ഈ മാസം 22 മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

keralanews the indefinite strike announced by private bus in the state postponed

തിരുവനന്തപുരം:സംസ്ഥാനത്തെ സ്വകാര്യ ബസുകൾ ഈ മാസം 22 മുതൽ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം മാറ്റിവെച്ചു.സ്വകാര്യബസുടമകളുമായി ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.ഡിസംബര്‍ ആദ്യവാരം വീണ്ടും ചര്‍ച്ച നടത്താമെന്ന് ബസുടമകള്‍ക്ക് മന്ത്രി ഉറപ്പ് നല്‍കി.മിനിമം നിരക്ക് പത്ത് രൂപയാക്കുക, മിനിമം നിരക്കില്‍ സഞ്ചരിക്കാവുന്ന ദൂരം രണ്ടര കിലോമീറ്ററാക്കി കുറയ്ക്കുക, വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്ക് അഞ്ച് രൂപയാക്കുക തുടങ്ങിയവയാണ് സ്വകാര്യ ബസുടമകള്‍ മുന്നോട്ടിവെച്ചിരിക്കുന്ന ആവശ്യങ്ങൾ.ഇവയെപ്പറ്റി പഠിക്കാന്‍ കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനെ ചുമലതപ്പെടുത്തിയെങ്കിലും തുടര്‍ നടപടി ഇല്ലാത്തതിനാലാണ് ബസുടമകള്‍ സമരത്തിന് ഒരുങ്ങിയത്.

യുഎപിഎ കേസ്;അലന്‍ ഷുഹൈബിനും താഹയ്ക്കും ഒപ്പമുണ്ടായിരുന്ന മൂന്നാമനെ തിരിച്ചറിഞ്ഞതായി പോലീസ്

keralanews u a p a case police have identified the third man with alan shuhaib and thaha

കോഴിക്കോട്:മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലൻ ശുഹൈബിനും താഹയ്ക്കും ഒപ്പമുണ്ടായിരുന്ന മൂന്നാമനെ തിരിച്ചറിഞ്ഞതായി പോലീസ്. പോലീസിനെ കണ്ടു ഓടി രക്ഷപെട്ടത് മലപ്പുറം പാണ്ടിക്കാട് സ്വദേശിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ഉസ്മാനാണെന്നാണു പോലീസ് കണ്ടെത്തല്‍. ഇയാള്‍ സജീവ മാവോയിസ്റ്റ് പ്രവര്‍ത്തകനാണെന്നു പോലീസ് പറയുന്നു. ഇയാള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പലതും മാവോയിസ്റ്റ് പ്രവര്‍ത്തനവുമായ ബന്ധപ്പെട്ടതാണ്. ഇയാള്‍ക്കെതിരേയും യുഎപിഎ കേസുകള്‍ മുന്‍പ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഓടി രക്ഷപ്പെടുന്നതിനിടെ ഇയാളുടെ കൈയിലുണ്ടായിരുന്ന ബാഗ് പോലീസിന് ലഭിച്ചിരുന്നു. ഈ ബാഗില്‍ നിന്നാണ് മാവോയിസ്റ്റ് ബന്ധം വ്യക്തമാകുന്ന പോസ്റ്ററുകളും മറ്റും ലഭിച്ചത്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് ഇയാളെ പോലീസ് തിരിച്ചറിഞ്ഞത്.ഒപ്പം, ചോദ്യം ചെയ്യലില്‍ അലനും താഹയും ഉസ്മാനെ സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയതായാണു സൂചന.അതേസമയം അലന്റേയും താഹയുടേയും കസ്റ്റഡി കാലാവധി ഇന്ന് തീരും. തുടര്‍ന്ന് ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയുടെ പരിഗണനക്ക് വരുന്നുണ്ട്. ഈ സന്ദര്‍ഭത്തില്‍ പോലീസ് ഉസ്മാന്റെ കൂടുതല്‍ വിവരങ്ങള്‍ നല്‍കിയേക്കുമെന്നാണ് സൂചന. നേരത്തേ, മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണവും കുങ്കുമപ്പൂവും നിരോധിത പുകയില ഉത്പന്നങ്ങളും കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി പിടിയിൽ

keralanews man from kasargod arrested for trying to smuggle gold saffron and banned tobacco products through kannur airport

മട്ടന്നൂർ:കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം വഴി സ്വര്‍ണവും കുങ്കുമപ്പൂവും നിരോധിത പുകയില ഉത്പന്നങ്ങളും കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി പിടിയിൽ.ശനിയാഴ്ച വെളുപ്പിന് 5.30നു ദുബായില്‍ നിന്നു ഗോ എയര്‍ വിമാനത്തിലെത്തിയ കാസര്‍കോട് സ്വദേശി എം.കെ.അബ്ദുല്ലയാണു കസ്റ്റംസിന്റെ പിടിയിലായത്.9 ലക്ഷം രൂപയ്ക്കു തുല്യമായ സ്വര്‍ണവും 4 ലക്ഷം രൂപ വിലവരുന്ന കുങ്കുമപ്പൂവുമാണു പിടികൂടിയത്.ചെക്ക്-ഇന്‍ ബാഗില്‍ സൂക്ഷിച്ച റൈറ്റിങ് പാഡിനുള്ളില്‍ ഫോയില്‍ രൂപത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.കസ്റ്റംസ് അസി.കമ്മിഷണര്‍ ഒ പ്രദീപന്‍, സൂപ്രണ്ടുമാരായ പി സി ചാക്കോ, പി വി സന്തോഷ് കുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ അശോക് കുമാര്‍, ജോയി സെബാസ്റ്റ്യന്‍, സന്ദീപ് കുമാര്‍, ഹവില്‍ദാര്‍ പാര്‍വതി എന്നിവരാണ് പരിശോധനയ്ക്കു നേതൃത്വം നല്‍കിയത്.

വാളയാര്‍ കേസ്;സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കി

keralanews valayar case special public prosecutor dismissed

തിരുവനന്തപുരം: വാളയാറില്‍ രണ്ടു പെണ്‍കുട്ടികളുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളെ വെറുതെ വിടേണ്ടി വന്ന സംഭവത്തില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കി. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെ പുറത്താക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ ലതാ ജയരാജിനെ പുറത്താക്കി കൊണ്ടുളള ഉത്തരവില്‍ ഇന്ന് രാവിലെ മുഖ്യമന്ത്രി ഒപ്പുവെച്ചു.വാളയാര്‍ കേസില്‍ തെളിവുകളുടെ അഭാവത്തിലാണ് പ്രതികളെ കോടതി വെറുതെ വിട്ടത്. ഇതില്‍ പ്രോസിക്യൂഷനെതിരെ വ്യാപക ആക്ഷേപം ഉയര്‍ന്നിരുന്നു. വീഴ്ച വരുത്തിയവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. ഇത് കണക്കിലെടുത്താണ് നടപടി. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ എസ്‌ഐയെ സസ്‌പെന്‍ഡും ചെയ്തിട്ടുണ്ട്.കേസില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരെ മേല്‍കോടതിയില്‍ അപ്പീല്‍ നല്‍കും. മികച്ച അഭിഭാഷകരെ കേസ് നടത്തിപ്പ് ഏല്‍പ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഏത് തരത്തിലുള്ള അന്വേഷണം ആണ് വേണ്ടതെന്ന കാര്യത്തില്‍ അന്തിമ തീരുമാനം കോടതിയില്‍ നിന്ന് ഉണ്ടാകണം. പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ഇത് സംബന്ധിച്ച്‌ തെറ്റിദ്ധാരണകളൊന്നും ഇല്ലെന്നും കാര്യക്ഷമമായ നടപടികള്‍ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സ്കൂൾ കായികോത്സവം;പാലക്കാട് ജില്ല മുന്നിൽ

keralanews state school sports festival palakkad district in first position

കണ്ണൂർ:സംസ്ഥാന സ്കൂള്‍ കായികമേളയില്‍ പാലക്കാട് ജില്ല വീണ്ടും മുന്നില്‍. 44 ഇനങ്ങള്‍ പൂര്‍ത്തിയാകുമ്പോൾ 87.33 പോയിന്റാണ് പാലക്കാടിനുള്ളത്. 77.33 പോയിന്റുമായി എറണാകുളം രണ്ടാമതും 55.33 പോയിന്റുമായി കോഴിക്കോട് മൂന്നാമതുമാണ്.സ്‌കൂളുകളില്‍ 31.33 പോയിന്റോടെ പാലക്കാട് കുമരംപുത്തൂര്‍ കെ.എച്ച്‌.എസാണ് മുന്നില്‍.കോതമംഗലം മാര്‍ ബേസില്‍ 22.33 പോയിന്റോടെ രണ്ടാം സ്ഥാനത്താണ്. 20 പോയിന്റോടെ എറണാകുളം മണീട് ഗവ. എച്ച്‌.എസ്.എസാണ് മൂന്നാം സ്ഥാനത്ത്. ഇന്ന് നടന്ന ജൂനിയര്‍ ആണ്‍കുട്ടികളുടെ അ‍ഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ പാലക്കാട് മാത്തൂര്‍ സ്കൂളിലെ പ്രവീണ്‍ സ്വര്‍ണം നേടി.സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ നടത്തത്തില്‍ കോഴിക്കോട് കട്ടിപ്പാറ സ്കൂളിലെ നന്ദന ശിവദാസ് മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി.4×100 മീറ്റർ റിലേയാണ് ഇന്നത്തെ പ്രധാന ഇനം. 100 മീറ്റർ ഹർഡിൽസ് ഫൈനലും ഇന്ന് നടക്കും.

നവംബർ 22 മുതൽ സംസ്ഥാനത്തെ സ്വകാര്യ ബസ്സുകൾ അനിശ്ചിതകാല സമരത്തിലേക്ക്;ഇന്ന് ഗതാഗത മന്ത്രിയുമായി ചർച്ച

keralanews indefinite private bus strike in the state from november 22nd discussion with transport minister today

തിരുവനന്തപുരം:നവംബർ 22 മുതൽ സംസ്ഥാനത്തെ സ്വകാര്യ ബസ്സുകൾ അനിശ്ചിതകാല സമരത്തിലേക്ക്.സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഈമാസം 22 മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. മിനിമം നിരക്ക് പത്തു രൂപയാക്കുക, മിനിമം നിരക്കില്‍ സഞ്ചരിക്കാവുന്ന ദൂരം രണ്ടര കിലോമീറ്ററാക്കി കുറയ്ക്കുക, വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്ക് 5 രൂപയാക്കുക തുടങ്ങിയവയാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം.ആവശ്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനെ ചുമലതപ്പെടുത്തിയെങ്കിലും തുടര്‍ നടപടി ഇല്ലാത്തതിനാലാണ് ബസുടമകള്‍ സമരം പ്രഖ്യാപിച്ചത്. സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്വകാര്യ ബസുടമകളുമായി ഗതാഗതമന്ത്രി ഏ കെ ശശീന്ദ്രന്‍ ഇന്ന് ചര്‍ച്ച നടത്തും. ഉച്ചയ്ക്ക് 2 മണിക്കാണ് ചര്‍ച്ച.

ചെന്നൈ ഐഐടിയിൽ മലയാളി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത തുടരുന്നു;ആരോപണ വിധേയനായ അധ്യാപകൻ സുദർശൻ പത്മനാഭനോട് ക്യാമ്പസ് വിട്ടു പോകരുതെന്ന് പൊലീസ് നിർദ്ദേശം

keralanews mystry continues over the death of malayali student in chennai iti police instruct the accused sudarshan padmanabhan not to leave the campus

ചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനിയായ ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ദുരൂഹതകള്‍ തുടരുന്നു. ഫാത്തിമ ആത്മഹത്യ ചെയ്യില്ല എന്നാണ് കുടുംബം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്.കോളേജ് ഹോസ്റ്റലിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് ഫാത്തിമ ലത്തീഫിനെ കഴിഞ്ഞ വെള്ളിയാഴ്ച കണ്ടെത്തിയത്. തന്റെ മരണത്തിന് കാരണം അധ്യാപകനായ സുദര്‍ശന്‍ പത്മനാഭന്‍ ആണെന്ന് ഫോണില്‍ ഫാത്തിമ രേഖപ്പെടുത്തിയിരുന്നു. ഫാത്തിമ തന്റെ മരണത്തിന് കാരണക്കാരനെന്ന് വെളിപ്പെടുത്തിയ അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനെ പോലീസ് ചോദ്യം ചെയ്യാനൊരുങ്ങുകയാണ്.ഇതിന്റെ ഭാഗമായി ആരോപണ വിധേയനായ അധ്യാപകൻ സുദർശൻ പത്മനാഭനോട് ക്യാമ്പസ് വിട്ടു പോകരുതെന്ന് പൊലീസ് നിർദ്ദേശം നൽകി. ഫാത്തിമയുടെ മരണം സംശയിച്ച് പല സംശയങ്ങളും നിലനില്‍ക്കുന്നുണ്ട്. പോലീസ് ഒത്തുകളി നടത്തുന്നതായുളള ആരോപണവും ഉയരുന്നു. അതിനിടെ ദുരൂഹത ശക്തമാക്കി ഫാത്തിമയുടെ സഹപാഠിയുടെ വാട്‌സ്ആപ്പ് വോയിസ് മെസ്സേജ് ചര്‍ച്ചയാവുകയാണ്.ഫാത്തിമ നൈലോണ്‍ കയറില്‍ തൂങ്ങി മരിച്ചു എന്നാണ് പോലീസ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.എന്നാല്‍ ഫാത്തിമയുടെ മൃതദേഹം ആദ്യമായി കണ്ട സഹപാഠി അച്ഛനായ ലത്തീഫിന് അയച്ച വാട്‌സ്ആപ്പ് വോയിസ് മെസ്സേജില്‍ പറയുന്നത് മറ്റൊന്നാണ്. മുട്ടുകുത്തിയ നിലയില്‍ തൂങ്ങി നില്‍ക്കുകയാണ് ഫാത്തിമ എന്നാണ് വോയിസ് മെസ്സേജ്.ഇതില്‍ ദുരൂഹതയുണ്ട് എന്നാണ് ഫാത്തിമയുടെ കുടുംബം ആരോപിക്കുന്നത്. ഈ വോയിസ് മെസ്സേജ് അടക്കമുളള തെളിവുകള്‍ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് ഫാത്തിമയുടെ കുടുംബം കൈമാറിയിട്ടുണ്ട്. മരിക്കുന്നത് മുമ്പുളള 28 ദിവസങ്ങളില്‍ ഗാലക്‌സി നോട്ടില്‍ ഫാത്തിമ പല കാര്യങ്ങളും കുറിച്ച് വെച്ചിരുന്നു.ഈ വിവരങ്ങളും ഫാത്തിമയുടെ കുടുംബം അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം ഫാത്തിമയുടെ പിതാവ് ലത്തീഫിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം പോലീസിനെതിരെ ഫാത്തിമയുടെ ബന്ധുവായ ഷമീറും വെളിപ്പെടുത്തലുകളുമായി രംഗത്ത് എത്തി.ഫാത്തിമയുടേത് ആത്മഹത്യ തന്നെയാണ് എന്ന് ഉറപ്പിച്ച മട്ടിലാണ് പോലീസ് പെരുമാറിയത് എന്ന് ഷമീര്‍ പറയുന്നു. മാത്രമല്ല മൃതദേഹം എംബാം ചെയ്യുന്നതിനായി പോലീസ് കൊണ്ടുപോയത് ട്രക്കില്‍ കയറ്റിയാണ് എന്നും ഷമീര്‍ ആരോപിക്കുന്നു.ഫാത്തിമയുടെ സുഹൃത്തുക്കളുമായി സംസാരിച്ചതില്‍ നിന്നും കൊലപാതകമാണ് എന്ന നിഗമനത്തിലാണ് തങ്ങള്‍ എത്തിയതെന്നും ഷമീര്‍ പറയുന്നു. ഇക്കാര്യം പോലീസിനെ അറിയിച്ചപ്പോള്‍ പരാതി എഴുതിത്തരാന്‍ ആവശ്യപ്പെട്ടു. പോലീസ് സ്‌റ്റേഷനില്‍ വെച്ച് ഫാത്തിമയുടെ ഫോണ്‍ ആവശ്യപ്പെട്ടപ്പോള്‍ പോലീസ് കൈമാറാന്‍ കൂട്ടാക്കിയില്ലെന്നും ഷമീര്‍ പറയുന്നു.ഫാത്തിമ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും എന്നാല്‍ മരണത്തിന് മുന്‍പുളള ദിവസങ്ങളില്‍ ദുഖിതയായിരുന്നു എന്നുമാണ് സഹോദരി ഐഷ പറയുന്നത്. ഐഐടിയില്‍ നേരിട്ടിരുന്ന മാനസിക പീഡനങ്ങളെ കുറിച്ച് ഫാത്തിമ ഒന്നും പറഞ്ഞിരുന്നില്ല. എന്നാല്‍ പെരുമാറ്റത്തില്‍ നിന്നും മനസ്സിലായിരുന്നുവെന്നും നിയമവിദ്യാര്‍ത്ഥിനിയായ ഐഷ പറയുന്നു. ഫാത്തിമയ്ക്ക് വേണ്ടിയുളള നിയമപോരാട്ടം നീതി കിട്ടും വരെ നടത്തുമെന്നും ഐഷ വ്യക്തമാക്കി.

സര്‍ക്കാര്‍ സുരക്ഷ നൽകിയില്ലെങ്കിലും ശബരിമല ദര്‍ശനം നടത്തുമെന്ന് തൃപ്തി ദേശായി

Mumbai: Leader of the Bhumata Brigade, Trupti Desai interacts with media in Mumbai on Wednesday. PTI Photo by Santosh Hirlekar(PTI4_20_2016_000190A)

പത്തനംതിട്ട:സര്‍ക്കാര്‍ സുരക്ഷ നൽകിയില്ലെങ്കിലും ശബരിമല ദര്‍ശനം നടത്തുമെന്ന് വനിതാവകാശ പ്രവര്‍ത്തകയായ  തൃപ്തി ദേശായി.സുരക്ഷയ്ക്കായി കേരള സര്‍ക്കാരിനെ സമീപിക്കുമെന്നും എന്നാല്‍ സുരക്ഷ ലഭിച്ചില്ലെങ്കിലും ദര്‍ശനം നടത്തുമെന്നും തൃപ്തി ദേശായി വ്യക്തമാക്കിയിട്ടുണ്ട്.നവംബര്‍ 20ന് ശേഷമുള്ള ഒരു തീയതിയില്‍ ദര്‍ശനം നടത്തുമെന്നാണ് തൃപ്തി ദേശായി അറിയിച്ചിട്ടുള്ളത്.ഇത്തവണ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാരും സിപിഎമ്മും കര്‍ശന നിലപാട് സ്വീകരിച്ചിട്ടുണ്ടെങ്കിലും ഇതിനോടകം 45ഓളം സ്ത്രീകള്‍ ദര്‍ശനത്തിനായി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.അതേസമയം, തൃപ്തി ദേശായിയെപ്പോലുള്ള ആക്ടിവിസ്റ്റുകള്‍ക്ക് ശക്തി പ്രകടിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമല എന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ദര്‍ശനം നടത്തണമെന്നുള്ള യുവതികള്‍ സുപ്രീം കോടതിയില്‍ നിന്ന് അനുകൂല ഉത്തരവുമായി വരട്ടെയെന്നാണ് സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും നിലപാട്.യുവതികളെ കടത്തി വിടുന്നില്ലെന്ന് ഉറപ്പിച്ച സാഹചര്യത്തില്‍ ശബരിമലയില്‍ നിരോധനാജ്ഞ ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ ഇത്തവണയില്ല. എന്നാല്‍ ഏതെങ്കിലും യുവതികള്‍ ദര്‍ശനത്തിനെത്തിയാല്‍ തടയാനായി ബിജെപിയും ശബരിമല കര്‍മ്മ സമിതിയും കോപ്പു കൂട്ടുന്നുണ്ട്.

കോട്ടയം മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാർഥികൾ മുങ്ങിമരിച്ചു

keralanews three plus two students drowned in kottayam meenachil river

കോട്ടയം:പാറമ്പുഴയിൽ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാർഥികൾ മുങ്ങിമരിച്ചു.ചിങ്ങവനം കേളചന്ദ്രപ്പറമ്ബില്‍ കെ.സി.ചാക്കോയുടെയും സൂസമ്മയുടെയും മകന്‍ അലന്‍ (18), മീനടം കൊടുവള്ളിമാക്കല്‍ കെ. സി.ജോയിയുടെയും ഷീബയുടെയും മകന്‍ ഷിബിന്‍ ജേക്കബ് (18) വടവാതൂര്‍ കുന്നംപള്ളി കെ.കെ.പ്രസാദിന്റെയും പരേതയായ ബിജിയുടെയും മകന്‍ അശ്വിന്‍ കെ.പ്രസാദ്(18) എന്നിവരാണ് മുങ്ങിമരിച്ചത്.പുതുപ്പള്ളി ഐ എച്ച്‌ആര്‍ഡി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥികളാണിവർ.ഇന്നലെ ഉച്ചയോടെയാണ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥികളായ എട്ടംഗ സംഘം തൂക്കുപാലം കാണാനായി മീനച്ചിലാറ്റിലെ മൈലപ്പള്ളിക്കടവില്‍ എത്തിയത്. ഇതിനിടെ പുഴയിലിറങ്ങിയ ഒരു വിദ്യാര്‍ത്ഥി ഒഴുക്കില്‍ പെട്ടതോടെ രക്ഷിക്കാനിറങ്ങിയ മറ്റ് രണ്ടുപേരെ കൂടി കാണാതാകുകയായിരുന്നു. ഇതില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ദിവസം സ്‌കൂളില്‍ നിന്നു വിനോദയാത്രയ്ക്കു പോകാനിരുന്നെങ്കിലും വിനോദ യാത്ര പോകാന്‍ പണമില്ലാതിരുന്ന ഉറ്റ സുഹൃത്തുക്കളായ 8 വിദ്യാര്‍ത്ഥികള്‍ മൈലപ്പള്ളിക്കടവ് തൂക്കുപാലം കാണാന്‍ പോകുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ എത്തിയ സംഘം പുഴയോരത്തു ചെലവഴിക്കുന്നതിനിടെ കടവിലിറങ്ങിയ അലന്‍ ഒഴുക്കില്‍ പെട്ടു. അലനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണു മറ്റു 2 പേര്‍ അപകടത്തില്‍പെട്ടത്. കരയിലുണ്ടായിരുന്നവരുടെ നിലവിളി കേട്ടു നാട്ടുകാര്‍ എത്തി തിരഞ്ഞെങ്കിലും മൂവരെയും കണ്ടെത്താനായില്ല. അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ വൈകിട്ടു നാലോടെ ഷിബിന്റെ മൃതദേഹം കണ്ടെത്തി. 20 മിനിറ്റു കഴിഞ്ഞപ്പോള്‍ അലന്റെ മൃതദേഹവും കണ്ടെടുത്തു.അശ്വിന്റെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെടുത്തത്.അപകട വിവരമറിയച്ചതോടെ വിനോദയാത്രയ്ക്കു പോയവര്‍ യാത്ര മതിയാക്കി തിരിച്ചെന്ന് പ്രിന്‍സിപ്പല്‍ ബിജു ഫിലിപ്പ് പറഞ്ഞു.പുതുപ്പള്ളി ഐ.എച്ച്‌.ആര്‍.ഡിയിലെ വിദ്യാര്‍ത്ഥികളായ എട്ടംഗ സംഘം ജില്ലാ സ്‌കൂള്‍ കലോത്സവത്തിലെ മത്സരങ്ങള്‍ കണ്ട ശേഷമാണ് മൈലപ്പള്ളിക്കടവില്‍ എത്തിയത്.

മണ്ഡല-മകരവിളക്ക് പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും;കനത്ത സുരക്ഷയൊരുക്കി പോലീസ്

keralanews sabarimala temple will open for mandala makaravilakk pooja today

പത്തനംതിട്ട:മണ്ഡല-മകരവിളക്ക് പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും.വൈകീട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തിയാണ് നടതുറക്കുക. നെയ്യ് വിളക്ക് തെളിയിച്ച്‌ ഭക്തജനസാന്നിധ്യം അറിയിക്കുന്നതോടെ ഇത്തവണത്തെ മണ്ഡലകാല തീർത്ഥാടനത്തിന് തുടക്കമാവും. പ്രത്യേക പൂജകള്‍ ഒന്നും ഇല്ലാത്ത ഇന്നത്തെ പ്രധാന ചടങ്ങ് തന്ത്രിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന പുതിയ മേല്‍ ശാന്തിമാരുടെ സ്ഥാനാരോഹണമാണ്.വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തിയ ഭക്തജനങ്ങള്‍ ഇപ്പോള്‍ പമ്പ, നിലക്കല്‍ എന്നിവിടങ്ങളില്‍ തങ്ങുകയാണ്. ഇവരെ ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ സന്നിധാനത്തേക്ക് കടത്തിവിടും.മണ്ഡലകാലത്തിനായി ശബരിമലയും പരിസര പ്രദേശങ്ങളും പൂർണ്ണസജ്ജമായതായി ദേവസ്വം ബോര്‍ഡും സര്‍ക്കാറും വ്യക്തമാക്കി.പമ്പ, നിലക്കല്‍, എരുമേലി എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ പത്തനംതിട്ട ജില്ലാകളക്ടര്‍ നേരിട്ട് വിലയിരുത്തി.
പതിനായിരം പോലീസുകാരെ അഞ്ച് സെക്ടറുകളായി തിരിച്ചുള്ള സുരക്ഷയാണ് ഇത്തവണ ശബരിമലയില്‍ ഒരുക്കിയിട്ടുള്ളത്. മൂന്നു സ്ഥലങ്ങളിലും എസ് പി മാരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച ചുമതലയേറ്റു. ജില്ലയിലെ എല്ലാ ഇടത്താവളങ്ങളിലും പ്രത്യേക പോലീസ് ഫോഴ്സിനേയും ട്രാഫിക് പോലീസിനേയും നിയോഗിച്ചിട്ടുണ്ട്.പമ്പയിലേക്ക് ഇത്തവണയും സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടില്ല. നിലയ്ക്കലില്‍ നിന്നും പമ്പ വരെ കെ എസ് ആര്‍ ടി സി ബസുകള്‍ മാത്രമെ കടത്തിവിടൂ. നിലയ്ക്കലാണ് തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗക്യരം ഒരുക്കിയിരിക്കുന്നത്. ഇവിടെ നിന്ന് തീര്‍ത്ഥാടകരെ പമ്പയിലേക്ക് എത്തിക്കാന്‍ ശനിയാഴ്ച്ച ഇന്ന് രാവിലെ 11 മുതല്‍ കെഎസ്‌ആര്‍ടിസി ചെയിന്‍ സര്‍വ്വീസ് ആരംഭിക്കും.