കാസര്‍കോട്: അയോധ്യ വിധിയെ തുടർന്നുള്ള അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ ജില്ലയിലെ ഒൻപത് പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നവംബർ വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഞ്ചേശ്വരം, കുമ്പള,കാസര്‍കോട്, വിദ്യാനഗര്‍,മേപ്പറമ്പ്, ബേക്കല്‍, ഹൊസ്ദുര്‍ഗ്, നീലേശ്വരം, ചന്ദേര പോലീസ് സ്റ്റേഷന്‍ പരിധികളിലാണ് കേരള പോലീസ് ആക്‌ട് 78,79 പ്രകാരം ജില്ലാ പോലീസ് മേധാവി നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നവംബര്‍ പതിനാലാം തീയതി രാത്രി 12 മണിവരെയാണ് നിരോധനാജ്ഞ.അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടംകൂടുന്നതും, പ്രകടനങ്ങള്‍, പൊതുയോഗങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നതും പൂര്‍ണായും നിരോധിച്ചിട്ടുണ്ട്. എല്ലാവരും പോലീസുമായി സഹകരിക്കണമെന്നും ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് പത്രക്കുറിപ്പിലൂടെ അഭ്യര്‍ഥിച്ചു.അയോധ്യ വിധിക്ക് മുന്നോടിയായി കാസര്‍കോട് ജില്ലയിലെ അഞ്ച് പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ സിആര്‍പിസി 144 പ്രകാരം ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ കഴിഞ്ഞദിവസം രാത്രിയോടെ പിന്‍വലിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സുരക്ഷാമുന്‍കരുതലുകളുടെ ഭാഗമായി പോലീസ് ആക്‌ട് പ്രകാരം ഒൻപത് പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത താഹ ഫസലിന്റെ ലാപ്ടോപ്പിൽ നിന്നും മാവോയിസ്റ്റ് ബന്ധം സാധൂകരിക്കുന്ന തെളിവുകൾ കണ്ടെത്തിയതായി പോലീസ്
കോഴിക്കോട്:മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത താഹ ഫസലിന്റെ ലാപ്ടോപ്പിൽ നിന്നും മാവോവാദി ബന്ധം സാധൂകരിക്കുന്ന തെളിവുകൾ കണ്ടെത്തിയതായി പോലീസ്.മാവോവാദി ഭരണഘടന,മാവോവാദി അനുകൂല പരിപാടികളുടെ ഫോട്ടോ തുടങ്ങിയ തെളിവുകളാണ് പൊലീസിന് ലഭിച്ചത്.പ്രതികളുടെ മാവോവാദി ബന്ധത്തിന് ഡിജിറ്റൽ തെളിവുകൾ ലഭിച്ചതോടെ കസ്റ്റഡി അപേക്ഷയ്‌ക്കൊപ്പം അന്വേഷണ സംഘം ഈ തെളിവുകളും ഹാജരാക്കും.രണ്ടുപ്രതികളെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.റിമാന്റിലുള്ള അലൻ ഷുഹൈബ്,താഹ ഫസൽ എന്നിവരോടൊപ്പമുണ്ടായിരുന്ന രക്ഷപ്പെട്ട മൂന്നാമനെ കുറിച്ച് അന്വേഷിക്കണമെന്നും കസ്റ്റഡി അപേക്ഷയിൽ ആവശ്യപ്പെടും.കേസിൽ അറസ്റ്റിലായ അലന്റെയും താഹയുടെയും ജാമ്യാപേക്ഷ കഴിഞ്ഞ ബുധനാഴ്ച കോഴിക്കോട് ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു.
മഞ്ചിക്കണ്ടിയില്‍ നിന്നും രക്ഷപ്പെട്ട മാവോയിസ്റ്റ് ദീപക് ആനക്കട്ടിയില്‍ പിടിയില്‍;ദീപക് മാവോയിസ്റ്റുകള്‍ക്ക് ആയുധപരിശീലനം നല്‍കുന്നതില്‍ പ്രധാനിയെന്ന് പൊലീസ്
പാലക്കാട്: അട്ടപ്പാടിക്ക് അടുത്ത മേലെ മഞ്ചിക്കണ്ടിയിലുണ്ടായ പൊലീസ് വെടിവെപ്പിനിടെ കാട്ടിലേക്ക് രക്ഷപ്പെട്ട മാവോയിസ്റ്റ് പൊലീസ് പിടിയില്‍. മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്ന ദീപക് എന്ന ചന്ദുവിനെയാണ് തമിഴ്‌നാട് ടാസ്‌ക് ഫോഴ്‌സ് പിടികൂടിയത് എന്നാണ് വിവരം. ആനക്കട്ടിക്ക് അടുത്ത് വച്ച് ഇയാളെ ടാസ്‌ക് ഫോഴ്‌സ് പിടികൂടുമ്പോൾ കൂടെ മറ്റൊരാളും ഉണ്ടായിരുന്നുവെന്നും ഇയാളും കസ്റ്റഡിയിലാണെന്നാണ് വിവരം.തമിഴ്‌നാട് വഴി രക്ഷപെടാനായിരുന്നു നീക്കം.ദീപക്കിനെ കോയമ്ബത്തൂരിലെ രഹസ്യ കേന്ദ്രത്തിലേക്ക് നീക്കിയെന്നാണ് വിവരം.പാലക്കാട് മഞ്ചക്കണ്ടിയില്‍ പൊലീസ് നടത്തിയ ഓപ്പറേഷനില്‍ നാലു മാവോയിസ്റ്റുകളെയാണ് വെടിവെച്ചുകൊന്നത്. മാവോയിസ്റ്റ് നേതാവ് മണിവാസകം അടക്കം മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടെ മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്ന ദീപക് ഓടിരക്ഷപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്. ഛത്തീസ് ഗഡ് സ്വദേശിയായ ദീപക് മാവോയിസ്റ്റുകള്‍ക്ക് ആയുധപരിശീലനം നല്‍കുന്നതില്‍ പ്രധാനിയാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. മാവോയിസ്റ്റ് നേതാവ് ദീപക് എകെ-47 തോക്കുപയോഗിച്ച് വനത്തിനുള്ളില്‍ പരിശീലനം നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസ് പുറത്ത് വിട്ടിരുന്നു.മഞ്ചക്കണ്ടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ കയ്യില്‍ നിന്നും പിടിച്ചെടുത്ത പെന്‍ഡ്രൈവിലാണ് ദീപക്കിന്റെ തോക്ക് പരിശീലന ദൃശ്യങ്ങളുണ്ടായിരുന്നത്.
അയോധ്യ വിധി;കാസര്‍കോട് ജില്ലയില്‍ സുരക്ഷ ഇരട്ടിയാക്കി; ജില്ലയിലെ എല്ലാ മദ്യശാലകളും പടക്ക വില്പന ശാലകളും പൂട്ടാന്‍ നിര്‍ദ്ദേശം
കാസര്‍കോട്: അയോധ്യ കേസിലെ വിധി വരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കാസര്‍കോട് ജില്ലയില്‍ സുരക്ഷ ഇരട്ടിയാക്കി. ഇന്നലെ അഞ്ച് പോലീസ് സ്റ്റേഷൻ പരിധികളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ന് നാല് കമ്പനി പോലീസ് സേനയെ ജില്ലയില്‍ അധികമായി വിന്യസിച്ചിട്ടുണ്ട്. സുരക്ഷാചുമതല വിവിധ ഡിവൈഎസ്പിമാര്‍ക്കായി വിഭജിച്ചു നല്‍കി. കൂടാതെ, ജില്ലയിലെ എല്ലാ മദ്യശാലകളും പടക്കം വില്‍ക്കുന്ന കടകളും പൂട്ടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരേയും നിയമിച്ചു.നിലവില്‍ കേരളത്തില്‍ കാസര്‍കോട് ജില്ലയില്‍ മാത്രമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. കാസര്‍കോട് ജില്ലയിലെ അഞ്ച് പോലീസ് സ്റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ നിലവിലുള്ളത്. അതേസമയം, ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ജില്ലാ സ്‌കൂള്‍ കലോത്സവ പരിപാടികള്‍ക്ക് നിരോധനാജ്ഞ ബാധകമല്ലെന്നും പരിപാടികള്‍ക്ക് ശക്തമായ പോലീസ് സുരക്ഷ ഒരുക്കുമെന്നും ജില്ലാ കളക്ടര്‍ ഡി സജിത്ത് ബാബു അറിയിച്ചു.
അയോധ്യ വിധി;കേരളത്തിലും ജാഗ്രത നിര്‍ദ്ദേശം
തിരുവനന്തപുരം:കൊച്ചി: അയോധ്യ കേസിന്റെ വിധി ഇന്ന് വരുന്ന പശ്ചാത്തലത്തില്‍ കേരളത്തിലും കനത്ത ജാഗ്രത നിർദേശം.ഇന്നലെ രാത്രി രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട മുഖ്യമന്ത്രി പിണറായി വിജയനും പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും സംസ്ഥാനത്തെ സ്ഥിതിഗതികളും അയോധ്യ വിധി മുന്‍നിര്‍ത്തി സ്വീകരിച്ച സുരക്ഷാനടപടികളും ഗവര്‍ണറെ ധരിപ്പിച്ചു. നിലവില്‍ കേരളത്തില്‍ കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ഹൊസ്ദുര്‍ഗ്, ചന്ദേര സ്റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. നവംബര്‍ പതിനൊന്നാം തീയതി വരെ ഈ സ്റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ തുടരും. ഇവിടങ്ങളില്‍ നാലില്‍ കൂടുതല്‍ പേര്‍ കൂടി നില്‍ക്കാന്‍ പാടില്ലെന്ന് നിര്‍ദേശമുണ്ട്. കൊച്ചി നഗരത്തിലും ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് കൊച്ചി ഡിസിപി ജി പൂങ്കുഴലി പറഞ്ഞു.
അതേസമയം, അയോധ്യ വിധി ഇന്ന് വരുന്ന പശ്ചാത്തലത്തില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് നേതാക്കള്‍ രംഗത്ത് എത്തി. അയോധ്യ കേസിലെ വിധി എന്തു തന്നെയായാലും അതിനെ സമാധാനപൂര്‍വം സ്വാഗതം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പതിറ്റാണ്ടുകളായി തുടരുന്ന ബാബരി മസ്ജിദ് കേസിലെ സുപ്രീംകോടതി വിധി വരുന്ന പശ്ചാത്തലത്തില്‍ സമാധാനവും സൗഹാര്‍ദവും നിലനിര്‍ത്തുന്നതിന് എല്ലാവരും പ്രതിജ്ഞാബദ്ധമായിരിക്കണമെന്ന് മുസ്ലിം സംഘടനാ നേതാക്കളായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പ്രൊഫ കെ ആലിക്കുട്ടി മുസലിയാര്‍, കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍, ടിപി അബ്ദുള്ളക്കോയ മദനി, എംഐ അബ്ദുല്‍അസീസ്, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, ഡോ.ഇകെ അഹമ്മദ്കുട്ടി, എ നജീബ് മൗലവി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി, അബുല്‍ഹൈര്‍ മൗലവി, ഡോ.പിഎ ഫസല്‍ഗഫൂര്‍, സിപി കുഞ്ഞിമുഹമ്മദ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
കായികമേളയ്‌ക്കിടെ വീണ്ടും അപകടം;ഹാമറിന്‍റെ കമ്പി പൊട്ടി വിദ്യാര്‍ഥിക്ക് പരിക്കേറ്റു
കോഴിക്കോട്:കായികമേളയ്‌ക്കിടെ വീണ്ടും ഹാമർ അപകടം.റവന്യൂ ജില്ലാ സ്‌കൂള്‍ കായികളമേളയ്ക്കിടെ ഹാമറിന്‍റെ കമ്പി പൊട്ടി വിദ്യാര്‍ഥിക്ക് പരിക്കേറ്റു.മീഞ്ചന്ത ആര്‍.കെ മിഷന്‍ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി മുഹമ്മദ് നിഷാനാണ് റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേളയ്ക്കിടെ കൈവിരലുകൾക്ക് പരിക്കേറ്റത്.എറിയുന്നതിനിടെ ഹാമറിന്റെ ചങ്ങല പൊട്ടി ബാലന്‍സ്‌തെറ്റി വീഴുകയായിരുന്നുവെന്ന് നിഷാന്‍ പറഞ്ഞു.വീഴ്ചയ്ക്കിടെ നിലത്തേക്ക് കൈകുത്തി വീണതിനാല്‍ വിരലുകള്‍ക്ക് പൊട്ടലേറ്റിട്ടുണ്ട്. നിഷാന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.പരിക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.അഞ്ച് കിലോ വിഭാഗത്തിലായിരുന്നു താന്‍ മത്സരിച്ചതെന്നും പക്ഷെ ആറര കിലോയുടെ ഹാമറാണ് അധികൃതര്‍ മത്സരത്തിനായി എത്തിച്ചതെന്നും നിഷാൻ പറഞ്ഞു.എന്നാല്‍ ഹാമറിന്‍റെ ഭാരത്തില്‍ വ്യത്യാസമുണ്ടെന്ന വാര്‍ത്ത ശരിയല്ലെന്ന് റവന്യു ജില്ലാ സ്പോര്‍ട്സ് അസോസിയേഷന്‍ സെക്രട്ടറി ജോസഫ് പറഞ്ഞു.സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
യുഎപിഎ കേസ്:പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 14 ലേക്ക് മാറ്റി
കൊച്ചി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 14 ലേക്ക് മാറ്റി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ജാമ്യാപേക്ഷ മാറ്റിയത്. കേസില്‍ സര്‍ക്കാരിനോട് കോടതി റിപ്പോര്‍ട്ട് തേടി.സിപിഎം പ്രവര്‍ത്തകരായ ഒളവണ്ണ മൂര്‍ക്കനാട് താഹ ഫസല്‍ (24), തിരുവണ്ണൂര്‍ പാലാട്ട് നഗര്‍ അലന്‍ ഷുഹൈബ് (20) എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി മാറ്റിയത്. കഴിഞ്ഞ ദിവസം ഇവരുടെ ജാമ്യാപേക്ഷ യുഎപിഎ പ്രത്യേക കോടതി കൂടിയായ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി തള്ളിയിരുന്നു.
മാവോവാദ ബന്ധം തെളിയിക്കുന്ന ഒരു രേഖയും പോലീസിന്റെ പക്കലില്ലെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ പറഞ്ഞു. നിയമ വിദ്യാര്‍ഥിയാണെന്നും തനിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും അലന്റെ ജാമ്യാപേക്ഷയില്‍ പറയുന്നു. തന്റെ വീട്ടില്‍ നിന്ന് ഒരു ഫോണ്‍ മാത്രമാണ് പോലീസ് കണ്ടെടുത്തത്. അത് മാവോവാദി ബന്ധം തെളിയിക്കാനുള്ള ഒരു രേഖയല്ലെന്നും അലന്റെ ജാമ്യാപേക്ഷയില്‍ പറയുന്നു.പിടിയിലാകുമ്ബോള്‍ തന്നെക്കൊണ്ട് പോലീസ് മുദ്രാവാക്യം വിളിപ്പിച്ചുവെന്ന കാര്യമാണ് താഹയുടെ ജാമ്യാപേക്ഷയില്‍ പറയുന്നത്. മുദ്രാവാക്യം വിളിക്കുന്നത് ഏതെങ്കിലും തരത്തില്‍ ഒരു ക്രിമിനല്‍ കുറ്റമല്ലെന്നും അപേക്ഷയില്‍ പറയുന്നു. മാത്രമല്ല കീഴ്ക്കോടതി തങ്ങള്‍ക്കെതിരെ എന്തെങ്കിലും കുറ്റമുണ്ടെന്ന് പറഞ്ഞിട്ടില്ല. ജേര്‍ണലിസം വിദ്യാര്‍ഥിയാണ്. ഏതെങ്കിലും തരത്തിലുള്ള പുസ്തകങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെങ്കിലും അത് സിപിഐ ( മാവോയിസ്റ്റ്) സംഘടനയില്‍ അംഗമാണെന്ന് പറയാന്‍ കഴിയില്ല തുടങ്ങിയ കാര്യങ്ങളാണ് താഹയുടെ ജാമ്യഹര്‍ജിയില്‍ പറയുന്നത്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ 1 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി 2 കാസര്‍കോട് സ്വദേശികളും മുംബൈ സ്വദേശിനിയും പിടിയില്‍

യുഎപിഎ ചുമത്തി വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത സംഭവം;മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മാവോയിസ്റ്റ് വിരുദ്ധ സേനാ ഉദ്യോഗസ്ഥര്‍ കേരളത്തിലേക്ക്
കോഴിക്കോട്: സിപിഎം പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഇവരുടെ മാവോയിസ്റ്റ് ബന്ധം അന്വേഷിക്കുന്നതിനായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മാവോയിസ്റ്റ് വിരുദ്ധ സേനാ ഉദ്യോഗസ്ഥര്‍ കോഴിക്കോട് എത്തുന്നു. കേരള പൊലീസ് ശേഖരിച്ച തെളിവുകള്‍ പരിശോധിക്കുന്നതിന് വേണ്ടിയാണ് ഇതര സംസ്ഥാന അന്വേഷണ സംഘങ്ങള്‍ എത്തുന്നത്.വിദ്യാര്‍ഥികളുടെ മാവോയിസ്റ്റ് ബന്ധം വ്യക്തമാക്കുന്ന തരത്തിലുള്ള ശക്തമായ തെളിവുകള്‍ തങ്ങള്‍ക്ക് ലഭിച്ചതായി പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ തെളിവുകള്‍ പരിശോധിക്കാനായാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് അന്വേഷണ സംഘം എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമ്ബോള്‍ തങ്ങളുടെകൂടി സാന്നിധ്യത്തില്‍ ചോദ്യംചെയ്യണമെന്നും ഇവര്‍ കേരള പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം അലന്‍ മറ്റൊരു സംസ്ഥാനത്തുനിന്നുള്ള മാവോയിസ്റ്റ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായി പോലീസ് പറയുന്നു. പാലക്കാട് വെച്ചാണ് കൂടിക്കാഴ്ച നടന്നത്. ഇതിനു ശേഷമാണ് അലന്റെ മാവോയിസ്റ്റ് ബന്ധം സജീവമായതെന്നും ഇതു സംബന്ധിച്ചും അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.അലന്റെ വീട്ടില്‍നിന്ന് ഒരു മൊബൈല്‍ ഫോണ്‍ മാത്രമാണ് പിടിച്ചെടുത്തതെങ്കിലും അലന്‍ ആറ് ഫോണുകള്‍ ഉപയോഗിച്ചിരുന്നതായാണ് പോലീസ് പറയുന്നത്. ഈ ഫോണുകളുടെ ഉപയോഗം സംബന്ധിച്ചുള്ള വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.അലനും താഹയ്ക്കും ഒപ്പമുണ്ടായിരുന്ന മൂന്നാമത്തെ ആളെ കണ്ടെത്താന്‍ മറ്റു സംസ്ഥാനങ്ങളിലടക്കം അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പോലീസ് പറയുന്നു.
ഏറ്റുമാനൂരിലെ സ്വകാര്യ ഗോഡൗണിലെത്തിച്ച അരിയില്‍ കീടനാശിനിയായ അലുമിനിയം ഫോസ്‌ഫേറ്റിന്റെ സാന്നിധ്യം;ലോഡ് ഇറക്കിയ അഞ്ച് തൊഴിലാളികള്‍ക്ക് ദേഹാസ്വാസ്ഥ്യം
കോട്ടയം :ഏറ്റുമാനൂരിലെ സ്വകാര്യ ഗോഡൗണിലെത്തിച്ച അരിയില്‍ വിഷാംശം. കീടനാശിനിയായ അലുമിനിയം ഫോസ്‌ഫേറ്റിന്റെ സാന്നിധ്യമാണ് അരിയില്‍ കണ്ടെത്തിയത്. ലോറിയില്‍ നിന്ന് ലോഡ് ഇറക്കിയ അഞ്ച് തൊഴിലാളികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അലുമിനിയം ഫോസ്ഫറേറ്റ് കണ്ടെത്തിയെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു.ഏറ്റുമാനൂർ പേരൂർ കവലയിലെ കൊച്ചുപുരയ്ക്കൽ ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിൽ എത്തിയ അരി ലോറിയിൽനിന്ന് ഇറക്കിയ തൊഴിലാളികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.സ്ഥാപനത്തിെൻറ അതിരമ്പുഴയിലുള്ള ഗോഡൗണിൽനിന്ന് എത്തിച്ച അരിചാക്കുകൾക്കിടയിലാണ് കീടനാശിനിയായ സെൽഫോസ് വിതറിയിരുന്നതായി കണ്ടെത്തിയത്.മുപ്പതോളം ചാക്ക് അരി ഇറക്കിയപ്പോഴേക്കും ശ്വാസതടസ്സവും ചൊറിച്ചിലും അനുഭവപ്പെടുകയായിരുന്നുവെന്ന് തൊഴിലാളികൾ പറഞ്ഞു.കീടനാശിനിയുടെ കവറുകളും തൊഴിലാളികൾ അരിചാക്കുകൾക്കിടയിൽനിന്ന് ശേഖരിച്ചു.ചുവന്ന മാർക്കോടു കൂടി മുന്നറിയിപ്പ് നൽകിയിരിക്കുന്ന അമോണിയം സൾഫേറ്റ് പ്രധാന ഘടകമായ ഈ കീടനാശിനി ആഹാരസാധനങ്ങൾക്കിടയിൽ സൂക്ഷിക്കാൻ പോലും പാടില്ലെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.സെൽഫോസിൽ അടങ്ങിയിട്ടുള്ളത് ഉള്ളിൽചെന്നാൽ മരണം വരെ സംഭവിച്ചേക്കാവുന്ന അലുമിനിയം ഫോസ്‌ഫൈഡാണ്. ഇത് ഇത് കീടങ്ങളെ നശിപ്പിക്കാൻ വേണ്ടി അംഗീകൃത ഏജൻസികൾക്ക് മാത്രമേ ഉപയോഗിക്കാൻ അനുവാദമുള്ളൂ.അരിയിലും ഈ കീടനാശിനി കലര്‍ന്നിട്ടുണ്ടാവുമെന്നാണ് കരുതുന്നത്.അരിയുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു.സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഭക്ഷ്യ സുരക്ഷാ വിഭാഗം അരി കസ്റ്റഡിയിലെടുത്തു.