കണ്ണൂർ വിമാനത്താവളത്തിൽ തേനീച്ചയുടെ ആക്രമണം;ആറുപേർക്ക് പരിക്കേറ്റു

keralanews six injured in honey bee attack in kannur airport

മട്ടന്നൂർ:കണ്ണൂർ വിമാനത്താവളത്തിൽ തേനീച്ചയുടെ ആക്രമണത്തിൽ ആറുപേർക്ക് പരിക്കേറ്റു. വിമാനത്താവളത്തില്‍ ടോള്‍ ബൂത്ത് ജീവനക്കാരായ ആറു പേർക്കാണ് പരിക്കേറ്റത്.ബുധനാഴ്ച രാവിലെ എട്ടോടെയാണു സംഭവം.ജീവനക്കാര്‍ക്കു തേനീച്ചയുടെ കുത്തേറ്റു പരിക്കേറ്റതിനെ തുടര്‍ന്ന് ടോള്‍ബൂത്ത് രാവിലെ മൂന്നു മണിക്കൂറോളം അടച്ചിട്ടു. വിമാനത്താവളത്തിലെ രണ്ടാം ഗേറ്റിലെ ടോള്‍ ബൂത്ത് ജീവനക്കാര്‍ക്കാണു തേനീച്ചയുടെ കുത്തേറ്റത്. മുൻപും കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയവര്‍ക്കു തേനീച്ചയുടെ കുത്തേറ്റിരുന്നു. പരിക്കേറ്റവര്‍ മട്ടന്നൂര്‍ ഗവ. ആശുപത്രിയില്‍ ചികിത്സ തേടി.

ശബരിമല യുവതീ പ്രവേശനം;പുനഃപരിശോധനാ ഹർജികളിൽ നിർണായക വിധി ഇന്ന്

keralanews woman entry in sabarimala supreme court judgement on review petition today

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട റിവ്യൂ ഹര്‍ജികളിലുള്ള സുപ്രീം കോടതിയുടെ നിർണായക വിധി ഇന്ന്.ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയുന്നത്. ഇന്ന് രാവിലെ 10.30നാണ് വിധി പുറപ്പെടുവിക്കുന്നത്. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് 2018 സെപ്തംബര്‍ 28 ന് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ആര്‍ എഫ് നരിമാന്‍, എഎം ഖാന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.ആരാധനക്ക് എല്ലാവര്‍ക്കും തുല്യാവകാശമാണെന്നായിരുന്നു ബെഞ്ചിലെ ഭൂരിപക്ഷം ജഡ്ജിമാരും അഭിപ്രായപ്പെട്ടത്.അതേ സമയം,  ബെഞ്ചിലെ ഏക വനിതാ ജഡ്ജായ ഇന്ദു മല്‍ഹോത്ര വിധിയോട് വിയോജിച്ചു. മതവിശ്വാസങ്ങളിലും ആചാരങ്ങളിലും യുക്തി അളക്കാന്‍ സാധ്യമല്ലെന്നായിരുന്നു ഇന്ദു മല്‍ഹോത്രയുടെ നിലപാട്.സുപ്രീം കോടതിയുടെ ഈ വിധിക്കെതിരെ വിവിധ ഹിന്ദു സംഘടനകള്‍ സമര്‍പ്പിച്ച 65 റിവ്യൂ ഹര്‍ജികളിലാണ് സുപ്രിംകോടതി ഇന്ന് വിധി പ്രസ്താവിക്കുന്നത്. സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്ത് റിവ്യൂ ഹര്‍ജിളില്‍ ഫെബ്രുവരി ആറിന് വാദം കേള്‍ക്കല്‍ അവസാനിച്ചിരുന്നു.ശബരിമലയില്‍ 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ പ്രവേശിക്കുന്നത് ആചാരങ്ങളുടെ ലംഘനമാണെന്നാണ് ഹര്‍ജിക്കാരുടെ വാദം. ശബരിമല മണ്ഡലക്കാലം അടുത്ത തിങ്കളാഴ്ച ആരംഭിക്കാനിരിക്കെയാണ് കേരളം കാത്തിരിക്കുന്ന നിര്‍ണായക വിധി വരാന്‍ പോകുന്നത്.അതേസമയം, ശബരിമല വിധിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് അക്രമങ്ങളോ വ്യാജ പ്രചാരണങ്ങളോ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.ശബരിമല വിധിയെ സംബന്ധിച്ച്‌ സമൂഹ മാധ്യമങ്ങള്‍ വഴി വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയും വിദ്വേഷ പ്രചരണങ്ങള്‍ക്ക് ശ്രമിക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്നും അറിയിപ്പുണ്ട്.

ശബരിമല പുനഃപരിശോധനാ ഹർജികളിൽ സുപ്രീം കോടതി വിധി നാളെ

keralanews supreme court verdict on sabarimala review petition tomorrow

ന്യൂഡൽഹി:ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച് പുനഃപരിശോധന ഹരജിയില്‍ സുപ്രീം കോടതി നാളെ വിധി പറയും.നാല്‍പതിലധികം ഹരജികളാണ് കോടതിക്ക് മുന്നിലുള്ളത്.ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ഭരണഘടനാ ബഞ്ചാണ് നാളെ രാവിലെ 10.30ന് വിധി പറയുക.എല്ലാപ്രായത്തിലും ഉള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതിയുടെ വിധി പുനഃപരിശോധിക്കണോ വേണ്ടയോ എന്ന കാര്യത്തിലാണ് നാളെ അന്തിമ തീരുമാനം വരുന്നത്. 2018 സെപ്തംബര്‍ 28നാണ് ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി നിലവിൽ വന്നത്.വിധിയുടെ അടിസ്ഥാനത്തില്‍ യുവതി പ്രവേശനത്തിനായി സംസ്ഥാന സര്‍ക്കാര്‍ സുരക്ഷയും ഒരുക്കിയിരുന്നു. എന്നാല്‍ സ്ത്രീപ്രവേശന വിധിയില്‍ കടുത്ത പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയര്‍ന്നത്. വന്‍ തോതില്‍ പ്രതിഷേധക്കാരും ശബരിമലയില്‍ തമ്പടിച്ചു.ശബരിമലയില്‍ തൊഴാന്‍ എത്തിയ യുവതികളെ തടഞ്ഞും ഉപദ്രവിച്ചും അക്രമങ്ങളും സംസ്ഥാനത്ത് അരങ്ങേറി.ഇതിനു പിന്നാലെയാണ് പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജികളിലാണ് നാളെ നിര്‍ണ്ണായക വിധിയെത്തുന്നത്.

യുഎപിഎ കേസ്;അലനേയും താഹയേയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു

keralanews u a p a case alan and thaha remanded to police custody

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വെള്ളിയാഴ്ച വൈകിട്ട് വരെയാണ് അലനെയും താഹയേയും പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനാല്‍ പൊലീസിന്റെ കസ്റ്റഡി അപേക്ഷ നിരസിക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം.കൂടുതല്‍ ചോദ്യം ചെയ്യലിനായി അലന്‍ ഷുഹൈബിനെയും താഹാ ഫസലിനെയും അഞ്ചു ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം.പ്രതികളില്‍ നിന്നും പിടിച്ചെടുത്ത ലാപ്‌ടോപ്പ്, മൊബൈല്‍, പെന്‍ഡ്രൈവ്, മെമ്മറി കാര്‍ഡ് എന്നിവയില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ കിട്ടിയെന്ന് പൊലീസ് അവകാശപ്പെടുന്നു. ഈ വിവരങ്ങള്‍ കൂടി ഉള്‍പെടുത്തിയാവും ചോദ്യം ചെയ്യല്‍.

പരീക്ഷകളില്‍ ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ പി എസ് സി തീരുമാനം;ഉദ്യോഗാര്‍ത്ഥികള്‍ ആധാര്‍ പ്രൊഫൈലുമായി ലിങ്ക് ചെയ്യണം

keralanews p s c has decided to introduce biometric identification system in the exams candidates should link profile with aadhaar

തിരുവനന്തപുരം:പരീക്ഷകളില്‍ ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ പി എസ് സി തീരുമാനം.ഇതിന് മുന്നോടിയായി എല്ലാ ഉദ്യോഗാര്‍ത്ഥികളോടും പ്രൊഫൈല്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പിഎസ്‍സി നിര്‍ദേശം നല്‍കി.പരീക്ഷാ ക്രമക്കേട് ഒഴിവാക്കാന്‍ പരീക്ഷാ നടത്തിപ്പില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തുന്നിന്‍റ ഭാഗമായാണ് പി എസ് സിയുടെ പുതിയ നടപടി.ആധാറില്ലാത്തവര്‍ തിരിച്ചറിയല്‍ സാദ്ധ്യമാകുന്നതിന് പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന മറ്റ് സംവിധാനങ്ങള്‍ പ്രൊഫൈലില്‍ ചേര്‍ക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ആധാറുമായി ബന്ധപ്പെടുത്തി ബയോമെട്രിക് സംവിധാനത്തിലൂടെ ഉദ്യോഗാര്‍ത്ഥികളുടെ തിരിച്ചറിയല്‍ നടപ്പാക്കാനാണ് തീരുമാനം. ഇതിനായി എല്ലാ ഉദ്യോഗാര്‍ഥികളും പ്രൊഫൈലിനെ ആധാറുമായി ബന്ധിപ്പിക്കണം. ഇതിനുള്ള ലിങ്ക് പി എസ് സി സൈറ്റില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രൊഫൈലിൽ ആധാര്‍ നമ്പർ ചേര്‍ത്തിട്ടുള്ളവരിലും ആധാര്‍ പ്രൊഫൈലുമായി ബന്ധിപ്പിക്കാത്തവരുണ്ട്. ആധാര്‍ നമ്പർ പ്രൊഫൈലില്‍ ചേര്‍ത്തിട്ട് ലിങ്ക് ചെയ്യാത്തവരും പ്രൊഫൈലില്‍ ആധാര്‍ നമ്പർ ഉള്‍പ്പെടുത്താത്തവരും അടിയന്തരമായി പ്രൊഫൈല്‍ ആധാറുമായി ബന്ധിപ്പിക്കണം.പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് ഹോം പേജില്‍ കാണുന്ന ആധാര്‍ ലിങ്കിംഗ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ലിങ്കിംഗ് ആധാര്‍ വിത്ത് പ്രൊഫൈല്‍ വിന്‍ഡോയില്‍ ആധാര്‍ നമ്പർ, ആധാര്‍ കാര്‍ഡിലുള്ള പേര് എന്നിവ നല്‍കി കണ്‍സെന്റ് ഫോര്‍ ആതന്റിക്കേഷനില്‍ ടിക് ചെയ്ത ശേഷം ലിങ്ക് വിത്ത് പ്രൊഫൈല്‍ ബട്ടണ്‍ ക്ലിക്ക് ചെയ്ത് ആധാര്‍ ലിങ്കിംഗ് പൂര്‍ത്തിയാക്കാം.നടക്കാനിരിക്കുന്ന കുറച്ച്‌ ഉദ്യോഗാര്‍ഥികളുള്ള പരീക്ഷകളില്‍ പുതിയ തിരിച്ചറിയില്‍ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തും. വിജയകരമായാല്‍ എല്ലാ പരീക്ഷകളില്‍ ബയോമെട്രിക് തിരിച്ചറില്‍ ഏര്‍പ്പെടുത്താനാണ് പി എസ് സിയുടെ തീരുമാനം.

വസ്തുവിന്റെ പ്രമാണം നല്‍കാത്തതിന്റെ പേരില്‍ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി;ഒളിവിൽ പോയ ഭർത്താവ് കീഴടങ്ങി

keralanews husband strangled wife to death husband who was absconding surrendered

കൊല്ലം:വസ്തുവിന്റെ പ്രമാണം നൽകാത്തതിന്റെ പേരിൽ ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ ഭര്‍ത്താവ് കീഴടങ്ങി.മുളവന കശുവണ്ടി ഫാക്ടറി ജംക്‌ഷന്‍ ചരുവിള പുത്തന്‍വീട്ടില്‍ പഞ്ചായത്ത് വകുപ്പ് റിട്ട. ഉദ്യോഗസ്ഥന്‍ മോഹനന്റെയും ബ്യൂട്ടീഷ്യയായ ബിന്ദുവിന്റെയും ഏകമകള്‍ കൃതി മോഹന്‍ (25) ആണ് കൊല്ലപ്പെട്ടത്. കൊല്ലത്ത് മുളവനയില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.കൊല്ലപ്പെട്ട കൃതിയുടെ ഭര്‍ത്താവ് വൈശാഖ് കുണ്ടറ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു.കൃതിയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയതാണെന്ന് വൈശാഖ് മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.

സംഭവത്തെക്കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെ:

കൃതി മോഹന്‍ നാലു വര്‍ഷം മുന്‍പു തലച്ചിറ സ്വദേശിയെ വിവാഹം ചെയ്തിരുന്നു. അതില്‍ മൂന്നു വയസുള്ള മകളുണ്ട്.പിന്നീട് ഭര്‍ത്താവുമായി പിണങ്ങി വിവാഹബന്ധം വേര്‍പെടുത്തി. കുടുംബസുഹൃത്തു വഴി വൈശാഖിന്റെ ആലോചന വന്നു.കഴിഞ്ഞ ഫെബ്രുവരി രണ്ടിനു വൈശാഖുമായുള്ള വിവാഹം നടന്നു. ഗള്‍ഫിലേക്കു പോയ വൈശാഖ് ഒരു മാസം കഴിഞ്ഞു മടങ്ങി. ഇതര സംസ്ഥാനങ്ങളില്‍ പ്രഫഷനല്‍ കോഴ്സുകള്‍ക്കു പ്രവേശനം നേടി കൊടുക്കുന്ന ഏജന്റായി പ്രവര്‍ത്തിക്കുകയായിരുന്നു വൈശാഖ്.ബിസിനസ് ആവശ്യത്തിനെന്നു പറഞ്ഞു കൃതിയുടെ വീട്ടുകാരില്‍ നിന്നു വസ്തു പണയപ്പെടുത്തി 10 ലക്ഷം രൂപ വാങ്ങിയതായി സൂചനയുണ്ട്. രണ്ടാഴ്ച മുന്‍പു വസ്തുവിന്റെ പ്രമാണം ആവശ്യപ്പെട്ടെങ്കിലും കൃതി നല്‍കിയില്ല. ഇതിന്റെ പേരില്‍ ഇരുവരും പിണങ്ങി വൈശാഖ് കൊല്ലത്തേക്കു പോയി.ഒരാഴ്ചയായി വൈശാഖ് മുളവനയിലെ വീട്ടിലേക്ക് എത്തിയിരുന്നില്ല. തിങ്കളാഴ്ച വൈകിട്ട് ഏഴു മണിയോടെ മുളവനയിലെ വീട്ടിലെത്തിയ വൈശാഖ് എല്ലാവരുമായി സംസാരിച്ച ശേഷം കിടപ്പുമുറിയിലേക്കു പോയി.വീട്ടുകാര്‍ ടിവി കാണുകയായിരുന്നു. രാത്രി 9.30ന് ബിന്ദു കതകില്‍ തട്ടി ആഹാരം കഴിക്കാന്‍ വിളിച്ചെങ്കിലും കുറച്ചു കഴിഞ്ഞു മതിയെന്നു പറഞ്ഞു. രാത്രി പത്തര കഴിഞ്ഞിട്ടും രണ്ടാളെയും കാണാത്തതിനെ തുടര്‍ന്നു ബിന്ദു വീണ്ടും വിളിച്ചു. വൈശാഖ് കതക് തുറന്നു.അപ്പോള്‍ കൃതി കട്ടിലില്‍ കിടക്കുകയായിരുന്നു. ഭാര്യയ്ക്ക് എന്തോ അസ്വസ്ഥതയാണെന്നും ആശുപത്രിയില്‍ കൊണ്ടുപോകാമെന്നും പറഞ്ഞ് കട്ടിലില്‍ നിന്നും എടുത്തപ്പോള്‍ വീട്ടുകാര്‍ക്കു സംശയം തോന്നി. വൈശാഖ് പെട്ടെന്നു തന്നെ കൃതിയെ തറയില്‍ കിടത്തി മുറ്റത്തേക്കിറങ്ങി.ഈ സമയം കൃതിയുടെ പിതാവ് പിന്നാലെ ഓടിയെത്തി. വൈശാഖ് കാറില്‍ കയറി സ്റ്റാര്‍ട്ടാക്കിയപ്പോള്‍ മോഹനന്‍ വണ്ടിയുടെ മുന്നില്‍ തടസ്സം നിന്നു. ഇടിച്ചു വീഴ്ത്തുന്ന തരത്തില്‍ വണ്ടി മുന്നോട്ട് എടുത്തപ്പോള്‍ ഭയന്നു മാറി. തുടര്‍ന്നു വൈശാഖ് അമിത വേഗത്തില്‍ കാറോടിച്ചു പോവുകയായിരുന്നു. ഉടനെ വീട്ടുകാര്‍ കുണ്ടറ പൊലീസില്‍ വിവരമറിയിച്ചു. പൊലീസും വാര്‍ഡ് മെമ്പർ സിന്ധു രാജേന്ദ്രനും സ്ഥലത്തെത്തി. ചൊവ്വാഴ്ച രാത്രി കുണ്ടറ പൊലീസ് സ്റ്റേഷനില്‍ എത്തിയ വൈശാഖ് കീഴടങ്ങുകയായിരുന്നു.

മണ്ഡല-മകര വിളക്ക് കാലത്ത് നിലയ്ക്കല്‍-പമ്പ റൂട്ടില്‍ കെഎസ്‌ആര്‍ടിസി നിരക്ക് വര്‍ധിപ്പിക്കില്ലെന്ന് ഗതാഗത മന്ത്രി

keralanews k s r t c will not increase bus fare in nilakkal pamba route in mandala makaravilakku season

പത്തനംതിട്ട:ശബരിമല മണ്ഡല-മകര വിളക്ക് കാലത്ത് നിലയ്ക്കല്‍-പമ്പ റൂട്ടില്‍ കെഎസ്‌ആര്‍ടിസി നിരക്ക് വര്‍ധിപ്പിക്കില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍.കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്ന സര്‍വ്വീസ് ഇത്തവണയും കെഎസ്‌ആര്‍ടി നടത്തുമെന്നും മന്ത്രി അറിയിച്ചു.മണ്ഡല-മകര വിളക്ക് ഉത്സവകാലത്ത് നിലയ്ക്കല്‍-പമ്പ സര്‍വ്വീസിന് 40 രൂപയെന്ന നിരക്ക് കെഎസ്‌ആര്‍ടിസി ഇക്കുറിയും തുടരും.10 ഇലക്‌ട്രിക്ക് ബസ്സുകൾ ഉള്‍പ്പെടെ 300 ഓളം ബസ്സുകള്‍ നിലയ്ക്കല്‍ പമ്പ ചെയിന്‍ സര്‍വ്വീനായി ഉണ്ടാകും. യാത്രക്കാരുടെ എണ്ണത്തിനനുസരിച്ചായിരിക്കും സര്‍വ്വീസ് ക്രമീകരിക്കുക.രാജഗോപാലിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്.പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള നടപ്പാതയിലെ തകര്‍ന്ന റോഡുകള്‍ നന്നാക്കി. പിടിച്ചുകയറാനുള്ള കമ്പി, കൈത്താങ്ങ് എന്നിവ അറ്റകുറ്റപ്പണി നടത്തി പുനഃസ്ഥാപിച്ചു. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലും സൗകര്യങ്ങള്‍ ഒരുക്കി. വിരിവെക്കാനും മറ്റുമുള്ള സൗകര്യങ്ങള്‍ തയാറായി. മാലിന്യസംസ്‌കരണം, ശൗചാലയങ്ങള്‍, ആരോഗ്യപരിരക്ഷാ സംവിധാനം എന്നിവ തയാറാക്കി. വേണ്ടത്ര ഓക്‌സിജന്‍ പാര്‍ലറുകളും കാര്‍ഡിയോളജി പരിശോധന സംവിധാനങ്ങളുമുണ്ട്. പത്തനംതിട്ട ജില്ല ആശുപത്രിയില്‍ ട്രോമാകെയര്‍ യൂനിറ്റ് സജ്ജമാക്കി. പത്തനംതിട്ട, കോട്ടയം, ആശുപത്രികളിലും എരുമേലി, മുണ്ടക്കയം ആശുപത്രികളിലും ഇന്‍റന്‍സിവ് കെയര്‍ യൂനിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കും.മണ്ഡലമകരവിളക്ക് സീസണില്‍ ഗ്രീന്‍പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കും. എരുമേലിയില്‍ കച്ചവടം ചെയ്യുന്ന കുങ്കുമം, ഭസ്മം എന്നിവ കെമിക്കല്‍ ചേര്‍ത്തവ അല്ലെന്ന് ഉറപ്പുവരുത്തും. ബയോ കുങ്കുമവും ഭസ്മവും വില്‍ക്കാന്‍ നടപടി സ്വീകരിക്കും. ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്ക് ശമ്ബളം ലഭിക്കാത്ത സാഹചര്യമില്ല. ബോര്‍ഡിന്‍െറ വരുമാനനഷ്ടം പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 100 കോടിയില്‍നിന്ന് 30 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു.

ചെങ്ങന്നൂരിലെ വൃദ്ധദമ്പതികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് ബംഗ്ലാദേശ് സ്വദേശികൾ പിടിയിൽ

keralanews murder of old couples in chengannur two bengladesh natives caught

ചെങ്ങന്നൂര്‍: വെണ്മണിയില്‍ വയോധികരായ ‌ദമ്പതികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയ ബംഗ്ലാദേശ് സ്വദേശികളായ പ്രതികള്‍ പിടിയിൽ. ബംഗ്ലാദേശ് സ്വദേശികളായ ലബാലു, ജുവല്‍ എന്നിവരാണ് വിശാഖപട്ടണം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടിയിലായത്. വിശാഖപട്ടണത്തെ റെയില്‍വേ പോലീസും ആര്‍പിഎഫുമാണ് പ്രതികളെ പിടിച്ചത്. വെണ്മണി പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ കോടുകുളഞ്ഞികരോട് ആഞ്ഞിലിമൂട്ടില്‍ എ.പി. ചെറിയാന്‍ (കുഞ്ഞുമോന്‍-75), ഭാര്യ ലില്ലി ചെറിയാന്‍ (70) എന്നിവര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് പ്രതികളെ പിടികൂടിയത്. ഇന്നലെയാണ് ചെറിയാൻ,ലില്ലിക്കുട്ടി എന്നിവരെ എന്നിവരെ വീട്ടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെത്തിയ പാല്‍ക്കാരനാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ അടുക്കളയില്‍ ലില്ലി കുട്ടിയെയും മുറിയില്‍ ചെറിയാനെയും കണ്ടെത്തി. മൃതദേഹങ്ങള്‍ക്ക് അടുത്ത് പിക്കാസും കോടാലിയും ഉണ്ടായിരുന്നു.കേരളത്തിനു പുറത്തും വിദേശത്തും ഏറെക്കാലം ജോലിചെയ്തിരുന്ന ദമ്പതികൾ നാട്ടില്‍ വിശ്രമ ജീവിതത്തിലായിരുന്നു. മക്കളും മരുമക്കളും വിദേശത്താണ്. ഇവരെത്തിയാലേ മോഷണം സംബന്ധിച്ച വിശദാംശങ്ങള്‍ അറിയാന്‍ കഴിയു.

കണ്ണൂർ നഗരത്തിൽ ഗതാഗത പരിഷ്‌ക്കരണം നിലവിൽ വന്നു

keralanews traffic reforms in kannur city

കണ്ണൂർ:നഗരത്തിൽ ഇന്നലെ മുതൽ പുതിയ ഗതാഗത പരിഷ്‌ക്കരണം നിലവിൽ വന്നു.വൈദ്യുതഭവന് മുൻപിലെ ബസ്‌സ്റ്റോപ് എടുത്തുമാറ്റിയാണ് പുതിയ പരിഷ്‌ക്കരണം.പുതിയതെരു ഭാഗത്തു നിന്നും പുതിയ ബസ്‌സ്റ്റാന്റിലേക്ക് വരുന്ന ബസ്സുകൾ വൈദ്യുത ഭവന് മുന്നിൽ നിർത്താതെ കളക്റ്ററേറ്റിന് എതിർവശത്തെ പെട്രോൾ പമ്പിന് സമീപം നിർത്തി ആളെയിറക്കണം.ഇതേ ഭാഗത്തു നിന്നും ജില്ലാ ആശുപത്രിയിലേക്ക് പോകുന്ന ബസുകൾക്കും വൈദ്യുത ഭവന് മുൻപിൽ സ്റ്റോപ്പ് ഇല്ല.ഈ ബസ്സുകൾ ഇനിമുതൽ താലൂക്ക് ഓഫീസിൽ ബസ്റ്റോപ്പിൽ നിർത്തണം.ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ഏർപ്പെടുത്തിയ പരിഷ്‌ക്കാരത്തിൽ ബസ് ജീവനക്കാരും യാത്രക്കാരും സഹകരിക്കണമെന്ന് ട്രാഫിക് പോലീസ് ആവശ്യപ്പെട്ടു.

കണ്ണൂരില്‍ വീണ്ടും വന്‍ കഞ്ചാവ് വേട്ട;ആറര കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

keralanews two arrested with six kilograms of ganja in kannur
കണ്ണൂർ:ജില്ലയിൽ വീണ്ടും വന്‍ കഞ്ചാവ് വേട്ട.ആറര കിലോ കഞ്ചാവുമായി രണ്ടുപേർ ജില്ലാ ലഹരി വിരുദ്ധ സേനയുടെ പിടിയിലായി.ആലക്കോട് സ്വദേശി ജോബി ആന്റണി(28), കണ്ണാടിപ്പറമ്പ് സ്വദേശി റോയ് (38) എന്നിവരാണ് പിടിയിലായത്.ആന്ധ്രാപ്രദേശില്‍ നിന്നും ട്രെയിന്‍ മാര്‍ഗം കണ്ണൂരിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് എത്തിക്കുന്ന പ്രധാനികളില്‍ രണ്ടുപേരാണിവരെന്ന് പോലീസ് പറഞ്ഞു.കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിക്കു കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് കണ്ണൂര്‍ എ എസ് പി ശില്പ ഡി ഐ പി എസിന്റെ നേതൃത്വത്തില്‍ ഡിസ്ട്രിക്‌ട് ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡ് അംഗങ്ങള്‍ നടത്തിയ പരിശോധനയിലാണ് മയ്യില്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും പ്രതികള്‍ പിടിയിലായത്.ആന്ധ്രാ- ഒഡിഷ ബോര്‍ഡറില്‍ നക്‌സല്‍ ബാധിത പ്രദേശങ്ങളില്‍ നിന്നും കഞ്ചാവ് കിലോഗ്രാമിന് 1500 രൂപയ്ക്കു വാങ്ങി ട്രോളി ബാഗുകളില്‍ നിറച്ച് ആഡംബര ടൂറിസ്റ്റ് ബസുകളിലും ട്രെയിനിലെ എ സി കോച്ചുകളിലും കടത്തുന്നതാണിവരുടെ ശൈലി.ഏകദേശം മൂന്നു ലക്ഷത്തോളം രൂപ വിപണി വില വരും പിടിച്ചെടുത്ത കഞ്ചാവിന്.മയ്യില്‍ എസ് ഐ വിനീഷ്, ഡിസ്ട്രിക്ട് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ് അംഗങ്ങളായ എ എസ് ഐ മഹിജന്‍, സി പി ഒ മാരായ അജിത്ത് സി, മഹേഷ് സി പി, മിഥുന്‍ പി സി, സുഭാഷ് എ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.