കാസർകോഡ്:ജനറൽ ആശുപത്രിയിൽ ബെള്ളൂർ സ്വദേശിനിയായ സ്ത്രീക്ക് രണ്ടു തലയുമായി പെൺകുഞ്ഞ് ജനിച്ചു.ശസ്ത്രക്രിയയിലൂടെയാണ് കുട്ടിയെ പുറത്തെടുത്തത്. മൂന്നു ദിവസം മുൻപാണ് ബെള്ളൂർ കിന്നിംഗാറിലെ ലോകനാഥ ആചാര്യയുടെ ഭാര്യ ചന്ദ്രകലയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.സ്കാനിങ്ങിൽ ഗർഭസ്ഥ ശിശുവിന്റെ തലയ്ക്ക് വലിപ്പക്കൂടുതൽ ഉള്ളതായി കണ്ടെത്തിയിരുന്നു.രണ്ടുതലയുടെ സാദൃശ്യമുള്ള മാംസം കണ്ടെത്തിയതിനെ തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കുട്ടിയെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.ചന്ദ്രകലയുടെ രണ്ടാമത്തെ കുട്ടിയാണിത്.ആദ്യത്തെ കുട്ടിക്ക് രണ്ടരവയസ്സ് പ്രായമുണ്ട്. എൻഡോസൾഫാൻ ദുരിതബാധിത പ്രദേശമാണ് ബെള്ളൂർ.ചന്ദ്രകലയുടെ ഭർതൃമാതാവ് എൻഡോസൾഫാൻ ദുരിതബാധിതയായിരുന്നു.നാലുവർഷം മുൻപ് ഇവർ മരണപ്പെട്ടു.
കോഴിക്കോട് മുക്കത്ത് ദലിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ കാമുകന്‍ കസ്റ്റഡിയില്‍
കോഴിക്കോട്: മുക്കത്ത് ദലിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ കാമുകന്‍ കസ്റ്റഡിയില്‍.ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.മുക്കത്തെ ഒരു ഹയര്‍സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി അനുപ്രിയയെ ആണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.സ്കൂള്‍ യൂണിഫോമിലാണ് അനുപ്രിയയെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടത്.പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയിരുന്നു.ഇതര മതസ്ഥനായ യുവാവുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നെന്നും ഇയാളുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് കുട്ടി ആത്മഹത്യ ചെയ്‍തതെന്നുമായിരുന്നു കുടുംബത്തിന്‍റെ ആരോപണം. പെണ്‍കുട്ടിക്ക് ഒരു യുവാവുമായുണ്ടായിരുന്ന ബന്ധമാണ് അവളെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും ആത്മഹത്യ ചെയ്യുന്നതിന്റെ തലേന്നും പ്ലസ് ടുകാരിയായ പെണ്‍കുട്ടി യുവാവുമായി പുറത്ത് പോയിരുന്നുവെന്നും സഹപാഠികള്‍ ഒരു സ്വകാര്യ വാര്‍ത്താ ചാനലിനോട് വെളിപ്പെടുത്തിയിരുന്നു.ആത്മഹത്യ ചെയ്ത ദിവസം ബാഗില്‍ മറ്റൊരു വസ്ത്രവുമായാണ് പെണ്‍കുട്ടി സ്‌കൂളിലേക്ക് എത്തിയതെന്നും സഹപാഠികള്‍ ചൂണ്ടിക്കാട്ടുന്നു.ഇനി ഈ യുവാവുമായൊരു ബന്ധത്തിനില്ലെന്ന് പെണ്‍കുട്ടി പറഞ്ഞതായും പെണ്‍കുട്ടിയെ യുവാവിന്റെ വീട്ടുകാര്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും സഹപാഠികള്‍ വെളിപ്പെടുത്തി. പെണ്‍കുട്ടി തന്റെ ഡയറിയായി ഉപയോഗിച്ചിരുന്ന പുസ്തകം മുക്കം പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
പാലാരിവട്ടത്ത് റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവം;മാപ്പ് ചോദിച്ച് ഹൈക്കോടതി; നാല് എന്‍ജിനീയര്‍മാര്‍ക്ക് സസ്പെന്ഷന്
കൊച്ചി: പാലാരിവട്ടത്ത് റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിക്കാനിടയായ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.റോഡുകള്‍ നന്നാക്കാന്‍ ഇനിയും എത്രപേര്‍ മരിക്കേണ്ടി വരുമെന്ന് ഹൈക്കോടതി ആരാഞ്ഞു.യദുലാലിെന്‍റ മരണത്തിന് കാരണമായത് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ്. സര്‍ക്കാര്‍ സംവിധാനം പൂര്‍ണ പരാജയമാണെന്നും ഹൈക്കോടതി വിമര്‍ശിച്ചു.കുഴി അടക്കും എന്ന് ആവര്‍ത്തിച്ച് പറയുന്നതല്ലാതെ കുഴിയടക്കാന്‍ വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ചെറുപ്രായത്തിലാണ് ഒരാളുടെ ജീവന്‍ നഷ്ടമായത്. മരിച്ച യുവാവിന്‍റെ മാതാപിതാക്കളോട് മാപ്പ് പറയുന്നു. നാണക്കേട് കൊണ്ട് തലകുനിഞ്ഞു പോകുകയാണെന്നും ഹൈക്കോടതി പറഞ്ഞു. യദുലാലിെന്‍റ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇങ്ങനെ റോഡില്‍ മരിക്കുന്ന എത്രപേര്‍ പണം നല്‍കാനാകുമെന്ന് കോടതി ചോദിച്ചു. കൊച്ചിയിലെ റോഡുകളുടെ അവസ്ഥ വിലയിരുത്താന്‍ മൂന്ന് അഭിഭാഷകരെ അമിക്കസ് ക്യൂറിയായി നിയോഗിച്ചു. സമിതി ഈമാസം ഇരുപതിനകം റിപ്പോര്‍ട്ട് നല്‍കണം.അതേസമയം സംഭവവുമായി ബന്ധപ്പെട്ട് നാല് എന്‍ജിനീയര്‍മാരെ പൊതുമരാമത്ത് വകുപ്പ് സസ്പെന്‍ഡ് ചെയ്തു. നിരത്ത് വിഭാഗം അസി.എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സൂസന്‍ തോമസ്, എറണാകുളം സെക്ഷന്‍ അസി. എന്‍ജിനീയര്‍ കെ.എന്‍. സുര്‍ജിത്, നിരത്ത് പരിപാലന വിഭാഗം അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഇ.പി. സൈനബ, അസി. എന്‍ജിനീയര്‍ പി.കെ. ദീപ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
ശബരിമല യുവതീ പ്രവേശനം;വിശാലബെഞ്ചിന്റെ വിധി വരുന്നതുവരെ കാത്തിരിക്കണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശന വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളില്‍ ഉത്തരവ് ഇന്നില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ, ബിന്ദു അമ്മിണി എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് ചീഫ് ജസ്റ്റീസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിച്ചത്.യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്‍റെ വിധി വിശാല ബെഞ്ചിന് കോടതി വിട്ടതല്ലേയെന്നും വിശാല ബെഞ്ച് വിഷയം പരിഗണിക്കുന്നതുവരെ കാത്തിരിക്കാനും ഹര്‍ജിക്കാരോട് ചീഫ് ജസ്റ്റീസ് നിര്‍ദ്ദേശിച്ചു. രാജ്യത്തിന് നിലവില്‍ സ്ഫോടനാത്മകമായ സ്ഥിതിയാണ് നിലനില്‍ക്കുന്നത്. സ്ഥിതി വഷളാക്കാന്‍ കോടതി ആഗ്രഹിക്കുന്നില്ല. ശബരിമലയിലേക്ക് പോകുന്നതിന് പോലീസ് സംരക്ഷണം നല്‍കാന്‍ കഴിയില്ലെന്നും സമാധാനത്തോടെ അന്തിമ വിധി വരും വരെ കാത്തിരിക്കാനും സുപ്രീംകോടതി നിരീക്ഷിച്ചു.ശബരിമല ദര്‍ശനത്തിന് പ്രായ,മതഭേദമന്യേ സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കാന്‍ ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി നല്‍കിയ അപേക്ഷയും സുരക്ഷ ഒരുക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ നല്‍കിയ റിട്ട് ഹരജിയുമാണ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് എസ്എ. ബോബ്ഡെ ജസ്റ്റിസുമാരായ സുര്യകാന്ത്, ബി ആര്‍ ഗവായ് എന്നിവരടങ്ങിയ ബഞ്ചാണ് ഹരജി പരിഗണിച്ചത്.വിശാല ബെഞ്ചിന്‍റെ ഉത്തരവ് അനുകൂലമാണെങ്കില്‍ യുവതികള്‍ക്ക് ശബരിമല ദര്‍ശനത്തിന് സംരക്ഷണം ലഭിക്കും. യുവതീപ്രവേശനം സംബന്ധിച്ച വിഷയം പരിഗണിക്കാന്‍ വിശാല ബെഞ്ച് ഉടന്‍ രൂപീകരിക്കുമെന്നും സുപ്രീംകോടതി അറിയിച്ചു.അതേസമയം തന്റെ ജീവന് ഭീഷണിയുണ്ടെന്ന ബിന്ദു അമ്മിണിയുടെ അപേക്ഷയില്‍ സുരക്ഷയൊരുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
അപകടത്തിൽ പരിക്കേറ്റ് ചോരവാർന്ന കുട്ടിയെ വഴിയിൽ ഇറക്കിവിട്ടു;ചികിത്സ വൈകിയതിനെ വിദ്യാർത്ഥി മരിച്ചു
പാലക്കാട്:അപകടത്തില്‍ പരിക്കേറ്റ ഏഴാം ക്ലാസുകാരനെ ആശുപത്രിയിലെത്തിക്കാതെ വഴിയിലിറക്കിവിട്ട് കാർ യാത്രക്കാർ രക്ഷപ്പെട്ടെന്ന് ബന്ധുക്കൾ. കാറിന്റെ ടയർ പഞ്ചറായെന്ന് പറഞ്ഞു കാറിലുണ്ടായിരുന്നവർ കുട്ടിയെ വഴിയിൽ ഇറക്കിവിട്ടു. മറ്റൊരു വാഹനത്തിൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചു. നല്ലേപ്പള്ളി സ്വദേശി സുദേവന്റെ മകൻ സുജിത്താണ് മരിച്ചത്.ഇന്നലെ വൈകിട്ട് അഞ്ച് മണിക്കാണ് അപകടം ഉണ്ടായത്. ഏഴാം ക്ലാസുകാരനായ സുജിത്ത് മിഠായി വാങ്ങാന്‍ പോകുന്ന വഴിയില്‍ അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ കുട്ടിയെ പ്രദേശവാസികള്‍ ആശുപത്രിയില്‍ എത്തിക്കാന്‍ അതേ വാഹനത്തില്‍ തന്നെ കയറ്റി. എന്നാല്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ നിൽക്കാതെ കാര്‍ യാത്രക്കാര്‍ കടന്നു കളഞ്ഞെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.പരിക്കേറ്റ കുട്ടിയുമായി 5 കിലോമീറ്ററോളം മുന്നോട്ട് പോയ കാര്‍ വഴിയില്‍ നിര്‍ത്തി.കുട്ടിയുടെ തലയില്‍ നിന്ന് രക്തമൊഴുകാന്‍ തുടങ്ങിയതോടെയാണ് കാര്‍ നിര്‍ത്തിയത്. കാറിന്റെ ടയര്‍ പഞ്ചറായി എന്ന ന്യായം പറഞ്ഞാണ് കുട്ടിയേയും കൂടെ ഉളളവരേയും വഴിയില്‍ ഇറക്കി വിട്ടത്. തുടര്‍ന്ന് അതുവഴി വന്ന വാനില്‍ കയറ്റിയാണ് കുട്ടിയെ നാട്ടുകല്ലിലെ ആശുപത്രിയില്‍ എത്തിച്ചത്.എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും കുട്ടി മരണപ്പെട്ടിരുന്നു. അപടകം നടന്ന് ഒരു മണിക്കൂറിന് ശേഷം മാത്രമാണ് കുട്ടിയെ ആശുപത്രിയിലേക്ക് എത്തിക്കാനായത്.ഇടിച്ച കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മലപ്പുറം പുത്തനത്താണി സ്വദേശിയായ അഷ്റഫിന്റെ വാഹനമാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കസബ പൊലീസ് സ്റ്റേഷനില്‍ കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. അപ്പുപ്പിളളയൂര്‍ എയുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരണപ്പെട്ട സുജിത്ത്.
കണ്ണൂരില്‍ ഓട്ടോറിക്ഷ ഡ്രൈവറെ ഓട്ടോയ്ക്കുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി
കണ്ണൂർ:കണ്ണൂരില്‍ ഓട്ടോറിക്ഷ ഡ്രൈവറെ ഓട്ടോയ്ക്കുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി.കണ്ണൂര്‍ ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറായ അത്തായക്കുന്ന് പുതിയപുരയില്‍ അഷറഫ് (45) ആണ് മരിച്ചത്.വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടോടെ ചാലാട് വച്ചാണ് അഷറഫിനെ ഓട്ടോറിക്ഷയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നഗരത്തില്‍ രാത്രികാല സര്‍വീസ് നടത്തിയിരുന്ന ആളായിരുന്നു അഷറഫ്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോലീസ് പറയുന്നത്.
ശബരിമല ദർശനത്തിന് സുരക്ഷ ആവശ്യപ്പെട്ട് ബിന്ദു അമ്മിണിയും രഹ്ന ഫാത്തിമയും സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: ശബരിമല ദര്‍ശനത്തിന് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ബിന്ദു അമ്മിണിയും രഹ്ന ഫാത്തിമയും സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. യുവതീപ്രവേശന വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് പരിഗണിക്കുക.യുവതീപ്രവേശന വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിന്ദു അമ്മിണി നല്‍കിയ ഹര്‍ജിയും ദര്‍ശനത്തിന് പോലീസ് സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ നല്‍കിയ ഹര്‍ജിയുമാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുക.ശബരിമല വിഷയം വിപുലമായ ബെഞ്ച് പരിഗണിക്കുന്ന സാഹചര്യത്തില്‍ 2018 ലെ വിധി അവസാനവാക്കല്ല എന്ന് കഴിഞ്ഞ ആഴ്ച ചീഫ് ജസ്റ്റിസ് പരാമര്‍ശം നടത്തിയിരുന്നു. വിപുലമായ ബെഞ്ചിന്റെ വിധി വരുന്നതിന് മുമ്ബ് 2018 ലെ വിധി നടപ്പാക്കേണ്ടതുണ്ടോ എന്നതില്‍ ഇന്ന് സുപ്രീംകോടതി വ്യക്തത വരുത്തിയേക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.
പാലാരിവട്ടത്ത് റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവം;മജിസ്റ്റീരിയല്‍ അന്വേഷണം ഇന്ന് ആരംഭിക്കും
കൊച്ചി:പാലാരിവട്ടത്ത് റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ മജിസ്റ്റീരിയല്‍ അന്വേഷണം ഇന്ന് ആരംഭിക്കും.സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ. ചന്ദ്രശേഖരന്‍ നായര്‍ ഇന്ന് മരിച്ച യദുലാലിന്റെ വീട് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളില്‍ നിന്നു മൊഴിയെടുക്കും. ഇതിനുശേഷം അപകടസ്ഥലവും സന്ദര്‍ശിക്കും. എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാനാണ് തീരുമാനം.ജില്ലാ കലക്ടര്‍ ഇന്നലെതന്നെ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.വാട്ടര്‍ അതോറിറ്റിയും പി.ഡബ്ല്യു.ഡിയും പരസ്പരം പഴിചാരി രംഗത്തുവന്നതോടെയാണ് അന്വേഷണത്തിന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടത്. അപകടത്തിന് ഉത്തരവാദിത്തം പി.ഡബ്ല്യു.ഡിക്കാണെന്നാണ് ജല അതോറിറ്റി പറയുന്നത്. അല്ലെന്നു പി.ഡബ്ല്യു.ഡിയും വാദിക്കുന്നു. പൈപ്പിലെ ചോര്‍ച്ച മാറ്റാനുള്ള അറ്റകുറ്റപ്പണിക്കായി സെപ്റ്റംബര്‍ 18ന് പി.ഡബ്ല്യു.ഡിയില്‍ അപേക്ഷ നല്‍കിയെന്ന് ജല അതോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ മുഹമ്മദ് ഷഹി പറഞ്ഞു.അതേ സമയം അപകടത്തിനു കാരണമായ കുഴി ഇന്നലെ രാത്രി തന്നെ അടച്ചു. ഇന്നലെയാണ് എറണാകുളം കൂനമ്മാവ് സ്വദേശി 23 വയസ്സുകാരനായ യദുലാൽ പാലാരിവട്ടത്ത് റോഡിൽ വാട്ടർ അതോറിറ്റി കുഴിച്ച കുഴിയിൽ വീണ് മരിച്ചത്. ബൈക്കിൽ യാത്ര ചെയ്യവേ റോഡിലെ കുഴിയിൽ വീണ യദുലാലിന്റെ ദേഹത്തുകൂടി ലോറി കയറിയിറങ്ങുകയായിരുന്നു.പാലാരിവട്ടം മെട്രോ സ്റ്റേഷനു സമീപം 8 മാസങ്ങൾക്ക് മുമ്പാണ് കുടിവെള്ള പൈപ്പ് നന്നാക്കാനായി വാട്ടർ അതോറിറ്റി കുഴിയെടുത്തത്. ആദ്യം ചെറിയ രീതിയിലായിരുന്ന കുഴി പിന്നീട് വലുതായി. ഇതോടെ തിരക്കേറിയ ഈ വഴിയിലുടെയുള്ള ഇരുചക്ര വാഹനയാത്രക്കാരുടെ യാത്ര ദുരുതത്തിലായി.കഴിഞ്ഞ ആഴ്ചയും ഇതേ കുഴിയില്‍ ബൈക്ക് യാത്രക്കാരന്‍ വീണ് പരിക്കേറ്റിരുന്നു.
അവശ്യവസ്തുക്കളുടെ വില വര്‍ധന; ഹോട്ടലുകള്‍ അടച്ചിടാനൊരുങ്ങി ഉടമകള്‍
കോഴിക്കോട്:അവശ്യസാധനങ്ങളുടെ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് കേരളത്തിലെ ഹോട്ടല്‍, റസ്‌റ്റോറന്റ് ഉടമകള്‍ സമരത്തിനൊരുങ്ങുന്നു. സാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്നും അല്ലാത്തപക്ഷം ഹോട്ടല്‍ അടച്ചിട്ട് സമരം ചെയ്യുമെന്നും വ്യാപാരികള്‍ അറിയിച്ചു.ഡിസംബര്‍ 17ന് നടക്കാനിരിക്കുന്ന കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്റെ യോഗത്തിലാണ് സമരവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.സവാളക്ക് പിന്നാലെ പച്ചക്കറികള്‍ക്ക് വില കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ ഹോട്ടല്‍ വ്യാപാരം വലിയ പ്രതിസന്ധിയിലാണ്. പച്ചക്കറിവില മാറിമറിയുമെങ്കില്‍ പോലും ബിരിയാണി അരി ഉള്‍പ്പെടെ വിവിധ ഇനം അരികള്‍ക്കും അവശ്യ സാധനങ്ങള്‍ക്കും വില വര്‍ധിച്ചതോടെ കച്ചവടം നടത്താന്‍ സാധിക്കാത്ത അവസ്ഥയാണെന്ന് ഹോട്ടല്‍ ഉടമകള്‍ പറയുന്നു. ഈ സാഹചര്യത്തില്‍ വിലനിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ഹോട്ടല്‍ ആന്റ് റെസ്‌റ്റോറെന്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
വര്‍ധിക്കുന്ന ഉള്ളി വിലയില്‍ നേരിയ ആശ്വാസം; മൊത്തവ്യാപാരത്തില്‍ കിലോയ്ക്ക് 40 രൂപ കുറഞ്ഞു
കൊച്ചി:കുതിച്ചുയരുന്ന ഉള്ളിവിലയ്ക്ക് നേരിയ ആശ്വാസം.മൊത്തവ്യാപാരത്തില്‍ ഒറ്റയടിക്ക് കുറഞ്ഞത് കിലോയ്ക്ക് 40 രൂപ.ഇതോടെ വില നൂറുരൂപയിലെത്തി. വരും ദിവസങ്ങളിലും വിലക്കുറവ് ഉണ്ടാകുന്നതോടെ വിപണി വീണ്ടും ഉഷാറാകുമെന്ന കണക്കുകൂട്ടലിലാണ് വ്യാപാരികള്‍.പുണെയില്‍ നിന്നുള്ള കൂടുതല്‍ ലോറികള്‍ എത്തിയതോടെയാണ് വിലയില്‍ കുറവുണ്ടായത്. രണ്ടു ദിവസത്തിനകം കിലോയ്ക്ക് വില അറുപത് രൂപയിലെത്തുമെന്നാണ് കച്ചവടക്കാരുടെ പ്രതീക്ഷ.ഉത്‌പാദനം വീണ്ടും മെച്ചപ്പെട്ടതോടെ മാര്‍ക്കറ്റുകളിലേക്ക് സവാള വണ്ടികള്‍ കൂടുതലായി എത്തി തുടങ്ങിയിട്ടുണ്ട്. വില കുറയ്ക്കാന്‍ വിദേശ സവാളകളും വിപണിയിലെത്തി. നിലവാരവും സ്വാദും കുറവായതിനാല്‍ ഇവയ്ക്ക് ഡിമാന്‍ഡ് മോശമാണ്. എങ്കിലും, ഇവ വിപണിയിലെത്തിയത് വില താഴാന്‍ സഹായകമായിട്ടുണ്ട്.രാജ്യത്തെ ഏറ്റവും വലിയ ഉള്ളി മൊത്തവില വിപണിയായ നാസിക്കിലെ ലാസല്‍ഗാവില്‍ ഇന്നലെ ഹോള്‍സെയില്‍ വില കിലോയ്ക്ക് 41 രൂപയിലേക്ക് താഴ്‌ന്നു. ഡിസംബര്‍ ഏഴിന് ഇവിടെ വില 71 രൂപയായിരുന്നു. മഴക്കെടുതിയെ തുടര്‍ന്ന് ഈ സംസ്ഥാനങ്ങളില്‍ വിളവ് നശിച്ചതാണ് വില കത്തിക്കയറാന്‍ കാരണം.വരും നാളുകളില്‍ സവാള വരവ് കൂടുമെന്നും ജനുവരിയോടെ മൊത്തവില കിലോയ്ക്ക് 20-25 രൂപവരെയായി താഴുമെന്നുമാണ് ലാസല്‍ഗാവിലെ വ്യാപാരികള്‍ പറയുന്നത്. ഇത്, റീട്ടെയില്‍ വില കേരളത്തില്‍ അടുത്തമാസാദ്യം 50 രൂപയ്ക്ക് താഴെയെത്താന്‍ സഹായകമാകും.