അഞ്ചല്‍: കൊല്ലം ഏരൂരില്‍ സ്കൂളിലെ മാലിന്യ ടാങ്കിൽ വീണ് അഞ്ച് കുട്ടികള്‍ക്ക് പരിക്കേറ്റു. ഇവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏരൂര്‍ എല്‍പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്.രണ്ടു കുട്ടികളുടെ കൈയിലെയും കാലിലെയും എല്ലുകള്‍ക്ക് പൊട്ടലുണ്ട്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റും.ആരുടെയും പരിക്ക് ഗുരുതരമല്ല.ഉച്ചയ്ക്ക് ശേഷമാണ് സംഭവം.സ്കൂളിലെ കൈകഴുകുന്ന പൈപ്പിനോട് ചേര്‍ന്നാണ് മാലിന്യ ടാങ്കുള്ളത്. ഈ ടാങ്കിന്‍റെ സ്ലാബ് തകര്‍ന്ന് കുട്ടികള്‍ ഉള്ളിലേക്ക് വീഴുകയായിരുന്നു. കാലപ്പഴക്കം മൂലമാണ് സ്ലാബ് തകര്‍ന്നത്. ടാങ്കില്‍ മാലിന്യം കുറവായിരുന്നതിനാല്‍ കുട്ടികള്‍ക്ക് ശ്വാസതടസം പോലുള്ള പ്രശ്നങ്ങളുണ്ടായില്ല. സംഭവമുണ്ടായതിന് പിന്നാലെ സ്കൂള്‍ അധികൃതരും നാട്ടുകാരും ചേര്‍ന്ന് കുട്ടികളെ പുറത്തെടുത്തു. പോലീസും സ്ഥലത്തെത്തി. തുടര്‍ന്നാണ് കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയത്.
കൂടത്തായി കൊലപാതക കേസ്;മുഖ്യപ്രതി ജോളിയുടെ സുഹൃത്ത് റാണി അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരായി
കോഴിക്കോട്:കൂടത്തായി കൊലപാതക കേസിൽ അറസ്റ്റിലായ മുഖ്യപ്രതി ജോളിയുടെ സുഹൃത്ത് റാണി അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരായി.വടകര റൂറല്‍ എസ്പി ഓഫിസിലാണ് ഹാജരായത്.തലശ്ശേരിയില്‍ നിന്നും രണ്ടു പേരോടൊപ്പം ഓട്ടോറിക്ഷയിലാണ് അതീവരഹസ്യമായി റാണി റൂറല്‍ എസ്പി ഓഫീസില്‍ എത്തിയത്. കൊയിലാണ്ടിയിലാണ് റാണിയുടെ വീട്. എന്നാല്‍ തലശ്ശേരിയിലെ ഒരു ബന്ധുവീട്ടിലായിരുന്നു റാണി ഇത്രയും ദിവസമെന്നാണ് സൂചന. അന്വേഷണസംഘം ഇവരുടെ മൊഴി രേഖപ്പെടുത്തും.ജോളിയുടെ എന്‍ഐടി ജീവിതത്തെ പറ്റി കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ യുവതിക്കു കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ജോളിയുടെ മൊബൈല്‍ ഫോണില്‍ നിന്നും യുവതിയുമൊത്തുള്ള നിരവധി ചിത്രങ്ങള്‍ പൊലിസ് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് അന്വേഷണം ഇവരിലേക്കും കൂടി വ്യാപിപ്പിച്ചത്.എന്നാൽ ഒളിവിൽ പോയ യുവതിക്കായി പോലീസ് അന്വേഷണം നടത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. ഇതിനിടയിലാണ് യുവതി അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരായിരിക്കുന്നത്.എന്‍ഐടി പരിസരത്ത് യുവതി തയ്യല്‍ക്കട നടത്തിയിരുന്നു.ഈ തയ്യല്‍ക്കട ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല.കഴിഞ്ഞ മാര്‍ച്ചില്‍ എന്‍.ഐ.ടിയില്‍ നടന്ന രാഗം കലോത്സവം കാണാനും ഈ യുവതി ജോളിക്കൊപ്പം എത്തിയിരുന്നു. എന്‍.ഐ.ടി അധ്യാപികയുടെ കാര്‍ഡ് അണിഞ്ഞായിരുന്നു ജോളി എത്തിയിരുന്നതെന്നും ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്. ബ്യൂട്ടി പാര്‍ലര്‍ ഉടമ സുലേഖ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥ ജയശ്രീ എസ് വാരിയര്‍ എന്നിവരാണ് ജോളിയുടെ സുഹൃത്തുക്കള്‍ എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിഗമനം. എന്നാല്‍ ഇവരെക്കാള്‍ ആത്മബന്ധം റാണിയോട് ജോളിക്കുണ്ടായിരുന്നു എന്ന സൂചന നല്‍കുന്ന ചിത്രങ്ങളാണ് പൊലീസിന് ലഭിച്ചത്.
കനത്ത മഴയില്‍ കോഴിക്കോട് ജില്ലയിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും;വ്യാപക നാശനഷ്ടം
കോഴിക്കോട്:ജില്ലയില്‍ ഇന്നലെ വൈകിട്ടുണ്ടായ കനത്ത മഴയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും.പലയിടത്തും വീടുകളില്‍ വെള്ളം കയറി. കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി.കോഴിക്കോട് ജില്ലയില്‍ മലയോര മേഖലയിലടക്കം കനത്ത മഴ പെയ്തു. കോട്ടൂര്‍ പാത്തിപ്പാറ മലയില്‍ ഉരുള്‍പൊട്ടി റോഡ് ഉള്‍പ്പെടെ തകര്‍ന്നു. ബാലുശേരി കണ്ണാടിപാറയില്‍ മണ്ണിടിച്ചില്‍ ഉണ്ടായി.മലവെള്ള പാച്ചിലില്‍ നിരവധി വീടുകളില്‍ വെള്ളം കയറി.കൊയിലാണ്ടി പാവുകണ്ടി ഭാഗത്ത് 14 കുടുംബങ്ങളെ തൃക്കുറ്റിശേരി യുപി സ്കൂളിലേക്ക് മാറ്റി. പനങ്ങാട്, പാത്തിപ്പാറമല എന്നിവിടങ്ങളിലും വെള്ളം കയറിയതിനെ തുടര്‍ന്ന് ആളുകളെ മാറ്റി. പാത്തിപ്പാറമലക്ക് സമീപം വ്യാപമായ കൃഷിനാശമുണ്ടായി. പലയിടത്തും കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി.
കൂടത്തായി കൊലപാതക പരമ്പര;സിലിയുടെ കൊലപാതകത്തിൽ ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചു
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളി ജോസഫിനെ ഒരു കേസിൽ കൂടി അറസ്റ്റ് ചെയ്യാനൊരുങ്ങി അന്വേഷണ സംഘം.ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസിലാണ് ജോളിയെ അറസ്റ്റ് ചെയ്യാനൊരുങ്ങുന്നത്.ഇതിനായി താമരശ്ശേരി കോടതിയിൽ അന്വേഷണ സംഘം അപേക്ഷ സമർപ്പിക്കും. താമരശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.നിലവില്‍ റോയി തോമസിന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ ജോളി ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളുടെയും കസ്റ്റഡി കാലാവധി ഇന്ന് വൈകിട്ടോടെ അവസാനിക്കും. ഒന്നാം പ്രതി ജോളി ജോസഫ്, രണ്ടാം പ്രതി മാത്യു, മൂന്നാം പ്രതി പ്രജുകുമാര്‍ എന്നിവരെ ഇന്ന് വൈകുന്നേരം നാലുമണിക്ക് താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. മൂന്ന് പ്രതികളുടേയും ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും.ജോളിയുടെ എന്‍ഐടി ബന്ധത്തെ സംബന്ധിച്ച ദൃശ്യങ്ങളും മറ്റും ലഭിച്ചതിനാല്‍ ഇതിനെ കുറിച്ചുള്ള അന്വേഷണവും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. എന്‍ഐടിക്ക് സമീപം തയ്യല്‍ക്കടയില്‍ ജോലി ചെയ്തിരുന്ന ജോളിയുടെ സുഹൃത്തിനെ കേന്ദ്രീകരിച്ചാണ് അന്വേഷണംപുരോഗമിക്കുന്നത്.ജോളിക്കൊപ്പം യുവതി എന്‍ഐടിക്ക് സമീപം നില്‍ക്കുന്ന ചിത്രങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഈ യുവതി നിലവില്‍ ചെന്നൈയിലെന്നാണ് സൂചന.
പൊതു വിപണിയില്‍ നിന്ന് ശേഖരിച്ച് 729 ഇനം ഭക്ഷ്യവസ്തുക്കളില്‍ 128 ഇനങ്ങളിലും കീടനാശിനിയുടെ സാന്നിധ്യം;ജൈവ പച്ചക്കറികളിലും കീടനാശിനി
തിരുവനന്തപുരം: പൊതു വിപണിയില്‍ നിന്ന് ശേഖരിച്ച 729 ഇനം ഭക്ഷ്യവസ്തുക്കളില്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടെ 128 ഇനങ്ങളില്‍ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തി. മുന്തിരി, പച്ചമുളക്, കോളിഫളവര്‍ എന്നിവയില്‍ നിരോധിത കീടനാശിനായ പ്രഫൈനോഫോസ് കണ്ടെത്തി. വെള്ളായണി കാര്‍ഷിക സര്‍വകലാശാല നടത്തിയ പരിശോധനയിലാണ് കീടനാശിനികളുടെ അമിതോപയോഗം സംബന്ധിച്ച സൂചനകളുള്ളത്.മുന്തിരിയില്‍ നിരോധിച്ചതടക്കം എട്ടിനം കീടനാശിനികളാണ് കണ്ടെത്തിയത്. ഇതില്‍ ഒരു കീടനാശിനി മാത്രമാണ് പ്രയോഗിക്കാന്‍ ശുപാര്‍ശയുള്ളത്. അപ്പിളിലും തണ്ണിമത്തലിനുമെല്ലാം കീടനാശിനിയുടെ സാന്നിധ്യമുണ്ട്. പച്ചമുളകില്‍ ശുപാര്‍ശ ചെയ്തിട്ടില്ലാത്ത അഞ്ചിനം കീടനാശിനിയാണ് കണ്ടെത്തിയത്. കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികള്‍ താരതമ്യേന സുരക്ഷിതമാണെന്നും റിപോര്‍ട്ടിലുണ്ട്.പൊതുവിപണിയില്‍ ലഭിക്കുന്ന ചുവപ്പ് ചീര, ബീന്‍സ്, വെണ്ട, പാവല്‍, വഴുതന, കത്തിരി, കാബേജ്, കാപ്‌സിക്കം, കോളിഫളവര്‍, സാമ്ബാര്‍ മുളക്, അമരയ്ക്ക, കറിവേപ്പില, മുരിങ്ങക്ക, പച്ചമുളക്, കോവയ്ക്ക, വെള്ളരി, പുതിനയില, സലാഡ് വെള്ളരി, പടവലം, തക്കാളി, പയര്‍, ആപ്പിള്‍, പച്ചമുന്തിരി, തണ്ണിമത്തന്‍, ജീരകം, പെരുംജീരകം എന്നിവയില്‍ കീടനാശിനിയുണ്ട്.ജൈവപച്ചക്കറിയെന്ന പേരില്‍ വില്‍ക്കുന്നതില്‍ പലതും വിഷം കലര്‍ന്ന വ്യാജനാണെന്ന് കണ്ടെത്തി. വെണ്ട, തക്കാളി, കാപ്‌സിക്കം, വെള്ളരി, പടവലം, പയര്‍ തുടങ്ങിയ ജൈവ ഇനങ്ങളിലാണ് പ്രയോഗിക്കാന്‍ പാടില്ലാത്ത കീടനാശിനി കണ്ടെത്തിയത്. ജൈവം എന്ന ലേബലില്‍ വന്‍വിലയ്ക്ക് വില്‍ക്കുന്ന പച്ചക്കറികളില്‍ കീടനാശിനി കണ്ടെത്തിയത് ഗൗരവമായി എടുക്കേണ്ടതാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റിപോര്‍ട്ടില്‍ പറയുന്നു.അതേ സമയം, കൃഷിവകുപ്പിന്റെ ഇക്കോഷോപ്പുകളില്‍ നിന്ന് ശേഖരിച്ച പച്ചക്കറികളിലാണ് ഏറ്റവും കുറവ് കീടനാശിനി കണ്ടെത്തിയത്. കര്‍ഷകരില്‍ നിന്ന് നേരിട്ട് ശേഖരിച്ച 21 ഇനം പച്ചക്കറികളില്‍ 14.39 ശതമാനത്തില്‍ മാത്രമേ കീടനാശിനിയുള്ളു. പൊതുവിപണിയെ അപേക്ഷിച്ച് കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികള്‍ സുരക്ഷിതമാണ്.
അതേ സമയം, ആശങ്കപ്പെടാന്‍ മാത്രമുള്ള സാഹചര്യം കേരളത്തില്‍ ഇല്ലെന്ന് ലോകഭക്ഷ്യ ദിനത്തോട് അനുബന്ധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ശില്‍പ്പശാല പുറത്തുവിട്ട നയരേഖയില്‍ പറയുന്നു. ഭക്ഷണ പ്ലേറ്റില്‍ പകുതി പച്ചക്കറികളും പഴവര്‍ഗങ്ങളും കൊണ്ട് നിറയ്ക്കണം. കീടനാശിനികളുടെ വിഷകരമായ സാന്നിധ്യം കേവലം മൂന്ന് ശതമാനത്തിലും ഏതെങ്കിലും അളവിലുള്ള സാന്നിധ്യം 15 ശതമാനത്തിലും താഴെ പച്ചക്കറികളില്‍ മാത്രമേ ഉള്ളൂ. കഴുകുക, തൊലി കളയുക, പുളിവെള്ളം, വിനാഗിരി എന്നിവ തേച്ചു വൃത്തിയാക്കുക തുടങ്ങിയ പ്രക്രിയകളിലൂടെ ഈ വിഷാംശം നീക്കം ചെയ്യപ്പെടും. നേന്ത്രപ്പഴം, പൈനാപ്പിള്‍ തുടങ്ങിയ പഴ വര്‍ഗങ്ങളില്‍ രാസപദാര്‍ഥങ്ങള്‍ ഒട്ടും തന്നെ കണ്ടെത്താനായിട്ടില്ല. നമ്മുടെ നാട്ടില്‍ ലഭ്യമാവുന്ന പഴവര്‍ങ്ങളും പച്ചക്കറികളും ഉപയോഗിക്കുകയും അന്യനാട്ടില്‍ നിന്നുവരുന്ന പച്ചക്കറികളും പലവ്യഞജനങ്ങളും പ്രത്യേകിച്ച് കറിവേപ്പില, മുളക് എന്നിവ ഉപേക്ഷിക്കേണ്ടതും അത്യാവശ്യമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.കൂട്ടായ യത്‌നത്തിലൂടെ ശരിയായ ഭക്ഷണരീതി സ്വീകരിച്ചാല്‍ കേരളീയരുടെ ആരോഗ്യം സംരക്ഷിക്കാനാകുമെന്നാണ് ശില്‍പശാലയില്‍ ഉയര്‍ന്ന അഭിപ്രായം.
കെ.എസ്.ഇ.ബി. വഴി ഇന്റര്‍നെറ്റും; കെ-ഫോണ്‍ പദ്ധതി അന്തിമഘട്ടത്തിലേക്ക്
തിരുവനന്തപുരം:ഉപയോക്‌താക്കള്‍ക്ക് വൈദ്യുതിക്കു പുറമേ ഇനി ഇന്റര്‍നെറ്റ് കണക്ഷനും കെ.എസ്.ഇ.ബി. ലഭ്യമാക്കും. ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷന്‍ സൗജന്യമായി നല്‍കുന്ന കേരള ഫൈബര്‍ ഒപ്‌റ്റിക് നെറ്റ്‌വര്‍ക്ക് (കെ-ഫോണ്‍) പദ്ധതി സംസ്‌ഥാന ഐ.ടി.ഇന്‍ഫ്രാസ്‌ട്രക്‌ച്ചര്‍ ലിമിറ്റഡും (കെ.എസ്.ഐ.ടി.ഐ.എല്‍ ) വൈദ്യുതിബോര്‍ഡും സഹകരിച്ചാണു നടപ്പാക്കുന്നത്. 1,028 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി അടുത്തവര്‍ഷം പകുതിയോടെ യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷ.20 ലക്ഷത്തോളം വരുന്ന ബി.പി.എല്‍. കുടുംബങ്ങള്‍ക്കും മുപ്പതിനായിരത്തോളം സര്‍ക്കാര്‍ ഓഫീസുകളിലും അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതാണ് പദ്ധതി.സാമ്പത്തികമായി പിന്നോക്കമുള്ള 20 ലക്ഷം വീട്ടിലാണ് സൗജന്യ ഇന്റര്‍നെറ്റ് നല്‍കുക. മറ്റുള്ളവര്‍ക്ക് കുറഞ്ഞ നിരക്കിലും.വീടുകളില്‍ ഫോണിനും ഇന്റര്‍നെറ്റിനുമൊപ്പം ആവശ്യമെങ്കില്‍ കേബിള്‍ ടിവിയും ലഭ്യമാകും. കേബിള്‍ കടന്നുപോകുന്ന 2800 കിലോമീറ്റര്‍ സ്ഥലത്തിന്റെയും 29,000 ഓഫീസുകളുടെയും സര്‍വേ പൂര്‍ത്തിയായി. 52,746 കിലോമീറ്റര്‍ കേബിള്‍ കെഎസ്‌ഇബിയുടെ 40 ലക്ഷത്തിലേറെയുള്ള പോസ്റ്റുകളിലൂടെ എത്തിക്കും. നവംബറില്‍ വൈദ്യുതി പോസ്‌റ്റുകള്‍ വഴി ഒപ്‌റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്‌ഥാപിച്ചു തുടങ്ങും.സംസ്ഥാനത്ത് 2000 വൈഫൈ ഹോട്ട് സ്പോട്ടുകള്‍ സ്ഥാപിക്കും. വൈഫൈ ഹോട്ട് സ്പോട്ട് സ്ഥാപിക്കേണ്ടതിന്റെ പട്ടിക കലക്ടര്‍മാര്‍ തയ്യാറാക്കി. ലൈബ്രറികളും പാര്‍ക്കുകളും ബസ് സ്റ്റാന്‍ഡുകളും സര്‍ക്കാര്‍ ഓഫീസുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും ഇതിലുള്‍പ്പെടും. സാങ്കേതിക ഉപകരണങ്ങളും കേബിളുകളും ദക്ഷിണ കൊറിയന്‍ കമ്പനിയാണ് നല്‍കുന്നത്. ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡാ(ബിഇഎല്‍)ണ് പദ്ധതിനിര്‍വഹണ ഏജന്‍സി.കെ.ഫോണ്‍ പദ്ധതിയുടെ കണ്‍ട്രോള്‍ റൂം ആയി പ്രവര്‍ത്തിക്കുന്ന നെറ്റവര്‍ക്ക് ഓപ്പറേറ്റിംഗ് സെന്റര്‍ (നോക്) ആസ്‌ഥാനം കൊച്ചിയിലായിരിക്കും. നേരത്തെ ആലപ്പുഴയിലെ ചേര്‍ത്തലയില്‍ സ്‌ഥാപിക്കാനായിരുന്നു തീരുമാനം. ഡിസംബറില്‍ നോക് പ്രവര്‍ത്തനസജ്‌ജമാക്കും. വീടുകളും ഓഫീസുകളും വിവിധ ശൃംഖലകളാക്കിയാണ് കേബിള്‍ വഴി ബന്ധിപ്പിക്കുന്നത്. ഓരോ ശൃംഖലയും പൂര്‍ത്തിയാകുന്ന മുറയ്‌ക്ക് സെന്ററു(നോക്ക്)മായി ബന്ധിപ്പിച്ച് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കും.നോക്ക് സജ്‌ജമാവുന്നതോടൊപ്പം തുടക്കത്തില്‍ ഒന്നോ രണ്ടോ ശൃംഖലകള്‍ കൂടി പൂര്‍ത്തിയാക്കാനാണ് തീരുമാനം. 2020-ല്‍ സംസ്‌ഥാനത്ത് മുഴുവന്‍ കെ.ഫോണ്‍ ശൃംഖല യാഥാര്‍ഥ്യമാക്കും.
തൃശ്ശൂരില്‍ വന്‍ സ്വര്‍ണ്ണവേട്ട; പിടിച്ചെടുത്തത് അന്‍പത് കോടി വിലമതിക്കുന്ന 123 കിലോ സ്വര്‍ണ്ണം
തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ കസ്റ്റംസ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ പിടികൂടിയത് 50 കോടി രൂപ വിലമതിക്കുന്ന 123 കിലോ സ്വര്‍ണ്ണം. കേരളത്തിലെ കസ്റ്റംസ് സ്വര്‍ണവേട്ടയില്‍ ഇത് ആദ്യമായാണ് ഇത്രയും കിലോ സ്വര്‍ണ്ണം പിടികൂടിയത്.സ്വര്‍ണ്ണത്തിന് പുറമെ രണ്ടുകോടി രൂപയും 1900 യുഎസ് ഡോളറും അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്.ജൂലായ് മുതല്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിലെ ഒരു സംഘത്തെ നിരീക്ഷണത്തിനുമാത്രമായി നിയോഗിച്ചുണ്ടായിരുന്നു. സംശയാസ്പദമായി കണ്ടെത്തിയ മുപ്പതോളം ആളുകളുടെ നീക്കങ്ങള്‍ സൂക്ഷ്മമായി പിന്തുടര്‍ന്നതിന് ശേഷമാണ് ഇത്രയും വലിയൊരു സ്വര്‍ണ്ണവേട്ട അധികൃതര്‍ നടത്തിയത്. പിടികൂടിയ സ്വര്‍ണ്ണത്തില്‍ പത്തൊൻപത് കിലോ മാത്രമാണ് കടത്തുന്ന സമയത്ത് പിടികൂടിയത്. ബാക്കിയുള്ളവ വീടുകളില്‍നിന്നും കടകളില്‍ നിന്നുമാണ് കണ്ടെത്തിയത്. ചേര്‍പ്പ്, ഊരകം, വല്ലച്ചിറ, ഒല്ലൂര്‍, മണ്ണുത്തി എന്നിവടങ്ങളിലെ 23 വീടുകളിലാണ് അധികൃതര്‍ പരിശോധന നടത്തിയത്. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍നിന്ന് 15 കാരിയര്‍മാരെയും അധികൃതര്‍ പിടികൂടിയിട്ടുണ്ട്.
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഞ്ചാവ് വേട്ട; യൂണിവേഴ്‌സിറ്റി കോളേജ് കുത്ത് കേസ് പ്രതി നസീം അടക്കമുള്ള പ്രതികളില്‍ നിന്ന് കഞ്ചാവ് പിടികൂടി
തിരുവനന്തപുരം:പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നടത്തിയ കഞ്ചാവ് വേട്ടയിൽ യൂണിവേഴ്‌സിറ്റി കോളേജ് കുത്ത് കേസ് പ്രതി നസീം അടക്കമുള്ള ഏഴ് തടവുകാരില്‍ നിന്ന് കഞ്ചാവ് പിടികൂടി. കഞ്ചാവിന് പുറമെ നിരോധിത പുകയില ഉത്പന്നങ്ങളും ഇവിടെ നിന്ന് പിടികൂടിയതായാണ് വിവരം.ഇന്നലെ വൈകീട്ട് ഏഴുമണി മുതല്‍ മുതല്‍ ഒൻപത് മണിവരെയായിരുന്നു ഡിജിപിയുടെ നിര്‍ദേശാനുസരണം ജയില്‍ സൂപ്രണ്ട് ബി സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ജയിലിലെ എല്ലാ ബ്ലോക്കുകളിലും പരിശോധന നടത്തിയത്. നസീമിനെ പാര്‍പ്പിച്ചിട്ടുള്ള എട്ടാം ബ്ലോക്ക്, ഹോസ്പിറ്റില്‍ ബ്ലോക്ക്, നാല്, എട്ട്, പന്ത്രണ്ട് തുടങ്ങിയ ബ്ലോക്കുകളില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്. ജയിലില്‍ നിരോധിത ലഹരി വസ്തുക്കള്‍ കടത്തിയതുമായി ബന്ധപ്പെട്ട് നസീമടക്കം ഏഴ് തടവുകാര്‍ക്കെതിരെ കേസെടുക്കാന്‍ ജയില്‍ സൂപ്രണ്ട് പൂജപ്പുര പോലീസിന് നിര്‍ദ്ദേശം നല്‍കി. യൂണിവേഴ്‌സിറ്റി കോളജില്‍ സഹപാഠിയായ അഖിലിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയും എസ്‌എഫ്‌ഐ പ്രവര്‍ത്തകനുമാണ് നസീം.
അഗ്രീന്‍കോ അഴിമതി;എം കെ രാഘവന്‍ എംപിക്കെതിരേ വിജിലന്‍സ് കേസ്
കണ്ണൂർ:അഗ്രീന്‍കോ അഴിമതി നടത്തിയ സംഭവത്തിൽ എം.കെ രാഘവന്‍ എം.പി ഉള്‍പ്പെടെ 13 പേര്‍ക്കെതിരേ വിജിലന്‍സ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തു. കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന കേരളാ സ്റ്റേറ്റ് അഗ്രികള്‍ച്ചറല്‍ കോ.ഓപ്. സൊസൈറ്റിയില്‍ 77കോടി രൂപയുടെ അഴിമതി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിജിലന്‍സ് കേസ്.കണ്ണൂരില്‍ അഗ്രീന്‍കോ എന്ന സ്ഥാപനം തുടങ്ങിയ ശേഷം സര്‍ക്കാരില്‍നിന്നും മറ്റും ലഭിച്ച ഗ്രാന്‍ഡ്, വായ്പ എന്നിവ തിരിമറി നടത്തി 77 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് കേസ്. ധനാപഹരണം, വ്യാജരേഖയുണ്ടാക്കല്‍, ഗൂഢാലോചന, അധികാര ദുര്‍വിനിയോഗം തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്.ജനറല്‍ മാനജേര്‍ പിവി ദാമോദരനാണ് ഒന്നാം പ്രതി. രണ്ടാംപ്രതി എം ഡി. ബൈജു രാധാകൃഷ്ണന്‍. ചെയര്‍മാനായ എം.കെ രാഘവന്‍ മൂന്നാം പ്രതിയാണ്, മറ്റു പത്തു പേര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും. 2002 മുതല്‍ 2013 വരെ നടത്തിയ പ്രവര്‍ത്തനങ്ങളിലാണ് 77 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയിട്ടുള്ളത്.തുടര്‍ന്ന് സഹകരണ വിജിലന്‍സ് പരിശോധന നടത്തുകയും കണ്ണൂര്‍ ടൗണ്‍ പോലിസ് കേസെടുക്കുകയും ചെയ്തിരുന്നെങ്കിലും നിയമപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കേസ് വിജിലന്‍സിന് കൈമാറുകയായിരുന്നു.
കണ്ണൂരില്‍ കുടുംബവഴക്കിനിടെ ഭർത്താവിന്റെ കുത്തേറ്റ് ഭാര്യക്ക് ഗുരുതര പരിക്ക്
കണ്ണൂർ: കണ്ണൂർ കൊറ്റാളിയിൽ ഭർത്താവിന്റെ കുത്തേറ്റ് ഭാര്യക്ക് ഗുരുതര പരിക്ക്. കൊറ്റാളി സ്വദേശി റോഷിദയ്ക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കണ്ണൂർ ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഭർത്താവ് ഷൈനേഷിനായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്.കുടുംബ വഴക്കിനെത്തുടർന്നാണ് ഷൈനേഷ് റോഷിദയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.