കോട്ടയം:കായിക മേളയ്ക്കിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മേളയുടെ സംഘാടകരായ മൂന്ന് കായിക അധ്യാപകരെയാണ് അറസ്റ്റ് ചെയ്തത്.മേളയുടെ പ്രധാന റഫറിയായ മുഹമ്മദ് കാസിം, ഹാമര്‍ത്രോ റഫറിയായ മാര്‍ട്ടിന്‍, ഗ്രൌണ്ട് റഫറിയായ ജോസഫ് സേവി എന്നിവരെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. കുറ്റകരമായ അനാസ്ഥയെ തുടര്‍ന്ന് ഉണ്ടായ മരണത്തിന് ചുമത്തുന്ന ഐപിസി 304 എ വകുപ്പ് ചുമത്തിയാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്.ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും സ്റ്റേഷന്‍ ജാമ്യത്തില്‍ മൂന്ന് പേരെയും വിട്ടയച്ചു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്.നേരത്തെ അറസ്റ്റ് വൈകുന്നതിനെതിരെ അഫീലിന്റെ മാതാപിതാക്കള്‍ രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഡിജിപിക്കും പരാതി നല്കിയതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.
സംസ്ഥാനത്തെ സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചു. അധ്യാപകര്‍ ജോലി സമയത്ത് സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്നു നിര്‍ദ്ദേശിക്കുന്ന ഇതേ സര്‍ക്കുലറില്‍ തന്നെയാണ് ക്ലാസ് സമയത്ത് അധ്യാപകര്‍ വാട്സ്‌ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ നവ മാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്നും നിര്‍ദ്ദേശിച്ചിരിക്കുന്നത്. വിദ്യാര്‍ഥികള്‍ മൊബൈല്‍ ഉപയോഗിക്കുന്നത് വിലക്കി പൊതു വിദ്യാഭ്യാസ വകുപ്പ് നേരത്തെയും സര്‍ക്കുലര്‍ ഇറക്കിയിരുന്നു.എന്നാല്‍ ഇത് കര്‍ശനമായി പാലിക്കപ്പെടാത്തതിനാലാണ് വീണ്ടും പുതിയ സര്‍ക്കുലറെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കുന്നു. സര്‍ക്കുലര്‍ കര്‍ശനമായി നടപ്പാക്കാന്‍ പ്രഥമാധ്യാപകരും വിദ്യാഭ്യാസ ഓഫീസര്‍മാരും ശ്രദ്ധിക്കണമെന്നും സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നു.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ. ചുമത്തി അറസ്റ്റ് ചെയ്ത അലന്‍ ശുഹൈബിന് നിരോധിത സംഘടനകളുമായി ബന്ധം;കൂടുതൽ ചിത്രങ്ങൾ പുറത്തുവിട്ട് പോലീസ്
കോഴിക്കോട്:മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ. ചുമത്തി അറസ്റ്റ് ചെയ്ത അലന്‍ ശുഹൈബിന് നിരോധിത സംഘടനകളുമായി ബന്ധം.ഇത് തെളിയിക്കുന്ന കൂടുതൽ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടു.സംഘടനകളില്‍പ്പെട്ടവര്‍ക്കൊപ്പം അലന്‍ ഷുഹൈബ് നില്‍ക്കുന്ന ചിത്രങ്ങളാണ് അന്വേഷണസംഘം പുറത്തുവിട്ടത്.അലന്‍ ഷുഹൈബിന്റെ നാലുവര്‍ഷം മുമ്ബ് വരെയുള്ള ചിത്രങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. കോഴിക്കോട് സംഘടിപ്പിച്ച ചില പ്രതിഷേധ പരിപാടികളുടെ ചിത്രങ്ങളും ഇതിലുണ്ട്. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്ബ് തന്നെ അലന്‍ ഷുഹൈബ് ഇത്തരം സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇക്കാര്യം സ്‌കൂള്‍ അധികൃതരും പോലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ കുട്ടിയെന്നുള്ള പരിഗണന നല്‍കിയാണ് പോലീസ് അന്ന് നടപടികളിലേക്ക് കടക്കാതിരുന്നത്. പക്ഷേ, അന്നുമുതല്‍ തന്നെ അലന്‍ ഷുഹൈബ് പോലീസിന്റെയും ഇന്റലിജന്‍സിന്റെയും നിരീക്ഷണത്തിലായിരുന്നു.നിരോധിത സംഘടനകളില്‍ ഉള്‍പ്പെട്ടവരുമായി അലന്‍ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അതേസമയം കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അലന്‍ ഷുഹൈബ്, താഹ എന്നിവര്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. കഴിഞ്ഞദിവസം ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയാക്കിയിരുന്നു.
യുവാക്കൾക്കെതിരെ യുഎപിഎ നിലനിൽക്കും; ശക്തമായ തെളിവുകൾ കൈവശമുണ്ടെന്നും പോലീസ്
കോഴിക്കോട്:മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചതിന് അറസ്റ്റിലായ യുവാക്കൾക്കെതിരെ യുഎപിഎ(അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്‌ട്) നിലനിൽക്കുമെന്ന് പോലീസ്.ഇതിനാവശ്യമായ ശക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.അറസ്റ്റിലായ യുവാക്കളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കാനിരിക്കവെയാണ് പോലീസ് ഇക്കാര്യം ആവർത്തിച്ച് വ്യക്തമാക്കിയത്. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യഹരജി പരിഗണിക്കുന്നത്. ഇന്നലെ ഹരജി പരിഗണിച്ചപ്പോള്‍ യു.എ.പി.എ ചുമത്തിയത് പുനഃപരിശോധിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു.എന്നാൽ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ പ്രോസിക്യൂഷന്‍ ഈ വാദത്തെ എതിര്‍ക്കും. സര്‍ക്കാര്‍ പ്ലീഡര്‍ ഇത്തരത്തില്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കുമെന്നുമാണു സൂചന.യുഎപി കേസുകളില്‍ സെഷന്‍സ് കോടതികള്‍ സാധാരണ ജാമ്യം നല്‍കാറില്ല. കുറ്റപത്രം തയാറായി കഴിയുമ്പോഴോ 90 ദിവസ കാലാവധിക്കു ശേഷമോ ആണ് ഇത്തരം കേസുകളില്‍ ജാമ്യം ലഭിക്കാന്‍ സാധ്യത. സംഭവത്തില്‍ കേസ് വിവരങ്ങള്‍ വേഗത്തില്‍ ഹൈക്കോടതി റിട്ടയേര്‍ഡ് ജഡ്ജി അധ്യക്ഷനായ യുഎപിഎ പരിശോധനാ സമിതിക്കു കൈമാറാന്‍ പോലീസിനോടു സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. സമിതി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാകും പ്രോസിക്യൂഷന്‍ അനുമതിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ഇതിനുശേഷം മാത്രമേ ഇനി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതടക്കമുള്ള തുടര്‍നടപടികള്‍ പോലീസിനു സ്വീകരിക്കാനാകൂ.അതേസമയം, സിപിഎം പ്രവര്‍ത്തകരായ യുവാക്കളെ യുഎപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തതു മേലുദ്യോഗസ്ഥരുടെ അറിവോടെയെന്നാണു സൂചന. യുഎപിഎ ചുമത്തുന്നതിന് മുൻപ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അനുമതി ലോക്കല്‍ പോലീസ് തേടിയിരുന്നു.യുഎപിഎ ചുമത്തുന്നതിനു മുന്നോടിയായി ഡിജിപി പുറപ്പെടുവിച്ച മാനദണ്ഡങ്ങളെല്ലാം പാലിച്ചിരുന്നതായി പന്തീരാങ്കാവ് പോലീസ് പറഞ്ഞു.ജില്ലാ പോലീസ് മേധാവിയുടെ അനുമതി വാങ്ങണമെന്നാണു ഡിജിപിയുടെ നിര്‍ദേശം. ഇതു പ്രകാരം സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജിന്‍റെ അനുമതി പന്തീരാങ്കാവ് പോലീസ് വാങ്ങിയിരുന്നു. എഫ്‌ഐആര്‍ തയാറാക്കിയതും കമ്മീഷണറുടെയും മറ്റും അനുമതിയോടെ തന്നെയാണ്. സിപിഎം പ്രവര്‍ത്തകരായതിനാല്‍ കമ്മീഷണര്‍ ഐജിയെയും ഐജി എഡിജിപിയെയും ഡിജിപിയെയും ഇക്കാര്യം അറിയിച്ചിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് നടപടികളിലേക്കു പോലീസ് നീങ്ങിയത്.
അട്ടപ്പാടിയിൽ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കുന്ന നടപടികളുമായി പൊലീസിന് മുന്നോട്ട് പോകാമെന്ന് കോടതി
പാലക്കാട്:അട്ടപ്പാടി മഞ്ചക്കണ്ടി ഉൾവനത്തിൽ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കുന്ന നടപടികളുമായി പൊലീസിന് മുന്നോട്ട് പോകാമെന്ന് കോടതി.പാലക്കാട് ജില്ലാ കോടതിയുടേതാണ് ഉത്തരവ്.സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പൊലീസ് പാലിച്ചിട്ടുണ്ടെന്ന് കോടതി വിലയിരുത്തി. മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കണോ എന്ന് പൊലീസിന് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി. അതേസമയം മണിവാസകത്തിന്‍റെ മൃതദേഹം മാത്രമാണ് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ വിട്ടുനല്‍കാതെ, ആരും ഏറ്റെടുക്കാനില്ലാത്ത വിഭാഗത്തില്‍പ്പെടുത്തി സംസ്കരിക്കാനാണ് പൊലീസിന്‍റെ ഉദ്ദേശ്യമെന്ന് മാവോയിസ്റ്റുകളുടെ ബന്ധുക്കള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷക ആരോപിച്ചു.എന്നാല്‍ സംസ്കാരം നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ കോടതിയില്‍ അപേക്ഷ നല്‍കി. ഇന്നത്തെ കോടതി ഉത്തരവ് ലഭിച്ചതിന് ശേഷം റീ പോസ്റ്റ്മോര്‍ട്ടത്തിനായി ഹൈക്കോടതിയെ സമീപിക്കാനുള്ള സാവകാശം നല്‍കണമെന്ന് കോടതിയില്‍ അപേക്ഷ നല്‍കിയെന്ന് അഭിഭാഷക പറഞ്ഞു.
കേരളത്തിന്റെ സ്വന്തം ഇലക്‌ട്രിക്ക് ഓട്ടോ നീം ജി നിരത്തിലിറങ്ങി;കന്നിയാത്രക്കാരായി മന്ത്രിമാരും
തിരുവനന്തപുരം:കേരളത്തിന്റെ സ്വന്തം ഇലക്‌ട്രിക്ക് ഓട്ടോയായ നീം ജി നിരത്തിലിറങ്ങി.10 ഓട്ടോകളാണ് നിര്‍മാണം കഴിഞ്ഞ് പുറത്തിറങ്ങിയത്. എംഎല്‍എ ക്വാര്‍ട്ടേഴ്സില്‍ നിന്ന് നിയമസഭയിലേക്കാണ് ഓട്ടോകളുടെ ആദ്യ സര്‍വീസ് നടത്തിയത്.സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഓട്ടോകളുടെ ആദ്യയാത്ര ഫ്ളാഗ് ഓഫ് ചെയ്യ്തു.വ്യവസായ മന്ത്രി ഇ.പി ജയരാജന്‍, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍, സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ എന്നിവരുമായി എംഎല്‍എ ക്വാര്‍ട്ടേഴ്സില്‍ നിന്ന് നിയമസഭയിലേക്കായിരുന്നു കേരളത്തിന്റെ സ്വന്തം ഇ-ഓട്ടോയുടെ ആദ്യ യാത്ര.വ്യവസായ വകുപ്പിന് കീഴിലുള്ള സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോ മൊബൈല്‍സ് ലിമിറ്റഡാണ് ഇ-ഓട്ടോ നിര്‍മിച്ച് നിരത്തിലിറക്കിയത്.കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം ഇന്ത്യയില്‍ ആദ്യമായാണ് ഒരു പൊതുമേഖലാ സ്ഥാപനം ഇ-ഓട്ടോ നിര്‍മ്മാണത്തിന് യോഗ്യത നേടുന്നത്.കാഴ്ചയിലും വലിപ്പത്തിലും സാധാരണ ഓട്ടോയെ പോലെ തന്നെയുള്ള ഇ ഓട്ടോയിലും ഡ്രൈവര്‍ക്കും മൂന്നു യാത്രക്കാര്‍ക്കും സഞ്ചരിക്കാം. ഇ ഓട്ടോ പദ്ധതിക്കായി കഴിഞ്ഞ ബജറ്റില്‍ 10 കോടി രൂപയും ഇത്തവണ ആറു കോടിയും സര്‍ക്കാര്‍ വകയിരുത്തിയിരുന്നു. ജര്‍മന്‍ സാങ്കേതികവിദ്യയില്‍ തദ്ദേശീയമായി നിര്‍മിച്ച ബാറ്ററിയും രണ്ട് കെ.വി മോട്ടോറുമാണ് കെഎഎല്ലിന്റെ ഓട്ടോയിലുള്ളത്.മൂന്ന് മണിക്കൂര്‍ 55 മിനിറ്റ് കൊണ്ട് ബാറ്ററി പുര്‍ണമായും ചാര്‍ജ്ജ് ചെയ്യാം. ഒരു തവണ ചാര്‍ജ്ജ് ചെയ്താല്‍ 100 കിലോ മീറ്റര്‍ സഞ്ചരിക്കാം.60 വാട്ട് ‘ലിഥിയം അയണ്‍’ ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്.ഒരു കിലോ മീറ്റര്‍ പിന്നിടാന്‍ 50 പൈസ മാത്രമാണ് ചെലവ്. സാധാരണ ത്രീപിന്‍ പ്ലഗ് ഉപയോഗിച്ച് ബാറ്ററി റീച്ചാര്‍ജ്ജ് ചെയ്യാം. ഡീസല്‍, പെട്രോള്‍ വാഹനങ്ങളില്‍നിന്നുള്ള കാര്‍ബണ്‍ മലിനീകരണം ഇ ഓട്ടോയില്‍ നിന്നുണ്ടാകില്ല. ശബ്ദമലിനീകരവണവുമില്ല. കുലുക്കവും തീരെ കുറവായിരിക്കും.2.8 ലക്ഷം രൂപയാണ് ഇ-ഓട്ടോയുടെ വില. ഇതില്‍ ഏകദേശം 30,000 രൂപയോളം സബ്‌സിഡി ലഭിക്കും.നിലവില്‍ കെ.എ.എല്‍. വഴി നേരിട്ടായിരിക്കും ഇ-ഓട്ടോകളുടെ വില്‍പ്പന. തുടര്‍ന്ന് വാഹനങ്ങളുടെ പ്രകടനം നിരീക്ഷിച്ച് ഡീലര്‍ഷിപ്പ് വഴി കൂടുതല്‍ ജില്ലകളില്‍ വില്‍പ്പനയ്ക്കെത്തിക്കും. നിര്‍മാണം കൂടുന്നതിനനുസരിച്ച് വില്‍പ്പനശാലകളും സര്‍വീസ് സെന്റുകളും വ്യാപകമാക്കാനാണ് കെ.എ.എല്ലിന്റെ പദ്ധതി.
യുഎപിഎ ചുമത്തി വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത സംഭവം;പോലീസ് പരിശോധനയ്ക്കിടെ താഹ ഫസല്‍ മാവോയിസ്റ്റ് മുദ്രാവാക്യം വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പോലീസ്
കോഴിക്കോട്; പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റു ചെയ്ത താഹ ഫസല്‍ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പോലീസ്. താഹ ഫസലിന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയപ്പോള്‍ താഹ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പരിശോധനയില്‍ താഹയുടെ വീട്ടില്‍ നിന്ന് പുസ്തകങ്ങളും ലഘുലേഖകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ‘മാര്‍ക്‌സിസം, സാമ്രാജ്യത്വം, തീവ്രവാദം’ എന്ന പുസ്തകവും മറ്റു ചില പുസ്തകങ്ങളും ലഘുലേഖകളുമൊക്കെയാണ് പോലീസ് താഹയുടെ മുറിയില്‍ നിന്ന് കണ്ടെടുക്കുന്നതായി ദൃശ്യങ്ങളിലുള്ളത്. പോലീസ് ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.അതെസമയം പോലീസ് നിര്‍ബന്ധിച്ച് തന്നെ മുദ്രാവാക്യം വിളിപ്പിച്ചതാണെന്ന് താഹ പറഞ്ഞതായി അമ്മ ജമീല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കഞ്ചാവ് കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി മുദ്രാവാക്യം വിളിപ്പിക്കുകയായിരുന്നു എന്നാണ് ജമീല പറഞ്ഞത്. അയല്‍വാസിയും ഇത് ശരിവച്ചിരുന്നു.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്‌ആര്‍ടിസിയില്‍ ഒരു വിഭാഗം ജീവനക്കാര്‍ ഇന്ന് പണിമുടക്കുന്നു
തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്‌ആര്‍ടിസിയില്‍ ഒരു വിഭാഗം ജീവനക്കാര്‍ നടത്തി വരുന്ന സമരം യാത്രക്കാരെ ദുരിതത്തിലാക്കി. പലയിടത്തും ജോലിക്കെത്തുന്ന ജീവനക്കാരെ സമരാനുകൂലികള്‍ തടഞ്ഞതോടെ സംസ്ഥാനത്ത് വ്യാപകമായി സര്‍വീസ് മുടങ്ങി. പ്രതിപക്ഷാനുകൂല തൊഴിലാളി സംഘടനയായ ട്രാന്‍സ്പോര്‍ട്ട് ഡെമാക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. സിഐടിയു, എഐടിയുസി, ബിഎംഎസ് എന്നിവയുടെ ആഭിമുഖ്യത്തിലുള്ള തൊഴിലാളി സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നില്ല. അതിനാല്‍ തന്നെ സര്‍വ്വീസുകള്‍ വ്യാപകമായി മുടങ്ങുന്ന സാഹചര്യമുണ്ടാകില്ലെന്നായിരുന്നു അധികൃതരുടെ പ്രതീക്ഷ. എന്നാല്‍, ഇതിന് വിപരീതമായി പലയിടത്തും സമരം ശക്തമാവുകയായിരുന്നു.
കണിയാപുരത്ത് ജോലിക്കെത്തിയ ഡ്രൈവര്‍ക്ക് നേരെ സമരാനുകൂലികള്‍ ചീമുട്ടയെറിഞ്ഞു. നെയ്യാറ്റിന്‍കരയില്‍ സമരക്കാര്‍ ബസ് തടഞ്ഞതിനെ തുടന്ന് ഡിപ്പോയില്‍ നിന്നുള്ള സര്‍വ്വീസ് പൂര്‍ണ്ണമായും നിലച്ച സാഹചര്യമാണുള്ളത്. പാറശ്ശാല ഡിപ്പോയില്‍ ബംഗാളി ഡ്രൈവറെ ഉപയോഗിച്ച് സര്‍വ്വീസ് നടത്തി എന്നാണ് സമരക്കാര്‍ പറയുന്നത്. സമരക്കാര്‍ എത്തിയതോടെ ഇയാള്‍ ബസില്‍ നിന്നും ഇറങ്ങി ഓടിയെന്നാണ് ആരോപണം. ഇതില്‍ പ്രതിക്ഷേധിച്ച് സമരക്കാര്‍ ഡിപ്പോ ഉപരോധിച്ചു.എറണാകുളം ജില്ലയിലും വ്യാപകമായ രീതിയില്‍ സര്‍വ്വീസുകള്‍ മുടങ്ങി. ആലുവയില്‍ 70 ഉം എറണാകുളത്ത് 12 ഉം സര്‍വീസുകളാണ് മുടങ്ങിയിരിക്കുന്നത്. ആലപ്പുഴ ജില്ലയില്‍ 73 സര്‍വീസുകളും മുടങ്ങിയിട്ടുണ്ട്. കൊല്ലത്തെ 104 സര്‍വ്വീസുകളില്‍ 45 എണ്ണം റദ്ദാക്കി. ഇതില്‍ നാല് എണ്ണം ദീര്‍ഘദൂര സര്‍വീസുകളാണ്. കൊല്ലം ഡിപ്പോയില്‍ സമരത്തിനിറങ്ങിയ പതിമൂന്ന് കെഎസ്‌ആര്‍ടിസി ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനാപുരത്ത് 45 സര്‍വ്വീസുകളില്‍ 8 എണ്ണം മുടങ്ങി.
കടലില്‍ കാണാതായ മത്സ്യതൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
കണ്ണൂര്‍: കടലില്‍ കാണാതായ മത്സ്യതൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ ഇന്നും തുടരും. തൃശൂര്‍ ചാവക്കാടുനിന്ന് തിങ്കളാഴ്ച രാവിലെ കടലില്‍ പോയ തമ്പുരാൻ ബോട്ട് അപകടത്തില്‍പ്പെട്ട് കാണാതായ സ്രാങ്കായ ആലപ്പുഴ തോട്ടപ്പള്ളി ഗോപിയുടെ മകന്‍ രാജീവന്‍ (43), കണ്ണൂര്‍ ആയിക്കരയില്‍നിന്നു പോയ ഫൈബര്‍ വള്ളത്തിലുണ്ടായിരുന്ന ആദികടലായി സ്വദേശി ഫാറൂഖ് (40) എന്നിവര്‍ക്കായുള്ള തിരച്ചിലാണ് പുരോഗമിക്കുന്നത്.കഴിഞ്ഞ ദിവസങ്ങളില്‍ നേവി, കോസ്റ്റ് ഗാര്‍ഡ് എന്നിവരുടെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയിരുന്നു. ഇന്നലെ കോസ്റ്റല്‍ പോലീസ്, ഫിഷറീസ്, മത്സ്യ തൊഴിലാളികള്‍ എന്നിവരുടെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും തന്നെ കണ്ടെത്താനായില്ല.
തൃശൂര്‍ ചാവക്കാടുനിന്ന് തിങ്കളാഴ്ച രാവിലെ കടലില്‍ പോയ തമ്പുരാൻ ബോട്ടും കണ്ണൂര്‍ ആയിക്കരയില്‍നിന്ന് മത്സ്യബന്ധനത്തിനു പോയ രണ്ടു ഫൈബര്‍ വള്ളങ്ങളുമാണ് അപകടത്തില്‍പ്പെട്ടത്.ബുധനാഴ്ചയാണ് തമ്പുരാൻ ബോട്ട് കനത്ത തിരമാലകളില്‍പ്പെട്ടത്.ആടിയുലഞ്ഞ ബോട്ടില്‍നിന്ന് രാജീവന്‍ കടലിലേക്ക് തെറിച്ചുവീഴുകയായിരുന്നു.വയര്‍ലസ് സെറ്റടക്കം നഷ്‌ടപ്പെട്ടതിനാല്‍ അപകടത്തില്‍പ്പെട്ട വിവരം പുറംലോകത്തെ അറിയിക്കാന്‍ കൂടെയുണ്ടായിരുന്നവര്‍ക്ക് കഴിഞ്ഞില്ല.കേടുപാടുകള്‍ സംഭവിച്ച ബോട്ട് വെള്ളിയാഴ്ച പുലര്‍ച്ചെ ആയിക്കര ഹാര്‍ബറിലാണ് എത്തിയത്.ബോട്ടിൽ അവശനിലയിൽ കണ്ടെത്തിയ തോട്ടപ്പള്ളി സ്വദേശി കമലാസന്‍ (67), കുഞ്ഞുമോന്‍ (58), ചാവക്കാട് സ്വദേശികളായ ബിജു (40), രൂപേഷ് (28), അജേഷ് (32), തമിഴ്നാട് ചിദംബരം സ്വദേശി ഗോപു (42) എന്നിവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആയിക്കരയില്‍നിന്ന് ബുധനാഴ്ച രാവിലെ മത്സ്യബന്ധനത്തിനു പോയ ഫൈബര്‍ വള്ളങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ശക്തമായ തിരയില്‍ ബോട്ടിലുണ്ടായിരുന്ന ഫാറൂഖ് വള്ളത്തില്‍നിന്നു തെറിച്ച് കടലിലേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന തമിഴ്നാട് സ്വദേശി വര്‍ഗീസ് (40), ആയിക്കര സ്വദേശി മുഹമ്മദ് (38) എന്നിവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ആയിക്കരയില്‍നിന്നു പോയ കിരണ്‍ എന്ന ഫൈബര്‍ ബോട്ട് അപകടത്തില്‍പ്പെട്ടെങ്കിലും വള്ളത്തിലുണ്ടായിരുന്ന മൂന്നുപേരെ സുരക്ഷിതമായി കരയ്ക്കെത്തിച്ചു.
‘കെട്ടിച്ചമച്ച കേസിലാണ് തങ്ങളെ അറസ്റ്റ് ചെയ്തിരിക്കുന്നത്,തങ്ങള്‍ക്കെതിരായി ഒരു തെളിവും പൊലീസിന് ലഭിച്ചിട്ടില്ലെന്നും’ അറസ്റ്റിലായ സിപിഎം പ്രവർത്തകർ
കോഴിക്കോട്:കെട്ടിച്ചമച്ച കേസിലാണ് തങ്ങളെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും തങ്ങള്‍ക്കെതിരായി ഒരു തെളിവും പൊലീസിന് ലഭിച്ചിട്ടില്ലെന്നും മാവോയിസ്റ്റ് അനുകൂല ലഖുലേഖകൾ കൈവശം വെച്ചതിന് അറസ്റ്റിലായ സിപിഎം പ്രവർത്തകർ. കോടതിയില്‍ ഹാജരാക്കാന്‍ വേണ്ടി കൊണ്ടുപോകുംവഴിയാണ് ഇവര്‍ ഇത് പറഞ്ഞത്.’ഞങ്ങളുടെ അടുത്തുനിന്ന് ലഘുലേഖ കിട്ടിയിട്ടില്ല. സിഗരറ്റ് വലിക്കുന്നതിനിടെ ഒരാളില്‍ നിന്ന് പിടിച്ചെടുത്തതാണ്. ഭരണകൂട ഭീകരത തന്നെയാണ്’ ഇതെന്നും വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു.അതേസമയം, വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ യുഎപിഎ ചുമത്താന്‍ തെളിവുകളുണ്ടെന്നാണ് ഉത്തരമേഖല ഐജി അശോക് യാദവ് പറഞ്ഞത്. നിരോധിക സംഘടനകളില്‍ അംഗമായി, ആശയങ്ങള്‍ പ്രചരിപ്പിച്ചു തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രാഥമികാന്വേഷണത്തില്‍ ഇവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകകള്‍ പിടിച്ചെടുത്തിട്ടുണ്ട്.വര്‍ മാവോയിസ്റ്റ് ലഘുലേഖ വിതരണം ചെയ്‌തെന്നും, ലഘുലേഖകള്‍ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. മഞ്ചക്കണ്ടിയില്‍ മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്ന പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള ലഘുലേഖയാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്.സംഭവത്തിൽ തുടരന്വേഷണം നടത്തുമെന്നും ഐജി പറഞ്ഞു.കോഴിക്കോട് പന്തീരാങ്കാവ് സ്വദേശികളായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരാണ് കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായത്. ഇവര്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ്. അലന്‍ ഷുഹൈബ് സിപിഎം തിരുവണ്ണൂര്‍ ബ്രാഞ്ച് കമ്മിറ്റി അംഗവും, താഹ പാറമ്മല്‍ ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്.