മാനന്തവാടി: വയനാട് ജില്ലയിൽ കുരങ്ങുപനി സ്ഥിരീകരിച്ചു.തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ പനവല്ലി സ്വദേശിയായ 24കാരനാണ് രോഗബാധ കണ്ടെത്തിയത്. ഈ വർഷം ആദ്യമായാണ് കുരങ്ങുപനി റിപ്പോർട്ട് ചെയ്യുന്നത്. രോഗിയുടെ പരിസരവാസികളുടെ രക്തസാമ്പിളുകൾ ആരോഗ്യവകുപ്പ് ശേഖരിച്ചു.പനിയും ചുമയുമുള്ളവർ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. വനവുമായി ബന്ധപ്പെട്ട ജോലിയില്‍ ഏര്‍പ്പെട്ട യുവാവിന് പനിയും 7 ശരീരവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അപ്പപ്പാറ സി.എച്ച്.സിയില്‍ ചികിത്സ തേടുകയും തുടര്‍ന്ന് കുരങ്ങുപനി സംശയിക്കുകയും വയനാട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ബത്തേരി പബ്ലിക് ഹെല്‍ത്ത് ലാബില്‍ നടത്തിയ സാമ്പിൾ പരിശോധനയിൽ കുരങ്ങുപനി സ്ഥിരീകരിച്ചു. പഞ്ചായത്തിലെ 21 പേരുടെ സാമ്പിൾ പരിശോധിച്ചതില്‍ ആര്‍ക്കും കുരങ്ങുപനി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഒരു മാസം മുമ്പ് കര്‍ണാടകയില്‍ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തത് മുതല്‍തന്നെ ജില്ലയില്‍ മുന്‍കരുതല്‍ നടപടികളും പ്രതിരോധ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സഹായത്തോടെ ജില്ല വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റ് നടത്തിയ പരിശോധനയില്‍ അപ്പപ്പാറ, ബേഗൂര്‍ ഭാഗങ്ങളില്‍ കുരങ്ങുപനിയുടെ ചെള്ളിന്‍റെ സാന്നിധ്യം കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു.വനത്തിന് പുറത്തുനിന്ന് ശേഖരിച്ച ചെള്ളുകളില്‍ കുരങ്ങുപനിയുടെ വൈറസിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.ശക്തമായ പനി അല്ലെങ്കില്‍ വിറയലോടുകൂടിയ പനി,ശരീരവേദന അല്ലെങ്കില്‍ പേശിവേദന,തലവേദന, ഛർദി, കടുത്ത ക്ഷീണം,രോമകൂപങ്ങളില്‍നിന്ന് രക്തസ്രാവം,അപസ്മാരത്തോടുകൂടിയോ അല്ലാതെയോ ഉള്ള തലകറക്കം, സ്ഥലകാല ബോധമില്ലായ്മ തുടങ്ങിയവയാണ് കുരങ്ങുപനിയുടെ പ്രധാന ലക്ഷണങ്ങൾ.
ബാബുവിനെതിരെ കേസെടുക്കരുത്; വനംവകുപ്പിനോട് നിർദ്ദേശിച്ച് മന്ത്രി ശശീന്ദ്രൻ
പാലക്കാട്: ബാബുവിനെതിരെ കേസെടുക്കില്ലെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. നടപടി പാടില്ലെന്ന് മുഖ്യവനപാലകന് മന്ത്രി എ.കെ ശശീന്ദ്രൻ നിർദ്ദേശം നൽകി. മുഖ്യമന്ത്രി പിണറായി വിജയനോട് ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും പൊതുസമൂഹത്തിനൊപ്പമാണ് സർക്കാരെന്നും മന്ത്രി വ്യക്തമാക്കി.വനമേഖലയിൽ അതിക്രമിച്ച് കയറിയതിന് ഒരുകൊല്ലം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണ് വനംവകുപ്പ് ചുമത്താനിരുന്നത്. പ്ലസ് ടൂ വിദ്യാർത്ഥിയും ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുമാണ് ബാബുവിനൊപ്പം മലകയറിയത്. കേസെടുക്കുന്നതിന് മുൻപായി വാളയാർ സെഷൻ ഓഫീസർ ബാബുവിനെ കണ്ട് മൊഴിയെടുക്കാൻ തീരുമാനിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്കെതിരെ കേസെടുക്കുന്നതിൽ മൊഴിയെടുത്ത ശേഷം തീരുമാനം എടുക്കുമെന്നും വനംവകുപ്പ് അറിയിച്ചു. പിന്നാലെയാണ് കേസെടുക്കരുതെന്ന് മന്ത്രി നിർദ്ദേശിച്ചത്.വനംവകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി, വനംവകുപ്പ് മേധാവി, വന്യജീവി ചീഫ് വാര്‍ഡന്‍ എന്നിവരുമായി ചര്‍ച്ച നടത്തി സാഹചര്യങ്ങള്‍ വിലയിരുത്തും. വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടല്ല അവര്‍ വനത്തിലേക്ക് പോയതെന്നാണ് പ്രാഥമികമായി ലഭിച്ച വിവരം. എങ്കിലും കേസ് വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി പറഞ്ഞു.
പോലീസിൻ്റെ നാക്ക് കേട്ടാൽ അറപ്പ് ഉളവാക്കുന്നതാകരുത്, മാറ്റം വരണം; പോലീസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം:പോലീസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസിന്റെ നാക്ക് കേട്ടാൽ അറപ്പ് ഉളവാക്കുന്നതാകരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുവേ സേനയ്‌ക്ക് അത് കളങ്കമുണ്ടാക്കുന്നു. ആധുനിക പരീശീലനം ലഭിച്ചിട്ടും പഴയ തികട്ടലുകൾ ഇപ്പോഴും ചിലരിലുണ്ട്. പുതിയ എസ് ഐമാരുടെ പാസിങ് ഔട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.കാലം മാറിയെങ്കിലും പോലീസ് സേനയിൽ വലിയ മാറ്റം ഉണ്ടായില്ല. ഇത് ഓരോരുത്തരും വ്യക്തിപരമായി തിരിച്ചറിയണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകുന്നത് കൊണ്ടാണ് തുടക്കത്തിലേ ഓർമ്മിപ്പിക്കുന്നത്. നാടിന്റെ സാംസ്‌കാരിക ഉന്നമനത്തിന് അനുസരിച്ചുള്ള സേനയാണ് ആവശ്യം.പോലീസ് ഒരു പ്രൊഫഷണൽ സംവിധാനമായി മാറണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.പാസിംഗ് ഔട്ട് പരേഡിലെ മാറ്റം പരിശോധിക്കപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. പരിശീലനം ശരിയായ നിലയിലല്ലെങ്കിൽ സമൂഹത്തിന് വിനയാകുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. പഴയകാലത്ത് പോലീസിനെ ഉപയോഗിച്ചിരുന്നത് അടിച്ചമർത്താൻ ആയിരുന്നു ആ കാലം മാറിയെങ്കിലും പോലീസ് സേനയിൽ വലിയ മാറ്റം ഉണ്ടായില്ലെന്ന് അദ്ദേഹം വിമർശിച്ചു.ജനങ്ങളെ ആപത് ഘട്ടത്തിൽ രക്ഷിക്കുന്നവരായി പോലീസ് മാറി.പ്രളയം, കൊറോണ തുടങ്ങിയ ഘട്ടങ്ങളിലെല്ലാം പോലീസിന്റെ ജനാഭിമുഖ്യമായ മുഖം കണ്ടു. ഇതിന് ഉതകുന്ന മാറ്റങ്ങൾ പരിശീലനത്തിലും ഉണ്ടാക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബാബുവിന്റെ ആരോഗ്യനില തൃപ്തികരം; വനമേഖലയിൽ അതിക്രമിച്ച് കടന്നതിന് ബാബുവിനെതിരേ വനം വകുപ്പ് കേസെടുക്കും
പാലക്കാട്: മലമ്പുഴ ചെറാട് കൂർമ്പാച്ചി മലയിൽ കുടുങ്ങി രക്ഷപ്പെട്ട ബാബുവിന്റെ ആരോഗ്യനില തൃപ്തികരം. പാലക്കാട് ജില്ലാ ആശുപത്രി ഐസിയുവിലാണ് ബാബുവുള്ളത്. ഇന്ന് വാർഡിലേക്ക് മാറ്റുമെന്ന് ഡോക്ടർമാരുടെ സംഘം അറിയിച്ചു.രാവിലെ നടത്തുന്ന പരിശോധനകൾക്ക് ശേഷമാണ് വാർഡിലേക്ക് മാറ്റുക. ഉമ്മ റഷീദയും സഹോദരനും ബാബുവിനെ സന്ദർശിച്ചു. നാൽപത്തിയെട്ടു മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇന്നലെ ഉച്ചയോടെയാണ് ബാബുവിനെ ആശുപത്രിയിലെത്തിച്ചത്.അതേസമയം ബാബുവിനെതിരെ കേസെടുക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.വനമേഖലയില്‍ അതിക്രമിച്ചു കടന്നതിനാണ് കേരളാ ഫോറസ്റ്റ് ആക്‌ട് സെക്ഷന്‍ 27 പ്രകാരം ബാബുവിനും സുഹൃത്തുക്കള്‍ക്കുമെതിരേ വനംവകുപ്പ് കേസെടുക്കുക.ഒരു വര്‍ഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണിത്.കേസെടുക്കുന്നതിന് മുന്നോടിയായി വാളയാര്‍ സെക്ഷന്‍ ഓഫിസര്‍ ബാബുവിനെ കണ്ട് മൊഴിയെടുക്കും.ബാബുവും സുഹൃത്തുക്കളും തിങ്കളാഴ്ച രാവിലെയാണ് മലകയറിയത്. കുത്തനെയുള്ള മല കയറാന്‍ കഴിയാത്തതിനാല്‍ സുഹൃത്തുക്കള്‍ പാതിയില്‍ തിരിച്ചിറങ്ങി.ബാബു മുകളിലേക്ക് കയറുകയും ചെയ്തു. ഉച്ചയോടെ തിരിച്ചിറങ്ങവേയാണ് കാല്‍വഴുതി മലയിടുക്കിലേക്ക് വീണത്.ഫോണ്‍ ചെയ്ത് പറഞ്ഞതനുസരിച്ച് സുഹൃത്തുക്കള്‍ എത്തി വള്ളിയും മരക്കൊമ്പും ഇട്ടുകൊടുത്ത് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇവര്‍ മലയിറങ്ങി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ആശങ്കകള്‍ക്കൊടുവില്‍ ഇന്നലെ രാവിലെയാണ് ബാബുവിനെ സൈന്യം രക്ഷപ്പെടുത്തിയത്.
സംസ്ഥാനത്ത് ഇന്ന് 23,253 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;29 മരണം;47,882 പേർക്ക് രോഗമുക്തി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 23,253 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 4441, തിരുവനന്തപുരം 2673, കോട്ടയം 2531, കൊല്ലം 2318, തൃശൂർ 1790, കോഴിക്കോട് 1597, ആലപ്പുഴ 1405, പത്തനംതിട്ട 1232, മലപ്പുറം 1200, ഇടുക്കി 1052, കണ്ണൂർ 966, പാലക്കാട് 866, വയനാട് 803, കാസർകോട് 379 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 84,919 സാമ്പിളുകളാണ് പരിശോധിച്ചത്.നിലവിൽ 2,58,188 കൊറോണ കേസുകളിൽ, 3.3 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 29 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 198 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 627 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 60,793 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 53 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 21,366 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1627 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 207 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 47,882 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 5437, കൊല്ലം 2592, പത്തനംതിട്ട 1350, ആലപ്പുഴ 2861, കോട്ടയം 3002, ഇടുക്കി 1548, എറണാകുളം 9781, തൃശൂർ 7307, പാലക്കാട് 3005, മലപ്പുറം 2696, കോഴിക്കോട് 4450, വയനാട് 959, കണ്ണൂർ 2295, കാസർകോട് 599 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 2,58,188 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
ചേറാട് മലയിൽ നിന്നും രക്ഷപ്പെടുത്തിയ ബാബുവിനെ ആശുപത്രിയിലെത്തിച്ചു;രക്തം ഛർദ്ദിച്ചതായി രക്ഷാപ്രവർത്തകർ;24 മണിക്കൂർ നിരീക്ഷണത്തിൽ തുടരും
പാലക്കാട്:മലമ്പുഴ ചേറാട് മലയിൽ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്തി എയർ ലിഫ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. ബാബു ആശുപത്രിയിലെത്തുന്നതിന് മുൻപ് രക്തം ഛർദ്ദിച്ചതായി രക്ഷാപ്രവർത്തകർ പറഞ്ഞു.24 മണിക്കൂർ നിരീക്ഷണത്തിൽ തുടരുമെന്നും ഈ മണിക്കൂറുകൾ നിർണ്ണായകമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. എല്ലാ പരിശോധനകളും പൂർത്തിയാക്കിയ ശേഷമാകും ബാബുവിനെ ആശുപത്രിയിൽ നിന്ന് മാറ്റുക.ബാബുവിന്‍റെ ആരോഗ്യനില തൃപ്തികരമാണ്. ഇസിജി ഉൾപ്പടെയുള്ള പരിശോധനാ ഫലം നോർമലെന്നും ഡോക്ടർ പറഞ്ഞു.45 മിനിറ്റ് നീണ്ട കരസേനയുടെ രക്ഷാദൗത്യം പൂർത്തിയായി 1.30 മണിക്കൂർ കഴിഞ്ഞാണ് ബാബുവിനെ ആശുപത്രിയിലെത്തിച്ചത്. ബാബുവിന് ആവശ്യമായ എല്ലാ ചികിത്സയും നൽകുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
കണ്ണൂർ തളിപ്പറമ്പിൽ കാറിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ
കണ്ണൂർ: തളിപ്പറമ്പിൽ കാറിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ.പരിയാരം സ്വദേശി അശ്വിൻ രാജ് (23) ആണ് പിടിയിലായത്. പഴയങ്ങാടിയിൽ എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് കടത്താനുപയോഗിച്ച മാരുതി ആൾട്ടോ കാറും കസ്റ്റഡിയിലെടുത്തു. എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗം പിപി രജിരാഗിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പഴയങ്ങാടി പോലീസ് സ്‌റ്റേഷനു സമീപത്ത് വെച്ചാണ് യുവാവിനെ പിടികൂടിയത്.കണ്ണൂരിലെ വിവിധയിടങ്ങളിൽ കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് ഇയാളെന്ന് പോലീസ് വ്യക്തമാക്കി. പിടിയിലായ പ്രതി കഞ്ചാവ് ചെറിയ പൊതികളിലാക്കി സ്‌കൂൾ- കോളേജ് വിദ്യാർത്ഥികൾക്ക് ഉൾപ്പടെ വിൽപ്പന നടത്തുകയും വിദ്യാർത്ഥികളെ ഉപയോഗപ്പെടുത്തി കഞ്ചാവ് വിൽപ്പന നടത്തുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. പ്രതിയുടെ ഫോൺ പരിശോധിച്ചതിൽ നിന്നും കഞ്ചാവ് അന്വേഷിച്ച് വിദ്യാർത്ഥികൾ ഉൾപ്പടെ നിരവധിപേർ അശ്വിനെ സമീപിച്ചതായി കണ്ടെത്തി.
അടൂരിൽ കാർ കനാലിലേക്ക് മറിഞ്ഞ് സ്ത്രീകളുൾപ്പെടെ മൂന്ന് പേർ മരിച്ചു
പത്തനംതിട്ട: അടൂർ ദേശീയപാതയിൽ കാർ കനാലിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചതെന്നാണ് വിവരം. കായംകുളത്ത് വിവാഹ വസ്ത്രം എടുക്കാനായി പോയവരാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം.നാല് പേരെ രക്ഷപ്പെടുത്തി. ബുധനാഴ്ച ഉച്ചയ്ക്ക് 1.15-ഓടെ കരുവാറ്റ പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ കനാലിലേക്ക് മറിഞ്ഞെന്നാണ് നാട്ടുകാര്‍ പറയുന്നത്.ഡ്രൈവർ മദ്യലഹരിയിലായിരുന്നതായി സംശയമുണ്ട്.കനാലില്‍ ശക്തമായ ഒഴുക്കുണ്ടായിരുന്നതിനാല്‍ കാര്‍ വെള്ളത്തിലൂടെ ഒഴുകി കനാലിലെ പാലത്തിനടിയില്‍ കുടുങ്ങികിടക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന നാലുപേരെ ആദ്യമിനിറ്റുകളില്‍ തന്നെ നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് രക്ഷപ്പെടുത്തിയിരുന്നു. ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ അപകടനില തരണം ചെയ്തതായാണ് വിവരം.കാറിനുള്ളില്‍ നിന്ന് അവസാനം പുറത്തെടുത്ത മൂന്നു പേരാണ് മരിച്ചത്.
സംസ്ഥാനത്ത് കൊറോണ പരിശോധനകൾക്കും സുരക്ഷാ സാമഗ്രികളുടെയും നിരക്ക് കുറച്ചു; ആർടിപിസിആറിന് 300, ആന്റിജന് 100 രൂപ;അമിത ചാര്‍ജ് ഈടാക്കിയാല്‍ കര്‍ശന നടപടി
തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ പരിശോധനകള്‍ക്കും പി.പി.ഇ. കിറ്റ്, എന്‍ 95 മാസ്ക് തുടങ്ങിയ സുരക്ഷാ സാമഗ്രികള്‍ക്കും നിരക്ക് കുറച്ചു.ആര്‍ടിപിസിആര്‍ 300 രൂപ, ആന്റിജന്‍ 100 രൂപ, എക്സ്പെര്‍ട്ട് നാറ്റ് 2,350 രൂപ, ട്രൂനാറ്റ് 1225 രൂപ, ആര്‍ടി ലാമ്പ് 1025 രൂപ എന്നിങ്ങനെയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. എല്ലാ ചാര്‍ജുകളും ഉള്‍പ്പെടെയുള്ള നിരക്കാണിത്.ഇതോടൊപ്പം പിപിഇ കിറ്റ്, എന്‍95 മാസ്ക് തുടങ്ങിയ സുരക്ഷാ സാമഗ്രഹികള്‍ക്കും വില കുറച്ചു. പി പി ഇ കിറ്റ് ഒരു യൂണിറ്റിന് എക്‌സ് എല്‍ സൈസിന് 154 രൂപയാണ് ഏറ്റവും കുറഞ്ഞ വില. ഡബിള്‍ എക്‌സ് എല്‍ സൈസിന് 156 രൂപയും. മേല്‍പ്പറഞ്ഞ അളവിലെ ഏറ്റവും ഉയര്‍ന്ന തുക 175 രൂപയാണ്. എന്‍95 മാസ്‌കിന് ഏറ്റവും കുറഞ്ഞ നിരക്ക് 5.50 രൂപയും ഉയര്‍ന്ന നിരക്ക് 15 രൂപയുമാണ്. അമിത ചാര്‍ജ് ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് വ്യക്തമാക്കി.ആര്‍ടിപിസിആര്‍ 500 രൂപ, ആന്റിജന്‍ 300 രൂപ, എക്സ്പെര്‍ട്ട് നാറ്റ് 2500 രൂപ, ട്രൂനാറ്റ് 1500 രൂപ, ആര്‍ടി ലാമ്പ് 1150 രൂപ എന്നിങ്ങനെയാണ് മുമ്പ് നിശ്ചയിച്ച നിരക്ക്.
കളമശ്ശേരിയിൽ കിൻഫ്ര പാർക്കിനു സമീപം വൻ തീപിടുത്തം
എറണാകുളം: കളമശ്ശേരിയിൽ വൻ തീപിടുത്തം. കളമശ്ശേരിയിലെ ഗ്രീൻ ലീഫ് എന്ന കമ്പനിയിലാണ് രാവിലെ 6.30ഓടെ തീപിടുത്തമുണ്ടായത്. കിൻഫ്ര പാർക്കിനകത്ത് പ്രവർത്തിക്കുന്ന സുഗന്ധ ദ്രവ്യങ്ങൾ നിർമ്മിക്കുന്ന കമ്പനിയാണ് ഗ്രീൻ ലീഫ്. അഗ്നിശമന സേന പ്രദേശത്തെത്തി തീയണക്കാൻ ശ്രമിക്കുകയാണ്. സംഭവത്തിൽ ആളപായമില്ലെന്നാണ് റിപ്പോർട്ട്. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.തീപിടുത്തം ഉണ്ടാവുമ്പോൾ ഇവിടെ ജോലിക്കാരുണ്ടായിരുന്നവെങ്കിലും ഇവരെയൊക്കെ സുരക്ഷിതമായി മാറ്റി. തീപിടുത്തതിന്റെ കാരണം വ്യക്തമല്ല. സുഗന്ധദ്രവ്യങ്ങൾ ഉണ്ടാകുന്നതിനുള്ള രാസവസ്തുക്കൾ കമ്പനിയിൽ വൻ തോതിൽ സൂക്ഷിച്ചിരുന്നു. അതിനാൽ പൊട്ടിത്തെറിയുണ്ടാവാനുള്ള സാദ്ധ്യതയും നിലനിൽക്കുന്നുണ്ട്. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.അദാനി ഗ്യാസിന്‍റെ പൈപ്പ് നിയന്ത്രണ കേന്ദ്രം സമീപത്തുള്ളതിനാല്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ഏലൂര്‍, തൃക്കാക്കക്കര ഫയര്‍ സ്റ്റേഷനുകളിലെ അഗ്‌നിശമന സേനാംഗങ്ങളുടെ നേതൃത്വത്തിലാണ് തീപിടിത്തം നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. കിന്‍ഫ്രയുടെ ഇതേ വളപ്പില്‍തന്നെ നിരവധി കമ്പനികൾ പ്രവര്‍ത്തിക്കുന്നുണ്ട്. അപകട കാരണം വ്യക്തമല്ല.