹചര്യത്തില്‍ വിഷയത്തില്‍ അന്വേഷണം നടത്താനാണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു.
കൂടത്തായി കൊലപാതക പരമ്പര;മൂന്ന് പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും
കോഴിക്കോട്:കൂടത്തായി കൊലപാതക പരമ്പരകേസിൽ മൂന്ന് പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.. താമരശ്ശേരി ഒന്നാം ക്‌ളാസ്സ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക. കനത്ത സുരക്ഷയിലാണ് ഇവരെ കോടതിയില്‍ എത്തിക്കുക.സുരക്ഷ ഒരുക്കണമെന്ന് ജയില്‍ സൂപ്രണ്ട് പോലീസിനെ അറിയിച്ചു.പ്രതികളെ ഇന്നു പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടിയേക്കും.കൊല്ലപ്പെട്ട പൊന്നാമറ്റം റോയ് തോമസിന്റെ ഭാര്യ ജോളിയമ്മ ജോസഫ് (ജോളി), കുടുംബസുഹൃത്ത് കാക്കവയല്‍ മഞ്ചാടിയില്‍ എം.എസ്. മാത്യു (ഷാജി), സ്വര്‍ണപ്പണിക്കാരന്‍ താമരശ്ശേരി തച്ചംപൊയില്‍ മുള്ളമ്പലത്തിൽ വീട്ടില്‍ പൊയിലിങ്ങല്‍ പ്രജികുമാര്‍ എന്നിവരെയാണു കുടുതല്‍ ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വാങ്ങുന്നത്.റിമാന്‍ഡിലായ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഹരിദാസന്‍ ഇന്നലെ താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(2)യില്‍ അപേക്ഷ സമര്‍പ്പിച്ചു.രണ്ടാംപ്രതി മാത്യുവിന്റെ ജാമ്യാപേക്ഷയും ഇന്നത്തേക്കു മാറ്റി.
കേരള ബാങ്ക് രൂപീകരണത്തിന് റിസർവ് ബാങ്കിന്റെ അനുമതി
തിരുവനന്തപുരം:കേരള ബാങ്ക് രൂപീകരണത്തിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതി.13 ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ചാണ് കേരള ബാങ്ക് യാഥാർത്ഥ്യമാകുക.കേരള ബാങ്കിന്‍റെ ഭാഗമാകാൻ മലപ്പുറം ജില്ലാ സഹകരണ ബാങ്കിന് ഇനിയും അവസരമുണ്ടെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. ഹൈക്കോടതിയിലുള്ള കേസുകളുടെ തീർപ്പിന് വിധേയമായാകും ലയനം നടത്തുക. കേരള പിറവി ദിനത്തില്‍ ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കും.നേരത്തെ തത്വത്തിൽ അംഗീകാരം നൽകിയ റിസർവ് ബാങ്ക് 19 ആവശ്യങ്ങൾ പൂർത്തീകരിക്കാൻ സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരുന്നു. ഇത് പൂർത്തീകരിച്ച് പുതിയ അപേക്ഷ സമർപ്പിച്ചതോടെയാണ് ബാങ്ക് യാഥാർഥ്യമാക്കുന്നതിന് ആർ.ബി.ഐ പച്ചക്കൊടി കാണിച്ചത്. ബാങ്ക് രൂപീകരണത്തിന് മുന്നോട്ട് പോയപ്പോൾ മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്‍റെ എതിർപ്പാണ് കേരള ബാങ്ക് രൂപീകരണം പ്രതിസന്ധിയിലാക്കിയത്. ഒടുവില്‍ പ്രത്യേക ഓര്‍ഡിനന്‍സ് കൊണ്ടു വന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചത്.
വിശദീകരണം തൃപ്തികരമല്ല;മാധ്യമപ്രവർത്തകൻ കാറിടിച്ച് കൊല്ലപ്പെട്ട സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമന്റെ സസ്‌പെൻഷൻ 60 ദിവസത്തേക്ക് കൂടി നീട്ടി
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടം നടക്കുമ്പോൾ താന്‍ മദ്യപിച്ചിരുന്നില്ലെന്ന് ആവര്‍ത്തിച്ച് ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ്. ചീഫ് സെക്രട്ടറിയ്ക്ക് സമര്‍പ്പിച്ച വിശദീകരണത്തിലാണ് ശ്രീറാം ഇക്കാര്യം പറഞ്ഞത്.എന്നാല്‍ വിശദീകണം തള്ളിയ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശ്രീറാമിന്റെ സസ്പെന്‍ഷന്‍ കാലാവധി നീട്ടി. 60 ദിവസത്തേയ്ക്ക് കൂടിയാണ് സസ്പെന്‍ഷന്‍ നീട്ടിയത്.ഓഗസ്റ്റ് മൂന്നാം തീയതി പുലര്‍ച്ചെയാണ് ശ്രീറാം വെങ്കിട്ടരാമന്‍ അമിത വേഗതയില്‍ ഓടിച്ച കാര്‍ ഇടിച്ച് മാധ്യമപ്രവര്‍ത്തകനായ കെഎം ബഷീര്‍ കൊല്ലപ്പെടുന്നത്.സര്‍വ്വീസ് ചട്ടങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി കേസില്‍ പ്രതിയായ ശ്രീറാമിനെ അടുത്ത ദിവസം തന്നെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. ശ്രീറാമിന് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു. തനിക്കെതിരെ ഉയര്‍ന്ന എല്ലാ ആരോപണങ്ങളും വിശദീകരണത്തില്‍ ശ്രീറാം നിഷേധിക്കുകയാണ്. മദ്യപിക്കാത്ത ആളാണ് താനെന്നും അപകട സമയത്ത് താന്‍ മദ്യപിച്ചിരുന്നില്ലെന്നും കൂടെയുണ്ടായിരുന്ന സുഹൃത്ത് വഫാ ഫിറോസാണ് വാഹനം ഓടിച്ചിരുന്നതെന്നുമാണ് ഏഴ് പേജുള്ള വിശദീകരണ കുറിപ്പില്‍ ശ്രീറാം ആവര്‍ത്തിക്കുന്നത്. മദ്യപിച്ച് വാഹനം ഓടിച്ചിട്ടില്ലെന്നും വ്യാജരേഖകള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ശ്രീറാം പറയുന്നു. വിശദീകരണം തള്ളുകയാണെങ്കില്‍ തന്നില്‍ നിന്നും നേരിട്ട് വിശദീകരണം കേള്‍ക്കാനുള്ള അവസരം തരണമെന്നും ശ്രീറാം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പോലീസ് അന്വേഷണം നീളുന്ന സാഹചര്യത്തിലാണ് ശ്രീറാമിന്റെ സസ്പെന്‍ഷന്‍ കാലാവധി നീട്ടിയത്. ബോധപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് ശ്രീറാമിനെതിരെ കേസെടുത്തിരിക്കുന്നത്.
കൊച്ചിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ യുവാവ് തീകൊളുത്തി കൊന്നു;പൊള്ളലേറ്റ യുവാവും മരിച്ചു
കൊച്ചി:കൊച്ചി കാക്കനാട് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ യുവാവ് തീകൊളുത്തി കൊന്നു. അത്താണി സലഫി ജുമാ മസ്ജിദ്‌നു സമീപം പദ്മാലയത്തില്‍ ഷാലന്റെ മകള്‍ ദേവിക(പാറു,17 വയസ്സ്) ആണ് മരിച്ചത്.പൊള്ളലേറ്റ യുവാവും മരിച്ചു.പറവൂര്‍ സ്വദേശി മിഥുനാണ് മരിച്ചത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം.സുഹൃത്തിന്റെ ബൈക്കില്‍ ഷാലന്റെ വീട്ടിലെത്തിയ മിഥുന്‍ വാതിലില്‍ മുട്ടി വീട്ടുകാരെ ഉണര്‍ത്തിയ ശേഷം ഷാലനോട് മകളെ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ ഉറക്കമുണര്‍ന്നെത്തിയ ദേവികയുടെ മേല്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. ഒപ്പം മിഥുന്റെ ദേഹത്തേക്കും തീ പടര്‍ന്നു. ദേഹത്ത് പെട്രോള്‍ ഒഴിച്ചുകൊണ്ടായിരുന്നു മുഥുന്‍ വീട്ടില്‍ എത്തിയത്. പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച പിതാവിനും പൊള്ളലേറ്റു. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലിസ് എത്തി ഇവരെ ആശുപത്രിയില്‍ എത്തിച്ചു.എന്നാൽ ദേവിക സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടിരുന്നു. ആശുപത്രിയില്‍വച്ചാണ് മിഥുൻ മരിച്ചത്.മിഥുന്‍ പെണ്‍കുട്ടിയുടെ അകന്ന ബന്ധുകൂടിയാണ്. ഇരുവരുടേയും മൃതദേഹങ്ങള്‍ കളമശ്ശേരി പൊലിസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. മിഥുന്‍ പെണ്‍കുട്ടിയോട് പല തവണ പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ പെണ്‍കുട്ടി ഇത് നിഷേധിക്കുകയായിരുന്നു.
കൂടത്തായി കൊലപാതക പരമ്പര;ജോളി ജോസഫിന് വേണ്ടി അഭിഭാഷകന്‍ ബി എ ആളൂര്‍ നാളെ കോടതിയില്‍ ഹാജരാകും
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസില്‍ അറസ്റ്റിലായ ജോളി ജോസഫിന് വേണ്ടി അഭിഭാഷകന്‍ ബി എ ആളൂര്‍ നാളെ കോടതിയില്‍ ഹാജരാകും. ഇതിന്റെ ഭാഗമായി ആളൂര്‍ കേസിന്റെ വക്കാലത്തില്‍ ഒപ്പിട്ടു.ജോളിക്കു വേണ്ടി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ജോളിയുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ തന്നെ സമീപിച്ചിരുന്നതായി ആളൂര്‍ വ്യക്തമാക്കിയിരുന്നു. ഇന്നലെയും ജോളിയുടെ അടുത്ത ബന്ധുക്കള്‍ തന്നോട് സംസാരിച്ചിരുന്നു. ഇപ്പോള്‍ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്.മാത്രമല്ല അന്വേഷണം ഗൗരവമായാണ് മുന്നോട്ട് പോകുന്നത്. അതുകൊണ്ട് തന്നെ അന്വേഷണത്തിന്റെ പുരോഗതി അറിഞ്ഞതിന് ശേഷം മാത്രം മുന്നോട്ട് പോയാല്‍ മതിയെന്നാണ് ജോളിയുടെ അടുത്ത ബന്ധുക്കള്‍ തന്നോട് പറഞ്ഞതെന്നും ആളൂര്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രാഥമിക അന്വേഷണം കഴിഞ്ഞതിന് ശേഷം മാത്രം ജാമ്യപേക്ഷ നല്‍കിയാല്‍ മതി എന്നാണ് ബന്ധുക്കള്‍ പറഞ്ഞിരിക്കുന്നത്. ഈ കേസില്‍ ബന്ധുക്കള്‍ സമീപിച്ചാല്‍ തീര്‍ച്ചയായും മുന്നോട്ട് പോകും. പ്രാഥമിക അന്വേഷണം കഴിയാന്‍ 15 ദിവസമെങ്കിലും കഴിയണം ഇതുകഴിയാതെ ഈ കേസില്‍ ഒന്നും പറയാന്‍ സാധിക്കില്ലെന്നും ആളൂര്‍ വ്യക്തമാക്കി.
കൂടത്തായി ദുരൂഹ മരണ പരമ്പര;റോയി മരിക്കുമ്പോള്‍ ശരീരത്തില്‍ ധരിച്ചിരുന്ന തകിട് നൽകിയ മന്ത്രവാദിയെ തേടി അന്വേഷണ സംഘം
കോഴിക്കോട്:കൂടത്തായി ദുരൂഹ മരണ പരമ്പരയിൽ റോയി മരിക്കുമ്പോള്‍ ശരീരത്തില്‍ ധരിച്ചിരുന്ന തകിട് നൽകിയ മന്ത്രവാദിയെ തേടി അന്വേഷണ സംഘം.അതേസമയം വാര്‍ത്ത പുറത്ത് വന്നതോടെ റോയിക്ക് ഏലസ് നൽകിയെന്ന് കരുതുന്ന കട്ടപ്പനയിലെ മന്ത്രവാദി മുങ്ങി.ഇയാളുടെ ജീവിതരീതി തികച്ചും ദുരൂഹമാണെന്നാണ് നാട്ടുകാര്‍തന്നെ പറയുന്നത്. ഏലസ്സും മന്ത്രവാദവും തകിട് കെട്ടലുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ഇയാള്‍ക്കെതിരെയുള്ളത്. റോയ് തോമസുമായും ജോളിയുമായും ഇയാള്‍ക്ക് നല്ല ബന്ധമുണ്ടായിരുന്നുവെന്നാണ് സൂചന. ജോളി കട്ടപ്പന സ്വദേശിയാണ്. മാത്രമല്ല പോന്നമറ്റം വീടിന് ദോഷമുണ്ടെന്നും അതാണ് തുടര്‍ച്ചയായി മരണങ്ങള്‍ ഉണ്ടാകുന്നതെന്ന് ജോത്സ്യന്‍ പറഞ്ഞതായും ജോളി അയല്‍ക്കാരോട് നേരത്തെ പറഞ്ഞിരുന്നു.റോയി മരിക്കുമ്പോള്‍ കയ്യില്‍ തകിടും പാന്റിന്റെ പോക്കറ്റില്‍ ഒരു പൊതിയില്‍ എന്തോ പൊടിയും ഉണ്ടായിരുന്നു. തകിട് നല്‍കിയ മന്ത്രവാദിയുടെ വിലാസവും പോക്കറ്റിലുണ്ടായിരുന്നു. അന്ന് ഇതെല്ലാം കോടഞ്ചേരി പൊലീസിന്റെ പക്കലെത്തിയതാണ്. കേസ് ആത്മഹത്യയാണെന്ന നിഗമനത്തില്‍ അവസാനിപ്പിച്ചപ്പോള്‍ ജോളി നല്‍കിയ അപേക്ഷയെ തുടര്‍ന്ന് വിട്ടുനല്‍കി. ഈ പൊടി സിലിക്ക് നല്‍കിയ വെള്ളത്തില്‍ കലര്‍ത്തിയെന്നാണ് ജോളി അന്വേഷണ സംഘത്തോട് പറഞ്ഞത്.മൊഴി അന്വേഷണ സംഘം വിശ്വാസത്തിലെടുത്തില്ലെങ്കിലും മന്ത്രവാദിയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചു കഴിഞ്ഞു. ഹാജരാകാന്‍ നിര്‍ദേശം നല്‍കിയെങ്കിലും ഇതുവരെ മന്ത്രവാദി അന്വേഷണ സംഘത്തിന് മുന്നില്‍ എത്തിയിട്ടില്ല.അതേസമയം റോയിയുടെ ശരീരത്തിലുണ്ടായിരുന്ന തകിട് കണ്ടെത്താന്‍ അന്വേഷണ സംഘം ശ്രമം ആരംഭിച്ചു. തകിടിലൂടെ വിഷം അകത്ത് ചെല്ലുമോയെന്നും പരിശോധിക്കും.
മലപ്പുറത്ത് തെരുവുനായയുടെ ആക്രമണത്തിൽ അഞ്ചുവയസ്സുകാരന് ഗുരുതരപരിക്ക്
മലപ്പുറം: വണ്ടൂരില്‍ അഞ്ചുവയസുകാരന് തെരുവുനായയുടെ കടിയേറ്റ് ഗുരുതര പരിക്ക്. കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചക്കാണ് സംഭവം.വണ്ടൂര്‍ ടൗണ്‍ പരിസരത്തെ സ്കൂളിലെ യു.കെ.ജി വിദ്യാര്‍ഥിക്കാണ് കടിയേറ്റത്. സ്കൂള്‍ ഗ്രൗണ്ടിന് സമീപത്തുവെച്ച് തെരുവുനായ ആക്രമിക്കുകയായിരുന്നു. അധ്യാപകര്‍ ചേര്‍ന്ന് കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഏറെ നേരം നായ ആക്രമണം തുടര്‍ന്നു.തലയിലും മുഖത്തുമാണ് ഗുരുതര പരിക്കേറ്റത്. ശരീരമാസകലം പരിക്കുകളുണ്ട്. നായയെ പിന്നീട് നാട്ടുകാര്‍ പിടികൂടി.
കൂടത്തായി കൊലപാതക പരമ്പര സിനിമയാകുന്നു; അന്വേഷണ ഉദ്യോഗസ്ഥനായി മോഹൻലാൽ
കോഴിക്കോട്:ദേശീയതലത്തില്‍ ശ്രദ്ധ നേടി മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പര സിനിമയാകുന്നു.ചിത്രത്തില്‍ നായകനായി എത്തുന്നത് നടനവിസ്മയം മോഹന്‍ലാല്‍ ആണ് എന്ന് റിപ്പോര്‍ട്ടുകള്‍.മോഹന്‍ലാലിന് വേണ്ടി നേരത്തെ ഒരു കുറ്റാന്വേഷണ കഥ തയ്യാറാക്കിയിരുന്നു. സമകാലികമായി കൂടത്തായി കൊലപാതകം വാര്‍ത്തയായതോടെ അണിയറ പ്രവര്‍ത്തകര്‍ ആദ്യകഥ ഉപേക്ഷിക്കുകയും.കൂടത്തായി കൊലപാതക സംഭവം സിനിമയാക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. കൂടത്തായി കൊലപാതക സംഭവം സിനിമയാക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂര്‍ ആണ് വിവരം പുറത്തുവിട്ടത്. നേരത്തേ തയ്യാറാക്കിയ തിരക്കഥയുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടാവും ഈ സിനിമ തയ്യാറാക്കുക. എന്നാല്‍ ചിത്രത്തിന്‍റെ സംവിധാനം, തിരക്കഥ അഭിനേതാക്കള്‍ തുടങ്ങിയ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്ന മോഹന്‍ലാലിന്റെ കഥാപാത്രത്തെക്കാള്‍ പ്രാധാന്യമുള്ളത് കൂട്ടക്കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജോളി എന്ന കഥാപാത്രമാണ്. ആ വേഷം ചെയ്യാന്‍ ഏതു നടിയാണ് തയ്യാറാവുന്നത് എന്ന് പ്രേക്ഷകസമൂഹം ഉറ്റുനോക്കുകയാണ് ഇപ്പോള്‍. ഊഹാപോഹങ്ങള്‍ക്കും മുന്‍വിധികള്‍ക്കും അപ്പുറം ഔദ്യോഗികമായ പ്രഖ്യാപനത്തിന് വേണ്ടി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകര്‍.