മംഗളൂരു:ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ വീണ് കണ്ണൂർ സ്വദേശിയുടെ പാദവും കൈപ്പത്തിയും അറ്റു.കൂടെ കയറാൻ ശ്രമിച്ച ബന്ധുവായ സ്ത്രീക്കും ഗുരുതരമായി പരിക്കേറ്റു.കണ്ണൂർ ചാലാട് പള്ളിയാമൂല സ്വദേശി നരിയംപള്ളി ദിവാകരന്റെ(65) വലതുപാദവും കൈപത്തിയുമാണ് അറ്റത്.ഇടതു കൈക്കും മുറിവേറ്റിട്ടുണ്ട്.ബന്ധുവായ പള്ളിയാമൂല കൃഷ്ണശ്രീയിൽ പ്രകാശന്റെ ഭാര്യ ശ്രീലതയ്ക്കാണ് (50) ഇടതുകൈക്കും ഇടുപ്പെല്ലിനും സാരമായി പരിക്കേറ്റത്.ചൊവ്വാഴ്ച ഉച്ചയോടെ മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിലാണ് അപകടം നടന്നത്.ശ്രീലതയുടെ ഭർത്താവ് പ്രകാശന്റെ ചികിത്സക്കായി ചൊവ്വാഴ്ച രാവിലെ മംഗളൂരുവിലെത്തിയതാണ് ഇവർ മൂന്നുപേരും.ഡോക്റ്ററെ കണ്ട് തിരികെ വരുമ്പോഴാണ് അപകടം ഉണ്ടായത്.ഇവർ സ്റ്റേഷനിൽ എത്തുമ്പോഴേക്കും മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് ട്രെയിൻ നീങ്ങിത്തുടങ്ങിയിരുന്നു.ട്രെയിനിലേക്ക് കയറാൻ ശ്രമിക്കവേ ശ്രീലത ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വീണു.അവരെ രക്ഷിക്കാൻ ശ്രമിക്കവേ ദിവാകരനും ഒപ്പം വീണു.ഉടനെ തീവണ്ടി നിർത്തിയതിനാൽ ഇവരുടെ ജീവൻ രക്ഷിക്കാനായി.ദിവാകരനറെ പാദവും കൈപ്പത്തിയും അപകടസമയത്ത് തന്നെ അറ്റുപോയി.ശ്രീലതയ്ക്ക് മുറിവേറ്റില്ലെങ്കിലും ഇടതുകൈയെല്ല് തെന്നിമാറി.റെയിൽവേ സംരക്ഷണ സേനയും ജീവനക്കാരും ചേർന്ന് ഇരുവരെയും വെൻലോക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ദിവാകരനറെ പാദവും കൈപ്പത്തിയും തുന്നിച്ചേർക്കാനുള്ള ശ്രമത്തിലാണ് ഡോക്റ്റർമാർ.
ട്രെയിൻ യാത്രയ്ക്കിടെ അതിസാഹസികതയ്ക്ക് മുതിര്‍ന്നാല്‍ ഇനി മുതൽ പിഴയും തടവും; നിയമം കര്‍ശനമാക്കി ഇന്ത്യന്‍ റെയില്‍വേ
മംഗളൂരു:ട്രെയിൻ യാത്രയ്ക്കിടെ അതിസാഹസികതയ്ക്ക് മുതിര്‍ന്നാല്‍ ഇനി മുതൽ പിഴയും തടവും.1989-ലെ റെയില്‍വേ നിയമം 156 ആം വകുപ്പുപ്രകാരമാണ് നടപടി. മൂന്നുമാസം വരെ തടവോ 500 രൂപ പിഴയോ അല്ലെങ്കില്‍ ഇതുരണ്ടുമോ ആണ് കിട്ടാവുന്ന ശിക്ഷ. ചൊവ്വാഴ്ച, ഓടിത്തുടങ്ങിയ വണ്ടിയിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ച കണ്ണൂര്‍ ചാലാട് സ്വദേശികളായ ദിവാകരന്‍(65), ബന്ധു ശ്രീലത(50) എന്നിവര്‍ക്ക് വീണ് പരിക്കേറ്റിരുന്നു. ഇതോടെയാണ് നിയമങ്ങള്‍ കര്‍ശനമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. റെയില്‍വേ സംരക്ഷണസേനയുടെ നേതൃത്വത്തില്‍ എല്ലാമാസവും കുറഞ്ഞത് നാലുതവണയെങ്കിലും പ്രധാന സ്റ്റേഷനുകളില്‍ യാത്രാസുരക്ഷയെക്കുറിച്ച് ബോധവത്കരണം നടത്തുന്നുണ്ടെങ്കിലും യാത്രക്കാര്‍ ഇത് ഗൗനിക്കാറില്ല.ഈ സാഹചര്യത്തിലാണ് നിയമം കര്‍ശനമാക്കാന്‍ ഒരുങ്ങുന്നത്.മൂന്നുമാസം തടവു ലഭിക്കുമെന്നുറപ്പായാല്‍ ആരും ഈ സാഹസത്തിന് മുതിരില്ലെന്നാണ് കരുതുന്നത്.
കടുത്ത പ്രതിസന്ധി;സര്‍ക്കാര്‍ സഹായിച്ചില്ലെങ്കിൽ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ യാത്ര തുടരാനാകില്ലെന്ന് കെഎസ്ആർടിസി
തിരുവനന്തപുരം: സര്‍വീസുകള്‍ വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ് കെഎസ്‌ആര്‍ടിസി. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ യാത്ര തുടരാന്‍ ആകില്ലെന്നാണ് എടുത്തിരിക്കുന്ന നിലപാട്.സൗജന്യ യാത്ര നല്‍കുന്നത് വഴി പ്രതിവര്‍ഷം 105 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുവെന്നാണ് കണക്ക്.നാല്‍പത് കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്കേ സൗജന്യം അനുവദിച്ചിട്ടുള്ളെങ്കിലും അതില്‍ കൂടുതലുള്ള ദൂരത്തിലും വിദ്യാര്‍ത്ഥികള്‍ സഞ്ചരിക്കുന്നുണ്ടെന്ന് അധികൃതര്‍ പറയുന്നു. അണ്‍ എയിഡഡ് സ്ഥാപനങ്ങളിലുള്ളവര്‍ പോലും സൗജന്യയാത്രയുടെ ആനുകൂല്യം പറ്റുന്നു. ഇതെല്ലാം കെഎസ്‌ആര്‍ടിസിക്ക് ബാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ വ്യവസ്ഥകള്‍ കര്‍ശനമാക്കാനാണ് അധികൃതരുടെ തീരുമാനം.ഒന്നുകില്‍ സൗജന്യയാത്രയുടെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുക, അല്ലെങ്കില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായെങ്കിലും സൗജന്യം ചുരുക്കുക.വരുമാനം കുത്തനെ കുറഞ്ഞ സാഹചര്യത്തില്‍ ഇതല്ലാതെ വേറെ വഴിയില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കാൻ ശ്രമിക്കുന്നു;ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതിക്കാരിയായ കന്യാസ്ത്രീ വീണ്ടും
കൊച്ചി:ബിഷപ്പ് ഫ്രാങ്കോ അനുയായികളെ വെച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്നെ ഭീഷണിപ്പെടുത്തുകയും യൂട്യൂബ് ചാനല്‍ ഉണ്ടാക്കി അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതായി പരാതിക്കാരിയായ കന്യാസ്ത്രീ.ഇത് സംബന്ധിച്ച് ദേശീയ, സംസ്ഥാന വനിതാകമ്മീഷനുകൾക്ക് കന്യാസ്ത്രീ പരാതി നല്‍കി.നേരത്തേ കന്യാസ്ത്രീ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അപമാനിക്കാന്‍ ശ്രമിക്കുന്നു, ഭീഷണിപ്പെടുത്തി തുടങ്ങി എട്ടിലധികം കേസുകള്‍ ഫ്രാങ്കോയ്ക്ക് എതിരേ പോലീസ് എടുത്തിട്ടുണ്ട്. ഈ കേസുകളില്‍ ഒന്നില്‍ പോലും ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലാത്തതിനാല്‍ അന്വേഷണം മന്ദഗതിയിലാണെന്നും ആരോപിച്ചിട്ടുണ്ട്. കേസില്‍ പോലീസ് അന്വേഷണം നടക്കുന്ന സാഹചര്യത്തിലും ഫ്രാങ്കോ അനുയായികളെ കൊണ്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും അപകീര്‍ത്തിപെടുത്തുകയും ചെയ്യുന്നത് തുടരുകയാണ്. അനുയായികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും കേസില്‍ നിന്നും പിന്തിരിപ്പിക്കാനും സ്വാധീനിക്കാനും ശ്രമിക്കുന്നു.ബിഷപ്പിന്റെ അനുയായികളുടെ ക്രിസ്റ്റ്യന്‍ ടൈംസ് എന്ന യൂട്യൂബ് ചാനലിലൂടെ തന്നെ തുടര്‍ച്ചയായി അപമാനിക്കുന്നു. ആക്ഷേപം മാനസീകമായി തകര്‍ക്കുന്നതിനാല്‍ നടപടി എടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. ഫ്രാങ്കോയ്‌ക്കെതിരേ പരാതി നല്‍കിയ കാലം മുതല്‍ ഭീഷണിപ്പെടുത്തലും അപമാനിക്കാനും സ്വാധീനിക്കാനുമുള്ള ശ്രമങ്ങളും നടത്തുന്നുണ്ടെന്നും പരാതിയിലുണ്ട്.
പീഡനക്കേസില്‍ അടുത്തമാസം 11 ന് വിചാരണ നടപടികള്‍ തുടങ്ങാനിരിക്കെയാണ് കന്യാസ്ത്രീ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വര്‍ഗീയ വിദ്വേഷം ഉള്‍പ്പെടെ ഉണ്ടാക്കാന്‍ ഇവരുടെ ഭാഗത്ത് നിന്ന് നീക്കമുണ്ടെന്നും പരാതിയില്‍ കന്യാസ്ത്രീ പറയുന്നു. മനുഷ്യാവകാശ കമ്മീഷനും യുവതി പരാതി നല്‍കിയിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം ഫ്രാങ്കോ മുളക്കലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച യുട്യൂബ് ചാനലാണ് ക്രിസ്റ്റ്യന്‍ ടൈംസ്. ഈ ചാനലിനെതിരെ കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.ഫ്രാങ്കോ കേസില്‍ ഇതുവരെ എട്ട് അനുബന്ധ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസിന്റെ നാള്‍വഴികളില്‍ ഇരയാക്കപ്പെട്ട കന്യാസ്ത്രീയെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും അപമാനിക്കുവാനും ശ്രമിച്ചവര്‍ക്കെതിരെയുള്ള കേസുകളാണിത്. എന്നാല്‍ ഫാ. ജെയിംസ് എര്‍ത്തയിലിന്റെ കേസുള്‍പ്പെടെ ഒരു കേസിലും ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. എല്ലാം കേസുകളുടെയും അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്നും കന്യാസ്ത്രീ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
കൂടത്തായി കൊലപാതക പരമ്പര;ഷാജുവിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും
കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും.ഇന്ന് എസ്.പി ഓഫിസില്‍ ഹാജരാകാനാണ് ഷാജുവിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സിലിയുടെ മരണത്തില്‍ ഷാജുവിന് പങ്കുള്ളതായാണ് ക്രൈം ബ്രാഞ്ചിന്റെ നിഗമനം.സിലിയുടെ മൃതദേഹം ഓമശേരിയിലെ ശാന്തി ആശുപത്രിയില്‍ നിന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത സമയത്ത് സിലിയുടെ ആഭരണങ്ങള്‍ ജോളി ഏറ്റുവാങ്ങിയത് ഷാജുവിനെതിരായുള്ള ശക്തമായ തെളിവാണെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നു. സിലിയുടെ ഭര്‍ത്താവ് ഷാജു, സിലിയുടെ സഹോദരന്‍ സിജോ തുടങ്ങി ഏറ്റവും അടുത്ത ബന്ധുക്കള്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നിട്ടും അത്രയും ബന്ധമില്ലാത്ത ജോളി ആഭരണങ്ങള്‍ ഏറ്റുവാങ്ങിയതിന് പിന്നിലെ കാരണം ഷാജുവിന് ജോളിയുമായി നേരത്തെയുള്ള ബന്ധമാണെന്നാണ് പൊലീസ് വിലയിരുത്തല്‍.സിലിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന് സഹോദരനായ സിജോ വാശിപിടിച്ചപ്പോള്‍ ഷാജുവും ജോളിയും ചേര്‍ന്ന് അതിനെ എതിര്‍ത്തതും ഇരുവര്‍ക്കുമെതിരായ തെളിവാകുമെന്ന് പൊലീസ് പറയുന്നു. ഒടുവില്‍ സിജോ വഴങ്ങിയപ്പോള്‍ പോസ്റ്റ്‌മോര്‍ട്ടം വേണ്ടെന്ന് എഴുതി ഒപ്പിട്ടുകൊടുക്കാന്‍ ഇരുവരും ചേര്‍ന്ന് സിജോയെ നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍, സിലിയുടെ മരണത്തെ തുടര്‍ന്ന് തകര്‍ന്ന സിജോ ഒന്നിനും തയ്യാറാകാതെ നിലത്തിരുന്ന് കരഞ്ഞു. പിന്നീട് കേസ് ഉണ്ടാവുകയാണെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താതിരുന്നതിന്റെ കാരണം സിജോയാണെന്ന് സ്ഥാപിക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് ജോളി അന്വേഷണ സംഘത്തിന് മൊഴി നല്‍കി.
ബസ് ചാര്‍ജ്ജ് വര്‍ദ്ധന; അനിശ്ചിതകാല സമരത്തിനൊരുങ്ങി ബസുടമകള്‍;നവംബർ 20 ന് സൂചനാ പണിമുടക്ക്
തൃശ്ശൂര്‍: ബസ് ചാർജ് വര്‍ദ്ധിപ്പിക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ അനിശ്ചികാലസമരത്തിനൊരുങ്ങുന്നു. ഇതിന് മുന്നോടിയായി നവംബര്‍ 20-ന് സൂചന പണിമുടക്ക് നടത്തും.തുടര്‍ന്നു നടപടികളുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് ഫെഡറേഷന്‍ അറിയിച്ചു.തൃശ്ശൂരില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ബസുടമകള്‍ ഇക്കാര്യം വ്യക്തമാക്കിയത്.സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ ബസുകളും സമരത്തിൽ പങ്കെടുക്കുമെന്നും ബസുടമകള്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുക എന്നതാണ് ബസുടമകളുടെ പ്രധാന ആവശ്യം. ഇതോടൊപ്പം മിനിമം ചാര്‍ജ്ജ് നിലവിലെ എട്ട് രൂപയില്‍ നിന്നും പത്ത് രൂപയായി ഉയര്‍ത്തണമെന്നും ആവശ്യമുണ്ട്.വിദ്യാർത്ഥികളുടെ യാത്രാനിരക്ക് അൻപത് ശതമാനമെങ്കിലും കൂട്ടണമെന്നും വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് കൂട്ടാതെ ബസ് ചാർജ് വർദ്ധന കൊണ്ടു മാത്രം കാര്യമില്ലെന്നും ബസുടമകൾ വ്യക്തമാക്കി.ഇതോടൊപ്പം പുതിയ ഗതാഗതനയം രൂപീകരിക്കണമെന്നും കെഎസ്‌ആര്‍ടിസിയിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെടുന്നു.
സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ മഞ്ജു വാര്യര്‍ നല്‍കിയ പരാതി പ്രത്യേക സംഘം അന്വേഷിക്കും
തിരുവനന്തപുരം:സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ മഞ്ജു വാര്യര്‍ നല്‍കിയ പരാതി പ്രത്യേക സംഘം അന്വേഷിക്കും.പോലീസ് ആസ്ഥാനത്തെ ഡിവൈഎസ്പി രാജ്കുമാറിന്റെ നേതൃത്വത്തില്‍ സിഐ പ്രകാശാണ് താരത്തിന്റെ പരാതി അന്വേഷിക്കുന്നത്.അന്വേഷണ സംഘം ശ്രീകുമാര്‍ മേനോന്റെ മൊഴി രേഖപ്പെടുത്തും.ശ്രീകുമാര്‍ മേനോന് പുറമെ താരത്തിന്റെ പരാതിയില്‍ പറയുന്ന ശ്രീകുമാര്‍ മേനോന്റെ സുഹൃത്തിന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തും.കഴിഞ്ഞ ദിവസമാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ അപകടത്തില്‍ പെടുത്തുമെന്ന് ഭയമുണ്ടെന്നും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും കാണിച്ച് മഞ്ജു വാര്യര്‍ ഡിജിപിയ്ക്ക് പരാതി നല്‍കിയത്.ശ്രീകുമാര്‍ മേനോന്‍ തനിക്കൊപ്പം നില്‍ക്കുന്നവരെ ഭീഷണിപ്പെടുത്തുന്നു.നടി എന്ന നിലയില്‍ തന്നെ തകര്‍ക്കാന്‍ സംഘടിതമായ നീക്കം നടത്തുകയാണ് തുടങ്ങിയവയായിരുന്നു പരാതിയില്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയത്.
ഡിജിപിയ്ക്ക് പരാതി നല്‍കിയതിന് പുറമെ താരം ഫെഫ്കയിലും ശ്രീകുമാര്‍ മേനോനെതിരെ പരാതി നല്‍കിയിട്ടുണ്ട്. സംഘടനയുടെ അറിവിലേക്ക് എന്ന തരത്തില്‍ ശ്രീകുമാര്‍ മേനോനില്‍ നിന്ന് നേരിട്ട ഭീഷണികള്‍ തുറന്നു പറഞ്ഞു കൊണ്ടാണ് താരം പരാതി കത്ത് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ പരാതി ക്രിമിനല്‍ കേസായതിനാല്‍ സംഘടനയ്ക്ക് ഇടപെടാനാകില്ലെന്നാണ് ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കിയത്. ശ്രീകുമാര്‍ മേനോന്‍ ഫെഫ്കയില്‍ അംഗമല്ലെന്നും ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.
“അപ്പോള്‍ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന നിന്റെ സ്വഭാവവും കൂടപ്പിറപ്പാണ്.എന്നാലും എന്റെ പ്രിയപ്പെട്ട മഞ്ജു..നീ എന്താണ് ഈ ചെയ്തുകൊണ്ടിരിക്കുന്നത്?”മഞ്ജു വാര്യർക്ക് മറുപടിയുമായി ശ്രീകുമാർ മേനോൻ
കൊച്ചി:ശ്രീകുമാർ മേനോൻ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് കാണിച്ച് നടി മഞ്ജു വാര്യർ നൽകിയ പരാതിക്ക് മറുപടിയുമായി സംവിധായകൻ ശ്രീകുമാർ മേനോൻ രംഗത്ത്.തന്റെ ഫേസ്ബുക്കിലാണ് അദ്ദേഹം പോസ്റ്റിട്ടിരിക്കുന്നത്.സ്നേഹപൂർവവും നിർബന്ധപൂർവവുമുള്ള സമ്മർദ്ദങ്ങളും, ഭീഷണികളും അതിജീവിച്ചുകൊണ്ട് നിനക്ക് കൂട്ടായി നിന്ന എന്നെ നീ തോൽപ്പിച്ചു കളഞ്ഞല്ലോയെന്ന് ശ്രീകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ശ്രീകുമാർ മേനോന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം:
“എന്നാലും എന്റെ പ്രിയപ്പെട്ട മഞ്ജു..നീ എന്താണ് ഈ ചെയ്തുകൊണ്ടിരിക്കുന്നത് ? നിനക്കറിയാമല്ലോ നിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ആയ എത്രപേര്‍ എത്രപ്രാവിശ്യം പറഞ്ഞു കാര്യം കഴിഞ്ഞാല്‍ ഉപകാരം ചെയ്തവരെ ചവിട്ടി മെതിച്ചു പോകുന്നവളാണ് നീ എന്ന്. (ഹൈദരാബാദ് അന്നപൂര്‍ണ സ്റ്റുഡിയോയില്‍ നമ്മള്‍ ഒരു നാള്‍ ഷൂട്ട് ചെയ്യുമ്ബോള്‍ എനിക്ക് വന്ന നിന്റെ ഒരു ആത്മാര്‍ത്ഥസുഹൃത്തിന്റെ ഫോണ്‍കോള്‍ ഞാന്‍ ഓര്‍മിപ്പിക്കുന്നു ഒരു ഉദാഹരണമായി.) സ്നേഹപൂര്‍വവും നിര്‍ബന്ധപൂര്‍വവുമുള്ള സമ്മര്‍ദ്ദങ്ങളും, ഭീഷണികളും അതിജീവിച്ചുകൊണ്ട് നിനക്ക് കൂട്ടായി നിന്ന എന്നെ നീ തോല്‍പ്പിച്ചു കളഞ്ഞല്ലോ. ഞാന്‍ നിനക്കായി കേട്ട പഴികള്‍, നിനക്കായി അനുഭവിച്ച വേദനകള്‍, നിനക്കായി കേട്ട അപവാദങ്ങള്‍. നിന്റെ കൂടെ, പറഞ്ഞ വാക്ക് കാക്കുവാന്‍ ഉറച്ചു നിന്നപ്പോള്‍ ഉണ്ടായ ശത്രുക്കള്‍, നഷ്ടപെട്ട ബന്ധങ്ങള്‍. എന്റെ ബുദ്ധിയിലും സ്നേഹത്തിലും നീ ഉണ്ടാക്കി കൂട്ടിയ നേട്ടങ്ങള്‍, എല്ലാം നീ എത്ര വേഗമാണ് മറന്നത്.
വീട്ടില്‍ നിന്നും ഇറങ്ങി വന്നപ്പോള്‍ എന്റെ ബാങ്കില്‍ 1500 രൂപയെ ഉള്ളു എന്ന് പറഞ്ഞു ആശങ്കപെട്ടിരുന്ന നിന്റെ കയ്യിലേക്ക് കോയമ്പത്തൂർ ആര്യ വൈദ്യ ഫാര്‍മസിയുടെ വരാന്തയില്‍ വെച്ച് ആദ്യ പരസ്യത്തിന്റെ അഡ്വാന്‍സായി 25 ലക്ഷം രൂപയുടെ ചെക്ക് വെച്ച് തന്നപ്പോള്‍ ഗുരുവായൂരപ്പന്‍ എന്റെ ജീവിതത്തിലേക്ക് അയച്ച ദൂതനാണ് ശ്രീകുമാര്‍ എന്ന് പറഞ്ഞ് തേങ്ങികരഞ്ഞതും നീ മറന്നു.നിന്റെ അമ്മ ഇടക്ക് നിന്റെ മുന്‍പില്‍ വെച്ചുതന്നെ എന്നോട് പറയുമായിരുന്നല്ലോ നീ ആരെ മറന്നാലും ശ്രീകുമാറിനെ മറക്കരുത് എന്ന്. ശ്രീകുമാര്‍ സഹായിക്കുവാന്‍ ഇല്ലായിരുന്നു എങ്കില്‍ തന്റെ മകളുടെ ഗതി എന്താകുമായിരുന്നു എന്ന് അലോചിച്ചുകൊണ്ട് ഉറക്കമില്ലാതിരുന്ന രാത്രികളെ കുറിച്ച് നിന്റെ അമ്മ എന്നോട് പറഞ്ഞിരുന്നതും നീ മറന്നു അല്ലേ.അല്ലെങ്കിലും ഉപകാരസ്മരണ ഇല്ലായ്മയും, മറവിയും ‘അപ്പോള്‍ കാണുന്നവനെ അപ്പാ ‘എന്ന് വിളിക്കുന്ന നിന്റെ സ്വഭാവവും കൂടപ്പിറപ്പാണ് എന്ന് എനിക്ക് പറഞ്ഞു തന്നത് ഞാന്‍ ഏറെ ബഹുമാനിക്കുന്ന ദിവംഗദനായ നിന്റെ അച്ഛന്‍ ആണ്. സ്വര്‍ഗസ്ഥനായ അദ്ധേഹവും എന്നെപ്പോലെ ഇപ്പോള്‍ ദുഖിക്കുന്നുണ്ടാവും.
എന്നാലും മഞ്ജു.. കഷ്ട്ടം!!അതെ, മാത്യു സാമുവല്‍ ഒരുപാട് കാലമായിട്ടുള്ള എന്റെ അടുത്ത സുഹൃത്താണ്. ഞങ്ങളുടെ സൗഹൃദം മഞ്ജുവിനെ അലോസരപ്പെടുത്തുന്നത് എന്തിനാണ് ?! കല്യാണ്‍ ജൂവല്ലേഴ്‌സ് തൃശൂര്‍ പോലീസില്‍ കൊടുത്ത പരാതിയിലും ഇപ്പോള്‍ നിങ്ങള്‍ തിരുവനന്തപുരത്ത് ഡി.ജി.പി ക്ക് കൊടുത്ത പരാതിയിലും എന്റെയും മാത്യു സാമുവേലിന്റെയും പേര് ഒരുപോലെ പരാമര്‍ശിച്ചതില്‍ എനിക്ക് തോന്നിയ സാമ്യത ഒരു യാദൃച്ഛികത ആയിരിക്കാം അല്ലേ മഞ്ജു.?നീ കാരണം എന്റെ ശത്രുക്കളായ കുറെ മഹത് വ്യക്തികള്‍, ഇപ്പോള്‍ പെട്ടന്ന് നിന്റെ മിത്രങ്ങളായതും എന്നാല്‍ എന്റെ ശത്രുക്കളായി തന്നെ തുടരുന്നതും മറ്റൊരു യാദൃശ്ചികത ആകാം അല്ലേ ? ഈ വാര്‍ത്ത വന്നതിന് ശേഷം നിരന്തരമായി ബന്ധപെട്ടുകൊണ്ടിരിക്കുന്ന മാധ്യമ സുഹൃത്തുക്കളുടെയും, മറ്റ് സുഹൃത്തുക്കളുടെയും അറിവിലേക്കായി. ഞാന്‍ നിയമം അനുസരിക്കുന്ന ഒരു സാധാരണ പൗരനാണ്. മഞ്ജു വാര്യര്‍ എനിക്കെതിരെ നല്‍കിയ പരാതിയെക്കുറിച്ച് ഞാന്‍ അറിഞ്ഞിട്ടുള്ളത് മാധ്യമ വാര്‍ത്തകളില്‍ നിന്നും മാത്രമാണ്. ഈ പരാതി സംബന്ധിച്ചുവരുന്ന അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുകയും എനിക്കും മഞ്ജുവിനും അറിയുന്ന ‘എല്ലാ സത്യങ്ങളും’ അന്വേഷണ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുകയും ചെയ്യും.
ഈ അവസരത്തില്‍ ഈ കുറിച്ചതിനപ്പുറം
എനിക്കൊന്നും പറയാനില്ല.”
കണ്ണൂർ ചക്കരക്കല്ലിൽ അഞ്ചുമാസം പ്രായമായ കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി;കുഞ്ഞു മരിച്ചു;അമ്മയെ രക്ഷപ്പെടുത്തി
കണ്ണൂർ:ചക്കരക്കല്ലിൽ അഞ്ചുമാസം പ്രായമായ കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി.അമ്മയെ രക്ഷിച്ചു. എന്നാല്‍ കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല.ചക്കരക്കല്‍ സോനാ റോഡിലാണ് സംഭവം. സോനാ റോഡിലെ ചന്ദ്രോത്ത് ഹൗസില്‍ കെ.രാജീവന്‍റെ ഭാര്യ കൂത്തുപറമ്പ് ചെറുവാഞ്ചേരി സ്വദേശിനി പ്രസീന (36 ) യേയും കുഞ്ഞ് അഞ്ചരമാസം പ്രായമുള്ള ജാന്‍ബി രാജിനേയുമാണ് ഇന്നുരാവിലെ ആറോടെ വീട്ടുകിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയത്.വിവരമറിഞ്ഞ് കണ്ണൂരില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തി എറെ സാഹസപ്പെട്ട് അമ്മയെയും കുഞ്ഞിനേയും പുറത്തെടുത്തെങ്കിലും കുഞ്ഞ് മരിച്ചിരുന്നു.ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതി അപകടനില തരണം ചെയ്തെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പ്രസവ ശേഷം യുവതിക്ക് തീവ്രവിഷാദ രോഗം ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. ചക്കരക്കല്ല് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
‘സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്തുമെന്ന് ഭയം’;ഡിജിപിക്ക് പരാതിയുമായി നടി മഞ്ജുവാര്യര്‍
തിരുവനന്തപുരം:സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി മഞ്ജുവാര്യര്‍ രംഗത്ത്. ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്തുമെന്ന് ഭയപ്പെടുന്നതായി കാണിച്ച് മഞ്ജു വാര്യര്‍ ഡിജിപിയെ നേരില്‍ കണ്ട് പരാതി നല്‍കി.തന്നെ അപമാനിക്കുന്നു എന്നും ഒപ്പമുള്ളവരെ ഭീഷണിപ്പെടുത്തുന്നുവെന്നും ഒടിയന്‍ സിനിമക്കു ശേഷം തനിക്കെതിരെ ഉണ്ടായ സൈബര്‍ ആക്രമണത്തിന് പിന്നില്‍ ശ്രീകുമാര്‍ മേനോനും അയാളുടെ സുഹൃത്തുക്കളും ആണെന്നും മഞ്ജു വാര്യര്‍ പരാതിയില്‍ പറയുന്നു. കുറേ നാളുകളായി തനിക്കെതിരെ അപകീര്‍ത്തികരമായ പ്രചരണങ്ങള്‍ സമൂഹത്തില്‍ നടക്കുന്നുണ്ട് അതിന്റെയൊക്കെ പിന്നില്‍ ശ്രീകുമാര്‍ മേനോനായിരുന്നു. ശ്രീകുമാര്‍ മേനോന്റെ പരസ്യചിത്രങ്ങളില്‍ താന്‍ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ‘പുഷ്’ എന്ന കമ്പനി തന്റെ പേരിലുള്ള ഒരു ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം നിര്‍വഹിച്ചിരുന്നു. ചില ഔദ്യോഗിക കാര്യങ്ങള്‍ക്കുള്ള ലെറ്റര്‍ പാടുകളും ചെക്കുകളും താന്‍ ഒപ്പിട്ടു നല്‍കിയിരുന്നു.എന്നാൽ ഇതൊക്കെ ഇപ്പോള്‍ അദ്ദേഹം ദുരുപയോഗം ചെയ്യുന്നു എന്നാണ് മഞ്ജു പരാതിയിൽ പറയുന്നത്.തിങ്കളാഴ്ച വൈകിട്ടോടെ ഡിജിപി ലോക്നാഥ് ബഹ്റയെ നേരില്‍ക്കണ്ടാണ് മഞ്ജു വാര്യര്‍ പരാതി നല്‍കിയത്. ശ്രീകുമാര്‍ മേനോനും സുഹൃത്ത് മാത്യൂ സാമുവലിനെതിരെയുമാണ് മഞ്ജു പരാതി നല്‍കിയത്.
അതേസമയം നേരത്തെ ഒടിയന്‍ സിനിമ പുറത്തിറങ്ങിയ സമയത്ത് മഞ്ജു വാര്യര്‍ക്കെതിരെ ശ്രീകുമാര്‍ മേനോന്‍ ആഞ്ഞടിച്ചിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ തനിക്കൊപ്പം മഞ്ജു നിന്നില്ലെന്നാണ് ശ്രീകുമാര്‍ മേനോന്‍ ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞത്. ഒരാള്‍ക്ക് ആവശ്യമുള്ള ഘട്ടത്തിലാണ് സുഹൃത്തുക്കള്‍ കൂടെ നില്‍ക്കേണ്ടത്. എന്നാല്‍ തന്‍റെ പ്രതിസന്ധി ഘട്ടത്തില്‍ മഞ്ജു 100 ശതമാനം തന്നെ കൈവിട്ടു. ഒരു ദിവസം പോലും ഓടിയ സിനിമകള്‍ക്കായി രംഗത്തിറങ്ങുന്ന മഞ്ജു വാര്യര്‍ ഒടിയനായി ഒരു ഫേസ്ബുക്ക് പോസ്റ്റ് പോലും ഇട്ടിട്ടില്ലെന്നും ശ്രീകുമാര്‍ മേനോന്‍ കുറ്റപ്പെടുത്തി. ആരെയാണ് മഞ്ജു പേടിക്കുന്നതെന്നും ശ്രീകുമാര്‍ ചോദിച്ചു. താന്‍ ചാനലുകള്‍ വഴി വിമര്‍ശനം ഉന്നയിച്ചതിന് ശേഷമാണ് മഞ്ജു ഒടിയനെക്കുറിച്ച് പോസ്റ്റിട്ടതെന്ന് ശ്രീകുമാര്‍ ചൂണ്ടിക്കാട്ടി. പിന്തുണയ്ക്കുന്നവരെ കൈവിടുന്ന സ്വഭാവമാണ് മഞ്ജുവിന്. ഇത് തിരുത്തണമെന്നും മഞ്ജു കാണിക്കുന്നത് നന്ദികേടാണെന്നും ശ്രീകുമാര്‍ മേനോന്‍ പറയുകയുണ്ടായി. ഒടിയന്‍ സിനിമയ്‌ക്കെതിരായി നടക്കുന്ന ആക്രമണം മഞ്ജു വാര്യരോടുള്ള ശത്രുത കൊണ്ടാണെന്നും മഞ്ജു വാര്യരുടെ രണ്ടാം വരവിന് നിമിത്തമായതാണ് തനിക്കെതിരായ ആക്രമണത്തിന് കാരണമാണെന്നും ശ്രീകുമാര്‍ ആരോപിച്ചിരുന്നു.