‘മയോകാര്‍ഡിറ്റിസ്’ ബാധിച്ച്‌ കണ്ണൂരില്‍ കോളജ് വിദ്യാര്‍ഥിനി മരിച്ചു

keralanews college student dies of myocarditis in kannur

കണ്ണൂര്‍: മയോകാര്‍ഡിറ്റിസ് അസുഖം ബാധിച്ച്‌ കണ്ണൂരില്‍ കോളജ് വിദ്യാര്‍ഥിനി മരിച്ചു.എസ്‌എന്‍ കോളജ് വിദ്യാര്‍ഥിനിയും കൂത്തുപറമ്പ് സ്വദേശിനിയുമായ ആര്യശ്രീയാണ് മരിച്ചത്. ഹൃദയപേശികളിലുണ്ടാകുന്ന അണുബാധയാണ് മയോകാര്‍ഡിറ്റിസ് എന്ന രോഗാവസ്ഥ. കോളജില്‍ നിന്നും ബംഗളൂരുവിലേക്ക് വിനോദയാത്രയ്ക്ക് പോയിരുന്ന ആര്യശ്രീക്ക് തിരിച്ചെത്തിയപ്പോഴാണ് കടുത്ത പനിയും ശാരീരികസ്വസ്ഥതകളും അനുഭവപ്പെട്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.മരിച്ച വിദ്യാര്‍ഥിനിക്കൊപ്പം വിനോദയാത്ര പോയ വിദ്യാര്‍ഥികളെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പരിശോധിച്ചു വരികയാണ്. മറ്റാര്‍ക്കെങ്കിലും രോഗം പിടിപെട്ടിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്. വിനോദയാത്ര സംഘത്തിലെ വിദ്യാര്‍ഥികളുടെ ശ്രവം ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയയ്ക്കാന്‍ ആശുപത്രി അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.

ജനുവരി ഒന്ന് മുതൽ സംസ്ഥാനത്ത് പ്ലാസ്റ്റിക്കിന് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തി സർക്കാർ

keralanews govt banned plastic products in the state

തിരുവനന്തപുരം:സംസ്ഥാനത്ത് പുനരുപയോഗം സാധ്യമല്ലാത്ത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി സര്‍ക്കാര്‍. ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്കുമാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.ഉത്പാദനവും വിപണനവും ഉപഭോഗവും ജനുവരി ഒന്നുമുതല്‍ നിരോധിക്കുമെന്നും യോഗത്തില്‍ തീരുമാനമായി.നിയമം ലഘിക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തും.ആദ്യ തവണ 10,000 രൂപയാണ് പിഴ. തെറ്റ് ആവര്‍ത്തിച്ചാല്‍ 50,000 രൂപ വരെ പിഴയീടാക്കും.പ്ലാസ്റ്റിക് കവറുകള്‍, പാത്രങ്ങള്‍, സ്പൂണ്‍, തുടങ്ങി പുനരുപയോഗം സാധ്യമല്ലാത്ത പ്ലാസ്റ്റിക് കുപ്പികള്‍ മുതലായവ നിരോധന പരിധിയില്‍ ഉള്‍പ്പെടും. മാലിന്യം ശേഖരിക്കുന്ന വലിയ പ്ലാസ്റ്റിക് കവറുകള്‍ക്കും 300 മില്ലി ലിറ്ററിന് മുകളിലുള്ള പ്ലാസ്റ്റിക് കുപ്പികള്‍ക്കും സര്‍ക്കാര്‍ നിരോധനം കൊണ്ടുവരുന്നുണ്ട്.അതേസമയം ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യക്കുപ്പികള്‍, മില്‍മ പാല്‍കവര്‍, കേരഫെഡ്, ജല അതോറിറ്റി എന്നിവയുടെ ഉത്‌പന്നങ്ങളുടെ പ്ലാസ്റ്റിക് കവറുകള്‍ക്കും കുപ്പികള്‍ക്കും വ്യവസ്ഥകളോടെ പ്രത്യേക ഇളവുണ്ട്.

ഉപയോഗ ശേഷം പുറന്തള്ളുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ പാരിസ്ഥിതിക- ആരോഗ്യപ്രശ്നമായി വളര്‍ന്ന സാഹചര്യത്തിലാണ് നിരോധനം.പ്ലാസ്റ്റിക് ക്യാരി ബാഗ് (കനം നോക്കാതെ),ടേബിളില്‍ വിരിക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ്സ്, കൂളിംഗ് ഫിലിം, പ്ലേറ്റുകള്‍, കപ്പുകള്‍, തെര്‍മോക്കോള്‍, സ്റ്റൈറോഫോം എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന അലങ്കാര വസ്തുക്കള്‍, ഒറ്റത്തവണ ഉപഭോഗമുള്ള പ്ലാസ്റ്റിക് കപ്പുകള്‍, പ്ലേറ്റുകള്‍, സ്പൂണുകള്‍, ഫോര്‍ക്കുകള്‍, സ്ട്രോകള്‍, ഡിഷുകള്‍, സ്റ്റിറര്‍, പ്ലാസ്റ്റിക് കോട്ടിങ് ഉള്ള പേപ്പര്‍ കപ്പുകള്‍, പ്ലേറ്റുകള്‍, ബൗള്‍ നോണ്‍ വൂവണ്‍ ബാഗുകള്‍, പ്ലാസ്റ്റിക് ഫ്ളാഗുകള്‍, പ്ലാസ്റ്റിക് ബണ്ടിംഗ്, പ്ലാസ്റ്റിക് വാട്ടര്‍ പൗച്ചസ്, പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റുകള്‍ കുടിക്കാനുള്ള പെറ്റ് ബോട്ടിലുകള്‍ (300 മില്ലിക്ക് താഴെ) പ്ലാസ്റ്റിക് ഗാര്‍ബേജ് ബാഗ്, പി.വി.സി ഫ്ളക്സ് മെറ്റീരിയല്‍സ്, പ്ലാസ്റ്റിക് പാക്കറ്റ്സ് എന്നിവയാണ് നിരോധനം ബാധമാകുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍.നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ പരിസ്ഥിതി സംരക്ഷണ നിയമം 1986 പ്രകാരം കര്‍ശന നടപടി സ്വീകരിക്കും. കലക്ടര്‍മാര്‍ക്കും സബ്ഡിവിഷണല്‍ മജിസ്ട്രേറ്റുമാര്‍ക്കും മലിനീകരണ നിയന്ത്ര ബോര്‍ഡ് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കും തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്കും പരിസ്ഥിതി സംരക്ഷണ നിയമ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കും നടപടിയെടുക്കാന്‍ അധികാരമുണ്ട്.

കണ്ണൂർ ചൊക്ലിയിൽ ഇടിമിന്നലേറ്റ് രണ്ട് വിദ്യാർത്ഥികൾ മരിച്ചു

keralanews two students killed in lightning strike in kannur chokli

കണ്ണൂർ:ചൊക്ലി പുല്ലൂക്കരയിൽ ഇടിമിന്നലേറ്റ് രണ്ട് വിദ്യാർത്ഥികൾ മരിച്ചു. പുല്ലൂക്കര മുക്കിൽ പീടികയിലെ കിഴക്കെ വളപ്പിൽ മഹമൂദ് – ഷാഹിദ ദമ്പതികളുടെ മകൻ ഫഹദ്(17), ആനക്കെട്ടിയതിൽ പൂക്കോം മൊട്ടമ്മലിൽ റഹീം – നൗഫീല ദമ്പതികളുടെ മകൻ സമീൻ(18) എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകിട്ട് ആറരയോടെ കൊച്ചിയങ്ങാടിയിലാണ് സംഭവം. ക്രിക്കറ്റ് കളി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഇരുവർക്കും മിന്നലേറ്റത്. ഉടൻ ചൊക്ലി മെഡിക്കൽ സെന്ററിലും പിന്നീട് തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഫഹദ് ഡിഗ്രി വിദ്യാർത്ഥിയും, സമീൻ ചോതാവൂർ ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയുമാണ്.മൃതദേഹം തലശേരി ജനറൽ ആശുപത്രിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം പുല്ലൂക്കര പാറാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

ക്ലാസ് മുറിയിൽ വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ അധ്യാപകർക്കെതിരെ ആരോപണവുമായി വിദ്യാർഥികൾ

keralanews students with allegations against teachers in the incident of student died after bitten by snake inside classroom

സുൽത്താൻ ബത്തേരി: ക്ലാസ് മുറിയിൽ വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ അധ്യാപകർക്കെതിരെ ആരോപണവുമായി വിദ്യാർഥികൾ.കുട്ടിയുടെ കാലിലുണ്ടായ മുറിവില്‍ നിന്ന് ചോരയൊലിച്ചിട്ടും ആശുപത്രിയിലെത്തിക്കാന്‍ അധ്യാപകര്‍ തയാറായില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.ആശുപത്രിയിലെത്തിക്കാന്‍ വൈകിയതാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്നാണ് ആരോപണം.സ്‌കൂള്‍ കെട്ടിടത്തില്‍ പലയിടത്തും മാളങ്ങളുണ്ട്.ക്ലാസ് മുറികളും ശൗചാലയവും വൃത്തിഹീനമാണ്.വെള്ളം പോലും ലഭിക്കാത്ത സ്ഥിതിയുണ്ട്.ക്ലാസില്‍ ചെരിപ്പിടാന്‍ അധ്യാപകര്‍ സമ്മതിച്ചിരുന്നില്ല.ക്ലാസ്സില്‍  പാമ്പുണ്ടെന്ന് പറഞ്ഞിട്ടും അവഗണിച്ചു. കുട്ടിയുടെ കാലില്‍ പാമ്പ്  കൊത്തിയതാണെന്ന് പറഞ്ഞിട്ടും അധ്യാപകര്‍ ആശുപത്രിയിലെത്തിച്ചില്ലെന്ന് ഷഹലയുടെ സഹപാഠി പറഞ്ഞു.’ടീച്ചര്‍ ഞങ്ങളെ നാല് ഗ്രൂപ്പായിട്ട് നിര്‍ത്തിയിരിക്കുകയായിരുന്നു. രണ്ടാം ഗ്രൂപ്പിലായിരുന്ന ഷഹല ആ പൊത്തിന്റെ അടുത്ത് കാലു വച്ചപ്പോഴാണ് കാലില്‍ മുറിവു പറ്റിയത്. കാലില്‍ രണ്ട് കുത്ത് കണ്ടപ്പോള്‍ പാമ്പു കടിച്ചതാണെന്ന് എനിക്ക് മനസ്സിലായി.പാമ്പ് കുത്തിയതാണ് വേഗം ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് ഞാന്‍ ടീച്ചറോടു പറഞ്ഞു. ഇപ്പോള്‍ കൊണ്ടുപോണ്ട, അവളുടെ അച്ഛന്‍ വന്നിട്ട് കൊണ്ടുപോയ്‌ക്കോളും എന്ന് ക്ലാസിലേക്ക് അപ്പോള്‍ വന്ന ഷാജില്‍ സാര്‍ പറഞ്ഞു, കുറച്ച്‌ നേരം കഴിഞ്ഞപ്പോള്‍ ഷഹലയുടെ കാലില് നീല നിറം കണ്ടു. അപ്പോഴാണ് അവളുടെ അച്ഛന്‍ എത്തിയതും ആശുപത്രിയില്‍ കൊണ്ടുപോയതും. ഇതിനിടയില്‍ അധ്യാപകന്‍ തങ്ങള്‍ക്കു നേരെ വടി വീശി ക്ലാസില്‍ പോയിരിക്കാന്‍ പറയുകയും ചെയ്തിരുന്നു’- സഹപാഠി പറഞ്ഞു.
അതേസമയം ആരോപണങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ നിഷേധിച്ചു.പാമ്പു കടിച്ചതാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് അവര്‍ പറഞ്ഞു. കുട്ടിയുടെ കാലില്‍ മുറിവേറ്റതായി പിതാവിനെ വിവരമറിയിച്ചപ്പോള്‍ താന്‍ ബത്തേരിയില്‍ തന്നെയുണ്ടെന്നും സ്‌കൂളില്‍ വന്ന ശേഷം ആശുപത്രിയില്‍ കൊണ്ടുപോയാല്‍ മതിയെന്നുമാണ് പറഞ്ഞത്. ഇതേ തുടര്‍ന്ന് പിതാവ് എത്തിയ ശേഷമാണ് ബത്തേരിയിലെ ആശുപത്രിയില്‍ കൊണ്ടുപോയത്. ഇവിടുത്തെ ഡോക്ടര്‍ക്കും പാമ്പ് കടിച്ചതാണെന്ന് ആദ്യം കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് കുട്ടി ഛര്‍ദിച്ചതോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിക്കാന്‍ നിര്‍ദേശിച്ചതെന്നും അധികൃതര്‍ പറയുന്നു.മൂന്നരയോടെ പാമ്പുകടിയേറ്റ കുട്ടിയെ മൂന്നേമുക്കാലോടെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കൊണ്ടുപോയെന്നാണ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറയുന്നത്. നാലു മണി കഴിഞ്ഞതോടു കൂടി താലൂക്കാശുപത്രിയില്‍ കൊണ്ടുപോയി. അവിടെ അഞ്ച് മണി വരെ കാത്തുനിന്ന ശേഷമാണ് ഡോക്ടര്‍ പരിശോധിച്ചത്. രക്ത പരിശോധന കഴിഞ്ഞ് ഫലം കിട്ടാന്‍ കാത്തു നില്‍ക്കാതെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും കുട്ടിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

ക്ലാസ് മുറിയിൽ പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവം;ആരോപണ വിധേയനായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു

keralanews teacher suspended in the incident of student died after bitten by snake inside classroom

സുൽത്താൻബത്തേരി:ക്ലാസ് മുറിയിൽ പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ആരോപണ വിധേയനായ അധ്യാപകന്‍ ഷാജിലിനെ സസ്‌പെൻഡ് ചെയ്തു.പാമ്പ് കടിച്ചതാണെന്ന് വിദ്യാര്‍ഥിനി പറഞ്ഞിട്ടും അത് കേള്‍ക്കാന്‍ അധ്യാപകന്‍ തയ്യാറായില്ലെന്ന് കുട്ടികള്‍ പറയുന്നു.ചികിത്സ നല്‍കാന്‍ വൈകിയതാണ് മരണത്തിന് കാരണമായതെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.ബത്തേരി ഗവ. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ ഷെറിനാണ് പാമ്പുകടിയേറ്റ് കഴിഞ്ഞ ദിവസം മരിച്ചത്.രക്ഷിതാക്കള്‍ എത്തിയതിന് ശേഷം മാത്രമാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.പാമ്പ്  കടിയേറ്റ് മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞ മാത്രമാണ് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയതെന്നും വിദ്യാര്‍ഥികള്‍ വിശദീകരിച്ചു.അതേസമയം വിദ്യാർത്ഥിനിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതില്‍ വിശദീകരണം ആവശ്യപ്പെട്ട് മറ്റ് അധ്യാപകര്‍ക്ക് മെമ്മോ നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി ഡി പി ഐയോട് റിപ്പോര്‍ട്ട് തേടുകയും അന്വേഷണത്തിന് ജില്ലാ കലക്ടര്‍ ഉത്തരവിടുകയും ചെയ്തു. വിവരങ്ങളറിയാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല അന്വേഷണ സംഘത്തെ സ്‌കൂളിലേക്ക് അയച്ചിട്ടുണ്ടെന്ന് കലക്ടര്‍ അദീല അബ്ദുല്ല വ്യക്തമാക്കി. സംഭവത്തില്‍ റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടി സ്വീകരിക്കും.

കണ്ണൂർ ചെറുപുഴയിൽ പത്താംക്ലാസ് വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

keralanews 10th standard student committed suicide in kannur cherupuzha

കണ്ണൂർ: ചെറുപുഴയിൽ പത്താംക്ലാസ് വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മുളപ്രയിലെ വയലിങ്കല്‍ ചാക്കോ- ഡെയ്‌സി ചാക്കോ ദമ്പതികളുടെ മകനും ചെറുപുഴ സെന്റ് മേരീസ് ഹൈസ്‌ക്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ആല്‍ബിന്‍ ചാക്കോ (15) യെയാണ് വീട്ടിലെ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.ബുധനാഴ്ച രാവിലെ ആല്‍ബിനെ വിളിക്കാനായി മുറി തുറന്നപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്.ഉടന്‍ തന്നെ ചെറുപുഴ സഹകരണാശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ചെറുപുഴ പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. സഹോദരങ്ങള്‍ : അമല്‍ ചാക്കോ,അലന്‍ ചാക്കോ.

ഷാഫി പറമ്പിലിനെതിരായ പൊലീസ് നടപടി; നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം

keralanews police action against shafi parambil opposite party riots in assembly today

തിരുവനന്തപുരം:കെ.എസ്.യു സംഘടിപ്പിച്ച നിയമസഭ മാര്‍ച്ചിനിടയില്‍ ഷാഫി പറമ്പില്‍ എം.എല്‍.എക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. എം.എല്‍.എക്കേറ്റ പൊലീസ് മര്‍ദനത്തില്‍ ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് അന്വേഷണം നടത്തണമെന്നും പൊലീസ് നടപടിയില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.വിഷയം സബ്മിഷനായി ഉന്നയിക്കാമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. എന്നാല്‍ ഇതില്‍ തൃപ്തരാവാതെ പ്രതിപക്ഷം മുദ്രാവാക്യം വിളി തുടരുകയും ചോദ്യോത്തരവേള ബഹിഷ്കരിച്ച്‌ ഇറങ്ങി പോവുകയുമായിരുന്നു.ഷാഫി പറമ്ബിലിനെതിരായ പൊലീസ് മര്‍ദനത്തില്‍ ബുധനാഴ്ചയും നിയമസഭ പ്രതിപക്ഷ പ്രതിഷേധത്തിന് വേദിയായിരുന്നു. പ്രതിപക്ഷ എം.എല്‍.എമാര്‍ സ്പീക്കറുടെ ഡയസിലേക്ക് കയറിയും പ്രതിഷേധിച്ചിരുന്നു.അതിനിടെ കഴിഞ്ഞ ദിവസം സ്പീക്കറുടെ ഡയസിലേക്ക് കയറിയ അൻവർ സാദത്ത്, റോജി എം ജോൺ, ഐ.സി ബാലകൃഷ്ണൻ, എൽദോസ് കുന്നപ്പിള്ളി എന്നിവർക്കെതിരെയുള്ള നടപടിയും സ്പീക്കർ ഇന്ന് സഭയിൽ പ്രഖ്യാപിക്കും. താക്കീതിലോ ശാസനയിലോ നടപടി പരിമിതപ്പെടുത്താനാണ് സാധ്യത.ഡയസിൽ കയറിയ എം.എൽ.എമാരെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യവും ഭരണപക്ഷത്ത് നിന്ന് ഉയർന്നിട്ടുണ്ട്.

ക്ലാസ്സ്മുറിയിലെ ചുമരിനുള്ളിലെ പൊത്തിൽ നിന്നും പാമ്പുകടിയേറ്റ് അഞ്ചാംക്ലാസ് വിദ്യാർത്ഥിനി മരിച്ചു

keralanews fifth standard student has died after being bitten by a snake inside a classroom wall

വയനാട്:ക്ലാസ്സ്മുറിയിലെ ചുമരിനുള്ളിലെ പൊത്തിൽ നിന്നും പാമ്പുകടിയേറ്റ് അഞ്ചാംക്ലാസ് വിദ്യാർത്ഥിനി മരിച്ചു.സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി പുത്തന്‍കുന്ന് നൊട്ടന്‍ വീട്ടില്‍ അഡ്വ. അസീസിന്റെയും അഡ്വ. സജ്‌ന ആയിഷയുടെയും മകള്‍ ഷഹ്‌ല ഷെറിനാണ് മരിച്ചത്.ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെ ക്ലാസ് നടക്കുന്നതിന്നിടെ കുട്ടിയുടെ കാല്‍ ക്ലാസ് റൂമിലെ ഭിത്തിയോട് ചേര്‍ന്ന പൊത്തില്‍പ്പെടുകയും കാലില്‍ മുറിവുപറ്റുകയുമായിരുന്നു. മുറിവില്‍ നിന്നും രക്തം എടുത്തതോടെ മറ്റു കുട്ടികള്‍ അദ്ധ്യാപകരോട് വിവരം അറിയിച്ചു. വിദ്യാര്‍ത്ഥിനിയുടെ കാല്‍ പരിശോധിച്ചപ്പോള്‍ പാമ്പ് കടിയേറ്റതു പോലുള്ള പാടുകള്‍ കണ്ടു. ഉടനെ കുട്ടിയുടെ പിതാവിനെ സ്‌കൂള്‍ അധികൃതര്‍ വിവരം അറിയിച്ചു.പിതാവ് എത്തിയതിനു ശേഷം സ്‌കൂള്‍ അധികൃതരും ചേര്‍ന്ന് ആദ്യം സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.പിന്നീട് ഡോക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടും പോകും വഴി കുട്ടിയുടെ സ്ഥിതി വഷളാവുകയും വൈത്തിരി ചേലോട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇവിടെ വച്ച്‌ വിദ്യാര്‍ത്ഥിനി മരണപ്പെടുകയായിരുന്നു.പാമ്പ് കടിയേറ്റാണ് മരണമെന്നാണ് ഡോക്ടറുടെ റിപ്പോര്‍ട്ട്. സഹോദരങ്ങള്‍: അമീഗ ജബീന്‍, ആഹില്‍ ഇഹ്‌സാന്‍. മയ്യിത്ത് നിസ്‌കാരം വ്യാഴാഴ്ച 12.30ന് പുത്തന്‍കുന്ന് ജുമാ മസ്ജിദില്‍.

ശബരിമലയ്ക്ക് മാത്രമായി പ്രത്യേക നിയമം കൊണ്ടുവരണം;മറ്റ് ക്ഷേത്രങ്ങളുമായി ശബരിമലയെ ബന്ധപ്പെടുത്തരുതെന്നും സുപ്രീം കോടതി

keralanews special law should be introduced for sabarimala and should not compare sabarimala with other temples said supreme court

ന്യൂഡല്‍ഹി: ശബരിമലയ്ക്ക് മാത്രമായി പ്രത്യേക നിയമം വേണമെന്ന് സുപ്രീം കോടതി. മറ്റ് ക്ഷേത്രങ്ങളുമായി ശബരിമലയെ ബന്ധപ്പെടുത്തരുതെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു. പന്തളം രാജകുടുംബാംഗം സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് ജസ്റ്റിസ് രമണയുടെ പരാമര്‍ശം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളുടെയും ഭരണ നിര്‍വഹണത്തിനായി പ്രത്യേക ബോര്‍ഡ് രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് പന്തളം രാജകുടുംബം കോടതിയെ സമീപിച്ചത്.വനിതകള്‍ക്ക് ദേവസ്വം ബോര്‍ഡില്‍ മൂന്നിലൊന്ന് സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അറിയിച്ച സര്‍ക്കാരിനോട്, ഏഴംഗബെഞ്ച്, ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കണ്ട എന്ന് ഉത്തരവിടുകയാണെങ്കില്‍ ഇത് എങ്ങനെ പ്രായോഗികമാവുകയെന്നും ചോദിച്ചു.
ശബരിമലയ്‌ക്ക് പ്രത്യേക നിയമം നിര്‍മ്മിക്കുമെന്ന് രണ്ട് മാസം മുമ്ബ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. അതനുസരിച്ച്‌ ഇന്ന് കേസ് സുപ്രീം കോടതി പരിഗണിച്ചപ്പോള്‍ നിയമത്തിന്റെ ഒരുകരട് സര്‍ക്കാര്‍ കോടതിയ്‌ക്ക് കൈമാറുകയാണ് ചെയ്‌തത്.ഇതില്‍ ഭരണ സമിതിയുടെ മൂന്നിലൊന്ന് സ്ഥാനം വനിതകള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് കോടതി വിമര്‍ശനമുന്നയിച്ചത്.ശബരിമലയെ മറ്റ് ക്ഷേത്രങ്ങളുമായി ബന്ധപ്പെടുത്തരുതെന്നാണ്സര്‍ക്കാര്‍ അഭിഭാഷകനോട് ജസ്റ്റിസ് രമണ പറഞ്ഞത്. പ്രതിവര്‍ഷം ഏതാണ്ട്50 ലക്ഷം ആളുകള്‍ ദര്‍ശനം നടത്തുന്ന ക്ഷേത്രമാണ് ശബരിമലയിലേതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സംസ്ഥാന സര്‍ക്കാര്‍ കോടതിക്ക് കൈമാറിയ നിയമത്തിന്റെ കരടില്‍ വനിതകള്‍ക്ക് ദേവസ്വം ബോര്‍ഡിന്റെ ഭരണ സമിതിയില്‍ മൂന്നിലൊന്ന് സംവരണം ചെയ്തിട്ടുണ്ട്. ശബരിമല വിഷയത്തില്‍ ഏഴംഗ ബെഞ്ച് യുവതികളെ പ്രവേശിപ്പിക്കരുതെന്ന നിലപാടിലെത്തുകയാണെങ്കില്‍ ഭരണസമിതിയിലെ വനിതകള്‍ക്ക് എങ്ങനെ ശബരിമലയിലെത്താന്‍ കഴിയുമെന്ന് ജസ്റ്റിസ് രമണ ചോദിച്ചു.അതേസമയം സര്‍ക്കാര്‍ കൈമാറിയ പുതിയ നിയമത്തിനെ സംബന്ധിച്ച്‌ കൂടുതല്‍ വിശദാംശങ്ങള്‍ അറിയാനുണ്ടെന്നും അതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയോട് ഹാജരാകണമെന്നും ജസ്റ്റിസ് രമണ നിര്‍ദ്ദേശിച്ചു. ജയ്ദീപ് ഗുപ്ത ഹാജരാകുന്നതിനുവേണ്ടി കേസ് ഇന്ന് വീണ്ടും പരിഗണിക്കും. 100 വര്‍ഷം കാത്തിരുന്നാലും സര്‍ക്കാര്‍ ശബരിമലയ്ക്കായി നിയമം കൊണ്ടുവരില്ലെന്നാണ് കേസ് ഇന്ന് ആദ്യം പരിഗണിച്ചപ്പോള്‍ തന്നെ ജസ്റ്റിസ് രമണ അഭിപ്രായപ്പെട്ടത്.

ഐ എ എസ് നേടാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ്; തലശേരി സബ് കലക്ടര്‍ ആസിഫ് കെ യൂസഫിനെതിരെ എറണാകുളം കലക്റ്റർ അന്വേഷണ റിപ്പോര്‍ട്ട് നൽകി

keralanews fake certificate to obtain ias ernakulam collector submitted enquiry report against thalassery subcollector

കൊച്ചി:ഐ എ എസ് നേടാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന ആരോപണത്തില്‍ തലശേരി സബ് കലക്ടര്‍ ആസിഫ് കെ യൂസഫിനെതിരെ എറണാകുളം കലക്ടര്‍ എസ് സുഹാസ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കി. വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് ആസിഫ് ഐ എ എസ് നേടിയതെന്ന പരാതിയിന്മേലുള്ള അന്വേഷണ റിപ്പോര്‍ട്ടാണ് എറണാകുളം കലക്ടര്‍ എസ് സുഹാസ് ചീഫ് സെക്രട്ടറിക്ക് കൈമാറിയത്. കേന്ദ്ര പേഴ്സണല്‍ മന്ത്രാലയമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സുഹാസ് നല്‍കിയ റിപ്പോര്‍ട്ടില്‍ ആസിഫിന്റെ കുടുംബം ക്രീമിലയര്‍ പരിധിയില്‍ വരുന്നതാണെന്നും ആദായ നികുതി അടയ്ക്കുന്നതായും പറഞ്ഞിട്ടുണ്ട്. ഐ എ എസ് നേടാന്‍ വ്യാജരേഖ ഹാജരാക്കിയതിന് ആസിഫിനെതിരെ നടപടിയുണ്ടായേക്കും. പരീക്ഷ എഴുതുന്നതിന് തൊട്ടുമുൻപുള്ള മൂന്ന് സാമ്പത്തിക വര്‍ഷത്തില്‍ ഏതെങ്കിലും ഒരു വര്‍ഷം കുടുംബത്തിന്റെ വാര്‍ഷിക വരുമാനം ആറ് ലക്ഷത്തില്‍ താഴെയാകണമെന്നാണ് ഒ ബി സി സംവരണത്തിനുള്ള മാനദണ്ഡം.എന്നാല്‍, ആസിഫ് പരീക്ഷ എഴുതുന്നതിന്റെ തൊട്ടുമുൻപുള്ള മൂന്ന് വര്‍ഷവും കുടുംബത്തിന്റെ വാര്‍ഷിക വരുമാനം ആറ് ലക്ഷത്തിന് മുകളിലാണെന്നാണ് എറണാകുളം കലക്ടര്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. ആസിഫിന്റെ മാതാപിതാക്കളുടെ വാര്‍ഷിക വരുമാനമടക്കം അന്വേഷണ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

2015 ല്‍ പരീക്ഷ എഴുതുമ്പോൾ കുടുംബത്തിന്റെ വരുമാനം 1.8 എന്ന രേഖയാണ് ആസിഫ് ഹാജരാക്കിയത്. ഇക്കാര്യത്തില്‍ കമയന്നൂര്‍ തഹസീല്‍ദാറിന്റെ സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയിരുന്നു. വാര്‍ഷിക വരുമാനം 1,80,000 എന്ന് ആസിഫ് കാണിച്ച വര്‍ഷത്തില്‍ 21 ലക്ഷത്തിന് മുകളിലാണ് ആസിഫിന്റെ കുടുംബത്തിന്റെ യഥാര്‍ത്ഥ വരുമാനം. മറ്റു വര്‍ഷങ്ങളിലും 23-25 ലക്ഷങ്ങളുടെ വരുമാനമുണ്ട്. ക്രീമിലിയര്‍ ഇതരവിഭാഗത്തിലെ ആനുകൂല്യം ലഭിക്കാന്‍ ആദായ നികുതി അടയ്ക്കുന്ന വിവരം ആസിഫ് മറച്ചുവെച്ചുവെന്നും സുഹാസ് ചീഫ് സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 2016 ബാച്ചിലെ ഐ എ എസ് ഉദ്യോഗസ്ഥനാണ് ആസിഫ് കെ യൂസഫ്. ക്രീമിലയര്‍ പരിധിയില്‍പ്പെടാത്ത ഉദ്യോഗാര്‍ത്ഥിയെന്ന നിലയിലാണ് ആസിഫിന് കേരള കേഡറില്‍ തന്നെ ഐ എ എസ് ലഭിച്ചത്.രേഖകള്‍ വ്യാജമാണെന്ന പരാതി കിട്ടിയതോടെ കേന്ദ്ര സര്‍ക്കാര്‍ അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശാനുസരണമാണ് എറണാകുളം ജില്ലാ കലക്ടര്‍ എസ് സുഹാസ് ഇക്കാര്യത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയത്.