കനകമല കേസ്;ആറു പ്രതികൾ കുറ്റക്കാരാണെന്ന് തെളിഞ്ഞതായി കോടതി;വിധി ഉടൻ

keralanews kanakamala case six accused found guilty verdict will announce soon
കൊച്ചി:കണ്ണൂരിലെ കനകമലയില്‍ ഐ.എസ് യോഗം നടത്തിയെന്ന കേസില്‍ ആറു പ്രതികള്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞതായി എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതി.പ്രതികളായ കണ്ണൂര്‍ അണിയാരം മദീന മഹലില്‍ മുത്തക്ക, ഒമര്‍ അല്‍ഹിന്ദി എന്നീ പേരുകളിലറിയപ്പെടുന്ന മന്‍സീദ് (31), ചെന്നൈയില്‍ താമസിക്കുന്ന തൃശൂര്‍ ചേലക്കര വേങ്ങല്ലൂര്‍ അമ്പലത്ത് വീട്ടില്‍ അബൂഹസ്ന എന്ന സ്വാലിഹ് മുഹമ്മദ് (27), കോയമ്പത്തൂർ ജി.എം സ്ട്രീറ്റില്‍ റാഷിദ് എന്ന അബൂബഷീര്‍ (30), കോഴിക്കോട് കുറ്റ്യാടി നങ്ങീലന്‍കുടിയില്‍ ആമു എന്ന റംഷാദ് (25), മലപ്പുറം തിരൂര്‍ പൊന്മുണ്ടം പൂക്കാട്ടില്‍ വീട്ടില്‍ പി. സഫ്വാന്‍ (31),കാസര്‍കോട് കാഞ്ഞങ്ങാട് ലക്ഷ്മി നഗര്‍ കുന്നുമ്മേല്‍ മൊയ്നുദ്ദീന്‍ പാറക്കടവത്ത് (25) എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇവരുടെ ശിക്ഷ വിധി ഒരു മണിക്കൂറിനുള്ളില്‍ എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതി ജഡ്ജി പി. കൃഷ്ണകുമാര്‍ പ്രഖ്യാപിക്കും.കേസില്‍ ആറാംപ്രതിയായ കുറ്റ്യാടി നങ്ങീലംകണ്ടിയില്‍ എന്‍.കെ. ജാസിമിനെ (26) കോടതി വെറുതെവിട്ടു.
2016 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്‍സാറുല്‍ ഖലീഫ എന്ന പേരില്‍ ടെലഗ്രാം ഗ്രൂപ്പുണ്ടാക്കി സംസ്ഥാനത്തെ രണ്ട് രാഷ്ട്രീയ നേതാക്കള്‍, രണ്ട് ഹൈകോടതി ജഡ്ജിമാര്‍, ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്കും ഏഴ് സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ടെന്നും ഇതിനായി ഗൂഢാലോചന നടത്തിയെന്നും ആരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.രാജ്യദ്രോഹകുറ്റം, ഗൂഢാലോചന, യു.എ.പി.എയിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ക്കാണ് ഇവര്‍ വിചാരണ നേരിട്ടത്. കൊടൈക്കനാലില്‍ അവധി ആഘോഷിക്കാെനത്തുന്ന ജൂതര്‍ക്കെതിരെയും ആക്രമണ പദ്ധതിയിട്ടിരുന്നതായി വാദത്തിനിടെ എന്‍.ഐ.എ പറഞ്ഞിരുന്നു.

ഓൺലൈനായി 27,500 രൂപ വിലയുള്ള ക്യാമറ ഓര്‍ഡര്‍ ചെയ്തു;യുവാവിന് കിട്ടിയത് ടൈൽ കഷണങ്ങൾ

keralanews ordered camera online at 27500rupees but the man got tile pieces

കണ്ണൂർ:ഓൺലൈനായി ക്യാമറ ഓർഡർ ചെയ്ത യുവാവിന് കിട്ടിയത് കിടിലൻ പണി.നവംബര്‍ 20 നാണു കണ്ണൂർ സ്വദേശിയായ വിഷ്ണു ഫ്ളിപ്പ്കാർട്ടിൽ നിന്നും 27,500 രൂപ വിലവരുന്ന ഒരു ക്യാമറ ഓര്‍ഡര്‍ ചെയ്തത്.ഇ-കാര്‍ട്ട് ലോജിസ്റ്റിക്സ് വഴി ഇന്നലെ രാവിലെ പതിനൊന്നരയോടെ ഒരു പ്ലാസ്റ്റിക് കവറില്‍ പാഴ്സല്‍ ലഭിച്ചു. സന്തോഷത്തോടെ അത് തുറന്ന് നോക്കിയ വിഷ്ണു അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.ക്യാമറയ്ക്ക് പകരം അതിലുണ്ടായിരുന്നത് ടൈല്‍ കഷണങ്ങളാണ്.എന്നാല്‍ ക്യാമറയുടെ യൂസര്‍ മാന്വലും വാറണ്ടി കാര്‍ഡും ആ പെട്ടിയില്‍ ഭദ്രമായി ഉണ്ടായിരുന്നു. ഉടന്‍തന്നെ കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെട്ടു. ഒരാഴ്ചയ്ക്കകം പുതിയ ക്യാമറ അയച്ചുകൊടുക്കാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

രുചിയേറും വിഭവങ്ങള്‍ വിളമ്പാൻ സര്‍ക്കാര്‍വക തട്ടുകടകള്‍ വരുന്നു

keralanews plan to start govt owned thattukada to serve tasty food

തിരുവനന്തപുരം:ഇനി ആശങ്കകളൊന്നുമില്ലാതെ വൃത്തിയോടും രുചിയോടും കൂടി വിഭവങ്ങള്‍ വിളമ്പാൻ സര്‍ക്കാര്‍വക തട്ടുകടകള്‍ വരുന്നു.ഇത്തരത്തിലുള്ള  ആദ്യ ഭക്ഷണകേന്ദ്രം ആലപ്പുഴയില്‍ തുടങ്ങും. നടപടി വേഗത്തിലാക്കാന്‍ ചീഫ് സെക്രട്ടറി ആലപ്പുഴ കളക്ടര്‍ക്ക് ഉടന്‍ കത്തയയ്ക്കും.ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്‌, കൃത്യമായ മാലിന്യസംസ്‌കരണ സംവിധാനങ്ങളും സജ്ജമാക്കിയാകും ഇത്തരം കേന്ദ്രം പ്രവര്‍ത്തിക്കുക. ഇതിനായി കുടുംബശ്രീ പ്രവര്‍ത്തകരെയും നിയോഗിക്കും.ആലപ്പുഴയ്ക്ക് ശേഷം തിരുവനന്തപുരത്തെ ശംഖുമുഖം, ഫോര്‍ട്ട്കൊച്ചി എന്നിവിടങ്ങളിലും തുടങ്ങും. വര്‍ക്കലയില്‍ മാതൃകാ തെരുവോര ഭക്ഷണ ഹബ് സ്ഥാപിക്കാനും നടപടിയുണ്ടാകും.ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തില്‍ നടന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സംസ്ഥാനതല ഉപദേശകസമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

ഭക്ഷ്യസുരക്ഷാ മാനദണ്ഡം കൃത്യമായി പാലിക്കുന്ന കടകള്‍ക്കും ഹോട്ടലുകള്‍ക്കും ‘വാങ്ങാന്‍ സുരക്ഷിതം, കഴിക്കാന്‍ സുരക്ഷിതം’ എന്ന സര്‍ട്ടിഫിക്കറ്റ് ഭക്ഷ്യസുരക്ഷാ വകുപ്പ് നല്‍കും. ഇത് മൊബൈല്‍ ആപ്പുമായി ബന്ധിപ്പിക്കുന്നതോടെ ജനങ്ങള്‍ക്ക് ഈ വിവരങ്ങള്‍ കിട്ടും. ഭക്ഷണരംഗത്ത് പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സ്ഥാപനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധവുമാക്കും. പൊതുവിതരണ സംവിധാനത്തിന് ഗുണമേന്മാ നിയന്ത്രണ സംവിധാനം സപ്ലൈകോ ഷോപ്പുകളില്‍ ഗുണമേന്മയുള്ള ഭക്ഷ്യവസ്തുക്കള്‍ വിതരണംചെയ്യാന്‍ ഗുണമേന്മാ നിയന്ത്രണ ഉദ്യോഗസ്ഥരെ നിയമിക്കും. ഒപ്പം, ഷോപ്പുകള്‍ക്ക് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്നും യോഗത്തില്‍ തീരുമാനിച്ചു.

വയനാട് മേപ്പാടിയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം;ടൗണിലും പരിസരപ്രദേശങ്ങളിലും ബാനറും പോസ്റ്ററും പതിപ്പിച്ചു

keralanews maoist presence again in meppadi banner and poster were posted in the town

വയനാട്:മേപ്പാടി മുണ്ടക്കൈയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം.ഇന്നലെ രാത്രിയിൽ മാവോയിസ്റ്റുകളെത്തി ടൗണിലും പരിസരപ്രദേശങ്ങളിലും ബാനറും പോസ്റ്ററും ഒട്ടിച്ചു. തോട്ടം തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനെതിരെ പ്രതികരിക്കണമെന്നാണ് ആഹ്വാനം.തമിഴ് ഭാഷയിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. എല്ലാം കൈ കൊണ്ടെഴുതിയ പോസ്റ്ററുകളാണ്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്ഥലത്ത് തെരച്ചില്‍ തുടങ്ങി.ഈ പ്രദേശങ്ങളില്‍ നേരത്തെയും മാവോയിസ്റ്റ് സാന്നിധ്യമുണ്ടായിരുന്നു. ലഘുലേഖകള്‍ നല്‍കുകയും വീടുകളിലെത്തുകയും ചെയ്യാറുണ്ട്.

അങ്കമാലിയിൽ സ്വകാര്യബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു

keralanews four died when private bus and autorikshaw collided in ankamali

കൊച്ചി: അങ്കമാലിയില്‍ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ നാലുപേര്‍ മരിച്ചു.രാവിലെ 7.15-ഓടെ അങ്കമാലി ദേശീയപാതയില്‍ ബാങ്ക് ജങ്ഷനിലായിരുന്നു അപകടം.ഓട്ടോ ഡ്രൈവര്‍ അങ്കമാലി മങ്ങാട്ടുകര പനങ്ങാട്ടുപറമ്പിൽ ഔസേഫിന്റെ മകന്‍ ജോസഫ് (58),ഓട്ടോയാത്രക്കാരായ മാമ്പ്ര  കിടങ്ങേന്‍ മത്തായിയുടെ ഭാര്യ മേരി (65), അങ്കമാലി കല്ലുപാലം പാറയ്ക്ക ജോര്‍ജിന്റ ഭാര്യ മേരി (58), മൂക്കന്നൂര്‍ കൈ പ്രസാടന്‍ തോമസിന്റെ ഭാര്യ റോസി (50) എന്നിവരാണ് മരിച്ചത്.അങ്കമാലി സെന്റ് ജോര്‍ജ് ബസിലിക്കയില്‍ നിന്ന് കുര്‍ബാന കഴിഞ്ഞ് അങ്കമാലി ടൗണിലേക്ക് വരികയായിരുന്ന യാത്രക്കാര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയില്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് മൂക്കന്നുരിലേക്ക് പോകുകയായിരുന്ന ബസ് ഇടിക്കുകയായിരുന്നു.ബസിനടിയില്‍ പെട്ട ഓട്ടോയിൽ നിന്നും പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ സമയം ഗതാഗത തടസ്സവുമുണ്ടായി.

വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് എല്ലാ സ്‌കൂളുകളിലും സുരക്ഷാ, ആരോഗ്യ നിരീക്ഷണ സമിതികള്‍ രൂപീകരിക്കാൻ നിര്‍ദ്ദേശം നല്‍കി കണ്ണൂര്‍ ജില്ലാ കളക്ടര്‍

keralanews kannur district collector instructed to set up safety and health monitoring committees in all schools to ensure student safety

കണ്ണൂർ:സുൽത്താൻ ബത്തേരിയിൽ ക്ലാസ് മുറിയിൽ വെച്ച് വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സാഹചര്യത്തിൽ ജില്ലയിലെ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് എല്ലാ സ്‌കൂളുകളിലും സുരക്ഷാ, ആരോഗ്യ നിരീക്ഷണ സമിതികള്‍ രൂപീകരിക്കാൻ നിര്‍ദ്ദേശം നല്‍കി കണ്ണൂര്‍ ജില്ലാ കളക്ടര്‍.സ്‌കൂളുകളില്‍ സുരക്ഷാ, ആരോഗ്യ നിരീക്ഷണ സമിതികള്‍ രൂപീകരിക്കാനും അടിയന്തര പരിശോധന നടത്താനും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയതായി കളക്ടര്‍ അറിയിച്ചു.ഇതിനായി പോലീസ്, ഡോക്ടര്‍മാര്‍, തദ്ദേശസ്ഥാപനങ്ങളിലെ ഓവര്‍സിയര്‍, ആര്‍ടിഒ, രക്ഷാകര്‍ത്താക്കള്‍ എന്നിവരെ ഉള്‍പ്പെടുത്തി അങ്കണവാടികളിലടക്കം ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും നിരീക്ഷണ സമിതികള്‍ രൂപീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജലാശയം, വനം, കുന്നുകള്‍ എന്നിവയോട് ചേര്‍ന്നുള്ള സ്‌കൂളുകളില്‍ ഇഴജന്തുക്കളുടെയും വന്യമൃഗങ്ങളുടേയും സാന്നിധ്യം കണക്കിലെടുത്ത് സുരക്ഷ കര്‍ശനമാക്കാനും കൃത്യമായ ഇടവേളകളില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ ബലവും ദൃഢതയും പരിശോധിക്കാനും പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.അപകടഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍, ഇലക്‌ട്രിക്ക് പോസ്റ്റുകള്‍ എന്നിവ നീക്കം ചെയ്യുക, സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള ലഹരി വില്‍പന തടയുക, സ്‌കൂള്‍ വാഹനങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്നും ഉറപ്പുവരുത്തണം.പ്രളയത്തില്‍ കേടുപാടുകള്‍ സംഭവിച്ച സ്‌കൂളുകളിലെ അപകട സാധ്യത പരിശോധിക്കാന്‍ പ്രാദേശിക തലത്തില്‍ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.വിദ്യാലയവും പരിസരവും അടിയന്തരമായി വൃത്തിയാക്കാനും ക്ലാസ്മുറികളില്‍ വിഷജന്തുക്കള്‍ കയറിവരുന്ന സാഹചര്യം ഇല്ലെന്ന് ഉറപ്പുവരുത്താനും വിദ്യാഭ്യാസ ഉപഡയറക്ടര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇതിനോടകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രധാനാധ്യാപകന്റെയും പിടിഎയുടേയും നേതൃത്വത്തില്‍ ഈ പ്രവര്‍ത്തനം നടത്തണം. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള സ്‌കൂള്‍ സുരക്ഷാ ക്ലബ്ബുകളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കും. വിദ്യാലയ നിരീക്ഷണ സമിതികള്‍ നിരന്തരം സുരക്ഷാ കാര്യങ്ങള്‍ പരിശോധിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവം; ഷഹലയുടെ വീട് സന്ദർശിക്കാനെത്തിയ വിദ്യാഭ്യാസ മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച് എംഎസ്‌എഫ്, ബിജെപി,യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

keralanews student died after snake bite msf bjp and youth congress workers show black flags against education minister

സുല്‍ത്താന്‍ ബത്തേരി: ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ ഷഹല ഷെറിന്‍ ക്ലാസ്സ്മുറിക്കുള്ളിൽ വെച്ച് പാമ്പു കടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. ഇന്ന് ഷഹലയുടെ വീട് സന്ദര്‍ശിക്കാനെത്തിയ വിദ്യാഭ്യാസ മന്ത്രിക്കു നേരെ വിവിധ സംഘടനാ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.കല്‍പറ്റയില്‍ എം.എസ്.എഫ് പ്രവര്‍ത്തകരും സുല്‍ത്താന്‍ ബത്തേരിയില്‍ ബിജെ.പി പ്രവര്‍ത്തകരും സര്‍വ്വജന സ്‌കൂളിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമാണ് കരിങ്കൊടി കാണിച്ചത്.അതേസമയം, മന്ത്രി സി രവീന്ദ്രനാഥും കൃഷിമന്ത്രി സുനില്‍കുമാറും ഷഹലയുടെ വീട് സന്ദര്‍ശിച്ചു. മാതാപിതാക്കളെ കണ്ടു.വിദ്യാഭ്യാസ മന്ത്രി ഷെഹ്‌ലയുടെ മാതാപിതാക്കളെ ആശ്വസിപ്പിച്ച ശേഷം സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ചു. സ്‌കൂളുകളില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ വിശദമായ അന്വേഷണം നടത്തുമെന്നും ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പറഞ്ഞു. സ്‌കൂളിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടു കോടി രൂപ ഉടന്‍ അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇതിനാവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ നഗരസഭയെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.

വിദ്യാര്‍ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവം; എസ്.എഫ്.ഐ വയനാട് കളക്റ്ററേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

keralanews the incident of student died after snake bite conflict in sfi wayanad collectorate march

വയനാട്: വിദ്യാര്‍ഥിനി പാമ്പു കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച്‌ എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.വയനാട് കളക്‌ട്രേറ്റിലേക്കാണ് മാര്‍ച്ച്‌ നടത്തിയത്. പൊലീസ് വലയം ഭേദിച്ച്‌ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കളക്‌ട്രേറ്റിലേക്ക് തള്ളിക്കയറി. കളക്‌ട്രേറ്റിന്‍റെ മുന്‍വശത്തെ ഗേറ്റില്‍ ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം നടക്കുന്നതിനിടെയാണ് നൂറോളം വരുന്ന എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ രണ്ടാമത്തെ ഗേറ്റിലേക്ക് പാഞ്ഞെത്തിയത്. പ്രതീക്ഷിക്കാതെയെത്തിയ നീക്കമായിരുന്നതിനാല്‍ പോലീസിന് കുറച്ച്‌ നേരത്തേക്ക് നിസഹായരായി നിൽക്കാനേ കഴിഞ്ഞുള്ളു.തുടര്‍ന്ന് പ്രതിഷേധക്കാരും പൊലീസുമായി വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി.പ്രവര്‍ത്തകര്‍ ഗേറ്റും മതിലും ചാടി കടന്ന് കളക്‌ട്രേറ്റിലേക്ക് പാഞ്ഞു കയറുകയായിരുന്നു. കളക്‌ട്രേറ്റ് വ‍ളപ്പിലേക്ക് പ്രവേശിച്ച പ്രവര്‍ത്തകര്‍ വിവിധ ഓഫീസുകളിലേക്കും കയറി. വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവരാണ് കളക്‌ട്രേറ്റിലേക്ക് ഓടിക്കയറിയത്. മതിയായ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ വനിതാ പ്രവര്‍‌ത്തകരെ നിയന്ത്രിക്കാനായില്ല.കളക്‌ട്രേറ്റിനുള്ളിലെ രണ്ടാം നിലയിലേക്ക് കയറാനൊരുങ്ങിയ പ്രവര്‍ത്തകരെ ലാത്തിച്ചാര്‍ജ് ചെയ്താണ് പോലീസ് പിന്തിരിപ്പിച്ചത്. ഇരച്ചുകയറിയ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ലാത്തിവീശി.

‘പോയിന്‍റ് ഓഫ് കോള്‍’ പദവി ഇല്ല;അന്താരാഷ്ട്ര വിമാന കമ്പനികൾക്ക് കണ്ണൂരില്‍ നിന്ന് പറക്കാന്‍ കഴിയില്ല

keralanews there is no point of call status and international airlines cannot fly from kannur

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് അന്താരാഷ്ട്ര വിമാന കമ്പനികളുടെ വിമാനങ്ങള്‍ക്ക് തല്‍ക്കാലം പറക്കാന്‍ കഴിയില്ല. ‘പോയിന്‍റ് ഓഫ് കോള്‍’ പദവി ഇല്ലാത്തതാണ് കാരണം.ഈ പദവി നല്‍ക്കുന്ന കാര്യം പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കെ.സുധാകരന്‍ എം.പിയുടെ ചോദ്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്. മട്ടന്നൂരിലേക്ക് റെയില്‍വേ ലൈനും പരിഗണിക്കുന്നില്ല.’പോയിന്‍റ് ഓഫ് കോള്‍’ പദവി പരിഗണനയില്‍ ഇല്ലന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കി.എയര്‍പോര്‍ട്ടിന് സമീപത്ത് മട്ടന്നൂരില്‍ റെയില്‍വേ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് അപേക്ഷ കിട്ടിയിയിട്ടില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയലും മറുപടി നല്കി.’കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ജില്ലാ ആസ്ഥാനത്ത് നിന്നും എത്തിച്ചേരുന്നതിന് മട്ടന്നൂരിലേക്ക് റെയില്‍വേ ലൈന്‍ ആവശ്യമാണ്.അത് തുടങ്ങണമെന്ന് നിവേദനത്തിലൂടെയും റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലും നിരന്തരം ആവശ്യപ്പെട്ടിട്ടും അനുകൂല സമീപനമല്ല കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്’. കെ സുധാകരന്‍ എംപി പ്രസ്താവനയില്‍ ആരോപിച്ചു.ഉത്തര മലബാറിന്‍റെ പൊതുവികസനത്തിന് വേണ്ടിയുള്ള പദ്ധതികളോട് കേന്ദ്രസര്‍ക്കാര്‍ പുറംതിരിഞ്ഞ് നില്ക്കരുതെന്നും കെ.സുധാകരന്‍ എം.പി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. റൂള്‍ 377 പ്രകാരം വിഷയം പാര്‍ലമെന്‍റിന്‍റെ ശ്രദ്ധയില്‍ കൊണ്ടു വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവം; വയനാട്ടിലെ എല്ലാ സ്‌കൂളുകളുടെ പരിസരവും ഉടന്‍ വൃത്തിയാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്

keralanews student died after snake bite education department ordered to clean all the schools in wayanad district

സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയിൽ നിന്നും പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിന് പിന്നാലെ സ്‌കൂളുകള്‍ വൃത്തിയാക്കാന്‍ നടപടികളെടുത്ത് പൊതുവിദ്യാഭ്യാസ വകുപ്പ്. വയനാട്ടിലെ മുഴുവന്‍ സ്‌കൂളും പരിസരവും ഉടന്‍ വൃത്തിയാക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടര്‍ ഉത്തരവിട്ടു. ഇന്ന് തന്നെ ജില്ലയിലെ എല്ലാ സ്‌കൂളും പരിസരവും വൃത്തിയാക്കണമെന്നാണ് നിര്‍ദേശം.അടിയന്തര സാഹചര്യത്തില്‍ ഇടപെടുന്നതില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് ഉത്തരവില്‍ പറയുന്നു. ജാഗ്രതക്കുറവ് തുടര്‍ന്നാല്‍ നടപടിയെടുക്കുമെന്നും ഉത്തരവില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.എല്ലാ ക്ലാസ് മുറികളും പ്രധാന അധ്യാപകന്‍ പിടിഎയുടെ നേതൃത്വത്തില്‍ ഇന്ന് തന്നെ പരിശോധിച്ച്‌ സുരക്ഷ ഉറപ്പ് വരുത്തണം, ടോയ്‌ലറ്റും ടോയ്‌ലറ്റിലേക്ക് പോകുന്ന വഴികളും ഇന്നുതന്നെ വൃത്തിയാക്കണം,ക്ലാസ് മുറിയില്‍ കുട്ടികള്‍ ചെരിപ്പ് ഉപയോഗിക്കുന്നത് വിലക്കരുതെന്നും ഉത്തരവില്‍ പറയുന്നു. എല്ലാമാസവും പരിശോധന തുടരണമെന്നും നിര്‍ദേശമുണ്ട്.കളിസ്ഥലത്തും വിവിധ ആവശ്യങ്ങള്‍ക്ക് സ്‌കൂളില്‍ സ്ഥാപിച്ചിരിക്കുന്ന ബോക്‌സുകളിലും പാമ്പ് വരാനുള്ള സാഹചര്യം ഇല്ല എന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണം. പ്രധാനധ്യാപകന്റെ നിര്‍ദേശം സ്‌കൂളിലെ അധ്യാപകര്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നും ഉത്തരവില്‍ പറയുന്നു. വയനാട് ജില്ലയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും ഇതുസംബന്ധിച്ച ഉത്തരവ് നല്‍കിയിട്ടുണ്ട്. സ്‌കൂളുകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ജില്ലാ കളക്ടറും കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.സുല്‍ത്താന്‍ ബത്തേരിയിലെ ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂളില്‍ ക്ലാസ് മുറിയില്‍ നിന്ന് പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചതിനെ തുടര്‍ന്നാണ് നടപടി.