തലശ്ശേരിയിൽ യുവ അഭിഭാഷക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബ്ലേഡ് സംഘം നേതാവ് അറസ്റ്റില്‍

keralanews one arrested in connection with the suicide of young lawyer in thalasseri

കണ്ണൂർ:തലശ്ശേരിയിൽ യുവ അഭിഭാഷക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബ്ലേഡ് സംഘ നേതാവ് അറസ്റ്റില്‍.ചക്കരക്കല്ല് ചെമ്പിലോട് സ്വദേശി ഷനോജാണ്‌ (30)അറസ്റ്റിലായത്. തലശ്ശേരി ബാറിലെ അഭിഭാഷകയായ പ്രിയ രാജീവനെ(38) ഇക്കഴിഞ്ഞ നവംബര്‍ 13 നാണു കടമ്പൂരിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ഗള്‍ഫില്‍നിന്ന് ഭര്‍ത്താവ് നാട്ടിലെത്തിയതിന്റെ പിറ്റേദിവസമായിരുന്നു ആത്മഹത്യ.ഭീമമായ കടബാധ്യതയാണു പ്രിയയുടെ ആത്മഹത്യയ്ക്കു കാരണമെന്നു തെളിഞ്ഞിരുന്നു.തുടര്‍ന്നു ബന്ധുക്കളും ലോയേര്‍സ് യൂണിയനും പ്രിയയുടെ മരണത്തെക്കുറിച്ച്‌ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിനെത്തുടര്‍ന്നു കണ്ണൂര്‍ ഡിവൈഎസ്പി പി.പി.സദാനന്ദന്റെ നിര്‍ദേശത്തില്‍ എടക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചത്. സ്ഥലത്തിന്റെ രേഖകള്‍ നല്‍കി ഷനോജില്‍ നിന്ന് പ്രിയ ആറു ലക്ഷത്തോളം രൂപയാണു വാങ്ങിയതായി പൊലീസ് പറഞ്ഞു. പലപ്പോഴായി പണം തിരികെ നല്‍കിയിരുന്നെങ്കിലും മുതലും പലിശയുമടക്കം ഭീമമായ തുക നല്‍കണമെന്നു ഷനോജിന്റെ നേതൃത്വത്തിലുള്ള ബ്ലേഡ് സംഘം പ്രിയയെ ഭീഷണിപ്പെടുത്തിയിരുന്നു. ഫോണിലൂടെയും വീട്ടിലെത്തിയും ഭീഷണികള്‍ തുടര്‍ന്നപ്പോഴാണു മനംനൊന്തു പ്രിയ ആത്മഹത്യ ചെയ്തതെന്നു പൊലീസ് പറയുന്നു. ഷനോജിന്റെ വീട്ടിലും ബ്ലേഡ് സ്ഥാപനങ്ങളിലും പൊലീസ് പരിശോധന നടത്തിയിരുന്നു.ഇവിടെ നിന്നും പ്രിയ നല്‍കിയ രേഖകള്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

പ്രിയ ബ്ലേഡില്‍നിന്ന് പണമെടുത്ത് വലിയ സാമ്പത്തിക കുരുക്കില്‍പ്പെട്ടതറിഞ്ഞാണ് ഭര്‍ത്താവ് രാജീവന്‍ നാട്ടിലെത്തിയത്. ബ്ലേഡുകാരില്‍നിന്നു മാത്രമല്ല മറ്റ് അഭിഭാഷകരോടും ഇവര്‍ ലക്ഷക്കണക്കിന് രൂപ കടംവാങ്ങിയിട്ടുണ്ട്. ഭര്‍ത്താവ് പ്രതിമാസം 40,000 രൂപയോളം പ്രിയക്ക് അയച്ചുകൊടുക്കുന്നുണ്ട്. അവര്‍ക്ക് സ്വന്തമായും വരുമാനമുണ്ട്.പിന്നെന്തിനാണ് ഇത്രവലിയ തുക ബ്ലേഡില്‍ നിന്നും മറ്റും പലിശയ്‌ക്കെടുത്തതെന്ന് പൊലീസ് അന്വേഷിക്കുകയാണ്. പലരില്‍നിന്നായി ഏകദേശം 16 ലക്ഷത്തോളം രൂപ പ്രിയ കടംവാങ്ങിയതായി പൊലീസ് പറയുന്നു. പ്രിയയുടെ കുടുംബത്തിന്റെ ആവശ്യത്തിനു വേണ്ടിയാണോ പണം കടംവാങ്ങിയതെന്നും അന്വേഷിക്കുന്നുണ്ട്.ഭര്‍ത്താവിന്റെ പേരിലുള്ള വീടും പറമ്പും പണയം വയ്ക്കുന്നതിന് വ്യാജ മുക്ത്യാര്‍ നിര്‍മ്മിച്ചു നല്‍കിയത് തലശേരിയിലെ നോട്ടറിയായ അഭിഭാഷകനാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. അഭിഭാഷകനെയും അന്വേഷണസംഘം ചോദ്യം ചെയ്യുകയുണ്ടായി. ഇതിനിടയില്‍ പ്രിയയുടെ ഫോണ്‍ കോളുകളുടെ വിശദവിവരങ്ങള്‍ സൈബര്‍ സെല്ലില്‍ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചു. നിയമപുസ്തകങ്ങള്‍ക്കിടയില്‍ അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണില്‍ നിന്ന് മൂന്നുപേരെയാണ് പ്രിയ നിരന്തരം വിളിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി. ഇവരില്‍ ഒരാള്‍ തലശേരി കോടതിയില്‍ ഡ്യൂട്ടിയിലുള്ള കതിരൂര്‍ സ്റ്റേഷനിലെ പൊലീസുകാരനാണെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഇയാളുമായി രാത്രി പതിനൊന്നിനും പുലര്‍ച്ചെ രണ്ടിനുമിടയില്‍ മണിക്കൂറുകളോളം പ്രിയ സംസാരിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്

കണ്ണൂരിൽ ഹർത്താൽ അനുകൂലികൾ റോഡ് ഉപരോധിക്കുന്നു;സമരത്തിൽ വനിതകളും

keralanews hartal supporters including women blocked road in kannur

കണ്ണൂര്‍: പൗരത്വനിയമ ഭേദഗതിക്കെതിരെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ കണ്ണൂരില്‍ റോഡ് ഉപരോധിച്ച്‌ ഹര്‍ത്താല്‍ അനുകൂലികള്‍. വനിതകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരും ഉപരോധ സമരത്തിൽ പങ്കെടുത്തു. കണ്ണൂര്‍ കാര്‍ട്ടെക്‌സ് ജങ്ഷനു സമീപമാണ് ഇവര്‍ റോഡ് ഉപരോധിച്ചത്. പോലീസ് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ തയ്യാറായില്ല. തുടര്‍ന്ന് വനിതാ പോലീസ് ഉള്‍പ്പെടെയെത്തി പ്രതിഷേധക്കാരെ ബലംപ്രയോഗിച്ച്‌ നീക്കം ചെയ്യുകയായിരുന്നു.അതിനിടെ രണ്ട് വനിതാ പ്രവര്‍ത്തകര്‍ റോഡില്‍ കിടന്നും പ്രതിഷേധിക്കുകയുണ്ടായി.

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ സം​യു​ക്ത സ​മി​തി ആഹ്വാനം ചെയ്​ത ഹർത്താൽ പുരോഗമിക്കുന്നു; വിവിധയിടങ്ങളില്‍ സംഘര്‍ഷം; നിരവധി പേര്‍ അറസ്റ്റില്‍

keralanews hartal against citizenship amendment bill continues in the state conflict in many places many arrested

തിരുവനന്തപുരം:പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്ത സമിതി സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു.ഹർത്താലിൽ വിവിധയിടങ്ങളില്‍ സംഘർഷമുണ്ടായി.പാലക്കാട് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ ബസുകള്‍ തടയാനെത്തിയ സമരാനുകൂലികള്‍ക്കു നേരെ പൊലീസ് ലാത്തി വീശി. കോഴിക്കോടും ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് നേരെ പൊലീസ് ലാത്തി വീശി.കോഴിക്കോട് കടകള്‍ അടപ്പിക്കാനും വാഹനങ്ങള്‍ തടയാനും ശ്രമിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിന്‌ നേരെ കല്ലേറുണ്ടായി.അതേസമയം ഹര്‍ത്താലിെന്‍റ മറവില്‍ അക്രമങ്ങള്‍ തടയാന്‍ സംസ്ഥാനത്ത്പൊലീസ് സുരക്ഷ ശക്തമാക്കി. മു‍ന്‍കരുതലിന്‍റെ ഭാഗമായി സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും നേതാക്കളെ പൊലീസ് കരുതല്‍ തടങ്കലില്‍ ആക്കിയിട്ടുണ്ട്. എറണാകുളത്ത് നിരവധി നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹര്‍ത്താല്‍ ദിവസം പൊതു സ്ഥലങ്ങളില്‍ കൂട്ടം കൂടി നില്‍ക്കാന്‍ അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിച്ചാല്‍ കേസെടുക്കും. സമരവുമായി ബന്ധപ്പെട്ട് ഉച്ചഭാഷിണികള്‍ ഉപയോഗിക്കരുതെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. കൃത്രിമമായി സംഘര്‍ഷം സൃഷ്ടിച്ച്‌ മറ്റുള്ളവരുടെ മുകളില്‍ കെട്ടിെവക്കുക സംഘ്പരിവാറിന്‍റെ സ്ഥിരം രീതിയാെണന്നും അങ്ങനെ സംഭവിച്ചാല്‍ പൊലീസിനും സര്‍ക്കാറിനുമായിരിക്കും അതിന്‍റെ ഉത്തരവാദിത്തമെന്നും സമര സമിതി നേതാക്കള്‍ ഇന്നലെ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ശബരിമല തീര്‍ഥാടകര്‍ക്ക് ഒരു അസൗകര്യവും ഉണ്ടാകില്ല. റാന്നി താലൂക്കിനെ പൂര്‍ണമായി ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കി. തദ്ദേശ ഉപതെരഞ്ഞെടുപ്പിനോ മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കോ തടസ്സമുണ്ടാകില്ലെന്നും നേതാക്കള്‍ അറിയിച്ചിരുന്നു. ആര്‍.എസ്.എസിനെ ഭയന്ന് സമരം ചെയ്യാന്‍ പാടില്ല എന്ന പൊതുബോധം വളരുന്നത് ശരിയെല്ലന്നും അവര്‍ പറഞ്ഞു.അതേസമയം ഹര്‍ത്താലിനെ തുടര്‍ന്ന് സ്‌കൂള്‍ പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. സര്‍വകലാശാലകള്‍ നടത്താനിരുന്ന പരീക്ഷകളിലും മാറ്റമില്ല. പിഎസ് സി പരീക്ഷകള്‍ക്കും മാറ്റമില്ല.

നാളത്തെ ഹർത്താൽ നിയമവിരുദ്ധം;നടത്തിയാല്‍ കര്‍ശന നടപടി;ഡിജിപി ലോക്നാഥ് ബെഹ്‌റ

keralanews tomorrows hartal is illegal strict action to be taken said dgp loknath behra

തിരുവനന്തപുരം: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചില സംഘടനകള്‍ സംസ്ഥാനത്ത് ചൊവ്വാഴ്ച നടത്തുമെന്ന് പ്രഖ്യാപിച്ച ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഹര്‍ത്താല്‍ നടത്താന്‍ ഉദ്ദേശിക്കുന്ന സംഘടന ഏഴ് ദിവസം മുൻപേ നോട്ടീസ് തരണമെന്നാണ് ഹൈക്കോടതി ഉത്തരവ്. അത്തരത്തില്‍ ഒരു സംഘടനയും പതിനേഴാം തിയതി ഹര്‍ത്താല്‍ നടത്തുമെന്ന് അറിയിപ്പ് നല്‍കിയിട്ടില്ലെന്നും ലോക്നാഥ് ബെഹ്റ അറിയിച്ചു. ഹര്‍ത്താലിനെ നേരിടാന്‍ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു.ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സംഘാടകര്‍ക്ക് പൊലീസ് നോട്ടീസ് നല്‍കുമെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു. നിയമവിരുദ്ധമായി നാളെ ഹര്‍ത്താല്‍ നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. കടകള്‍ അടപ്പിക്കാനോ വാഹനങ്ങള്‍ തടയാനോ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, ബിഎസ്പി, കേരള മുസ്ലിം യുവജന ഫെഡറേഷന്‍, സോളിഡാരിറ്റി, എസ്‌ഐഒ, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം, പോരാട്ടം, ഡിഎച്ച്‌ആര്‍എം, ജമാ- അത്ത് കൗണ്‍സില്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ സംയുക്ത യോഗ തീരുമാനമാണെന്നുള്ള രീതിയിലാണ് ഹര്‍ത്താല്‍ സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് പ്രമുഖ മുസ്ലീം സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്. തീവ്രനിലപാടുകാരുമായി യോജിച്ച്‌ സമരത്തിനില്ലെന്ന് കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ വ്യക്തമാക്കിയിരുന്നു. ഹര്‍ത്താലിനെ പിന്തുണയ്ക്കില്ലെന്ന് സമസ്തയും അറിയിച്ചിട്ടുണ്ട്. ഹര്‍ത്താലുമായി ബന്ധമില്ലെന്നും പ്രവര്‍ത്തകരോടെ വിട്ട് നില്‍ക്കണമെന്ന് യൂത്ത് ലീഗും അറിയിച്ചിരുന്നു. ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി അസോസിയേഷനും വ്യക്തമാക്കി.ആദ്യം ഹര്‍ത്താലിനോട് അനുകൂല നിലപാട് സ്വീകരിച്ച ഇകെ സുന്നി വിഭാഗവും ഹര്‍ത്താലില്‍ നിന്ന് വിട്ട് നിന്നു. യോജിച്ചുള്ള ഹര്‍ത്താലിനോട് മാത്രമേ സഹകരിക്കേണ്ടതള്ളൂ എന്ന നിലപാടിലാണ് വിട്ടുനിന്നത്. മുജാഹിദ് വിഭാഗവും ഈ ഹര്‍ത്താലിനെ പിന്തുണക്കുന്നില്ല. സിപിഎമ്മും ഹര്‍ത്താലിന് എതിരാണ്. വിഷയത്തില്‍ പ്രക്ഷുബ്ധാവസ്ഥ ഉണ്ടായാല്‍ അത് സമരത്തിന്റെ ലക്ഷ്യത്തെ തന്നെ ബാധിക്കുമെന്ന നിഗമനത്തിലാണ് മുസ്ലിം സംഘടനകള്‍ ഹര്‍ത്താലില്‍ നിന്നും പിന്മാറുന്നത്.

ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാര്‍ പ്രതിയായ ഉന്നാവ് ബലാൽസംഗകേസിലെ വിധി ഇന്ന്

keralanews delhi court to deliver verdict in unnao rape case against bjp mla kuldeep sengar today

ന്യൂഡൽഹി:ബിജെപി എംഎല്‍എയായിരുന്ന കുല്‍ദീപ് സെന്‍ഗാര്‍ പ്രതിയായ ഉന്നാവ് ബലാൽസംഗകേസിലെ വിധി ഇന്ന്.തീസ് ഹസാരി കോടതിയാണ് വിധി പറയുന്നത്. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് തുടങ്ങിയ വിചാരണ ഡിസംബര്‍ രണ്ടിനാണ് അവസാനിച്ചത്.കുല്‍ദീപ് സെംഗര്‍ എംഎല്‍എയടക്കം ഒന്‍പത് പേരാണ് കേസില്‍ പ്രതികളായുള്ളത്. ബലാത്സംഗം, ഗൂഢാലോചന, തട്ടിക്കൊണ്ട് പോകല്‍ തുടങ്ങിയ വകുപ്പുകളാണ് എംഎല്‍എ അടക്കമുള്ളവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.2017ലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി എംഎല്‍എയും സംഘവും പീഡിപ്പിച്ചത്. ഏറ്റവുമൊടുവില്‍ പെണ്‍കുട്ടിയും സംഘവും സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്ക് ഇടിപ്പിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലും എംഎല്‍എ പ്രതിയായി.ഈ അപകടത്തിൽ പെണ്‍കുട്ടിയുടെ രണ്ട് അമ്മായിമാര്‍ മരിക്കുകയും പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.ഡല്‍ഹി എയിംസില്‍ പെണ്‍കുട്ടി ചികിത്സയിലായിരിക്കെ മൊഴിയെടുക്കാന്‍ ആശുപത്രിയില്‍ പ്രത്യേക കോടതി സജ്ജീകരിച്ചിരുന്നു. പെണ്‍കുട്ടിയും കുടുംബവും ഇപ്പോള്‍ ഡല്‍ഹിയില്‍ സി.ആര്‍.പി.എഫ് സുരക്ഷയിലാണ് കഴിയുന്നത്.

ദേശീയ പൗരത്വ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് ഭരണ-പ്രതിപക്ഷ സംയുക്ത പ്രതിഷേധം;സത്യാഗ്രഹം ആരംഭിച്ചു

keralanews protests in kerala by ruling and opposition parties against national citizenship amendment bill

തിരുവനന്തപുരം:ദേശീയ പൗരത്വ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് ഭരണ-പ്രതിപക്ഷ സംയുക്ത പ്രതിഷേധം സംഘടിപ്പിച്ചു.മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം ഭരണപ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കള്‍ തിരുവനന്തപുരത്ത് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടക്കുന്ന സത്യാഗ്രഹത്തിൽ പങ്കെടുക്കുന്നുണ്ട്.രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് സംയുക്തസത്യാഗ്രഹം. ഭരണഘടനാവിരുദ്ധ പൗരത്വനിയമം പിന്‍വലിക്കുക, ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് സത്യാഗ്രഹം സംഘടിപ്പിക്കുന്നത്.മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാര്‍ എല്‍.ഡി.എഫ്., യു.ഡി.എഫ് കക്ഷിനേതാക്കള്‍ തുടങ്ങിയവര്‍ സത്യാഗ്രഹത്തില്‍ പങ്കെടുക്കും. ഈ സര്‍ക്കാരിന്റെ കാലത്ത് ആദ്യമായാണ് കേന്ദ്ര നയത്തിനെതിരേ ഇടതു-ഐക്യമുന്നണി നേതാക്കള്‍ സംയുക്ത സമരം നടത്തുന്നത്.രണഘടന ഉറപ്പുനല്‍കുന്ന തുല്യത അട്ടിമറിക്കുന്നതാണ് പൗരത്വഭേദഗതിയെന്നും മതത്തിന്റെ പേരില്‍ ജനങ്ങളെ വേര്‍തിരിക്കുന്നത് അനുവദിക്കാനാകില്ലെന്നുമുള്ള നിലപാടാണ് കേരളം ഒറ്റക്കെട്ടായി ഉയര്‍ത്തുന്നത്.കലാ, സാഹിത്യ, സാസ്‌കാരിക മേഖലകളിലെ പ്രമുഖര്‍, ജനാധിപത്യ സംരക്ഷണത്തിനായി നിലകൊള്ളുന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലും സംഘടനകളിലുമുള്ളവര്‍, നവോത്ഥാനസമിതി പ്രവര്‍ത്തകര്‍ തുടങ്ങിയവരും സത്യാഗ്രഹത്തില്‍ പങ്കെടുക്കുന്നുണ്ട്.

സംസ്ഥാനത്ത് അര്‍ധരാത്രി വിദ്യാര്‍ത്ഥി പ്രതിഷേധം; രാജ്ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷം

keralanews student protest in kerala at midnight clash in raj bhavan march

തിരുവനന്തപുരം; ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിനെതിരേ കേരളത്തിലും വിദ്യാര്‍ത്ഥി പ്രതിഷേധം. ഡിവൈഎഫ് ഐ, കെഎസ് യു പ്രവര്‍ത്തകര്‍ ഞായറാഴ്ച രാത്രി രാജ്ഭവനിലേയ്ക്ക് പ്രതിഷേധ മാർച്ച് നടത്തി. മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് ജലപീരങ്കി ഉപയോഗിച്ചു.ആദ്യം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയത്. രാത്രി 11.30-ഓടെയായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തിയത്. രാജ്ഭവന് മുന്നില്‍ ബാരിക്കേഡുകള്‍ വെച്ച്‌ പോലീസ് പ്രതിഷേധ മാര്‍ച്ച്‌ തടഞ്ഞു. എന്നാല്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് പ്രവര്‍ത്തകര്‍ അകത്തുകടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. ഇതിനു ശേഷവും പ്രതിഷേധക്കാര്‍ ബാരിക്കേഡിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.ഇതിന് പിന്നാലെയാണ് കെ.എസ്.യു. പ്രവര്‍ത്തകരും രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ചുമായി എത്തിയത്.സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മാര്‍ച്ചിന് നേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഞായറാഴ്ച അര്‍ധരാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. വിദ്യാര്‍ഥി, യുവജന സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരേ സമരം നടത്തിയതിനാണ് ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ത്ഥികളെ പൊലീസ് തല്ലിച്ചതച്ചത്.

പൗരത്വ ബിൽ;ജാമിയ മിലിയ സർവകലാശാലയിലെ പോലീസ് നടപടിക്കെതിരെ കേരളത്തിലും പ്രതിഷേധം ശക്തം;വിവിധയിടങ്ങളിൽ തീവണ്ടികൾ തടഞ്ഞു

keralanews citizenship bill strong protest in kerala over police action against jamia millia university trains were blocked at various places

കോഴിക്കോട്: ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയിലെ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രതിഷേധം ശക്തം.വിവിധ സ്റ്റേഷനുകളിൽ പ്രതിഷേധക്കാർ തീവണ്ടികൾ തടഞ്ഞു.ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ് തുടങ്ങിയ യുവജന സംഘടനകളാണ് അര്‍ധരാത്രി തീവണ്ടി തടയല്‍ സമരം നടത്തിയത്. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ രാത്രിയെത്തിയ മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ്തടഞ്ഞുകൊണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് തീവണ്ടി തടയല്‍സമരത്തിന് തുടക്കമിട്ടത്.യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലും ട്രെയിന്‍ തടഞ്ഞു.പാലക്കാട് ഷാഫി പറമ്പിൽ എം.എല്‍.എയുടെ നേതൃത്വത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. രാജ്യത്തെജനങ്ങളുടെ ഉറക്കമില്ലാതാക്കി അധികാരത്തിലുള്ളവര്‍ ഉറങ്ങാമെന്ന് വിചാരിക്കേണ്ടെന്നും ഈ നാട്ടിലെ പൗരനാണെന്ന് തെളിയിക്കാന്‍ അമിത് ഷായുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും ഷാഫി പറമ്പിൽ എം.എല്‍.എ. പറഞ്ഞു. ഭരണകൂടത്തിന്റെ തെമ്മാടിത്തരം ഇനി അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യം റെയില്‍വേ സ്റ്റേഷനിലും പിന്നീട് ദേശീയപാതയിലേക്കും പ്രതിഷേധം നീണ്ടു.എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തീവണ്ടി തടഞ്ഞു. തുടര്‍ന്ന് അല്പസമയം ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.

ടോ​ള്‍ ബൂ​ത്തു​ക​ളി​ല്‍ ഫാ​സ്ടാ​ഗ് ന​ട​പ്പാ​ക്കു​ന്ന​ത് ഒ​രു മാ​സ​ത്തേ​ക്ക് കൂ​ടി നീ​ട്ടി

keralanews implementing fastag in tollbooths extended for one month

ന്യൂഡൽഹി:രാജ്യത്തെ ടോള്‍ ബൂത്തുകളില്‍ ഫാസ്ടാഗ് നടപ്പാക്കുന്നത് ഒരു മാസത്തേക്ക് കൂടി നീട്ടി.യാത്രക്കാരുടെ അസൗകര്യങ്ങള്‍ കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.മുന്നൊരുക്കമില്ലാതെ ഫാസ്ടാഗ് നടപ്പാക്കുന്നതിനെതിരേ വിവിധ കോണുകളില്‍ നിന്നും കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് ഒരു മാസം കൂടി സമയം നീട്ടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.ഡിസംബര്‍ 15 മുതല്‍ ടോള്‍ ബുത്തുകളില്‍ ഫാസ്ടാഗ് നടപ്പാക്കാനായിരുന്നു നേരത്തെ തീരുമാനം. എന്നാല്‍ 75 ശതമാനം വാഹന ഉടമകളും ഫാസ്ടാഗിലേക്ക് മാറാതിരുന്നതോടെ ജനുവരി 15 മുതല്‍ നടപ്പിലാക്കിയാല്‍ മതിയെന്ന് ദേശീയപാത അതോറിറ്റി തീരുമാനിക്കുകയായിരുന്നു.ഫാസ്ടാഗ് നടപ്പാക്കുന്നതിന് മുന്നോടിയായി പാലിയേക്കരയിലും കുണ്ടന്നൂരിലും നടത്തിയ പരീക്ഷണം രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടാക്കി.ഇതോടെ ടോള്‍പ്ലാസകളില്‍ യാത്രക്കാര്‍ മണിക്കൂറുകള്‍ കുടുങ്ങി.പലരും ഫാസ്ടാഗ് കാര്‍ഡിന് ഓള്‍ലൈനില്‍ അപേക്ഷിച്ചെങ്കിലും ലഭിക്കുന്നില്ലെന്ന പരാതിയും ഉയര്‍ന്നു. ഇതോടെയാണ് ഡിസംബര്‍ 15ന് തുടങ്ങാന്‍ നിശ്ചയിച്ച പരിഷ്കാരം ഒരുമാസത്തേക്ക് കൂടി നീട്ടാന്‍ തീരുമാനിച്ചത്.

വാഹനപരിശോധനയ്ക്കിടെ പൊലീസുമായി തര്‍ക്കവും വാക്കേറ്റവും;കണ്ണൂർ വളപട്ടണത്ത് നാല് യുവാക്കള്‍ അറസ്റ്റില്‍

keralanews conflict between police and youth during vehicle checking four arrested

കണ്ണൂര്‍:വാഹനപരിശോധനയ്ക്കിടെ പൊലീസുമായി തര്‍ക്കവും വാക്കേറ്റവും നടത്തിയതിന് നാല് യുവാക്കള്‍ അറസ്റ്റില്‍.നിഷാദ്, ഇര്‍ഷാദ്, മിന്‍ഹാജ്, നവാബ്‌ എന്നിവരാണ് അറസ്റ്റിലായത്. പൊതുസ്ഥലത്ത് പുകവലിച്ചതിന് ഒരാള്‍ക്ക് പിഴയിട്ടതിനെ ചോദ്യം ചെയ്തതാണ് പിടിവലിയില്‍ കലാശിച്ചത്.കണ്ണൂര്‍ അലവില്‍ പണ്ണേരിമുക്കിലാണു സംഭവം.കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, പരിക്കേല്‍പ്പിക്കല്‍ എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് യുവാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇവരെ ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.അതേസമയം ഗതാഗതം തടസപ്പെടുത്തി പൊലീസ് വാഹനം പാര്‍ക്ക് ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ പോലീസുകാർ മർദിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.നിയമം പഠിപ്പിക്കാന്‍ നീയാരാണെന്നു ചോദിച്ച എസ്‌ഐ യുവാവിനോടു ജീപ്പില്‍ കയറാന്‍ ആവശ്യപ്പെട്ടു.എന്തു തെറ്റു ചെയ്തിട്ടാണെന്നു ചോദിച്ചതോടെ വലിച്ചിഴച്ചു ജീപ്പില്‍ കയറ്റാന്‍ ശ്രമിച്ചു.നാട്ടുകാര്‍ എതിര്‍ത്തു. ഇതോടെ സ്ട്രൈക്കര്‍ ഫോഴ്സിനെ വിളിച്ചു വരുത്തി.ഉന്തിലും തള്ളിലും എസ്‌ഐ നിലത്തുവീണു.ഏറെ നേരം നടന്ന വാഗ്വാദത്തിനൊടുവില്‍ നാട്ടുകാര്‍ ഓട്ടോറിക്ഷയില്‍ യുവാവിനെ സ്റ്റേഷനിലെത്തിച്ചു.യുവാവ് പൊലീസിനോടു മോശമായി സംസാരിച്ചുവെന്നും കേസെടുക്കുമെന്നും വളപട്ടണം സിഐ പറഞ്ഞു.എന്തു വകുപ്പു പ്രകാരമാണു കേസെന്ന ചോദ്യത്തിന്, വകുപ്പു തീരുമാനിച്ചിട്ടില്ലെന്നായിരുന്നു പൊലീസിന്റെ മറുപടി. സ്റ്റേഷനിലെത്തിയ നാട്ടുകാരില്‍ രണ്ടു പേരുടെ മൊബൈല്‍ ഫോണും പൊലീസ് പിടിച്ചുവച്ചു. എസ്‌ഐ ആശുപത്രിയില്‍ അഡ്മിറ്റായിട്ടുണ്ട്.