മ​ഞ്ജു​ വാ​ര്യ​രു​ടെ പ​രാ​തി​യി​ല്‍ ശ്രീകുമാര്‍ മേനോനെ അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു

keralanews sreekumar menon arrested and released on bail in the complaint of manju warrier

തൃശൂര്‍: നടി മഞ്ജു വാര്യര്‍ നല്‍കിയ പരാതിയില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തു വിട്ടയച്ചു.രണ്ടുപേരുടെ ജാമ്യത്തിലാണു വിട്ടത്.അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്ന് ശ്രീകുമാര്‍ മേനോന്‍ അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്.ഇന്നലെ വൈകുന്നേരം നാലുമുതലാണ് പോലീസ് ക്ലബ്ബില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ശ്രീനിവാസന്‍റെ നേതൃത്വത്തില്‍ ശ്രീകുമാര്‍ മേനോനെ ചോദ്യം ചെയ്തത്. നാലു മണിക്കൂറിലധികം ചോദ്യം ചെയ്തതിനുശേഷം രാത്രി എട്ടോടെയാണ് അറസ്റ്റ് രേഖപ്പെടുത്താന്‍ തീരുമാനിച്ചത്.ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നുവെന്നുമാണ് മഞ്ജു വാര്യര്‍ പരാതി നല്‍കിയത്. കൂടാതെ താന്‍ ഒപ്പിട്ടുനല്‍കിയ എഴുത്ത് ദുരുപയോഗം ചെയ്തുവെന്നും മഞ്ജുവിന്‍റെ പരാതിയില്‍ പറഞ്ഞി രുന്നു.കേസില്‍ മഞ്ജുവാര്യരുടെ രഹസ്യമൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു.ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. ഒടിയന്‍ സിനിമയുടെ പ്രൊഡക്ഷന്‍ മാനേജര്‍ സജി, നിര്‍മാതാവ് ആന്റണി പെരുമ്പാവൂർ എന്നിവരുടെയും മൊഴി ക്രൈംബ്രാഞ്ച് നേരത്തെ രേഖപ്പെടുത്തിയിരുന്നു.

ശബരിമല യുവതീ പ്രവേശന വിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ;പരാമര്‍ശം ബിന്ദു അമ്മിണി നല്‍കിയ ഹര്‍ജി പരിഗണിക്കവേ

keralanews sabarimala verdict related to woman entry is not the final word said chief justice s a bobde

ഡല്‍ഹി:ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ച വിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. വിപുലമായ ഭരണഘടനാ ബഞ്ചിലേക്ക് കേസ് വിട്ട സാഹചര്യത്തില്‍ ഇപ്പോഴുള്ള വിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.ബിന്ദു അമ്മിണി നല്‍കിയ ഹര്‍ജി പരിഗണിക്കവേ ആണ് സുപ്രീംകോടതിയുടെ നിര്‍ണായക പരാമര്‍ശം. പുതുതായി കേസ് പരിഗണിക്കുന്ന ഭരണഘടനാ ബഞ്ചിന്‍റെ അധ്യക്ഷനാകുന്ന ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ തന്നെയാണ് ഈ പരാമര്‍ശം നടത്തിയത് എന്നതാണ് ശ്രദ്ധേയം.ശബരിമല യുവതീ പ്രവേശന വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി വേഗത്തില്‍ പരിഗണിക്കണമെന്നാണ് ബിന്ദു അമ്മിണി ആവശ്യപ്പെട്ടത്. പ്രമുഖ അഭിഭാഷക ഇന്ദിരാ ജയ്‍സിംഗാണ് ബിന്ദു അമ്മിണിക്കായി ഹാ‍ജരായത്. ബിന്ദു അമ്മിണിയുടെ ഹര്‍ജി അടുത്തയാഴ്ച കോടതി പരിഗണിക്കും.ഇതേ ആവശ്യം ഉന്നയിച്ച്‌ രഹ്ന ഫാത്തിമ നല്‍കിയ ഹര്‍ജിയും അടുത്ത ആഴ്ച പരിഗണിക്കാമെന്ന് ബുധനാഴ്ച ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു. ഈ ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ച് തന്നെ പരിഗണിക്കേണ്ട സാഹചര്യമുണ്ടോ എന്നതില്‍ ഈ ആഴ്ച ചീഫ് ജസ്റ്റിസ് തീരുമാനം എടുത്തേക്കും.

നിർഭയ കേസ്;ആരാച്ചാരാകാൻ തയ്യാറായി പാലായിൽ നിന്നും ഒരു യുവാവ്

keralanews nirbhaya case an young man from pala ready to become the executioner

കോട്ടയം: നിര്‍ഭയക്കേസിലെ പ്രതികളുടെ കഴുത്തില്‍ കൊലക്കയര്‍ അണിയിക്കാന്‍ തയാറായി പാലായിൽ നിന്നും ഒരു യുവാവ്.പാലാ സ്വദേശിയും ഡ്രൈവറും സാമൂഹിക പ്രവര്‍ത്തകനുമായ നവില്‍ ടോമാണ് നീതി നടപ്പാക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് തീഹാര്‍ ജയില്‍ സൂപ്രണ്ടിന് കത്തയച്ചത്. വധശിക്ഷ നടപ്പാക്കാന്‍ ആരാച്ചാര്‍മാരില്ലെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് താന്‍ കത്തയച്ചതെന്ന് നവില്‍ ടോം പറഞ്ഞു.ഡല്‍ഹി സെന്‍ട്രല്‍ ജയിലിന്റെ സൂപ്രണ്ടും പ്രിസണ്‍സ് അഡീഷണല്‍ ഇന്‍സ്‌പെക്ടര്‍ ജനറലുമായ മുകേഷ് പ്രസാദിനാണ് നവില്‍ ഇ- മെയില്‍ അയച്ചിരിക്കുന്നത്.പ്രതികളെ തൂക്കിക്കൊല്ലുന്നതില്‍ നിന്ന് ലഭിക്കുന്ന വരുമാനം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്നും വയനാട്ടിലെ ആദിവാസി മേഖലയിലെ ഇന്‍സ്റ്റിറ്റ്യൂട്ടിന് ആംബുലന്‍സ് വാങ്ങാന്‍ ഈ പണം ഉപയോഗിക്കുമെന്നും നവില്‍ പറഞ്ഞു. നിര്‍ഭയക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പായ സാഹചര്യത്തിലാണ് തിഹാര്‍ ജയില്‍ അധികൃതര്‍ ആരാച്ചാരെ തേടുന്നത്.ഷിംല സ്വദേശിയായ രവികുമാര്‍ തന്നെ ആരാച്ചാരാക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. പവന്‍ ജല്ലാദ് എന്ന ആരാച്ചാരും ഇതിന് സന്നദ്ധത അറിയിച്ചിരുന്നു.ആരാച്ചാരുടെ തസ്തിക സ്ഥിരം നിയമനത്തിനുള്ളതല്ല.ആവശ്യമുള്ളപ്പോള്‍ റിക്രൂട്ട് ചെയ്യുകയാണ് ചെയ്യുന്നത്.മാനസികമായും ശാരീരികമായും പൂര്‍ണ ആരോഗ്യമുണ്ടാകുക എന്നത് മാത്രമാണ് ആരാച്ചാര്‍ തസ്തികയുടെ യോഗ്യത.

ഹൈ​ക്കോ​ട​തി കെ​ട്ടി​ട​ത്തി​ന്‍റെ ആ​റാംനി​ല​യി​ല്‍ നി​ന്ന് ചാ​ടി യു​വാ​വ് ജീവനൊടുക്കി

keralanews man jumps to death from 6th floor of kerala highcourt

കൊച്ചി:ഹൈക്കോടതി കെട്ടിടത്തിന്‍റെ ആറാം നിലയില്‍ നിന്ന് ചാടി യുവാവ് ജീവനൊടുക്കി. ഉടുമ്പൻചോല സ്വദേശി രാജേഷ് പൈ(46) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രാജേഷിനെ ആശുപത്രി എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.അഭിഭാഷകനെ കാണാനാണ് രാജേഷ് കോടതിയില്‍ എത്തിയെന്ന് പോലീസ് പറഞ്ഞു. ഇയാളില്‍ നിന്ന് ചില കുറിപ്പുകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.കള്ളക്കേസില്‍ കുടുക്കി തന്റെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുമെന്ന് കൊച്ചി സിറ്റി പോലീസ് അറിയിച്ചു.

ഫാത്തിമ ലത്തീഫിന്റെ മരണം;സിബിഐ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

keralanews the death of fathima latheef amith sha said cbi will investigate the case

ന്യൂഡല്‍ഹി: മദ്രാസ് ഐഐടി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സിബിഐ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വിദ്യാര്‍ഥിനിയുടെ പിതാവ് ലത്തീഫുമായി ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് സിബിഐ അന്വേഷണം നടത്താമെന്ന് അമിത് ഷാ ഉറപ്പു നല്‍കിയത്.വനിതാ ഐജിയുടെ നേതൃത്വത്തിലാകും സിബിഐ അന്വേഷണം നടക്കുകയെന്നും അമിത് ഷാ കൂടിക്കാഴ്ചയില്‍ അറിയിച്ചു.കേരളത്തില്‍നിന്നുള്ള എം.പിമാരുടെ നേതൃത്വത്തിലാണ് ഫാത്തിമയുടെ പിതാവ് ലത്തീഫ് കേന്ദ്ര ആഭ്യന്തര മന്ത്രിയെ സന്ദര്‍ശിച്ചത്. ലത്തീഫിന്റെ പരാതി കേന്ദ്ര ആഭ്യന്തരമന്ത്രിക്കും പ്രധാനമന്ത്രിക്കും കൈമാറി.ഇതോടൊപ്പം 37 എം.പിമാര്‍ ഒപ്പിട്ട നിവേദനവും പ്രധാനമന്ത്രിക്ക് നല്‍കി. ഫാത്തിമയുടെ മരണത്തെ സംബന്ധിച്ചുള്ള അന്വേഷണത്തിന് പുറമേ രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന മാനസിക പീഡനമടക്കമുള്ള കാര്യങ്ങളില്‍ സമഗ്രമായ അന്വേഷണമാണ് നടക്കുകയെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. പറഞ്ഞു.ഈ അന്വേഷണങ്ങളോടെ ഉന്നതവിദ്യാഭ്യാസരംഗത്ത് മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കേന്ദ്രസര്‍ക്കാരിന്റെ മറുപടിയില്‍ തൃപ്തിയുണ്ടെന്ന് ഫാത്തിമയുടെ പിതാവ് ലത്തീഫും പ്രതികരിച്ചു. തന്റെ മകള്‍ അവസാനത്തെ ഇരയാകണമെന്നാണ് ആഗ്രഹം. ഇനിയും രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരം സംഭവങ്ങളുണ്ടാകരുത്. ഫാത്തിമയുടെ മരണത്തിന് ശേഷം നീതി ലഭ്യമാക്കാന്‍ രാഷ്ട്രീയഭേദമന്യേ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഐഐടി പ്രവേശന പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് നേടിയ ഫാത്തിമയെ നവംബര്‍ ഒൻപതിനാണ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

‘നിഴല്‍’;വഴിയില്‍ ഒറ്റപ്പെട്ടുപോകുന്ന വനിത യാത്രക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും സുരക്ഷാഹസ്തവുമായി കേരള പോലീസിന്റെ പുതിയ പദ്ധതി

keralanews nizhal kerala police launches new scheme for women and senior citizen

തിരുവനന്തപുരം:രാത്രിയില്‍ വഴിയില്‍ ഒറ്റപ്പെട്ടുപോകുന്ന വനിതായാത്രക്കാര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും സുരക്ഷാഹസ്തവുമായി കേരള പോലീസ്. ഏത് അടിയന്തിര സാഹചര്യത്തിലും ആവശ്യമായ സഹായം എത്തിക്കാന്‍ തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തെ കമാന്റ് സെന്ററില്‍ പ്രത്യേക സംവിധാനം നിലവില്‍ വന്നു.’നിഴല്‍’ എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനത്തിലേയ്ക്ക് കേരളത്തിലെ എല്ലാ ജില്ലയില്‍ നിന്നും ഏത് സമയവും ഫോണ്‍ മുഖേന ബന്ധപ്പെടാവുന്നതാണ്. അസമയത്ത് വാഹനം കേടാവുകയും ടയര്‍ പഞ്ചറാവുകയും ചെയ്യുന്നത്മൂലം വഴിയില്‍ കുടുങ്ങിയ വനിതാ യാത്രക്കാര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും 112 എന്ന നമ്പറിൽ വിളിച്ച്‌ സഹായം അഭ്യര്‍ത്ഥിക്കാം.പോലീസ് ആസ്ഥാനത്തെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കമാന്റ് സെന്ററിലാണ് ഫോണ്‍കോള്‍ ലഭിക്കുക. വിളിക്കുന്നയാള്‍ ഉള്ള സ്ഥലം ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കൃത്യമായി മനസിലാക്കാന്‍ കമാന്റ് സെന്ററിന് കഴിയും.രാത്രി ഒറ്റയ്ക്ക് സഞ്ചരിക്കുന്ന വനിതകള്‍ക്ക് പോലീസ് സഹായം എത്തിക്കാനും ഈ സംവിധാനം വഴി സാധിക്കും.ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഏത് ആവശ്യത്തിനും ഏത് സമയത്തും ഈ സൗകര്യം വിനിയോഗിക്കാവുന്നതാണ്.നമ്പർ ഡയല്‍ ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഫോണിന്റെ പവര്‍ ബട്ടണ്‍ മൂന്ന് തവണ അമര്‍ത്തിയാല്‍ കമാന്റ് സെന്ററില്‍ സന്ദേശം ലഭിക്കും. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ തിരികെ വിളിച്ച്‌ വിവരം അന്വേഷിക്കുകയും ചെയ്യും.112 ഇന്ത്യ എന്ന മൊബൈല്‍ ആപ്പിലെ പാനിക് ബട്ടണ്‍ അമര്‍ത്തിയാലും കമാന്റ് സെന്ററില്‍ സന്ദേശമെത്തും. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി വിനിയോഗിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അഭ്യര്‍ത്ഥിച്ചു.

സർവകലാശാല മാർക്ക്ദാന വിവാദത്തിൽ മന്ത്രി കെ.ടി ജലീലിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്

keralanews more evidences against minister k t jaleel in university mark donation controversy

തിരുവനന്തപുരം: സര്‍വകലാശാലാ മാര്‍ക്ക് ദാന വിവാദത്തില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ സര്‍വകലാശാലാ ചട്ടം ലംഘിച്ചെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. മന്ത്രി അദാലത്തില്‍ പങ്കെടുക്കുകയും ഫയലുകളില്‍ തീരുമാനമെടുക്കുകയും ചെയ്യുമെന്ന്‌ വ്യക്തമാക്കുന്ന ഉത്തരവാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അദാലത്തിന്റെ ഫയലുകള്‍ കാണണമെന്ന് പ്രത്യേക ഉത്തരവിറക്കുകയും ചെയ്തു.വിവിധ സര്‍വകലാശാലകള്‍ അദാലത്ത് നടത്തുന്നത് സംബന്ധിച്ച്‌ ഫെബ്രുവരി നാലിന് ഇറങ്ങിയ ഉത്തരവാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കേരളത്തിലെ ആറ് സര്‍വകലാശാലകളില്‍ ഫയല്‍ അദാലത്ത് നടത്തണമെന്ന് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ നിര്‍ദേശിക്കുന്ന ഉത്തരവാണ് ഇത്. ഇതിലാണ് മന്ത്രിയുടെ ഇടപെടലിനെക്കുറിച്ചുള്ള വ്യക്തമായ സൂചനയുള്ളത്.മന്ത്രി ഈ അദാലത്തില്‍ പങ്കെടുക്കുമെന്ന് ഉത്തരവില്‍ പ്രത്യേകം പറയുന്നു. അദാലത്തിനായി ലഭിക്കുന്ന അപേക്ഷകള്‍ അതേദിവസം ഇത്തരം സമിതികള്‍ പരിശോധിച്ച്‌ തീര്‍പ്പാക്കാവുന്നതാണെങ്കില്‍ സംഘാടക സമിതിതലത്തില്‍ തീര്‍പ്പാക്കണമെന്നും മന്ത്രിയുടെ ഇടപെടല്‍ ആവശ്യമുള്ള ഫയല്‍ മാത്രം മന്ത്രിയുടെ പരിഗണനയ്ക്ക് അദാലത്ത് ദിവസം നല്‍കണമെന്നും പറയുന്നുണ്ട്.അദാലത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ മാത്രമേ താന്‍ പങ്കെടുത്തിട്ടുള്ളൂ എന്നും അദാലത്തില്‍ മറ്റുതരത്തിലുള്ള ഇടപെടല്‍ നടത്തിയിട്ടില്ലെന്നുമായിരുന്നു നേരത്തെ മന്ത്രി ജലീല്‍ പറഞ്ഞിരുന്നത്. എന്നാല്‍ സിന്‍ഡിക്കേറ്റിന്റെ പരിഗണനയിലും തീരുമാനമാകാത്ത ഫയലുകള്‍ മന്ത്രിയുടെ മുന്‍പില്‍ എത്തിയതായാണ് ഇപ്പോള്‍ പുറത്തുവന്ന ഉത്തരവ് വ്യക്തമാക്കുന്നത്. ചാന്‍സിലറുടെ അനുമതിയില്ലാതെ ഇത്തരം ഫയല്‍ അദാലത്തുകളില്‍ പങ്കെടുക്കാന്‍തന്നെ സര്‍വകലാശാലാ ചട്ടം അനുവദിക്കുന്നില്ല എന്നിരിക്കെയാണ് ചട്ടവിരുദ്ധമായ ഇടപെടല്‍ നടത്തിയതായി വ്യക്തമായിരിക്കുന്നത്.

സാങ്കേതിക സര്‍വകലാശാലയിലെ വിദ്യാര്‍ഥിയുടെ പരീക്ഷാപേപ്പര്‍ മൂന്നാമതും പുനര്‍മൂല്യ നിര്‍ണയം നടത്താന്‍ സര്‍വകലാശാലാ അദാലത്തില്‍ നിര്‍ദേശം നല്‍കിയ ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ നടപടി അധികാര പരിധിയുടെ ലംഘനമെന്നാണ് ഗവര്‍ണറുടെ സെക്രട്ടറി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഗുരുതര പരാമര്‍ശമടങ്ങിയ ഈ റിപ്പോര്‍ട്ടിനെ ഏതോ ഒരു അണ്ടര്‍ സെക്രട്ടറിയുടെ നടപടിയായി വിശേഷിപ്പിക്കുകയായിരുന്നു മന്ത്രി കെ.ടി ജലീല്‍. എന്നാല്‍ ഇപ്പോള്‍ ഗവര്‍ണര്‍ ഹിയറിങ് നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.ഹിയറിങ്ങിനു ശേഷം ഗവര്‍ണര്‍ എടുക്കുന്ന നിലപാട് നിര്‍ണായകമാണ്. സംഭവത്തെക്കുറിച്ച്‌ വിശദമായ പരിശോധനയിലേക്ക് ഗവര്‍ണര്‍ കടക്കുന്നുവെന്നാണ് ഹിയറിങ്ങ് നടത്താന്‍ തീരുമാനിച്ചതിലൂടെ മനസിലാകുന്നത്. സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിൻ കമ്മറ്റിക്ക് വേണ്ടി ആര്‍.എസ് ശശികുമാര്‍, എം ഷാജര്‍ഖാന്‍ എന്നിവരാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. ഇവരില്‍ നിന്ന് ഗവര്‍ണര്‍ നേരിട്ട് പരാതി കേള്‍ക്കും.സാങ്കേതിക സര്‍വകലാശാല രജിസ്ട്രാര്‍, പരീക്ഷയെഴുതിയ വിദ്യാര്‍ഥി എന്നിവരുടെ ഭാഗവും കേള്‍ക്കും.

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട; വിമാനത്തിന്റെ സീറ്റിനടിയില്‍ നിന്നും 90 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ ബിസ്‌കറ്റുകള്‍ കണ്ടെത്തി

keralanews gold worth 90lakh rupees seized from kannur airport

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 90 ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് കിലോ 336 ഗ്രാം സ്വര്‍ണ ബിസ്‌ക്കറ്റുകൾ പിടികൂടി.ബുധനാഴ്ച പുലര്‍ച്ചെയാണ് വിമാനത്തില്‍ നിന്നും സ്വര്‍ണം കണ്ടെത്തിയത്. അബുദാബിയില്‍ നിന്ന് പുലര്‍ച്ചെ 3.45ന് എത്തിയ ഗോ എയര്‍ വിമാനത്തിനുള്ളില്‍ സീറ്റിനടിയിലാണ് സ്വര്‍ണം ഒളിപ്പിച്ചത്.എന്നാല്‍ ഇത് കൊണ്ടുവന്നയാളെ കണ്ടെത്താന്‍ സാധിച്ചില്ല.വിമാനത്തില്‍ നിന്ന് യാത്രക്കാര്‍ ഇറങ്ങിയതിന് ശേഷം സുരക്ഷാ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് സീറ്റിനിടയില്‍ ഒളിപ്പിച്ച പൊതിയില്‍ സ്വര്‍ണ ബിസ്‌കറ്റുകള്‍ കണ്ടെത്തിയത്. രണ്ട് കെട്ടുകളിലായി പത്ത് സ്വര്‍ണ ബിസ്‌കറ്റുകള്‍ വീതം സെല്ലോ ടേപ്പ് ഉപയോഗിച്ച്‌ പൊതിഞ്ഞ നിലയിലായിരുന്നു.അതിനിടെ യാത്രക്കാരനായ കാസര്‍കോട് സ്വദേശിയിൽ നിന്ന് രണ്ടര ലക്ഷം രൂപയുടെ മൂന്നു കിലോ കുങ്കുമപ്പൂവും പിടികൂടി. അബുദാബിയില്‍ നിന്നെത്തിയ നൗഫലില്‍ നിന്നാണ് കുങ്കുമപ്പൂവ് കണ്ടെത്തിയത്.സംശയം തോന്നിയതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് ഇയാളില്‍ നിന്നും കുങ്കുമപ്പൂവ് കണ്ടെത്തിയത്.

ശ്രീകോവിലിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു; സന്നിധാനത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗം കര്‍ശനമായി നിരോധിച്ച്‌ ദേവസ്വം ബോര്‍ഡ്

keralanews devaswom board strictly prohibited the use of mobile phones in sabarimala sannidhanam

ശബരിമല: ശ്രീകോവിലിലെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയിയല്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതിനെത്തുടര്‍ന്ന് സന്നിധാനത്ത് പതിനെട്ടാം പടിക്ക് മുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം ദേവസ്വം ബോര്‍ഡ് കര്‍ശനമായി നിരോധിച്ചു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.നേരത്തെ തന്നെ സന്നിധാനത്ത് മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് കര്‍ശനമാക്കിയിരുന്നില്ല. പ്രതിഷ്ഠയുടെ ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കപ്പെട്ടതോടെയാണ് നിരോധനം കര്‍ശനമാക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. ആദ്യഘട്ടത്തില്‍ നിരോധനം ലംഘിക്കുന്നവരുടെ ഫോണുകള്‍ വാങ്ങി ചത്രങ്ങള്‍ ഡിലീറ്റ് ചെയ്ത് കളയും.അടുത്ത ഘട്ടത്തില്‍ ഫോണ്‍ പിടിച്ചെടുക്കുകയും, കേസെടുക്കുകയും ചെയ്യുന്ന നടപടികളിലേക്ക് നീങ്ങുമെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. ശബരിമലയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.

കണ്ണൂർ ജില്ലയിലെ വിദ്യാലയങ്ങൾ ലഹരിവിമുക്തമാക്കാൻ വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്ത് എക്‌സൈസ് വകുപ്പും പോലീസും

keralanews excise department and police to plan wide programs to make schools in the district drug free

കണ്ണൂർ:ജില്ലയിലെ വിദ്യാലയങ്ങൾ ലഹരിവിമുക്തമാക്കാൻ വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്ത് ജില്ലാ പഞ്ചായത്തും എക്‌സൈസ് വകുപ്പും പോലീസും. ജനുവരി 30 വരെ നീളുന്ന വിമുക്തി മിഷന്‍റെ ഭാഗമായുള്ള ലഹരിവിരുദ്ധ കാമ്പയിനിലൂടെ പൂര്‍ണമായ ലഹരി നിര്‍മാജനമാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി സുമേഷ് പറഞ്ഞു.ലഹരി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതും ഉപയോഗിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടാല്‍ ഏഴ് വര്‍ഷം വരെ തടവും പിഴയും ലഭിക്കുന്ന ജുവനൈല്‍ ജസ്റ്റിസ് ആക്ട് 77, 78 വകുപ്പുകള്‍ പ്രകാരം കേസെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇതിന്റെ ഭാഗമായി കുട്ടികളില്‍ ലഹരിയുടെ ദൂഷ്യഫലത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനായി ജില്ലയിലെ സ്‌കൂളുകളില്‍ എക്‌സൈസ് വകുപ്പിന്‍റെ നേതൃത്വത്തില്‍ ‘ചായക്കട’ എന്ന പേരിലുള്ള ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കുമെന്ന് ജില്ലാ എക്‌സൈസ് ഡെപ്പ്യൂട്ടി കമ്മീഷണര്‍ പി.കെ സുരേഷ് അറിയിച്ചു. ഡോക്യുമെന്‍ററി പ്രകാശനം ഡിസംബര്‍ മൂന്നിന് രാവിലെ ഒൻപതു മണിക്ക് കണ്ണൂര്‍ മുന്‍സിപ്പല്‍ സ്‌കൂളില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വ്വഹിക്കും. ബോധവൽക്കരണത്തിന്റെ ഭാഗമായി ജില്ലയിലെ സർക്കാർ,എയ്‌ഡഡ്‌ സ്കൂളുകളിൽ ഡിസംബർ നാലിന് പ്രത്യേക അസംബ്ലികൾ വിളിച്ചു ചേർക്കാനും അധ്യാപകർക്ക് നിർദേശം നൽകിക്കഴിഞ്ഞു.

വിമുക്തി പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം ഡിസംബര്‍ അഞ്ചിന് രാവിലെ 10 മണിക്ക് തലശേരി ടൗണ്‍ ഹാള്‍ ഓഡിറ്റോറിയത്തില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കുട്ടികളിലെ കായിക, സര്‍ഗ്ഗാത്മക കഴിവുകള്‍ വളര്‍ത്തുന്നതിനും അവരെ അതിലേക്ക് ആകര്‍ഷിക്കുന്നതിനുമായി ഒപ്പന, കോല്‍ക്കളി, കരാട്ടെ, കളരി, നാടന്‍പാട്ട്, മാജിക് ഷോ തുടങ്ങിയ പരിപാടികളും കാമ്പയിനിന്‍റെ ഭാഗമായി സംഘടിപ്പിക്കും. പരിപാടിയുടെ പ്രചരണാര്‍ഥം ഡിസംബര്‍ നാലിന് വൈകുന്നേരം ഫ്‌ളാഷ് മോബ്, ബൈക്ക് റാലി എന്നിവയും വിളംബര ജാഥയും സംഘടിപ്പിക്കും.ഡിസംബര്‍ 15നു ശേഷം എക്‌സൈസും ജനപ്രതിനിധികളും അടങ്ങുന്ന സംഘം സ്‌കൂളിന് 500 മീറ്റര്‍ പരിധിയില്‍ വരുന്ന കടകള്‍ സന്ദര്‍ശിച്ച് ഒരു ജനകീയ കാമ്പയിനിലൂടെ ലഹരി വസ്തുക്കള്‍ വില്‍ക്കരുതെന്ന സന്ദേശം നല്‍കും.സ്‌കൂളുകളില്‍ നിലവില്‍ പ്രവര്‍ത്തിച്ചു വരുന്ന ലഹരി വിരുദ്ധ ക്ലബുകളുടെ പ്രവര്‍ത്തനം ശാക്തീകരിക്കും.ഇതിന് പുറമെ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം അവരുടെ ഭാഷയില്‍ തന്നെ നല്‍കാനും പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. വിമുക്തിയുടെ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിന് പ്രചരണ ജാഥകള്‍, സൈക്ലത്തോണ്‍, മാരത്തോണ്‍, കൂട്ടയോട്ടം, റാലി, മനുഷ്യച്ചങ്ങല തുടങ്ങി വിവിധങ്ങളായ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.