തിരുവനന്തപുരം:പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം സി.ബി.ഐ അന്വേഷിക്കും. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി.ബാലഭാസ്കറിന്‍റെ പിതാവ് മുഖ്യമന്ത്രിക്ക് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നടപടി.കേസ് അന്വേഷണം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് ഉടന്‍ കത്തയക്കും. തിരുവനന്തപുരത്തെ സിബിഐ സ്പെഷ്യൽ ക്രൈം യൂണിറ്റാകും കേസ് അന്വേഷണം ഏറ്റെടുക്കുക എന്നാണ് സൂചന.2018 സെപ്തംബര്‍ 25 നാണ് വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കര്‍ മരിച്ചത്. ബാലഭാസ്‌കറിന്റെ മരണം സാധാരണ അപകടമാണെന്നായിരുന്നു ലോക്കല്‍ പൊലീസിന്റെ നിഗമനം. ഇതില്‍ അതൃപ്തി രേഖപ്പെടുത്തി ബാലഭാസ്‌കറിന്റെ പിതാവ് അടക്കം രംഗത്തെത്തിയതോടെ കേസന്വേഷണം സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.എന്നാല്‍ ലോക്കല്‍ പൊലീസിന്റെ നിഗമനം ശരിവെക്കുന്ന തരത്തിലായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണസംഘവും എത്തിയത്. വാഹനാപകടത്തില്‍ ദുരൂഹതയില്ലെന്നായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. എന്നാല്‍ അപകടം ആസൂത്രിതമാണെന്നായിരുന്നു പിതാവ് ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുടെ പരാതി. സ്വര്‍ണക്കടത്ത് സംഘത്തിന്‍റെ പങ്ക് ഉള്‍പ്പെടെ അന്വേഷിക്കണമെന്ന് ആവശ്യമുയര്‍ന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം സി.ബി.ഐക്ക് വിട്ടത്.ഒരാഴ്ചയ്ക്കുള്ളില്‍ കേസ് സി.ബി.ഐയ്ക്ക് കൈമാറും. ബാലഭാസ്‌കറിന്റെ പരിചയക്കാരനായ പ്രകാശ് തമ്പി തിരുവനന്തപുരത്ത് സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായതാണ് കേസില്‍ വഴിത്തിരിവായത്. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി രംഗത്തെത്തി.2018 സെപ്റ്റംബര്‍ 25-ന് തിരുവനന്തപുരം പള്ളിപ്പുറത്തുവെച്ച് കാര്‍ മരത്തിലിടിച്ചാണ് ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍പ്പെട്ടത്. മകള്‍ തേജസ്വിനി ബാല സംഭവസ്ഥലത്തു തന്നെ മരിച്ചു. ബാലഭാസ്‌കര്‍ ഒക്ടോബര്‍ രണ്ടിന് ആശുപത്രിയിലും മരിച്ചു. ഭാര്യ ലക്ഷ്മിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
ഷെയിനിന്റേത് പ്രകോപനം;ചർച്ചയിൽ നിന്നും അമ്മയും ഫെഫ്‌കയും പിൻമാറി
കൊച്ചി:നടൻ ഷെയ്ൻ നിഗമും നിർമ്മാതാക്കളും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സാധ്യതകൾ മങ്ങുന്നു. വിഷയത്തിൽ ഷെയ്ൻ നിഗം ഏറ്റവും ഒടുവിൽ നടത്തിയ പരാമര്‍ശത്തില്‍ കടുത്ത അതൃപ്തിയിലാണ് സിനിമ സംഘടനകള്‍. ഷെയ്ന്‍ മന്ത്രി എ.കെ ബാലനുമായി കൂടിക്കാഴ്ച നടത്തിയത് ശരിയായില്ല എന്ന നിലപാടിലാണ് സംഘടനകള്‍. വിഷയത്തിൽ സമവായ ചർച്ചകൾ തുടരേണ്ടതില്ല എന്നാണ് അമ്മയുടെ നിലപാട്.പ്രശ്നം പരിഹരിക്കുന്നതിന് അഭിനയതാക്കളുടെ സംഘടനായ അമ്മയാണ് മുന്നിട്ടിറങ്ങിയത്. ചര്‍ച്ചക്കായി അമ്മ സെക്രട്ടറി സിദ്ദിഖിനെ വിളിച്ചു വരുത്തിയിരുന്നു. ഫെഫ്കാ ഭാരവാഹികളുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്താനായിരുന്നു ധാരണ.എന്നാല്‍ ഇതിനിടയില്‍ ഷെയിന്‍ തിരുവനന്തപുരത്ത് നിര്‍മ്മാതാക്കളെ അപമാനിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു. ‘മനോവിഷമമല്ല മനോരോഗമാണ് നിര്‍മ്മാതാക്കള്‍ക്ക്’ എന്നായിരുന്നു ഷെയിനിന്റെ പ്രതികരണം.ഇപ്പോള്‍ നടക്കുന്നത് ഏകപക്ഷീയമായ കാര്യങ്ങളാണ്.തനിക്ക് റേഡിയോ പോലെ അങ്ങോട്ട് ഒന്നും പറയാനാവാതെ കേട്ടുകൊണ്ടിരിക്കേണ്ട അവസ്ഥയാണെന്നും താന്‍ പറയുന്നത് അവര്‍ കേക്കാൻ തയ്യാറാവുന്നില്ല എന്നും ഷെയിന്‍ പറഞ്ഞിരുന്നു.ഇത് കൂടാതെ മന്ത്രിയെ കൂടി ചര്‍ച്ചയില്‍ ഉള്‍പ്പെടുത്താന്‍ ഷെയിന്‍ ശ്രമിച്ചത് സംഘടനകളെ ചൊടിപ്പിക്കുകയും ചെയ്തു. ഇതോടെ ചര്‍ച്ച നടത്തേണ്ടതില്ല എന്ന് ഇരു സംഘടനകളും തീരുമാനിക്കുകയായിരുന്നു.ഒരു തരത്തിലുള്ള ചര്‍ച്ചകള്‍ക്കും ഇനി തയ്യാറല്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടന വ്യക്തമാക്കി കഴിഞ്ഞു. പ്രശ്നപരിഹാരത്തിന് മുന്നിട്ടിറങ്ങിയ അമ്മ കൂടി പിന്‍വാങ്ങിയതോടെ ഷെയ്നുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വലിയ വിവാദത്തിലേക്ക് ആണ് നീങ്ങുന്നത്.
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ദമാമിലേക്കും ജിദ്ദയിലേക്കുമുള്ള സര്‍വീസുകള്‍ ഉടന്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
മട്ടന്നൂർ:കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ദമാമിലേക്കും ജിദ്ദയിലേക്കുമുള്ള സര്‍വീസുകള്‍ ഉടന്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ദമാമിലേക്കുള്ള ഗോ എയര്‍ സര്‍വീസ് ഡിസംബര്‍ 19ന് ആരംഭിക്കും. ജിദ്ദയിലേക്ക് സര്‍വീസ് നടത്താന്‍ എയര്‍ ഇന്ത്യ മുന്നോട്ടു വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എമിറേറ്റ്‌സ്, ഇത്തിഹാദ് തുടങ്ങിയ വിദേശ വിമാനങ്ങള്‍ കണ്ണൂരിലേക്ക് സര്‍വീസ് നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തോട് സംസ്ഥാന സര്‍ക്കാരും കിയാലും നിരവധി തവണ വിദേശവിമാന കമ്പനികൾക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നിര്‍ഭാഗ്യവശാല്‍ അനുമതി ലഭിച്ചിട്ടില്ല. കേന്ദ്രത്തില്‍ നിന്നുള്ള അനുമതി ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.20 വിമാനങ്ങള്‍ ഒരേസമയം നിര്‍ത്തിയിടാനുള്ള ഏപ്രണ്‍ സൗകര്യം ഇപ്പോള്‍ കണ്ണൂരിലുണ്ട്. 40 വിമാനങ്ങള്‍ നിര്‍ത്തിയിടാന്‍ പാകത്തില്‍ ഏപ്രണിന്റെ വിസ്തൃതി വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നുണ്ട്.ആരംഭിച്ച് ഒന്‍പത് മാസങ്ങള്‍ക്കിടയില്‍ 10 ലക്ഷം യാത്രക്കാര്‍ എന്ന നേട്ടം കൈവരിക്കാന്‍ കണ്ണൂര്‍ വിമാനത്താവളത്തിന് സാധിച്ചുവെന്നത് ചെറിയ കാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.ഏത് വികസന പദ്ധതിയുടെയും വിജയം പൊതുജനപങ്കാളിത്തത്തിലാണെന്നും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലും സമീപപ്രദേശങ്ങളിലും നിക്ഷേപം നടത്താന്‍ നാട്ടുകാരും വിദേശ മലയാളികളും പ്രവാസി സംഘടനകളും മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിമാനത്താവളം തുറന്നിടുന്ന വികസനം പൂര്‍ണതയിലെത്തണമെങ്കില്‍ റോഡ് വികസനം കൂടി അനിവാര്യമാണ്. ആറ് വിമാനത്താവള റോഡുകളുടെ വികസനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായി വരികയാണ്.വിമാനത്താവളത്തില്‍ 2000ത്തിലേറെ പേര്‍ക്ക് നേരിട്ടും അതിന്റെ ഇരട്ടിയിലധികം പേര്‍ക്ക് അല്ലാതെയും തൊഴില്‍ ലഭ്യമാക്കാന്‍ ഇതിനകം സാധിച്ചു.നാലാമതൊരു വിമാനത്താവളത്തിന്റെ ആവശ്യം കേരളത്തിലുണ്ടോ എന്ന് നേരത്തേ സംശയം പ്രകടിപ്പിച്ചവരുടെ കണ്ണു തുറപ്പിക്കുന്നതാണ് ഒരു വര്‍ഷത്തിനിടയില്‍ കണ്ണൂര്‍ എയര്‍പോര്‍ട്ട് കൈവരിച്ച നേട്ടങ്ങള്‍. ശബരിമലയുമായി ബന്ധപ്പെട്ട് അഞ്ചാമതൊരു വിമാനത്താവളം കൂടി ആരംഭിക്കാനുള്ള നടപടികള്‍ തുടങ്ങിയതായും മുഖ്യമന്ത്രി പറഞ്ഞു.
കാര്യവട്ടം ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിന് ഏഴ് വിക്കറ്റ് ജയം
തിരുവനന്തപുരം:കാര്യവട്ടം ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിന് ഏഴ് വിക്കറ്റ് ജയം.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സാണ് എടുത്തത്. മറുപടി ബാറ്റിംഗില്‍ വെസ്റ്റ് ഇന്‍ഡീസ് 2 വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. 9 പന്തുകള്‍ ശേഷിക്കെയായിരുന്നു വിന്‍ഡീസ് വിജയം.വിന്‍ഡീസിന് വേണ്ടി ഓപണര്‍ ലെന്‍ഡന്‍ സിമ്മണ്‍സ് 67 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 45 പന്തില്‍ നാല് വീതം സിക്‌സും ഫോറും സഹിതമാണ് സിമ്മണ്‍സ് 67 റണ്‍സെടുത്തത്. ലൂയിസ് 40 റണ്‍സെടുത്തും ഹേറ്റ്‌മെയര്‍ 23 റണ്‍സിനും പുറത്തായി. നിക്കോളാസ് പൂരന്‍ 18 പന്തില്‍ 38 റണ്‍സുമായി സിമ്മന്‍സിനൊപ്പം ചേര്‍ന്ന് വിജയലക്ഷ്യം പൂര്‍ത്തിയാക്കി.നേരത്തെ അര്‍ധ സെഞ്ച്വറി നേടിയ ശിവം ദുബെയുടെ മികവിലാണ് ഇന്ത്യ 170 റണ്‍സ് എടുത്തത്. ദുബെ 30 പന്തില്‍ 54 റണ്‍സെടുത്തു. റിഷഭ് പന്ത് 33 റണ്‍സും രോഹിത് ശര്‍മ 15 റണ്‍സുമെടുത്തു. കോഹ്ലി 19 റണ്‍സിന് പുറത്തായി. മറ്റാര്‍ക്കും തിളങ്ങാനായില്ല.ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഒപ്പത്തിനൊപ്പമായി. മൂന്നാം മത്സരം ഡിസംബര്‍ 11ന് മുംബൈയിലാണ് നടക്കുക.
കോഴിക്കോട് വിലങ്ങാട് യുവാവ് വെടിയേറ്റ് മരിച്ചു;സുഹൃത്ത് കസ്റ്റഡിയില്‍
നാദാപുരം: കോഴിക്കോട് നാദാപുരംവിലങ്ങാട് വനമേഖലയോട് ചേര്‍ന്ന് നരിപ്പറ്റ പഞ്ചായത്തിലെ വാളൂക്കില്‍ യുവാവ് വെടിയേറ്റ് മരിച്ചു. ഇന്ദിരാനഗര്‍ സ്വദേശി മണ്ടേപ്പുറം റഷീദ് (37) ആണ് മരിച്ചത്.ഇന്നലെ രാത്രി പുള്ളിപ്പാറ വനപ്രദേശത്ത് നായാട്ടിന് പോയതാണ് റഷീദും സുഹൃത്തും. നായാട്ടിനിടെ അബദ്ധത്തില്‍ വെടിയേറ്റ് റഷീദ് മരിച്ചുവെന്നാണ് കൂടെയുണ്ടായിരുന്ന സുഹൃത്ത് പൊലീസിനെ അറിയിച്ചത്. ഇതനുസരിച്ച് പൊലീസ് കാട്ടില്‍ പോയി മൃതദേഹം പുറത്തെത്തിക്കുകയായിരുന്നു.നാടന്‍ തോക്കില്‍ നിന്നാണ് വെടിയേറ്റിരിക്കുന്നത്.ഈ തോക്കിന് ലൈസന്‍സില്ല.റഷീദിനൊപ്പം ഉണ്ടായിരുന്ന ലിബിൻ മാത്യു പൊലീസ് കസ്റ്റഡിയിലാണ്. റഷീദിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.അതേസമയം യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ ആരോപിച്ചു. മരിച്ച റഷീദിന്റെ കയ്യിലും തലയിലും വെടിയേറ്റിട്ടുണ്ട്.അബദ്ധത്തില്‍ സംഭവിക്കാനുള്ള സാധ്യതയില്ല.വിശദമായ അന്വേഷണം നടത്തണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു
ക്രിക്കറ്റ് ആവേശത്തില്‍ തലസ്ഥാന നഗരി;ഇന്ത്യ-വെസ്റ്റിന്‍ഡീസ് ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് കാര്യവട്ടത്ത്
തിരുവനന്തപുരം:ഇന്ത്യ-വെസ്റ്റിന്‍ഡീസ് ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും.മത്സരത്തിനായി ഇരു ടീമുകളും തലസ്ഥാനത്ത് എത്തി. ഹൈദരാബാദില്‍ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് ഇരു ടീമുകളും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. അവിടെ നിന്ന് ഇരു ടീമുകളും പ്രത്യേകം ബസുകളില്‍ ഹോട്ടല്‍ ലീലയിലേക്ക് പോയി.നായകന്‍ വിരാട് കോഹ്ലിയുടെ നേതൃത്വത്തിലാണ് ഇന്ത്യന്‍ ടീമംഗങ്ങള്‍ എത്തിയത്. നിറഞ്ഞ കൈയടിയോടെയും ഹര്‍ഷാരവത്തോടെയുമാണ് ടീം അംഗങ്ങളെ ആരാധകര്‍ വരവേറ്റത്. നാട്ടുകാരന്‍ സഞ്ജു സാംസണെ ആര്‍പ്പു വിളികളോടെയാണ് ആരാധകര്‍ എതിരേറ്റത്.കഴിഞ്ഞ മത്സരങ്ങളില്‍ ഒക്കെ ടീമില്‍ ഇടം ലഭിച്ചിട്ടും അവസാന ഇലവനില്‍ ഇടം നേടാനാവാതെ പോയ സഞ്ജുവിന് ഞായറാഴ്ച പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.രാത്രി ഏഴുമണിക്കാണ് മത്സരം ആരംഭിക്കുക.ആദ്യ മത്സരം ജയിച്ച ഇന്ത്യയ്ക്ക് ഈ മത്സരംകൂടി ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. ഈ മാസം 11ന് മുംബൈയിലാണ് മൂന്നാം മത്സരം നടക്കുക.മത്സരത്തിനു മുന്നോടിയായുള്ള സുരക്ഷാ ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായതായി പൊലീസ് അറിയിച്ചു.സുരക്ഷയ്ക്കായി 1000 പൊലിസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. മത്സരത്തോടനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സി തമ്പാനൂരിൽ നിന്നും ആറ്റിങ്ങല്‍ നിന്നും പ്രത്യേക സര്‍വീസുകള്‍ നടത്തും. മത്സരത്തിനായി കാണികള്‍ക്ക് വൈകിട്ട് നാല് മുതല്‍ പ്രധാന കവാടം വഴി സ്റ്റേഡിയത്തില്‍ പ്രവേശിക്കാം.ഇവിടെനിന്ന് മൂന്ന് സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം അനുവദിക്കപ്പെട്ടിരിക്കുന്ന ഗേറ്റുകള്‍ വഴി ഗാലറിയിലേക്ക് പ്രവേശിക്കാം.
കണ്ണൂർ പാനൂരിൽ നിന്നും ഉഗ്രശേഷിയുള്ള ബോംബുകൾ കണ്ടെടുത്തു
കണ്ണൂർ:പാനൂരിനടുത്തുള്ള മുത്താറി പീടികയില്‍ നിന്നും ഉഗ്രശേഷിയുള്ള ബോംബുകൾ കണ്ടെടുത്തു.ഉഗ്രസ്ഫോടന ശേഷിയുള്ള നാല് നാടന്‍ ബോംബുകളാണ് പൊലീസ് സംഘം പരിശോധനയില്‍ കണ്ടെത്തിയത്.പുതുതായി നിര്‍മ്മിച്ച ബോംബുകളെന്നാണ് പ്രാഥമിക വിലയിരുത്തല്‍.ആളൊഴിഞ്ഞ പറമ്പിലെ ഇടവഴിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകള്‍.പാനൂര്‍ പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥലത്ത് ബോംബ് സ്‌ക്വാഡെത്തി പരിശോധന നടത്തിയത്.
ഹൈദരാബാദ് ഏറ്റുമുട്ടലില്‍ ആഭ്യന്തരമന്ത്രാലയം തെലുങ്കാനയോട് വിശദീകരണം തേടി
ദില്ലി:ഹൈദരാബാദ് ഏറ്റുമുട്ടലില്‍ ആഭ്യന്തരമന്ത്രാലയം തെലുങ്കാനയോട് വിശദീകരണം തേടി.അതേസമയം സംഭവത്തില്‍ കേന്ദ്രത്തിന്‍റെ നിലപാട് അറിയിക്കണമെന്ന് പ്രതിപക്ഷം ലോക്സഭയില്‍ ആവശ്യപ്പെട്ടു. തെലുങ്കാന സര്‍ക്കാര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും എന്ത് തുടര്‍നടപടികള്‍ വേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനമെടുക്കുക.സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമത്തിനോട് യോജിപ്പില്ല. പക്ഷേ തെലുങ്കാനയില്‍ ഇപ്പോള്‍ പൊലീസ് നടത്തിയ ഏറ്റുമുട്ടലിലും പ്രതികളെ കൊലപ്പെടുത്തിയ സംഭവത്തിലും കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. പ്രതിപക്ഷത്തിനെതിരെ ലോക്സഭയില്‍ സ്‍മൃതി ഇറാനി പൊട്ടിത്തെറിച്ചു. ബംഗാളില്‍ രാഷ്ട്രീയ വിരോധം തീര്‍ക്കുന്നത് സ്‍ത്രീകളെ ആക്രമിച്ചാണെന്ന് സ്മൃതി ഇറാനി പറഞ്ഞു. അതേസമയം പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് 30 മിനിറ്റ് നേരത്തേക്ക് സഭ നിര്‍ത്തിവച്ചു.വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളെ ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടലില്‍ പൊലീസ് കൊല്ലപ്പെടുത്തിയത്. അന്വേഷണത്തിന്‍റെ ഭാഗമായി കൊലപാതകം പുനരാവിഷ്കരിക്കുന്നതിനിടയിലാണ് സംഭവം. തെളിവെടുപ്പിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവയ്ക്കേണ്ടി വന്നതെന്നാണ് പൊലീസ് ഭാഷ്യം. നാലുപേരും സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി.
കണ്ണൂര്‍ വിമാനത്താവളത്തില്‍ ഷട്ടില്‍ ബസ് സർവീസ് തുടങ്ങുന്നു;വിമാനത്താവളത്തിന്റെ ഒന്നാം വാർഷികം ആഘോഷമാക്കാനും തീരുമാനം

ഷഹല ഷെറിന്റെയും നവനീതിന്റെയും കുടുംബത്തിന് 10 ലക്ഷം രൂപ വീതം നല്‍കാന്‍ മന്ത്രിസഭ യോഗത്തിൽ തീരുമാനം
തിരുവനന്തപുരം:ക്ലാസ് റൂമിൽ വെച്ച് പാമ്പുകടിയേറ്റ് മരിച്ച ഷെഹ്ല ഷെറിന്റെയും ബാറ്റ് കൊണ്ടുളള അടിയേറ്റ് മരിച്ച നവനീതിന്റെയും കുടുംബത്തിന് 10 ലക്ഷം രൂപ വീതം നല്‍കാന്‍ മന്ത്രിസഭ യോഗത്തിൽ തീരുമാനം.വയനാട് ബത്തേരിയില്‍ ക്ലാസ് മുറിയില്‍ വച്ച് പാമ്പു കടിയേറ്റാണ് ഷഹല ഷെറിന്‍ മരിക്കുന്നത്. അധ്യാപകരുടെയും താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെയും അനാസ്ഥ മൂലം സമയത്ത് ചികിത്സ ലഭിക്കാതെയാണ് പെണ്‍കുട്ടി മരിച്ചത്.സ്‌കൂളില്‍ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ കളിക്കുന്നതിനിടെ ബാറ്റായി ഉപയോഗിച്ച പട്ടിക കഷ്ണം അബദ്ധത്തില്‍ തലയില്‍ കൊണ്ടാണ് നവനീത് മരിച്ചത്. തലയ്ക്കുള്ളിലുണ്ടായ രക്ത സ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.തലയ്ക്ക് പിന്നില്‍ ചതവും പാടുകളും കണ്ടെത്തിയിരുന്നു. മാവേലിക്കര ചുനക്കര ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു നവനീത്.