കോഴിക്കോട്: അറബിക്കടലില്‍ രൂപം കൊണ്ട മഹ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിച്ച് ഒമാന്‍ തീരത്തേക്ക് നീങ്ങുന്നു.ഇതോടെ കേരള തീരത്ത് ആശങ്ക ഒഴിയുകയാണ്എങ്കിലും ഇന്നും നാളെയും സംസ്ഥാനത്തുടനീളം പരക്കെ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.’മഹ’ കേരള തീരത്ത് നിന്നും 500 കിലോമീറ്റര്‍ അകലേക്ക് മാറി കര്‍ണാടക, ഗോവ മേഖലയിലാണുള്ളത്. കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച് ഇത് ഒമാന്‍ തീരത്തേക്ക് പോകും.മണിക്കൂറില്‍ 140 കിലോമീറ്റര്‍ വരെയാണ് ഇന്ന് ചുഴലിക്കാറ്റിന്‍റെ വേഗം. കേരളത്തിലെ തീരദേശ മേഖലയിലും മലയോര മേഖലയിലും ചിലനേരങ്ങളില്‍ ശക്തമായ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ പറയുന്നു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ മാത്രമാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്. മറ്റെല്ലാ ജില്ലകളിലും ഗ്രീന്‍ അലര്‍ട്ടാണ്.ചുഴലിക്കാറ്റിന്‍റെ സ്വാധീനത്തെ തുടര്‍ന്ന് ഉണ്ടായ മഴയും കാറ്റും ഇന്ന് മുതല്‍ കുറഞ്ഞ് തുടങ്ങും. വിവിധ ജില്ലകളില്‍ ഇടവിട്ട് മഴ പെയ്യുന്നുണ്ട്. കൊച്ചി മുതല്‍ കാസര്‍ഗോഡ് വരെയുള്ള തീരമേഖലയില്‍ കടല്‍ക്ഷോഭം തുടരുകയാണ്.കേരള തീരത്ത് ശനിയാഴ്ച്ച വരെ മത്സ്യബന്ധനം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.തീരദേശങ്ങളില്‍ കടലാക്രമണം അതിരൂക്ഷമാണ്.നാല് മീറ്ററില്‍ അധികം ഉയരമുള്ള വന്‍തിരമാലകള്‍ ഉണ്ടാകുമെന്ന് സമുദ്ര നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
കണ്ണൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
കണ്ണൂര്‍:മഴ ശക്തമായ സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.സിബിഎസ്‌ഇ, ഐസിഎസ് സ്‌കൂളുകള്‍, അങ്കണവാടികള്‍, മദ്രസകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കുമെന്നും കളക്ടര്‍ അറിയിച്ചു. സര്‍വകലാശാല പരീക്ഷകള്‍ക്ക് അവധി ബാധകമല്ലെന്നും കളക്ടര്‍ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കളക്ടര്‍ ഇക്കാര്യം അറിയിച്ചത്.നേരത്തെ തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍, ചാവക്കാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിരുന്നു. എം ജി സര്‍വ്വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും സര്‍വകലാശാലാ പിആര്‍ഒ അറിയിച്ചിട്ടുണ്ട്.
അട്ടപ്പാടി വനത്തില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം തിങ്കളാഴ്ച വരെ സംസ്‌കരിക്കരുതെന്ന് കോടതി ഉത്തരവ്
പാലക്കാട്:അട്ടപ്പാടി മഞ്ചക്കണ്ടി വനത്തില്‍ തണ്ടർബോൾട്ടുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ തിങ്കളാഴ്ച വരെ സംസ്‌കരിക്കരുതെന്ന് കോടതി ഉത്തരവ്. കൊല്ലപ്പെട്ട മാവോവാദികളായ കാര്‍ത്തിക്കിന്റെയും മണിവാസകത്തിന്റെയു ബന്ധുക്കള്‍ നല്‍കിയ ഹർജിയിൽ പാലക്കാട് ജില്ല സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. നവംബര്‍ രണ്ടിന് കോടതി പരാതി വീണ്ടും പരിഗണിക്കും.ഏറ്റുമുട്ടല്‍ കൊലകളില്‍ സുപ്രീം കോടതി മാനദണ്ഡം പാലിക്കണമെന്ന പരാതിയിലാണ് കോടതി നടപടി. റീപോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ബന്ധുക്കള്‍ ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു. മണിവാസകത്തിന്റെ മൃതദേഹം കാണാന്‍ ബന്ധുക്കള്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് അനുമതി നല്‍കിയിരുന്നു. മണിവാസകത്തിന്റെ ഭാര്യ കല നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇത് സംബന്ധിച്ച വിധി പുറപ്പെടുവിച്ചത്.അതേസമയം അട്ടപ്പാടി മഞ്ചക്കണ്ടിയിലേത് വ്യാജ ഏറ്റുമുട്ടലാണെന്ന് ആവര്‍ത്തിച്ച് കൊല്ലപ്പെട്ട മാവോവാദികളുടെ ബന്ധുക്കള്‍ രംഗത്തെത്തി. തങ്ങള്‍ക്ക് നീതി വേണമെന്ന് കൊല്ലപ്പെട്ട കാര്‍ത്തിക്കിന്റെ സഹോദരന്‍ മുരുകേഷ് ആവശ്യപ്പെട്ടു.കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നാല് മാവോയിസ്റ്റുകളാണ് പാലക്കാട് മേലെ മഞ്ചക്കണ്ടി വനത്തിനുള്ളില്‍ തണ്ടർബോൾട്ടുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.
സോളാർ കേസ്:സരിത നായര്‍ക്ക് മൂന്നുവർഷം തടവ് ശിക്ഷ
കോയമ്പത്തൂർ:സോളാര്‍ അഴിമതി കേസുമായി ബന്ധപെട്ടു സരിതാ നായര്‍ക്ക് ശിക്ഷ വിധിച്ചു. ഒന്നാം പ്രതിയായ സരിതയ്ക്കും മൂന്നാം പ്രതിയായ രവിക്കും മൂന്നു വര്‍ഷം തടവും 10000 രൂപ പിഴയുമാണ് കോയമ്പത്തൂർ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിധിച്ചത്. കോയമ്പത്തൂർ സ്വദേശിയെ കബളിപ്പിച്ച് പണം തട്ടിയ കേസിലാണ് ഇപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്നത്. രാഷ്ട്രീയ കേരളത്തില്‍ ഏറെ കോളിളക്കമുണ്ടാക്കിയ അഴിമതിയാണ് സോളാര്‍. സരിത എസ്.നായര്‍, ബിജു രാധാകൃഷ്ണന്‍ എന്നീ കമ്പനി ഡയറക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു തട്ടിപ്പ് നടന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനെയും തട്ടിപ്പിന് ഉപയോഗിച്ചു എന്നതിന് തെളിവുകള്‍ പുറത്തുവന്നതും വന്‍ വിവാദങ്ങള്‍ക്ക് കാരണമായി.സോളാര്‍ കേസില്‍ ആദ്യമായാണ് കേരളത്തിന് പുറത്തുനിന്നുള്ള ഒരു കോടതി സരിതയെ ശിക്ഷിക്കുന്നത്.
പൊന്നാനിയില്‍ കടലാക്രമണം രൂക്ഷം;20 ഓളം വീടുകളില്‍ വെള്ളം കയറി
മലപ്പുറം:’മഹാ’ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മലപ്പുറം പൊന്നാനിയില്‍ കടലാക്രമണം രൂക്ഷം. ഇരുപതോളം വീടുകളില്‍ വെള്ളം കയറി. ഇവരെ ക്യാമ്പിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. എറണാകുളം ജില്ലയിലെ തീരപ്രദേശങ്ങളിലും കടല്‍ക്ഷോഭം രൂക്ഷമായിരിക്കുകയാണ്. ഇതിനോടകം മുന്നൂറിലധികം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.നായരമ്പലം, എടവനക്കാട്, ചെല്ലാനം ഭാഗങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്. താന്തോന്നി തുരത്തിലും വെള്ളം കയറി. കടല്‍ക്ഷോഭത്തില്‍ ഫോര്‍ട്ട് കൊച്ചിയില്‍ പതിനഞ്ചിലേറെ മത്സ്യബന്ധന ബോട്ടുകളും തകര്‍ന്നു. എറണാകുളം തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ മൂന്നു മെട്രോ നഗരങ്ങളില്‍ ഇനി രജിസ്‌ട്രേഷൻ ഇലക്‌ട്രിക് ഓട്ടോറിക്ഷകള്‍ക്ക് മാത്രം
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ വൈദ്യുത വാഹന നയം പ്രാബല്യത്തില്‍ ആയതോടെ സംസ്ഥാനത്തെ മൂന്നു മെട്രോ നഗരങ്ങളില്‍ ഇനി രജിസ്‌ട്രേഷൻ ഇലക്‌ട്രിക് ഓട്ടോറിക്ഷകള്‍ക്ക് മാത്രം.കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നീ നഗരങ്ങളിലാണ് ഇനി മുതൽ ഇലക്ട്രിക്ക് ഓട്ടോകൾക്ക് മാത്രം രജിസ്‌ട്രേഷൻ നൽകുക.പിന്നീട് മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. പെട്രോളിയം ഇന്ധനങ്ങള്‍ ഘട്ടംഘട്ടമായി ഒഴിവാക്കി വൈദ്യുത വാഹനങ്ങള്‍മാത്രം ഉപയോഗിക്കുകയാണ് ലക്ഷ്യം.ഇലക്‌ട്രിക് ഓട്ടോറിക്ഷകള്‍ക്ക് വില കൂടുതലായതിനാല്‍ വേണ്ടിവരുന്ന അധിക വില സര്‍ക്കാര്‍ സബ്സിഡിയായി നല്‍കണമെന്നും നയത്തില്‍ പറയുന്നു.വൈദ്യുത വാഹനങ്ങളായിരിക്കും സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കും ഇനി വാങ്ങുക.കേരളത്തിലെ പ്രധാന റോഡരുകുകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയായി കെ.എസ്.ഇ.ബി.യെയും തീരുമാനിച്ചു.
സംസ്ഥാനത്ത് മഴ കനത്തു;എറണാകുളത്ത് കടല്‍ക്ഷോഭം രൂക്ഷം;നൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
കൊച്ചി:അറബികടലില്‍ രൂപപ്പെട്ട ‘മഹ’ ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്തും മഴ കനത്തു. രാത്രി തുടങ്ങിയ മഴ വ്യാഴാഴ്ച രാവിലെയും ശക്തമായി തന്നെ തുടരുകയാണ്.എറണാകുളത്ത് കടല്‍ക്ഷോഭം രൂക്ഷമാണ്. ഞാറയ്ക്കല്‍, എടവനാട്, പറവൂര്‍ മേഖലയില്‍ കടല്‍ തീരത്തേക്ക് അടിച്ചുകയറി. പ്രദേശവാസികളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.രാവിലെ ഞാറക്കലില്‍ നിന്ന് 50 ഓളം കുടുംബങ്ങളെയും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.കണയന്നൂര്‍ മുളവുകാട് വില്ലേജില്‍ താന്തോന്നി തുരുത്തില്‍ വെള്ളം കയറി 62 കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി.ഫോര്‍ട്ട് കൊച്ചി കമാലക്കടവില്‍ തിരമാലയില്‍ മത്സ്യത്തൊഴിലാളികളുടെ പത്തോളം വള്ളങ്ങള്‍ തകര്‍ന്നു. ചെല്ലാനം വില്ലേജ് ഓഫീസിന് പിന്‍ഭാഗത്ത് വീടുകളിലേക്ക് വെള്ളം കയറി.ഫോര്‍ട്ട് വൈപ്പിന്‍ വാക്ക് വെയുടെ ഭാഗം തിരയടിയില്‍ തകര്‍ന്നു.എടവനക്കാട് യു .പി സ്‌കൂളില്‍ ദുരിതാശ്വാസ കേന്ദ്രം തുറന്നു.നാല് കുടുംബങ്ങളാണ് ഇവിടെയുള്ളത്.കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാല് താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലെ കൊച്ചി, പറവൂര്‍ എന്നീ താലൂക്കുകളിലും തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍, ചാവക്കാട് താലൂക്കുകളിലുമാണ് ഇന്ന് അവധി. പ്രൊഫഷണല്‍ കോളെജ് ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.
ക്യാറിനു പിന്നാലെ മഹാ ചുഴലിക്കാറ്റും;കേരളത്തിലും ലക്ഷദ്വീപിലും കനത്ത മഴ;തീരപ്രദേശത്ത് ജാഗ്രത നിര്‍ദ്ദേശം; മത്സ്യത്തൊഴിലാളികളെ തിരിച്ചു വിളിച്ചു
കൊച്ചി:അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിൽ രൂപം കൊണ്ട അതിതീവ്ര ന്യൂനമർദം മഹാ ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചിരിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.ഉച്ചയോടെ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റാകും.ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ ലക്ഷദ്വീപില്‍ അതിജാഗ്രതാ നിര്‍ദേശം നല്‍കി.മണിക്കൂറില്‍ 85 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്.കേരളം മഹാ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലില്ലെങ്കിലും കേരള തീരത്തോട് ചേർന്ന കടൽ പ്രദേശത്ത് രൂപം കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാനിടയുണ്ട്.അതിനാല്‍ സംസ്ഥാനത്തും ജാഗ്രതാ നിര്‍ദേശമുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യബന്ധനത്തിന് പോകുന്നത് വിലക്കി.മത്സ്യത്തൊഴിലാളികളെ പൂര്‍ണ്ണമായും തിരിച്ചു വിളിച്ചിട്ടുണ്ട്.ഇനിയുള്ള സമയങ്ങളിലും കടല്‍ അതിപ്രക്ഷുബ്ധാവസ്ഥയില്‍ തുടരുന്നതാണ്. കടൽ തീരത്ത് പോകുന്നതും ഒഴിവാക്കേണ്ടതാണ്.ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.ശക്തമായ കാറ്റുള്ളതിനാല്‍ മരങ്ങള്‍ക്ക് താഴെ നില്‍ക്കുകയോ വാഹനങ്ങള്‍ നിര്‍ത്തിയിടുകയോ ചെയ്യരുത്. പെട്ടെന്നുള്ള മലവെള്ളപ്പാച്ചിലിനും ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.മലയോരത്തേക്കുള്ള രാത്രിയാത്ര നിയന്ത്രിക്കണമെന്നും ബീച്ചുകളിലേക്കു പോകരുതെന്നും അതോറിറ്റി വ്യക്തമാക്കി.അടച്ചുറപ്പില്ലാത്ത വീടുകളില്‍ കഴിവതും താമസിക്കാതെ സുരക്ഷിത ഇടങ്ങളിലേക്കു മാറുന്നതാണു നല്ലതെന്നും അതോറിറ്റി അറിയിച്ചു.
സന്തോഷ് ട്രോഫിഫുട്ബോൾ;കേരളത്തെ മിഥുന്‍ നയിക്കും
കൊച്ചി:എഴുപത്തിനാലാമത് സന്തോഷ് ട്രോഫി ചാംപ്യന്‍ഷിപ്പിനുളള 20 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു.ഗോള്‍കീപ്പറും അഞ്ചു തവണ സന്തോഷ് ട്രോഫി ചാംപ്യന്‍ഷിപ്പ് കളിച്ച് പരിചയമുള്ള വി മിഥുന്‍ ആണ് ടീമിന്റെ നായകന്‍.സച്ചിന്‍ എസ് സുരേഷ് (ഗോള്‍ കീപ്പര്‍),അജിന്‍ ടോം(വലതു വശം പ്രതിരോധം), അലക്‌സ് സജി(സെന്‍ട്രല്‍ ബായ്ക്ക്), റോഷന്‍ വി ജിജി(ഇടത് വിംഗ്), ഹൃഷിദത്ത്(സെന്‍ട്രല്‍ മിഡ് ഫീല്‍ഡ്), വിഷ്ണു(മുന്നേറ്റ നിര), എമില്‍ ബെന്നി(മുന്നേറ്റ നിര), വിബിന്‍ തോമസ്(സെന്‍ട്രല്‍ ബായ്ക്ക്), ജി സഞ്ജു(സെന്‍ട്രല്‍ ബായ്ക്ക്), വി ജി ശ്രീരാഗ്(ഇടത് വശം പ്രതിരോധം), ലിയോണ്‍ അഗസ്റ്റിന്‍(വലത് വിങ്), താഹിര്‍ സമന്‍(ഇടത് വിങ്), ജിജോ ജോസഫ(സെന്‍ട്രല്‍ മിഡ്ഫീല്‍ഡ്), റിഷാദ(സെന്‍ട്രല്‍ മിഡ് ഫീല്‍ഡ്), അഖില്‍(സെന്‍ട്രല്‍ മിഡ്ഫീല്‍ഡ്), ഷിഹാദ് നെല്ലിപറമ്ബന്‍(മുന്നേറ്റ നിര), മൗസുഫ് നിസാന്‍(മുന്നേറ്റ നിര), ജിഷ്ണു ബാലകൃഷ്ണന്‍(വലത് വശം പ്രതിരോധം), എം എസ് ജിതിന്‍(വലത് വിങ്) എന്നിവരാണ് 20 അംഗ ടീമിലുള്ളത്, കഴിഞ്ഞ തവണ സന്തോഷ് ട്രോഫി ചാംപ്യന്‍ഷിപ്പ് കളിച്ചവരില്‍ ഗോള്‍ കീപ്പില്‍ വി മിഥുനും, സെന്‍ട്രല്‍ ബായ്ക്ക് അലക്‌സ് സജിയും മാത്രമാണ് ഇത്തവണ ടീമില്‍ ഇടം നേടിയത്.
ബിനോ ജോര്‍ജ് ആണ് മുഖ്യ പരിശീലകന്‍, ടി ജി പുരുഷോത്തമന്‍ ആണ് സഹ പരിശീലകന്‍, സജി ജോയ് ആണ് ഗോള്‍കീപ്പര്‍ പരിശീലകന്‍. കഴിഞ്ഞ രണ്ടു മാസത്തോളമായി ടീം തിരഞ്ഞെടുപ്പിന്റെ ഭാഗമായി കൊച്ചിയില്‍ ക്യാംപ് നടന്നുവരികയായിരുന്നു.65 ഓളം കളിക്കാരെ പങ്കെടുപ്പിച്ച് നടത്തിയ ക്യാംപില്‍ നിന്നും മികച്ച പ്രകടനം നടത്തിയ 20 പേരെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി അനില്‍കുമാര്‍ പറഞ്ഞു. സന്തോഷ് ട്രോഫി ദക്ഷിണ മേഖല യോഗ്യത റൗണ്ട് മല്‍സരമാണ് നടക്കാന്‍ പോകുന്നത്.ആന്ധ്രപ്രദേശ്,തമിഴ്‌നാട് എന്നിവരാണ് യോഗ്യത റൗണ്ടിലെ കേരളത്തിന്റെ എതിരാളികള്‍. അടത്തു മാസം അഞ്ചിന് കോഴിക്കോട് നടക്കുന്ന ആദ്യ മല്‍സരത്തില്‍ കേരളം ആന്ധ്രപ്രദേശിനെ നേരിടും. വൈകുന്നേരം നാലിനാണ് മല്‍സരം. നവംബര്‍ ഒൻപതിനാണ് തമിഴ്‌നാടുമായുള്ള മല്‍സരം.യോഗ്യതാ റൗണ്ട് മല്‍സരത്തില്‍ നിന്നും ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടിയാല്‍ ജനുവരിയില്‍ വീണ്ടും ക്യാംപ് നടത്തിയാകും അടുത്ത റൗണ്ടിലേക്കുള്ള ടീമിനെ തിരഞ്ഞെടുക്കുക.
ശബരിമല വിര്‍ച്വല്‍ ക്യു ബുക്കിംഗ് വെബ്സൈറ്റ് മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്തു
പത്തനംതിട്ട:ശബരിമല വിര്‍ച്വല്‍ ക്യു ബുക്കിംഗിനുളള നവീകരിച്ച വെബ്സൈറ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, എ.ഡി.ജി.പിമാരായ ടോമിന്‍ ജെ. തച്ചങ്കരി, ഷേക്ക് ദര്‍വേഷ് സാഹിബ്, മനോജ് എബ്രഹാം, ഐ.ജിമാരായ എം.ആര്‍. അജിത് കുമാര്‍, ബല്‍റാംകുമാര്‍ ഉപാദ്ധ്യായ,ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി (ഐ.സി.ടി) എസ്.പി ദിവ്യാ ഗോപിനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.ദേവസ്വം സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള വിര്‍ച്വല്‍ ക്യൂ ബുക്കിംഗ്, ശരംകുത്തി വഴിയുള്ള പരമ്പരാഗത പാതയിലൂടെയുള്ള നോര്‍മല്‍ ക്യൂ ബുക്കിംഗ് എന്നിങ്ങനെ രണ്ട് രീതിയില്‍ ലഭ്യമാണ്.സര്‍ക്കാരിനു വേണ്ടി ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ് കോര്‍പറേറ്റ് സാമൂഹ്യ ഉത്തരവാദിത്വ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നവീകരിച്ച ഈ സംവിധാനം നടപ്പിലാക്കുന്നത്.2011 മുതല്‍ നടപ്പിലാക്കി വരുന്ന വിര്‍ച്വല്‍ക്യൂ സംവിധാനം കൂടുതല്‍ സൗകര്യങ്ങളോടെയാണ് ഈ വര്‍ഷം നടപ്പിലാക്കുന്നത്.തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡും കേരളാപോലീസും ഈ സംരംഭത്തില്‍ പങ്കാളികളാണ്. കൂടുതല്‍ വിവരങ്ങള്‍ www.sabarimalaonline.org എന്ന വെബ് പോര്‍ട്ടല്‍ നിന്നും 7025800100 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറിലും ലഭിക്കും. തീര്‍ത്ഥാടകരുടെ പേര്, വയസ്സ്, ഫോട്ടോ, അഡ്രസ്സ്, ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് നമ്പർ,മൊബൈല്‍ നമ്പർ തുടങ്ങിയ വിവരങ്ങള്‍ പോര്‍ട്ടലില്‍ നല്‍കണം. ബുക്ക് ചെയ്യുന്ന എല്ലാ തീര്‍ത്ഥാടകരുടെയും വിവരങ്ങള്‍ പ്രത്യേകമായി രേഖപ്പെടുത്തണം. വെബ് പോര്‍ട്ടലില്‍ നല്‍കിയ കലണ്ടറില്‍ നിന്നും ലഭ്യതയ്ക്കനുസരിച്ച് ദര്‍ശന ദിവസവും സമയവും തിരഞ്ഞെടുക്കാം. അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ബുക്കിംഗ് ആവശ്യമില്ല. അതിനു മുകളിലുള്ള കുട്ടികള്‍ക്ക് ബുക്കിംഗിന് സ്‌ക്കൂള്‍ ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിക്കാം.ബുക്കിംഗ് പൂര്‍ത്തിയാക്കിയശേഷം ദര്‍ശനസമയവും തീയതിയും തീര്‍ത്ഥാടകന്റെ പേരും ഫോട്ടോയും മറ്റ് വിവരങ്ങളുമടങ്ങിയ വിര്‍ച്വല്‍ക്യൂ / സ്വാമിക്യൂ കൂപ്പണ്‍ സേവ് ചെയ്ത് പ്രിന്റ് എടുക്കേണ്ടതാണ്. വിര്‍ച്വല്‍ക്യൂ കൂപ്പണ്‍ ദര്‍ശന ദിവസം പമ്പ ഗണപതി അമ്പലത്തിലെ ആഞ്ജനേയ മണ്ഡപത്തിലെ പോലീസിന്റെ വെരിഫിക്കേഷന്‍ കൗണ്ടറില്‍ കാണിച്ച് പ്രവേശന കാര്‍ഡ് (Virtual Q Entry Card) കൈപ്പറ്റേണ്ടതാണ്. തീര്‍ത്ഥാടകര്‍ ബുക്കിംഗിന് ഉപയോഗിച്ച ഫോട്ടോ ഐഡന്റി കാര്‍ഡ് കൗണ്ടറില്‍ കാണിക്കണം. വിര്‍ച്വല്‍ക്യൂ പ്രവേശന കാര്‍ഡ് (Entry Card) കൈവശമുള്ളവര്‍ക്കു മാത്രമേ വിര്‍ച്വല്‍ക്യൂ പ്രവേശനം അനുവദിക്കൂ. കൂപ്പണില്‍ രേഖപ്പെടുത്തിയ ദിവസം കൃത്യസമയത്ത് പമ്പയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്കു മാത്രമേ വിര്‍ച്വല്‍ ക്യൂ വഴി പ്രവേശനം സാധ്യമാകൂ.ഈ സംവിധാനത്തിന് തീര്‍ത്ഥാടകരില്‍ നിന്ന് ഫീസ് ഈടാക്കുന്നില്ല.