കോട്ടയം:പാലായിൽ നടന്ന ജൂനിയര്‍ അത്ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് മരിച്ച അഫീല്‍ ജോണ്‍സന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഇന്ന് സംസ്‌കരിക്കും.കോട്ടയം മെഡിക്കല്‍ കോളേജില്‍ രാവിലെയാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുക.വൈകുന്നേരം സംസ്ക്കാര ചടങ്ങുകൾ നടക്കും.ഇന്നലെ വൈകുന്നേരം തന്നെ പാലാ പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു.ഈ മാസം നാലിന് പാലയില്‍ നടന്ന ജൂനിയര്‍ അത്ലറ്റിക് മീറ്റിലാണ് അഫീലിന് പരിക്കേറ്റത്. ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയായിരുന്ന അഫീല്‍ ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്. പാല സെന്റ് തോമസ് ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥിയായിരുന്നു അഫീൽ.ജൂനിയര്‍ അത്‌ലറ്റിക് മീറ്റിന്‍റെ ആദ്യദിനത്തില്‍ ജാവലിന്‍, ഹാമര്‍ ത്രോ മത്സരങ്ങള്‍ നടക്കുന്നതിനിടെ ഗ്രൗണ്ടില്‍ വീണ ജാവലിനുകള്‍ എടുത്ത് മാറ്റാന്‍ നിന്ന അഫീല്‍ ജോണ്‍സന്റെ തലയിലേക്ക് എതിര്‍ദിശയില്‍ നിന്ന് ഹാമര്‍ വന്ന് വീണാണ് അപകടമുണ്ടായത്. തലയോട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി 15 ദിവസമായി കോട്ടയം മെഡിക്കല്‍ കോളേജിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്. സംസ്ഥാന കായിക വകുപ്പിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു ചികിത്സാ കാര്യങ്ങള്‍. കഴിഞ്ഞ ഏതാനം ദിവസങ്ങളായി അഫീലിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായിരുന്നു. ദ്രവ രൂപത്തിലുള്ള ഭക്ഷണം അഫീലിന് നല്‍കുകയും മരുന്നുകളോട് പ്രതികരിക്കുകയും ചെയ്യുന്ന സ്ഥിതിയിലേക്ക് കുട്ടി എത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അഫീലിന് കടുത്ത പനി ബാധിക്കുകയും ന്യൂമോണിയ ബാധയുണ്ടാവുകയുമായിരുന്നു. ഇതാണ് മരണത്തിന് കാരണമായത്.വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ സംഘാടകര്‍ക്ക് വീഴ്ച പറ്റിയെന്ന് കായിക വകുപ്പ് കണ്ടെത്തിയിരുന്നു.ഇതിനിടെ, ഹാമര്‍ തലയില്‍വീണ് മരിച്ച പ്ലസ്ടു വിദ്യാര്‍ത്ഥി അഫീല്‍ ജോണ്‍സണിന്റെ സംസ്‌കാര ചടങ്ങ് ഉള്‍പ്പടെയുള്ള ബന്ധപ്പെട്ട മുഴുവന്‍ ചെലവുകളും സര്‍ക്കാര്‍ ഏറ്റെടുക്കും. സര്‍ക്കാറിന്റെ പ്രതിനിധിയായി കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിയ കോട്ടയം തഹസില്‍ദാര്‍ രാജേന്ദ്രകുമാറാണ് ഇക്കാര്യം അഫീലിന്റെ മാതാപിതാക്കളായ ജോണ്‍സനെയും ഡാര്‍ളിയെയും അറിയിച്ചത്. കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനമെടുക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിൽ സംഘാടകര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തു
കോട്ടയം:പാലായില്‍ നടന്ന സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ പതിച്ച് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ സംഘാടകർക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തു.മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു.അപകടത്തിന് കാരണം അശ്രദ്ധയും വേണ്ടത്ര സുരക്ഷ ഒരുക്കാതിരുന്നതുമാണെന്ന് കോട്ടയം ആര്‍ഡിഒ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സംസ്ഥാന കായിക വകുപ്പും ഇതേ നിഗമനത്തിലാണ് എത്തിയത്. ഒക്ടോബര്‍ 4നാണ് അപകടം നടന്നത്.പാലാ സിന്തറ്റിക് ട്രാക്കില്‍ നടന്ന മത്സരത്തിനിടെയാണ് വൊളണ്ടിയറായ അഫീലിന് ഹാമര്‍ തലയില്‍ വീണ് പരിക്കേറ്റത്. ജാവലിന്‍ മത്സരത്തില്‍ സഹായിയായി നില്‍ക്കുകയായിരുന്നു അഫീല്‍. ജാവലിന്‍ കോര്‍ട്ടിന് സമാന്തരമായിത്തന്നെ ഈ സമയം ഹാമര്‍ത്രോ മത്സരവും നടന്നിരുന്നു. ജാവലിന്‍ ഒരു മത്സരാര്‍ഥി എറിഞ്ഞുകഴിഞ്ഞയുടനെ അകലെ നില്‍ക്കുകയായിരുന്ന അഫീല്‍ ജാവലിനുകള്‍ എടുത്തുമാറ്റുന്നതിനായി മൈതാനത്തേക്ക് ഓടിവന്നു.ഹാമര്‍ കോര്‍ട്ട് മുറിച്ചാണ് അഫീല്‍ വന്നത്. ഈ സമയം ഒരു മത്സരാര്‍ഥി എറിഞ്ഞ ഹാമർ അഫീലിന്റെ തലയിൽ പതിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ അഫീൽ കഴിഞ്ഞ 15 ദിവസമായി കോട്ടയം മെഡിക്കല്‍ കോളേജിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്. സംസ്ഥാന കായിക വകുപ്പിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു ചികിത്സാ കാര്യങ്ങള്‍.വിദഗ്ധരായ ഡോക്ടര്‍മാരുടെ പാനലടക്കം ചികിത്സക്കായി രൂപീകരിച്ചിരുന്നു.കഴിഞ്ഞ ഏതാനും ദിവസങ്ങളായി അഫീലിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായിരുന്നു. ദ്രവ രൂപത്തിലുള്ള ഭക്ഷണം അഫീലിന് നല്‍കുകയും മരുന്നുകളോട് പ്രതികരിക്കുകയും ചെയ്യുന്ന സ്ഥിതിയിലേക്ക് കുട്ടി എത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അഫീലിന് കടുത്ത പനി ബാധിക്കുകയായിരുന്നു. ന്യുമോണിയ ബാധയാണ് മരണത്തിലേക്ക് നയിച്ചത്.
കൊച്ചിയിലെ വെള്ളക്കെട്ട് മാറ്റാന്‍ ‘ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ’; അടിയന്തര നടപടിയുമായി കളക്റ്ററും സംഘവും
കൊച്ചി: ഒറ്റ രാത്രി നിലക്കാതെ പെയ്ത മഴയില്‍ വെള്ളക്കെട്ടിലായ കൊച്ചി നഗരത്തില്‍ അടിയന്തര നടപടികളുമായി ജില്ലാ ഭരണകൂടം. ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ കോര്‍ത്തിണക്കി ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഫയര്‍ ഫോഴ്സ്, ഇറിഗേഷന്‍ വകുപ്പ്, റവന്യു വകുപ്പ് അടക്കം വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ 2800 ഇൽ പരം ജീവനക്കാരും പൊതുജനങ്ങളും ഏകദേശം നാല് മണിക്കൂറാണ് നഗരത്തെ വെള്ളക്കെട്ടില്‍ നിന്നും മോചിപ്പിക്കാന്‍ രംഗത്തെത്തിയത്. എറണാകുളത്തെ വെള്ളക്കെട്ട് പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. നഗരസഭയെ കാത്തിരിക്കാതെ നടപടിയെടുക്കണം. യുദ്ധകാലാടിസ്ഥാനത്തില്‍ വെള്ളക്കെട്ട് പരിഹരിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു.ഓപ്പറേഷന്റെ ഭാഗമായി ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ കൊച്ചി നഗരത്തിലെ കാനകള്‍ ഇന്നലെ അർധരാത്രിയോടെ വൃത്തിയാക്കി തുടങ്ങി.അടഞ്ഞ ഓടകളും , സ്വാഭാവികമായ നീരൊഴുക്കുകള്‍ തടസപ്പെടുത്തി അനധികൃതമായ കയ്യേറ്റങ്ങളുമാണ്‌അപ്രതീക്ഷിത വെള്ളപ്പൊക്കത്തിന് കാരണമായതെന്നാണ് ജില്ലാ കളക്ടര്‍ പറയുന്നത്. ഇതിന് പരിഹാരം കാണുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.എറണാകുളത്ത് ഇന്നലെ മുതല്‍ പെയ്യുന്ന മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് തുടരുകയാണ്.1600 ഓളം ആളുകളെയാണ് ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറ്റി പാര്‍പ്പിച്ചത്. ഒന്‍പത് ദുരാതാശ്വാസ ക്യാമ്ബുകളാണ് ജില്ലയില്‍ തുറന്നിരിക്കുന്നത്. ഇന്നും നാളെയും ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും;അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്;നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.ഇതേ തുടർന്ന് എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധിയാണെന്ന് കലക്ടമാര്‍ അറിയിച്ചു.തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. അറബിക്കടലിലെ ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതാണ് കനത്ത മഴയ്ക്ക് കാരണം.അടുത്ത 36 മണിക്കൂറില്‍ ഇത് തീവ്രന്യൂനമര്‍ദ്ദമായി മാറിയേക്കും. ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതിനാല്‍ ഇന്നും പലയിടങ്ങളിലും 20 സെന്റിമീറ്ററില്‍ കൂടുതല്‍ മഴയുണ്ടാകും.രണ്ട് ദിവസത്തിനിടെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊള്ളുന്ന ന്യൂനമര്‍ദ്ദവും മഴ കനക്കാന്‍ കാരണമാകും. ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് മഹാരാഷ്ട്ര തീരത്തേക്ക് നീങ്ങും. തുടര്‍ന്ന് വ്യാഴാഴ്ച ചുഴലിക്കാറ്റായി ഒമാന്‍ തീരത്തേക്കാകും സഞ്ചരിക്കുക.മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ മൂന്ന് ദിവസത്തേക്ക് കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
ശക്തമായി പെയ്ത മഴയിൽ കലൂര്‍ സബ്‌സ്റ്റേഷനില്‍ വെള്ളം കയറി;എറണാകുളം നഗരത്തില്‍ വൈദ്യുതി മുടങ്ങും
കൊച്ചി:ശക്തമായി പെയ്ത മഴയിൽ കലൂര്‍ സബ്‌സ്റ്റേഷനില്‍ വെള്ളം കയറി.ഇതോടെ എറണാകുളം നഗരത്തില്‍ വൈദ്യുതി മുടങ്ങുമെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു. ഒന്നര മീറ്റര്‍ ഉയരത്തിലാണ് സബ്‌സ്റ്റേഷനില്‍ വെള്ളം കയറിയത്. കലൂര്‍, ഇടപ്പള്ളി, പാലാരിവട്ടം സെക്ഷനുകളില്‍ വൈദ്യുതി മുടങ്ങുമെന്നാണ് അറിയിപ്പ്. അതേസമയം, 10 പമ്പുകൾ ഉപയോഗിച്ച് ഫയര്‍ഫോഴ്‌സ് വെള്ളം വറ്റിക്കാന്‍ ശ്രമിക്കുകയാണ്.അതേസമയം നിലവില്‍ മഴയ്ക്ക് ശമനമുണ്ടെങ്കിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.നാളെ നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് നാളെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമെ ഒൻപത് ജില്ലകളില്‍ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.
ഉപതിരഞ്ഞെടുപ്പ്;കോന്നിയിലും അരൂരും മഞ്ചേശ്വരത്തും മികച്ച പോളിങ്;ഏറ്റവും കുറവ് എറണാകുളത്ത്
തിരുവനന്തപുരം: അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം, കോന്നി മണ്ഡലങ്ങളില്‍ മികച്ച പോളിങ്. ഏറ്റവും ഒടുവിൽ ലഭിച്ച കണക്കനുസരിച്ച് ശക്തമായ മത്സരം നടക്കുന്ന കോന്നിയില്‍ 62.38 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അരൂരില്‍ 68.5 ശതമാനം, മഞ്ചേശ്വരത്ത് 60.25 ശതമാനം, വട്ടിയൂര്‍ കാവില്‍ 58 ശതമാനം എന്നിങ്ങനെയാണ് വോട്ടുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.ശക്തമായ മഴയും വെള്ളപ്പൊക്കവും ബാധിച്ച എറണാകുളം മണ്ഡലത്തില്‍ പോളിങ് മന്ദഗതിയിലാണ് പുരോഗമിക്കുന്നത്.പോളിങ് അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ 47.3 ശതമാനം വോട്ടുകള്‍ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.അതേസമയം നിലവില്‍ വോട്ടെടുപ്പ് മാറ്റിവെയ്ക്കാന്‍ തീരുമാനമില്ലെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എസ്.സുഹാസും പ്രതികരിച്ചു.പ്രശ്‌നങ്ങള്‍ നേരിടുന്ന ബൂത്തുകളിലും പ്രദേശങ്ങളിലും സാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്നും നിരീക്ഷകരോട് വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രാർത്ഥനകൾ വിഫലം;കായികമേളക്കിടെ ഹാമര്‍ വീണ് തലക്ക് പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു
കോട്ടയം:പാലായില്‍ നടന്ന ജൂനിയര്‍ അത് ലറ്റിക് മീറ്റിനിടെ ഹാമർ വീണ് തലക്ക് പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. ഈരാറ്റുപേട്ട മൂന്നിലവ് കുരിഞ്ഞംകുളത്ത് അഫീല്‍ ജോൺസനാണ് മരിച്ചത്.സംസ്ഥാന ജൂനിയർ അത് ലറ്റിക്ക് മീറ്റിനിടെ വളണ്ടിയറിയിരുന്ന അഫീൽ ജോൺസണ് ഒക്ടോബർ 4ന് ആണ് പരിക്കേറ്റത്. സ്‌റ്റേഡിയത്തില്‍ ജാവലിന്‍ ത്രോ മത്സരത്തിനുശേഷം ജാവലിനുകള്‍ എടുത്തുമാറ്റുന്നതിനിടെ ഗ്രൗണ്ടിന്റെ മറ്റൊരു ഭാഗത്ത് നടന്നുകൊണ്ടിരുന്ന ഹാമർ ത്രോ പിറ്റിൽ നിന്നുള്ള ഹാമര്‍ അഫീലിന്റെ തലയില്‍ വന്നു വീഴുകയായിരുന്നു.അഫീലിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി എങ്കിലും ആരോഗ്യനില ഗുരുതരമായി തുടര്‍ന്നു.കഴിഞ്ഞ 15 ദിവസമായി കോട്ടയം മെഡിക്കല്‍ കോളേജിലായിരുന്നു അഫീല്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നത്.സംസ്ഥാന കായിക വകുപ്പിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു ചികിത്സാ കാര്യങ്ങള്‍. വിദഗ്ധരായ ഡോക്ടര്‍മാരുടെ പാനലടക്കം ചികിത്സക്കായി രൂപീകരിച്ചിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അഫീലിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായിരുന്നു. ദ്രവ രൂപത്തിലുള്ള ഭക്ഷണം അഫീലിന് നല്‍കുകയും മരുന്നുകളോട് പ്രതികരിക്കുകയും ചെയ്യുന്ന സ്ഥിതിയിലേക്ക് കുട്ടി എത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അഫീലിന് കടുത്ത പനി ബാധിക്കുകയായിരുന്നു.ന്യുമോണിയ ബാധയാണ് മരണത്തിലേക്ക് നയിച്ചത്. പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് അഫീൽ ജോൺസൻ.
മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമം നടത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു
മഞ്ചേശ്വരം:കള്ളവോട്ടിന് ശ്രമം നടത്തിയെന്ന പ്രിസൈഡിംഗ് ഓഫീസറുടെ പരാതിയെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. വോര്‍ക്കടി പാത്തൂര്‍ 42 ആം നമ്പർ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ ബദ്രിയ മന്‍സിലില്‍ അബൂബക്കര്‍ സിദ്ദീഖിന്റെ ഭാര്യ നബീസ (36)യാണ് അറസ്റ്റിലായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. നബീസ എന്ന പേരിലുള്ള മറ്റൊരാളുടെ വോട്ട് ചെയ്യുന്നതിനാണ് ഇവര്‍ എത്തിയതെന്നാണ് സൂചന. കസ്റ്റഡിയിലായ യുവതിക്ക് 42 ആം നമ്പർ ബൂത്തില്‍ വോട്ടില്ല. പ്രിസൈഡിംഗ് ഓഫീസറുടെ പരാതിയെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത യുവതിയെ തുടര്‍ന്ന് മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ആള്‍മാറാട്ടം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്ത് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ലിപ്പുമായി ആണ് ഇവര്‍ ബൂത്തില്‍ എത്തിയത്. കള്ളവോട്ട് നടത്താനാണ് യുവതി എത്തിയതെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സംസ്ഥാനത്ത് ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നു;നാല് ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം:സംസ്ഥാനത്ത് ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നു.നാല് ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.ലക്ഷദ്വീപിനും കേരളത്തിനുമിടയില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് പ്രധാനകാരണം. അടുത്ത 36 മണിക്കൂറില്‍ ഈ ന്യൂനമര്‍ദ്ദം ഒമാന്‍ തീരത്തേക്ക് നീങ്ങും ഇതിന്റെ ഫലമായി 24വരെ കനത്ത തുലാമഴ തുടരുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രം പറഞ്ഞു.എന്നാല്‍ അതിനുശേഷവും ബുധനാഴ്ചയോടുകൂടി മറ്റൊരു ന്യൂനമര്‍ദ്ദം ബംഗാല്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്നുണ്ട്. ഇത് ആന്ധ്രാതീരം വഴി കരയിലേക്ക് കടക്കാനാണ് സാധ്യത. ഇതും കേരളത്തില്‍ മഴപെയ്യിക്കാന്‍ സാധ്യതയുള്ളതായി വിദേശ കാലാവസ്ഥാ ഏജന്‍സികള്‍ അറിയിച്ചു.ഇന്ന് മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലുമാണ് കനത്ത മഴ പെയ്തത്. മഴയെ തുടര്‍ന്ന് കൊച്ചി നഗരത്തിലെ പ്രധാന റോഡുകളെല്ലാം വെള്ളത്തിനടിയിലായി. വീടുകളിലും വെള്ളം കയറി.
എറണാകുളത്തെ വോട്ടെടുപ്പ് മാറ്റിവെയ്ക്കില്ല; ആവശ്യമെങ്കിൽ സമയം നീട്ടി നൽകുമെന്നും ടിക്കാറാം മീണ
കൊച്ചി:മഴയുടെ പശ്ചാത്തലത്തില്‍ നിലവില്‍ തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പോളിങ് മാറ്റിവെക്കണമെന്ന് രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിട്ടില്ല. ആശങ്ക അറിയിച്ചതേയുള്ളൂ. വൈകി പോളിങ് തുടങ്ങിയ സ്ഥലങ്ങളില്‍ സമയം നീട്ടുന്നത് പരിഗണിക്കുമെന്നും ടിക്കാറാം മീണ അറിയിച്ചു.പോളിങ് ഒട്ടും നടത്താനാവാത്ത സാഹചര്യത്തില്‍ മാത്രമാണ് വോട്ടെടുപ്പു മാറ്റിവയ്ക്കുക. അത്തരം സാഹചര്യം സംസ്ഥാനത്ത് എവിടെയുമില്ല. മഴ പ്രതികൂലമായി ബാധിച്ച സ്ഥലങ്ങളില്‍ വോട്ടു രേഖപ്പെടുത്താന്‍ കൂടുതല്‍ സയമം അനുവദിക്കുന്ന കാര്യം, സാഹചര്യം അനുസരിച്ച് തീരുമാനിക്കും. കലക്ടറുമായും നിരീക്ഷകരുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. കേന്ദ്ര തെരഞ്ഞടുപ്പു കമ്മിഷനുമായി കൂടിയാലോചിച്ചാണ് വോട്ടിങ്ങിന് അധിക സമയം നല്‍കുന്നതു ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുക. വോട്ടര്‍മാര്‍ ഇക്കാര്യത്തില്‍ സഹകരിക്കണമെന്നും ടിക്കാറാം മീണ അഭ്യര്‍ത്ഥിച്ചു.ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു മണ്ഡലങ്ങളില്‍ എറണാകുളത്താണ് കനത്ത മഴ പെയ്തത്. കൊച്ചി നഗരത്തിലെ പത്തു ബൂത്തുകളിലാണ് വെള്ളം കയറിയത്. ഇവിടങ്ങളിലെ ബൂത്തുകള്‍ ഒന്നാംനിലയിലേക്കു മാറ്റി സ്ഥാപിച്ചു. പോളിങ് നാല് മണിക്കൂര്‍ പിന്നിട്ടിട്ടും പത്തു ശതമാനത്തില്‍ താഴെയാണ് എറണാകുളത്തെ വോട്ടിങ് നില.