സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത;10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

keralanews chance for heavy rain and thunderstorm in kerala in coming days yellow alert in ten district today

തിരുവനന്തപുരം:സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മുന്നറിയിപ്പിനെ തുടർന്ന് ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോഡ് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയുണ്ടാകും.ഉരുള്‍പൊട്ടല്‍ ഭീതിയുള്ള മേഖലകളില്‍ താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാന്‍ നിര്‍ദേശിച്ചു. മഴക്കൊപ്പമുള്ള ഇടിമിന്നല്‍ അപകടം വരുത്തും. ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി 10 വരെയുള്ള സമയങ്ങളിലാണ് ഇടിമിന്നലിന് സാധ്യത. ഈ സമയത്ത് തുറസ്സായ സ്ഥലങ്ങളില്‍ നില്‍ക്കുന്നവര്‍ ശ്രദ്ധിക്കണം. കുട്ടികളെ തുറസ്സായ ഇടങ്ങളിലോ ടെറസ്സിലോ കളിക്കാന്‍ വിടരുതെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുള്ളവര്‍ക്കും അതോറിറ്റി പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ള മാലദ്വീപ്, ലക്ഷദ്വീപ് പ്രദേശങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

കൂടത്തായി കൂട്ടകൊലപാതക കേസിലെ പരാതിക്കാരനായ റോജോയുടെയും സഹോദരി റെഞ്ചിയുടെയും മൊഴിയെടുക്കല്‍ പൂര്‍ത്തിയായി;ഡിഎൻഎ ടെസ്റ്റ് ഇന്ന് നടക്കും

keralanews police completed taking statement from rojo and renji in koodathayi murder case and dna test will done today

കോഴിക്കോട്:കൂടത്തായി കൂട്ടകൊലപാതക കേസിലെ പരാതിക്കാരനായ റോജോയുടെയും സഹോദരി റെഞ്ചിയുടെയും മൊഴിയെടുക്കല്‍ പൂര്‍ത്തിയായി.രണ്ട് ദിവസങ്ങളിലായി 20 മണിക്കൂര്‍ സമയമെടുത്താണ് മൊഴിയെടുക്കല്‍ പൂര്‍ത്തിയാക്കിയത്.ജോളി ഇപ്പോള്‍ പിടിക്കപ്പെട്ടത് നന്നായെന്നും ഇല്ലെങ്കില്‍ താനും സഹോദരിയും റോയിയുടെ മക്കളും കൊല്ലപ്പെട്ടേനെയെന്നും റോജോ പറഞ്ഞു. അന്വേഷണ സംഘത്തിന് വിശദമായ മൊഴി നല്‍കി.തന്റെ കൈവശമുള്ള രേഖകളും വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും റോജോ പറഞ്ഞു. മൊഴിയെടുക്കല്‍ പൂര്‍ത്തിയായ ശേഷം റോജോയും റെഞ്ചിയും ജോളിയുടെ രണ്ട് മക്കളും നാട്ടിലേക്ക് മടങ്ങി.അതേസമയം കേസില്‍ റോജോയുടെയും റെഞ്ചിയുടെയും ഡിഎന്‍എ പരിശോധന ഇന്ന് നടക്കും.കല്ലറയില്‍ നിന്ന് ശേഖരിച്ച ശരീരാവശിഷ്ടങ്ങള്‍ കുടുംബാംഗങ്ങളുടേത് തന്നെയാണെന്ന് തെളിയിക്കാന്‍ വേണ്ടിയാണ് ഡിഎന്‍എ പരിശോധന.കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പരിശോധന നടത്തുന്നത്.

കൂടത്തായി കൊലപാതക പരമ്പര;മറ്റൊരു യുവതി കൂടി സംശയനിഴലിൽ;കളി കാര്യമായതോടെ മുങ്ങിയ യുവതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി

keralanews koodathayi murder case another woman under suspicion of police

കോഴിക്കോട്: കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫുമായി ഉറ്റ സൗഹൃദമുണ്ടായിരുന്ന യുവതിയെ പൊലീസ് തിരയുന്നു. എൻ.ഐ.ടി പരിസരത്തെ തയ്യൽക്കടയിൽ ജോലി ചെയ്തിരുന്ന യുവതിക്കായാണ് പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയത്. ജോളിയും യുവതിയും തമ്മിലുള്ള അടുപ്പം തെളിയിക്കുന്ന ചിത്രങ്ങള്‍ പൊലീസിന് ലഭിച്ചു.യുവതിയെ ചോദ്യം ചെയ്താല്‍ ജോളിയുടെ എന്‍ഐടി ജീവിതത്തിന്റെ ചുരുളഴിക്കാന്‍ കഴിയുമെന്നാണു പൊലീസിന്റെ പ്രതീക്ഷ.ജോളിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ യുവതിയുമൊത്തുള്ള ഒട്ടേറെ ചിത്രങ്ങൾ പോലീസിന് ലഭിച്ചു.എന്നാൽ എന്നാല്‍ യുവതിയെക്കുറിച്ചുള്ള ഒരു വിവരവും നല്‍കാന്‍ ജോളി തയാറായിട്ടില്ല.യുവതി ജോലി ചെയ്തിരുന്ന തയ്യല്‍ക്കട ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. ഈ വര്‍ഷം മാര്‍ച്ചില്‍ എന്‍ഐടിയില്‍ നടന്ന രാഗം കലോല്‍സവത്തിലും ഈ യുവതി ജോളിക്കൊപ്പം എത്തിയിരുന്നു. എന്‍ഐടി തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ച ജോളിക്കൊപ്പം യുവതി കലോല്‍സവവേദിയില്‍ നില്‍ക്കുന്ന ചിത്രങ്ങളും പൊലീസിനു ലഭിച്ച കൂട്ടത്തിലുണ്ട്. അതേസമയം, ജോളി ജോസഫിന് എന്‍ഐടി (നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) പരിസരം കേന്ദ്രീകരിച്ച്‌ വസ്തു ഇടപാടുകളും ഉണ്ടായിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. ജോളി തയാറാക്കിയ വ്യാജ ഒസ്യത്തില്‍ ഒപ്പിട്ട സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി കെ.മനോജിനെ ജോളി പരിചയപ്പെട്ടത് വസ്തു ഇടപാടു വഴിയാണ്. എന്‍ഐടി പരിസരത്തെ ഭൂമി വാങ്ങുന്നതിന് അഡ്വാന്‍സ് നല്‍കുന്നതിനായാണ് ജോളി ഒരു ലക്ഷം രൂപ കൈമാറിയത്. രണ്ടു ചെക്കുകളായാണു പണം നല്‍കിയത്. കച്ചവടം മുടങ്ങിയെങ്കിലും മനോജ് പണം തിരിച്ചുനല്‍കിയില്ല. ഇതോടെ ഇരുവരും തമ്മില്‍ തെറ്റി. പല തവണ ആവശ്യപ്പെട്ടതോടെ മനോജ് ചെറിയ തുകകളായി മടക്കി നല്‍കി.എന്‍ഐടിക്കു സമീപം കട്ടാങ്ങല്‍ ജംക്ഷനിലെ പെട്ടിക്കടയിലാണു മനോജ് പണം ഏല്‍പിച്ചത്. കഴിഞ്ഞ ദിവസം തെളിവെടുപ്പിനിടെ കട്ടാങ്ങലില്‍ വാഹനം നിര്‍ത്തിയപ്പോള്‍ ഈ കട ജോളി പൊലീസിനു കാണിച്ചുകൊടുത്തിരുന്നു. കടയുടമയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. അതേസമയം ജോളി ഉള്‍പ്പടെയുള്ളവരെ കോയമ്പത്തൂരിലും കട്ടപ്പനയിലുമെത്തിച്ച് അന്വേഷണ സംഘം തെളിവെടുത്തേക്കും.പ്രതികളെ താമരശേരി കോടതി ഇന്നലെ രണ്ട് ദിവസത്തേക്ക് കൂടി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. പ്രതികളെ കോയമ്പത്തൂരിലും കട്ടപ്പനയിലും എത്തിച്ച് തെളിവെടുക്കേണ്ട സാഹചര്യമുണ്ടെന്ന് കസ്റ്റഡി അപേക്ഷയില്‍ പൊലീസ് വ്യക്തമാക്കിയിരുന്നു

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഇനി മുതൽ പ്രസവ അവധി ആനുകൂല്യം

keralanews employees of private educational institutions will now get maternity leave

ന്യൂഡ്യല്‍ഹി:സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഇനി പ്രസവ അവധി ആനുകൂല്യം ലഭിക്കും .ഇത്‌സംബന്ധിച്ച്‌ സംസ്ഥാന മന്ത്രിസഭയെടുത്ത തീരുമാനം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു.ഇക്കഴിഞ്ഞ ഓഗസ്റ്റ് 29 ന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് കേന്ദ്ര സര്‍ക്കാറിന്റെ അംഗീകാരം തേടാന്‍ തീരുമാനിച്ചത്. രാജ്യത്ത് ആദ്യമാണ് മറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിധിയില്‍ അണ്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപകരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത്.നിലവില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രസവ അവധി ആനൂകൂല്യത്തിന്റെ പരിധിയില്‍ ഇല്ല. സംസ്ഥാനത്ത് ആയിരക്കണക്കിന് ആളുകള്‍ ജോലി ചെയ്യുന്ന സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ സ്ത്രീ ജീവനക്കാരെ മെറ്റേണിറ്റി ബെനഫിറ്റ് ആക്ടിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യം പരിഗണിച്ചാണ് മന്ത്രിസഭാ യോഗം തീരുമാനമെടുത്തതും കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തിനയച്ചതും.നിയമ ഭേദഗതി പ്രാബല്യത്തില്‍ വരുന്നതോടെ സ്വകാര്യ വിദ്യാഭ്യാസ മേഖലയെ മെറ്റേണിറ്റി ബെനഫിറ്റിന്റെ പരിധിയില്‍ കൊണ്ടുവരുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറും.മെറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിരക്ഷ ലഭിക്കുന്ന ജീവനക്കാര്‍ക്ക് 26 ആഴ്ച (ആറു മാസം) ശമ്പളത്തോടെയുള്ള അവധിയാണ് അനുവദിക്കുന്നത്.കൂടാതെ ചികിത്സാ ആവശ്യങ്ങള്‍ക്കായി തൊഴിലുടമ 1000 രൂപ അനുവദിക്കുകയും ചെയ്യും. നിയമത്തില്‍ പരിധിയില്‍ ഉള്‍പ്പെടുന്നതോടെ ഈ ആനുകൂല്യങ്ങളെല്ലാം സ്വകാര്യ വിദ്യാഭ്യാസ മേഖലയിലും ലഭ്യമാകും.

മരട്‌ ഫ്‌ളാറ്റ്‌ നിര്‍മ്മാതാക്കളുടെ സ്വത്ത്‌ കണ്ടുകെട്ടും;ഹോളി ഫെയ്‍ത്ത് ബില്‍ഡേഴ്‍സിന്‍റെ ബാങ്ക്‌ അക്കൗണ്ട്‌ ക്രൈം ബ്രാഞ്ച് മരവിപ്പിച്ചു

keralanews crime branch confiscated the properties of the marad flat builders and freeze the bank account of holy faith builders

കൊച്ചി:അനധികൃത നിർമാണം കണ്ടെത്തിയതിനെ തുടർന്ന് സുപ്രീം കോടതി പൊളിച്ചു മാറ്റാൻ ഉത്തരവിട്ട മരടിലെ ഫ്ലാറ്റ് നിര്‍മാതാക്കളുടെ സ്വത്ത് ക്രൈംബ്രാഞ്ച് കണ്ടുകെട്ടും. നാല് നിര്‍മാതാക്കളുടെയും എല്ലാ സ്വത്തുക്കളുമാണ് കണ്ടുകെട്ടുക. ഹോളി ഫെയ്‍ത്ത് ബില്‍ഡേഴ്‍സിന്‍റെ 18 കോടി രൂപയുടെ ബാങ്ക് അക്കൗണ്ടും ക്രൈംബ്രാഞ്ച് മരവിപ്പിച്ചു.ഹോളി ഫെയ്‍ത്ത്, ഗോള്‍ഡന്‍ കായലോരം, ജെയിന്‍ ബില്‍ഡേഴ്‍സ്, ആല്‍ഫാ വെഞ്ചേഴ്‍സ് എന്നീ ഫ്ലാറ്റ് സമുച്ചയങ്ങളുടെ ഉടമകളുടെ സ്വത്തുവകകളാണ് കണ്ടു കെട്ടുന്നത്. ഭൂമിയും, ആസ്തിവകകളും കണ്ടുകെട്ടാന്‍ റവന്യൂ, റജിസ്ട്രേഷന്‍ വകുപ്പുകള്‍ക്ക് ക്രൈംബ്രാഞ്ച് കത്ത് നല്‍കിയിട്ടുണ്ട്.നാല് ഫ്ലാറ്റ് ഉടമകളുടെയും സ്വത്ത്, ആസ്തി വകകളുടെ കണക്കെടുപ്പ് നടത്തി, എല്ലാ വിവരങ്ങളും റവന്യൂ, റജിസ്ട്രേഷന്‍ വകുപ്പുകളുടെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് ശേഖരിക്കുന്നുണ്ട്. മരടിലെ ഫ്ലാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം നിര്‍മാതാക്കളില്‍ നിന്ന് തന്നെ ഈടാക്കി നല്‍കാമെന്ന സുപ്രീംകോടതി വിധിയിലെ പരാമര്‍ശത്തിന്‍റെ കൂടി അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ നടപടി തുടങ്ങിയിരിക്കുന്നത്.ജില്ലാ കളക്ടര്‍ എസ് സുഹാസ്, പൊളിക്കലിന്‍റെ ചുമതലയുള്ള സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍, ക്രൈംബ്രാഞ്ച് എഡിജിപി ടോമിന്‍ ജെ തച്ചങ്കരി എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ കൊച്ചിയില്‍ ചേർന്ന ക്രൈംബ്രാഞ്ചിന്‍റെയും ജില്ലാ ഭരണകൂടത്തിന്‍റെയും സംയുക്ത യോഗത്തിലാണ് സ്വത്ത് കണ്ടുകെട്ടാന്‍ തീരുമാനമായത്.

മരട് ഫ്ലാറ്റ് വിവാദം;ഹോളിഫെയ്ത്ത് എം.ഡി ഉൾപ്പെടെയുള്ള മൂന്നുപേരെ അറസ്റ്റ് ചെയ്തു

keralanews marad flat controversy three including holy faith md arrested

കൊച്ചി:മരടിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് ഫ്ലാറ്റുകൾ നിർമിക്കാൻ അനുമതി നൽകിയ കേസിൽ മുന്‍ പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പടെ മൂന്ന് പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.ഹോളി ഫെയ്ത്ത് എംഡി സാനി ഫ്രാൻസിസ്,പഞ്ചായത്തിലെ മുന്‍ ജൂനിയർ സൂപ്രണ്ട് എന്നിവരും അറസ്റ്റിലായി.ഇവര്‍ക്കെതിരെ തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.അഴിമതി നിരോധന നിയമ പ്രകാരമുള്ള വകുപ്പുകളും , വഞ്ചനാ കുറ്റവും ചുമത്തിയാണ് മൂന്ന് പേരെയും പ്രതിചേർത്തിരിക്കുന്നത്.ഇന്നലെ ഉച്ചയോടെയാണ് പ്രതികളായ മുൻ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്റഫ് , മുൻ ജൂനിയർ സൂപ്രണ്ട് പി.ഇ ജോസഫ് , ഹോളി ഫെയ്ത്ത് എം.ഡി സാനി ഫ്രാൻസിസ് എന്നിവരെ കസ്റ്റഡിയിലെടുത്തത്.വിശദമായ മൊഴി എടുത്ത ശേഷം വൈകുന്നേരത്തോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ നൽകുന്ന സൂചന. ശക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി മാധ്യമങ്ങളോട് പറഞ്ഞു. ഉദ്യോഗസ്ഥർ മൊഴി നൽകിയാൽ രാഷ്ട്രീയക്കാരുടെ പങ്ക് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം മരട് ഫ്‌ളാറ്റ് നിര്‍മ്മാണക്കേസില്‍ ആദ്യ അറസ്റ്റുണ്ടായതിന് പിന്നാലെ ബാക്കിയുള്ള രണ്ട് നിര്‍മ്മാതാക്കള്‍ ഒളിവില്‍ പോയെന്നാണ് സൂചന. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതുവരെ ക്രൈംബ്രാഞ്ചിന്റെ പിടിയിലാകാതിരിക്കാനാണ് ശ്രമം.ഹോളിഫെയ്ത്ത് നിര്‍മ്മാണക്കമ്ബനി എം.ഡി സാനി ഫ്രാന്‍സിസിനെ കൊച്ചിയിലെ ഓഫിസില്‍നിന്നാണ് ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയതിനുശേഷമാണ് അന്വേഷണസംഘം അപ്രതീക്ഷിത നീക്കം നടത്തിയത്. ഇതോടെ കേസില്‍ ഉള്‍പ്പെട്ട ബാക്കി രണ്ട് ഫ്‌ളാറ്റുകളുടെ നിര്‍മ്മാതാക്കളും പ്രതികളാകുമെന്ന് ഉറപ്പായി. ആല്‍ഫാ വെഞ്ചേഴ്‌സ് ഉടമ പോള്‍ രാജ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ്.

കൂടത്തായി കൊലപാതക കേസിൽ പരാതിക്കാരനായ റോജോയുടെ മൊഴിയെടുക്കുന്നത് ഇന്നും തുടരും;കേസ് പിൻവലിക്കാൻ ജോളി സമ്മർദം ചെലുത്തിയിരുന്നതായി റോജോ

keralanews the investigation team will continue to take statement from rojo today

കോഴിക്കോട്:കൂടത്തായി കൊലപാതക കേസിൽ പരാതിക്കാരനായ റോജോയുടെ മൊഴിയെടുക്കുന്നത് ഇന്നും തുടരും.കഴിഞ്ഞ ദിവസവും റോജോയില്‍ നിന്ന് മൊഴിയെടുത്തിരുന്നു. നിര്‍ണായക വിവരങ്ങള്‍ റോജോ പൊലീസിനു നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജോളിയെ കുറിച്ച്‌ സംശയമുണ്ടായിരുന്നെന്ന് റോജോ പൊലീസിന് മൊഴി നല്‍കി. പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നെന്നും റോജോ മാധ്യമങ്ങളോട് പറഞ്ഞു.വസ്തു ഇടപാടിലെ ധാരണയ്ക്ക് പകരം കേസ് പിന്‍വലിക്കാനായിരുന്നു ആവശ്യം. എന്നാല്‍ പരാതി പിന്‍വലിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നിന്നെന്നും റോജോ പറഞ്ഞു.കേസിലെ മുഖ്യപ്രതിയായ ജോളി ജോസഫ് തന്റെ സഹോദരി രഞ്ജി തോമസിനെയും വധിക്കാന്‍ ശ്രമിച്ചിരുന്നു. താന്‍ അമേരിക്കയില്‍ ആയതിനാല്‍ തന്റെ നേരെ വധശ്രമമുണ്ടായില്ല.ജോളി നല്‍കിയ അരിഷ്ടം കുടിച്ച രഞ്ജി അവശയായെന്നും കണ്ണില്‍ മഞ്ഞവെളിച്ചം കണ്ടെന്നുമായിരുന്നു രഞ്ജി പൊലീസിനു നല്‍കിയ മൊഴി. ലീറ്റര്‍ കണക്കിനു വെള്ളം കുടിച്ച ശേഷമാണു സാധാരണ നിലയിലായത്.നാട്ടില്‍ ലീവിനു വരുമ്ബോള്‍ പൊന്നാമറ്റം വീട്ടില്‍ താമസിക്കാറില്ല. ഭാര്യാവീട്ടിലും കോഴിക്കോട്ടെ ഹോട്ടലുകളിലുമാണ് താമസിച്ചിരുന്നതെന്നും റോജോ പറഞ്ഞു. ജീവിച്ചിരിക്കുന്നവര്‍ക്കും ആത്മാക്കള്‍ക്കും നീതി കിട്ടണം. പരാതി കൊടുത്താല്‍ തിരികെ വരാനാകുമോ എന്ന പേടി ഉണ്ടായിരുന്നു.അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്പി കെ.ജി.സൈമണില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും റോജോ മാധ്യമങ്ങളോട് പറഞ്ഞു. തുടക്കത്തില്‍ ചില സംശയങ്ങളുണ്ടായിരുന്നു. എന്നാല്‍, ഇത്രയും വ്യാപ്തി പ്രതീക്ഷിച്ചില്ല. എല്ലാ സത്യങ്ങളും പുറത്തുവരണമെന്നും റോജോ പറഞ്ഞു.

കൂടത്തായി കൊലപാതകം;പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും;കോടതിയിൽ ഹാജരാക്കും

keralanews koodathayi serial murder the custody period of accused ends today and will be produced in the court today

കോഴിക്കോട്:കൂടത്തായി കൂട്ടകൊലപാതകക്കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.ഇതോടെ കേസിലെ ഒന്നാം പ്രതി ജോളി, ഇവര്‍ക്ക് സയനൈഡ് നല്‍കിയ ജ്വല്ലറി ജീവനക്കാരനും രണ്ടാം പ്രതിയുമായ എം എസ് മാത്യു, മാത്യുവിന് സയനൈഡ് നല്‍കിയ സ്വര്‍ണപ്പണിക്കാരന്‍ പ്രജികുമാര്‍ എന്നിവരെ താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കും.കൂടുതല്‍ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി വീണ്ടും കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് ആവശ്യപ്പെടും.കഴിഞ്ഞ ദിവസം ജോളിയെയും കൂട്ടി പൊന്നാമറ്റം വീട്ടിലെത്തിയ പോലീസ് വീട്ടില്‍ നിന്ന് സയനൈഡ് കുപ്പി കണ്ടെത്തിയിരുന്നു. ഇതോടൊപ്പം ഓരോ ദിവസവും ജോളി പുതിയ മൊഴികള്‍ നല്‍കികൊണ്ടിരിക്കുകയാണ്. ആയതിനാല്‍ ജോളിയുടെ കസ്റ്റഡി കാലാവധി നീട്ടി നൽകണമെന്ന് പോലീസ് കോടതിയിൽ ആവശ്യപ്പെടും.മൂന്നുദിവസത്തേക്ക് കൂടിയാകും ഇവരെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടുക.

കാസർകോഡ്-മംഗലാപുരം ദേശീയപാതയിൽ ടാങ്കർ ലോറി മറിഞ്ഞ് വാതകം ചോർന്നു;ചോർച്ച താൽക്കാലികമായി അടച്ചു

keralanews gas leaks as tanker lorry overturns in kasarkode mangalore national highway

കാസർകോഡ്:കാസർകോട് മംഗലാപുരം ദേശീയപാതയിലെ അടുക്കത്ത് ബയലിൽ ഗ്യാസ് ടാങ്കർ മറിഞ്ഞ് വാതകം ചോർന്നു.ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടം നടന്നത്.മംഗലാപുരത്ത് നിന്ന് കോയമ്ബത്തൂരിലേക്ക് പോവുകയായിരുന്ന ഗ്യാസ് ടാങ്കറാണ് മറിഞ്ഞത്. ടാങ്കറിന്‍റെ ഗ്യാസ് നിറച്ചിരിക്കുന്ന ഭാഗവും മുന്‍ഭാഗവും തമ്മില്‍ വേര്‍പെട്ട് മുന്‍വശത്തെ വാല്‍വിലൂടെയാണ് വാതകം ചോര്‍ന്നത്.ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തി. അപകട സാധ്യത മുന്‍നിര്‍ത്തി റോഡിലൂടെയുള്ള ഗതാഗതം തടയുകയും പ്രദേശത്തുള്ളവരെ ഒഴിപ്പിക്കുകയും വൈദ്യുതി വിേഛദിക്കുകയും ചെയ്തു.വാതക ചോര്‍ച്ച താല്‍ക്കാലികമായി അടച്ചിട്ടുണ്ട്. അപകടത്തില്‍പെട്ട ടാങ്കറിലെ വാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റികൊണ്ടിരിക്കുകയാണ്. ആറ് മണിക്കൂര്‍ നേരത്തേക്ക് വാഹനങ്ങള്‍ വഴി തിരിച്ച്‌ വിടുമെന്ന് പൊലീസ് അറിയിച്ചു.അടുക്കത്ത്ബയല്‍ ഗവ യു.പി സ്‌കൂളിന് ജില്ലാ കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയില്‍ പുനലൂർ നഗരത്തെ ഭീതിയിലാഴ്ത്തി അപ്രതീക്ഷിത പ്രളയം;വെള്ളമിറങ്ങിയത് എട്ടുമണിക്കൂറിന് ശേഷം;വ്യാപക നാശനഷ്ടം

keralanews unexpected flood in punaloor in heavy rain and wide damage in heavy rain and flood

കൊല്ലം: കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിലും മലവെള്ളപ്പാച്ചിലിലും പുനലൂരിലും കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയിലും വ്യാപക നാശനഷ്ടം.കനത്ത മഴയെത്തുടര്‍ന്ന് പുനലൂര്‍, ചെമ്മന്തുര്‍ പ്രദേശം വെള്ളത്തില്‍ മുങ്ങി. നൂറോളം വീടുകളില്‍ വെള്ളം കയറി. ദേശീയപാതയില്‍ രണ്ടുമണിക്കൂറിലേറെ നേരം ഗതാഗതം തടസ്സപ്പെട്ടു.രണ്ടു മണിക്കൂര്‍ തിമിര്‍ത്തു പെയ്ത മഴയാണ് പുനലൂരിനെ പേടിപ്പിച്ചത്.ചെമ്മന്തൂര്‍ പ്രദേശത്തെ പരിഭ്രാന്തിയിലാക്കിയ അപ്രതീക്ഷിത വെള്ളപ്പൊക്കം എട്ടുമണിക്കൂറിനു ശേഷമാണ് പിന്‍വാങ്ങിയത്.വ്യാപാര സ്ഥാപനങ്ങളിലും മറ്റ് തൊഴില്‍ സ്ഥാപനങ്ങളിലും വെള്ളം കയറിയതിനെ തുടര്‍ന്ന് 1.5 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് വിലയിരുത്തല്‍. ചെമ്മന്തൂര്‍ സി എസ് ബഷീര്‍ ജനറല്‍ മര്‍ച്ചന്റസിന്റെ ഗോഡൗണ്‍ മുങ്ങി 30 ലക്ഷത്തിന്റെ നഷ്ടമാണുണ്ടായത്. നിരവധി വീടുകളും മതിലുകളും തകര്‍ന്നു. ഒരു കോടിയുടെ നഷ്ടമുണ്ടായതായാണ് നിഗമനം.കൃഷി നാശവുമുണ്ടായിട്ടുണ്ട്.