ന്യൂഡല്‍ഹി: ബിജെപി കേരള അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള മിസോറാം ഗവര്‍ണറാകും. രാഷ്ട്രപതി ഇറക്കിയ വിജ്ഞാപനത്തിലെ പുതിയ ഗവര്‍ണര്‍മാരുടെ പട്ടികയിലാണ് ശ്രീധരന്‍ പിള്ളയുടെ പേരുള്ളത്. നേരത്തെ കുമ്മനം രാജശേഖരന്‍ വഹിച്ചിരുന്ന ഗവര്‍ണര്‍ പദവിയിലേക്കാണ് ശ്രീധരന്‍ പിള്ള എത്തുന്നത്.ബിജെപി സംസ്ഥാന അധ്യക്ഷനായ പി.എസ്.ശ്രീധരന്‍ പിള്ളയുടെ കാലാവധി അടുത്ത മാസം അവസാനിക്കാനിരിക്കെയാണ് പുതിയ നിയമനം. ബിജെപി അദ്ധ്യക്ഷനായിരിക്കെ മിസോറാം ഗവര്‍ണറാകുന്ന രണ്ടാമത്തെ നേതാവാണ് ശ്രീധരന്‍ പിള്ള. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് സഥാനാര്‍ഥിയാവാന്‍ വേണ്ടിയാണ് കുമ്മനം മിസോറാം ഗവര്‍ണര്‍ പദവി ഒഴിഞ്ഞത്. ഗവര്‍ണര്‍ പദവിയില്‍ തനിക്ക് സക്രിയമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. ഒന്നിലും അന്ധമായി ആഹ്ലാദിക്കുകയോ, വേദനിക്കുകയോ ചെയ്യുന്ന ആളല്ല. മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകും. എല്ലാം നല്ലതിനാണെന്ന് കരുതുന്നു. പാര്‍ട്ടിയിലെ സ്ഥാനമാനങ്ങള്‍ക്കോ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോ ഇന്നുവരെയും ആരോടും ആവശ്യപ്പെട്ടിട്ടില്ല. ഗവര്‍ണറാകുന്നത് സംബന്ധിച്ച ശുപാര്‍ശ നേരത്തെയും ഉണ്ടായിട്ടുണ്ട്. അന്നൊന്നും ഒരു ശ്രമവും നടത്തിയിട്ടില്ല. പ്രധാനമന്ത്രി അടക്കമുള്ളവരുടെ തീരുമാനത്തെ അംഗീകരിക്കുന്നു. പ്രധാനമന്ത്രി നാലു ദിവസം മുൻപ് വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞിരുന്നു. മിസോറം ഗവര്‍ണര്‍ സ്ഥാനത്ത് മലയാളികള്‍ മുൻപും ഇരുന്നിട്ടുണ്ട്. മിസോറം പ്രത്യേകയുള്ള സംസ്ഥാനമാണ്. രണ്ട് ജില്ലകള്‍ ഗവര്‍ണര്‍ നേരിട്ട് ഭരിക്കുന്ന സംസ്ഥാനമാണത്. ഭരണം നടത്തേണ്ടിവരും. അതിലൊന്നും പരിചയസമ്പന്നനല്ല എന്നുമാത്രമെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം 29 ന് സംസ്ഥാന വ്യാപകമായി കടകളടച്ച് പണിമുടക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
കൊച്ചി:ഒക്ടോബര്‍29 ന് സംസ്ഥാന വ്യാപകമായി കടകളടച്ച് പണിമുടക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി.വാറ്റ് നിയമത്തിന്റെ മറവില്‍ വ്യാപാരികളെ പീഡിപ്പിച്ച് ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് പണിമുടക്കെന്ന് സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.അന്നേ ദിവസം ജില്ലാ കലക്‌ട്രേറ്റുകളിലേക്കും തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. ഖജനാവിലേക്ക് വരുമാനമുണ്ടാക്കാന്‍ വ്യവസായികളെ പീഡിപ്പിക്കുന്ന തരത്തിലുള്ള ഹീനമായ നടപടികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഇതില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് സ്ഥാപനങ്ങള്‍ അടച്ചിട്ട് തെരുവില്‍ ഇറങ്ങുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്‍ പറഞ്ഞു.
സംസ്ഥാനത്തെ മെഡിക്കല്‍ സ്റ്റോറുകള്‍ ഈ മാസം 29ന് അടച്ചിടും
കൊച്ചി: സംസ്ഥാനത്തെ മെഡിക്കല്‍ സ്റ്റോറുകള്‍ ഈ മാസം 29ന് അടച്ചിടും. ഔഷധ വ്യാപാരികളെ ഉപദ്രവിക്കുന്ന നികുതി വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് പണിമുടക്കെന്ന് ഭാരവാഹികള്‍ അറിയിച്ചു. മരുന്നുകളുടെ മൊത്ത വിതരണ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കില്ലെന്ന് ഓള്‍ കേരള കെമിസ്റ്റ്‌സ് ആന്‍ഡ് ഡ്രഗിസ്റ്റ്‌സ് അസോസിയേഷന്‍ അറിയിച്ചു.29ന് ജില്ലാ കലക്‌ട്രേറ്റുകളിലേക്കും തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.29 ന് സംസ്ഥാന വ്യാപകമായി കടകളടച്ച് പണിമുടക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേരത്തെ വ്യക്തമാക്കിയിരുന്നു.ഖജനാവിലേക്ക് വരുമാനമുണ്ടാക്കാന്‍ വ്യവസായികളെ പീഡിപ്പിക്കുന്ന നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് സ്ഥാപനങ്ങള്‍ അടച്ചിട്ട് തെരുവില്‍ ഇറങ്ങുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന് നേരത്തെ പറഞ്ഞിരുന്നു.
അഴീക്കോട് അഴിമുഖത്ത് മത്സ്യബന്ധന ബോട്ട് മുങ്ങി കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
കണ്ണൂർ:അഴീക്കോട് അഴിമുഖത്ത് മത്സ്യബന്ധന ബോട്ട് മുങ്ങി കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി.ആലപ്പുഴ സ്വദേശി ജോഷിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.അഴീക്കോട് നിന്ന് രാവിലെ മത്സ്യബന്ധനത്തിന് പോയതായിരുന്നു സീ കിംഗ് എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.ബോട്ടിലുണ്ടായിരുന്ന നാല് പേരെ രക്ഷപ്പെടുത്തിയെങ്കിലും ജോഷിയെ കാണാതായി. പിന്നീട് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പറവൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
കണ്ണൂർ അഴീക്കോട്ട് മത്സ്യബന്ധന ബോട്ട് മുങ്ങി ഒരാളെ കാണാതായി
കണ്ണൂര്‍: അഴീക്കോട് അഴിമുഖത്ത് മത്സ്യബന്ധന ബോട്ട് മുങ്ങി ഒരാളെ കാണാതായി. അഴീക്കോട് നിന്നും രാവിലെ മത്സ്യബന്ധനത്തിന് പോയ സീ കിംഗ് എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന നാലു പേരെ രക്ഷപെടുത്തി.കാണാതായ ആൾക്കുവേണ്ടി തിരച്ചിൽ ഊർജിതമാക്കി.
ഇരിട്ടി ഉളിക്കല്ലിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരംവീണ് യുവാവ് മരിച്ചു
കണ്ണൂർ:ഇരിട്ടി ഉളിക്കല്ലിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരംവീണ് യുവാവ് മരിച്ചു.വട്ടിയാംതോട്ടിലെ പള്ളുരുത്തില്‍ മാത്യുവിന്റെ മകന്‍ ജെഫിന്‍ പി മാത്യു (29) ആണ് മരിച്ചത്.ഇരിട്ടി ഉളിക്കല്‍ റോഡില്‍ ചെട്ടിയാര്‍ പീടികയില്‍ വെച്ചാണ് അപകടമുണ്ടായത്. റോഡരികിലുണ്ടായിരുന്ന മരം ബൈക്കില്‍ പോവുകയായിരുന്ന ജെഫിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു.മരത്തിനടിയില്‍പ്പെട്ട യുവാവ് തല്‍ക്ഷണം മരണത്തിന് കീഴടങ്ങി.എടൂർ സെന്റ്മേരീസ് എല്‍പി സ്‌കൂള്‍ അധ്യാപികയായ സൗമ്യയാണ് ഭാര്യ. മക്കള്‍ റിയ, ക്രിസ്റ്റി. ശവസംസ്‌കാരം മണിക്കടവ് സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍.
ഉപജില്ലാ കലോത്സവത്തിനിടെ ശക്തമായ കാറ്റിലും മഴയിലും പന്തൽ തകർന്നു വീണു;വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
കാസര്‍കോട്: ഉപജില്ലാ കലോത്സവത്തിനിടെ ശക്തമായ കാറ്റിലും മഴയിലും പന്തല്‍ തകര്‍ന്നുവീണു.കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഈ ഭാഗത്ത് ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.കൊളത്തൂരില്‍ വെള്ളിയാഴ്ച രാവിലെ ആരംഭിച്ച കാസര്‍കോട് ഉപജില്ലാ കലോത്സവത്തിന്റെ പന്തലാണ് തകര്‍ന്നുവീണത്.വെള്ളിയാഴ്ച ഉച്ചയോടെയുണ്ടായ ശക്തമായ കാറ്റില്‍ പ്രധാനസ്റ്റേജിന് മുന്നില്‍ സ്ഥാപിച്ച കൂറ്റന്‍ പന്തൽ തകർന്നുവീഴുകയായിരുന്നു. അതോടൊപ്പം സ്റ്റേജും നിലംപതിച്ചു. അപകടത്തില്‍ ഒരു അദ്ധ്യാപകന് പരിക്കേറ്റിട്ടുണ്ട്.പന്തലില്‍ ഉണ്ടായവര്‍ ഇവിടെ നിന്നും ഓടി രക്ഷപ്പെട്ടതിനാലാണ് വന്‍ദുരന്തം ഒഴിവായത്. വ്യാഴാഴ്ച വൈകിട്ടുണ്ടായ കാറ്റിലും മഴയിലും കലോത്സവ പന്തല്‍ തകര്‍ന്നിരുന്നു. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധിയായതിനാല്‍ കലക്ടറുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും അനുമതിയോടു കൂടിയാണ് സ്റ്റേജിതര പരിപാടികള്‍ ആരംഭിച്ചത്.
കോട്ടയം മുണ്ടക്കയത്ത് ലോറിയും കാറും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് മരണം
കോട്ടയം:ദേശീയപാതയിൽ മുണ്ടക്കയത്ത് ലോറിയും കാറും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. കാര്‍ യാത്രക്കാരനായ പെരുവന്താനം സ്വദേശി നേരിയാനിക്കല്‍ ശ്രീധരന്‍ പിള്ള, ബൈക്ക് യാത്രികര്‍ വെംബ്ലി സ്വദേശികളായ പെരുമണ്ണില്‍ ഷാജി, മണ്ണശ്ശേരി അരുണ്‍കുമാര്‍ എന്നിവരാണ് മരിച്ചത്.ദേശീയപാത 183ല്‍ കോട്ടയം കുമളി റോഡില്‍ ചോറ്റിക്കും ചിറ്റടിക്കുമിടയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം.തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറിയും കാറും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ലോറിയുടെ അമിതവേഗമാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ അപകടനില തരണംചെയ്തതായാണ് റിപ്പോര്‍ട്ട്.
അറബിക്കടലില്‍ ‘ക്യാര്‍’ ചുഴലിക്കാറ്റ് രൂപം കൊണ്ടു; കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം
തിരുവനന്തപുരം:മധ്യ കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ടിരുന്ന ന്യൂനമര്‍ദം ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ‘ക്യാര്‍’എന്ന് പേരിട്ടിരിക്കുന്ന ഈ ചുഴലിക്കാറ്റ് മധ്യ കിഴക്കന്‍ അറബിക്കടലില്‍ നിന്ന് വടക്ക് പടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ ഏഴു കിലോമീറ്റര്‍ വേഗതയില്‍ കഴിഞ്ഞ ആറു മണിക്കൂറായി സഞ്ചരിക്കുകയാണ്. ചുഴലിക്കാറ്റിലെ കാറ്റിന്റെ പരമാവധി വേഗതയിപ്പോള്‍ മണിക്കൂറില്‍ 80 മുതല്‍ 100 കിലോമീറ്റര്‍ വരെയാണ്.വെള്ളിയാഴ്ച പകല്‍ മഹാരാഷ്ട്രയിലെ രത്‌നഗിരി തീരത്തില്‍ നിന്ന് 210 കിലോമീറ്റര്‍ ദൂരത്തിലും തെക്കുപടിഞ്ഞാറന്‍ മുംബയില്‍ നിന്ന് 370 കിലോമീറ്റര്‍ ദൂരത്തിലും ഒമാനിലെ സലാല തീരത്ത് നിന്ന് 1870 കിലോമീറ്റര്‍ ദൂരത്തിലുമായിരുന്നു ക്യാര്‍ ചുഴലിക്കാറ്റിന്റെ സ്ഥാനം.അടുത്ത 12 മണിക്കൂറില്‍ ഇതൊരു അതിശക്തമായ ചുഴലിക്കാറ്റായി മാറുമെന്നാണ് കരുതുന്നത്.തുടര്‍ന്നുള്ള 24 മണിക്കൂറില്‍ കൂടുതല്‍ ശക്തിപ്രാപിച്ചു തീവ്ര ചുഴലിക്കാറ്റായി മാറുമെന്നും ദിശമാറി പടിഞ്ഞാറ് ദിശയില്‍ തെക്കന്‍ ഒമാന്‍, യമന്‍ തീരത്തെ ലക്ഷ്യമാക്കി സഞ്ചരിക്കുമെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.കേരളം ക്യാര്‍ ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തിലില്ല.എന്നാല്‍, ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തില്‍ വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്.ചുഴലിക്കാറ്റിന്റെ സ്വാധീനമുള്ളത് കൊണ്ട് തന്നെ മല്‍സ്യത്തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകരുതെന്നും കർശന നിർദേശമുണ്ട്.ഒക്ടോബര്‍ 28 മുതല്‍ 31 വരെ മധ്യ പടിഞ്ഞാറ് അറബിക്കടലിലും മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിര്‍ദ്ദേശം. കേരള തീരത്ത് 3.0 മുതല്‍ 3.8 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം (INCOIS) അറിയിച്ചു.അടുത്ത 48 മണിക്കൂറില്‍ മഹാരാഷ്ട്ര, ഗോവ, കര്‍ണാടകതീരം, വടക്ക് കിഴക്ക് അറബിക്കടല്‍ ഇതിനോട് ചേര്‍ന്നുള്ള തെക്കന്‍ ഗുജറാത്ത് തീരം എന്നിവിടങ്ങളില്‍ പോകരുത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ മാറ്റം വരുന്നത് വരെ മത്സ്യതൊഴിലാളികളെ കടലില്‍ പോകുന്നതില്‍ നിന്ന് വിലക്കുന്നതിന് ജില്ലാഭരണകൂടത്തിനും ഫിറീസ് വകുപ്പിനും പോലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.’ക്യാര്‍’ ചുഴലിക്കാറ്റിന്റെ വികാസത്തെയും സഞ്ചാരത്തെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥ വകുപ്പും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. അതിശക്തമായ മഴയുണ്ടാകുകയും ചെയ്യുന്ന ഘട്ടത്തില്‍ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പിന്തുടരണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
മരട് ഫ്ലാറ്റ് വിവാദം;ഉടമകൾക്ക് 25 ലക്ഷം രൂപ വീതം നൽകണം,നിര്‍മാതാക്കള്‍ 20 കോടി കെട്ടിവെക്കണമെന്നും സുപ്രീം കോടതി
ന്യൂഡല്‍ഹി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന വിധിയില്‍ നിന്ന് ഒരിഞ്ചു പോലും പിന്നോട്ടു പോവില്ലെന്ന് സുപ്രീം കോടതി.എല്ലാ ഫ്‌ളാറ്റ് ഉടമകള്‍ക്കും 25 ലക്ഷം വീതം നിര്‍മാതാക്കള്‍ നല്‍കണമെന്നും ഇതിനായി 20 കോടി കെട്ടിവെക്കണമെന്നും കോടതി നിര്‍ദേശിച്ചു.മരട് ഫ്‌ളാറ്റ് ഉടമകള്‍ക്ക് ആദ്യ ഘട്ട നഷ്ടപരിഹാരമായി 25 ലക്ഷം നല്‍കാന്‍ സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.എന്നാല്‍ തങ്ങള്‍ക്ക് 25 ലക്ഷം നല്‍കാന്‍ ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ സമിതി ശുപാര്‍ശ ചെയ്യുന്നില്ല എന്ന് ഫ്‌ളാറ്റ് ഉടമകള്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. വില്‍പ്പന കരാറില്‍ തുക കുറച്ച് കാണിച്ചെങ്കിലും ബാങ്ക് ലോണിനും മറ്റും വന്‍ തുക തങ്ങള്‍ ചെലവഴിച്ചിട്ടുണ്ട് എന്ന് ഫ്‌ളാറ്റ് ഉടമകള്‍ വാദിച്ചു.ഇതിന്റെ രേഖകള്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും ഉടമകള്‍ വ്യക്തമാക്കി.ബാലകൃഷ്ണന്‍ നായര്‍ സമിതിയുടെ മാനദണ്ഡം പ്രകാരം ഫ്‌ളാറ്റിന്റെ വില പരിശോധിച്ച് നഷ്ടപരിഹാരം നിശ്ചയിച്ചത് ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചു.ഇതേ തുടര്‍ന്നാണ് നഷ്ട പരിഹാരത്തിന് സമിതിയെ സമീപിച്ച എല്ലാവര്‍ക്കും 25 ലക്ഷം വീതം നല്‍കാന്‍ കോടതി നിര്‍ദേശിച്ചത്.എന്നാല്‍ ഈ തുകയ്ക്ക് ഉള്ള രേഖകള്‍ ഫ്‌ളാറ്റ് ഉടമകള്‍ പിന്നീട് ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.നഷ്ട പരിഹാരത്തുക നല്‍കാന്‍ ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ 20 കോടി രൂപ കെട്ടി വയ്ക്കണം. ഈ തുക നല്‍കുന്നതിനായി ഫ്‌ളാറ്റ് നിര്‍മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരിപ്പിച്ച മുന്‍ ഉത്തരവില്‍ സുപ്രീം കോടതി ഭാഗികമായി ഭേദഗതി വരുത്തി.സംസ്ഥാന സര്‍ക്കാര്‍ പണം ഈടാക്കി ഫ്‌ളാറ്റ് ഉടമകള്‍ക്ക് 25 ലക്ഷം രൂപ വീതം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് താത്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന ഹര്‍ജിക്കാരുടെആവശ്യം കോടതി തള്ളി. ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന വിധിയില്‍നിന്ന് ഒരിഞ്ചുപോലും പുറകോട്ട് പോകില്ലെന്നും കോടതി പറഞ്ഞു.