ഇരിട്ടി: കേരളത്തില്‍ സ്വന്തം താമസസ്ഥലത്തെ മരം മുറിച്ച ദമ്പതികളെ അറസ്റ്റ് ചെയ്ത് കര്‍ണാടക വനം വകുപ്പ്.കണ്ണൂര്‍ മാക്കൂട്ടത്താണ് സംഭവം. മാക്കൂട്ടത്ത് കേരളത്തിന്റെ റവന്യു പുറമ്പോക്ക് ഭൂമിയില്‍ മരം മുറിച്ചതിനാണ് മലയാളി ദമ്പതികളെ കര്‍ണാടക വനം വകുപ്പ് കസറ്റഡിയിലെടുത്തത്.കേസ് പരിഗണിക്കുന്നത് വിരാജ്പേട്ട കോടതി ഇന്നത്തേക്കു മാറ്റിയതോടെ ദമ്പതികൾ വനം വകുപ്പിന്റെ കസ്റ്റഡിയില്‍ തുടരുകയാണ്.മാക്കൂട്ടത്തെ പുറമ്പോക്ക് ഭൂമിയില്‍ 30 വർഷമായി താമസിക്കുന്ന മാട്ടുമ്മല്‍ ബാബു, ഭാര്യ സൗമിനി എന്നിവരെയാണു മാക്കൂട്ടം വന്യജീവി സങ്കേതത്തില്‍ നിന്നുള്ള വനപാലകര്‍ ഇന്നലെ രാവിലെ പിടിച്ചു കൊണ്ടുപോയത്.വീട്ടുപറമ്പിൽ ഇവര്‍ തന്നെ നട്ടുവളര്‍ത്തിയ ചെറിയ മാവ്, പ്ലാവ്,തേക്ക് എന്നിവയാണ് മുറിച്ചത്.കഴിഞ്ഞ വര്‍ഷത്തിലെ വെള്ളപൊക്കത്തില്‍ വീട് അപകട ഭീഷണിയിലായതോടെ കിളിയന്തറയിലെ വാടക വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. മരം മുറിച്ചതറിഞ്ഞ് എത്തിയ കര്‍ണ്ണാടക വനപാലക സഘം ദമ്പതികളെ ബലമായി വീട്ടില്‍ നിന്നും വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റി വീരാജ്പേട്ട ഭാഗത്തേക്ക് കൊണ്ടുപോവുകയായിരുന്നു. സമീപവാസികള്‍ സ്ഥലത്തെത്തി അന്വേഷിച്ചെങ്കിലും ഇവരെപ്പറ്റി ഒരു വിവരവും ലഭിച്ചില്ല. പ്രതിഷേധം കനത്തതോടെ സ്ത്രീകള്‍ അടക്കമുള്ള പ്രദേശവാസികള്‍ രാവിലെ 10.30തോടെ കൂട്ടപുഴ പാലം ഉപരോധിക്കുകയായിരുന്നു. വിവരമറിഞ്ഞ് ആളുകള്‍ വന്‍തോതില്‍ തടിച്ചുകൂടിയതോടെ ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. ഇതിനിടെ കര്‍ണ്ണാടകത്തില്‍ നിന്നും കൂട്ടുപുഴവരെ സര്‍വീസ് നടത്തുന്ന കെ .എസ് .ആര്‍. ടി .സി ബസിനെ സമരക്കാര്‍ കുറച്ചുനേരം തടഞ്ഞിട്ടു.സണ്ണിജോസഫ് എം.എല്‍.എ ഉള്‍പ്പെടെ ജനപ്രതിനിധികളും ഇരിട്ടി തഹസില്‍ദാര്‍ കെ.കെദിവാകരന്റെ നേതൃത്വത്തില്‍ റവന്യു അധികൃതരും പൊലീസും സംസാരിച്ചെങ്കിലും കസ്റ്റഡിയിലെടുത്തവരെ തിരിച്ചുകിട്ടണമെന്ന ആവശ്യത്തില്‍ നിന്ന് പ്രതിഷേധക്കാര്‍ പിന്‍വാങ്ങിയില്ല.സണ്ണി ജോസഫ് എം.എല്‍.എ വീരാജ്‌പേട്ട എം എല്‍ എ ബോപ്പയ്യയുമായും ഉന്നത വനം വകുപ്പ് ജീവനക്കാരുമായും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ജില്ലാ കളക്ടര്‍ ഇടപെട്ട് നടത്തിയ നീക്കത്തിനൊടുവില്‍ പിടിച്ചുകൊണ്ടുപോയവരെ കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിടാമെന്നും മറ്റ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് തീരുമാനിച്ചെങ്കിലും പ്രതിഷേധക്കാരുടെ രോഷം ശമിച്ചില്ല.യാത്രക്കാരുടെ പ്രയാസം കണക്കിലെടുത്ത് സമരം അവസാനിപ്പിക്കണമെന്നും അടുത്ത ദിവസങ്ങളില്‍ മറ്റ് സമരരീതികള്‍ നടത്താമെന്നും പായം അയ്യന്‍കുന്ന് പഞ്ചായത്ത് പ്രസിഡന്റുമാരും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും സമരക്കാരോട് നിര്‍ദ്ദേശിച്ചു. ഇതോടെ ഒരു വിഭാഗം പിന്‍മാറിയെങ്കിലും മറ്റൊരു വിഭാഗം സമരം തുടര്‍ന്നു. തുടര്‍ന്ന് ഇരിട്ടി എസ്.ഐ എ.വി.രാജു,ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യാനുള്ള നീക്കമുണ്ടായതോടെയാണ് ഉച്ചയ്ക്ക് രണ്ടുമണിയോടെ ഉപരോധം അവസാനിപ്പിച്ചത്.കര്‍ണ്ണാടക വനം വകുപ്പ് അധികൃതരുമായി സംസാരിക്കാന്‍ തഹസില്‍ദാര്‍ കെ.കെ. ദിവാകരന്‍, പായം പഞ്ചായത്ത് പ്രസിഡന്റ് എന്‍. അശോകന്‍, അയ്യന്‍കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷീജ സബാസ്റ്റ്യന്‍ , ബി .ജെ. പി സംസ്ഥാന സമിതി അംഗം വി.വി ചന്ദ്രന്‍ എന്നിവരെ നിയോഗിച്ചു.
മകളെ സ്കൂളിലാക്കി മടങ്ങവേ വീട്ടമ്മയെ നടുറോഡിലിട്ട് കുത്തിക്കൊന്നു;യുവാവ് അറസ്റ്റിൽ
കൊല്ലം:മകളെ സ്കൂളിലാക്കി മടങ്ങവേ വീട്ടമ്മയെ നടുറോഡിലിട്ട് കുത്തിക്കൊന്നു.ഇന്ന് രാവിലെ 9.35 ഓടെ കുണ്ടറ കേരളപുരം അഞ്ചുമുക്കിലാണ് സംഭവം. അഞ്ചുമുക്ക് സ്വദേശി ഷൈലയാണ് (40) മരിച്ചത്. പ്രതി കേരളപുരം സ്വദേശി അനീഷിനെ (30) പോലീസ് അറസ്റ്റ് ചെയ്തു.ഷൈലയുടെ വീടിന് സമീപം ഒളിച്ചിരുന്ന പ്രതി പിന്നിലൂടെ ഓടിയെത്തി ഷൈലയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. കുത്തേറ്റ് പിടഞ്ഞുവീണ യുവതി ഏറെനേരം റോഡില്‍ രക്തം വാര്‍ന്ന് കിടന്നു. കുണ്ടറ പൊലീസ് എത്തിയാണ് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പോലീസ് എത്തുന്നതുവരെ സംഭവ സ്ഥലത്ത് പ്രതി ഉണ്ടായിരുന്നു. ഷൈലയുടെ ഭര്‍ത്താവ് വിദേശത്താണ്. പ്രതിയുമായി ഇവര്‍ നേരത്തെ അടുപ്പത്തിലായിരുന്നുവെന്നും പിന്നീട് തമ്മില്‍ തെറ്റിയതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് പോലീസ് പറയുന്നത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊലപാതകം; വിരമിച്ച സുപ്രീംകോടതി ജഡ്ജി അന്വേഷിക്കണമെന്ന് ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി: ഹൈദരാബാദിൽ കൂട്ടബലാല്‍സംഗക്കേസ് പ്രതികളെ പൊലീസ് വെടിവെച്ചു ന്ന സംഭവം വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്ന് സുപ്രീം ടതി.ജഡ്ജിയുടെ പേര് നിര്‍ദേശിക്കാന്‍ സംസ്ഥാന സര്‍ക്കാരിനും കക്ഷികള്‍ക്കും കോടതി നിര്‍ദേശം നല്‍കി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയാണ് ഈ നിര്‍ദേശം നല്‍കിയത്. റ്ററിനറി ഡോക്ടറെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി കത്തിച്ച കേസിലെ പ്രതികളെ പൊലീസ് വെടിവെച്ചുകൊന്ന സംഭവത്തിലാണ് കോടതി അന്വേഷണം പ്രഖ്യാപിച്ചത്.ഉന്നത കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയാകണം അന്വേഷിക്കണ്ടത്.സത്യം അന്വേഷിച്ച് പുറത്തുകൊണ്ടുവരണമെന്നും കോടതി ആവശ്യപ്പെട്ടു. കേസ് സുപ്രീംകോടതി നാളെ വീണ്ടും പരിഗണിക്കും.റിട്ടയേഡ് ജഡ്ജി പി വി റെഡ്ഡിയുടെ പേരാണ് കോടതി പരിഗണിച്ചത്. എന്നാല്‍ ഇദ്ദേഹത്തിന് അസൗകര്യം ഉണ്ടെന്ന് അറിയിച്ചതായി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ജഡ്ജിമാരുടെ പേര് നിര്‍ദേശിക്കാന്‍ സര്‍ക്കാരിനോടും കക്ഷികളോടും നിര്‍ദേശിച്ചത്. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ജഡ്ജിയുടെ പേര് കോടതി നാളെ പ്രഖ്യാപിച്ചേക്കും.ഹൈദരാബാദിലായിരിക്കില്ല, ഡല്‍ഹി കേന്ദ്രീകരിച്ചായിരിക്കും അന്വേഷണസംഘം പ്രവര്‍ത്തിക്കുക എന്നും ചീഫ് ജസ്റ്റിസ് സൂചിപ്പിച്ചു.
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് തിരിച്ചടി; ഡിജിറ്റല്‍ തെളിവുകള്‍ നല്‍കാനാകില്ലെന്ന് വിചാരണ കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് വീണ്ടും തിരിച്ചടി. ഡിജിറ്റല്‍ തെളിവുകള്‍ ദിലീപിന് നല്‍കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ദിലീപിനോ അദ്ദേഹത്തിന്‍റെ അഭിഭാഷകനോ തെളിവുകള്‍ പരിശോധിക്കാമെന്നും കോടതി അറിയിച്ചു.അന്വേഷണത്തിനിടെ സാക്ഷികളില്‍ നിന്നും മറ്റ് പ്രതികളില്‍ നിന്നും ശേഖരിച്ച ഡിജിറ്റല്‍ തെളിവുകള്‍ ആവശ്യപ്പെട്ടാണ് ദിലീപ് കോടതിയെ സമീപിച്ചത്. മറ്റ് പ്രതികളുടെയും സാക്ഷികളുടെയും മൊബൈല്‍, ലാപ്ടോപ്, കമ്പ്യൂട്ടർ എന്നിവയില്‍ പകര്‍ത്തിയിരുന്ന തെളിവുകളുടെ പകര്‍പ്പാണ് ദിലീപ് ആവശ്യപ്പെട്ടിരുന്നത്.കേസിലെ മുഴുവന്‍ രേഖകളും നല്‍കാതെ നീതിപൂര്‍വ്വമായ വിചാരണ സാധ്യമല്ലെന്ന് ദിലീപ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു.തികച്ചും സ്വകാര്യമായ ഈ തെളിവുകള്‍ ദിലീപിന് കൈമാറിയാല്‍ അത് സാക്ഷികളെ സ്വാധീനിക്കാനോ ബ്ലാക്ക്‌മെയിൽ ചെയ്യാനോ ഉപയോഗിച്ചേക്കാം.അതിനാല്‍ യാതൊരു കാരണവശാലും ഈ തെളിവുകള്‍ ദിലീപിന് കൈമാറരുതെന്നായിരുന്നു പ്രൊസിക്യൂഷന്‍ വാദം. നല്‍കാന്‍ കഴിയുന്ന എല്ലാ രേഖകളും ദിലീപിന് നല്‍കി കഴിഞ്ഞുവെന്നും സാധ്യമായ മുഴുവൻ രേഖകളും നല്‍കാമെന്നുമായിരുന്നു പ്രോസിക്യൂഷന്‍റെ നിലപാട്.
തളിപ്പറമ്പിൽ സ്വകാര്യ ബസ് ജീവനക്കാർക്ക് മർദ്ദനമേറ്റതിൽ പ്രതിഷേധിച്ച് മിന്നൽ പണിമുടക്ക് നടത്തി
കണ്ണൂർ:എസ്‌ഡിപിഐ പ്രകടനത്തിനിടെ തളിപ്പറമ്പിൽ സ്വകാര്യ ബസ് ജീവനക്കാർക്ക് മർദനമേറ്റു.ചൊവ്വാഴ്ച പകൽ പതിനൊന്നരയോടെയായിരുന്നു സംഭവം.പയ്യന്നൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സിലെ ജീവനക്കാർക്കാണ് മർദനമേറ്റത്.സാരമായി പരിക്കേറ്റ കണ്ടക്റ്റർ പെരളശ്ശേരിയിലെ അർജുൻ ബാബു(23)വിനെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.പൗരത്വ ഭേദഗതി ബില്ലിനെതിരെ എസ്‌ഡിപിഐ പ്രവർത്തകർ നടത്തിയ പ്രകടനം താലൂക്ക് ഓഫീസിനു മുന്നിലൂടെ കടന്നുപോകുമ്പോൾ ബസ്സ്റ്റാൻഡ് കവാടത്തിൽ പ്രകടനക്കാരും റോഡിലേക്കിറങ്ങുകയായിരുന്ന ബസ്സിലെ ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി.തുടർന്ന് എസ്ഡിപിഐ പ്രവർത്തകർ ബസ്സിൽ കയറി ജീവനക്കാരെ മർദിക്കുകയായിരുന്നു.യാത്രക്കാരുടെ മുൻപിൽ വെച്ചായിരുന്നു മർദനം.സമീപത്തെ എയ്ഡ്പോസ്റ്റിൽ ഉണ്ടായിരുന്ന പോലീസുകാർ എത്തിയെങ്കിലും തടയാനായില്ല.സാരമായി പരിക്കേറ്റ അർജുൻ ബാബുവിനെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയതിന് ശേഷമാണ് പരിയാരത്തേക്ക് കൊണ്ടുപോയത്.സംഭവത്തെ തുടർന്ന് ടൗണിൽ നിന്നുള്ള ദീർഘദൂര ബസ്സുകൾ ഉൾപ്പെടയുള്ള ബസ്സുകൾ മിന്നൽ പണിമുടക്ക് നടത്തി.
അതേസമയം അർജുൻ ബാബുവിനെ മർദിച്ച സംഭവത്തിൽ അഞ്ച് എസ്ഡിപിഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.വധശ്രമകേസാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. .തൽഹത്ത്(29),എം.പി മുഹമ്മദ് റാഷിദ്(23),ടി.അഫ്‌സൽ(24),വളപ്പിൽ ഹൗസിൽ അബ്ദുൽസഹീർ(28),എം.പി ഫവാസ്(32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുള്ളതായി പോലീസ് പറഞ്ഞു.പോലീസിന്റെ അനുമതിയില്ലാതെ ടൗണിൽ പ്രകടനം നടത്തിയതിന് അൻപതോളം എസ്ഡിപിഐക്കാരുടെ പേരിൽ പോലീസ് മറ്റൊരു കേസും രെജിസ്റ്റർ ചെയ്തിട്ടുണ്ട്.എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് എസ്.പി മുഹമ്മദലി,സെക്രെട്ടറി ഇർഷാദ്, സ്ഥാന കമ്മിറ്റിയംഗം നൗഷാദ് മംഗലശ്ശേരി തുടങ്ങിയവരെ പ്രകടനം നടത്തിയതിന് അറസ്റ്റ് ചെയ്തു.
കണ്ണൂർ വിമാനത്താവളത്തിൽ വിമാനത്തിനുള്ളിൽ ഒളിപ്പിച്ച 25 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം പിടികൂടി
മട്ടന്നൂർ:കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വിമാനത്തിനുള്ളിൽ ഒളിപ്പിച്ച 25 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം പിടികൂടി.ചൊവ്വാഴ്ച പുലർച്ചെ 3.45 ഓടെ അബുദാബിയിൽ നിന്നെത്തിയ ഗോ എയർ വിമാനത്തിൽ നിന്നാണ് 660 ഗ്രാം തൂക്കം വരുന്ന സ്വർണ്ണം പിടികൂടിയത്.യാത്രക്കാർ ഇറങ്ങിയതിനു ശേഷം നടത്തിയ പരിശോധനയിലാണ് സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ സ്വർണ്ണം കണ്ടെത്തിയത്.പേസ്റ്റ് രൂപത്തിലാണ് സ്വർണ്ണമുണ്ടായിരുന്നത്.സ്വർണ്ണം കണ്ടെടുത്ത സീറ്റിൽ യാത്രക്കാരുണ്ടായിരുന്നതായും ഇത് സംബന്ധിച്ച അന്വേഷണം ആരംഭിച്ചതായും കസ്റ്റംസ് അധികൃതർ അറിയിച്ചു.ഡിസംബർ നാലാം തീയതിയും ഇതേ വിമാനത്തിൽ നിന്നും സീറ്റിനുള്ളിൽ ഒളിപ്പിച്ചുവെച്ച നിലയിൽ 90 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം കണ്ടെടുത്തിരുന്നു.കസ്റ്റംസ് അസി.കമ്മീഷണർ ഇ.വികാസ്,സൂപ്രണ്ടുമാരായ കെ.സുകുമാരൻ, .വി മാധവൻ,ഇൻസ്പെക്റ്റർമാരായ യദുകൃഷ്ണൻ,എൻ.അശോക് കുമാർ,കെ.വി രാജു,മനീഷ് കുമാർ,,എൻ,പി പ്രശാന്ത്,ഹവിൽദാർമാരായ ശ്രീരാജ്,സുമവതി തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.
നടി ആക്രമിക്കപ്പെട്ട കേസ്;മുഴുവന്‍ രേഖകളും ലഭിക്കണമെന്ന ദിലീപിന്‍റെ ഹര്‍ജിയില്‍ വിധി ഇന്ന്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഴുവന്‍ രേഖകളും ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിൽ വിചാരണ കോടതി ഇന്ന് വിധി പറയും.ഈ കേസിലെ മറ്റ് പ്രതികളുടെ ജാമ്യാപേക്ഷയിലും ഇന്ന് വിധി പറഞ്ഞേക്കുമെന്നാണ് സൂചന. കേസിലെ മുഴുവന്‍ രേഖകളും നല്‍കാതെ നീതിപൂര്‍വ്വമായ വിചാരണ സാധ്യമല്ലെന്ന് ദിലീപ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു.ത്രമല്ല 32 രേഖകള്‍ ഇനിയും നല്‍കാനുണ്ടെന്നും ദിലീപ് ഹര്‍ജിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ നല്‍കാന്‍ കഴിയുന്ന എല്ലാ രേഖകളും നല്‍കി കഴിഞ്ഞുവെന്നും സാധ്യമായ മുഴവന്‍ രേഖകളും നല്‍കാമെന്നുമാണ് പ്രോസിക്യൂഷന്‍റെ നിലപാട്.കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവില്‍പ്പോയ ഒന്‍പതാം പ്രതിയുടെ ജാമ്യക്കാരെ കോടതി വിളിച്ചുവരുത്തിയിരുന്നു. ഒരാഴ്ചയ്ക്കകം പ്രതിയെ ഹാജരാക്കിയില്ലയെങ്കില്‍ ജാമ്യത്തുകയായ എണ്‍പതിനായിരം രൂപ സാക്ഷികളില്‍ നിന്നും ഈടാക്കുമെന്നും കോടതി അറിയിച്ചു.അതിന്‍റെ അടിസ്ഥാനത്തില്‍ പ്രതി ഇന്ന് കോടതിയില്‍ ഹാജരാകുമെന്നാണ് സൂചന.സുപ്രീംകോടതി വിധി പ്രകാരം നടിയെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന വിദഗ്ധന്‍ ആരാണെന്ന് 10 ദിവസത്തിനകം അറിയിക്കണമെന്ന് ദിലീപിന്‍റെ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടിരുന്നു.അതിനുള്ള അപേക്ഷയും ദിലീപ് നല്‍കിയിട്ടുണ്ട്. പരിശോധനക്കായി വിദഗ്ധനെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും കേരളത്തിന് പുറത്തുനിന്നുള്ളവരെയാണ് പരിഗണിക്കുന്നതെന്നും ദിലീപിന്‍റെ അഭിഭാഷകന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഉറങ്ങിപ്പോയ യുകെജി വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ടു;ക്ലാസ് ടീച്ചര്‍ക്കെതിരെ അച്ചടക്കനടപടി
പാലക്കാട്: ഒറ്റപ്പാലത്ത് യുകെജി വിദ്യാര്‍ത്ഥിയെ ക്ലാസ്മുറിയില്‍ പൂട്ടിയിട്ടതായി പരാതി. ഉറങ്ങിപ്പോയ കുഞ്ഞിനെയാണ് പൂട്ടിയിട്ടതെന്നാണ് പരാതി. കുട്ടിയുണ്ടെന്ന് അറിയാതെയാണ് ജീവനക്കാര്‍ ക്ലാസ് പൂട്ടി മടങ്ങിയത്. ഇന്നലെ വൈകീട്ട് വാണിയംകുളം പത്തംകുളം സ്‌കൂളിലാണ് സംഭവം.സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ച് സ്‌കൂളിലെത്തുകയായിരന്നു. സ്‌കൂളില്‍ എത്തിയപ്പോള്‍ ക്ലാസ് മുറിയില്‍ ഉറങ്ങിയ നിലയില്‍ കുഞ്ഞിനെ കാണുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ ഇവര്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ഈ വിവരം നാട്ടുകാര്‍ അറിഞ്ഞത്.സംഭവം വിവാദമായതിന് പിന്നാലെ സ്‌കൂള്‍ അധികൃതര്‍ വീട്ടിലെത്തി രക്ഷിതാക്കളോട് മാപ്പു പറഞ്ഞ് പ്രശ്നം പരിഹരിക്കുകയായിരുന്നു. സംഭവത്തില്‍ പരാതിയില്ലെന്ന് കുട്ടിയുടെ പിതാവും പറഞ്ഞു.അതേസമയം കുട്ടിയെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട സംഭവത്തില്‍ ക്ലാസ് ടീച്ചര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചു. അധ്യാപിക സുമയോട് അഞ്ചു ദിവസത്തേക്ക് ജോലിയില്‍ നിന്ന് മാറി നില്‍ക്കാന്‍ എഇഒ നിര്‍ദ്ദേശിച്ചു. സ്കൂളിലെ പ്രധാനാധ്യാപകന്‍, ക്ലാസ് ടീച്ചര്‍ എന്നിവരോട് ഒറ്റപ്പാലം എഇഒ വിശദീകരണം തേടിയിരുന്നു.
ഉദയംപേരൂരിൽ ‘ദൃശ്യം’ മോഡൽ കൊലപാതകം; ഭർത്താവും കാമുകിയും ചേർന്ന് ഭാര്യയെ കൊലപ്പെടുത്തി
എറണാകുളം:എറണാകുളം ഉദയംപേരൂരില്‍ നിന്ന് കാണാതായ യുവതിയെ ഭര്‍ത്താവും പെണ്‍സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തി. ചേര്‍ത്തല സ്വദേശിനി വിദ്യയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് പ്രേംകുമാര്‍, സുഹൃത്ത് സുനിത എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ സെപ്റ്റംബര്‍ 20ന് വിദ്യയെ ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് തിരുവനന്തപുരം പേയാടുള്ള സുഹൃത്തിന്റെ വില്ലയില്‍ എത്തിച്ച് മദ്യം നല്‍കിയ ശേഷം 21ന് പുലര്‍ച്ചെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം തിരുനെല്‍വേലിയിലെത്തിച്ച് ഹൈവേയില്‍ കാടു നിറഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ചതായി പൊലീസ് പറയുന്നു. വിദ്യയുടെ ഫോണ്‍ ദീര്‍ഘദൂര ട്രെയിനില്‍ ഉപേക്ഷിച്ചതിനു ശേഷമാണ് കൊല നടത്തിയതും പരാതി നല്‍കിയതും.തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായാണ് മംഗലാപുരത്തേക്ക് പോകുന്ന നേത്രാവതി ട്രയിനില്‍ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് ഉപേക്ഷിച്ചതെന്ന് പ്രതി പൊലിസിനോട് സമ്മതിച്ചു. കൊല നടത്താനായി നിരവധി തവണ ദൃശ്യം സിനിമ കണ്ടെതായി പ്രേംകുമാര്‍ പൊലീസിനോട് പറഞ്ഞു. തെളിവുകള്‍ നശിപ്പിച്ചത് ദൃശ്യം മോഡലിലാണെന്നും പൊലീസ് പറയുന്നു. കൊലപാതകത്തിന് സഹായിച്ച പെണ്‍സുഹൃത്ത് സുനിത പ്രേംകുമാറിന്റെ സ്‌കൂള്‍ സഹപാഠിയാണ്. സഹപാഠിയായ സുനിതയെ പ്രേംകുമാര്‍ കണ്ടുമുട്ടുന്നത് 25 വര്‍ഷത്തിന് ശേഷം.പഴയകാല സഹപാഠികൾ ചേർന്ന് തിരുവനന്തപുരത്ത് റീ യൂണിയന്‍ സംഘടിപ്പിച്ചു.അതിനുകാരണമായതു സമീപകാലത്തിറങ്ങിയ 96 എന്ന സിനിമയാണ്.കാമുകി സുനിതയെ പ്രേംകുമാര്‍ കണ്ടത് ഈ റീയൂണിയനിലായിരുന്നു. ആ സൗഹൃദം അടുപ്പത്തിലേക്ക് മാറിയതോടെയാണ് ഇരുവരും ചേര്‍ന്ന് കൊല നടത്തിയതെന്ന് പൊലീസിനോട് പറഞ്ഞു.
ക്ലാസ് നടക്കുന്നതിനിടെ ഫാന്‍ പൊട്ടി വീണ് വിദ്യാർത്ഥിക്ക് പരിക്ക്
കോട്ടയം: ക്ലാസ് നടക്കുന്നതിനിടെ ഫാന്‍ പൊട്ടി വീണ് വിദ്യാര്‍ത്ഥിയുടെ തലയ്ക്ക് പരിക്കേറ്റു. വടവാതൂര്‍ റബര്‍ ബോര്‍ഡ് കേന്ദ്രീയ വിദ്യാലയത്തിലെ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിയായ രോഹിത് വിനോദി (11)നാണ് പരിക്കേറ്റത്.പരിക്കേറ്റ രോഹിതിനെ അധ്യാപകര്‍ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.ക്ലാസ് നടന്നുകൊണ്ടിരിക്കെ രോഹിതിന്റെ തലയില്‍ ഫാന്‍ പൊട്ടി വീഴുകയായിരുന്നു. ഫാനിന്റെ മോട്ടര്‍ ഭാഗത്തെ സ്‌ക്രൂ അഴിഞ്ഞ് ഫാന്‍ താഴേക്കു വീഴുകയായിരുന്നെന്നാണ് നിഗമനം. തലയോട് പുറത്തു കാണുന്ന രീതിയില്‍ മുറിവേറ്റ കുട്ടിയെ അധ്യാപകരും സ്‌കൂള്‍ അധികൃതരും ചേര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചു.കുട്ടിയുടെ തലയില്‍ 6 സ്റ്റിച്ചുകളുണ്ട്. തലയില്‍ ഭാരം വീണതിനാല്‍ സിടി സ്‌കാന്‍ പരിശോധനയും നടത്തിയിരുന്നു.കുട്ടി സുരക്ഷിതനാണെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് അധ്യാപകര്‍ ആശുപത്രിയില്‍ നിന്നും മടങ്ങിയതെന്നും സംഭവത്തില്‍ പരാതിയില്ലെന്നു രോഹിതിന്റെ മാതാപിതാക്കള്‍ അറിയിച്ചു.മൂന്ന് വര്‍ഷം മുന്‍പ് പണിത കെട്ടിടത്തിലെ ഫാനാണ് സാങ്കേതിക പ്രശ്‌നം മൂലം താഴെ വീണതെന്ന് പ്രധാനാധ്യാപകന്‍ പറഞ്ഞു. രോഹിത്തിന്റെ അടുത്തിരുന്നിരുന്ന കുട്ടി ഫാന്‍ വീഴുന്നതിന് തൊട്ടുമുന്‍പ് അധ്യാപികയുടെ അടുത്തേക്കു പോയതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.